കാർത്തിയുടെ കണ്ണുകൾ ചാരുലേക്ക് നീണ്ടു. ആ നോട്ടം അവളിൽ ഭയം നിറച്ചു. എന്താണ് ആ നോട്ടത്തിന് അർത്ഥം…

🍁പിന്നെയും🍁

Story written by SHITHI SHITHI

“തേജസ്‌….” ദേഷ്യത്തോടെയുള്ള അലർച്ച കേട്ടവൻ അവളിൽ നിന്നും അടർന്നുമാറി.. തിരിഞ്ഞു നോക്കിയതും കണ്ടു ദേഷ്യതാൽ വലിഞ്ഞുമുറുകിയ മുഖവുമായി മുമ്പിൽ നിൽക്കുന്ന ലക്ഷ്മിയെ.

“ലച്ചു…” പൂർത്തിയാക്കും മുൻപേ ആ കൈകൾ അവന്റെ കവിളിൽ പതിഞ്ഞു.

” ചാരു ഉള്ളിലേക്ക് പോ” ശാസനയുടെ ലക്ഷ്മി പറഞ്ഞതും നിറ മിഴിയാൽ തേജസിനെ ഒന്ന് നോക്കി അവൾ ഉള്ളിലേക്ക് പോയി..തേജസിനെ ഒന്ന് തറപ്പിച്ച് നോക്കി ദേഷ്യത്തോടെ ലക്ഷ്മി ബാൽക്കണിയിലേക്ക് നടന്നു..പല കാര്യങ്ങൾ അവളുടെ മനസ്സിലേക്ക് കടന്നു വന്നു.. പിന്നിൽ കാൽപ്പെരുമാറ്റം കേട്ടതും മനസ്സിലായി തേജസ് ആണെന്ന്.

” എത്രകാലമായി തുടങ്ങിയിട്ട് ” ചോദ്യത്തിനു മുൻപിൽ അവൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് ലക്ഷ്മിക്ക് ദേഷ്യം കൂടി.

” തേജസ്‌ .. നിന്നെ ഇവിടെ താമസിച്ചത് നിന്നോടുള്ള വിശ്വാസം കൊണ്ടാണ്..മാമിയും മാമാവും നിന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് അതുകൊണ്ട് തന്നെയാ..നോക്ക് ചാരു ഒരു പാവമാണ്.. ഒരു നേരത്തെ അന്നത്തിനു വേണ്ടി വരണതാ ഇവിടെ വീട്ടുജോലിക്ക്.. ആരുമില്ല അവൾക്ക്.. ഓരോന്ന് കാട്ടി മോഹിപ്പിച്ച് ആ മിണ്ടാപ്രാണിയെ നീ പറ്റിക്കരുത്.. നിനക്ക് വെറുമൊരു തമാശയായിരിക്കും.. പക്ഷെ ഓർത്തോ ആരോരും ഇല്ലാത്തതുകൊണ്ട് സ്വന്തമായി ഒന്ന് ശബ്ദമുയർത്താൻ പോലും അവൾക്ക് ആവില്ലെന്ന് കരുതി ആരും ചോദിക്കാൻ വരില്ല എന്ന് നീ കരുതണ്ട.. എനിക്ക് അവൾ സ്വന്തം അനിയത്തിയാ.. അതുകൊണ്ടുതന്നെ ഞാൻ ചോദിക്കും അവൾക്കുവേണ്ടി.. അത് നീ ഓർത്തോ “

“ലച്ചു… പറ്റിക്യയല്ല .. ഇഷ്ടംകൊണ്ട് തന്നെയാ.. ഒരുപാട് ഇഷ്ടാ എനിക്ക് അവളെ..മരണംവരെ കൂടെയുണ്ടാവും.. തമാശയ്ക്കുവേണ്ടി ഒന്നും ഞാൻ ചെയ്യാറില്ല..ഈ ജന്മം എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ചാരു മാത്രമായിരിക്കും.. അവളുടെ സ്വരമായി എന്നും കൂടെയുണ്ടാവും “

പിന്നെയും പിന്നെയും തേജസ്സിന്റെ വാക്കുകൾ ലക്ഷ്മിയുടെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു.. പതിയെ കണ്ണുതുറന്നവൾ അടുത്തിരിക്കുന്ന ചരുവിനെ നോക്കി.. ഒരുപാട് വാത്സല്യം തോന്നി ആ നിഷ്കളങ്കമായ മുഖത്തോട് അതിനേക്കാളേറെ വേദനയും.. കരയുകയാണ് പാവം.

“ചാരു…” ആ വിളിയിൽ തെല്ലൊന്ന് ഞെട്ടിയവൾ ലക്ഷ്മിയെ നോക്കി.

” വിഷമിക്കേണ്ട എല്ലാം ശരിയാകും.. ” ഒരു ആശ്വാസമെന്നോണം ലക്ഷ്മി പറഞ്ഞെങ്കിലും ചാരുന്റെ കണ്ണുകൾ ഒഴുകിക്കൊണ്ടിരുന്നു.. ലക്ഷ്മിയുടെ തോളിലേക്ക് ചായുമ്പോൾ തേജസ്‌ അവസാനമായി പറഞ്ഞ വാക്കുകൾ അവളോർത്തു…

” രണ്ടുദിവസം കഴിഞ്ഞാൽ ഞാൻ വരും നിന്നെ കൊണ്ടുപോകാൻ.. ഇവിടുത്തെ ഹോസ്പിറ്റലിൽ നിന്നും റിസൈൻ ചെയ്തു.. ഇനി നിന്നെയും കൂട്ടി അവിടെ എന്റെ നാട്ടിൽ.. പാലക്കാട്.. കൽപ്പാത്തി പുഴയോട് ചേർന്നിട്ടുള്ള ആ കുഞ്ഞ് അഗ്രഹാരത്തിൽ.. അതിനുമുന്നേ അപ്പവേയും അമ്മവേയും സമ്മതിപ്പിച്ച് വരാം ട്ടോ.. പിന്നെ നിന്നെ അങ്ങ് കൊണ്ടുപോകും.. കൽപ്പാത്തി രഥോത്സവവും ചിനക്കത്തൂർ പൂരവും നെന്മാറ വേലയും കണ്ട് അവിടെ അങ്ങ് കൂടാം ഇന്നിയുള്ള കാലം.. കേട്ടോടി തൊട്ടാവാടി ” അന്ന് നാട്ടിലേക്ക് പോരുമ്പോൾ തന്റെ മിഴിനീർ തുടച്ചുതന്ന് കുസൃതിയോടെ പറഞ്ഞതാണ്.. പക്ഷേ പിന്നെ തന്നെ തേടിയെത്തിയതോ , അവന് അപകടം പറ്റിയ വിവരം.. പല ദിവസങ്ങളിലും അവന്റെ ഓർമ്മകൾ വീർപ്പുമുട്ടിക്കാൻ തുടങ്ങിയപ്പോൾ രണ്ടാഴ്ചകൾക്കിപ്പുറം ലച്ചു അക്കാ കൂടെ പോന്നതാണ് അവനെ കാണാൻ.. അഗ്രഹാരത്തിൽ തന്നെയാണ് ലച്ചു അക്കാ വീട്.. രണ്ടുപേരും ബന്ധുക്കൾ.. അതുകൊണ്ടുതന്നെ ചെന്നൈയിലേക്ക് വന്ന് തേജസ് ലച്ചു അക്കാ കൂടെ കൂടി.. ആദ്യമൊന്നും താൻ ആ വ്യക്തിയെ ശ്രദ്ധിച്ചിരുന്നില്ല.. പലപ്പോഴായി തന്നോട് ഇങ്ങോട്ട് വന്ന് മിണ്ടാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറി.. പിന്നീടെന്നോ അടുത്തു..ആ അടുപ്പം കൂടിക്കൂടിവന്നു.. പിരിയവയ്യാതെയായി.. ഒടുവിൽ ഇപ്പോ ആ അടുപ്പം ഹൃദയത്തെ വേദനിപ്പിക്കുന്നു ഒത്തിരി ഒത്തിരി വേദനിപ്പിക്കുന്നു..

പിറ്റേന്ന് രാവിലെയാണ് പാലക്കാട് എത്തിയത്.. കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിൽ ലച്ചുവിന്റെ ഫ്രണ്ട് കാർത്തി അവരെ കാത്തുനിൽപ്പുണ്ടായിരുന്നു..

“കാർത്തി.. തേജസ്സിനിപ്പോൾ..” യാത്രയ്ക്കിടെ ലച്ചു ചോദിച്ചപ്പോൾ ചാരുവും ഉത്തരത്തിനായി കാതോർത്ത്.

” കുഴപ്പമില്ല.. ചെറിയൊരു ഹെഡ് ഇഞ്ചുറി ഉണ്ടായിരുന്നു പിന്നെ കാലിന് ഫ്രക്ചറും.. ഇപ്പൊ ഓക്കേ ആണ് നടക്കാൻ തുടങ്ങിയിട്ടുണ്ട്.. പക്ഷേ… തലയിൽ ബ്ലഡ് ക്ലോട്ട് ആയിരുന്നത് കാരണം ഒരു ചെറിയ ടെമ്പോരാറി മെമ്മറി ലോസ്.. ” കാർത്തിയുടെ കണ്ണുകൾ ചാരുലേക്ക് നീണ്ടു..ആ നോട്ടം അവളിൽ ഭയം നിറച്ചു.. എന്താണ് ആ നോട്ടത്തിന് അർത്ഥം.. താനെന്ന് വ്യക്തിയെയും അവന്റെ മറവി ബാധിച്ചിട്ടുണ്ടെന്നോ.. അവന്റെ ഓർമ്മകളിൽ നിന്നും തന്നെയും ആ മറവി കാർന്നുതിന്നുന്നോ.. അവന്റെ ഓർമ്മകളിൽ നിന്നും താനും മാഞ്ഞു പോയെന്നോ.. കൺകോണിൽ കണ്ണീർ ഉരുണ്ടുകൂടി.. സ്വയമറിയാതെ അവ കവിളിനെ നനച്ചു തുടങ്ങി.

” കരയാതെ ചാരു.. നിന്നെ അവൻ മറക്കില്ല.. ഉറപ്പ്.. ” ലച്ചുവിന്റെ ചേർത്തു പിടിക്കലിൽ ചാരുവിനല്പം ആശ്വാസം തോന്നി..

വണ്ടി അഗ്രഹാരത്തിലെ പടിവാതിലിൽ എത്തിനിന്നതും ലച്ചുവിനൊപ്പം ചാരു പുറത്തേക്കിറങ്ങി.. ഹൃദയമിടിപ്പ് കൂടുന്നതവളറിഞ്ഞു..ലച്ചു അവിടെയുള്ളതായതുകൊണ്ട് തന്നെ പലരും വിശേഷം ചോദിച്ചറിയുന്നത് കണ്ടു..അതിലൊന്നും ശ്രദ്ധിക്കാതെ അവളുടെ കണ്ണുകൾ പ്രിയപ്പെട്ടവനെ തേടിക്കൊണ്ടിരുന്നു.. വർദ്ധിച്ച ഹൃദയമിടിപ്പോടെ ആ ആഗ്രഹാര തെരുവിലൂടെ നടന്നു നീങ്ങുമ്പോൾ മാഞ്ഞുപോയ തന്റെ പ്രിയപ്പെട്ടവന്റെ ഓർമ്മകളിൽ താൻ ഉണ്ടാവരുതെന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.. തന്നെ കാണുമ്പോൾ അവനൊന്ന് തന്നെ ചേർത്തണയ്ക്കാൻ മോഹിച്ചു..

നേരെ പോയത് ലച്ചുവിന്റെ വീട്ടിലേക്കാണ്.. അമ്മ മാത്രമേയുള്ളൂ.. രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട് തന്നെ അമ്മ എല്ലാവർക്കും ഭക്ഷണം വിളമ്പി.

“അമ്മ.. ചാരുവും നമ്മ തേജസും ഇഷ്ടത്തിലാണ് ” കഴിക്കുന്നതിനിടയിൽ ലച്ചു പറഞ്ഞതും പ്രസന്നമായിരുന്നു അവരുടെ മുഖം മങ്ങി.. സ്നേഹത്തോടെ വിളമ്പിയിരുന്ന കൈകൾ പിൻവാങ്ങി..

“ലച്ചു..ഇന്ത പൊണ്ണ് ഇവിടെ ഉള്ളത് മാമ അറിയ വേണ.. അറിവതർക്ക് മുന്നാടി തിരുമ്പി പോ സൊല്ല്.”

“അമ്മ.. അത് “

“ഒന്നും പറയണ്ട.. എല്ലാം എല്ലാർക്കും തെരിയും.. മാമാവുക്ക് ഇവളെ ഇഷ്ടമല്ല..ഇവൾ ഇവിടെ ഉള്ളത് മാമ അറിഞ്ഞാൽ തെരിയുംല്ലെ എന്താ ഉണ്ടാവുകയെന്ന്.”

“അമ്മ.. എന്താ ഈ പറയണേ.. “

“തേജസ്‌ വന്ന് എല്ലാം സൊന്നെ.. മാമ സമ്മതിച്ചില്ല.. അന്ന് മാമ കൂടെ വഴക്കിട്ട് ഇറങ്ങിയതാ.. പാറ് ഇപ്പൊ എന്നാച്ച്ന്ന് ” ദേഷ്യത്തോടെ ചാരുനെ നോക്കിയവർ ഉള്ളിലേക്ക് പോയി.. ചാരുവിന്റെ ഉള്ളിലെ നോവ് ഒന്നൂടി കൂടി.. പുറത്തേക്ക് വരാതെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന നോവാൽ ചങ്ക് കടഞ്ഞു..പാടില്ലായിരുന്നു.. ഒന്നും ആഗ്രഹിക്കാൻ പാടില്ലായിരുന്നു.. അമ്മ മരിച്ചതിൽ പിന്നെ ഒരു വേലക്കാരി തന്നെയായിരുന്നു മാമയുടെ വീട്ടിൽ താൻ.. അവർക്ക് ജീവിക്കാൻ പല വീട്ടിലും തന്നെ വീട്ടുജോലിക്ക് പറഞ്ഞയച്ചു.. അങ്ങനെ എത്തിപ്പെട്ടതാണ് ലച്ചു അക്കയുടെ അടുത്ത്.. അക്കാ ഒറ്റയ്ക്ക് ആയതുകൊണ്ട് അവിടെ തന്നെ നിന്നു ..എവിടെപ്പോയാലും താൻ സമ്പാദിക്കുന്ന കാശ് മാത്രം കൊടുത്താൽ മതി എന്നുള്ളതിനാൽ മാമ ഒന്നും പറഞ്ഞില്ല..തന്നെ ഒന്ന് സ്നേഹത്തോടെ നോക്കുകപോലും ചെയ്യാത്തവർക്ക് താൻ ബാധിക്കുന്ന കാശിനോട് സ്നേഹമായിരുന്നു.. ഇത്രയും കാലം ആർക്കോവേണ്ടി ജീവിച്ചു.. ലച്ചു അക്കയിൽ നിന്നുമാണ് ആദ്യമായി സ്നേഹം കിട്ടുന്നത്.. പിന്നെ തേജസ്സിൽ നിന്നും.. ജനിച്ച അന്ന് തൊട്ടു സ്നേഹം കിട്ടാത്തവൾക്ക് അത് ഏറ്റവും വലിയ നിധിയായിരുന്നു..പിന്നീടെന്നോ സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുന്നവനെ വേണ്ടെന്നു വെക്കാൻ തോന്നിയില്ല.. ഒന്നു ഒന്നും ആലോചിക്കാതെ അവൻ തീർത്ത സ്നേഹത്തിന്റെ മായാലോകത്ത് സ്വപ്നം കണ്ട് പറന്നു നടന്നു.. പാടില്ലായിരുന്നു.. ഒന്നും പാടില്ലായിരുന്നു.. മോഹിക്കാൻ പോലും അർഹതയില്ലാത്തവളാണ്..ആരോടെങ്കിലും സംസാരിക്കണമെങ്കിൽ പോലും കൈകൊണ്ട് ഗോഷ്ടി കാണിണ പൊട്ടിപ്പെണ്ണ് ഒന്നും ആഗ്രഹിക്കാൻ പാടില്ലായിരുന്നു..

തലകുനിച്ച് കണ്ണീർ പൊഴിക്കുന്ന ആ പാവം പെണ്ണിനെ കാണവേ ലച്ചുന്റെയും കാർത്തിയുടെയും ഉള്ളം വിങ്ങി..

“ചാരു….” ലച്ചു തോളിൽ കൈ വെച്ചതും വെപ്രാളപ്പെട്ട് കണ്ണുകൾ തുടച്ചവൾ എന്തോ പറയാൻ ശ്രമിച്ചു.

“ഒന്ന് കാണിച്ച് തരോ.. കാണിച്ച് തന്നാൽ മാത്രം മതി ” കൈകൊണ്ട് മൊഴിയുന്നവളെ നോക്കി സമ്മതമെന്നോണം തലയാട്ടി ലച്ചു അവളെക്കൊണ്ട് തേജസിന്റെ വീട്ടിലേക്ക് നടന്നു.. ഒപ്പം കാർത്തിയും.

വീടിനു മുൻപിൽ തന്നെ പത്രം വായിച്ചിരിക്കുന്ന മാമയെ കണ്ട് ലച്ചുവിന് ചെറിയ ഭയം തോന്നി.. ഇന്നേവരെ മാമയോട് മറുത്തൊരക്ഷരം പറഞ്ഞിട്ടില്ല.. എന്തിനും ഏതിനും ഓടിയെത്തുന്നതാണ്.

“മാമ…” ലച്ചു വിളിച്ചതും പത്രത്തിൽ നിന്നുമയാൾ തലയുയർത്തി.. അവരെ കണ്ട് അതു മടക്കിവെച്ച് അവരുടെ അടുത്തേക്ക് വന്നു..

“ലച്ചു നീ എപ്പോ വന്തേ.. കാർത്തിയും ഉണ്ടല്ലോ.. വാ അകത്തേക്ക് വാ.. അല്ല ഇത് യാര് ലച്ചു..” ലച്ചുവിനെ തൊട്ടുനിൽക്കുന്ന ചാരുവിനെ മാമ സംശയത്തോടെ നോക്കി..

“മാമ… ഇത് ചാരു.. എൻ കൂടെ ചെന്നൈയിൽ നിന്നും വന്നതാ ” ലച്ചു പറഞ്ഞതും അയാളുടെ മുഖം മാറി.

“എത്ക്ക് ഇവളെ കൂട്ടി ഇങ്ക വന്ദേ ലച്ചു “

“മാമ അത്…..തേജസ്സിനെ ഒന്ന് കാണണം”

“മുടിയാത്.. തേജസേ കാണ മുടിയാത്.. ഇവളെ അവന് ഓർമ്മയില്ല.. പിന്നെ എന്തിനാ..ഇനി ഓർമ ഉണ്ടെങ്കിലും ഇവളെ ഇവിടെ കേറ്റില്ല.. അസിംഗമാ പൊയിടും “

“മാമ പ്ലീസ്..ഒന്ന് പാത്താൽ പൊതും.. പ്ലീസ് മാമ..”

” മുടിയാതെന്ന് പറഞ്ഞില്ലേ ലച്ചു..”

ദേഷ്യത്തോടെ ഉള്ളിലേക്ക് കയറാൻ പോയേ മാമയുടെ കാലിലേക്ക് ചാരു വീണു..രണ്ടു കൈയും കൂപ്പി അപേക്ഷിച്ചവളെ അയാൾ നിഷ്ക്കരുണം തലയിൽ കുത്തി പിടിച്ച് പുറത്തേക്ക് തള്ളി.. അപ്പോഴേക്കും രണ്ടുമൂന്ന് ആളുകൾ അവിടെ കൂടി..ചാരു മുഖമടിച്ചു വീണതും ലച്ചുവും കാർത്തിയും ഓടിച്ചെന്നവളെ പിടിച്ചെഴുന്നേൽപ്പിച്ചു..വീണ്ടും അയാളിലേക്ക് ഓടി അടുക്കാൻ തുടങ്ങിയവളെ ലച്ചുവും കാർത്തിയും പിടിച്ചുവയ്ക്കാൻ നോക്കി.. കുതറിമാറാൻ നോക്കുന്നുണ്ട് പാവം.. ഇടക്ക് അവരുടെ കൈകൾ തട്ടി മാറ്റുന്നതിനിടയിൽ കണ്ടു ദൂരെ നിന്നും തങ്ങളെ നോക്കി വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ ഒരു പെൺകുട്ടിയോടൊപ്പം നടന്നുവരുന്ന തന്റെ പ്രിയപ്പെട്ടവനെ.. ഒരു നിമിഷം അവനെ നോക്കി നിശ്ചലമായി നിന്നതും അവളിൽ പിടിമുറുക്കിയിരിക്കുന്നു കൈകൾ അയഞ്ഞു.. ഒറ്റക്കുതിപ്പിന് ചാരു തേജസിന്റെ അടുത്തേക്ക് ഓടിയടുത്തു. അവന്റെ മുമ്പിൽ എത്തിയതും മതിവരാതെ അവന്റെ മുഖത്തേക്ക് കണ്ണിമചിമ്മാതെ നോക്കിനിന്നു ആ പാവം പെണ്ണ്.. എന്തുകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. മതിവരാതെ പിന്നെയും പിന്നെയും അവളുടെ കണ്ണുകൾ അവന്റെ മുഖത്താകെ ഓടിനടന്നു.. തന്നിൽ നിന്നും വേർപെട്ടുപോയ എന്തോ തിരിച്ചു കിട്ടിയതുപോലെ തോന്നി അവൾക്ക്..

” ആരാ…. “അവളുടെ ആ തോന്നലിന് അന്ത്യം വരുത്തിക്കൊണ്ട് അവന്റെ ചോദ്യമുയർന്നു.. അവനെ കണ്ടമാത്രയിൽ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി എങ്ങോ മാഞ്ഞകന്നു..

ഇത് ഞാനാണെന്ന് തേജസിനെ നോക്കി കൈകൊണ്ട് ആംഗ്യം കാണിക്കുന്നവളെ ലച്ചു വേദനയോടെ നോക്കി നിന്നു..വായ കൊണ്ട് ശബ്ദമുണ്ടാക്കാനവൾ ശ്രമിക്കുന്നുണ്ട്.. പാഴ് ശ്രമങ്ങളാണവ എന്നറിഞ്ഞിട്ടുപോലും പാവം പെണ്ണ് പിന്നെയും പിന്നെയും തന്റെ പ്രിയപ്പെട്ടവനുവേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു..

“തേജസ്‌.. ചാരുവാണിത്.. ചെന്നൈയിൽ ഉണ്ടായിരുന്ന..” കൂടുതൽ നേരം ചാരു കാണിച്ചുകൂട്ടുന്നത് കാണാൻ വയ്യാതെ ലച്ചു തേജസിനെ ഓർമപ്പെടുത്താൻ ശ്രമിച്ചു..

“ലച്ചു നീയോ.. നിനക്ക് അറിയോ ഇവളെ.. നമ്മുടെ കൂടെ ചെന്നൈയിൽ ഉണ്ടായിരുന്നതാണെന്നോ.. എന്തോ എനിക്കൊന്നും ഓർമ്മ കിട്ടുന്നില്ല..സോറി ട്ടോ ചാരു ആക്സിഡന്റ് ഉണ്ടായശേഷം ഇങ്ങനെയാ.. തീരെ ഓർമ്മ പോരാ.. ഇവൺ ചെന്നൈയിലേക്ക് വന്നത് പോലും എനിക്ക്‌ ഓർമ്മയില്ല.. റിയലി സോറി ട്ടോ..എന്തയാലും എന്നെ കാണാൻ വന്നല്ലോ സന്തോഷം.. വരൂ വീട്ടിലേക്ക് പോകാം.” അവൻ പറഞ്ഞത്കേട്ട് ചാരു തറഞ്ഞു നിന്നുപോയി..

“തേജസ്‌ അല്പദൂരം കൂടി നടന്നിട്ടു വാ..ഇവരെ ഞാൻ വീട്ടിൽ കൂട്ടി പോരെയ്ൻ..” പിന്നിലായി വന്ന മാമ തേജസ് പറഞ്ഞത് കേട്ട് ഒരു ആശ്വാസത്തോടെ അവനെ നോക്കി പറഞ്ഞു.

“ഓക്കേ പ്പാ..ഞാൻ ഇത്തിരി ദൂരം കൂടി നടന്നിട്ട് വരാം.. നിങ്ങൾ അപ്പ കൂടെ പൊയ്ക്കോ.”അവരെ നോക്കി ഒന്നു ചിരിച്ചവൻ ആ പെൺകുട്ടിയോടൊപ്പം നടന്നു നീങ്ങി..അവൻ നടന്നകന്നതും മാമ ലച്ചുവിനെ തറപ്പിച്ചു നോക്കി വീട്ടിലേക്ക് പോയി.. ഇനി എന്ത് ചെയ്യണമെന്നറിയാതെ ലച്ചു ചരുവിനെ നോക്കിയതും ധാരയായി ഒഴുകുന്ന കണ്ണീരോടെ തേജസ് നടന്നകലുന്നത് നോക്കി നിൽക്കുകയാണവൾ..

🍁🍁

“കാർത്തി.. ഇവളെ നീ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്..”മാമയുടെ വീട്ടിൽ എത്തിയതും ചാരുനെ നോക്കി അയാൾ കാർത്തിയോട് പറഞ്ഞു..

“ഇല്ല… അവൾ എന്റെ കൂടെ നിൽക്കും ഇവിടെ.. എങ്കും പോവാ മാട്ടെ..” ലച്ചുവിന്റെ ശബ്ദമുയർന്നതും അയാൾ അവളിലേക്ക് പാഞ്ഞടുത്ത് ബലമായി പിടിച്ച് ഉള്ളിലേക്ക് നടന്ന് അകത്തേക്ക് വലിച്ചിട്ട് മുൻഭാഗത്തെ വാതിലുകൾ കൊട്ടിയടച്ചു.. കാർത്തി നിസ്സഹായനായി എല്ലാം നോക്കി നിന്നു.. അവിടെ താൻ ആരുമല്ല.. എന്തുകൊണ്ടും ലച്ചുവിൽ തന്നേക്കാൾ അവകാശം അയാൾക്കാണ്.. തനിക്കയാളെ ഒരുതരത്തിലും തടയാൻ കഴിയില്ല..

കൂടിനിന്ന് രണ്ടു മൂന്നു പേർ മുറുമുറുത്തുകൊണ്ട് പിരിഞ്ഞുപോയി..കാർത്തി ദയനീയമായി ചരുവിനെ നോക്കി.. യാന്ത്രികമായി അഗ്രഹാരത്തിന്റെ പടിവാതിൽ ലക്ഷ്യമാക്കി അവൾ നടന്നകലുന്നു..

“ചാരു…” കാർത്തിയുടെ വിളിയിൽ ഒന്നു തിരിഞ്ഞുപോലും നോക്കാതെ അവൾ മുൻപോട്ടു നടന്നു.. അഗ്രഹാരത്തിന്റെ പുറത്തെത്തിയതും കാർത്തി അവളുടെ കയ്യിൽ പിടിച്ചു നിർത്തി..

“ചാരു…”കാർത്തിയുടെ ശബ്ദം അല്പം ഉയർന്നതും സ്വബോധത്തിലേക്ക് വന്നപോലെയവൾ ഒരു കരച്ചിലോടെ നിലത്തേക്ക് ഊർന്നിറങ്ങി..സംസാരിക്കാൻ ശ്രമിച്ചുകൊണ്ട് കണ്ണുകൾ വാശിയോടെ തുടച്ചുനീക്കുന്നുണ്ട്.. എല്ലാം വ്യർത്ഥമായപ്പോൾ സ്വന്തം കവിളിൽ അവൾ ശക്തിയോടെ മാറി മാറി അടിച്ചുകൊണ്ടിരുന്നു , സ്വയം പഴിച്ചുകൊണ്ടിരുന്നു , സ്വയം ശപിച്ചുകൊണ്ടിരുന്നു..

“ചാരു നീ എന്താ കാണിക്കണേ..” ഉള്ളിലൊരു പിടച്ചിലോടെ കാർത്തി ബലമായി അവളുടെ കൈകൾ പിടിച്ച് എഴുന്നേൽപ്പിച്ചതും അവൾ അവന്റെ കൈകളിലേക്ക് കുഴഞ്ഞുവീണു.

🍁🍁🍁🍁🍁🍁

“ഡോക്ടർ വിളിക്കുന്നുണ്ട്..”നേഴ്സ് കാർത്തിയെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി..

” പേടിക്കാനൊന്നുമില്ല.. ഷീ ഈസ്‌ പ്രെഗ്നന്റ്.. ബോഡി നല്ല വീക്കാണ്..അതുകൊണ്ട് ഫെയിന്റ് ആയതാണ് .. ഞാൻ കുറച്ചു മരുന്ന് എഴുതിയിട്ടുണ്ട്.. അതു മേടിച്ചോളൂ. എനിവേസ് കോൺഗ്രാറ്റ്സ് ” പ്രിസ്ക്രിപ്ഷൻ കാർത്തിക്ക് നേരെ നീട്ടി ഡോക്ടർ ഒന്ന് പുഞ്ചിരിച്ചു.. അവർക്ക് തിരിച്ചും ഒരു പുഞ്ചിരി കൊടുത്തവൻ ചാരുവിന്റെ അടുത്തേക്ക് നടന്നു..ചാരു മയക്കം വിട്ടുണർന്ന് എഴുന്നേൽക്കാൻ ശ്രമിക്കവേ കാർത്തി അവളെ സഹായിച്ചു..

“ചാരു… താൻ… താൻ പ്രെഗ്നന്റ് ആണ് ” കാർത്തിയുടെ വാക്കുകൾ ഒരേപോലെ ചരുവിൽ സന്തോഷവും സങ്കടവും നിറച്ചു..

” നമുക്ക് ആഹാരത്തിലേക്ക് തന്നെ തിരിച്ചു പോകാം.. ” കാർത്തി അവളെ നോക്കിയതും അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി..

“പിന്നെ നീ എന്താ ചാരു ചെയ്യാ.. ഒന്നും പറയണ്ട നമ്മൾ അങ്ങോട്ട് തന്നെ പോകുന്നു.. നീ ഇവിടെ ഇരിക്ക് ഞാൻ പോയിട്ട് ഈ മെഡിസിൻസ് ഒക്കെ മേടിച്ച് വരാം..”കാർത്തി പുറത്തേക്ക് നടന്നു..എന്തുകൊണ്ടോ ചരുവിന് അവിടേക്ക് തിരിച്ചു പോകാൻ തോന്നിയില്ല.. തന്നെ ഓർമയില്ലാത്തവൻ എങ്ങനെ തന്നെ സ്വീകരിക്കും.. തേജസിന്റെ അച്ഛനും അമ്മയും സമ്മതിക്കുമോ ഇതവരുടെ മകന്റെ കുഞ്ഞാണെന്ന്.. ഇല്ല.. സ്വന്തം മകൻ പറയാതെ അവർ വിശ്വസിക്കില്ല.. മകൻ തന്നെ പറയണം.. എന്നാൽ താൻ എന്ന വ്യക്തി ആ മനുഷ്യന്റെ ഓർമ്മയിൽ തന്നെയില്ല..അങ്ങോട്ട് പോയാൽ തന്നെ താൻ കള്ളം പറയുകയാണെന്ന് പറയൂ..എല്ലാവരുടെയും മുമ്പിൽ ചിലപ്പോൾ തെറ്റുകാരി അകപ്പെടാം.. പിഴച്ചവൾ എന്ന് മുദ്രകുത്തിയാലോ.. ആരോരും ഇല്ലാത്ത തനിക്കിപ്പോ സ്വന്തമെന്ന് പറയാൻ ഒരു കുഞ്ഞ് ജീവൻ ഉദരത്തിൽ മൊട്ടിട്ടിട്ടുണ്ട്.. അത് മതി..ജീവിക്കണം ആ കുഞ്ഞിനുവേണ്ടി.. തിരിച്ചു പോണം ചെന്നൈയിലേക്ക് തന്നെ..പഴയതുപോലെതന്നെ ഇനിയും ജീവിക്കണം തന്റെ കുഞ്ഞിനുവേണ്ടി..മറുത്തൊന്നും ചിന്തിക്കാതെ കാർത്തി വരുന്നതിനുമുമ്പ് അവിടെ നിന്ന് ഇറങ്ങി.. കയ്യിലുണ്ടായിരുന്ന പൈസ വെച്ച് ചെന്നൈയിലേക്ക് ട്രെയിൻ കേറി. രാത്രി ഏറെ വൈകിയാണ് ചെന്നൈയിലെത്തിയത്.. വിജനമായ റോഡിലൂടെ നടന്നു നീങ്ങുമ്പോൾ ചില കാലടികൾ അവളെ പിന്തുടരുന്നതറിഞ്ഞു.. അറിയാതെ അവളുടെ വേഗത കൂടി.. പിന്നാലെ വരുന്ന കാലടികളുടെയും വേഗത കൂടുന്നതറിഞ്ഞു.. നിവർത്തിയില്ലാതെ ഓടാൻ തുടങ്ങി..മരണം മുൻപിൽ കാണുന്നത് പോലെ.. മരിക്കാൻ പേടി തോന്നിയില്ല..പക്ഷേ തന്നെ വിശ്വസിച്ചുകൊണ്ട് തന്റെ ഉദരത്തിൽ പിറവികൊണ്ട ആ കുഞ്ഞു ജീവനോ.. പേടി തോന്നുന്നു.. ആ കുഞ്ഞു ജീവനെ ഓർക്കേ പേടി തോന്നുന്നു.. മരിക്കാൻ ഭയം തോന്നുന്നു..

അന്ന് അവരിൽനിന്ന് തന്നെ രക്ഷിച്ച് കൂടെ കൂട്ടിയതാണ് ജീവേട്ടനും ചിത്രേച്ചിയും.. കഴിഞ്ഞ രണ്ടു വർഷമായി ഒരു ഏട്ടന്റെയും ഒരു ചേച്ചിടെയും സ്നേഹം തന്ന് രണ്ടാളും കൂടെയുണ്ട്.. ഒരു കുറവും വരുത്തിയിട്ടില്ല ഇതുവരെ തനിക്കോ തന്റെ കുഞ്ഞിനോ.. കുഞ്ഞിന്റെ ഓരോ വളർച്ചയിലും പലപ്പോഴായി ആഗ്രഹിച്ചിരുന്നു തേജസ് ഒന്ന് തേടി വന്നിരുന്നെങ്കിൽ എന്ന്.. ജീവേട്ടന്റെയും ചിത്രേച്ചിടെയും കൂടെ കേരളത്തിലേക്ക് പോന്നപ്പോൾ ഒന്നു പോയി കാണാൻ മനസ്സ് വല്ലാതെ കൊതിച്ചു..കാലം എന്നോ ആ മോഹത്തെ കുഴിച്ചുമൂടാൻ പ്രേരിപ്പിച്ചു..പലപ്പോഴായി ജീവേട്ടനും ചിത്രേച്ചിയും കുഞ്ഞിന്റെ അച്ഛനെ കുറിച്ച് ചോദിച്ചെങ്കിലും പറയാൻ തോന്നിയില്ല.. എന്തെങ്കിലും ഞാൻ ഇല്ലാണ്ടായാൽ കുട്ടികൾ ഇലാത്ത അവർക്ക് അവൻ ഒരു കൂട്ടാവട്ടെ എന്ന് തോന്നി.. അത്രയേറെ അവനെ അവർ സ്നേഹിക്കുന്നുണ്ട്.. ചോദിച്ച് മടുത്തത് കൊണ്ടാവും പിന്നീട് അവരും മോന്റെ അച്ഛനെ കുറിച്ച് ചോദിക്കാതെയായി.. എന്നോ അവന് ജീവേട്ടൻ പപ്പയും ചിത്രേച്ചി മമ്മയുമായി.. പിന്നീട് പലപ്പോഴായി തേജസിനെ കാണാൻ മനസ്സ് മോഹിക്കുമ്പോൾ ആ മോഹങ്ങളെ പിടിച്ചുകെട്ടി ഒരിക്കലും ആ മനുഷ്യന്റെ മുമ്പിൽ എത്തിപ്പെട്ടല്ലേന്ന് ആഗ്രഹിച്ചു തുടങ്ങി..എല്ലാം വെറുതെയായി.. ഇന്നിതാ ആ മനുഷ്യൻ തന്റെ കൺമുന്നിൽ.. തന്നെ തിരിച്ചറിയുമോ.. വേണ്ട മനസ്സിലാവാതിരുന്നാൽ മതിയായിരുന്നു..

“ചാരു..”പിന്നിൽ നിന്നും ചിത്രച്ചിടെ വിളിയിൽ ചെറുതായി ഒന്ന് ഞെട്ടി ചിന്തയിൽനിന്നും മുക്തയാവുമ്പോൾ വല്ലാത്ത പരവേശം തോന്നി..

“ചാരു നീ ചായ എടുത്ത് വാ ട്ടോ.. ഞാൻ അവർക്ക് കഴിക്കാൻ എടുക്കട്ടെ..ഹോസ്പിറ്റലിൽ പുതിയ ഡോക്ടർ ആണത്രേ.. ഇതുവരെ വീടൊന്നും ശരിയായിട്ടില്ലെന്ന്.. രാവിലെ ഒന്ന് കഴിച്ചു കാണില്ല..”ചിത്രേച്ചി പ്ലേറ്റ് എടുത്ത് ഡൈനിങ്ങ് റൂമിലേക്ക് പോയി.. മടിച്ചുമടിച്ചാണെങ്കിലും നിവർത്തിയില്ലാതെ ചായയും കൊണ്ട് പിന്നാലെ ചെന്നു.. ആ മുഖത്ത് ഒന്ന് നോക്കുക പോലും ചെയ്യാതെ തലകുനിച്ച് ട്രേ ടേബിളിൽ വച്ച് വേഗം പിന്തിരിഞ്ഞു നടന്ന് വാതിലിൽ എത്തിയതും പിൻവിളി കേട്ടു..

“ചാരു…” പ്രിയപ്പെട്ട ആ സ്വരം കാതിൽ പതിച്ച മാത്രയിൽ അറിയാതെ തിരിഞ്ഞു നോക്കി.. ആ കണ്ണുകൾ അത്ഭുതം കൊണ്ട് വിടരുന്നുണ്ട്.. ഒരുവേള മുഖത്തേക്ക് തന്നെ ഇമചിമ്മാതെ നോക്കിനിന്നു.. അടുത്തേക്ക് വരുന്നതറിഞ്ഞതും വേഗം മുറിയിലേക്ക് ഓടി കതകടച്ചു..

തിരിച്ചറിഞ്ഞിരിക്കുന്നു.. കാലങ്ങൾക്കിപ്പുറം പിന്നെയും ആ മനുഷ്യൻ തന്നിലേക്ക് വന്നുചേർന്നിരിക്കുന്നു.. പക്ഷേ സന്തോഷിക്കാൻ കഴിയുന്നില്ല.. ഒരിക്കൽ കൂടെ ജീവിക്കാൻ ആഗ്രഹിച്ചതാണ്.. മനസ്സിന്റെ ഏതോ കോണിൽ ആ ആഗ്രഹം ഇപ്പോഴുമുണ്ട്.. എന്നാൽ പേടിയാണ്.. തനിക്കുവേണ്ടി വിധി കാത്തുവെച്ചത് ആ ആഗ്രഹത്തെ തച്ചുടയ്ക്കാൻ പ്രാപ്തിയുള്ളതാണ്..

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ആ കണ്ണീർ സ്വയം അവളെ ചുട്ടുപൊളിച്ചു.. ഓടിച്ചെന്ന് കിടക്കയിൽ ഉറങ്ങിക്കിടന്ന തന്റെ പൊന്നോമനയെ വാരിയെടുത്ത് നെഞ്ചോട് ചേർക്കുമ്പോൾ വീണ്ടും ആ പെണ്ണ് സ്വയം പഴിച്ചുകൊണ്ടിരുന്നു , സ്വയം ശപിച്ചുകൊണ്ടിരുന്നു..

പെട്ടന്ന് പിന്നിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ടവൾ കണ്ണീർ തുടച്ചു നീക്കി.. തിരിഞ്ഞു നോക്കാതെ തന്നെ അറിയാമായിരുന്നു അതാരാണെന്ന്..

“ചാരു…” ആർദ്രമായാ വിളിയിൽ ഓടിയ അവന്റെ മാറിലേക്കണയാൻ ഹൃദയം തുടിച്ചെങ്കിലും ഒന്ന് തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല.. അടുത്ത് വന്നിരുന്നു തന്റെ കരം ആ മനുഷ്യൻ കൈക്കുള്ളിലാക്കി.

“ചാരു… ദേഷ്യമാണോ എന്നോട്..”തന്റെ മുഖത്തേക്ക് ഉറ്റുനോക്കുന്ന ആ മിഴികളെ പാടെ അവഗണിച്ചു..

“സോറി ചാരു.. ഓർമ്മയില്ലാഞ്ഞിട്ടല്ലെ ..നീ അന്ന് പാലക്കാട് വന്നു തിരിച്ചു പോന്നപ്പോൾ ലച്ചു എന്നോട് എല്ലാം പറഞ്ഞു.. അന്നുതൊട്ട് ഞാൻ എന്റെ ഓർമ്മകളിൽ നിന്നെ തിരയുകയായിരുന്നു.. ഇടക്കെന്നോ കാർത്തി പറഞ്ഞറിഞ്ഞു എന്നിൽ നിന്നും പിറവിയെടുത്ത ഒരു കുഞ്ഞു ജീവൻ ഉണ്ട് നിന്റെ ഉള്ളിൽ എന്ന്.. വന്നിരുന്നു നിന്നെ തിരഞ്ഞു ചെന്നൈയിലേക്ക്.. പക്ഷേ കണ്ടുകിട്ടിയില്ല.. ഊണും ഉറക്കവുമില്ലാതെ കുറെ അലഞ്ഞു നിന്നെ തേടി..നിരാശയോടെ പല സ്ഥലങ്ങളിൽ നിന്നും മടങ്ങുമ്പോൾ പ്രതീക്ഷയായിരുന്നു നീ വരുമെന്ന പ്രതീക്ഷ..സോറി ചാരു..ഓർമ്മ…ഓർമ്മയില്ലാഞ്ഞിട്ട ഞാൻ അന്ന് നിന്നെ..” അവന്റെ വാക്കുകൾ പാതി വഴിയിൽ മുറിഞ്ഞു പോയി… പെട്ടെന്ന് കുഞ്ഞ് ചിണുങ്ങിയതും അവന്റെ കണ്ണുകൾ കുഞ്ഞിലേക്ക് നീണ്ടു.. കുഞ്ഞിനെ തന്റെ കൈയിൽ നിന്നും വാരിയെടുത്തവൻ മുത്തങ്ങൾ കൊണ്ട് മൂടി..

“ചാരു.. ഇത്.. ഇത് നമ്മുടെ….നമ്മുക്ക് പോവാം ചാരു.. എല്ലാരും നിന്നെയും കുഞ്ഞിനെയും കാത്തിരിക്യാ.. പോവാം നമ്മുക്ക് നാട്ടിലേക്ക്..” ആവേശത്തോടെയുള്ള അവന്റെ ചോദ്യത്തിന് നിഷേധാർത്ഥത്തിൽ തലയാട്ടിമ്പോൾ ഉള്ളം വല്ലാതെ പിടഞ്ഞു..

” ദേഷ്യാണോ നിനക്ക്.. സോറി.. ഓർമ്മയില്ലാഞ്ഞിട്ടല്ലെ.. എത്ര തിരഞ്ഞെന്നറിയോ നിന്നെ..കൊതിയാവുന്നുടി..നിന്റെയും കുഞ്ഞിന്റെയും കൂടെ ജീവിക്കാൻ.. പ്ലീസ് ചാരു വരില്ലെന്ന് മാത്രം പറയരുത്.. “അവന്റെ ശബ്ദമിടറി.

“”ദേഷ്യം മാറുന്നവരെ ഞാൻ കാത്തിരുന്നോളാം.. നീയും കുഞ്ഞും എന്നും കണ്മുനിൽ ഉണ്ടായാൽ മതി.. പ്ലീസ് ചാരു എന്റെ കൂടെ വരോ..”കുഞ്ഞിനെ അവൻ ഒന്നു കൂടി ചേർത്തു പിടിച്ചതും അവൾ അവനിൽ നിന്നും കുഞ്ഞിനെ തട്ടിപ്പറിച്ചു വാങ്ങി ബെഡ്ഡിൽ കിടത്തി അവന് നേരെ തിരിഞ്ഞു.. അവൻ എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും അത് കേൾക്കാൻ നിൽക്കാതെ അവനെ ഉന്തിത്തള്ളി പുറത്തിറക്കി വാതിൽ വലിച്ചടച്ചു.. പതിയെ ഡോറിലൂടെ നിലത്തേക്കൂർന്നിറങ്ങി കാൽമുട്ടിൽ മുഖമൊളിപ്പിച്ചു.. മനസ്സിൽ ഉരുണ്ടു കൂടുന്ന നോവിനൊപ്പം അവളുടെ കണ്ണുകളും നിറഞ്ഞുതൂവികൊണ്ടിരുന്നു..

“ചാരു…ചാരു…” തുടരെത്തുടരെ വാതിൽ മുട്ടുന്നത് കെട്ടവൾ വാതിൽ തുറന്നുകൊടുത്ത ബെഡിൽ വന്നിരുന്നു.

” നിനക്കെന്താ ചാരു പ്രാന്താണോ.. നിന്നെ കണ്ടുകിട്ടിയപ്പോൾ എത്രമാത്രം ആ മനുഷ്യൻ സന്തോഷിച്ചു കാണും.. ആ ഡോക്ടറാണ് നിന്റെ കുഞ്ഞിന്റെ അച്ഛൻ എന്നറിഞ്ഞിരുന്നെങ്കിൽ എന്നോ കൊണ്ടാക്കിയേനെ അയാളുടെ അടുത്ത്..അന്നത് പറഞ്ഞില്ല..എന്നിട്ടിപ്പോ അയാൾ വന്ന് കൂടെചെല്ലാൻ അപേക്ഷിക്കുമ്പോൾ പോകില്ലെന്ന് പോലും.. ഇത്രയും ദേഷ്യം കാണിക്കാൻ എന്ത് തെറ്റാണ് അയാൾ ചെയ്തത്.. നിന്നെ മറന്നതോ.. നിന്നെ കണ്ടപ്പോൾ മനസ്സിലാക്കാഞ്ഞത് വേണം വെച്ചിട്ടല്ലല്ലോ.. എന്നിട്ടും നീ എന്തിനാ ചാരു ഇത്ര ദേഷ്യം കാട്ടുന്നത്. “ചിത്രേച്ചി ദേഷ്യത്തോടെ തോളിൽ പിടിച്ചതും ആ കൈകൾ തട്ടിമാറ്റി.. മനസ്സിന്റെ നോവെന്നപോലെ കണ്ണുകൾ നീർകണങ്ങൾ പൊഴിക്കാൻ തുടങ്ങിയപ്പോൾ ചിത്രേച്ചിയിൽ നിന്നും മുഖം മറച്ചു എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു.

” ഞാൻ ഒന്നും ചോദിക്കുന്നില്ല.. ഒന്നു കേട്ടോ.. നീ പോകുന്നില്ലെങ്കിൽ വേണ്ട പക്ഷേ ഈ കുഞ്ഞിനെ അയാൾ കൊണ്ടു പൊയ്ക്കോട്ടെ.. ഇത്രയും കാലം ഉരുകി ജീവിച്ച ആ മനുഷ്യൻ ഇനിയെങ്കിലും ഇത്തിരി സന്തോഷിചോട്ടെ” അത്രയും പറഞ്ഞ് ചിത്രേച്ചി കുഞ്ഞിനെ എടുത്ത് പുറത്തേക്ക് നടന്നു.. തടയാൻ ശ്രമിച്ചില്ല.

” ഒന്നോർത്തോ ചാരു.. അറിഞ്ഞുകൊണ്ടല്ല അയാൾ നിന്നെ മറന്നത്.. അയാടെ ഇഷ്ടം നീ കാണാതെ പോകരുത്.. ഇന്ന് ഈ കുഞ്ഞിനെ കൊണ്ട് ഇവിടുന്നയാൾ പോയാൽ പിന്നെ ഒരിക്കലും നീ അവരുടെ ജീവിതത്തിലേക്ക് പോയേക്കരുത്.. അങ്ങനെ പോകണമെങ്കിൽ ഇപ്പോൾ ഈ നിമിഷം അവരുടെ ഒപ്പം പോണം”ദേഷ്യത്തോടെ വാതിലടച്ച് ചിത്രേച്ചി പുറത്തേക്കിറങ്ങിയതും പിടിച്ചു വെച്ച തേങ്ങളുകൾ പുറത്തേക്ക് വന്നു..

പൊയ്ക്കോട്ടെ എന്റെ കുഞ്ഞേങ്കിലും അവന്റെ അച്ഛനൊപ്പം സുഖമായി ജീവിച്ചോട്ടെ.. ഈ അമ്മയ്ക്ക് അതിനുള്ള ഭാഗ്യം ഈ ജന്മം ഉണ്ടാകില്ല.. ആരെയും ഈ അമ്മ ബുദ്ധിമുട്ടിക്കില്ല.. നിന്നെയും നിന്റെ അച്ഛനെയും ഇനി ഒരിക്കലും ബുദ്ധിമുട്ടിക്കില്ല.

അവന്റെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പുറത്തേക്ക് മിഴിനട്ടു.. അവനും അവന്റെ അച്ഛനും പോകുന്നത് ഒരു നോക്ക് കാണാൻ.. ഇടയ്ക്കിടയ്ക്കവൾ കുഞ്ഞുടുപ്പ് മൂക്കിലേക്ക് ചേർത്ത് തന്റെ പൊന്നോമനയുടെ ഗന്ധം വലിച്ചെടുത്തു.. പെട്ടെന്നാണ് പിന്നിൽ ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.. വേഗം തന്നെ കണ്ണുകൾ അമർത്തി തുടച്ചു.

“ചാരു…” ഇടറിയ തേജസിന്റെ സ്വരം കേട്ടതും ഒരു നിമിഷം പോലും ഇനി പിടിച്ചുനിൽക്കാനാവാതെ അവൾ അവനിലേക്ക് ഓടിയണഞ്ഞു.. അവന്റെ കൈകൾ അവളെ ചേർത്തു പിടിക്കുന്നതിനു മുൻപ് തന്നെയവൾ ബോധം മറിഞ്ഞുവീണിരുന്നു..

🍁🍁🍁🍁🍁🍁

” ചിലപ്പോ റിസൾട്ട്സ് തെറ്റിയതാവും” വിശ്വാസം വരാത്ത പോലെ തേജസ് ഡോക്ടറെ നോക്കി.

“വാട്ട്‌ റബ്ബിഷ് തേജസ്‌.. താൻ ഒരു ഡോക്ടർ അല്ലെ.. ഇങ്ങനത്തെ കാര്യങ്ങൾ എപ്പോഴെങ്കിലും തെറ്റ് പറ്റുമോ.. സീ.. പ്രൈമറിലി പ്രോബ്ലം ഒന്നും ഉണ്ടായിരുന്നില്ല.. പക്ഷേ ഡീറ്റൈൽ ഡയഗ്നോസ് ചെയ്തപ്പോ ഷീ ഈസ്‌ എ കിഡ്നി പെഷ്യന്റ്..കുറച്ചു കാലമായി തുടങ്ങിയിട്ട്..ഷീ മൈറ്റ് ബി കനൗറിംഗ് ഇറ്റ്..ക്യൂറ് എന്ന് പറയുന്നത് ഈസ്‌ എ ട്രാൻസ്‌പ്ലാന്റ്..അതും എത്രയും പെട്ടന്ന് ബികോസ് ദി കണ്ടിഷൻ ഈസ്‌ ഓൺ ദി പീക്ക് പോയിന്റ്..”

” ജീവ എന്റെ ചാരു… “

“ഡോക്ടർ ട്രാൻസ്‌പ്ലാന്റ് ചെയാം.. വി ആർ റെഡി ഫോർ ദാറ്റ്‌.. എത്രയും പെട്ടെന്ന് തന്നെ ചെയ്യണം..” ഒരു ആശ്വാസം എന്നോണം തേജസിന്റെ കൈയിൽ ഒന്ന് തട്ടി ജീവൻ ഡോക്ടറെ നോക്കി.. “

“മ്മ്ഹ് നടത്താം പക്ഷെ പറ്റിയ ഒരു ഡോണറെ കിട്ടണ്ടേ “ഡോക്ടർ പറഞ്ഞതും ഒരു തളർച്ചയോടെ തേജസ് ചിന്തയിലാണ്ടു.. പെട്ടെന്നാണ് എന്തോ ഓർത്ത് പോലെയവൻ ഡോക്ടറെ നോക്കിയത്.

“എന്റെ ബ്ലഡ്‌ ഗ്രൂപ്പും ചാരുന്റെയും സെയിം ആണ്.. ഞാൻ ഡോണെയ്റ്റ് ചെയ്യാം “

“ബട്ട്‌ തേജസ്‌ നമുക്ക് ബാക്കി ടെസ്റ്റ്‌സ് കൂടി ചെയ്തു നോക്കണം.. അതിൽ താൻ ഓക്കേ ആണെങ്കിൽ നോ പ്രോബ്ലം..” ഡോക്ടർ അവനെ ബാക്കിയുള്ള ടെസ്റ്റുകൾക്ക് റെഫർ ചെയ്തു..

” പ്രാർത്ഥിക്കണം.. എന്റെ.. എന്റെ കുഞ്ഞിനെ നോക്കിക്കോണേ.. “ടെസ്റ്റുകൾ കഴിഞ്ഞ് അവനെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കേറ്റാൻ നേരം ജീവന്റെ കൈകൾ പിടിച്ചവൻ പറഞ്ഞു.

തന്റെ പ്രിയപ്പെട്ടവൾക്ക് വേണ്ടി ജീവൻ പകുത്തുനൽകാൻ അവനെ അവളുടെ അരികിലായി കിടത്തി.. ബോധം മറയുന്നതുവരെയും അവന്റെ കണ്ണുകൾ അവളിൽ തന്നെ തങ്ങിനിന്നു.. സ്വയമറിയാതെ അവന്റെ ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരി സ്ഥാനം പിടിച്ചു..

🍁🍁🍁🍁🍁🍁

” എന്റെ പൊന്ന് ചാരു ഹോസ്പിറ്റലിൽ നിന്ന് വന്ന അന്നുതൊട്ട് തുടങ്ങിയ ചോദ്യമാണ്..എനിക്ക് വേദനിച്ചില്ലെന്ന് എത്രവട്ടം പറഞ്ഞു പെണ്ണെ.. ” അവൻ പറഞ്ഞതിന് ചുണ്ടു കൂർപ്പിച്ചു അവന്റെ നെഞ്ചിൽ നിന്നും താഴേക്ക് ഊർന്നിറങ്ങി അവന്റെ വയറിലെ മുറിപാടിയിലൂടെ പതിയെ വിരലോടിച്ച് അവിടെ ഒന്ന് മുത്തി..

“ചാരു മരുന്നു പോലെ ഇടവിട്ടിടവിട്ട് അവിടെ മുത്തികളിക്കാതെ ഈ കവിളിൽ ഒന്ന് തന്നൂടെ.. ഇതിപ്പോ എനിക്ക് നല്ല സംശയമുണ്ട് നിനക്ക് എന്നെക്കാൾ ഇഷ്ടം ആ മുറിപാട്ടിനോടാണെന്ന്.” കുസൃതിയോടെ അവൻ പറഞ്ഞത് കേട്ട് മുഖം വീർപ്പിച്ചവൾ മോന്റെ അടുത്തേക്ക് തിരിഞ്ഞുകിടന്നു..

” തൊട്ടാവാടി.. നീ പിണങ്ങിയോ.. “അവന്റെ ആർദ്രമായ് ശബ്ദം കാതിൽ പതിച്ചതും പിണക്കങ്ങൾ ഒക്കെ എങ്ങോ പോയി മറഞ്ഞ് അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.. നിമിഷനേരം കൊണ്ടവൻ കുഞ്ഞിനെ എടുത്ത് നെഞ്ചിലേക്ക് കിടത്തി അവളെ ചേർത്തു പിടിച്ച് മൂർധാവിൽ ഒന്നു മുത്തി.. അവളെ ചേർത്തു പിടിച്ച് കൈകൾ കുസൃതി കാട്ടാൻ തുടങ്ങിയതും അവൾ അവനിലേക്ക് ഒന്നു കൂടി പറ്റിച്ചേർന്നു.. അവൻ തീർത്ത സ്നേഹത്തിന്റെ മായാലോകത്ത് വീണ്ടും ആ പെണ്ണ് സ്വപ്നം കണ്ട് പാറി നടക്കാൻ തുടങ്ങി..അവളുടെ സ്വരമായി അവനും.. അവന്റെ പ്രാണനായി അവളും.. അവരുടെ ജീവനായി ആ കുഞ്ഞും ജീവിക്കട്ടെ..

(അവസാനിച്ചു)

എത്രത്തോളം നന്നായി എന്നറിയില്ല..🙏🙏ഒത്തിരി ഒത്തിരി സ്നേഹം ❤️അഭിപ്രായം പറയണേ…

സ്നേഹത്തോടെ ശിഥി❤️❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *