കുട്ടികളുണ്ടാകാത്തത് നിൻ്റെ കുഴപ്പം കൊണ്ടല്ലെന്ന് നിനക്കവളോട് പറയാമായിരുന്നില്ലേ രാഹുൽ……..

കാലങ്ങൾക്കപ്പുറം

Story written by Panchami Satheesh

“നിങ്ങളൊരാണാണോ മനുഷ്യാ ആണെങ്കി ഇപ്പോ ഇവിടെ വന്നിരിക്കണ മായിരുന്നോ “

.അമർഷത്തോടെയുള്ള പതിഞ്ഞ സ്വരം കേട്ടാണവൾ കണ്ണു തുറന്ന് നോക്കിയത്.

തൊട്ടു മുൻപിലെ ബെഞ്ചിൽ പുറംതിരിഞ്ഞിരിക്കുന്ന ഭാര്യാഭർത്താക്കന്മാർ.

സുന്ദരിയായ പെൺകുട്ടി, തല കുനിച്ചിരിക്കുന്ന ഭർത്താവിനോട് ചോദിക്കുന്ന ചോദ്യം കേട്ട് അവൾ അമ്പരന്ന് നോക്കി.

ആ മുഖം അവളുടെ മനസ്സിൽ നടുക്കുണർത്തി.

“രാഹുൽ “

ഗർഭിണിയായി ആറാം മാസത്തിലെ ചെക്കപ്പിനു വന്നതായിരുന്നു അവൾ.

മരുന്നു വാങ്ങാൻ ഭർത്താവ് പോയപ്പോൾ ഗൈനക്കോളജിസ്റ്റിൻ്റെ ഒ.പിക്ക് മുൻപിലെ ഇരിപ്പിടങ്ങളിലൊന്നിൽ ഇരിക്കുമ്പേഴാണ് അവരെ കണ്ടത്.

രാഹുലിൻ്റെ ഭാര്യയാണ് കൂടെയുള്ളതെന്നു മനസ്സിലായി.

അവനെന്നോടുള്ള പ്രണയം ആത്മഹത്യ ചെയ്തത് ഈ പുളി ങ്കൊമ്പിലായിരുന്നല്ലോ?

തുടർന്നുള്ള അവളുടെ സംസാരത്തിൽ നിന്നും കുട്ടികളുണ്ടാകാനുള്ള ചികിത്സ തേടിയെത്തിയതാണെന്നും മനസ്സിലായി.

വാഷ് റൂമിലേക്കെന്നും പറഞ്ഞ് അവൻ്റെ ഭാര്യ എണീറ്റു പോയപ്പോൾ മുന്നോട്ടാഞ്ഞ് അവൾ പതിയെ അവനോട് ചോദിച്ചു.

“കുട്ടികളുണ്ടാകാത്തത് നിൻ്റെ കുഴപ്പം കൊണ്ടല്ലെന്ന് നിനക്കവളോട് പറയാമായിരുന്നില്ലേ രാഹുൽ “

ഞെട്ടിത്തിരിഞ്ഞവനെന്നെ നോക്കി.

“മാധൂ “

“ഓ അപ്പോ എൻ്റെ പേരൊക്കെ ഓർമയിലുണ്ടല്ലേ “

അവളെയും അവളുടെ വീർത്ത വയറിനെയും നോക്കി മിണ്ടാനാവാതെ അവൻ നിന്നപ്പോ അവൾ വീണ്ടുമോർമിപ്പിച്ചു.

“നീയൊരാണാണെന്നതിൽ എനിക്ക് സംശയമൊന്നുമില്ല.എന്നിൽ തന്നെ നീയൊരിക്കലത് തെളിയിച്ചതാണല്ലോ”

“അഞ്ചു വർഷത്തെ നമ്മുടെ പ്രണയവും എന്നെയും നീ വേണ്ടെന്നു വച്ചപ്പോൾ നിൻ്റെ ചോ രയെ ഞാനും വേണ്ടെന്നു വച്ചു .”

“ഇന്നു നിൻ്റെ ഭാര്യ നിന്നെയൊരാണായി പോലും പരിഗണിക്കുന്നില്ലല്ലോ ന്നോർത്ത് എനിക്ക് നല്ല വിഷമമുണ്ട്. “

അവളുടെ വാക്കുകളിലെ പുച്ഛം മനസ്സിലാക്കിയിട്ടാവണം തോറ്റു കൊടുക്കാ നിഷ്ടമില്ലാതെ അവനവളെ വാക്കുകൾ കൊണ്ട് തളർത്താൻ നോക്കിയത്.

” നിൻ്റെ കല്യാണം കഴിഞ്ഞതൊക്കെ ഞാനറിഞ്ഞു. ഒരു രണ്ടാം കെട്ടു കാരനാണെന്നും അങ്ങേർക്കാെരു കൊച്ചും ഉണ്ടെന്നും ആരോ പറഞ്ഞാരുന്നു.”

അവൻ്റെ വാക്കുകളിലെ പുച്ഛം അവളെ ചൊടിപ്പിച്ചു.

“ഓ അറിയുന്നുണ്ടല്ലേ “

“നീയെനിക്കൊരു സ്നേഹ സമ്മാനം തന്നിരുന്നല്ലോ അതേപറ്റി അന്വോഷിച്ചോ? “

ദേഷ്യം കൊണ്ടവൾ കിതച്ചു.

ഭാവവ്യത്യാസമില്ലാതെ മിണ്ടാതെ നിൽക്കുന്ന അവൻ്റെ കണ്ണിലേക്ക് നോക്കി അവൾ.

” ഉം ശരിയാ. രണ്ടാം കെട്ടുകാരനെയാ ഞാൻ കല്യാണം കഴിച്ചത്. എന്താ കുഴപ്പം? “

“സ്നേഹിച്ചവരെ ചേർത്തു നിർത്താൻ കഴിവുള്ളവനാണദ്ദേഹം. നീ തന്ന സ്നേഹത്തേക്കാൾ നൂറിരട്ടി സ്നേഹം എനിക്കിപ്പോ കിട്ടുന്നുണ്ട്.

കല്യാണം കഴിഞ്ഞിന്നുവരെ പഴയതൊന്നും ഓർക്കാൻ ഒരവസരം അദ്ദേഹം തന്നിട്ടില്ല.

” ഒരർത്ഥത്തിൽ ഞാനും രണ്ടാം തരത്തിൽ പെട്ടതല്ലായിരുന്നോ.”

“ഒരു താലി ബന്ധമില്ലാ എന്നല്ലേയുള്ളൂ. നീയെനിക്ക് ഭർത്താവു തന്നെ യായിരുന്നു.”

“നിൻ്റെ ചോ ര എൻ്റെ ഉദരത്തിലുണ്ടെന്നറിഞ്ഞിട്ടും എന്നെ ഒഴിവാക്കാൻ ഒരു മടിയും തോന്നിയില്ലല്ലോ നിനക്ക്.” ” ഒരിക്കൽ ഞാനില്ലാതാക്കിയ കുഞ്ഞാണെന്നു കരുതിയാണ് അദ്ദേഹത്തിൻ്റെ കുഞ്ഞിനെ ഞാൻ സ്നേഹിക്കുന്നത്. “

മരുന്നു വാങ്ങി തിരിച്ചു വരുന്ന തൻ്റെ ഭർത്താവിനെ അവൾ കണ്ടു.

പോകാനെണീറ്റപ്പോൾ ഒന്നുകൂടി അവനെ നോക്കി,

“രാഹുൽ നീ ഒരു രണ്ടാം കെട്ടുകാരനേക്കാൾ തരംതാണവനാണ്. പിറക്കാൻ കൊതിച്ചൊരു കുഞ്ഞിനോടും, വിശ്വസിച്ചു സ്നേഹിച്ച ഒരു പെണ്ണിനോടും ചെയ്ത നെറികേട് നിൻ്റെ ജീവിതത്തിലൊരു ശാപമായി മാറാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം”

വാക്കുമുട്ടി നിന്ന അവനെ നോക്കി നിറഞ്ഞ ചിരിയോടെ അവൾ നടന്നു നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *