കിട്ടുന്ന പണികളൊക്കെ ചെയ്താണ് എന്റെ കൗമാരപ്രായത്തിൽ ഞാൻ കുടുംബം നോക്കിയിരുന്നത്… അന്നേ മനസ്സിൽ ഉറപ്പിച്ചതാണ് എന്നെങ്കിലും

രണ്ട് മുറി സ്വർഗ്ഗം

Story written by praveen chandran

“നീ എന്തിനാടാ ഇങ്ങനെ കിടന്ന് കഷ്ടപെടുന്നത്? ഏഴ് വർഷമായില്ലേ നീ ഇവിടെ വന്നിട്ട്? ഇനിയെ ങ്കിലും ഒന്ന് നാട്ടിൽ പോയ്ക്കൂടെ? വീട്ടുകാരെ കാണണംന്ന് നിനക്ക് ആഗ്രഹമില്ലെങ്കിലും അവർക്കുണ്ടാവില്ലേ?” സുഹൃത്തിന്റെ ആ ചോദ്യം കേട്ട് ഞാനൊന്ന് ചിരിച്ചതേയുള്ളൂ…

അവന് അറിയില്ലല്ലോ എന്റെ ലക്ഷ്യത്തെ പറ്റി… എത്ര വേദന കടിച്ചമർത്തിയാണ് ഞാനിവിടെ നിൽക്കുന്നതെന്നും… ഇരുപതാം വയസ്സിൽ ഡിഗ്രി പഠനം പോലും ഉപേക്ഷിച്ച് ഞാനിവിടെ വന്നു നൽക്കുന്നതിന്റെ കാര്യം എനിക്കല്ലാതെ ആർക്കും അറിയില്ല എന്നതാണ് സത്യം..

അതിന് കാരണം ഒരു വാശിയാണ്.. ഭാഗം വച്ചപ്പോൾ എന്നേയും അമ്മയേയും പെങ്ങന്മാരേയും ഒരു ചെറിയ കൂര തന്ന് അപമാനിച്ച ചെറിയച്ഛനോടുള്ള വാശി….

അച്ഛൻ മരിച്ചതോടെ സ്വത്ത് മുഴുവൻ തട്ടിയെടുത്ത് ഞങ്ങളെ വഴിയാധാരമാക്കുക യായിരുന്നു ചെറിച്ഛൻ.. പുറം പോക്കിലെ മൂന്ന് സെന്റിൽ മഴപെയ്താൽ ചോർന്നൊലിക്കുന്ന ഒരു ചെറിയ വീട്.. ഒരു മുറിയും അടുക്കളയും ഉമ്മറവും മാത്രമാണ് ആ വീടിനുണ്ടായിരുന്നത്…

മഴയും ഇടിവെട്ടുമുള്ളപ്പോഴൊക്കെ പേടിച്ചു വിറച്ചാണ് ഞങ്ങൾ ആ വീടിനുള്ളിൽ കഴിഞ്ഞിരുന്നത്.. അമ്മയെ മുറുക്കെ കെട്ടിപിടിച്ച് കരയുന്ന അനിയത്തിമാർക്ക് ഞാനായിരുന്നു ഏക ആശ്വാസം..

കിട്ടുന്ന പണികളൊക്കെ ചെയ്താണ് എന്റെ കൗമാരപ്രായത്തിൽ ഞാൻ കുടുംബം നോക്കിയിരുന്നത്… അന്നേ മനസ്സിൽ ഉറപ്പിച്ചതാ ണ് എന്നെങ്കിലും ഒരു ദിവസം ചെറിയച്ചൻ തട്ടിയെടുത്ത ഞങ്ങളുടെ വീടിനേക്കാൾ വലിയൊരു വീട് പണിയണമെന്നത്…

അങ്ങനെയിരിക്കെയാണ് ഗൾഫിലേക്ക് ഒരു വിസ ശരിയായതും ഇവിടേയ്ക്ക് വരാനായതും…

വന്ന അന്നുമുതൽ മനസ്സിലുറപ്പിച്ചതാണ് ഞാൻ സ്വപ്നം കണ്ടപോലെ വലിയൊരു വീടുണ്ടാക്കി യിട്ടേ നാട്ടിലേക്ക് തിരിച്ചുപോകൂ എന്നത്…

ഭക്ഷണം പോലും ചുരുക്കിയും അനാവശ്യചിലവു കൾ ഒഴിവാക്കിയും ഒഴിവു സമയങ്ങളിൽ മറ്റു ഫ്ലാറ്റുകൾ വൃത്തിയാക്കാൻ പോയി വരെ കിട്ടുന്ന പൈസ മാറ്റിവച്ചാണ് ഏഴ് വർഷം കൊണ്ട് ഞാനെന്റെ സ്വപ്നം പൂർത്തിയാക്കിയത്…

ആറ് മുറികളുള്ള അത്യാവശ്യം നല്ല ഒരു വീട് തന്നെയായിരുന്നു അത്… അമ്മയോടുപോലും ഞാനീക്കാര്യം പറഞ്ഞിരുന്നില്ല… അവർക്ക് കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ സർപ്രൈസ് ആവട്ടെ എന്ന് ഞാനും കരുതി..

നാട്ടിലേക്ക് വരാത്തതിന് അമ്മ പരിഭവം പറയുമ്പോഴൊക്കെ ജോലി സംബന്ധമായ പ്രശ്നങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുമായിരുന്നു ഞാൻ..

എങ്കിലും നാട്ടിൽ അവർക്ക് നല്ല രീതിയിൽ കഴിയാനുള്ള ഒരു തുക ഞാൻ അയക്കുമായിരുന്നു…

ഉറ്റ സുഹൃത്തായ നിഷാദ് ആണ് നാട്ടിൽ വീടിന്റെ പണികൾക്കെല്ലാം മേൽനോട്ടം വഹിച്ചിരുന്നത്.. എന്നെക്കൂടാതെ അവന് മാത്രമേ ഇതിനെപ്പറ്റി അറിയുമായിരുന്നുള്ളൂ…

സ്വപ്നം പൂർത്തിയായതോടെ നാട്ടിലേക്ക് പോകാ നുള്ള ഒരുക്കത്തിലായിരുന്നു ഞാൻ.. എന്റെ മനസ്സ് എപ്പോഴേ നാട്ടിലെത്തിക്കഴിഞ്ഞിരുന്നു..

വല്ലാത്തൊരു ആവേശത്തിലായിരുന്നു ഞാൻ..

ഇനി രണ്ട് ദിവസം കൂടിയേയുള്ളൂ ഫ്ലൈറ്റിന്…

സാധനങ്ങളെല്ലാം ഒരുക്കി വയ്ക്കുന്നിടെയാണ് ടീവിയിലെ ലൈവ് ന്യൂസ് ഞാൻ ശ്രദ്ധിച്ചത്..

നാട്ടിൽ കുറച്ച് ദിവസമായി പെയ്തിരുന്ന മഴയുടെ ഭാഗമായി ഉരുൾ പൊട്ടിയെന്ന വാർത്തയായിരുന്നു അത്..

അത് കേട്ടതും എന്റെ നെഞ്ചൊന്ന് കിടുങ്ങി.. എന്റെ നാട്ടിലായിരുന്നു അത് എന്നത് ആണ് എന്നെ കൂടുതൽ ഭയപ്പെടുത്തിയത്..

ഞാനുടൻ തന്നെ അമ്മയെ ഫോണിൽ ബന്ധപെടാൻ ശ്രമിച്ചുകൊണ്ടിരുന്നു…

തുടർച്ചയായുള്ള വിളികൾക്ക് ശേഷമാണെങ്കിലും മറുതലയ്ക്ക് അമ്മയുടെ ശബ്ദം കേട്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്…

” അമ്മേ നിങ്ങൾക്കാർക്കും കുഴപ്പമൊന്നുമില്ലല്ലോ? ” ആശങ്കയോടെ ഞാൻ ചോദിച്ചു…

“ഇല്ല മോനേ.. മോൻ വിഷമിക്കണ്ട.. ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല.. പക്ഷെ നമ്മുടെ നാടിന്റെ അവസ്ഥ കഷ്ടമാണ്.. കുറച്ച് പേർ മണ്ണിനടയിൽ കുടുങ്ങിയിട്ടുണ്ട്.. പലർക്കും വീടുകൾ നഷ്ടപെട്ടിട്ടുണ്ട്.. അവരുടെ കരച്ചിൽ കാണാൻ വയ്യമോനേ… “

അമ്മയും പെങ്ങന്മാരും സുരക്ഷിതരാണ് എന്നറിഞ്ഞപ്പോൾ സന്തോഷമായെങ്കിലും ചോർന്നൊലിക്കുന്ന വീടിന്റെ ചിത്രം എന്നെ പിന്നെയും വല്ലാതെ ഭയപ്പെടുത്തി.. എത്രയും പെട്ടെന്ന് നാട്ടിലെത്തിയേ തീരൂ എന്നാലോചി ക്കുന്നിടയിലാണ് എന്റെ പുതിയ വീടിനെ പറ്റി ഞാനോർത്തത്..

ആശങ്കയോടെ യാണ് ഞാൻ സുഹൃത്തിനെ വിളിച്ചത്…

“പേടിക്കാനില്ലടാ നിന്റെ വീട് സേഫ് ആണ്.. ഞാൻ നിന്നെ വിളിക്കാം പിന്നെ.. ഇവിടത്തെ അവസ്ഥ ആകെ ശോകമാണ്.. കഴിയുന്ന രീതിയിൽ ഞങ്ങൾ രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടി രിക്കുന്നുണ്ട്… എങ്ങും നിലവിളികളും പെട്ടിക്കരച്ചിലും മാത്രം.. ചങ്കുപൊട്ടുന്നെടാ.. നമ്മടെ ഷമീറിന്റെ വീടെല്ലാം മണ്ണിനടിയിലായെടാ.. അവന്റെ അച്ഛൻ മരണപെട്ടു.. അത് പോലെ നമ്മുടെ അനുശ്രീയുടെ വീടും മണ്ണിനടിയിലായി.. അവർക്ക് എന്ത് സംഭവിച്ചു എന്നറിയില്ല.. അവർക്ക് വേണ്ടി തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്.. “

കരഞ്ഞുകൊണ്ടാണ് അവനത് പറഞ്ഞത്…

അത് കേട്ടതും എന്റെ മനസ്സൊന്ന് പിടഞ്ഞു… അനുശ്രീ… ഒരു കാലത്ത് എന്റെ എല്ലാമായിരുന്ന വൾ… മനപൂർവ്വം ഒഴിവാക്കേണ്ടി വന്നു എനിക്കവളെ..

ഒരു വാക്കുപോലും മിണ്ടാതെ എന്റെ സ്വപ്നത്തിന് വേണ്ടി ഞാനോടി ഒളിക്കുകയായി രുന്നു അവളിൽ നിന്ന്…

അവളെങ്കിലും രക്ഷപെട്ടോട്ടെ എന്നേ ഞാനാഗ്രഹിച്ചിരുന്നുള്ളൂ..

പക്ഷെ കഴിഞ്ഞവർഷമാണ് അറിയാൻ കഴിഞ്ഞത് വീട്ടുകാരോട് എതിർത്ത് അവളെനിക്കുവേണ്ടി ഇത്രയും നാളും കാത്തിരിക്കുകയാ ണെന്നത്…

ഇത്തവണ നാട്ടിലെത്തുമ്പോൾ ആ കഴുത്തിൽ ചാർത്താനായി ഒരു താലിയും പണികഴിപ്പിച്ചിരുന്നു ഞാൻ…

എന്ത് ചെയ്യണെമെന്ന് അറിയാതെ ഞാനൽപ നേരം ചുമരിൽ ചാരിയിരുന്നു…

മനസ്സിലൂടെ പല കാര്യങ്ങളും കടന്നു പോയി.. അവസാനം ഞാൻ ആ തീരുമാനത്തിലെത്തി…

ഞാൻ നിഷാദിനെ വിളിച്ച് എന്റെ മനസ്സിലുള്ള ആഗ്രഹം പറഞ്ഞു…

“നീ ശരിക്കും ആലോചിച്ചിട്ടു തന്നെയാണോ ഇത് പറയുന്നത്…? ഇത്രയും കാലത്തെ നിന്റെ അദ്ധ്വാനമാണ് അത് മറക്കണ്ട….. “

” അതെ നിഷാദ്.. എനിക്കറിയാം… അത് കൊണ്ട് തന്നെയാണ് ഞാനിങ്ങനെ ഒരു തീരുമാനമെടു ത്തതും… “

അങ്ങനെ ഇത്തവണത്തെ ലീവ് ഞാനങ്ങട് ക്യാൻസൽ ചെയ്തു… എന്റെ പുതിയ വീട് ഞാൻ ഉരുൾപൊട്ടലിൽ വീട് നഷ്ടപെട്ട കുടുംബങ്ങൾ ക്കായി വിട്ടുകൊടുത്തു..

കണ്ണടച്ചു തുറക്കും മുന്ന് സ്വന്തം കിടപ്പാടം പോലുമില്ലാതാകേണ്ടി വന്നവരുടെ അവസ്ഥ യ്ക്ക് മുന്നിൽ തന്റെ സ്വപ്നം എത്രയോ ചെറുതാണ്…

പോട്ടെന്നേ വീട് ഇനിയും വയ്ക്കാലോ?

അമ്മയോട് ഞാൻ കാര്യങ്ങൾ പറഞ്ഞു…

“മോനെ നിന്നെ ഓർത്ത് ഞാൻ അഭിമാനി ക്കുന്നു… ആ നിലവിളികൾ എന്റെ കാതിൽ നിന്നും മാറുന്നില്ലായിരുന്നു.. കരളലിയിക്കുന്ന കാഴ്ച്ചകളാണ് അവിടെ… നീ ചെയ്തത് വലിയൊരു കാര്യമാണ്…”

അതിനിടയിൽ ചെറിയച്ചൻ ഞങ്ങളിൽ നിന്ന് തട്ടിയെടുത്ത വീടും മണ്ണ് കൊണ്ടുപോയിരുന്നു… അതിന് ശേഷം ചെറിയച്ഛന്റെ മാനസിക നില തകരാറിലായെന്നും എനിക്കറായാൻ കഴിഞ്ഞു..

അതോടെ ആ സ്വപ്നം നഷ്ടപെട്ടതിലുള്ള അവസാനവിഷമവും അതോടെ തീരുകയായി രുന്നു…

അങ്ങനെ ഒരു വർഷം കടന്നുപോയി… ഈ വർഷത്തിനടയ്ക്ക് അനുശ്രീ യെക്കുറിച്ച് ഞാൻ പലതവണ നിഷാദിനോട് അന്വേഷിച്ചെങ്കിലും അപ്പോഴൊക്കെ അവൻ ഒഴിഞ്ഞുമാറുകയാണുണ്ടായത്…

ഒരുപക്ഷെ അവൾ…. ഇല്ല… അവൾ എവിടേലും ജീവിച്ചിരിപ്പുണ്ടാവും എന്നു തന്നെ എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു…

സ്വപ്നമെല്ലാം ഉപേക്ഷിച്ച സ്ഥിതിക്ക് നാട്ടിൽ പോയി അമ്മയേയും പെങ്ങന്മാരേയും കാണാനു ള്ള എന്റെ മോഹം വർദ്ധിച്ചിരുന്നു..

കുറച്ച് കൂടെ പൈസയായി പോകാമെന്ന് കരുതിയാണ് ഇത്രകാലം കാത്തിരുന്നത്…

വീട് കൊടുത്തില്ല ഞാനാണെന്ന് ആരും അറിയരുത് എന്നെനിക്ക് ആഗ്രഹമുണ്ടായിരു ന്നത് കൊണ്ട് അത് വാർത്തയായതുമില്ല..

അങ്ങനെ വീണ്ടും ഒരിക്കൽ കൂടെ ഞാൻ ഫ്ലൈറ്റ് ബുക്ക് ചെയ്തു… എന്റെ സ്വർഗ്ഗത്തിലേക്ക്…

നിഷാദും അമ്മയും അനിയത്തിമാരും ഉണ്ടായിരുന്നു എന്നെ കൂട്ടാനായി എയർപോട്ടിൽ..

അവരെക്കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷ ത്തിന് അതിരുകളില്ലായിരുന്നു..

വീട്ടിലേക്ക് പോകുന്ന വഴി വലിയൊരു വീടിന് മുന്നിൽ വണ്ടി നിർത്തി നിഷാദ് പറഞ്ഞു..

” ഇതാടാ നിന്റെ സ്വപ്നം… നീ കാരണം ഇന്ന് അത് മറ്റു കുടുംബങ്ങളുടെ കൂടെ സ്വപ്നമായി ഇന്നത് മാറി… വാ… നിന്നെ കാത്താണ് അവരെല്ലാം അവിടെ ഇരിക്കുന്നത്.. “

ഞാനതിശയത്തോടെ പുറത്തേക്ക് ഇറങ്ങി… എന്നെ സ്വീകരിക്കാനായി അവിടെ കുറെ പേരുണ്ടായിരുന്നു…

“ആരേയും അറിയിക്കരുത് എന്ന് ഞാൻ പറഞ്ഞിരുന്നില്ലേ നിഷാദ്?” കുറച്ച് നീരസത്തോടെയാണ് ഞാനത് ചോദിച്ചത്…

“അങ്ങനെ അറിയിക്കാതിരിക്കാൻ പറ്റോ? ഇവിടെ ചില നിയമങ്ങളൊക്കെയുണ്ട്.. മാത്രമല്ല നീ ചെയ്ത പുണ്യം ഏറ്റുവാങ്ങിയവർക്കായിരുന്നു അതറിയാൻ കുടുതൽ താൽപര്യം… “

പൂർണ്ണ തൃപ്തിയോടെയല്ലെങ്കിലും ഞാൻ അവരുടെ സ്വീകരണം ഏറ്റുവാങ്ങാൻ നിർബന്ധി തനാവുകയായിരുന്നു…

അവരുടെ സന്തോഷവും സ്നേഹവും കണ്ടപ്പോ ഴാണ് ഞാൻ ചെയ്തതിന് ഇത്രയും മൂല്ല്യമുണ്ടെന്ന് എനിക്ക് മനസ്സിലായത്…

അവിടെ വച്ച് എന്നെ ഏറ്റവും സന്തോഷിപ്പിച്ചത് എന്റെ വീട്ടിലെ താമസ ക്കാരിയായ ഒരാളുടെ മുഖമായിരുന്നു…

“അനുശ്രീ”

ആ സന്തോഷം മറ്റെന്തിനേക്കാളും വലുതായിരു ന്നു എനിക്ക്…

കൈകളിൽ നിലവിളക്കേന്തി വലതുകാലെടുത്ത് വച്ച് എന്റെ വീട്ടിലേക്ക് കയറേണ്ടവളാണ്… ആശ്രിതയെപോലെ അവിടെ കഴിയുന്നത്…

അമ്മയോട് ഞാൻ കാര്യം പറഞ്ഞതും കയ്യോടെ തന്നെ അമ്മ കാര്യങ്ങൾ തീരുമാനമാക്കി.. അടുത്ത നല്ല ദിവസം തന്നെ നോക്കി കല്ല്യാണം നടത്താമെന്ന് വാക്ക് കൊടുത്തിട്ടാണ് അമ്മ അവിടെ നിന്ന് പോന്നത്…

അവരുടെ സ്നേഹോപഹാരങ്ങളെല്ലാം ഏറ്റുവാങ്ങി അമ്മയോടും അനിയത്തിമാരോ ടുമൊപ്പം വീട്ടിലേക്ക് സഞ്ചരിക്കുമ്പോൾ ഉള്ളൊന്നു പിടഞ്ഞു… മനസ്സ് മുഴുവൻ ചോർന്നൊലിക്കുന്ന എന്റെ പുരയായിരുന്നു…

പക്ഷെ അവിടെ അമ്മ എന്നെ ശരിക്കും തോൽപ്പിച്ച് കളഞ്ഞു…

അമ്മയുടെ മുഖത്തേക്ക് ഞാൻ നിറകണ്ണുകളോടെ നോക്കി….

” എന്റെ മോൻ സമ്പാദിച്ചത് തന്നെയാ ഇതും.. നീയക്കണതിൽ നിന്നും കുറച്ച് കുറച്ച് മാറ്റിവച്ച് ഞാനുണ്ടാക്കിയതാ.. നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടേന്ന് കരുതി ഇത് വരെ പറയാഞ്ഞതാ… കഴിഞ്ഞ വർഷം നീ നാട്ടിലേക്ക് വരുമ്പോൾ കാണിക്കാമെന്ന് കരുതിയതാ… വലിയ മാളികയൊന്നും അല്ലെങ്കിലും ഈ രണ്ടു മുറി സ്വർഗ്ഗം പോരേ മോനേ നമുക്ക്… “

Related Posts

Leave a Reply

Your email address will not be published. Required fields are marked *