കാശുകൊടുത്തുവാങ്ങിച്ച ഒരു കളിപ്പാട്ടം മാത്രമല്ല ആദീ ഞാന്‍… എനിക്കുമുണ്ട് ഒരു ഹൃദയം.. ആഗ്രഹങ്ങള്‍…

അത്രമേല്‍

എഴുത്ത്:-ആദി വിഹാൻ

”പാവം, ആ പെങ്കൊച്ചിന്‍റെയും ജീവിതം ഈ തെമ്മാടി നാശമാക്കി… ഇവനിപ്പോ അവളെ വേണ്ടത്രേ… ഇവനൊന്നും ഒരുകാലത്തും ഗുണംപിടിക്കില്ല കേശവാ.. കാശുണ്ടെങ്കില്‍ എന്ത് പോക്രിത്തരം കാണിച്ചാലും ചോദിക്കാന്‍ ആരുമുണ്ടാവില്ലല്ലോ… പോരാത്തതിന് അവറ്റകൾ പഞ്ചപാവങ്ങളും.”

കൂട്ടുകാരന്‍റെ കാറില്‍ വന്നിറങ്ങിയ ആദി തന്നെക്കുറിച്ചുളള അടക്കം പറച്ചില്‍കേട്ട് അവരെ രൂക്ഷമായി ഒന്നുനോക്കി… ആ നോട്ടത്തില്‍ കേശവനും കൂടെയുളളവനും ഭയന്ന് ചൂളിപ്പോയി.. ആദി മറുത്തൊന്നും പറയാതെ തലയും താഴ്ത്തി വീടിന്‍റെ ഗേറ്റിലേക്ക് നടന്നു..

കുറച്ചുകാലം മുന്‍പായിരുന്നെങ്കില്‍ അവനെ തെമ്മാടിയെന്നുവിളിച്ചവന്‍റെ വായില്‍ പല്ലുകാണില്ലായിരുന്നു… കാശുകാരന്‍ പ്രമാണി രുദ്രന്‍റെ അതെ സ്വഭാവമാണ് ഏകമകന്‍ ആദിക്കും കിട്ടിയിട്ടുളളതെന്നാണ് നാട്ടുവര്‍ത്തമാനം…

പൂത്ത കാശുകാരന്‍റെ മകനായത് കൊണ്ട് മോശമായ കൂട്ടുകെട്ടുകള്‍ ഏറെയുണ്ട് ആദിക്ക്… തന്തയെപോലെതന്നെ അടിപിടികളും കളളും പെണ്ണുമായി അടിച്ചു പൊളിച്ച ജീവിതമായിരുന്നു ആദിയുടേത്…

ഗേറ്റ് കടന്ന് വീടിന്‍റെ ഡോര്‍ വലിച്ചുതുറന്ന് അവന്‍ അകത്ത് കയറി.. ചെന്നുപെട്ടത് അമ്മയുടെ മുന്‍പിലാണ്… കുടിച്ചു ലെക്ക്കെട്ട അവന് അമ്മയെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു…

ആദിയുടെ കോലംകണ്ട് അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു…

അടുത്ത നിമിഷം പടക്കം പൊട്ടുന്ന ശബ്ദത്തോടെ അമ്മയുടെ വലതുകരം ആദിയുടെ കവിളില്‍ പതിഞ്ഞു… അതോടൊപ്പം സ്വാധീനം കുറഞ്ഞ അമ്മയുടെ കാലിന്‍റെ ബാലന്‍സ് നഷ്ടമായി അവര്‍ ഒരു വശത്തേക്ക് ചരിഞ്ഞു…

അമ്മേയെന്ന വിളിയോടെ നിലത്തുവീഴാതെ ആദി അമ്മയെകോരിയയെടുത്തു…

”നിങ്ങള്‍ തന്തയും മകനുംകൂടി എന്നെ ഒന്നു കൊന്നുതരുമോ… എനിക്കു മടുത്തുപോയെടാ ഈ ജീവിതം… അച്ഛനില്ലാത്തകുട്ടിയാണെടാ അവള്‍.. ആ പെങ്കൊച്ചിന്‍റെ ശാപംകൂടി നീ തലയില്‍ചുമക്കരുത്.. പാവം ആ പെണ്‍ കുട്ടിയുടെ ജീവിതം അറിഞ്ഞുകൊണ്ട് തകര്‍ക്കാന്‍ ഞാന്‍ കൂട്ടുനിന്നല്ലോ ഈശ്വരാ.”

ആദിയുടെ കൈകളില്‍ അമ്മക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല…

”നിനക്ക് ഞാന്‍ സ്നേഹം തന്നല്ലേടാ വളര്‍ത്തിയത്.? പിന്നെന്താണ് നീ ഇങ്ങനെയായത്… നീ ആ പെങ്കൊച്ചിനെ കൈയൊഴിയരുത്.. അമ്മനിന്‍റെ കാലുപിടിക്കാം മോനെ… ആരോരുമില്ലാത്ത പാവങ്ങളാണവര്‍.”

അമ്മയുടെ വാക്കുകള്‍ അവന്‍റെ ഹൃദയത്തില്‍ കാരമുളള് തറച്ചുകയറുന്ന വേദനയുണ്ടാക്കി…

ആദിക്ക് എന്തെല്ലാമൊക്കെയോ അമ്മയോട് തുറന്ന് പറയണം എന്നുണ്ടായിരുന്നു പക്ഷേ അവന്‍ തന്‍റെ മനസിലുളളത് ചിലവാക്കുകളില്‍ ഒതുക്കി…

”അമ്മയുടെ മകന്‍ ഒരു ഗുണംപിടിക്കാത്തവനായിപ്പോയി അമ്മേ..”

