കുട്ടികളെ അകത്തേയ്ക്ക് പറഞ്ഞു വിട്ട് ,അവരെ തല്ലാൻ ഉപയോഗിച്ചിരുന്ന ചൂരലിന്റെ കഷ്ണമെടുത്തു. വൈശാഖനെ തലങ്ങും വിലങ്ങും തല്ലി നാട് വിറപ്പിച്ചു നിർത്തുന്ന അയാൾ ചേട്ടന് മുന്നില് ഒരക്ഷരം പോലും മിണ്ടാതെ തലകുമ്പിട്ടു നിന്നു……….

Story written by Rosily Joseph

“ദേ, നിങ്ങളറിഞ്ഞോ പുന്നാര അനിയൻ ഗുണ്ടായിസത്തിനു പോകുന്നകാര്യം..?” കുട്ടികളെ സ്കൂളിൽ പോകാൻ ഒരുക്കുന്നതിനിടയിൽ, അവൾ സുദേവന്റെ മുഖത്തേയ്ക്കു ഗൗരവത്തോടെ നോക്കി

മുടി ചീകിയൊതുക്കി, അവൾ കുട്ടികളെ സോഫയിൽ ഇരുത്തി

അയാൾ, അവൾ പറഞ്ഞതിനൊന്നും മറുപടി പറയാതെ തന്റെ തിരക്കുകളിൽ വ്യാപര്തനായി.ഒരു ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു സുദേവൻ. ഭാര്യ ഭാമ പിന്നെ കുട്ടികളായി മനുവും മഞ്ജുവും , ഒന്നിലും മൂന്നിലും പഠിക്കുന്നു

പിന്നൊരനിയന് ഉള്ളത് വൈശാഖ്, ഈ പറഞ്ഞ ക്വട്ടേഷന് ലീഡർ. അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ മരിച്ചു..

സുദേവന്, അലമാരയ്ക്കുള്ളിൽ ഇസ്തിരി ഇട്ട് വച്ചിരുന്ന കാക്കി നിറമുള്ള കുപ്പായമെടുത്ത് ദേഹത്തണിഞ്ഞു, ഭാമ ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് തന്റെ ജോലിയിൽ മുഴുകി

“നിങ്ങളെന്താ മനുഷ്യാ ഞാനൊരു കാര്യം പറഞ്ഞിട്ടും കേൾക്കാത്ത മട്ടിലിരിക്കുന്നെ,അനിയന്റെ കാര്യമായതു കൊണ്ടാണോ..?”

ഡൈനിങ് ടേബിളിനരികിൽ കസേര വലിച്ചിട്ടിരുന്ന അയാൾക്കരികിലായി അവളും വന്നിരുന്നു, അയാളുടെ ചുണ്ടുകൾ മൗനമായിരുന്നു , കാരണം വേറൊന്നുമല്ല..

രാവിലെ എന്തെങ്കിലും പറഞ്ഞു വഴക്കിട്ടില്ലെങ്കിൽ ഭാമയ്ക്ക് ഒരു സ്വസ്ഥതയും കിട്ടില്ല, മിക്കതും വൈശാഖ്നെ ചൊല്ലിയാണ്.. സുദേവന് അതിനൊന്നും മറുപടി പറയാനും പോവില്ല..പറഞ്ഞു പോയാൽ പിന്നെ ആകെ കരച്ചിലും ബഹളവും , എന്താ ചെയ്ക..ഒരു ബഹളവും ഇല്ലാതെ ഈ ദിവസവും അങ്ങ് പോയാൽ മതി, അതായിരുന്നു അയാള്ടെ ചിന്ത

അവൾ അയാൾക്കരികിൽ ഇരുന്നു കൊണ്ട് പ്ളേറ്റ്കളിൽ ഭക്ഷണം വിളമ്പാൻ തുടങ്ങി

“മോളെ, ചെറിയച്ചനെ പോയി വിളിച്ചോണ്ട് വാ..”

അകത്തേക്കു നോക്കി അവളതു പറയുമ്പോഴേക്കും, സുദേവൻ ആർത്തിയോടെ ഭക്ഷണം കഴിച്ചു

“പതിയെ കഴിക്ക് ഏട്ടാ… ഇതാരും എടുത്തുകൊണ്ടൊന്നും പോവില്ല..”

അയാൾ, മറുപടി പറയാതെ തിടുക്കത്തിൽ കൈ കഴുകാന് പോയി.

“സുദേട്ടാ, ഞാനിത്രയൊക്കെ പറഞ്ഞിട്ടും, ഏട്ടനെന്താ മറുപടിയൊന്നും പറയാത്തത്..? “

“എന്റെ ഭാമേ, എനിക്ക് നൂറുകൂട്ടം ജോലിയുണ്ട്, നിന്റെ ആവശ്യമില്ലാത്ത പരാതിയും പരിഭവങ്ങളും കേട്ടിരുന്നാൽ, ഉള്ള സമയം കൂടി പോകും….”

“ഓഫീസിലൊന്നുമല്ലല്ലോ ജോലി, ഓട്ടോ ഓടിക്കലല്ലേ, അതല്പം വൈകിയാലും കുഴപ്പമൊന്നുമില്ല.. ”അവൾ, കൃത്രിമമായ പരിഭവം നടിച്ചു.

അനിയനെക്കുറിച്ച് എന്തെങ്കിലും കുറ്റം പറഞ്ഞാൽ, നിങ്ങൾക്ക് അപ്പൊ തുടങ്ങും തിരക്ക്,നോക്കിക്കോ,

ഒരു ദിവസം അവൻ കാരണം നിങ്ങൾ തല കുനിക്കും.

ഭാമേ..

സുദേവൻ ഭാമയെ വിളിച്ചുവെങ്കിലും അവളതു കേൾക്കാത്ത ഭാവത്തിൽ അടുക്കളയിലേക്കു പോയി.

അപ്പോഴേക്കും, മനുവും മഞ്ജുവും ഇടംവലം വിടാതെ ചെറിയച്ഛനെയും കൂട്ടി ഹാളിലേക്കു വന്നു.

“വൈശാഖാ, ഇന്നെനിക്ക് ഇത്തിരി നേരത്തെ ഇറങ്ങണം. പോസ്റ്റോഫീസിലൊന്ന് കേറണം. പിന്നെ, വേറെയും കുറേ കാര്യങ്ങളുണ്ട്, നീ, മക്കളെ സ്കൂളിൽ കൊണ്ടു പോയി വിടണം.”

“അതിനു പോസ്റ്റോഫീസ് പത്തുമണിക്കല്ലേ തുറക്കുന്നത്, ഈ എട്ടരയായപ്പോ ദെങ്ങോട്ടാ..? ഭാമയാണ്..

“ഒരോട്ടമുണ്ട്, എട്ടരയ്ക്ക്..” അയാൾ മറുപടി പറഞ്ഞു

നെറ്റി ചുളിച്ചു അയാൾ പുറത്തെയ്ക്കിറങ്ങുമ്പോൾ, വൈശാഖൻ അവരെ നോക്കി ചെറു പുഞ്ചിരിയോടെ കുട്ടികൾക്കുള്ള ഭക്ഷണം കൊടുത്തു

സുദേട്ടൻ ഓട്ടോ സ്റ്റാർട്ട്‌ ചെയ്യുന്നതും, അകന്നുപോകുന്നതും അവർടെ കാതുകളിൽ കേൾക്കാമായിരുന്നു

“ഏട്ടത്തിയമ്മേ, ചായ..”

അടുക്കളയിലേക്കു നോക്കി വിളിച്ചുപറഞ്ഞതും, ചായയുമായി മുന്നിൽ ഭാമ പ്രത്യക്ഷപ്പെട്ടു.

ഗ്ലാസിനു ചുറ്റിലുമുള്ള വെള്ളമയം സാരിത്തുമ്പു കൊണ്ടു തുടച്ചു, ടേബിളിലേക്ക് ഗ്ലാസ്സ് ആഞ്ഞു വയ്ക്കുമ്പോൾ, വൈശാഖ് ഞെട്ടിപ്പോയി, ആ മുഖത്തു പതിവില്ലാത്ത ദേഷ്യം കണ്ട് വൈശാഖ് ചോദിച്ചു.

“ഏട്ടത്തിയെന്താ ഇന്നാകെ ചൂടിലാണല്ലോ എന്തുപറ്റി..?”

ഭക്ഷണം വായിൽ വെച്ചുകൊണ്ട് അയാൾ ചോദിച്ചു.

”എനിക്ക് ദേഷ്യമൊന്നുമില്ല, നീ വേഗം കഴിച്ചിട്ട് പോകാൻ നോക്ക്, സമയം എട്ടരയായി..”

ഭാമ, കുട്ടികൾക്കുള്ള ടിഫിൻ എടുത്തു വയ്ക്കാൻ തുടങ്ങി.

സ്കൂളിലേയ്ക്ക് പോകുന്ന വഴിമദ്ധ്യത്തിൽ വെച്ച്, മനു ചെറിയച്ചന്റെ കയ്യിൽ പിടിച്ചുവലിച്ചു.

“ചെറിയച്ഛാ, ചെറിയച്ഛാ.. ഈ ഗുണ്ടാന്ന് പറഞ്ഞാൽ എന്തുവാ..?”

“ഗുണ്ടയോ, നിന്നോടാരു പറഞ്ഞു ഇത്..?”

“രാവിലെ അമ്മ, അച്ഛനോട് പറഞ്ഞതാ ചെറിയച്ചൻ ഗുണ്ടയാണെന്ന്..”

“ഓഹോ, അപ്പൊ അതാണ് ഏട്ടത്തിയമ്മയുടെ മുഖം വല്ലാതെയിരുന്നേ..”

”എന്നിട്ട്, അച്ഛനെന്തു പറഞ്ഞെടാ..?”അതറിയാൻ വൈശാഖ്നു തിടുക്ക മായിരുന്നു

“അച്ഛൻ, അമ്മയെ വഴക്കു പറഞ്ഞു.”

”എന്താ ചെറിയച്ചാ, ഗുണ്ട..?”

“അത്, മക്കളെ…..”

അയാൾ, എന്തു പറയണമെന്നറിയാതെ നിന്ന് പരുങ്ങി , അപ്പോഴാണ് എന്തോ കടാക്ഷം കൊണ്ട് സ്കൂളിൽ പ്രാർത്ഥനമണി മുഴങ്ങുന്നത് കേട്ടത്.

“ചെറിയച്ഛാ… ഞങ്ങൾ പോവാണേ, ടാറ്റാ..”

അവർ ഗേറ്റിനകത്തുകൂടി സ്കൂൾ മുറ്റത്തേയ്ക്ക് ഓടുന്നത് കണ്ടപ്പോൾ മഞ്ജുമോൾ ചോദിച്ച ആ ചോദ്യം അയാളുടെ മനസ്സിൽ നിന്ന് കറങ്ങി..

കുട്ടിയായ അവളിന്ന് ഇത് ചോദിച്ചെങ്കിൽ, താൻ ചെയ്തു കൊണ്ടിരിക്കുന്നത് എത്ര വലിയ അപരാധമാണ്… തന്നെ വിശ്വസിച്ചു ജീവിക്കുന്ന ഏട്ടനെ ഇത്രയും കാലം പറ്റിക്കുവായിരുന്നില്ലെ..

ഓരോന്നാലോചിച്ചു, ആ സ്കൂളിന്റെ മുന്നിൽക്കൂടി നടക്കുമ്പോൾ അയാളൊരു തീരുമാനമെടുത്തു.

ഇന്നത്തോടു കൂടി, സകല തല്ലും വഴക്കു അവസാനിപ്പിക്കണം. എന്റെ, ഏട്ടനു വേണ്ടി.. മനുവിനും മഞ്ജുവിനും വേണ്ടി..

ദിവസങ്ങൾ പോകപോകെ ജീവിതം സന്തോഷവും തൃപ്തികരവുമായി മുന്നോട്ട് പോയി

ഇതിനിടയിൽ അടുപ്പം ഉള്ളവർ ചിലർ അവർക്കുവേണ്ടി തല്ലുകൂടാൻ പലപ്പോഴായി അവനെ ക്ഷണിച്ചുവെങ്കിലും പോകാൻ അവൻ കൂട്ടാക്കിയില്ല..

പകൽസമയങ്ങളിൽ മാർക്കറ്റിൽ വരുന്ന ലോഡിറക്കിയും,ബാക്കി സമയങ്ങളിൽ അടുത്തുള്ളോരു കടയിൽ തടിപ്പണിയ്ക്കായും നിന്നു, കിട്ടുന്ന പണമത്രയും വീട്ടുചെലവിനും കുട്ടികൾക്കുമായ് ചിലവിട്ടു.

ഒരിക്കൽ, ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങാൻ തുടങ്ങിയ വൈശാഖ് ഒരു മിന്നായം പോലെയാണ് അത് കണ്ടത്, അൽപ്പം അകലെ ഒരു ആൾക്കൂട്ടം

ധൃതിയിൽ അവൻ അവിടേയ്ക്ക് നടന്നു

ഒരു ഉമ്മയും, കൂടെ പതിനേഴുവയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺ കുട്ടിയെയും നടുവിൽ നിർത്തി ഒരാൾ അസഭ്യം പറയുന്നു, അത് ചോദ്യം ചെയ്ത ആളോടായി അയാൾ പറഞ്ഞു

”നിങ്ങള് കേൾക്കണം, ഒന്നരക്കൊല്ലത്തോളമായി മോളുടെ നിക്കാഹെന്നും പറഞ്ഞു ഇവർ പണം വാങ്ങിയിട്ട് , ചോദിക്കുമ്പോ, അവധി ചോദിക്കലും പൂങ്കുണ്ണീരും ..ഞാനെന്താ ചെയ്യേണ്ടത്..?”

വൈശാഖ് അവർക്കിടയിലൂടെ നുഴഞ്ഞു കയറി മുൻപിലെത്തി

“എന്താ, പ്രശ്നം..?

“കടം വാങ്ങിയിട്ട് തിരിച്ചു കൊടുക്കുന്നില്ല..”കൂട്ടം കൂടിനിന്നവരിലൊരാൾ പറഞ്ഞു.

“എന്താ ചേട്ടായിത്? പണം അവർ തരില്ലെന്ന് പറഞ്ഞില്ലല്ലോ, ഇങ്ങനെ നാട്ടുക്കൂട്ടത്തിനിടയിൽ വെച്ച് അപമാനിച്ചിട്ട് വേണോ പണം വാങ്ങാൻ.. “

“നീയേതാടാ, ചെക്കാ .. ???”

“ഞാൻ ആരെന്നുള്ളതല്ലല്ലോ ഇവിടെ വിഷയം. അവർ പണം തരും. ഇത്തിരി സമയം കൂടി അവർക്ക് കൊടുക്ക്..”

“സമയം, അവധി പറയാൻ തുടങ്ങിയിട്ട് ഇപ്പൊ ഇത് ഒരു ഒന്നര കൊല്ലം ആയി.. “

”എന്റെ മോനേ…ഒന്ന് പറ മോനേ,പണം എങ്ങനെയെങ്കിലും കൊടുക്കാംന്ന് ഇത്തിരി സാവകാശം..അവരുടെ കണ്ണുകൾ നിറഞ്ഞു

“ഇല്ലില്ല ഒരു സാവകാശവുമില്ല കാശിപ്പോ ഇവിടെ തരണം .. ഇല്ലെങ്കിൽ ഇറങ്ങിക്കോ ഈ വീട്ടിൽ നിന്ന്.. “

അവർ കരഞ്ഞുകൊണ്ട് തന്റെ മകളെ ചേർത്ത് പിടിച്ചു

അത് കണ്ടപ്പോൾ വൈശാഖ്നു വളരെ സങ്കടം തോന്നി, തന്റെ അമ്മ അവന്റെ മുന്നില് നിന്ന് കരയുന്നത് പോലെ അവനു തോന്നി..

“എത്രയാ അവര് തരാനുള്ളതു..? “വൈശാഖ് രണ്ടും കല്പിച്ചു അയാളോട് ചോദിച്ചു

“രൂപ അന്മ്പതിനായിരം തരാനുണ്ട്, പലിശ വേണ്ട എന്റെ മുതല് കിട്ടിയാൽ മതി “

“അത്രേ അല്ലെ ഉള്ളു അത് ഞാൻ തരാം ഒരു മാസത്തെ സമയത്തിനകം

അവന്റെ സംസാരം കേട്ട് എല്ലാവരും ഒന്ന് ഞെട്ടി

“നീയാരാ ഇവരുടെ..?? ” പെട്ടന്നായിരുന്നു വാസുവിന്റെ ചോദ്യം

“ഞാൻ ആരായാലും ചേട്ടന് കാശ് കിട്ടിയാൽ പോരേ.. “

“ശരി , ഇത്രയും നാട്ടാരുടെ മുന്നില് വച്ച് നീ പറഞ്ഞതല്ലേ ഞാൻ സമ്മതിച്ചു, ഇന്നേയ്ക്ക് ഒരുമാസം കഴിയുമ്പോ ഞാൻ വരും. എന്റെ പണം തന്നില്ലെങ്കിൽ ഉണ്ടല്ലോ.. നീ എന്റെ സ്വഭാവം അറിയും

“ഇയാളെന്തിനാ അവരെ സഹായിക്കുന്നത്..?? “

കൂടി നിന്നവർ മുറുമുറുക്കലോടെ നാലു ഭാഗത്തേയ്ക്കും പിരിഞ്ഞു, വൈശാഖ് ആ ഉമ്മയുടെ അടുത്തേയ്ക്ക് കുറച്ചു കൂടി നീങ്ങി നിന്നു

“ഉമ്മാ വിഷമിക്കണ്ട , അയാളുടെ പൈസ ഞാൻ കൊടുത്തു കൊള്ളാം.. ” “നിവർത്തിക്കേട്‌ കൊണ്ടാണ് മോനെ, ഇവളില്ലായിരുന്നെങ്കിൽ ഞാൻ ഒന്നും നോക്കില്ലായിരുന്നു തെരുവിലേയ്ക്കാന്നേലും ഇറങ്ങിയേനെ..പക്ഷേ എന്റെ മോള്.. “

“ഇവൾക്ക് മേലെ ഒരു മോള് കൂടി ഉണ്ട് ആമിന, ഓളെ കെട്ടിക്കാൻ വാങ്ങിയ കാശാണ്.. മോൻ വന്നില്ലായിരുന്നെങ്കിൽ എന്നെയും എന്റെ മോളെയും ഈ തെരുവിലേയ്ക്കയാൾ ഇറക്കി വിട്ടേനെ..

“അങ്ങനെ ഒന്നും ഇല്ലുമ്മ, ഉമ്മാ വിഷമിക്കാതെ ചെല്ല്.. “

പടച്ചോൻ മോനേഅനുഗ്രഹിക്കും..”

ആ ഉമ്മ തന്റെ മകളെയും കൂട്ടി പെരയ്ക്കകത്തേയ്ക്ക് പോയപ്പോൾ കാശുണ്ടാക്കാൻ ഉള്ള വഴി ആണയാൾ ആലോചിച്ചതു..അപ്പോഴാണ് ഒരിക്കൽ മുതലാളി, തന്റെ കമ്പനിയിലെ ജോലിക്ക് വരുന്നോ എന്ന് ചോദിച്ചതു അവന്റെ ഓർമ്മയിൽ വന്നത്

സംഗതി ഇത്തിരി കുഴപ്പം പിടിച്ച പണിയാണ്, രാത്രി സ്പിരിറ്റ്‌ കടത്തുക, അന്ന് അതിനെ എതിർത്തെങ്കിലും ഇപ്പൊ അതിന് പോയാൽ കൊള്ളാമെന്ന് അവനു തോന്നി

“മുതലാളി , ഈ ഒരു തവണത്തേയ്ക്ക് മാത്രമേ ഉള്ളു കേട്ടോ.. കാശിനു അത്ര അത്യാവശ്യം ആയത് കൊണ്ടാണ്.. “

“എനിക്കറിയാടാ നീ ഈ രാത്രി ഒന്ന് കടത്തി താ പിന്നത്തെ കാര്യം പിന്നെ നോക്കാം.. “

അന്ന് രാത്രി വീട്ടിൽ പോകാതെ, സകല ദൈവങ്ങളേയും പ്രാർത്ഥിച്ചു കൊണ്ട് അയാൾ വണ്ടി സ്റ്റാർട്ട്‌ ചെയ്തു

**************

ദിവസങ്ങൾ കൊഴിഞ്ഞുപോയി

ഒരുദിവസം രാത്രിയിൽ വൈശാഖ് പുറത്തേയ്ക്ക് പോകുന്നത് കണ്ട് സുദേവന് പിന്നാലെ ചെന്നു

“നീ ഇതെങ്ങോട്ടാ ഈ രാത്രിയിൽ.. കുറച്ചു ദിവസായല്ലോ.. “

“ജോലി ഉണ്ട് ഏട്ടാ..”

“ജോലിയോ ഈ രാത്രിയിലോ..?? “

അവൻ ഉള്ള കാര്യം എല്ലാം ഏട്ടനോട് പറഞ്ഞു

“കാര്യം ഒക്കെ നല്ലത് തന്നെ , പക്ഷേ നീ എങ്ങനെയാ കാശ്ണ്ടാക്കുന്നത്..?? “

“അത് ഞാൻ പിന്നെ പറയാം ഏട്ടാ.. “

അയാൾ പുറത്തെ ഇരുട്ടിലേയ്ക്ക് നടന്നു. തെറ്റിൽ നിന്ന് തെറ്റിലേയ്ക്ക് പോകുമ്പോഴും ഇതൊക്കെ നല്ലതിന് വേണ്ടി ആണല്ലോ എന്നതായിരുന്നു ആകെ ആശ്വാസം

അങ്ങനെ വാസു പറഞ്ഞ ദിവസമെത്തി

അയാൾ തന്റെ പതിവ്കൾ തെറ്റിക്കാതെ പൈസ വാങ്ങാൻ കൃത്യമായി ആ ഉമ്മയുടെ വീട്ടിലെത്തി

പുസ്തകം വായനയിലായിരുന്ന റസിയ പെട്ടന്ന് തന്റെ ഉമ്മയെ വിളിച്ചു

“വാസുവൊ, കയറിയിരിക്ക്.. “

അവർ പരിഭ്രമത്തോടെ പറഞ്ഞു

“ഞാൻ നിങ്ങളുടെ സ്വീകരണം വാങ്ങാൻ വന്നതല്ല എന്റെ പൈസ എവിടെ..?? “

“വാസു, ഞാനല്ലേ തന്നോട് പൈസ തരാന്ന് പറഞ്ഞത് അവരെ ബുദ്ധിമുട്ടിക്കണ്ട..

പിന്നിൽ നിന്നും വൈശാഖന്റെ ശബ്ദം കേട്ടതും അയാൾ ഞെട്ടി തിരിഞ്ഞു

“പലിശ അടക്കം ഒരു ലക്ഷം ഉണ്ട്. ഇനി അവരെ ശല്യം ചെയ്യരുത്.. “

“എന്റെ കാശ് കിട്ടിയാൽ പിന്നെ ഞാനെന്തിനാ ശല്യം ചെയ്യുന്നേ..”

അയാൾ കാശ് വാങ്ങി പോക്കറ്റിൽ ഇട്ട് നടന്നു. പോകുന്നതിനിടയിൽ അയാൾ പുഞ്ചിരിച്ചു

“കിളുന്ത്‌ പെണ്ണല്ലേ അകത്ത്, മ്മ് ചെല്ല് ചെല്ല്.. “

“ഡാ…

വൈശാഖ് കലിപൂണ്ടു അയാൾക്ക് നേരെ കയ്യോങ്ങി

അതേസമയം വൈശാഖന്റെ വീട്ടിൽ,

“ഇപ്പൊ ഞാൻ പറഞ്ഞത് എങ്ങനെയുണ്ട്, അവനു പല ബിസിനസും ഉണ്ട് അപ്പുറത്തെ നാരായണി ഏട്ടത്തി പറയുന്നത് കേട്ടതാ കവലയിൽ ഏതോ പെണ്ണിന്റെ പേരും പറഞ്ഞു തല്ല് കൂടുന്നുന്ന് പോരാത്തേനു സ്പിരിറ്റ്‌ കച്ചോടവും..

സൂക്ഷിച്ചോ

നിങ്ങളെ പോലീസ് കൊണ്ട് പോകാതെ…”

അപ്പോഴാണ് പുറത്തു ഒരു വണ്ടിയുടെ ശബ്ദം കേട്ടത്,

വിശന്ന വയറുമായി പതിവുപോലെ പലഹാരപ്പൊതിയുമായി വരികയായിരുന്നു വൈശാഖ് , അയാളെ കണ്ടതും മനുവും മഞ്ജുവും ആവേശത്തോടെ ഓടി അയാൾക്കരികിൽ ചെന്നു.

“ആ ദേ അനിയൻ വരുന്നുണ്ടല്ലോ.. “

ഭാമയുടെ സംസാരം കേട്ടതും കലിപൂണ്ടു അയാൾ ഇരിപ്പിടത്ത് നിന്നെഴുന്നേറ്റു പുറത്തേയ്ക്ക് ചെന്നു

ചെറിയച്ചൻ കൊണ്ടുവന്ന പലഹാരപ്പൊതി മക്കൾ രണ്ട് പേരും ഇരുകൈകളും കൊണ്ടു വാങ്ങി, അകത്തേക്കു നടക്കുമ്പോഴാണ്, മുന്നിൽ സുദേട്ടൻ കലിപൂണ്ടു നിൽക്കുന്നത് കണ്ടത്

അയാൾ കുട്ടികളെ അകത്തേയ്ക്ക് പറഞ്ഞു വിട്ട് ,അവരെ തല്ലാൻ ഉപയോഗിച്ചിരുന്ന ചൂരലിന്റെ കഷ്ണമെടുത്തു. വൈശാഖനെ തലങ്ങും വിലങ്ങും തല്ലി, നാട് വിറപ്പിച്ചു നിർത്തുന്ന അയാൾ ചേട്ടന് മുന്നില് ഒരക്ഷരം പോലും മിണ്ടാതെ തലകുമ്പിട്ടു നിന്നു

“മതി, ഇനി ഇവിടെ നിന്റെ തോന്നിവാസം നടക്കില്ല..ഇപ്പൊ ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്ന്… ഇനി എന്റെ മുന്നില് മേലാൽ നിന്നെ കാണരുത്

സുദേവൻ,അനിയന്റെ മുഖത്തേക്കു നോക്കി അത്രയും പറഞ്ഞു വാതിൽ കൊട്ടിയടച്ചു.

