കുഞ്ഞേച്ചി നല്ല പ്രായത്തിൽ എനിക്ക് എന്റെ ഇഷ്ടത്തിന് നടക്കാൻ പറ്റിയിട്ടില്ല. എന്റെ ഇഷ്ടങ്ങൾ പോലും നിങ്ങളാരും ചോദിച്ചിട്ടില്ല…..

എന്റെ ജീവിതം

Story written by Ambili MC

“രാജി നിനക്ക് നാണമില്ലേ ഈ പ്രായത്തിൽ ചുണ്ടിൽ ചായവും തേച്ചു മുഖത്തു എന്തൊക്കയോ വാരി പൂശി തലയിൽ കറുപ്പും തേച്ചു വെട്ടി തിളങ്ങുന്ന സാരി യുടുത്തു നടക്കാൻ “

കുഞ്ഞേച്ചി പുച്ഛത്തിൽ പറയുമ്പോൾ എന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. ഞാൻ മെല്ലെ പറഞ്ഞു.

” കുഞ്ഞേച്ചി നല്ല പ്രായത്തിൽ എനിക്ക് എന്റെ ഇഷ്ടത്തിന് നടക്കാൻ പറ്റിയിട്ടില്ല. എന്റെ ഇഷ്ടങ്ങൾ പോലും നിങ്ങളാരും ചോദിച്ചിട്ടില്ല. തറവാട്ടിലേ ഏറ്റവും ചെറിയ സന്താനം. രണ്ട് ചേച്ചിമാരുടേയും രണ്ട് ഏട്ടന്മാരുടേയും കുഞ്ഞു അനിയത്തി. ഉഗ്ര പ്രതാപിയായ രാമദാസ മേനോന്റെ യും ആരേയും വരച്ച വരയിൽ നിറുത്തുന്ന അമ്മിണിയുടെയും മകളുടെ ഇഷ്ടങ്ങൾ നിങ്ങൾ ആരും ഒരിക്കലും ചോദിച്ചില്ല. നിങ്ങൾ എന്നെ വളർത്തി നിങ്ങളുടെ ഒരു പാവകുഞ്ഞിനേ പോലെ. “

കുഞ്ഞേച്ചി യുടെ മുഖം ചുവന്നു. മൂക്ക് വിറച്ചു.

“നിനക്കു എന്തിന്റെ കുറവായിരുന്നു വീട്ടിൽ. കല്യാണം കഴിച്ചു വിട്ടാൽ ഭർത്താവിൻ്റെ ഇഷ്ടത്തിന് ജീവിക്കാൻ പഠിക്കണം. നിനക്ക് അതും വയ്യ. ഇപ്പോ എല്ലാ കുറ്റവും ഞങ്ങളുടെ തലയിൽ വെച്ചോ.. മരിച്ചു പോയ നമ്മുടെ അമ്മയും അച്ഛനും എല്ലാം കാണുന്നുണ്ട്. മറക്കണ്ട നീ. “

കുഞ്ഞേച്ചിയുടെ ദേഷ്യം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഞാൻ മെല്ലെ എഴുന്നേറ്റു ജനാല യുടെ അടുത്ത് പോയി പുറത്തേക്ക് നോക്കി. മുറ്റത്ത് നിന്ന് ചെമ്പക പൂക്കൾ എന്നെ നോക്കി പുഞ്ചിരിക്കുന്നു. ഞാൻ മെല്ലെ പറഞ്ഞു.

“കുഞ്ഞേച്ചി രാജേട്ടൻ്റെ വിവാഹ ലോചന വന്നപ്പോൾ നിങ്ങളുടെ ഇഷ്ടം പോലെ ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. പക് ഷേ രാജേട്ടൻ്റെ മനസ്സിൽ എനിക്ക് ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. കാമുകിയുമൊത്ത് എന്റെ മുന്നിൽ വെച്ചു തന്നെ അയാൾ അടിച്ചു പൊളിക്കുന്നത് കണ്ടു അവിടെ തന്നെ കെട്ടി തൂങ്ങി നില്ക്കാൻ എൻ്റെ അഭിമാനം സമ്മതിച്ചില്ല.ഞാൻ പൊന്നു അന്ന് നമ്മുടെ അമ്മ യായിരുന്നു എന്റെ ധൈര്യം. ഇനി വിവാഹമേ വേണ്ടാന്ന് പറഞ്ഞു നിന്ന എന്നെ നിങ്ങൾ വീണ്ടും എൻ്റെ ഇരട്ടി വയസ്സുള്ള ഒരാളിൻ്റെ രണ്ടാ ഭാര്യയാക്കി തളളി വിട്ടു. എന്നേക്കാൾ പ്രായം കൂടിയ രണ്ടു മക്കൾ അയാൾക്കുണ്ടന്ന് പോലും നിങ്ങൾ ഓർത്തില്ല. അയാളുടെ ലക്ഷ്യം അച്ഛൻ എൻ്റെ പേരിൽ എഴുതി വെച്ച സ്വത്തിൽ മാത്രമായിരുന്നു. അതിനു വേണ്ടി അയാൾ എന്നെ അടിച്ചു. അവിടെ നിന്ന് ജീവനും കൊണ്ടു ഓടി വന്നത് തെറ്റായോ കുഞ്ഞേച്ചി.”

ഞാൻ തിരിഞ്ഞു കുഞ്ഞേച്ചി യുടെ മുഖത്തേക്ക് നോക്കി. ആ മുഖത്തു ദേഷ്യം മാത്രം. കുഞ്ഞേച്ചി പല്ല് കടിച്ചു കൊണ്ടു പറഞ്ഞു.

” എന്നിട്ട് നിന്റെ ആ സ്വത്തു മുഴുവൻ നീ കിട്ടിയ വിലയ്ക്ക് ഇപ്പൊ വിറ്റില്ലേ. എന്നിട്ട് അൻപതാം വയസ്സിൽ ഓരോ വേഷം കെട്ടി നടക്കുന്നു. “

കുഞ്ഞേച്ചിയുടെ മുഖത്തു നിറഞ്ഞ പുച്ഛം എനിക്ക് മനസ്സിലായി.

“കുഞ്ഞേച്ചി, ഇഷ്ടമുള്ള ഒരു സാരി ഇപ്പൊളാണ് ഞാൻ ഉടുക്കുന്നത്. ഇത് വരെ നിങ്ങൾ എല്ലാവരും കൊണ്ടു തരുന്നത് ഉടുത്തു. എനിക്കു ഇഷ്ടമുള്ള നിറം എന്താണ് എന്നു പോലും നിങ്ങളാരും ചോദിച്ചില്ല.നമ്മുടെ തറവാട്ടിൽ നിന്നു പുറത്തു പോലും ഞാൻ ഇറങ്ങാറില്ല. ഇപ്പൊ അമ്മയും അച്ഛനും ഇല്ലാതെ യായപ്പോൾ എനിക്ക് ജീവിതത്തിൽ ഒരു വലിയ ശ്യൂനത തോന്നി.ഇനിയൊരു വിവാഹം അത് ശരിയാവില്ല.പക് ഷേ ഇനിയങ്ങോട്ട് എൻ്റെ സന്തോഷത്തിന് വേണ്ടി മാത്രം ജീവിക്കാൻ ഞാൻ തിരുമാനിച്ചത് തെറ്റായോ? ഒരു ജോലി ഈ പ്രായത്തിൽ കിട്ടാനുള്ള സാധ്യതയില്ല. ഒരു നൂറ് രൂപ ഒരിക്കൽ ഏട്ടനോട് ചോദിച്ചപ്പോൾ നൂറ് ചോദ്യങ്ങൾ ഞാൻ നേരിട്ടു.അന്ന് അത് കേട്ടു നിന്ന കുഞ്ഞേച്ചി പോലും എൻ്റെ മനസ്സിലെ നൊമ്പരം വായിച്ചില്ല. അന്നാണ് എല്ലാം വിറ്റ് ഇനി യെൻ്റെ ജീവിതം നിറമുള്ളതാക്കാൻ ഞാൻ തിരുമാനിച്ചത്. കുഞ്ഞേച്ചി, ഇനി ഞാൻ ജീവിക്കട്ടെ. എൻ്റെ ചെറിയ ചെറിയ ഇഷ്ടങ്ങളക്ക് ഒപ്പം ഞാൻ ഇനി ജീവിക്കട്ടെ. “

കുഞ്ഞേച്ചി ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

” നീ ഒരു പെണ്ണാ. ആ ബോധം വേണം നീ ഇന്ത്യ മുഴവൻ കറങ്ങാൻ പോവുക യാണന്ന് കേട്ടു.ഒരു ആണിൻ്റെ തുണ യില്ലാതെ ഇങ്ങനെ ഇറങ്ങി നടക്കാൻ നാണമില്ലേ നിനക്ക്.”

ഞാൻ കുഞ്ഞേച്ചിയുടെ കൈ പിടിച്ചു കൊണ്ടു പറഞ്ഞു.

“കുഞ്ഞേച്ചി, എന്നെ നോക്കാൻ എനിക്ക് നന്നായിട്ടറിയാം. ഒരു സ്ത്രിക്ക് ജീവിക്കാൻ ഒരു ആണിൻ്റെ തുണ വേണമെന്ന തോന്നൽ നമ്മൾ ആദ്യം മാറ്റണം. ഞാൻ നാളെ ഇറങ്ങും. ഇതുവരെ ഞാൻ കാണാത്ത ലോകം എനിക്ക് കൺ നിറയെ കാണണം. ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം. വസ്ത്രം ധരിക്കണം. വായിക്കണം. കുഞ്ഞേച്ചി പേടിക്കണ്ട. എന്നേ കൊണ്ട് നിങ്ങക്കാർക്കും ചീത്ത പേരുണ്ടാവില്ല.”

കണ്ണുരുട്ടി എന്നെ നോക്കിയ കുഞ്ഞേച്ചിയുടെ കവിളത്ത് ഉമ്മ വെച്ച് ചേർത്ത് പിടിച്ച കൊണ്ട് ചോദിച്ചു.

” എൻ്റെ ഒപ്പം കുഞ്ഞേച്ചിയും വരുമോ.കുഞ്ഞേച്ചി പണ്ട് കൊതിയോടെ കാണാനാഗ്രിച്ച താജ് മഹൽ നമുക്ക് കാണണ്ടേ.”

കുഞ്ഞേച്ചിയുടെ കണ്ണിലെ നനവ് എൻ്റെ ചുണ്ടിൽ വീണു. ഞാൻ ചേച്ചിയേ ഒന്നും കൂടി അമർത്തി ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.

“കുഞ്ഞേച്ചി, മക്കൾ വലുതായി കുടുംബമായി. രഘുവേട്ടൻ മരിച്ചതോടെ ചേച്ചിയും ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല യെന്ന് എനിക്കറിയാം. “

” രഘുവേട്ടൻ ഉള്ളപ്പോഴും ദൂരസ്ഥലത്തേക്കൊന്നും ഞങ്ങൾ പോയിട്ടില്ല. മക്കളുടെ ഇഷ്ടങ്ങൾ നോക്കി ജീവിക്കുമ്പോൾ ഒന്നിനും നേരം കിട്ടിയില്ല മോളെ “

ഞാൻ കുഞ്ഞേച്ചിയുടെ കവിളിൽ നുള്ളി കൊണ്ടു പറഞ്ഞു.

“കുഞ്ഞേച്ചി നമ്മൾ നാളെ പോവുന്നു. ഇനിയൊന്നും പറയരുത്. ആരോഗ്യമുളള കാലം വരെ നമുക്ക് ഇനി ഇഷ്ടങ്ങൾ സ്വന്തമാക്കാൻ ജീവിക്കാം.” കുഞ്ഞേച്ചിയുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു ഞാൻ മെല്ലെ പറഞ്ഞു.

” ഒരു ദിവസമെങ്കിലും നമ്മൾ നമ്മുടെ ഇഷ്ടത്തിന് വേണ്ടി മാറ്റി വെയ്ക്കണം. “

Leave a Reply

Your email address will not be published. Required fields are marked *