മുന്‍പ് ഒരു തവണ അമ്മ ആദിയുടെ കാലില്‍വീണ് കരഞ്ഞിട്ടുണ്ട്, ആദിയുടെ ദുര്‍നടപ്പ് മാറാനും അമ്മ കണ്ട് വച്ച പെണ്ണിനെ കല്ല്യാണംകഴിക്കാനും അവളുടെ കണ്ണുനിറയിക്കില്ലെന്ന് അവനെകൊണ്ട് വാക്ക് പറയിക്കാനുമായിരുന്നു അത്…

മകന്‍റെ താളംതെറ്റിയ ജീവിതത്തിന് ഒരു മാറ്റംകൊണ്ടുവരാനായിരുന്നു പാവപ്പെട്ട കുടുംബത്തില്‍നിന്നും വിദ്യാസമ്പന്നയായ ദേവിക എന്ന സുന്ദരിയും തന്‍റേടിയുമായ പെണ്‍കുട്ടിയെ അമ്മ മുന്‍കൈയെടുത്ത് ഏറ്റെടുത്തത്..

സ്വന്തം അമ്മ അവന്‍റെ കാലുപിടിക്കണമെങ്കില്‍ അവന്‍ എത്രത്തോളം ആ അമ്മക്ക് വേദനകള്‍ കൊടുക്കണം എന്ന തിരിച്ചറിവില്‍ അന്ന്മുതല്‍ ആദി ഒരുമാറ്റം ആഗ്രഹിച്ചിരുന്നു…

ഉളളിലെ വേദന പുറത്തുകാട്ടാതെ അമ്മയെ സോഫാസെറ്റിയിലേക്ക് പിടിച്ചിരുത്തി ആദി തന്‍റെ റൂമിലേക്ക് നടന്നു… റൂമില്‍ ദേവു കട്ടിലില്‍ ഇരിപ്പുണ്ടായിരുന്നു… അവനെ കണ്ട് അവള്‍ കട്ടിലില്‍നിന്നും എഴുന്നേറ്റു..

”ആദീ നീ ഇന്ന് കുടിച്ചാണല്ലേ വന്നിരിക്കുന്നത്.. നിനക്കൊന്നും ഹൃദയം എന്ന ഒരു സാദനംതന്നെയില്ലാതെപോയല്ലോ… പാവംപിടിച്ച ആ അമ്മ ഉരുകിത്തീരുന്നത് നീ കാണുന്നില്ലെ.?”

ആദി ദേവുവിന്‍റെ വലതുകൈയില്‍ പിടിച്ചു..

”ദേവൂ എന്‍റെ അമ്മക്ക് വേണ്ടിയെങ്കിലും നീ എന്നെ ഉപേക്ഷിച്ച് പോവരുത്… ഞാന്‍ നിന്‍റെ കാലുപിടിക്കാം.. ഉളളിലെവേദന മറക്കാനാണ് കുടിച്ചത്… എനിക്ക് നീയില്ലാതെ ഇനി പറ്റില്ല ദേവൂ..”

ദേവു ആദിയുടെ കൈകള്‍ വെറുപ്പോടെ തട്ടിമാറ്റി…

”കാശുകൊടുത്തുവാങ്ങിച്ച ഒരു കളിപ്പാട്ടം മാത്രമല്ല ആദീ ഞാന്‍… എനിക്കുമുണ്ട് ഒരു ഹൃദയം.. ആഗ്രഹങ്ങള്‍… പാവങ്ങള്‍ക്ക് അതുപാടില്ലെന്നെന്നും ഇല്ലല്ലോ.. ആദിയെപോലെ ഒരാളുടെകൂടെ ജീവിക്കാന്‍ എനിക്ക് താല്‍പര്യമില്ല… ഞാന്‍ ആദ്യമെ പറഞ്ഞിട്ടുണ്ട് നികിലിനെകുറിച്ച്… അവന്‍ എനിക്കുവേണ്ടി കാത്തിരിക്കുന്നുണ്ട്.”

ആദി ഇടക്കുകയറിപ്പറഞ്ഞു.. ”ഞാന്‍ എന്‍റെ പഴയസ്വഭാവമെല്ലാം ഉപേക്ഷിച്ചിട്ടുണ്ട് ദേവൂ.. നിനക്ക് വേണ്ടി.”

”ആരു പറഞ്ഞു ഉപേക്ഷിക്കണമെന്ന്… നീ എല്ലാശാപവും പേറി ഒരു തല്ലിപ്പൊളിയായിതന്നെ ജീവിച്ചോളൂ… എനിക്ക് വേണ്ടിമാറ്റംവരുത്തേണ്ട… എനിക്കു നിന്‍റെ കൂടെ ജീവിക്കാന്‍ താല്‍പര്യമില്ല ആദീ..”

ആദി ദേവുവിനെ എങ്ങനെയെങ്കിലും പറഞ്ഞ് മനസിലാക്കണം എന്ന ഉദ്ദേശത്തോടെ അവളുടെ കൈകളില്‍ കയറിപ്പിടിച്ചു…

”ദേവൂ പ്ലീസ്… എനിക്ക് ഒരു അവസരമെങ്കിലും തരൂ നീ.”

തന്‍റെ കൈകളില്‍ ആദി കയറിപ്പിടിച്ചപ്പോള്‍ ദേവു പൊട്ടിത്തെറിച്ചു..

”എന്‍റെ കൂട്ടുകാരിയെ ബലമായികീഴ്പെടുത്തിയപോലെ എന്നെയും നിനക്ക് കീഴ്പെടുത്താം ആദീ.. ആരും ചോദിക്കാന്‍വരില്ല കാരണം എന്നെയും എന്‍റെ കുടുംബത്തേയും നിങ്ങളുടെ അമ്മ വിലക്ക് വാങ്ങിയതാണല്ലോ..”

ഷോക്കേറ്റപോലെ ആദി ദേവുവിന്‍റെ കൈകളില്‍നിന്നും പിടിവിട്ടു.. കൂട്ടുകാരിയുടെ കാര്യംപറഞ്ഞാണ് ദേവു എല്ലായ്പോളും ആദിയെ അടിയറവ് പറയിക്കുക.. അവന്‍ നിസ്സാഹായാവസ്ഥയോടെ അവളെ നോക്കിനിന്നു…

കുറച്ച് കാലംമുന്‍പ് ദേവുവിന്‍റെ കൂട്ടുകാരിയുടെ അച്ഛന്‍ ഭദ്രന്‍റെ കൈയില്‍നിന്നും പൈസ വാങ്ങിച്ചിരുന്നു… അത് വസൂലാക്കാന്‍ അവളുടെ അച്ഛന് കളള് വാങ്ങിച്ച്കൊടുത്ത് മയക്കിക്കിടത്തി മദ്യലഹരിയില്‍ ആദി ദേവുവിന്‍റെ കൂട്ടുകാരിയെ ബലാല്‍ക്കാരം ചെയ്തിട്ടുണ്ട്..

അത് കൂട്ടുകാരിയില്‍നിന്നും അറിഞ്ഞത് മുതലുളള വെറുപ്പാണ് ആദിയോടവള്‍ക്ക്… അങ്ങിനത്തെ ആദിയെ ഉള്‍കൊളളാന്‍ ദേവൂന് പ്രയാസമായിരുന്നു…

ഇതെല്ലാം അറിഞ്ഞ്കൊണ്ട് തന്നെ അമ്മയുടേയും അനിയത്തിമാരുടേയും പട്ടിണിയും പ്രാരാബ്ദങ്ങളും മാറും എന്നുളളത് കൊണ്ടും.. അമ്മയുടെ നിര്‍ബന്ധത്തിനും വഴങ്ങിയാണ് അവളെ ആദിയുമായുളള കല്ല്യാണത്തിന് സമ്മതിപ്പിച്ചത്..

ഇപ്പോള്‍ ദേവുവിന്‍റെ പഴയ കൂട്ടുകാരി കല്ല്യാണമെല്ലാം കഴിഞ്ഞ് കുടുംബവും കുട്ടിയുമായി സുഖമായിജീവിക്കുന്നുണ്ട്… പക്ഷേ ദേവുവിന് ആദിയോടുളള വെറുപ്പ് കല്ല്യാണം കഴിഞ്ഞ് ഒരു മാസംകഴിഞ്ഞിട്ടും അവളുടെ മനസില്‍ കൂടിവരികയാണ് ചെയ്തത്…

ആദിയോടൊത്ത് ഒരു ജീവിതം മുന്‍പോട്ടുപോവില്ല എന്ന് ഒരു ഉറച്ച തീരുമാനത്തിലെത്തിയിരുന്നു അവള്‍..

”ആദി നിനക്ക് മനസുണ്ടെങ്കില്‍ എന്നെ സഹായിക്ക്.. നീ തന്നെ മുന്‍കൈഎടുത്ത് എന്നെ എന്‍റെ വീട്ടില്‍ കൊണ്ട്ചെന്നാക്കണം… ഒരു പാവംപെണ്ണിന്‍റെ യാചനയാണിത്… നിങ്ങളുടെ കടങ്ങള്‍ പലിശയും ചേര്‍ത്ത് ഒരു ജോലിയായതിന് ശേഷം ഞാന്‍ തിരിച്ച് നല്‍കും ഉറപ്പാണ്..”

ആദി വിഷമത്തോടെ പറഞ്ഞു.. ”എന്‍റെ അമ്മ ഇന്ന് തല്ലിയപോലെ കുട്ടിക്കാലത്ത് എന്നെ തല്ലിയിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെയാവില്ലായിരുന്നു ദേവൂ..”

ദേവു അതിന് മറുപടിപറയാതെ റൂമിന് പുറത്തേക്ക് നടന്നു…

*********************

”അമ്മേ ഞാന്‍ ഇറങ്ങുകയാണ്..”

മുഖത്ത് വേദനയുടെ കണികപോലും ഇല്ലാതെയാണ് ദേവു അത് പറഞ്ഞത്..

ദേവുവിന്‍റെ പുറകെ ആദി ബാഗെടുത്ത് വീടിന്‍റെ പടിയിറങ്ങി… ആദിയുടെ അച്ഛന്‍ ഭദ്രന്‍ ഒന്നും ഉരിയാടാനാവാതെ തല താഴ്തി സോഫയില്‍ ഇരുന്നു. അമ്മ സാരിയുടെ തലപ്പുകൊണ്ട് കണ്ണീര്‍തുടച്ചു.

”ആദീ നീ ചെയ്യുന്നത് മഹാപാപമാണ്.. ദൈവംപോലും നിന്നോട് പൊറുക്കില്ലെടാ..”

ആദി അലക്ഷ്യമായി പറഞ്ഞു..

”അമ്മ നിലവിളിച്ചിട്ടൊന്നും ഒരു കാര്യവുമില്ല.. ദൈവങ്ങളെയൊക്കെ മുന്‍പ്തന്നെ ഞാന്‍ പിണക്കി വിട്ടിട്ടുണ്ട് അവര്‍ ആരും എന്‍റെകൂടെ ഇനി നില്‍ക്കില്ല..”

ആദി ദേവൂന് കാറിന്‍റെ ഡോര്‍ തുറന്നുകൊടുത്ത് കൂടെ ആദിയും കാറില്‍കയറി..

മൗനത്തെകൂട്ടുപിടിച്ച വിരസമായ യാത്രക്കിടയായിരുന്നു അത്… ആദിക്ക് അവളോട് മനസ്തുറന്ന് സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷേ ദേവുവിന്‍റെ മുഖത്ത് ആദിയോടുളള വെറുപ്പ് പ്രകടമായിരുന്നു…

”നിന്‍റെ ആഗ്രഹംപോലെ എല്ലാം ഞാന്‍ ചെയ്തിട്ടുണ്ട് ദേവൂ… നിനക്ക് ഒരു ജോലിയും തരപ്പെടുത്തിയിട്ടുണ്ട്… നീ സന്തോഷമായി ഇരിക്കൂ.. എന്നോടുളള വെറുപ്പ് കൊണ്ട്മാത്രമാണ് നീ അങ്ങനെയൊക്കെ പറഞ്ഞതെന്ന് എനിക്കിപ്പോള്‍ അറിയാം.. നികിലിനെ ഞാന്‍ കണ്ടിരുന്നു.. അവന്‍ എല്ലാകാര്യവും എന്നോട് പറഞ്ഞു..”

”അത് അങ്ങിനെയാണ് ആദീ.. എനിക്ക് നിന്നെ ഉള്‍കൊളളാന്‍ കഴിയുന്നില്ല.. എന്‍റെ മനസില്‍ വെറുക്കപ്പെടുന്ന ഒരു രൂപമാണ് നിനക്കുളളത്…”

ആദി യാചനയോടെ ചോദിച്ചു..

”നിന്‍റെ ഇഷ്ടങ്ങള്‍ക്ക് ഒന്നിനും ഞാന്‍ എതിര് നില്‍ക്കില്ല ദേവൂ.. നീ ജോലിക്ക് പോയിക്കോളൂ… നിനക്ക് എന്നെ കണുമ്പോളല്ലെ വെറുപ്പുണ്ടാവൂ.. നിന്‍റെ വെറുപ്പുമാറുന്നത് വരെ കണ്‍വെട്ടത്ത് വരാതെ ഞാന്‍ ശ്രദ്ധിച്ചോളാം.. അത് എത്രകാലമാണെങ്കിലും ഞാന്‍ ആ വീട്ടില്‍നിന്നു തന്നെ വിട്ടുനിന്നോളാം.. എനിക്കുവേണ്ടിമാത്രമല്ല നിന്‍റെ അമ്മയുടേയും അനിയത്തിമാരുടേയും എന്‍റെ അമ്മയുടേയും കണ്ണീരുവീഴാതിരിക്കാന്‍ വേണ്ടിയെങ്കിലും നിനക്ക് പോകാതിന്നുകൂടെ..?”

ദേവു ദയനീയതയോടെ ആദിയെ നോക്കി…

”നിങ്ങളുടെയെല്ലാം സന്തോഷത്തിന് ഞാന്‍ മാത്രം ത്യാഗം ചെയ്യണം.. എനിക്ക് ഹൃദയം എന്നുപറയുന്നത് ഒന്ന് ഇല്ലല്ലോ അല്ലേ.? എന്‍റെ വേദന ഞാന്‍ ആരോടാണ് പറയുക.. ആദീ നിനക്ക് അവസരത്തെ മുതലെടുത്ത് നന്നായി സംസാരിക്കാനറിയാം…”

താനിപ്പോള്‍ തന്‍റെജീവനേക്കാള്‍ ദേവുവിനെ സ്നേഹിക്കുന്നുണ്ടെന്ന് അവള്‍ക്ക് മനസിലാക്കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് ആദിയുടെ ഉളളുപിടഞ്ഞു..

ദേവുവിന്‍റെ വീടെത്തുന്നത് വരേയും പിന്നെ ഇരുവരും ഒന്നും സംസാരിച്ചില്ല.. ദേവു കാര്യമായ എന്തോചിന്തയില്‍ മറ്റൊരുലോകത്തായിരുന്നു…

വീടെത്തി എന്ന് ആദി പറഞ്ഞപ്പോള്‍ ദേവു ചിന്തകളില്‍നിന്നും പെട്ടെന്ന് ഞെട്ടിഉണര്‍ന്നു…

കാര്‍ നിര്‍ത്തി ഡോര്‍തുറന്ന് ഇറങ്ങിയ ആദി ഡിക്കിയില്‍ നിന്നും ദേവൂന്‍റെ ബാഗ് പുറത്തേക്കെടുത്തു..

”ഇതാ നിന്‍റെ ബാഗ്.. ഞാന്‍ അങ്ങോട്ടുവരുന്നില്ല.. എനിക്ക് വയ്യ അവരുടെ വിഷമം കാണാന്‍.”

”എന്നുമുതലാണ് ആദിക്ക് ഇത്രക്കെല്ലാം മനസലിവ് ഉണ്ടായിത്തുടങ്ങിയത്..?”

ചോദ്യംകേട്ട് ആദിയുടെ ശിരസ് താണു… അവന്‍ അതിന് മറുപടിയൊന്നും പറഞ്ഞില്ല…

ദേവു ബാഗ് കൈപറ്റാതെ ഏതാനും നിമിഷം ആലോചിച്ചു നിന്നു…

”എന്‍റെ കുടുംബത്തിന്‍റെയും ആദിയുടെ അമ്മയുടെയും കണ്ണീരാണ് എന്‍റെ സന്തോഷത്തിന്‍റെ വില എങ്കില്‍ എനിക്ക് അതിനെകുറിച്ച് ഒന്ന് ആലോചിക്കണം ആദീ.. നീ പറഞ്ഞ കണ്ടീഷനുകളെല്ലാം നിനക്ക് ഓക്കെയാണോ..?”

”എനിക്ക് ഓക്കെയാണ് ദേവൂ… നിന്‍റെ മനസിലെ എന്നോടുളള വെറുപ്പ് മാറുന്നത് വരെ ഞാന്‍ കാത്തിരിക്കാം..”

”എന്നാല്‍ ബാഗ് ഇപ്പോള്‍ അവിടെതന്നെ ഇരിക്കട്ടെ..”

അതുവരെ ശോകഭാവത്തോടെ ഇരുന്ന ആദിക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല… അവന്‍ ദേവുവിന്‍റെ വലതുകരം കവര്‍ന്നു…

”മതി ദേവൂ.. അത് മതീ.. ഞാന്‍ ആ വീട്ടില്‍നിന്നുതന്നെ എന്തെങ്കിലും കാരണംകണ്ടെത്തി മാറിനില്‍ക്കാം… എന്‍റെ അമ്മക്കരികില്‍ നീ ഉണ്ടായാല്‍ മാത്രം മതി എനിക്ക്..”

ദേവു ആദിയുടെ കൈകള്‍ ബലമായി വിടുവിച്ചു..

”വെറുതെ ആളുകളെകൊണ്ട് പറയിപ്പിക്കാതെ കൈവിട് ആദീ..”

ദേവുവിന്‍റെ വെറുപ്പ് മനസിലാക്കിയ ആദി പെട്ടെന്ന് തന്നെ ദേവുവിന്‍റെ കൈവിട്ടു…

”ഇനി നീ ഇവിടെ നിന്നുതിരിയണ്ട.. എനിക്ക് നിന്‍റെമുഖം കാണുന്നതെ ഇഷ്ടമല്ല… എന്‍റെ തീരുമാനം രണ്ട്ദിവസം കഴിഞ്ഞ് ഞാന്‍ പറയാം..”

എല്ലാം തീര്‍ന്നു എന്നിടത്തുനിന്നും ആദിയുടെ ജീവിതത്തിലേക്ക് ദേവു തിരികെ വരാനുളള ഒരു സാധ്യത മുന്‍പില്‍ തെളിഞ്ഞിട്ടുണ്ട്… തിരികെയുളളയാത്രയില്‍ ആദി ഏറെ സന്തോഷവാനായിരുന്നു.. അമിതാഹ്ളാദത്തോടെ പരിസരം മറന്നുളള യാത്ര അവനെകൊണ്ടെത്തിച്ച വലിയ ഒരു അപകടത്തിലാണ്..

വളവ് തിരിഞ്ഞു വന്ന ഒരു ടിപ്പര്‍ ആദിയുടെ കാറിനെ ഇടിച്ച് തെറിപ്പിച്ചു.. ആദിയുടെ കാര്‍ റോംഗ് സൈഡില്‍കയറിയതായിരുന്നു അപകട കാരണം…

കാലിനും കൈയിലും സാരമായ പരിക്കുകളുളള ആദിക്ക് രണ്ടു ദിവസം കഴിഞ്ഞാണ് പൂര്‍ണ്ണമായും ബോധംതിരികെ വന്നത്…

ബാന്‍റേജില്‍ പൊതിഞ്ഞ ആദിയെ റൂമിലേക്ക് മാറ്റുമ്പോള്‍ കുടുംബങ്ങള്‍ക്കിടയില്‍ ദേവുവിന്‍റെ കണ്ണുകള്‍ അവന്‍ കണ്ടെത്തി…

അവളുടെ മുഖത്ത് അപ്പോള്‍ തന്നോടുളള വെറുപ്പ് പ്രകടമല്ലെന്ന് മനസിലായ ആദി ഏറെ സന്തോഷിച്ചു…

എഴുന്നേറ്റു നടക്കാന്‍ വയ്യാത്ത ആദിയെനോക്കാന്‍ അമ്മക്ക് ഒറ്റക്ക് ബുദ്ധിമുട്ടാവും എന്നത്കൊണ്ട് ദേവു ഹോസ്പിറ്റലില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതയായി…

ഒന്നു രണ്ടുദിനങ്ങള്‍ കഴിഞ്ഞു… എല്ലാ അവശ്യങ്ങള്‍ക്കും ആദി അമ്മയുടെ സഹായമാണ് തേടിയിരുന്നത്… അത് മനസിലാക്കിയ അവന്‍റെ അമ്മ ആദിക്ക് ദേവുവിനോട് അലിവും ഇഷ്ടവുംതോന്നാന്‍ സുഖമില്ലെന്ന് പറഞ്ഞ് ദേവുവിനെ മാത്രം ഹോസ്പിറ്റലില്‍ നിര്‍ത്തി വീട്ടിലേക്ക് മടങ്ങി…