“ഇത് മുൻപേ, ചെയ്യേണ്ടതായിരുന്നു..” ഭാമ പിന്നിൽനിന്നു പറഞ്ഞു.

ഏട്ടന്റെ മുന്നിൽ നിന്നും, നനഞ്ഞ മിഴികളുമായി ഇറങ്ങിപ്പോകുമ്പോൾ, അടികൊണ്ട് തിണിർത്ത ശരീരത്തേക്കാളും, അവന്റെ മനസ് വളരെ നൊന്തു..

രണ്ടുദിവസത്തിനു ശേഷം, പതിവുപോലെ സുദേവൻ ഓട്ടോറിക്ഷയുമായി പുറത്തേക്കു പോകാൻ ഇറങ്ങിയപ്പോഴാണ്, മജീദ് എന്നൊരു മുസ്‌ലിയാർ മുന്നിലേക്ക് വന്നുപെട്ടത്.

“വൈശാഖിൻ്റെ ഏട്ടനല്ലേ…?”

“അതെ, നിങ്ങളാരാ..?”

“ഞാനൊരു മുസലിയാരാണ്, ഇങ്ങള് അവനെ വീട്ടീന്ന് ഇറക്കിവിട്ടല്ലേ..

ഇങ്ങളെന്തു മനുഷ്യനാണപ്പാ.. അനിയനെ, പെരെടെ പുറത്താക്കിയിട്ട്, ആ കൊച്ചന്റെ മനസ്സ്, ഇങ്ങള് അറിഞ്ഞിലല്ലൊ..ഇങ്ങള്കരുതുന്നപോലെ, ഓന് തെമ്മാടിയൊേന്നുമല്ല.. മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന അവൻ പടച്ചോനു പോലും പ്രിയപ്പെട്ടവനാ..”

“അനക്കറിയോ,ഏട്ടനെന്ന് പറഞ്ഞാ അവനു ജീവനാ .. നാട് വിറപ്പിക്കുന്ന അവനു ആകെ പേടി അന്നെയാ..അത് എന്ത്‌ കൊണ്ടാണെന്ന് അറിയോ , അന്നെ പെരുത്ത്ഷ്ടമായതുകൊണ്ടാ..എന്നിട്ട്, ഇങ്ങള് ഓനോട്‌ കാട്ടിയതെന്താ .

ഓനെന്തിനാ ഇങ്ങനെയൊക്കെ കാട്ടി ക്കൂട്ടിയത് എന്നെങ്കിലും ചോദിച്ചോ..?

സുദേവന് ഒന്നും മിണ്ടാതെ തല ചെരിച്ചു വെച്ചു

ഇങ്ങള്, ഓനെ തിരികെ വിളിക്കണം, ഇല്ലെങ്കിൽ, പടച്ചോൻ പൊറുക്കൂല..”

അതും പറഞ്ഞു,അയാൾ നടന്നകലുമ്പോൾ സുദേവന്റെയുള്ളു കുറ്റ ബോധത്താൽ വിങ്ങി. അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ അവനായിരുന്നു എല്ലാം..വിവാഹം കഴിഞ്ഞതിനു ശേഷവും അങ്ങനെ തന്നെ..എന്തുണ്ടെങ്കിലും പരസ്പരം പറയുമായിരുന്നു

“ശരിയാ അവൻ ഒക്കെ എന്നോട് പറഞ്ഞതാ ഞാനാ…ഞാനാ തെറ്റ് ചെയ്തത്.. “

അച്ഛന്റെയും അമ്മയുടെയും അസ്ഥിതറയിലേയ്ക്ക് നോക്കി അയാൾ പൊട്ടി കരഞ്ഞു

അതേസമയം,വഴിയോരത്തുള്ള കടത്തിണ്ണയിൽ ലോഡിറക്കിയ ക്ഷീണത്തിൽ, മയങ്ങിപ്പോയ വൈശാഖിനെ കൂട്ടുകാർ വിളിച്ചുണർത്തി

“വൈശാഖ്…പണി തുടങ്ങാറായി..

കയ്യുകൾ കൊണ്ട് മുഖം പൊത്തിയിരുന്ന അവൻ, അവിടെ നിന്നും മെല്ലെയെഴുന്നേറ്റു. മുഖമുയർത്തിയതും, മുന്നിൽ ഏട്ടനെക്കണ്ട് അയാൾ ഞെട്ടി.

രണ്ടുദിവസം കൊണ്ട് അയാളാകെ കോലം കെട്ടുപോയിരുന്നു,

“ഏട്ടൻ..”

“വൈശാഖ്, ഇതെന്ത്‌ കോലമാടാ..”

അയാളവന്റെ തോളിൽ കൈകൾ വെച്ചു.

അവൻ, ഏട്ടൻ കാണാതെ കരച്ചിൽ ഉള്ളിലടക്കി പിടിച്ചു.

“നീ, വാ വീട്ടിലേയ്ക്ക്..”

“ഏട്ടൻ പൊയ്ക്കോ… ഞാൻ വരുന്നില്ല വീട്ടിലേക്ക്..ഇവിടെ എനിക്ക് സുഖമാ..” കടത്തിണ്ണയിലേക്ക് നോക്കി അയാൾ പറഞ്ഞു

“നിന്നെ തല്ലാനും ശാസിക്കാനും ഉള്ള അധികാരം എനിക്കുണ്ട് അതുകൊണ്ട് പറയുക , എന്നോട് നീ കാണിച്ച സ്നേഹം ഒക്കെ സത്യം ആണെങ്കിൽ ഇന്ന് വൈകുന്നേരത്തിനകം നീ വീട്ടിലേയ്ക്ക് വരണം കുട്ടികൾക്കുള്ള പലഹാര പൊതിയുമായി, അവർ നിന്നെ കാത്തിരിക്കും.. നീ വന്നില്ലെങ്കിൽ പിന്നെ നിനക്ക് ഇങ്ങനെ ഒരു ഏട്ടനില്ല…”

അതും പറഞ്ഞു, സുദേവൻ അവിടെ നിന്നും പോയി…

അന്നു വൈകുന്നേരം, വൈശാഖ് പണികഴിഞ്ഞു വീട്ടിലേയ്ക്ക് പോയി ഏട്ടന്റെയും ഏട്ടത്തിയുടെയും മുഖത്തു എങ്ങനെ നോക്കും എന്നൊരു ചിന്ത അവന്റെ ഉള്ളിൽ നിറഞ്ഞു നിന്നു, തളർന്ന മിഴികളോടെ അവൻ അകത്തേയ്ക്ക് നോക്കി

വരാന്തയിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന മനുവും മഞ്ജുവും,മുന്നിൽ ചെറിയച്ഛനെ കണ്ടതും അവരുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി

“ചെറിയച്ചാ… “

അവർ സന്തോഷം കൊണ്ട് ഓടിചെന്നു അയാളെ തങ്ങളുടെ കയ്യ്കൾ കൊണ്ട് വരിഞ്ഞു മുറുക്കി

“എന്തിനാ ചെറിയച്ഛാ,ഞങ്ങളെ ഇട്ടിട്ട് പോയേ.. അച്ഛൻ ഞങ്ങളെയും തല്ലാറുണ്ടല്ലോ.. വഴക്ക് പറയുവല്ലോ, എന്നിട്ട് ഞങ്ങളൊന്നും വീട്ടിന്നു പോണില്ലല്ലൊ..”

“ചെറിയചൻ പോയേ പിന്നേ ഞങ്ങൾക്ക് എന്ത്‌ മാത്രം വിഷമം ആയീന്നറിയോ.., ഇനി ഞങ്ങള് ചെറിയചനെ എങ്ങോട്ടും വിടില്ല “

രണ്ടുപേരും അയാളെ വിടാതെ കെട്ടിപിടിച്ചു

എല്ലാം കണ്ട് കൊണ്ട് അകത്തെ മുറിയിൽ നിന്നും പുഞ്ചിരിയോടെ ഏട്ടൻ തന്റെ അനിയനെ സ്വീകരിക്കാനായി പുറത്തേയ്ക്ക് വന്നു

“കണ്ടോടി എന്നെക്കാളും കാര്യം അവർക്ക് അവനെയാ.. ” അയാൾ ചിരിച്ചു കൊണ്ട് ഭാര്യയോട് പറയുമ്പോൾ മുറ്റത്തു വാത്സല്യം കൊണ്ട് പൊതിയുകയായിരുന്നു ആ രണ്ട് മക്കളെയും അവരുടെ ചെറിയചൻ..

അപ്പോഴും വീടിനു എതിർവശം ചേർന്നുള്ള അസ്ഥിത്തറയിൽ കെടാവിളക്ക് പോലെ രണ്ട് തിരി നാളം കൂടുതൽ പ്രഭയോടെ ജ്വലിച്ചു നിന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *