അളിയൻ്റെസർപ്രൈസ്
എഴുത്ത്:-ഷെർബിൻ ആൻ്റണി
കഴിഞ്ഞ ബർത്ത് ഡേയ്ക്ക് അളിയൻ ഗൾഫിൽ നിന്ന് ഭാര്യയ്ക്ക് കൊടുത്ത സർപ്രൈസ് ഗിഫ്റ്റ് ചീറ്റി പോയതിനാൽ ഇത്തവണ കുറച്ച് കൂടി ജാഗ്രതയിലായിരുന്നു മൂപ്പര്.
കഴിഞ്ഞ വർഷം ലീവും കഴിഞ്ഞ് പോകുന്നതിന് മുന്നേ ബർത്ത് ഡേ ഗിഫ്റ്റ് ഭാര്യ അറിയാതെ വാഷ് ബെയ്സൻ്റെ അടിയിൽ ഒളിപ്പിച്ചതും, ഒടുവിലത് പ്ലംമ്പറ് ചെക്കന് ലോട്ടറിയടിച്ചതും അളിയൻ്റെ ഉറക്കം കെടുത്തിയിരുന്നു പലപ്പോഴും.
അത് കൊണ്ട് തന്നെ ഇത്തവണ അളിയൻ ഗൾഫിൽ നിന്ന് കൊണ്ട് തന്നെ കരുക്കൾ നീക്കുമ്പോൾ പണി പാലും വെള്ളത്തിൽ കിട്ടാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിരുന്നു.തലേ ദിവസം തന്നെ ഭാര്യ അറിയാതേ, മകളുടെ സഹായത്താൽ ഗിഫ്റ്റ് അലമാരയിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ടായിരുന്നു. മോളുടെ സഹായത്താൽ വേറെ ചില സൂത്രപണികളും ഒപ്പിച്ചിരുന്നു.
ഗിഫ്റ്റ് കിട്ടുമ്പോൾ ദീപ തുള്ളിചാടുന്ന സീനോർത്ത് അളിയൻ ത്രില്ലടിച്ചാണ് ഉറങ്ങാൻ കിടന്നത്.
പിറ്റേ ദിവസം രാവിലെ തന്നെ ഭാര്യയെ വിളിച്ച് വിഷ് ചെയ്തു.
ഇപ്രാവശ്യം ഗിഫ്റ്റ് ഒന്നുമില്ലേന്ന് ഭാര്യ ചിണുങ്ങി കൊണ്ട് അളിയനോട് ചോദിച്ചു.എന്നിട്ടെന്തിനാ കണ്ട പ്ലമ്പറ് ചെക്കന്മാർക്ക് കൊടുക്കാനോണോന്ന് അളിയനും.
നീ ആ മേശ ഒന്ന് തുറന്ന് നോക്കിയേ…?
അത് കേട്ട് സന്തോഷത്തോടെ ദീപ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഒരു തുണ്ട് പേപ്പറായിരുന്നു. അതിൽ ഇങ്ങനെ എഴുതി വെച്ചിരുന്നു ധൃതിവെക്കാതെ പതുക്കെ പോയി അടുക്കളയിലെ അരി ഇട്ടിരിക്കുന്ന ബക്കറ്റ് നോക്കൂന്ന്.
അനുസരണ ശീലത്തിന് ഉത്തമോദാഹരണമായ ദീപ അടുത്ത സെക്കൻ്റിൽ തന്നെ കിച്ചണിലേക്ക് പറന്നു നൂറേ നൂറില്.പോകുന്ന പോക്കില് ദീപ മനസ്സിലോർത്തു സ്വർണ്ണമാല വല്ലതും അരിക്കകത്ത് കുഴിച്ചിട്ടുണ്ടാവുമെന്ന്. ഇങ്ങോട്ട് വരട്ടെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണം ഓർത്തപ്പഴേ ദീപചേച്ചി നാണം കൊണ്ട് വിജ്യംഭിച്ച് പോയി.
ബക്കറ്റ് തുറന്ന് നോക്കിയപ്പോൾ കണ്ടതോ വേറൊരു പേപ്പർ അതിലിങ്ങനെ എഴുതിയിരുന്നു ആവേശം വേണ്ട മെല്ലെ പോയി ബെഡ്ഡിൻ്റെ അടിയിൽ നോക്കൂന്ന്. അത് വായിച്ച് തീർന്നതും ദീപയ്ക്ക് ദേഷ്യം വന്ന് തുടങ്ങിയിരുന്നു. മറുവശത്ത് വീഡിയോ കോളിൽ അളിയൻ ഇതൊക്കെ കണ്ട് രസിക്കുന്നുണ്ടായിരുന്നു.
ദേ മനുഷ്യാ…. മനുശ്ശനെ വട്ട് കളിപ്പിച്ചത് മതിയാക്കിയിട്ട് മര്യാദയ്ക്ക് മാല വെച്ചിരിക്കുന്നത് എവിടെയാന്ന് പറഞ്ഞോ?
മാലയോ…. ഏത് മാല? അളിയൻ വാ പൊളിച്ചോണ്ട് ചോദിച്ചു. അപ്പഴേക്കും ദീപ ബെഡ്ഡിനടിയിൽ നിന്നും അടുത്ത പേപ്പറും എടുത്ത് വായിച്ചു. അലമാരയ്ക്കുള്ളിലുണ്ട് നിൻ്റെ ഫേവറിറ്റ് ഐറ്റം.
ദേഷ്യം അടക്കി കൊണ്ട് ദീപ അലമാര തുറന്ന് അരിച്ച് പെറുക്കാൻ തുടങ്ങി. തുണികളുടെ ഇടയിലൊക്കെ തപ്പിയിട്ടും ഒന്നും കിട്ടിയില്ല. കിട്ടിയതാവട്ടെ അളിയൻ്റെ പഴയ ഓട്ടയുള്ള ജട്ടിയും അതു കണ്ടപ്പോൾ അളിയൻ്റെ മുഖം മഞ്ഞളിച്ച് പോയി.
ഉള്ളിലിരുന്ന പുതിയ ബ്രൗൺ കളർ വാനിറ്റി ബാഗിൻ്റെ സിബ്ബ് വെപ്രാളത്തിൽ വലിച്ച് തുറന്നതും സിബ്ബ് അടക്കം കൈയ്യിലിരുന്നു.അത് കണ്ട് അളിയൻ്റെ കണ്ണ് തള്ളി പോയി.കടിച്ച് പിടിച്ച് ഒരു കണക്കിന് ആ ബാഗ് തുറന്ന് നോക്കി ഉള്ളിലൊന്നും കാണാതായപ്പോൾ ദീപയുടെ മുഖം ചുവന്ന് തുടുത്തു.
അടുത്ത പേപ്പറ് എവിടെയാ മനുഷ്യാ കൊണ്ടോയി വെച്ചിരിക്കുന്നത് എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ… വേഗം പറ?
പേപ്പറോ….? നിനക്ക് ഗിഫ്റ്റാണോ വേണ്ടത് പേപ്പറാണോ? ഇത്തവണ അളിയനും ദേഷ്യം വന്നു.ഗത്യന്തരമില്ലാതെ അളിയന് ഒടുവിൽ പറയേണ്ടി വന്നു എടി പൊട്ടിക്കാളീ…. നീ പിടിച്ചിരിക്കുന്ന ആ ബ്രൗൺ കളറ് ബാഗാണ് നിനക്കുള്ള ഗിഫ്റ്റെന്ന്!
ഈ ചാണാപ്പുളി ബാഗേ നിങ്ങൾക്ക് കിട്ടിയുള്ളോ മനുഷ്യാ…. നിങ്ങളിങ്ങോട്ട് വാ ശരിയാക്കി തരുന്നുണ്ട് ഞാൻ. പിന്നെയും ഏതാണ്ടൊക്കെ പെയ്ത് പെറുക്കുന്നുണ്ടായിരുന്നു.അതൊന്നും കേൾക്കാതെ അളിയൻ ഫോൺ കട്ട് ചെയ്ത് ചിരിക്കണോ അതോ കരയണോന്ന് അറിയാതേ ആ പാവം താടിക്ക് കൈയ്യും കൊടുത്തിരുന്നു പോയി!
പത്ത് മിനിട്ട് കഴിഞ്ഞപ്പോഴേക്കും അതാ മൊബൈല് ചിലയ്ക്കുന്നു, മെസ്സേജ് വന്നതായിരുന്നു. ദീപ അയച്ചതാവും കുറ്റബോധം തോന്നി കാണും അളിയൻ ഊഹിച്ചു.ഉമ്മകൾ വാരി വിതറിയിട്ടുണ്ടാവും. അതൊക്കെ ഓർത്തപ്പോൾ അളിയൻ്റെ മൂഡ് മാറി. ദേഷ്യം വരുമ്പോൾ ഓള് കുനിച്ച് നിർത്തി കൂമ്പിനിടിക്കുമെങ്കിലും, സ്നേഹം തോന്നിയാൽ പിന്നെ ഒരു രക്ഷയുമില്ല. ഓർമ്മകൾ അളിയൻ്റെ മുഖത്ത് പുഞ്ചിരി തൂകി.
പക്ഷേ ഫോണെടുത്ത് നോക്കിയപ്പോൾ കണ്ടത് വേറൊരു മെസ്സേജായിരുന്നു. ചേട്ടാ ഞാനാ… പ്ലംമ്പറാ, വീട്ടില് എവിടേങ്കിലും വെള്ളം ലീക്ക് ആവുന്നുണ്ടോ? വാഷ് ബെയ്സനിൽ എന്തേലും കുഴപ്പമുണ്ടോ? പൈസേട കാര്യത്തിൽ ടെൻഷൻ വേണ്ട ഞാൻ പോയി നോക്കിക്കോളാം എന്നായിരുന്നു.
ലോ… ലവൻ്റെ മെസ്സേജായിരുന്നത്, കഴിഞ്ഞ പ്രാവശ്യം ദീപയ്ക്ക് കൊടുത്ത സർപ്രൈസ് ഗിഫ്റ്റ് വാഷ് ബെയ്സനടിയിൽ ഒളിപ്പിച്ച് വെച്ചത് കിട്ടിയത് ഇവനായിരുന്നല്ലോ, ഇത്തവണ അതും പ്രതീക്ഷിച്ച് വന്നതാണ് കക്ഷി.
അളിയന് ദേഷ്യം ഇരച്ച് കയറി. കായും മായും പൂവും വെച്ച് വായിൽ വന്നതൊക്കെ അവനെ പറഞ്ഞപ്പോൾ അളിയന് ചെറിയൊരാശ്വാസം കിട്ടി.
അളിയൻ്റെ സർപ്രൈസ് പരീക്ഷണങ്ങൾ ഇനിയും തുടരും…..