ആദിയും ദേവുവും ഹോസ്പിറ്റലില്‍ തനിച്ചായി.. ആദിക്ക് ദേവുവിനോട് കുറെയേറെ സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷേ അവള്‍ അത് ഇഷ്ടപ്പെടുന്നില്ല എന്നുറപ്പുളളത് കൊണ്ട് അവനും മൗനം പാലിച്ചു…

ഇടക്കെപ്പോളോ ദേവു തൊട്ടടുത്തുളള റൂമിലെ സുഖവിവരങ്ങള്‍ അന്വേഷിക്കാനായി പുറത്ത്പോയി…

പരസഹായമില്ലാതെ ടോയ്റ്റിലേക്ക് പോകാന്‍ കഴിയാത്ത ആദി ദേവുവിന് ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നുവിചാരിച്ച് സ്വയം ഏന്തിവലിഞ്ഞ് കട്ടിലില്‍നിന്നും എഴുന്നേറ്റു നടക്കാന്‍ ഒരു ശ്രമം നടത്തി… പക്ഷേ കാലിന്‍റെ എല്ലിന് പൊട്ടുളള അവന്‍ ബാലന്‍സ് പോയി താഴേവീണു…

ദേവു തിരികെവരുമ്പോള്‍ ബെഡ്ഡിലേക്ക് കയറാന്‍കഴിയാതെ ശരീരത്തില്‍നിന്നും രക്തമൊലിച്ച നിലയില്‍ നിലത്ത് ഇഴയുന്ന ആദിയേയാണ് കാണുന്നത്…

ആദീ എന്ന് നിലവിളിച്ച്കൊണ്ട് ദേവു ആദിയുടെ അരികിലേക്ക് ഓടിയെത്തി… നിലത്തുനിന്നും താങ്ങിഎഴുന്നേല്‍പ്പിച്ച് അവള്‍ അവനെ ബെഡിലേക്ക് കിടക്കാന്‍ സഹായിച്ചു…

”ആദീ നീ എന്തിനാണ് ഒറ്റക്ക് എഴുന്നേറ്റത്… ഞാനില്ലെ സഹായത്തിന് ഇവിടെ.. എന്നെ വിളിച്ചാല്‍പോരെ നിനക്ക്.. എന്നോടുളള വാശിക്കല്ലെ നീ.”

ശരീരത്തിലെ വേദന കടിച്ചമര്‍ത്തികൊണ്ട് അവന്‍ പറഞ്ഞു…

”എനിക്ക് നിന്നോട് ഒരു വാശിയുമില്ല ദേവൂ.. ഒരുപാട് ഇഷ്ടമാണെനിക്ക്.. എല്ലാവരും ചേര്‍ന്ന് നിനക്ക് ഇഷ്ടമില്ലാതെ നിര്‍ബന്ധിച്ച് ഇവിടെ നിര്‍ത്തിയതാണെന്ന് എനിക്കറിയാം… ഞാന്‍ കാരണം നിനക്ക് കൂടുതല്‍ ബുദ്ധിമുട്ടാവേണ്ടന്നു കരുതിയാണ്..”

ദേവുവിന്‍റെ ഉളളില്‍ എവിടെയോ ഒരു വിങ്ങല്‍ അനുഭവപ്പെട്ടുതുടങ്ങിയിരുന്നു..

”എന്നിട്ടിപ്പോള്‍ എന്തായീ.? എന്‍റെ ബുദ്ധിമുട്ടുകള്‍ കുറഞ്ഞോ.?”

ആദി ഇരു കൈകൊണ്ടും തലയില്‍ അമര്‍ത്തികൊണ്ട് പറഞ്ഞു..

”ഇപ്പോള്‍ നീ എന്നെ കുറ്റപ്പെടുത്തല്ലെ ദേവൂ… എന്‍റെ തലക്കുളളില്‍ വല്ലാതെ വേദനിക്കുന്നുണ്ട്.. എനിക്ക് എന്‍റെ അമ്മയെ ഒന്ന് കാണണം.. എനിക്ക് തീരെ വയ്യ..”

ഇരു കൈകളും തലയില്‍ അമര്‍ത്തി വേദനകൊണ്ട് പുളയുന്ന ആദിയെ കണ്ടപ്പോള്‍ ദേവുവിന് അവനോട് അലിവുതോന്നി… ഒരു സാന്ത്വനം അവന്‍ ആഗ്രഹിക്കുന്നുണ്ട് അതിനാണ് ആദി അമ്മയോട് വരാന്‍പറയുന്നതെന്ന് ദേവുവിന് മനസിലായി…

ആദ്യമായി അവളുടെ ഉളളില്‍ ആദിയോടുളള വെറുപ്പിന് പകരമായി സ്നേഹത്തിന്‍റെ ഒരു ഉറവ പൊടിഞ്ഞു..

വേദനക്കിടയിലും ആദി ദേവുവിനോട് ക്ഷമചോദിച്ചു..

”നീ എന്നോട് ക്ഷമിക്കൂ ദേവൂ… ഞാന്‍ പറഞ്ഞിട്ടല്ല നിന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയത്…”

ദേവു ഒരു നിമിഷം ആലോചിച്ചുനിന്നു പിന്നെ ആദിയുടെ ബെഡ്ഡിന്‍റെ അരികിലായി ഇരുന്നു… വേദനകൊണ്ട് പുളയുന്ന ആദിയുടെ നെറ്റിത്തടത്തില്‍ വിറയാര്‍ന്ന അവളുടെ കൈകള്‍ ഒരു സാന്ത്വനമായി പതിഞ്ഞു..

സ്പര്‍ശനമെറ്റ ആദിയുടെ ശരീരം ഒന്നുഞെട്ടി.. അവന്‍ കണ്ണുതുറന്നു നോക്കി… തന്‍റെ നെറ്റിയിലെ സ്നേഹസ്പര്‍ശം ദേവുവിന്‍റെതാണെന്ന് അവന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല… അവന്‍ അനുസരണയോടെ കണ്ണുകടച്ചു കിടന്നു…

ദേവു അവന്‍റെ നെറ്റിയിലും തലമുടിയിലും തലോടികൊണ്ടിരുന്നു..

”വേദനിക്കുന്നുണ്ടോ ആദീ..?”

”ഊം..”

ആര്‍ദ്രമായിരുന്നു ദേവുവിന്‍റെ ആ ചോദ്യം… ആദ്യമായാണ് ദേവുവില്‍നിന്നും സ്നേഹത്തോടെയുളള ഒരു വാക്ക് അവന്‍ കേള്‍ക്കുന്നത്… അവന്‍റെ കണ്ണുകള്‍ ഇരുവശത്തേക്കും നിറഞ്ഞെഴുകി..

ആദിയുടെ കണ്ണുകള്‍ നിറഞ്ഞത് മുറിവിലെ വേദന സഹിക്കാന്‍ കഴിയത്തത് കൊണ്ടാണെന്നാണ് ദേവു വിചാരിച്ചത്…

”നല്ലോണം വേദനിക്കുന്നുണ്ടോ ആദീ..?”

”ഊം..”

ആദിയുടെ തലയുടെ ഒരോവശവും കൈവച്ച് തലോടികൊണ്ട് അവള്‍ ചോദിച്ചു…

”ഇവിടെയാണോ..?”

”അല്ല..”

”ഇവിടെയാണോ..?”

”അല്ല..”

”പിന്നെ എവിടെയാണ് ആദീ വേദനിക്കുന്നത്..?”

അവന്‍ തന്‍റെനെഞ്ചില്‍ കൈവച്ചു പറഞ്ഞു..

”ഇവിടെ..? ഇതിനുളളിലാണ് ദേവൂ..”

ആദി പറയുന്നതിന്‍റെ പൊരുള്‍മനസിലായ ദേവു പെട്ടെന്ന് അവളുടെ കൈ പിന്‍വലിച്ചു…

”ചെയ്ത്കൂട്ടിയ പാപങ്ങളുടെ ശിക്ഷയാണ് ആദീ നിന്‍റെ ഈ വേദനകളെല്ലാം…”

”ഇത് ശിക്ഷയല്ല അനുഗ്രഹമാണ് ദേവൂ… ഈ വേദന മാറാതിരുന്നെങ്കില്‍ എത്ര നന്നായെനെ..”

കൗതുകത്തോടെ ദേവുചോദിച്ചു..

”അതെന്താണ് ആദീ അങ്ങനെ..?”

”ഈ ശരീരത്തിലെ വേദനകള്‍ മാറുന്ന സമയം നീ എന്നെവിട്ട് പോകില്ലേ ദേവൂ..” ഒരു കുഞ്ഞിനെപോലെയാണ് അവന്‍ അത് ചോദിച്ചത്..

ദേവുവിന്‍റെ ഹൃദയം ഒന്നുപിടഞ്ഞു..

”അത്രക്കും ഇഷ്ടമാണോ ആദീ നിനക്ക് എന്നെ..?”

ദേവുവിന്‍റെ കൈ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അവന്‍ പറഞ്ഞു..

”ആണ് ദേവൂ.. ഒരുപാടൊരുപാട് ഇഷ്ടമാണ്.. പറഞ്ഞറിയിക്കാന്‍ പറ്റാത്തത്രയും ഇഷ്ടമുണ്ട് ഈ നെഞ്ചിനുളളില്‍ നിന്നോട്…”

അപ്പോളേക്കും രണ്ട് സിസ്റ്റര്‍മാര്‍ അവശ്യസാധനങ്ങളുമായി റൂമിലേക്ക് ഓടിയെത്തി…

ദേവു പെട്ടെന്ന് അദിയുടെ നെഞ്ചിലുളള കൈ സ്വതന്ത്രമാക്കി കട്ടിലില്‍നിന്നും പിടഞ്ഞെഴുന്നേറ്റു.. ആദിയുടെ അരികില്‍ ദേവു നിന്ന് പരങ്ങുന്നത് കണ്ട സിസ്റ്റര്‍മാര്‍ പുഞ്ചിരിയോടെ പരസ്പരം എന്തോ കുശുകുശുത്തു…

എതാനും സമയത്തിനകം സിസ്റ്റര്‍മാര്‍ രക്തംപടര്‍ന്നമുറിവുകളെല്ലാം വൃത്തിയാക്കി ഇഞ്ചക്ഷനും ചെയ്ത് അവരുടെ ജോലിപൂര്‍ത്തിയാക്കി മടങ്ങി..

ദേവു ആദിയില്‍നിന്നും അകലംപാലിച്ചുതന്നെ നിലകൊണ്ടു..

ഇഞ്ചെക്ഷന്‍റെ കഷീണംമൂലം ആദി മയക്കത്തിലേക്ക് വീണു..

അല്‍പം കഴിഞ്ഞതും ആദി അസ്വസ്ഥതയോടെ ബെഡ്ഡില്‍ ഉഴയുന്നതും എന്തെല്ലാമൊക്കെയോ പിറുപിറുക്കുന്നതും കേട്ട ദേവു ആദിക്ക് വീണ്ടും വേദന തുടങ്ങിയതാണോ എന്ന് സംശയിച്ച് അവനരികിലേക്ക് ഓടിയെത്തി..

എന്നെവിട്ട് പോവല്ലേ ദേവൂയെന്ന് ദുര്‍ബ്ബല ശബ്ദത്തിൽ കുഞ്ഞുങ്ങളെപോലെ നിലവിളിക്കുന്ന ആദിയെ കണ്ടപ്പോള്‍ ദേവുവിന് അതിയായ വിഷമംതോന്നി.. അവന്‍ എന്തോ ദുഃസ്വപ്നം കാണുകയാണെന്ന് ദേവുവിന് മനസിലായി…

”ആദീ.. ആദീ.. എന്തുപറ്റി..?”

സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന ആദി ചുറ്റുപാടുംനോക്കി… തൊട്ടരികില്‍ സ്വാന്തനമായി ദേവു നില്‍ക്കുന്നുണ്ടായിരുന്നു..

”നീ സ്വപ്നം കണ്ടതാണ് ആദീ… ഞാന്‍ നിന്‍റെ അരികില്‍ തന്നെയുണ്ട്.. എങ്ങോട്ടും പോയിട്ടില്ല.. ഇതെല്ലാം കുറച്ചധികമാണ്..”

ദേവുവിന്‍റെ ശബ്ദ്ധത്തിലെ നീരസം മനസിലാക്കിയ ആദി വീണ്ടും കണ്ണടച്ചുകിടന്നു.. ഇടക്കിടെ അവന്‍ ഒളിക്കണ്ണിട്ട് ദേവുവിനെ ശ്രദ്ധിച്ചു.. അവളുടെ മുഖം കണുന്നതെ അവന് ഒരു ആശ്വാസമായിരുന്നു..

ജനാലക്കരികില്‍ വിഷാദഭാവത്തോടെ മൂകയായി പുറത്തേക്ക് ഏതുനേരവും നോക്കിനില്‍ക്കുന്ന ദേവുവിനെ അവന്‍ അരികിലേക്ക് വിളിച്ചു…

”ദേവൂ..”

എന്തെങ്കിലും ആവശ്യങ്ങള്‍ക്കാണ് വിളിക്കുന്നതെന്ന് കരുതി ദേവു ആദിയുടെ അരികിലെത്തി…

”ദേവൂ ഇനി നീ വീട്ടിലേക്ക് പോയിക്കോളൂ… ഇവിടെ എന്‍റെ മുഖംകണ്ട് നിനക്ക് എന്നോടുളള ഇഷ്ടക്കേട് കൂടേണ്ട… നീ സാവധാനത്തില്‍ ഒരു അനുകൂല തീരുമാനത്തില്‍ എത്തിയാല്‍മതി.. നീ എന്നെവിട്ട് പോകുമോയെന്ന് ഞാന്‍ ഇപ്പോളും ഭയപ്പെടുന്നുണ്ട്.. അതാണ് ഇങ്ങനെയൊക്കെ..”

”ഒരു പെണ്ണിന് ആത്മാര്‍ത്ഥ സ്നേഹം കിട്ടിയാല്‍ അവനുവേണ്ടി അവള്‍ ജീവന്‍ കൊടുക്കാന്‍ തയ്യാറാവും ആദീ.. എനിക്ക് കുറച്ചുകൂടി സമയം തരൂ നീ.. എനിക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ല ഇവിടെ നില്‍ക്കാന്‍..”

ആദി ആശ്വാസത്തോടെ കണ്ണുകളടച്ച് കിടന്നു..

”എന്‍റെ അമ്മയുടെ പ്രാര്‍ത്ഥന ദൈവങ്ങള്‍ കേട്ടുവെന്നാണ് തോന്നുന്നത് ദേവൂ..”

”അപ്പോള്‍ ആദി പ്രാര്‍ത്ഥിക്കാറൊന്നും ഇല്ലേ..”

”ഞാനൊരു വെറുക്കപ്പെട്ടവനല്ലെ ദേവൂ.. നിനക്ക് പോലും എന്നെ ഇഷ്ടമില്ല… പിന്നെ ദൈവങ്ങളെങ്ങനെ എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കാനാണ്.?”

ദേവു പുഞ്ചിരിയോടെ ആദിയോട് പറഞ്ഞു..

”എന്നാല്‍ ഇനി നല്ലോണം പ്രാര്‍ത്ഥിച്ചോളൂ അവര്‍ കേള്‍ക്കും.. ഇനി കേള്‍ക്കാതിരിക്കാന്‍ അവര്‍ക്കൊന്നും പറ്റില്ല കെട്ടോ..”

ദിനങ്ങള്‍ പലതും കൊഴിഞ്ഞുപോയി.. ആദിക്ക് ദേവുവിനോടുളള കരുതല്‍ അവളെ ആദിയിലേക്ക് കൂടുതല്‍ അടുപ്പിച്ചു…

ആദി തന്‍റെ ജീവിതത്തില്‍ പുതിയ ഒരാളായിമാറി.. അവന്‍ ദേവുവിന് ഒരു കൂട്ടുകാരനായി… പ്രണയം തുളുംമ്പുന്ന ഒരു കാമുകനായി… സ്നേഹമുളള ഒരു ഭര്‍ത്താവായി.. കാരണം അത്രമേല്‍ ഇഷ്ടമായിരുന്നു അവന് ദേവുവിനെ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *