കുട്ടായി അമ്മച്ചി പറഞ്ഞത് ശരിയാ, അപ്പ ഇതൊന്നും നോക്കാതെ നടന്നോണ്ട എപ്പോഴും…..

തിരുശേഷിപ്പിന്റെ ചൂര്

എഴുത്ത്:-ഷാജി മല്ലൻ

ഫ്ലൈറ്റ് ഷെഡ്യൂൾ സമയത്തിനും പത്ത് മിനിറ്റ് മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്നെങ്കിലും നാട്ടിൽ നിന്നുള്ള അളിയന്റെ ഇന്നോവ ഞങ്ങളെ കാത്ത് കിടപ്പുണ്ടായിരുന്നു. ഡ്രൈവർ പയ്യനെ കണ്ടിട്ട് എനിക്ക് പരിചയമൊന്നും തോന്നിയില്ല. അവന്റെ മുഖത്തെ പരിചയ പുഞ്ചിരിക്കു മറുപടിയായി ഒരു ചെറു പുഞ്ചിരി നൽകി  വാഹനത്തിൽ കയറുമ്പോൾ ഉറക്കം എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു.

ഇനിയും രണ്ടു മണിക്കൂർ യാത്രയുണ്ട് തൊടുപുഴയ്ക്ക്. കൺപോളകൾ അടഞ്ഞു തൂങ്ങുമ്പോൾ ഭാര്യ ഡ്രൈവറുമായി സംസാരം തുടങ്ങിയിരുന്നു. അവളുടെ വകയിലുള്ള ഏതോ ബന്ധുവാണ്. സഹോദരന്റെ വണ്ടികളെക്കുറിച്ചും കച്ചവടങ്ങളെ കുറിച്ചുമുള്ള ആകാംഷകൾ കേട്ടുകൊണ്ട് ഞാൻ പാതിമയക്കത്തിലേക്ക് വീണു.

” എടാ കുട്ടായി പോയി കുളിക്കുന്നുണ്ടോ ? അമ്മച്ചി സ്ക്കൂളിൽ നിന്നു വരാൻ സമയമായിട്ടോ… അടി കിട്ടുമ്പോൾ തടുത്തം പിടിക്കാൻ എനിക്ക് വയ്യായേ” അപ്പച്ചൻ ചേനക്ക് തടം തെളിച്ചു കൊണ്ട് വിളിച്ചു പറഞ്ഞത് കേൾക്കാൻ നിൽക്കാതെ വീണ്ടും തൊടിയിലും മുറ്റത്തുമൊക്കെയായി തോളിൽ നിന്നും കൈയിലേക്ക്‌ ഊർന്നിറങ്ങിയ  വള്ളിനിക്കറുമായി ഓടി കളിക്കുന്ന ബാല്യകാല ഓർമ്മകളിലേക്ക് ഞാൻ ഒഴുകിയിറങ്ങി. അമ്മച്ചിയും ചേച്ചിമാരുമൊക്കെ സ്ക്കൂളിൽ നിന്നു വൈകിട്ടു വരുമ്പോഴും രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞ് പാടത്തും വരമ്പത്തെയുമൊക്കെ കളി കഴിഞ്ഞ് വിയർത്തൊലിച്ചു മണ്ണിൽ കുഴഞ്ഞെത്തുന്ന ഒരു പത്തു വയസ്സുകാരൻ!!.

അന്നും തെറ്റിയില്ല, അമ്മച്ചിയും ചേച്ചിമാരുമൊക്കെ എത്തിയിട്ടും സ്ക്കൂൾ ഡ്രസ്സും മാറ്റാതെ കറങ്ങി നടന്ന കുട്ടായി അമ്മയുടെ ചൂരലിന്റെ ചൂടറിഞ്ഞു.. തടുത്തം പിടിക്കാൻ വന്ന അപ്പച്ചനും കിട്ടി അമ്മച്ചി വക ഒരു കൂട്ടം …. ചെക്കന് കുളിക്കാൻ വല്യ മടിയാണെന്നാണ് അമ്മച്ചിയുടെ പക്ഷം. തന്റെ വിയർപ്പ് നാറ്റം അപ്പച്ചി നിൽ നിന്ന് കിട്ടിയതാണത്രേ. അപ്പച്ചൻ ചെറുപ്പത്തിൽ ഈ വക കാര്യങ്ങൾ ശ്രദ്ധിക്കാഞ്ഞതു കൊണ്ടാണ് വലുതായപ്പോഴും ഇങ്ങനെ വിയർപ്പിനു രൂക്ഷ ഗന്ധം വന്നതെന്നും അമ്മച്ചി പറഞ്ഞപ്പോൾ അടികൊണ്ട് കണ്ണിൽ നിന്ന് അടർന്നു വീണ കണ്ണീരിന്റെയും ഗദ്ഗദത്തിനുമിടയിൽ  അപ്പച്ചനെ നോക്കി.

