കഴുത്തിൽ താലി കേറി മൂന്നാംമാസം കെട്ടിയോനെ കൊണ്ട് ഡീ അഡിക്ഷൻ സെന്ററിൻ കാവലിരുന്ന ഒരു പെണ്ണിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന്…..

എഴുത്ത്:- മഹാ ദേവൻ

കഴുത്തിൽ താലി കേറി മൂന്നാംമാസം കെട്ടിയോനെ കൊണ്ട് ഡീ അഡിക്ഷൻ സെന്ററിൻ കാവലിരുന്ന ഒരു പെണ്ണിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

അങ്ങനെ ഇരുന്നിട്ടുണ്ട് ഞാൻ…. 20വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്ണ് സഹിക്കാനും ക്ഷമിക്കാനും പഠിച്ചുതുടങ്ങുകയായിരുന്നു അന്ന്.

ഇന്നിപ്പോൾ ഞാൻ സ്വാതന്ത്രയാണ്…. പത്തു വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം സന്തോഷം എന്തെന്ന് അറിഞ്ഞത് ഈ ഒരു വർഷം ആയിരുന്നു.

അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. അത് സന്തോഷത്തിന്റെയോ സങ്കടത്തിന്റെയോ എന്നെനിക്ക് അറിയില്ലായിരുന്നു.

ആദ്യമായാണവൾ എന്നോടിങ്ങനെ തുറന്ന് സംസാരിക്കുന്നത്. പലപ്പോഴും ചെറിയ വാക്കുകളിൽ ഒതുങ്ങുന്ന സംഭാഷണങ്ങളിൽ അവളെ കൂടുതൽ അറിയാൻ കഴിഞ്ഞില്ല.

പക്ഷെ, ഇന്നവളെ ഞാൻ അറിയുകയാണ്… അവളെ കേട്ടിരിക്കുമ്പൾ ഒരു ഇരുപതു വയസ്സുകാരിയായിരുന്നു എന്റെ കണ്മുന്നിൽ.

പെണ്ണ് കാണാൻ വന്നപ്പോൾ ഗൾഫിലെ വലിയ ജോലിക്കാരനായിരുന്നു അയാൾ. അല്ലെങ്കിൽ അങ്ങനെ ആയിരുന്നു അയാൾ പറഞ്ഞത്. ജീവിതത്തിൽ ആദ്യമായി കണ്ട പെണ്ണിനെ ഇഷ്ടമായി എന്നയാൾ പറഞ്ഞപ്പോൾ രേഖയുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. ഒറ്റനോട്ടത്തിൽ അവൾക്കും അയാളെ ഇഷ്ടപ്പെട്ടിരുന്നു. മുഖവുരയില്ലാത്ത സംസാരങ്ങളിൽ അയാൾ മനസ്സിനെ കീഴടക്കിയപ്പോൾ നാണം കലർന്ന ചിരിയോടെ അവൾ ഒന്നേ ചോദിച്ചുള്ളൂ…..

” മ ദ്യപിക്കുമോ ? “

അയാൾ ചിരിച്ചു.

” ഞാൻ കു ടിക്കാറുണ്ട് ട്ടോ.. എന്ന് കരുതി മുഴുകു ടിയൻ ഒന്നുമല്ല… വല്ലപ്പോഴും വിശേഷങ്ങളിൽ അല്പം കഴിക്കും…. ഇതൊക്കെ ഒരു സന്തോഷം അല്ലെ “

അയാൾ കു ടിക്കുമെന്ന് പറഞ്ഞപ്പോൾ മനസ്സൊന്നു വാടിയെങ്കിലും കളങ്കമില്ലാത്ത തുറന്നുപറച്ചിൽ രേഖയ്ക്ക് ഇഷ്ടമായി… കൂടെ അയാളെയും…..

പിന്നെ കല്യാണം……

എല്ലാം വളരെ പെട്ടന്ന് ആയിരുന്നു. ലീവ് കുറവെന്ന് പറഞ്ഞ് വിവാഹത്തിന് ധൃതി കൂടിയ ആൾ പിന്നെ തിരികെ പോകുന്നതിനെ കുറിച്ച് സംസാരിക്കാതെ ആയി. വല്ലപ്പോഴും ഉള്ള ക ള്ളുകുടി ദിനംപ്രതി ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആദ്യം വിളിച്ചത് അമ്മയെ ആയിരുന്നു.

” മോളെ…. ഇങ്ങനെ ചെറിയ കാര്യങ്ങൾക്ക് വെറുതെ വിഷമിച്ചു കാര്യമില്ല. ഇച്ചിരി കു ടിച്ചെന്നു പറഞ്ഞ് ഒന്നും സംഭവിക്കില്ല.. ദേഹോപ ദ്രവം ഒന്നുമില്ലല്ലോ.
പിന്നെ കെട്ടിക്കഴിഞ്ഞു ഒരു മാസം പോലും തികയുംമുന്നേ ചെറിയ കാര്യങ്ങൾക്ക് കരഞ്ഞുപിഴിഞ്ഞ് ഇങ്ങോട്ട് ഓടിവന്നാൽ ആളുകൾ എന്ത് കരുതും. അതുകൊണ്ട് മോൾ ഒന്ന് ക്ഷമിക്ക്. എന്നിട്ട് സ്നേഹം കൊണ്ട് അവനെ മാറ്റിയെടുക്കാൻ നോക്ക്. അവിടെ ആണ് പെണ്ണിന്റ മിടുക്ക്. “

അമ്മയുടെ വാക്കുകൾക്ക് മറുപടി പോലും കൊടുക്കാതെ ഫോൺ കട്ട്‌ ചെയുമ്പോൾ താലി ഒരു കുരുക്ക് ആണോ എന്ന് പോലും തോന്നിപ്പോയി രേഖയ്ക്ക്.

അന്ന് മുതൽ കണ്ടത് അയാളുടെ മ ദ്യം കവർന്ന മുഖത്തെ ആയിരുന്നു. ഒരു ജോലിക്കും പോകാതെ അമ്മയുടെ പെൻഷൻകാശ് കൊണ്ട് മദ്യത്തെ മാത്രം ആശ്രയിക്കുന്ന അയാളിലെ മറ്റൊരു മനുഷ്യനെ അവൾ കാണുകയായിരുന്നു.

അങ്ങനെ വിവാഹം കഴിഞ്ഞു മൂന്നാംമാസം ഡീ അ ടിക്ഷൻ സെന്ററിന്റ മുന്നിൽ പാതിമനസ്സോടെ അയാൾ നിൽക്കുമ്പോൾ അയാൾക്കൊപ്പം അവൾ നിന്നത് ഏറെ പ്രതീക്ഷയോടെ ആയിരുന്നു.

പക്ഷെ…..

അവിടെയും തോറ്റുപോയി അവൾ. ഒരുമാറ്റവുമില്ലാത്ത അയാൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പല വട്ടം ബാഗുമെടുത്തു വീട്ടിലേക്ക് വന്നതാണ്. അപ്പോഴെല്ലാം അമ്മ പറയുമായിരുന്നു

” സഹിക്കാനും സ്നേഹിക്കാനും പെണ്ണിനെ കഴിയൂ…. അല്പം ക്ഷമിക്കാൻ നീ തയ്യാറായാൽ മതി എല്ലാം ശരിയാവാൻ “

സത്യത്തിൽ ജീവിതം പോലും മടുത്തുപോയ ആ നിമിഷങ്ങളിൽ അല്പം ആശ്വാസമായത് കൂടപ്പിറപ്പായ ചേച്ചിയുടെ വാക്കുകൾ ആയിരുന്നു.

” മോളെ… താലി കെട്ടി എന്ന് കരുതി അയാളുടെ അടിമയായി ജീവിക്കാനുള്ള ഉടമ്പടിയൊന്നും ഇല്ലല്ലോ. പെണ്ണായാ എന്തും സഹിച്ചു നിൽക്കണമെന്ന് അമ്മ പറയും…. അങ്ങനെ ഒരു കാലത്ത് ജീവിച്ച അമ്മയോട് ദേഷ്യം തോന്നേണ്ട… പക്ഷെ, ജീവിതത്തിൽ തോറ്റു കൊടുത്തു അടങ്ങിയൊതുങ്ങി ജീവിക്കുന്ന ഭാര്യയായി മഹത്വൽക്കരിക്കപ്പെട്ടു ജീവിതം ഹോമിക്കാതെ നിനക്ക് ശരി എന്ന് തോന്നുന്ന വഴി നീ തിരഞ്ഞെടുക്കുക. ചേച്ചി ണ്ടാകും മോൾടെ കൂടെ “!!

ഒരിക്കൽ കാലങ്ങൾക്ക് ശേഷം വിളിച്ച കൂട്ടുകാരനോട് ഏറെ നേരം സംസാരിച്ചത് അ വിഹിതമായി ആരോപിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നി. അന്ന് മുതൽ ഏതൊരാൾ വിളിച്ചാലും കെട്ടിയോൻ എടുത്തുനോക്കി മാത്രം സംസാരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ആരാ, എന്താ, നിന്റ മ റ്റവൻ അല്ലേടി അവൻ എന്നൊക്കെ ഉള്ള ചോദ്യങ്ങൾക്ക് മുന്നിൽ പലപ്പോഴും പകച്ചു നിന്നിട്ടുണ്ട്.

അഥവാ, അയാളുടെ ഫോൺ എങ്ങാനും അറിയാതെ എടുത്താൽ, എന്റെ ഫോൺ നീയെന്തിനാടി എടുക്കുന്നെ, ആണുങ്ങൾ ആകുമ്പോൾ വിളിക്കാൻ കുറെ ആളുകൾ ണ്ടാവും, ഇതൊക്കെ നീ എന്തിനാടി അറിയുന്നേ എന്നുള്ള ചോദ്യം കൊണ്ട് വാ മൂടികെട്ടും. ഒരേ പ്രവർത്തികൾക്ക് പ്രതികരണം വ്യത്യസ്തമാണെന്ന് ഓർക്കുമ്പോൾ ശരിക്കും ചിരിയോ കരച്ചിലോ…. അറിയില്ല… എന്താണ് അപ്പോൾ അവളിലുള്ള വികാരമെന്ന്…

അപ്പോഴെല്ലാം മനസ്സിനെ വേട്ടയാടിയത് എങ്ങുമെത്താതെ പോയ പഠന മായിരുന്നു. പാതിവഴിയിൽ മുടങ്ങിയ ഡിഗ്രി പഠനം തുടരമെന്ന് ആഗ്രഹം ഉണ്ടെങ്കിലും ഈ അവസ്ഥയിൽ എല്ലാം കയ്യെത്തദൂരത് അറിയാമായിരുന്നു രേഖയ്ക്ക്.

അങ്ങനെ പിണങ്ങി വന്നും ഉപദേശം കേട്ട് തിരിച്ചുപോയും ജീവിതത്തിൽ അവൾക്ക് നഷ്ട്ടപെട്ടത് വിലപ്പെട്ട പത്തു വർഷങ്ങൾ ആയിരുന്നു.

ഒരിക്കൽ മ ദ്യത്തിന്റെ ല ഹരിയിൽ അമ്മയും മോനും തമ്മിൽ വഴക്കിടുമ്പോൾ ഇടയ്ക്ക് കേറി നിന്നത് ഒന്ന് ശാന്തമാക്കാൻ വേണ്ടിയായിരുന്നു.

അതിനിടയിൽ അമ്മ പറയുന്നുണ്ടായിരുന്നു

” ഒരു പണിക്കും പോകാതെ ഒരു പെണ്ണിനേം കെട്ടി എന്റെ പെൻഷൻ കാശ് കൊണ്ട് രണ്ടും കൂടെ മൂക്ക് മുട്ടെ തിന്നു എല്ലിന്റെ ഇടയിൽ കേറുമ്പോൾ നീ കാണിക്കുന്ന തോന്നിവാസം ണ്ടല്ലോ, അതീ പടിക്ക് പുറത്തു മതി ” എന്ന്.

അതിനിടയിൽ ” അമ്മേ ” എന്ന് വിളിക്കുമ്പോൾ അയാളോടുള്ള ദേഷ്യം തീർക്കാൻ എന്നവണ്ണം അമ്മ അവൾക്ക് നേരെ തിരിഞ്ഞു.

” അത് പറയുമ്പോൾ എന്താടി, നിനക്ക് കൊണ്ടോ? ഞാൻ പറഞ്ഞത് സത്യം അല്ലെ. നീയും ഇവനും കൂടെ തിന്ന് മുടിപ്പിക്കുന്ന എന്റെ പെൻഷൻ കാശ് ആണ്. എന്നിട്ടിപ്പോ കെട്ട്യോനെ പറഞ്ഞപ്പോൾ അവൾക്ക് നൊന്തു “

അമ്മയുടെ പരിഹാസം നിറഞ്ഞ വാക്കുകൾ കുത്തിനോവിച്ചത് ആകെ കൈമുതലായുള്ള ആത്മാഭിമാനത്തെ ആയിരുന്നു.

പിന്നീട് അവളുടെ നാവിൽ നിന്ന് വീണത് ആത്മാഭിമാനം വ്രണപ്പെട്ട ഒരു പെണ്ണിന്റെ വാക്കുകൾ ആയിരുന്നു.

“അങ്ങനെ എനിക്ക് നാ ണമില്ലാതെ തിന്നേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് നിങ്ങടെ മോന് നട്ടെല്ല് ഇല്ലാത്തത് കൊണ്ടാണ്. ഉണ്ടായിരുന്നെങ്കിൽ നാ ണമില്ലാതെ ഇതും കേട്ട് ദേ, ഇങ്ങനെ ഇരിക്കേണ്ടി വരില്ലായിരുന്നു ഇയാൾക്ക് “

മനസ്സിന്റെ ഉള്ളിൽ പൊട്ടാൻ കാത്തിരുന്ന സങ്കടവും ദേഷ്യവും അണപ്പൊട്ടി ഒഴുകിയപ്പോൾ ഒരു നാ ണവുമില്ലാതെ തല താഴ്ത്തി ഇരിക്കുന്ന ഭർത്താവിനെ വെറുപ്പോടെ ആണ് അവൾ നോക്കിയത്. ആ വെറുപ്പോടെ തന്നെ അകത്തേക്ക് പോയ രേഖ കയ്യിൽ ഒരു ബാഗുമായി തിരിച്ചിറങ്ങുമ്പോൾ മനസ്സിൽ ഒന്ന് മാത്രം തീരുമാനിച്ചു….

ഇനി ഈ പടി ഒരിക്കലും ചവിട്ടില്ലെന്ന്.

ഇറങ്ങുമ്പോൾ പോലും അയാൾ പറഞ്ഞത് ” നീ പോയാൽ നിന്നെ പിന്നെ ഈ നാടറിയുന്നത് കണ്ടവന്റെ കൂടെ അഴിഞ്ഞാടിയവൾ ആയിട്ടായിരിക്കും, ഒന്നുടെ ഓർത്തോ.. ഡിവോഴ്സ് തന്നു നിന്നെ ഞാൻ രക്ഷപ്പെടുത്തില്ലടി “

അത്രയൊക്കെ പറഞ്ഞ അയാളുടെ ആ വാശിക്ക് മുന്നിൽ ഒറ്റ പുഞ്ചിരി കൊണ്ട് രേഖ അവിടെ നിന്നു പോരുമ്പോൾ ആ ചിരിയിൽ ഒന്ന് മാത്രം ആയിരുന്നു..

ഡിവോഴ്സ് നേടി മറ്റൊരു ജീവിതം നേടാനല്ല ഞാൻ പോകുന്നത്…. പത്തു വർഷം എന്റെ ഉള്ളിൽ എവിടെയോ ഒതുങ്ങിപ്പോയ ആ സന്തോഷത്തെ ഒരു ദിവസം എങ്കിലും നേടാൻ ആണ്….

ഞാൻ ഒന്ന് പുഞ്ചിരിച്ചോട്ടെ. പത്തു വർഷങ്ങൾ ഞാൻ മറന്ന് പോയത് അതൊക്കെ ആണ്…….

Related Posts

Leave a Reply

Your email address will not be published. Required fields are marked *