കാത്തിരിപ്പൂ ~ ഭാഗം 01, എഴുത്ത്: ശിഥി

വൾ ഒന്നുകൂടി അവനിലേക്ക് ചേർന്നു കിടന്നു..

“ഹരിയേട്ടൻ ശരിക്കും ഇഷ്ടമായിട്ടാണോ എന്നെ കല്യാണം കഴിച്ചേ..”നെഞ്ചിൽ നിന്നും തല അല്പമുയർത്തി അവളവനെ നോക്കി.. ഒന്നുകൂടി അവന്റെ ആ കട്ടിമീശ പിരിച്ചുവെച്ച് മറുപടിക്കായി അവനെ ഉറ്റുനോക്കി..

” അതിപ്പോ എന്താ പറയാ.. എനിക്ക്.. എനിക്ക്‌ ഒരാളെ വലിയ ഇഷ്ടമായിരുന്നു.. ഇഷ്ടമെന്ന് പറഞ്ഞാ പ്രണയം.. ആ കരിമിഴികളോടെന്നും അടങ്ങാത്ത ഒരുതരം ഭ്രാന്തായിരുന്നു.. നിറയെ പീലികളുള്ള ആ കണ്ണുകൾ പലപ്പോഴും ഞാൻ കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്.. അതിലെ കൃഷ്ണമണികളുടെ ഓരോ ചലനവും അവളറിയാതെ സൂക്ഷ്മം വീക്ഷിച്ചിട്ടുണ്ട്.. എന്നെ കാണുമ്പോൾ പിടയുന്ന ആ മിഴികൾ എനിക്ക് എന്തോരം ഇഷ്ടമാണെന്നറിയോ.”ആ മിഴികൾ നേരിൽ കണ്ടെന്ന് പോലെ അവന്റെ കണ്ണുകൾ തിളങ്ങി.. ആ തിളക്കം അവന്റെ നെഞ്ചോട് ചേർന്നു കിടന്നവളിൽ വേദനയുണ്ടാക്കി..

“നിന്നെ കാണാൻ അവളെപ്പോലെയാ.. അതാ ഞാൻ നിന്നെ അങ്ങ് കെട്ടിയത്..”അവൻ അവളെ ഇറുകെ പുണർന്നു.

“ആരാ ആ കുട്ടി..”ശബ്ദം ഇടാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു.. ഉള്ളം നീറി.. ഹരിയേട്ടന്റെ പ്രണയം..ആ പ്രണയം തന്നെപോലെ ആയിരുന്നതിനാൽ മാത്രം തന്നെ താലി ചാർത്തിയിരിക്കുന്നു .. അപ്പൊ തന്റെ പ്രണയമോ..കാലങ്ങളോളം മനസ്സിലിട്ടു നടന്നിട്ട്, പ്രാണനായി കരുതിയിട്ട് ഒടുവിൽ തന്നെ അയാൾ പാതി ആക്കിയപ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു.. എന്നിട്ടിപ്പോൾ വേറൊരാളെ പോലെ ഉണ്ടെന്ന് കാരണത്താൽ മാത്രം ആ മനുഷ്യൻ തന്നെ സ്വീകരിച്ചിരിക്കുന്നു..ഓർക്കേ അവൾക്കൊരുപാട് നൊന്തു..കണ്ണുകളിൽ അത് പ്രതിഫലിക്കാൻ തുടങ്ങിയപ്പോൾ പതിയെ അവനിൽനിന്നും മാറി കിടന്നു..

“ഞാൻ ഒരു കഥ പറഞ്ഞു തരട്ടെ.. അവളെ കുറിച്ചുള്ള കഥ ” ദേഹത്തേക്ക് പിടിച്ചിട്ട് ഹരി ചോദിച്ചപ്പോൾ അവൾ ചെറുതായി ഒന്നു മൂളി.. പതിയെ അവൻ പറഞ്ഞു തുടങ്ങി.. ഓർമ്മകളിലെ മങ്ങലേൽക്കാത്ത ആ പ്രണയത്തിൻ കഥ..

🍁🍁🍁🍁🍁🍁

“അമ്മേ.. മാമേ.. അമ്മായി ഞാൻ ഇറങ്ങട്ടെ.. അടുത്ത വരവിന് കാണാം..”എല്ലാരോടും മാറിമാറി യാത്ര പറയുന്ന ഹരിയെ നോക്കിയവൾ തൂണിന്റെ മറവിലേക്ക് മാറി നിന്നു.. എല്ലാവട്ടത്തെയും പോലെ ഇപ്രാവശ്യവും അവൻ യാത്ര പറയുമെന്ന് വെറുതെ മോഹിച്ചു..”ജിഷ്ണു നമുക്ക് ഇറങ്ങിയാലോ..വൈകിയ ചെലപ്പൊ ട്രെയിൻ അങ്ങോട്ട് പോവും”അവന്റെ ഒരു കുഞ്ഞ് നോട്ടം പോലും അവളിലേക്ക് വീണില്ല..

“ഒന്ന് പറഞ്ഞാൽ ന്താ. ഞാനും ഇവിടുത്തെ അല്ലെ.. എന്താ എന്നെ മാത്രം കണ്ണിപിടിക്കില്ല”മൗനമായി അവനോട് പരിഭവിക്കുമ്പോൾ കണ്ണുകൾ രണ്ട് തുള്ളി കണ്ണീർ പൊഴിച്ചു.. വേഗം തന്നെ അത് ആരും കാണാതെ തുടച്ചു നിക്കി.. ജിഷ്ണുവേട്ടനൊപ്പം പാടവരമ്പിലൂടെ നടന്ന റോഡിലേക്ക് കയറുന്നവനെ മുകളിലത്തെ ജനാലവഴി അവൾ നോക്കി നിന്നു.. പരിഭവത്തോടെ കണ്ണുകൾ നിറഞ്ഞൊഴുകി..

അന്ന് തന്നെ നോക്കി പരിഭവത്തോടെ മുഖം വീർപ്പിച്ച് അവളെ ഓർക്കേ അവന്റെ ചുണ്ടിൽ ഒരു ചിരി തത്തിക്കളിച്ചു.. സമർത്ഥമായി അത് അവൻ ചൊടികളിൽ തന്നെ ഒളിപ്പിച്ചു.. വീണ്ടും ഒന്ന് ഒളികണ്ണിട്ട് വാതിൽ വിടവിലൂടെ തനിക്ക് നേരെ നീളുന്ന മഷിയെഴുതിയ കണ്ണുകളെ നോക്കി..

“എത്ര ദിവസാ ഹരി ലീവ്??”

“രണ്ട് മാസം കഴിഞ്ഞേ പോവു.. അത് വരെ ഇവിടെയൊക്കെ തന്നെ കാണും..”അല്പം ഉച്ചത്തിൽ വാതിലിൻ മറവിൽ നിൽക്കുന്നവൾ കേൾക്കാൻ പാകത്തിൽ ജിഷ്ണുവിനോട്‌ പറഞ്ഞു..

“നീ വരുന്നോ പാടത്തേക്ക്..ഞാൻ ഒന്ന് പോയിട്ട് വരാം.. പണിക്കാർ ഉണ്ട് ” ജിഷ്ണു ഹരിയെ നോക്കി..ജിഷ്ണു എഴുന്നേൽക്കാൻ പോവുകയാണ് തോന്നിയതും അവൾ പതിയെ പുറത്തേക്ക് കൊണ്ട് വന്ന തല ഉള്ളിലേക്ക് വലിച്ച് അല്പ നേരം ചുമരിനോട് ചേർന്ന് നിന്നു.. ഒന്നുംകൂടി ചെറുതായി തല പുറത്തേക്കിട്ടു നോക്കി.. പടിക്കെട്ടുകൾ ഇറങ്ങി പോകുന്ന ജിഷ്ണുവേട്ടനെ മാത്രം കണ്ട് ഒന്നുകൂടി ഏന്തിവലിഞ്ഞ് വഴിയിലേക്ക് നോക്കി..സംശയത്തോടെ വാതിലിന് മറവിൽ നിന്നു പുറത്തേക്ക് വന്നതും ഭിത്തിയോട് ചേർന്നു നിന്നിരുന്ന ഹരി അവളുടെ മുമ്പിലേക്ക് കേറി വന്നു..അവളൊന്ന് പതറി ഭയത്തോടെ അവനെ നോക്കി.

“മ്മ്ഹ് ആരെയ നോക്കുന്നെ??..”കനത്തിലുള്ള ചോദ്യത്തിൽ ഭയന്നുകൊണ്ട് അവളുടെ കൈയിൽ വിയർപ്പ് പടരാൻ തുടങ്ങി..തണുത്ത കൈകൾ വിറക്കാൻ തുടങ്ങി..എത്രയൊക്കെ ഇഷ്ടമാണെന്ന് പറഞ്ഞാലും ഹരിയേട്ടനെ കാണുമ്പോൾ അവൾക്കൊരു ഭയമാണ്.. ഗൗരവം നിറഞ്ഞ മുഖവും..കനത്തിലുള്ള സംസാരവും പോരാത്തതിന് പട്ടാളവും..

“നീ ചോദിച്ചത് കേട്ടില്ലേ ആരെയ നോക്കുന്നേന്ന്..”

“ഞാൻ ജിഷ്ണുട്ടനെ നോക്കിയതാ ” തല താനേ കുനിഞ്ഞു പോയി.

“അയിന് എന്തിനാ ഒളിഞ്ഞു നോക്കുന്നെ..കൊറേ നേരമായല്ലോ തുടങ്ങിയിട്ട്..അവനെ നീ കാണാറുള്ളതല്ലേ പിന്നെന്താ ഒളിഞ്ഞു നോക്കണേ..” ഗൗരവം നിറഞ്ഞ ശബ്ദം അവളുടെ കണ്ണിൽ നനവ് പടർത്താൻ തുടങ്ങി..

“വെറുതെ.”

“വെറു…..”

“നന്ദ….” അവനെന്തോ ചോദിക്കാൻ വന്നതും അടുക്കളയിൽ നിന്നും അമ്മയുടെ വിളി വന്നു.. അതു കേട്ട പാതി കേൾക്കാത്ത പാതി അവൾ കാറ്റു പോലെ അടുക്കയിലേക്ക് പോയി..ആ പോക്ക് കണ്ടവൻ ചിരിച്ചുകൊണ്ട് പിന്നാലെ ചെന്നു.

“എന്താ അമ്മേ..”അവനിൽ നിന്നും രക്ഷപെട്ട ആശ്വാസത്തിൽ അവൾ അനുസരണയുള്ള കുട്ടിയെ പോലെ അമ്മക്ക് അടുത്ത് ചെന്നു..
“ദാ ഈ ചായ ഹരി മൊന് കൊണ്ട് കൊടുക്ക് ഞാൻ കഴിക്കാൻ എന്തെകിലും എടുക്കട്ടേ”അമ്മ അവൾക്ക് നേരെ ചായ നീട്ടിയെങ്കിലും അവൾ വാങ്ങാൻ കൂട്ടാക്കിയില്ല..

“ഇത് പിടിക്ക് കുട്ടി ” അമ്മ ദേഷ്യം കാണിച്ചു.

“ഇങ് തന്നേക്ക് അമ്മായി..”പിന്നാലെ വന്ന ഹരി അവളെ നോക്കി കൊണ്ട് അമ്മായിക്ക് നേരെ കൈ നീട്ടി.. അവനെ കണ്ടതും വേഗമവൾ മുറിയിലേക്ക് നടന്നു..താഴെ നിന്നും എന്തൊക്കെയോ സംസാരകം കേൾക്കുന്നുണ്ട്.. പോയി നോക്കിയാലോ.. വേണ്ട ചെലപ്പോ പിന്നെയും ആ മുരടന്റെ മുൻപിൽ പെട്ടാലോ.. കാണാൻ കൊതിയൊക്കെ ഉണ്ട് പക്ഷെ അങ്ങേർ നോക്കിയാൽ പേടി തോന്നും..എന്ത്കൊണ്ടാ ചോദിച്ചാൽ അറിയില്ല.. എല്ലാരോടും ഗൗരവത്തോടെ പെരുമാറുന്നവനെ ചെറുപ്പം തൊട്ടേ പേടിയായിരുന്നു.. നാട്ടിലും സ്കൂളിലും വീട്ടിലും എല്ലാവർക്കും പ്രിയങ്കരനായിരുന്നവനോടെന്നോ ആരാധന തോന്നി..അത് പ്രണയമാവാൻ അധികം താമസമുണ്ടായില്ല..ഒളിച്ചും പാത്തും ആരും കാണാതെ ഹരിയേട്ടന്റെ ഓരോ ചലനവും കണ്ണുകളാൽ മനസ്സിൽ കുറിച്ചിട്ടു..എന്നാലും ഹരിയേട്ടന്റെ ഒരു നോട്ടം തന്നിൽ ഏൽക്കുമ്പോൾ പേടിയാണ്..എന്തിനെന്നറിയാത്ത ഒരു പേടി..അത്കൊണ്ട് തന്നെ ഹരിയേട്ടനോട് പറയാൻ കൊതിച്ചതൊക്കെ എന്നോ പുസ്തകത്തിൽ കുറിക്കാൻ തുടങ്ങി.. പരിഭവങ്ങളെല്ലാം എന്നോ സ്കൂൾ നോട്ടീസ് ബോർഡിൽ നിന്നും ആരുമറിയാതെ പറിച്ചെടുത്ത ഹരിയേട്ടന്റെ ഫോട്ടോയോട് പറഞ്ഞു തീർക്കാൻ തുടങ്ങി..

ഒരു ചിരിയോടെ നന്ദ ടേബിളിൽ വെച്ച് പുസ്തകത്തിനിടയിൽ നിന്ന് ആ ഫോട്ടോ എടുത്ത് കിന്നാരം പറഞ്ഞുകൊണ്ട് ജനലിലൂടെ പുറത്തേക്ക് കണ്ണുനട്ടു.. ദൂരെ പാടവരമ്പിലൂടെ ഒരു പൊട്ടു പോലെ ഹരിയേട്ടൻ നടന്നു നീങ്ങുന്നുണ്ട്.. വയലിലൂടെ അവനെ തഴുകി വന്ന കാറ്റവൾ കണ്ണടച്ച് സ്വീകരിച്ചു.. എന്തിനെന്നില്ലാത്ത ഒരു സുഖം അവളെ പൊതിയുന്നുണ്ടായിരുന്നു..അവന്റെ ചിന്തയിൽ മുഴുകി ഇരിക്കെ അമ്പലത്തിൽ പോകാൻ ഒരു മോഹം തോന്നി..വൈകുനേരം ആയതും അമ്മയോട് പറഞ്ഞവൾ അമ്പലത്തിലേക്കിറങ്ങി.. പതിവിനെകാൾ തിരക്കുണ്ടായിരുന്നു..

“നന്ദുട്ടി ഒറ്റയ്ക്കെ ഉള്ളൂ..” പിന്നിൽ നിന്നുള്ള ചോദ്യം കേട്ട് തിരിഞ്ഞു നോക്കി..മേമയാണ്.. അച്ഛന്റെ പെങ്ങൾ.. ഹരിയേട്ടന്റെ അമ്മ..

“മ്മ്ഹ് അതെ..മേമ എന്താ പതിവില്ലാതെ..”സംശയത്തോടെ മേമയെ നോക്കിയപ്പോൾ കണ്ണുകൊണ്ട് പിന്നിലേക്ക് കാണിച്ചു..അവിടെ ആൽത്തറയിൽ ആരോടൊക്കെയോ സംസാരിച്ചു നിൽക്കുന്ന ഹരിയേട്ടൻ..ഹരിയേട്ടനെ കണ്ടതും എന്തോ ഒരു പരവേശം തോന്നി.. പെട്ടന്ന് ആ നോട്ടം തന്നിലേക്ക് നീളുന്നതറിഞ്ഞതും വേഗം മുഖംതിരിച്ച് മേമയെ കൊണ്ട് ഉള്ളിലേക്ക് കേറി..നടയടച്ചത് കാരണം കണ്ണുകൾ പൂട്ടി നടക്കു മുമ്പിൽനിന്നു..അൽപനേരം കഴിഞ്ഞപ്പോൾ ആരോ പിറകിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വന്നു നിന്നതറിഞ്ഞ് കുറിച്ച് മുമ്പിലേക്ക് കയറിനിന്നു..പിന്നെയും അയാൾ അടുത്തേക്ക് വന്നതും ഈർഷ്യയോടെ തിരിഞ്ഞു നോക്കി..ആളെ കണ്ടതും തരിച്ചു നിന്നു പോയി..ഹരിയേട്ടൻ..