“കുട്ടായി അമ്മച്ചി പറഞ്ഞത് ശരിയാ, അപ്പ ഇതൊന്നും നോക്കാതെ നടന്നോണ്ട എപ്പോഴും കൃഷിപ്പണിയുമൊക്കെയായി വിയർത്തൊലിച്ചു നാറ്റമൊക്കെയായത്, കുട്ടായി അതൊണ്ട് മിടുക്കനായി പഠിച്ച് എന്നും കുളിച്ചുമൊക്കെ നടന്നേ”. അപ്പനടുത്ത് ചെന്നപ്പോ കൂട്ടായിക്കും അത് ബോധ്യപ്പെട്ടു. അപ്പയുടെ വിയർപ്പിന് വല്ലാത്ത ഗന്ധം. ചില സമയത്ത് മഴ പെയ്യുമ്പോഴുള്ള പൊടി മണം പോലെ!. അപ്പച്ചൻ തോളിലെ തോർത്തെടുത്ത് അവന്റെ കണ്ണീരു തുടച്ച് ചേർത്ത് പിടിക്കാൻ നോക്കിയപ്പോഴെക്ക് അവൻ കൈ തട്ടിമാറ്റി ഓടിയകന്നു. അപ്പോഴും അപ്പച്ചന്റെ ചിരിയുടെ അലകൾ അലിഞ്ഞിരുന്നില്ല.

കൂട്ടായി പഠിച്ചു വലിയ ജോലിക്കാരനായി ഏഴാം കടലിനക്കര പോയപ്പോഴും രണ്ടു നേരം കുളിക്കാൻ മറന്നില്ല … കാരണം വിയർപ്പുനാറ്റം സുന്ദരിമാരെ അകറ്റുമെന്ന് സകലമാന സോപ്പു കമ്പനിക്കാരുടെ പരസ്യങ്ങളും അവനോട് സംവദിച്ചിരുന്നു. ചെറുപ്പത്തിൽ ചേച്ചിമാരൊക്കെ കല്യാണം കഴിഞ്ഞു വീടിന്റെ പടിയിറങ്ങുമ്പോൾ ഉടുപ്പിടാതെ നിൽക്കുന്ന അപ്പച്ചനെ കെട്ടിപ്പിടിച്ചു കരയുമ്പോൾ വെറുതെ കുട്ടായിയുടെ ചിന്ത അപ്പന്റെ വിയർപ്പിന്റെ ചൂരിനെ കുറിച്ചായിരുന്നു.

ഡെയ്സി ജീവിതത്തിലേക്ക് വന്നപ്പോൾ വീട്ടിൽ നിൽക്കാത്തതുകൊണ്ട് ഇമ്മാതിരി ചിന്ത അവിടെ മുറിഞ്ഞു. “ദേ ഇച്ചായാവീടടുത്തു, എഴുനേറ്റിരിക്കൂ” ഡെയ്സി കുലുക്കി വിളിച്ചപ്പോഴാ കണ്ണു തുറന്നത്. വീട്ടിന്റെ മുറ്റത്തേക്ക് വണ്ടി എത്തിയിരിക്കുന്നു. അടുത്ത ബന്ധുക്കൾ അവിടെവിടെയായി നിന്ന് കൈയുയർത്തി കാണിക്കുന്നു. മനസ്സിലൊരു മൂടൽ വന്നതു കൊണ്ട് എന്റെ കണ്ണുകൾ പൂമുഖത്തേക്കു നീണ്ടു. അപ്പച്ചൻ അവിടെ നിവർന്നു കിടക്കുന്നു. ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുമായി. ചേച്ചിമാരൊക്കെ അപ്പച്ചന്റെ തലക്കരികെ ഇരുന്നു വേദപുസ്തകം വായിക്കുന്നു. സുഗന്ധലേപനങ്ങളുടെ മണം എനിയ്ക്കന്തോ അപരിചിതമായി തോന്നി. എല്ലാറ്റിനും സാക്ഷിയായി അമ്മച്ചി ഭിത്തിയിലെ ഫ്രൈയിമിലിരുന്നെന്നെ സാകൂതം നോക്കുന്നു.!!.

ചടങ്ങുകൾ കഴിഞ്ഞു ആശ്വാസ വാക്കുകളുമായി എത്തിയവരെ യാത്രയാക്കി മെല്ലെ ഒന്നു കണ്ണടച്ചപ്പോൾ ഡെയ്സി കുലുക്കിയുണർത്തിയിരിക്കുന്നു.” ദേ മനുഷ്യാ നിങ്ങടെ പെങ്ങമാരെല്ലാം കൂടി അപ്പച്ചന്റെ പെട്ടിയും പ്രമാണവുമൊക്കെ അരിക്കുന്നു അവിടെ ….നിങ്ങൾക്ക് ആവശ്യമൊന്നുമില്ലേ?”. ആദ്യം എനിക്ക് കൈ വലിച്ചു അവളെ ഒന്നു പൊട്ടിക്കാനാണ് തോന്നിയത്. പിന്നെ ഒരു ബോധോധയം ഉണ്ടായ പോലെ മുണ്ട് വാരി ചറ്റി അപ്പച്ചന്റെ മുറിയിലേക്ക് ചെന്നു. പെട്ടന്ന് ഞാൻ ചെല്ലുന്നതും കണ്ട് അന്തംവിട്ടിരുന്ന ചേച്ചിമാരെ ഗൗനിക്കാതെ അയയിൽ കൊളുത്തിയിട്ടിരുന്ന അപ്പച്ചന്റെ മുഷിഞ്ഞ ഒന്നുരണ്ടു ഷർട്ടുകൾ വാരിയെടുത്തു. ആ തിരുശേഷിപ്പിലെ വിയർപ്പുമണികളുടെ ചൂര് എനിക്കു മാത്രം സ്വന്തമാക്കാൻ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *