കാലം കാത്തുവച്ചത് ~ ഭാഗം 01, എഴുത്ത്: ശ്രുതി മോഹൻ

സമയം ആറു മണിയോടടുക്കുന്നു. കൈനോട്ടക്കാരുടെ ശല്യമെത്താത്ത ഒരു മൂലയിൽ അവൾ നിന്നു.. കാലം വെളുത്ത ചായം പൂശിയ ചുരുണ്ടമുടിനാരുകൾ അനുസരണയില്ലാതെ കടൽക്കാറ്റിൽ പാറി പറന്നു. ധരിച്ച നരച്ച ഓറഞ്ച് നിറമുള്ള കോട്ടൺ സാരിയുടെ തലപ്പ് ദേഹത്തിൽ ചുറ്റിപ്പിടിച്ചു അനന്തമായി കിടക്കുന്ന കടലിലേക്ക് അവൾ അലസമായി നോക്കി.

യാതൊന്നിനും പുതുമയില്ല. ഇണക്കുരുവികളെ പോലെ പരസ്പരം കൊക്കുരുമ്മിയിരിക്കുന്ന യുവമിഥുനങ്ങളും, സഞ്ചാരികളെ ആകർഷിക്കുന്നതിനായി പല ഭാഷകളിൽ വസ്തുക്കളുടെ വില ഉച്ചത്തിൽ വിളിച്ചു പറയുന്ന കച്ചവടക്കാരും, തിരക്കേറിയ നിരത്തിനു ഇരുവശവും പലവിധത്തിലുള്ള വെണ്മയേറിയ ശംഖുകളും, മുത്തുകൾ കോർത്ത ഉണ്ടാക്കി മാലകളും, സാധനങ്ങൾ വിലപേശി വാങ്ങുന്ന ആളുകളും, എല്ലാവരോടും ഒരേ കാര്യം തന്നെ ആവർത്തിക്കുന്ന കൈനോട്ടക്കാരും, എല്ലാം പഴയത് പോലെ തന്നെ…..

കുറച്ചു മാറി കൈകൾ കോർത്ത് പിടിച്ചു നിൽക്കുന്ന യുവമിഥുനങ്ങളിലേക്ക് അവളുടെ കണ്ണുകൾ എത്തി…ഇരുവരും എന്തോ സ്വകാര്യം പറഞ്ഞു ചിരിക്കുകയാണ്. പെൺകുട്ടിയുടെ ചിരിക്ക് അസ്തമയസൂര്യനേക്കാൾ ചുവപ്പ് തോന്നുന്നുണ്ടോ….. നാണത്തോടെ മുഖം കുനിച്ച പെൺകുട്ടിയുടെ തോളിലേക്ക് യുവാവ് തന്റെ വലതു കൈ ചേർത്ത് അവളെ കൂടുതൽ അവനിലേക്ക് അടുപ്പിച്ചു. അതെ, വർഷങ്ങൾക്കു മുൻപ് അവളുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ തന്നെ… യാതൊരു പുതുമയുമില്ല !.

കാലമെത്ര മാറിയാലും ഈ കന്യാകുമാരിക്ക് മാത്രം യാതൊരു മാറ്റവുമില്ല. മൂന്നു സാഗരങ്ങൾ ഒന്നു ചേരുന്ന ഈ കന്യാകുമാരിക്ക് എത്ര പ്രായം ആയിട്ടുണ്ടാവും എത്രയെത്ര ബാല്യവും കൗമാരവും യൗവ്വനവും കണ്ടിരിക്കാം ഈ കന്യാകുമാരി? എണ്ണിയാൽ ഒടുങ്ങാത്ത പ്രണയങ്ങൾക്കും, മൗന നൊമ്പരങ്ങളും സാക്ഷി ആയിട്ടുണ്ടാവും? എങ്കിലും ഇന്നും കന്യാകുമാരിക്ക് പതിനെട്ടു വയസ്സാണ്… !

തന്നെ കൂട്ടി കൊണ്ടു പോകാം എന്ന വാക്കു നൽകി നാട്ടിലേക്ക് പോയ കാമുകനെ കാത്തിരിക്കുന്ന, തിളങ്ങുന്ന വെള്ളക്കൽ മൂക്കുത്തി ധരിച്ച കൗമാരക്കാരിയായ കന്യാകുമാരി….

അവളുടെ ചിന്തകൾ തിരമാല പോലെ ഓടി കളിച്ചു.

കന്യാകുമാരിയിൽ മാത്രം കടലിലെ വെള്ളത്തിന് വെള്ളനിറമാണ്.. മറ്റെവിടെയും കാണാത്ത പാൽ നിറം.. നഷ്ട പ്രണയത്തിന്റെ വേദനയിൽ കരിങ്കൽ ഭിത്തിയി ആർത്തലച്ച് പതഞ്ഞുപോകുന്ന തിരമാലയുടെ നിറം….. കരിങ്കൽ മതിലുകളോട് പരിഭവിച്ചു മടങ്ങുന്ന പാൽ നിറമുള്ള തിരകളിലേക്ക് നോക്കി നിൽക്കവേ മനസ്സിലേക്ക് കടന്നുവന്ന ഓർമകൾക്കും പരിഭവിക്കുന്ന കാമുകിയുടെ ഭാവമായിരുന്നു…

എത്രകാലമായി അവൾ ഇവിടെ വന്നു പോകുന്നു. വരുമ്പോഴെല്ലാം പരിഭവിച്ചു ഒഴിഞ്ഞു മാറുകയും അതിനേക്കാൾ ശക്തമായ അനുരാഗത്താൽ കരയിലേക്ക് ആർത്തലച്ചു വന്നണയുകയും ചെയ്യുന്ന വെളുത്ത തിരമാലകളും, ഓട്ട പ്രദക്ഷിണത്തിനൊടുവിൽ അന്തിയുറങ്ങാൻ ഇടം തേടി സമുദ്രത്തിലാഴുന്ന അസ്തമയ സൂര്യനെയുമാണ് അവൾക്ക് നോക്കികാണാൻ ഏറെയിഷ്ടം….

സൂര്യൻ കടലിന്റെ മടിത്തട്ടിലേക്കിറങ്ങി ചുറ്റും ഇരുൾ പരത്തിയപ്പോൾ അവൾ പതിയെ തിരിഞ്ഞു നടന്നു… ” അക്കാ മാങ്കായ് വേണുമാ? “

മുഷിഞ്ഞ പാവാടയും ബനിയനും ഇട്ട്, എണ്ണ കാണാത്ത മുടിയുമായി ഒരു കൊച്ചു സുന്ദരി.. അവളുടെ കണ്ണിലെ ദൈന്യത കണ്ടു കയ്യിലെ കൊച്ചു മണി പേഴ്സിൽ നിന്നും 20 രൂപ കൊടുത്ത് ഒരു പ്ലേറ്റ് വാങ്ങി.. പല കഷണങ്ങളായി ഭംഗിയിൽ മുറിച്ച് ഉപ്പും മുളകും കുടഞ്ഞിട്ട മാങ്ങ കയ്യിൽ വാങ്ങി അവൾ നടന്നു…

ബാല്യത്തിൽ കൂട്ടുകാരുമൊത്ത് മാവിൽ കയറി മാങ്ങ പറിച്ചതും, തോട്ടുവക്കത്ത് പാറയിൽ ഒന്നിച്ചിരുന്നു കല്ലുപ്പും കാന്താരിയും കൂടി ചതച്ച് കഴിച്ചു കണ്ണിലൂടെ വെള്ളം ഒഴുക്കിയതും ഓർമയിൽ വന്നെങ്കിലും എല്ലാം കാലം കടമെടുത്തതിനാൽ, കയ്യിലുള്ള മാങ്ങ വഴിയരികിൽ കണ്ട കൊച്ചുബാലനു സമ്മാനിച്ച് അവൾ നടന്നു നീങ്ങി… ഓരോതവണയും ഇവിടെ വന്നു മടങ്ങുമ്പോഴെന്നവിധം ഇത്തവണയും തീർത്തും തളർന്നു തന്നെയായിരുന്നു നടത്തം…

*****************

ഇവൾ ഗായത്രി.. ഇന്ന് അവളെ അറിയുന്നവർക്കു മുന്നിൽ, ഒറ്റപ്പാലത്തു ഒരു യാഥാസ്ഥിതിക നായർ തറവാട്ടിലെ മൂത്തമകൾ… ചെറിയ പ്രായത്തിൽ ലോവർ ഡിവിഷൻ ക്ലാർക്ക് ആയി ഗവണ്മെന്റ് ഡിപ്പാർട്മെന്റിൽ ജോലിക്ക് കയറിയെങ്കിലും, പ്രായം നാല്പതിനോട് അടുത്തിട്ടും ഡിപ്പാർട്മെന്റൽ ടെസ്റ്റുകൾ എഴുതാത്തതിനാൽ യുഡിസി ആയി ജോലി ചെയ്യുന്നവൾ… കഴിവു കൊണ്ട് ഒരുപാട് ഉന്നതസ്ഥാനത്ത് എത്താമായിരുന്നിട്ടും, അതിനു ശ്രമിക്കാതെ വർഷങ്ങളായി ക്ലറിക്കൽ പോസ്റ്റിൽ തന്നെ ഇരിക്കുന്ന ഗായത്രി സഹപ്രവർത്തകർക്ക് എന്നും ഒരു സംസാര വിഷയമാണ്…

എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്നാണ് ഗായത്രിയുടെ നിലപാട്… ഇടയ്ക്കിടെ വന്നു പോകുന്ന ട്രാൻസ്ഫറുകൾ ഒഴിവാക്കാതെ, പലയിടങ്ങളിലായി ഹോസ്റ്റലിൽ താമസിച്ച് ആരോടോ ഉള്ള ദേഷ്യം തീർക്കുകയാണ് എന്ന് തോന്നിപ്പോകും വിധമാണ് താമസം. ആരോടും കൂടുതൽ അടുപ്പം കാണിക്കാത്ത പെരുമാറ്റവും, പ്രായത്തിന് യോജിക്കാത്ത രീതിയിലുള്ള നരച്ച കോട്ടൺ സാരിയും, അങ്ങിങ്ങായി വെളുപ്പ് വീണ മുടിയും, കയ്യിൽ കെട്ടിയ പഴയ എച്ച് എം ടി വാച്ചും, മൂക്കിൽ ഉറപ്പിച്ച് വീതിയുള്ള ഫ്രെയിമോടു കൂടിയ വട്ടക്കണ്ണടയും, അവൾക്ക് ഒരു കർക്കശക്കാരിയായ മധ്യവയസ്കയുടെ രൂപം തോന്നിപ്പിച്ചു. യാതൊരു അലങ്കാരങ്ങളും ഇല്ല മുഖത്ത്, ദുഃഖം കലർന്ന നിസ്സംഗഭാവം ഒഴികെ..

*******************

കടലിൽ നിന്നും വന്ന ഉപ്പു കാറ്റേറ്റ് പറന്ന സാരിത്തലപ്പു വലതുകൈകൊണ്ട് ചുറ്റിപ്പിടിച്ചു ഹോട്ടലിലേക്ക് നടക്കവേ അവളോർത്തു… എത്ര വർഷങ്ങളായി ഈ ഓട്ടം തുടങ്ങിയിട്ട് ! എൽഡിസി ആയി മാവേലിക്കരയിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ചതും, തുടർന്നുള്ള ഓരോ ട്രാൻസ്ഫറുകൾക്കും മുന്നായി ഇവിടെ…… ഈ കന്യാകുമാരിയുടെ മടിതട്ടിൽ വന്നു ഒന്നും പറയാതെ ഏതാനും മണിക്കൂറുകൾ ചിലവഴിച്ച് മടങ്ങിപ്പോകുന്നത് പതിവാക്കിയതും..

വീട്ടിൽ പോയിട്ട് തന്നെ എത്ര വർഷങ്ങളായി… ആകെ ഉള്ളത് മാസ ശമ്പളത്തിൽ നിന്നും നല്ലൊരു തുക കൃത്യമായി അമ്മയുടെ അക്കൗണ്ടിലേക്ക് അയക്കുകയും, ട്രാൻസ്ഫർ ആവുന്ന വിവരം മുടങ്ങാതെ വീട്ടിലേക്ക് ഫോൺ ചെയ്ത് അറിയിക്കും എന്നതും മാത്രമാണ്…

അതും “നീ എവിടെയാണെന്ന് നാട്ടുകാര് ചോദിച്ചാൽ ഞങ്ങൾ എന്തു പറയണമെന്ന് ” അനിയൻ ചോദിച്ചതിനെ തുടർന്ന് മാത്രമുള്ള ഒരു ആചാരം….

ഇനി ഞാൻ തന്നെ പറയാം എന്റെ കഥ…. പറയത്തക്ക സംഭവബഹുലം ഒന്നുമല്ലെങ്കിലും വിടരാൻ തുനിഞ്ഞ ഒരു നറുപുഷ്പ ത്തെ മുളയിലേ നുള്ളി കളയേണ്ടി വന്ന കഥ.

മറ്റുള്ളവർ കരുതുംപോലെ ഞാൻ ഒരു കർക്കശക്കാരിയൊന്നും അല്ലാ. എങ്കിലും ജീവിതത്തിന്റെ പല വഴികളിലൂടെ കടന്നുപോവുമ്പോൾ ചിലർ വെള്ളാരം കല്ലുപോലെ മിനുസമാക്കപ്പെടുകയും, മറ്റു ചിലർ വജ്രം പോലെ കാഠിന്യ മുള്ളവരായും തീരുമെന്നുമല്ലേ…

ഞാനും അതെ….. അങ്ങനെ ചില വഴികളിലൂടെയാണ് കടന്നു വന്നത്… ഇപ്പോൾ നിൽക്കുന്നതും..

ആദ്യത്തെ വഴിത്തിരിവ് അത് അവനെ കണ്ടുമുട്ടിയപ്പോൾ ആയിരുന്നു.. അവനെന്നാൽ ആര്യൻ… എന്റെ മാത്രം ആര്യൻ..

പ്ലസ് ടു കഴിഞ്ഞു എനിക്കേറെ ഇഷ്ടമുള്ള കോളേജിൽ ഇഷ്ടപ്പെട്ട വിഷയത്തിന് തന്നെ സീറ്റ്‌ ലഭിച്ചപ്പോൾ കേട്ടറിഞ്ഞ സ്വാതന്ത്ര്യം കയ്യിൽ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു..

കോളേജിൽ വച്ചാണ് ഞാൻ ആര്യനെ ആദ്യമായി കണ്ടത്.. മുഖത്തേക്ക് വീണുകിടക്കുന്ന നീളൻ മുടിയിഴകൾ കൈകൊണ്ട് അലസമായി മാടിവെച്ചു കുസൃതി നിറഞ്ഞ നോട്ടം എന്റെ നേർക്ക് നീട്ടിയവൻ.. എല്ലാവരോടും വളരെ സ്നേഹത്തോടെ മാത്രം പെരുമാറുന്നവൻ.. എല്ലാവർക്കും അവനെ ഇഷ്ടമായിരുന്നു. അല്ലെങ്കിലും അവനെ ഇഷ്ടപെടാതിരിക്കാൻ കാരണം എന്തെങ്കിലും വേണ്ടേ.. കാണുമ്പോൾ എല്ലാം എനിക്കായ് നൽകിയ പുഞ്ചിരിക്ക് എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു.

ഓരോ തവണ എന്നിലേക്ക് നീണ്ട അവന്റെ നോട്ടങ്ങൾ അവ യെന്നോടെന്തൊക്കെയോ സംവദിക്കുന്നുണ്ടെന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

പലപോഴും പലരും ചോദിക്കാറില്ലെ നമ്മളുടെ പ്രിയപെട്ടവരുടെ എന്ത് പ്രത്യേകതയാണ് നമ്മൾ അവരെ ഇഷ്ടപ്പെടാൻ കാരണമാക്കിയതെന്ന്.. എനിക്കെന്നും പറയാനുള്ളത് ഒന്നേ ഒന്ന് മാത്രമാണ്…..

നീളൻ കൺപീലികൾക്കുള്ളിലൂടെ എന്നെ മാത്രം തിരഞ്ഞുവന്ന, എന്റെ മിഴികളുമായി കോർത്ത അവന്റെ നോട്ടം.. ആ നോട്ടത്തിൽ കുടുങ്ങി അതിൽ പിടഞ്ഞു തീരാൻ കൊതിച്ചുപോയിട്ടുണ്ട് ഞാൻ.. ഞാൻ പോലുമറിയാതെ എനിക്കുള്ളിൽ നാമ്പെടുത്ത വികാരം അത് പ്രണയമാണെന്ന് തിരിച്ചറിയാൻ പിന്നെയും സമയമെടുത്തു…

ഏതൊരാളിലും ആദ്യമായി ഉടലെടുക്കുന്ന പ്രണയമെന്ന വികാരത്തിന് ഏറെ ഭംഗിയായിരിക്കും. എന്റെ പ്രണയത്തിനും.. ആര്യന്റെ ഓരോ നോട്ടത്തിലും ഞാൻ കണ്ടത് പ്രണയം മാത്രമായിരുന്നു. അല്ലെങ്കിൽ ഞാൻ തിരഞ്ഞത് പ്രണയം മാത്രമായിരുന്നു. ഓരോ ദിവസങ്ങളും പുലരുന്നത് എനിക്ക് വേണ്ടിയായിരുന്നു. അവനെ കാണാൻ മാത്രമായി കോളേജിൽ പോയ ദിവസങ്ങൾ. ഒരാളിലേക്ക് മാത്രമായി ചുരുങ്ങി പോയവരെ കണ്ടിട്ടുണ്ടോ? ഞാൻ അങ്ങനെ ആയിരുന്നു. അവനെ കാണാൻ, അവനുള്ള ഇടത്താണ് ഞാൻ നിൽക്കുന്നതെന്ന തോന്നലിൽ, അവന്റെ നോട്ടം എനിക്ക് മാത്രം സ്വന്തമെന്ന വിശ്വാസത്തിൽ, അവൻ എന്റേ താണെന്ന ചിന്തയിൽ… അങ്ങനെ അങ്ങനെ എല്ലാം അവനിൽ തുടങ്ങി അവനിൽ ഒടുങ്ങാൻ അത്രമേൽ ആഗ്രഹിച്…. വിടർത്തിയ ചിറകുകൾ ചുരുക്കി അവനെന്ന തോടിനുള്ളിലേക്ക് കയറി ഒതുങ്ങികൂടാൻ കൊതിച്ച് ഞാൻ മാറുകയായിരുന്നു. ഞാൻ പോലുമറിയാതെ….

കലപിലകൂട്ടി നടന്ന ഞാൻ മൗനത്തിലേക്ക് വഴിമാറിയത് തിരിച്ചറിഞ്ഞു ആദ്യം എന്റെ നേർക്ക് ചോദ്യശരങ്ങളെയ്തത് ചങ്കായി കൂടെ നടന്ന നിമ്മിയാണ്. നിനക്കെന്താ പറ്റിയെ ഗായു?

എനിക്കോ…. എനിക്കൊന്നും പറ്റിയില്ലല്ലോ.. തല താഴ്ത്തി പറയുമ്പോൾ കള്ളത്തരം ചെയ്യുന്ന കുട്ടിയുടെ ഭാവമായിരുന്നു എനിക്ക്. അത് കണ്ടിട്ടോ എന്തോ നിമ്മി എന്റെ താടി പതിയെ ഉയർത്തി.

എന്റെ കണ്ണിലേക്കു നോക്കി പറ മോളെ…. എന്താ സംഭവം..? ഈയിടെ ആയി പുസ്തകത്തിലെ കുത്തിക്കുറിക്കലുകളും, ചിലരെ കാണുമ്പോ മാത്രമുള്ള കള്ളചിരിയും ഞാനും കാണുന്നുണ്ട്..

അവളുടെ വാക്കുകൾക്ക് മുന്നിൽ ഞാനാകെ ചൂളിപ്പോയി..

ടീ….. ഗായു… നിനക്ക് ബോധം വന്നില്ലേ..?

നിമ്മീ നീ ആരോടും പറയരുത്…വീട്ടിൽ അറിഞ്ഞാൽ അന്നത്തോടെ നിൽക്കും പഠിത്തം..

ഏയ്‌ ഞാൻ ആരോടും പറയുന്നില്ല… ആട്ടെ, ആരാ ആൾ?

ഗേറ്റിനരുകിൽ മതിലിൽ ചാരി വലതു കാൽ മടക്കി ചുവരിൽ ചവിട്ടി കൈകൾ തലയ്ക്കു പുറകിൽ കോർത്തു കെട്ടി നിൽക്കുന്ന ആര്യനിലേക്ക് ഞാൻ കണ്ണുകൾ ചൂണ്ടി .

നിമ്മിയുടെ കണ്ണുകൾ ഇപ്പോൾ പുറത്തുവീഴും എന്ന അവസ്ഥയിലായി.

മോളെ ഗായു… ആര്യൻ…. അവനോ… നിനക്ക് അവനെ കുറിച്ച് എന്തെങ്കിലും അറിയാമോ..

എനിക്കവനെ ഇഷ്ടമാണ്.. അത്രേ എനിക്കറിയൂ…. പതിനേഴുകാരിയുടെ പക്വതയിൽ ഞാൻ പറഞ്ഞു.

ഗായു നിന്റെ വേറെന്തു ഇഷ്ടത്തിനും ഞാൻ കൂടെ നിൽക്കും. പക്ഷെ ഇത്…

ഇതിനെന്താ…. ഇവിടെ ആദ്യമായി ഒരാളെ പ്രണയിക്കുന്നതൊന്നുമല്ലല്ലോ ഞാൻ.

നീ അവനോട് പറഞ്ഞോ നിനക്ക് അവനെ ഇഷ്ടം ആണെന്നു???

ഇല്ല…. പറയണം. പക്ഷെ ആ മുഖത്തേക്ക് നോക്കുമ്പോൾ പറയാനാവുന്നില്ല. പറയാനുള്ളതെല്ലാം മറന്നുപോകും..

അതെന്തായാലും നന്നായി..ഇനി നീയായിട്ട് പറയാൻ നിൽക്കണ്ട. അത് ശരിയാവില്ല ഗായു. ആര്യന് ഇവിടെ പഠിക്കുന്ന മറ്റൊരു കുട്ടിയെ ഇഷ്ടമാണ്…

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *