കിറിയ ഉടുപ്പ് ഇട്ട് വന്നതിന് ഇന്നലെ എത്സകുട്ടിയും കൂട്ടുകാരും കൂടെ ഏറെ കളിയാക്കിയിരുന്നു അവളെ…

ഒരു കുഞ്ഞു മോഷണം

Story written by PRAVEEN CHANDRAN

അവൾക്ക് റോസ്മേരിയുടേത് പോലത്തെ മിന്നിമൗസിന്റെ പടമുള്ള ലഞ്ച് ബോക്സ് ഇല്ലെന്ന് പറഞ്ഞ് കരയുന്നത് കണ്ടപ്പോഴാണ് ഞാനാദ്യ മായ് ആ കടും കൈ ചെയ്യാൻ തുനിഞ്ഞത്..

നാലാംക്ലാസ്സ് ബി എന്ന എന്റെ ക്ലാസ്സിലെ എനിക്കേറ്റവും ഇഷ്ടമുള്ള എൽസകുട്ടി എന്നോട് ആദ്യമായി ഒരു കാര്യം ആവശ്യപെടുമ്പോൾ എങ്ങനാ ഇല്ലാന്ന് പറയാ.. കാശ് കൊടുത്ത് വാങ്ങാനായി അഞ്ച് പൈസ പോലും എന്റെ കയ്യിലില്ലതാനും..

തന്നെയുമല്ല ഒരു പെൺകുട്ടിയുടെ കൂട്ട് ഞാനാഗ്രാഹിച്ചിരുന്നുതാനും..

പെരുന്നാൾ സമയമായിരുന്നേൽ പടക്കം വാങ്ങാനാന്ന് പറഞ്ഞെങ്കിലും അപ്പച്ചന്റെ കയ്യീന്ന് എന്തേലും ഒപ്പിക്കാടന്നു.. ഇവൾക്കാണെങ്കിൽ നാളെ തന്നെ ബോക്സ് കിട്ടണം താനും…

ഇനി ഒന്നും നോക്കാനില്ല.. മോഷണം തന്നെ വഴി.. ഞാൻ തീരുമാനിച്ചുറപ്പിച്ചു..ജോസേട്ടന്റെ കടയിൽ ആ ബോക്സ് ഉണ്ടെന്ന് അവൾ പറയുകയും ചെയ്തു…

ഞാൻ നേരെ ജോസേട്ടന്റെ കടയിലേക്ക് വച്ചു പിടിച്ചു.. അപ്പച്ചന്റെ അടുത്ത കൂട്ടുകാരൻ ആണ് ജോസേട്ടൻ.. അറുത്ത കൈക്ക് ഉപ്പു തേക്കാത്തവൻ എന്ന വിളിപ്പേര് മൂപ്പർക്ക് അറിഞ്ഞിട്ടത് തന്നെയാണ്..

” എന്താടാ പൗലോ? എന്താ വേണ്ടത് നിനക്ക്?”

ജോസേട്ടന്റെ ആ ചോദ്യം കേട്ട് ഞാനൊന്ന് പരുങ്ങി.. എന്റെ നോട്ടം കടയിലെ ഒരു ഭാഗത്ത് അടുക്കി വച്ചിരിക്കുന്ന ലഞ്ച് ബോക്സുകളിലേ ക്കായിരുന്നു.. അധികം തിരയേണ്ടി വന്നില്ല ഇളം പിങ്ക് നിറത്തിൽ അതാ മിന്നിമൗസ് എന്നെ നോക്കി കൈകളുയർത്തി ചിരിച്ച് നിൽക്കുന്നു..

“എന്താടാ ഒന്നും മിണ്ടാത്തത്.. ? ഒന്നും വേണ്ടേൽ സമയം കളയാതെ പോകാൻ നോക്ക്…”

ജോസേട്ടൻ പറഞ്ഞത് കേട്ട് ചെറിയ ഞെട്ടലോടെ എന്റെ നോട്ടം ഞാൻ ബോക്സിൽ നിന്നും പിൻവലിച്ചു… അറുപിശുക്കൻ മാത്രമല്ല ഇയാളൊരു മുരടനും കൂടെയാണെന്ന് എനിക്ക് തോന്നി..

“ജോസേട്ടാ ബട്ടൻസ് ഉണ്ടോ നീല കളർ…” മുന്ന് കടയിൽ വന്ന ഓർമ്മ വച്ചാണ് ഞാനത് ചോദിച്ചതും.. ബട്ടൻ കടയും ഉള്ളിൽ തന്നെയുള്ള വേറെ റൂമിനകത്താണ് ഇരിക്കുന്നതെന്നും അതെടുക്കാനായി ജോസേട്ടൻ റൂമിനകത്തേക്ക് പോകുമെന്നും ഞാൻ കണക്ക് കൂട്ടി.. ആ സമയം കൊണ്ട് ലഞ്ച് ബോക്സ് കൈക്കലാക്കി ബാഗിനുള്ളിലാക്കുക എന്നതുമായിരുന്നു എന്റെ പ്ലാൻ…

അത് വിദഗ്ധമായ ഒരു മോഷ്ടാവിന്റെ കരവിരുതോടെ ഞാൻ നടപ്പാക്കുകയും ചെയ്തു..

നല്ല വിറയലുണ്ടായിരുന്നെങ്കിലും ലഞ്ച് ബോക്സ് ബാഗിനുള്ളിലാക്കിയതോടെ എനിക്ക് ആശ്വാസമായി..

“ഡാ… ഇതിലേത് നീലബട്ടണാ വേണ്ടേ നിനക്ക് ഒന്ന് നോക്കിയേ?” കൈകളിൽ കുറച്ച് ബട്ടണുകളുമായ് വന്ന് ജോസേട്ടൻ പറഞ്ഞത് കേട്ട് പരിഭ്രമം മറച്ച് കൊണ്ട് ഞാൻ പറഞ്ഞു..

“ഈ ടൈപ്പ് അല്ല ജോസേട്ടാ.. ഞാനൊന്നൂടെ അമ്മയോട് ചോദിച്ചിട്ട് വരാം…” അതും പറഞ്ഞ് ഞാനവിടന്ന് ഇറങ്ങുമ്പോൾ ജോസേട്ടൻ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു..

വീട്ടിൽ ചെന്ന് ഞാനാ ലഞ്ച് ബോക്സ് വർണ്ണകടലാസ്സിൽ പൊതിഞ്ഞ് ഭംഗിയായി അലങ്കരിച്ചു.. ആരും കാണാത്തിടത്ത് ഞാനത് ഒളിപ്പിക്കുകയും ചെയ്തു..

അന്ന് രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.. പിറ്റെ ദിവസം ഞാനാ ലഞ്ച്ബോക്സ് എത്സക്കുട്ടിക്ക് കൊടുക്കുന്നതും അത് കണ്ട് അവൾ സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തരുന്നതും സ്വപ്നം കണ്ട് ഞാനങ്ങനെ തിരിഞ്ഞും മറഞ്ഞും കിടന്നു..

രാവിലെ പതിവിലും നേരത്തെ ഞാൻ ഒരുങ്ങി നിൽക്കുന്നത് കണ്ട് അമ്മച്ചിക്ക് അത്ഭുതമായി.. ബാഗും തൂക്കി അപ്പച്ചന്റെ കൂടെ സ്കൂളിലേക്ക് പുറപ്പെടുമ്പോൾ മനസ്സ് മുഴുവൻ ഏൽസകുട്ടിയാ യിരുന്നു…

സ്കൂളിലെത്തിയതും സ്കൂട്ടറിൽ നിന്നും ചാടിയിറങ്ങി അപ്പച്ചനോട് യാത്ര പറഞ്ഞ് ക്ലാസ്സ് റൂം ലക്ഷ്യമാക്കി ഞാൻ പാഞ്ഞു..

അവൾ വരുവാനുള്ള സമയം ആകുന്നതേയുണ്ടാ യിരുന്നുള്ളൂ… ആരും കാണാതെ അവൾക്കുള്ള സമ്മാനപ്പൊതി ഞാൻ ഭദ്രമായി സൂക്ഷിച്ചു..

“ഡാ വാടാ സിപ് അപ്പ് വാങ്ങീട്ട് വരാം… ” കുട്ടുകാരനായ അപ്പു ആയിരുന്നു അത്…

“ഞാനില്ലടാ.. എനിക്ക് വയറ് വേദനയാ.. സിപ് അപ് കഴിക്കാൻ പാടില്ലാന്ന് അപ്പച്ചൻ പറഞ്ഞു.. നീ പോയ് കഴിച്ചോ” അവനെ ഒഴിവാക്കാനായ് ഞാൻ പറഞ്ഞു…

അത് കേട്ട് തലകുലുക്കിക്കൊണ്ട് അവൻ അവിടന്ന് പോയതും ഏൽസകുട്ടി അതാ സന്തോഷത്തോടെ തുള്ളിച്ചാടി വരാന്തയിലൂടെ വരുന്നു..

അവൾ വരുന്നത് കണ്ടപ്പോഴേ എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.. മറ്റുകുട്ടികൾ വരുന്നതിന് മുന്നേ എത്രയും പെട്ടെന്ന് ഗിഫ്റ്റ് അവൾക്ക് കൈമാറണം എന്നതായിരുന്നു എന്റെ തീരുമാനം..

ഗിഫ്റ്റ് എടുക്കാനായി ഞാൻ ബാഗിന്റെ സിബ്ബ് തുറക്കാനൊരുങ്ങിയതും അവൾ അത് എന്റെ മുന്നിലേക്ക് നീട്ടിയതും ഒരുമിച്ചായിരുന്നു…

“ഡാ നീ ഇത് കണ്ടോ.. ഇന്നലെ അപ്പച്ചനോട്് പറഞ്ഞപ്പോ അപ്പോ തന്നെ ജോസേട്ടന്റെ കടയിൽ കൊണ്ട് പോയി വാങ്ങി തന്നതാ.. “

അവൾ എന്റെ നേരെ നീട്ടിയ സാധനം കണ്ട് എന്റെ ചങ്ക് തകർന്ന് പോയി…

ഞാൻ കട്ടെടുത്ത പോലത്തെ മിന്നിയുടെ പടമുള്ള ഒരു ലഞ്ച് ബോക്സ്.. അതും ജോസേട്ട ന്റെ കടയിൽ നിന്ന് തന്നെ…

അതോടെ എന്റെ സ്വപ്നങ്ങളൊക്കെ അവിടെ അലിഞ്ഞില്ലാതായി..

അല്ലേലും ഈ പെൺകുട്ട്യോള് അപ്പച്ചന്മാരെ സോപ്പിട്ട് കാര്യം സാധിക്കാൻ മിടുക്കികളാണ്.. എന്റെ വീട്ടിലും ഉണ്ടല്ലോ ഒരു സാധനം.. എന്നേക്കാൾ അപ്പച്ചന് കാര്യം അവളെയാ.. എന്ത് പറഞ്ഞാലും വാങ്ങിക്കൊടുക്കും..

എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.. ഇവൾക്ക് വേണ്ടി ജീവിതത്തില് ഇന്ന് വരെ ചെയ്യാത്ത കാര്യം ചെയ്ത് ഞാൻ കള്ളനുമായി..

മനസ്സിൽ കുറ്റബോധം വന്ന് തുടങ്ങിയാ ചെയ്യുന്നതെല്ലാം യാന്ത്രികമാണെന്ന ലാലേട്ടന്റെ ഡയലോഗ് പോലെയായി പിന്നെ എന്റെ പിന്നീടുള്ള ദിവസങ്ങൾ…

എങ്ങനെയെങ്കിലും തെറ്റ് തിരുത്തണം എന്ന് എനിക്ക് തോന്നി.. നേരിട്ട് കൊടുത്ത് മാപ്പ് പറയാന്ന് വച്ചാൽ ആ മാപ്ല എങ്ങനാ പെരുമാറാന്ന് പറയാൻ പറ്റില്ല..

ചിലപ്പോ അപ്പച്ചനും അതിന്റെ നാണക്കേട് ഉണ്ടാവും… പിന്നെ കള്ളൻന്നുള്ള വിളിപ്പേരും.. അത് വേണ്ട പകരം മൂപ്പര് അറിയാതെ തന്നെ ഈ ബോക്സ് അവിടെ തിരികെ വയ്ക്കാം.. അതാണ് ഏറ്റവും നല്ലത്.. ഞാനുറപ്പിച്ചു..

പക്ഷെ അന്ന് ബട്ടൻ വാങ്ങാനെന്നും പറഞ്ഞ് മൂപ്പരെ അകത്ത് കയറ്റിയത് പോലെ ഇത്തവണ കയറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല.. അന്നത്തെ ദേഷ്യം മൂപ്പർക്ക് മാറിക്കാണാനിടയില്ല.. പിന്നെ എന്ത് പറഞ്ഞ് മൂപ്പരെ അവിടന്ന് മാറ്റും എന്ന ചിന്തയിലായി ഞാൻ…

രണ്ടും കൽപ്പിച്ച് ഞാൻ കടയിലേക്ക് നടന്നു.. എങ്ങനേലും ബാഗിനുള്ളിലുള്ള ലഞ്ച് ബോക്സ് തിരികെ വയ്ക്കണം അതായിരുന്നു എന്റെ ലക്ഷ്യം…

ഞാൻ കടയിലേക്ക് കയറാൻ നിന്നതും കടയുടെ അകത്ത് നിന്നും ജോസേട്ടന്റെ ഉച്ചത്തിലുള്ള സ്വരം കേൾക്കുന്നുണ്ട്..

“കാശില്ലെങ്കിലേ വേറെ വല്ല പണിക്കും പോണം.. അല്ലാതെ എരക്കാൻ നിക്കരുത്.. ഇവടെ കടം ഒന്നും ഇല്ല.. മോളേം വിളിച്ച് സ്ഥലം വിടാൻ നോക്ക്.. വല്ല ഇലയിലും പൊതിഞ്ഞ് കൊടുത്ത് വിട്ടാമതി.. അതാ നല്ലത്…” ജോസേട്ടന്റെ ആ ആക്രോശം ആരോടാണെന്ന് നോക്കുകയായി രുന്നു ഞാൻ..

അത് എന്റെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന റോസ് മോളും അവളുടെ അമ്മച്ചിയുമായിരുന്നു.. റോസ് മോളുടെ അപ്പച്ചൻ മരിച്ചതിൽ പിന്നെ രണ്ട് മൂന്ന് മാസമായി ക്ലാസ്സിൽ വരാറില്ലായിരുന്നു.. കഴിഞ്ഞ ആഴ്ച്ചയോടെയാണ് വന്ന് തുടങ്ങിയത്..

അവളെക്കണ്ടതും ഞാനൊന്ന് ചിരിക്കാൻ ശ്രമിച്ചു..പക്ഷെ അവൾ മുഖം താഴേക്ക് കുനിക്കുകയാണ് ചെയ്തത്..

അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.. ഒപ്പം അവളുടെ അമ്മച്ചിയുടെ കണ്ണുകളും നിറഞ്ഞിരുന്നു..

അമ്മച്ചിയുടെ കൈപിടിച്ച് അവൾ നടന്ന് പോകുന്നത് നോക്കി ഞാൻ നിന്നു..

“എന്താടാ പൗലോ ബട്ടൻസിന്റെ കളർ കിട്ടിയില്ലേ ഇത് വരെ?” ജോസേട്ടൻ പറഞ്ഞത് കേട്ടാണ് എന്റെ ചിന്ത അവളിൽ നിന്ന് ജോസേട്ടനിലേക്ക് തിരിഞ്ഞത്..

“ഉവ്വ ജോസേട്ടാ.. ബട്ടൺസ് വേണം.. അല്ല എന്താ ആ പോയവരുടെ പ്രശ്നം?”

“ഓ .. അതോ .. അത് ആ ചത്ത് പോയ വറീതി ന്റെ ഭാര്യയാടാ.. അവളുടെ കുട്ടിക്ക് സ്കൂളിലേക്ക് ചോറ് കൊണ്ട് പോകാൻ ലഞ്ച് ബോക്സ് വേണം പോലും..ആ മിന്നീമൗസിന്റെ പടമുള്ളതേ.. കാശില്ലാ പോലും.. അവളുടെ കെട്ട്യോൻ പോയേപ്പിന്നെ എരന്ന് ജീവിക്കണ അവൾ എന്ന് തരാനാ ഇരുനൂറ് ഉറുപ്പിക.. പോയ് പണി നോക്കാൻ പറഞ്ഞു.. “

ജോസേട്ടൻ പറഞ്ഞത് കേട്ടതും എനിക്ക് ആകെ സങ്കടമായി… കിറിയ ഉടുപ്പ് ഇട്ട് വന്നതിന് ഇന്നലെ എത്സകുട്ടിയും കൂട്ടുകാരും കൂടെ ഏറെ കളിയാക്കിയിരുന്നു അവളെ.. അതിൽ വിഷമിച്ച് ക്ലാസ്സ് റൂമിലെ ഒരു മൂലയിൽ പോയി നിന്ന് കരയുന്ന അവളെ ഒന്ന് ആശ്വസിപ്പിക്കണമെന്ന് എനിക്ക് തോന്നിയതാണ്..

തിരിച്ച് വന്നതിൽ പിന്നെ അവളുടെ അടുത്ത് ആരും സംസാരിക്കാൻ പോലും ചെല്ലുമായിരുന്നില്ല… കഴിഞ്ഞ ദിവസം എല്ലാ കുട്ടികളും ലഞ്ച് ബോക്സിൽ നല്ല ഭക്ഷണം കൊണ്ട് വന്ന് കഴിക്കുമ്പോൾ ഒരു ഇലയിൽ പൊതിഞ്ഞായിരുന്നു കൊണ്ട് വന്നിരുന്നത്.. ലഞ്ച് ബോക്സെവിടെ എന്ന് ചോദിച്ചപ്പോൾ കേടായി പോയി എന്നായിരുന്നു അവളുടെ മറുപടി…

പിന്നെ ഞാനൊന്നും ചിന്തിച്ചില്ല.. നേരെ അവരുടെ പിന്നാലെ വച്ച് പിടിച്ചു..അവരുടെ മുന്നിലെ ത്തിയതും ആ ഗിഫ്റ്റ് പാക്ക് ഞാനവളുടെ മുന്നിലോട്ട് നീട്ടി..

“ഇത് റോസ് മോൾക്ക് എന്റെ വക ഒരു ഗിഫ്റ്റ് ആണ്.. “

അത് കണ്ട് ഒന്നും മനസ്സിവാതെ നിന്ന അവളുടെ കൈകളിലേക്ക് ഞാനാ പൊതി വച്ചു കൊടുത്തു കൊണ്ട് ഞാൻ തിരിഞ്ഞ് നടന്നു…

ആ നിമിഷം മനസ്സിന്റെയുള്ളിൽ എന്തെന്നില്ലാ ത്ത ഒരു സന്തോഷം തോന്നി…

അർഹതയുള്ളവർക്ക് കൊടുക്കുമ്പോഴേ സമ്മാനങ്ങൾക്ക് പോലും വിലയുണ്ടാകൂ എന്ന് എനിക്ക് അന്ന് മനസ്സിലായി..

പിറ്റെ ദിവസം മുതൽ അവളുടെ മുഖത്തെ സന്തോഷം എനിക്ക് കാണാനായി..അവൾക്ക് കൂടെ വേണ്ടി ഞാൻ കുറച്ച് അധികം ഭക്ഷണം കൊണ്ട് വരാൻ തുടങ്ങി.. പിന്നെ അവളായിരുന്നു എന്റെ കൂട്ട്.. അതോടെ എത്സകുട്ടിക്ക് എന്നോട് ദേഷ്യമായി അവളോട് അസൂയയും…

അടുത്ത പെരുന്നാളിന് പടക്കം വാങ്ങിക്കാൻ അപ്പച്ചൻ തന്ന ഇരുന്നൂറ് രൂപ ഞാൻ ജോസേട്ടൻ അറിയാതെ ജോസേട്ടന്റെ മേശപ്പുറത്ത് വച്ച് കൊടുത്തതോടെ ആ കുറ്റബോധവും മാറി.. അല്ലേലും കട്ടത് തിന്നാ അതിന്റെ ഫലം കിട്ടില്ലാന്നേ…

Leave a Reply

Your email address will not be published. Required fields are marked *