“എന്താടി എന്നെ നോക്കണേ..നീ പ്രാർത്ഥിക്കാനല്ലേ വന്നേ” കനപ്പിച്ചുള്ള ചോദ്യത്തിൽ വേഗം തിരിഞ്ഞുനിന്ന് കണ്ണുകൾ ഇറുകെ മൂടി.. പിന്നിൽ ഹരിയേട്ടൻ ഒന്നു കൂടി തന്നോട് ചേർന്നുനിന്നിരുന്നു.. ഒരടി പോലും മുൻപിലേക്ക് വെക്കാൻ സാധിച്ചില്ല.. അനങ്ങാതെ അങ്ങനെ തന്നെ നിന്നു.. ഇടയ്ക്കിടയ്ക്ക് ആ ആശ്വാസം തോളിൽ തട്ടി.. അപ്പോഴൊക്കെ കണ്ണുകൾ ഒന്നുകൂടി ഇറക്കെ മൂടി.. നട തുറന്നതും ആൾക്കാരുടെ ഇടയിലൂടെ കേറി പ്രസാദം വാങ്ങി മേമയെ കാത് മാറി നിന്നു..

“ഞാൻ നടക്കട്ടെ മേമ..”പറഞ്ഞുകൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങിയതും മേമ പിടിച്ചു നിർത്തി..

“ഇരുട്ട് വീഴാൻ തുടങ്ങി നന്ദുട്ടി.. ഞങ്ങടെ ഒപ്പം പോരെ.. എന്നെ വീട്ടിൽ വിട്ടിട്ട് ഇവൻ കൊണ്ട് വിടും..”

“സാരമില്ല മേമ ഞാൻ പൊയ്ക്കോളാം.”

“അത് വേണ്ട.. നീ വാ..”മേമ കൈ പിടിച്ചു നടക്കാൻ തുടങ്ങിയതും നിവർത്തിയില്ലാതെ കൂടെ ചെന്നു.. വീട്ടിലേക്ക് ഹരിയേട്ടന്റെ പിന്നിലിരുന്ന് ബൈക്കിൽ പോവുമ്പോൾ ഒരു സന്തോഷം തോന്നിയിരുന്നു.. മിററിലൂടെ ഇടയ്ക്ക് തനിക്ക് നേരെ പാളി വീഴുന്ന ഹരിയേട്ടന്റെ നോട്ടം കണ്ട് സന്തോഷത്തെ വകഞ്ഞുമാറ്റി പേടി സ്ഥാനം പിടിച്ചു.. എന്ത്കൊണ്ട്.. എന്ത്കൊണ്ടാണ് തനിക്ക് ഈ പേടി..ആ നോട്ടം മാത്രമാണ് തനിക്ക് പേടി..എന്ത്കൊണ്ട്..തന്റെ പ്രണയം ഹരിയേട്ടൻ മനസ്സിലാക്കിയാലോ എന്നുള്ള ഭയമാണോ..ആ ചോദ്യത്തിൽ നന്ദയുടെ മനസ്സ് കുടുങ്ങി കിടന്നു..

” ഇറങ്ങുന്നില്ലേ..”

“ഏഹ് ന്താ..”

“ഇറങ്ങണില്ലേന്ന് “ഹരിയേട്ടന്റെ ചോദ്യം കേട്ട് ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോഴാണ് വീടെത്തി എന്ന് മനസ്സിലായത്..വേഗം ചാടിയിറങ്ങി..

“നീ എന്താടി വല്ല കഞ്ചാവ് അടിക്കാറുണ്ടോ.. ഞാൻ വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കണതാ.. ഒരുമാതിരി പിരി ലൂസായ പോലെ..”

“ഏയ്യ് ഇല്ല..”ഞെട്ടികൊണ്ട് ചാടി കേറി പറഞ്ഞതും ആ ചുണ്ടിൽ ഒരു കുഞ്ഞ് ചിരി വിരിഞ്ഞിരുന്നു.

“മ്മ്ഹ് പൊയ്ക്കോ ഞാൻ കേറുന്നില്ല..”

“മ്മ്…”ഒന്നു മൂളിക്കൊണ്ട് വേഗം ഉള്ളിലേക്കോടികയറി.. പതുങ്ങിച്ചെന്ന് ഉമ്മറവശത്തേക്കുള്ള ജനാലയിൽ ചൂതൻ വീഴ്ത്തിയ ഓട്ടയിലൂടെ ഒരു കണ്ണിറുക്കി ഹരിയേട്ടനെ ഒളിഞ്ഞുനോക്കി.. ചിരിച്ചുകൊണ്ട് അകത്തേക്ക് നോക്കി ബൈക്കെടുത്ത് പോകുന്നത് കണ്ടു.. ആ ചിരി അവളിലേക്കും പടർന്നു..

തുടരും…

കുഞ്ഞു കഥയാണേ..

Leave a Reply

Your email address will not be published. Required fields are marked *