കാത്തിരിപ്പൂ ~ ഭാഗം 03, എഴുത്ത്: ശിഥി

ഭാഗം 02 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

പിറ്റേന്ന് ഹരിയേട്ടനെ യാത്രയാക്കുമ്പോൾ പറ്റാവുന്നതിനുമപ്പുറം കരയാതിരിക്കാൻ ശ്രമിച്ചു..ജിഷ്ണുവേട്ടനൊപ്പം കാറിൽ ഹരിയേട്ടൻ അകന്ന് പോകുമ്പോൾ സ്വയമറിയാതെ രണ്ടു തുള്ളി കണ്ണീർ കവിളിനെ നനച്ചുകൊണ്ട് ഭൂമിയിൽ പതിച്ചു..നോവ സഹിക്കാൻ പറ്റുന്നില്ലെങ്കിലും രണ്ടു മാസത്തിനുള്ളിൽ തന്നെ കൂടെ കൊണ്ടു പോവുമെന്ന് ഹരിയേട്ടന്റെ വാക്കിന്റെ ആശ്വാസത്തിൽ ചുണ്ടിൽ ഒരു കുഞ്ഞു ചിരി വിരിഞ്ഞു.

ഹരിയേട്ടൻ ശ്രീനഗർ എത്തേണ്ട സമയമായപ്പോഴേക്കും തിരക്കുകൾ എല്ലാം തീർത്ത് ഹരിയേട്ടന്റെ വിളിക്കായി കാത്തിരുന്നു.. ഏറെ വൈകുംവരെ കാത്തിരുന്നിട്ടും ഹരിയേട്ടൻ വിളിക്കാതെ വന്നപ്പോ ദേഷ്യവും സങ്കടവും ഉരുണ്ടുകൂടി.. മേമ നേരത്തെ കിടന്നതുകൊണ്ട് ഒറ്റയ്ക്ക് പിന്നെയും കുറേനേരം കാത്തിരുന്നു.. പെട്ടെന്നാണ് കയ്യിലിരുന്ന ഫോൺ ബെൽ അടിച്ചത്. സന്തോഷത്തോടെ ഫോൺ ചെവിയോട് ചേർത്ത് മറുപുറത്തെ ശബ്ദം കേട്ടതോടെ എല്ലാം കെട്ടടങ്ങി..

“നന്ദുട്ടാ.. ഹരി വിളിച്ചായിരുന്നു.. അവൻ അവിടെ എത്താൻ വൈകുന്ന്.. ഫോണിൽ ബാലൻസ് കുറവാ അപ്പൊ നിങ്ങളെ നാളെ വിളികാംന്ന് പറയാൻ പറഞ്ഞു..”

“ശെരി ജിഷ്ണുവേട്ട.. ഞാൻ വെക്കട്ടെ.”വേഗം ഫോൺ വെച്ച് മേമടെ അടുത്ത് പോയി കിടന്നു.. ഒരുപാട് ദേഷ്യം തോന്നി ഹരിയേട്ടനോട്.

“ജിഷ്ണുവേട്ടൻ ആണോ അങ്ങേർടെ ഭാര്യ.. ഞാൻ അല്ലെ.. എന്നെ വിളിച്ചു പറഞ്ഞാ എന്തായിരുന്നു.. മുരടൻ.. ഓരോ സമയത്തും ഓരോ സ്വഭാവമാ ” ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോളോ ഉറങ്ങിപോയി..

രാവിലെ ഓരോന്ന് ചെയ്യുമ്പോഴും ഇടയ്ക്കിടയ്ക്ക് കണ്ണുകൾ ഫോണിലേക്ക് പോയി.. ഹരിയേട്ടൻ വിളിക്കുമെന്ന പ്രതീക്ഷയിൽ ഓരോന്നും പെട്ടെന്ന് ചെയ്ത് തീർക്കാൻ തുടങ്ങി.. ഇടയ്ക്കുവെച്ച് ലാൻഡ് ഫോൺ അടിക്കുന്നത് കേട്ടതും വേഗം അങ്ങോട്ട് ചെന്നു..അപ്പോഴേക്കും മേമ ഫോൺ എടുത്തിരുന്നു.

“ഹലോ ഹരി..” മേമ വിളിക്കുന്നത് കേട്ടപ്പോൾ കൈ സാരിത്തുമ്പിൽ തുടച്ച് അടുത്ത് പോയിനിന്നു.. സംസാരിക്കുന്നതിനിടയിൽ മേമ നോക്കി ആക്കിയമാതിരി ചിരിക്കുന്നത് പോലെ തോന്നിയെങ്കിലും ഹരിയേട്ടനെ കേൾക്കാൻ കാതോർത്തിരുന്നു.. കൂടുതൽ നേരം തന്നെ ഇരുത്തി മുഷിപ്പിക്കേണ്ടന്ന് കരുതിയാവും മേമ ഫോൺ തന്ന പുറത്തേക്ക് പോയി..മേമ പോകുന്നതും നോക്കി ഒരു ചിരിയോടെ ഫോൺ ചെവിയിലേക്ക് വെച്ചതും കട്ടായി.. വേഗം തന്നെ തിരിച്ചു വിളിച്ചെങ്കിലും മറുവശത്ത് നിന്നും കട്ടാക്കുകയാണ് ചെയ്തത്.. എന്തകൊണ്ടോ വല്ലാതെ വേദന തോന്നി.. കണ്ണുകൾ നിറഞ്ഞു തുടങ്ങി.. വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഫോണിലേക്കും നോക്കി ഏറെനേരം ഇരുന്നെങ്കിലും അതുണ്ടായില്ല.. കണ്ണുകൾ അമർത്തി തുടച്ച് മേമടെ അടുത്തേക്ക് ചെന്നു..

“ഹരി എന്ത് പറഞ്ഞു നന്ദുട്ടി ” മേമ ചോദിച്ചതും അടക്കിവെച്ച സങ്കടം പൊട്ടി വന്നു..മേമയെ കെട്ടിപ്പിടിച്ച് കരയുമ്പോൾ മനസ്സുകൊണ്ട് ഹരിയേട്ടനെ ഒരുപാട് ചീത്ത വിളിച്ചു കുറെ പരിഭവിച്ചു..

“എന്തിനാ എന്റെ കുട്ടി കരയണേ.. അവൻ എന്തെങ്കിലും പറഞ്ഞോ” ആധിയൊടെ ചോദിച്ചുകൊണ്ട് മേമ തലയിലൂടെ തലോടി.

“ഒന്നും..ഒന്നും പറഞ്ഞില്ല മേമ.. മേമ ഫോൺ തന്നതും കട്ടായി.. ഞാൻ.. ഞാൻ തിരിച്ചു വിളിച്ചപ്പോഴും കട്ടാക്കി.. ന്താ… ന്താ എന്നോട് മാത്രം മിണ്ടാഞ്ഞെ” പറഞ്ഞു കഴിഞ്ഞപ്പോഴേക്കും പൊട്ടിക്കരഞ്ഞു പോയി.. അത്രയേറെ ഉണ്ടായിരുന്നു ഉള്ളിലെ നോവ്.

” അയ്യേ അതിന് എന്തിനാ കരയണേ.. ചിലപ്പോൾ വല്ല തിരക്കിലും പെട്ട് കാണും.. ഇത്ര ചെറിയ കാര്യത്തിന് കരഞ്ഞാലോ നന്ദുട്ടി.. നാളെ കുട്ടികൾക്ക് രണ്ട് അക്ഷരം പറഞ്ഞുകൊടുക്കേണ്ട ടീച്ചറാ ഈ നിന്ന് കരയണേ. ” മൂക്കത്ത് വിരൽ വെച്ച് മേമ കഷ്ടം വെച്ചപ്പോൾ ഒന്ന് കൂർപ്പിച്ചു നോക്കി.

” സാരല്യ ഞാൻ പറയാം അവനോട്.. ” കണ്ണുതുടച്ചുതന്ന് മേമ പറഞ്ഞപ്പോൾ ആ കവിളിൽ ഒന്നു മുത്തി കണ്ണുകൾ അമർത്തി തുടച്ചു.. മേമക്ക് താൻ എന്നും കുഞ്ഞാണ്..

പിറ്റേന്ന് തൊട്ട് സ്കൂളിൽ പോകാൻ തുടങ്ങി.. ക്ലാസ്സ്‌ എടുക്കുമ്പോഴും ഹരിയേട്ടൻ വിളിക്കുമോ എന്ന ചിന്ത വല്ലാതെ അലട്ടിക്കൊണ്ടിരുന്ന.. ഒഴിവു കിട്ടുമ്പോൾ ഹരിയേട്ടൻ വിളിച്ചാൽ കിട്ടിയില്ലെങ്കിൽ.. പിന്നെ വിളിച്ചതും ഇല്ലെങ്കിൽ എന്ന ചിന്ത പലപ്പോഴായി ശ്രദ്ധ തെറ്റിച്ചു.. പഠിപ്പിക്കുന്നത് പലവട്ടം തെറ്റിപ്പോയി.. ഓരോ ക്ലാസ്സ്‌ കഴിയുമ്പോഴും സ്റ്റാഫ് റൂമിലേക്ക് ഒരു ഓട്ടമായിരുന്നു.. വേഗം ബാഗിൽനിന്ന് ഫോൺ എടുത്തു നോക്കൂ.. നിരാശയായിരുന്നു ഫലം.. സ്കൂൾ വിട്ട് വീട്ടിലേക്ക് നടക്കുമ്പോഴും ഹരിയേട്ടൻ വിളിക്കാത്തതിനെ കുറിച്ചായിരുന്നു ചിന്ത.. വീട്ടിലേക്ക് കയറി ചെന്നതും കണ്ടു തന്നെ കാത്തെന്നപോലെ ഇരിക്കുന്ന മേമയെ.

“ഹരി വിളിച്ചിരുന്നു.. നീ വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്ന് പറഞ്ഞു.. ചെല്ല് ചെന്ന് ഡ്രസ്സ് മാറ്റി വാ.. ഞാൻ ചായ എടുക്കാം”മേമ ഉള്ളിലേക്ക് പോയി.. പെട്ടെന്നുതന്നെ ബാഗിൽ നിന്നും ഫോണെടുത് കോൾ ഹിസ്റ്ററി നോക്കി.. ഹരിയേട്ടൻ വിളിച്ചിട്ടില്ല.. പിന്നെന്തിനാ മേമയോട് അങ്ങനെ പറഞ്ഞേ..സംശയത്തോടെ അങ്ങോട്ട് ഡയൽ ചെയ്തു നോക്കി.. കട്ട് ആവുകയാണ് ചെയ്തത്.. രണ്ടുമൂന്നു വട്ടം അടിച്ചു നോക്കിയപ്പോഴൊക്കെയും കട്ടായി.. പിന്നെ വിളിക്കാൻ തോന്നിയില്ല.. മനപ്പൂർവ്വം ചെയ്യുന്നതാണെന്ന് മനസ്സിലായി..ഹരിയേട്ടനോട് വല്ലാത്ത ദേഷ്യവും ഉള്ളിൽ വല്ലാത്ത നോവും നുരഞ്ഞുപൊന്തി.. പിന്നീടുള്ള ദിവസങ്ങളിൽ ഇതുതന്നെയായിരുന്നു അവസ്ഥ.. താൻ വീട്ടിലില്ലാത്ത സമയത്ത് മാത്രം ഹരിയേട്ടൻ മേമയെ വിളിച്ചു.. തന്നെ ഒഴിച്ച് ബാക്കി എല്ലാവരെയും ഹരിയേട്ടൻ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കാമായിരുന്നു.. താൻ മാത്രം അതിൽ പെടില്ല.. മനസ്സ് പലതും ചിന്തിച്ചു കൂട്ടാൻ തുടങ്ങി.. താൻ ഹരിയേട്ടനോട് എന്ത് തെറ്റ് ചെയ്തെന്ന് പലയാവർത്തി സ്വയം ചോദിച്ചു നോക്കി.. മനസ്സിലെ ഭാരം കൂടുന്നതിനനുസരിച്ച് രാത്രികളിൽ ഉറക്കം നഷ്ടമാകാൻ തുടങ്ങി.. എല്ലാം ഉള്ളിലൊതുക്കി ആരുമറിയാതെ ആരും കേൾക്കാതെ നിശബ്ദമായി കരഞ്ഞു തീർത്തു.. ഓരോ ദിവസം കഴിയുംതോറും ഹരിയേട്ടന്റെ അവഗണന കൂടുതൽ തളർത്താൻ തുടങ്ങി..ഒട്ടും സഹിക്കവയ്യാന്ന് തോന്നിയ ഒരു ദിവസം ഹാഫ് ഡേ ലീവെടുത്ത് വീട്ടിലേക്ക് വരുമ്പോഴാണ് പാടവരമ്പിൽ വെച്ച് ഒരു പിൻവിളി കേട്ടത്.. തിരിഞ്ഞുനോക്കിയപ്പോൾ പോസ്റ്റ്‌മാൻ രാഘവേട്ടനാണ്..

“നന്ദ ടീച്ചറെ കണ്ടത് നന്നായി.. ഇനിയിപ്പോ ഞാൻ അങ്ങോട്ട് വരണ്ടല്ലോ..കത്തുണ്ട് ടീച്ചർക്ക് ” രാഘുവേട്ടൻ കത്ത് നീട്ടിയപ്പോൾ ഒരു സംശയത്തോടെയാണ് വാങ്ങിയത്.. ഫോൺ ഉള്ള ഈ കാലത്ത് കത്തയക്കാൻ ഇതിപ്പോ ആരാ..

എന്തോ അപ്പോൾ അത് തുറക്കാൻ തോന്നിയില്ല.. ബാഗിലേക്ക് വെച്ച് രാഘവേട്ടനെ നോക്കി ഒന്ന് ചിരിച്ചു വീട്ടിലേക്ക് നടന്നു.. പതിവിലും നേരത്തെ കണ്ടത്കൊണ്ടാവാം മേമ ഓടിവന്ന വെപ്രാളത്തോടെ കാര്യം തിരക്കി.. ചെറിയ തലവേദന ഉണ്ടെന്ന് പറഞ്ഞു ഉള്ളിലേക്ക് നടന്നു.. ഡ്രസ്സ് മാറ്റി താഴേക്കിറങ്ങുമ്പോഴാണ് മേമ ആരെയോ വിളിക്കുന്നത് കേട്ടത്. സംസാരത്തിലൂടെ അത് ഹരിയേട്ടൻ ആണെന്ന് മനസ്സിലായി.. തന്നെ കണ്ട് മേമ ഫോൺ തന്നെങ്കിലും എന്തോ വാങ്ങിക്കാൻ തോന്നിയില്ല.. ഒരു കണ്ണിറുക്കി കാണിച്ച് അടുക്കളയിലേക്ക് നടന്നു.. ഭക്ഷണം കഴിച്ചു മുകളിലേക്ക് വന്ന് ബെഡിൽ ഓരോന്ന് ചിന്തിച്ചു കിടക്കുമ്പോഴാണ് ആ കത്തിനെ കുറിച്ച് ഓർമ്മ വന്നത്.. വെറുതെ ഓരോന്ന് ആലോചിച്ച് കൂട്ടണ്ട എന്ന് കരുതി ആ കത്തി എടുത്തു പൊളിച്ചു നോക്കി.. ആദ്യ വരികൾ തന്നെ കണ്ണിൽ നനവ് പടർത്തി..

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *