വാച്ച് കെട്ടിയ ഭംഗിയുള്ള കൈകൾ
Story written by Sheeba Joseph
ബസ്സിനുള്ളിൽ നല്ല തിരക്കുണ്ടായിരുന്നു. ഉന്തും തള്ളും. സൂക്ഷിച്ചും കണ്ടും നിന്നില്ലേൽ തോണ്ടും തലോടലും കിട്ടുമെന്നുറപ്പാണ്.
രമ്യ, ഒരു സീറ്റിൻ്റെ ഇടയിലേയ്ക്ക് കയറി ചേർന്ന് നിന്നു. ആ സീറ്റിൻ്റെ അറ്റത്ത് ഇരുന്നിരുന്ന ചേച്ചി അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ അവൾ അവിടെയിരുന്നു.
“അറ്റത്തെ സീറ്റായത് കൊണ്ട് തന്നെ ചാരി നിന്നു വിശ്രമിക്കാൻ ആളുകൾ വരും.”
അവളിരുന്ന സീറ്റിൻ്റെ പുറകിൽ ഒരാൾ നിൽപ്പുണ്ട്. വണ്ടിയിൽ തിരക്ക് കൂടി വന്നു. പെട്ടെന്നയാൾ മുന്നോട്ട് കയറി വന്ന് അവളിരുന്ന സീറ്റിൻ്റെ പുറകിലും മുന്നിലും ഉള്ള കമ്പിയിൽ പിടിച്ച് നിന്നു. അവളുടെ ശരീരത്ത് സ്പർശിക്കാത്ത രീതിയിൽ അകന്നാണ് നിൽക്കുന്നത്. ആ രണ്ടു കൈകളുടെ സുരക്ഷിതത്വം അവൾക്ക് നന്നായി കിട്ടുന്നുണ്ടായിരുന്നു.
“ഒരു കോട്ട പോലെ നിന്നു ആ കൈകൾ.”
അയാൾ, അവളെ ശ്രദ്ധിക്കുന്നുപോലും ഉണ്ടായിരുന്നില്ല.
രമ്യ, അയാളുടെ കൈകളിലേക്ക് തന്നെ നോക്കിയിരുന്നു. “നല്ല ഭംഗിയുള്ള കരുത്തുള്ള കൈകൾ. മെറൂൺ നിറത്തിലുള്ള സ്ട്രാഫിന്റെ വാച്ച് അയാൾക്ക് നന്നായി ചേരുന്നുണ്ട്. വിരലുകൾ കാണാൻ നല്ല ഭംഗിയുണ്ട്. നഖങ്ങൾ നല്ല ഭംഗിയിൽ വെട്ടി നിർത്തിയിരിക്കുന്നു.”
അയാളുടെ കൈകളിലേയ്ക്ക് തന്നെ നോക്കിയിരുന്നു സമയം പോയതറിഞ്ഞില്ല. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയിരുന്നു. കണ്ടക്ടർ ബെല്ലടിച്ചു നിർത്തി. അവൾ ഇറങ്ങാൻ എഴുന്നേറ്റയുടനെ അയാൾ സൈഡിലേയ്ക്ക് ഒതുങ്ങി മാറി നിന്നു.
അയാൾക്കും, അതേ സ്റ്റോപ്പിൽ തന്നെയായിരുന്നു ഇറങ്ങേണ്ടിയിരുന്നത്.
“ബസ്സിറങ്ങി അവർ രണ്ടുപേരും രണ്ടു വഴിക്കാണ് പോയത്. “
പതിവായി, രാവിലെയും വൈകുന്നേരവും അവർ രണ്ടുപേരും മിക്കവാറും ദിവസങ്ങളിൽ ഒരേ ബസ്സിൽ തന്നെയായിരിക്കും വരുന്നതും പോകുന്നതും.
പരസ്പരം, കാണാറുണ്ടെങ്കിലും അവർ തമ്മിൽ പരിചയപ്പെട്ടിരുന്നില്ല.
രമ്യ, അയാളുടെ മുഖത്ത് പോലും നേരെ നോക്കിയിരുന്നില്ല. അയാൾ അവളെ ശ്രദ്ധിക്കുന്നതായിട്ടും അവൾക്ക് തോന്നിയിരുന്നില്ല.
നല്ല തിരക്കുള്ള ഒരു ദിവസം, അവളെ പ്രൊട്ടക്ട് ചെയ്യാറുള്ള അയാളെ അവൾ കണ്ടില്ല…?
അവളുടെ കണ്ണുകൾ ബസ്സിനുള്ളിൽ പരതിയെങ്കിലും അവിടെയെങ്ങും അയാളെ കണ്ടില്ല. “അവൾക്കെന്തോ ഒരു ശൂന്യതാബോധം തോന്നി. പെട്ടെന്ന് ഒറ്റയ്ക്കായി പോയതു പോലെ. “
അടുത്ത രണ്ടു ദിവസവും ഇതേ അനുഭവം ആയിരുന്നു. അയാൾ, ഇനി വരില്ല എന്നു തന്നെ കരുതി. അന്നും ബസ്സിനുള്ളിൽ നല്ല തിരക്കായിരുന്നു. തിരക്ക് കൂടി വന്ന ഒരു സമയത്ത്, തിരക്കിൽ നിന്നും ഒതുങ്ങി നില്ക്കാൻ അവൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു. ഒരു സീറ്റിന് ഇടയിലേക്ക് അവൾ കയറി നിന്നു. പെട്ടെന്ന് രണ്ട് കൈകൾ അവൾ നിന്നിരുന്ന സീറ്റിന്റെ രണ്ടു കമ്പികളിലും പിടിച്ചു നീങ്ങി നിന്നു.
“ആ ഭംഗിയുള്ള കൈകളുള്ള ആളായിരുന്നു അത്.”
അന്നാദ്യമായി അവൾ അയാളെ നോക്കി പുഞ്ചിരിച്ചു. അവൾക്കയാളോട് ഒരു പരിചയക്കുറവും തോന്നിയില്ല. ഒരുപാട് കാലത്തെ പരിചയം പോലെയായിരുന്നു അവൾ സംസാരിച്ചത് .
എവിടെയായിരുന്നു രണ്ട് ദിവസം, കണ്ടില്ലല്ലോ?
“അയാളും തിരിച്ച് അതുപോലെ തന്നെയായിരുന്നു അവളോട് സംസാരിച്ചത്. ഒരുപാട് നാളത്തെ പരിചയം ഉള്ളതുപോലെ ആയിരുന്നു.”
എൻ്റെ അമ്മയുടെ വീട് വരെ ഒന്ന് പോയി.?
“അത്രയേ ഉണ്ടായിരുന്നുള്ളൂ അവരുടെ സംസാരങ്ങൾ. “
പിന്നീട്, ബസ്സിലുള്ള കണ്ടുമുട്ടലുകളിൽ പരസ്പരം ഒരു പുഞ്ചിരി കൈമാറിയിരുന്നു എന്നതിലപ്പുറം എടുത്തു പറയത്തക്ക യാതൊന്നും അവരുടെ ജീവിതത്തിൽ സംഭവിച്ചില്ല.
പിന്നീടുള്ള ദിവസങ്ങളിൽ അവൾ അയാളെ കാണാൻ വേണ്ടി മാത്രം ആ ബസ്സിൽ കയറുന്നതു പോലെ ആയിരുന്നു. അയാൾ ഇല്ലാത്ത ദിവസം അവൾക്കാ ബസ്സ് ഒരു ശൂന്യതാബോധം നൽകി.
എന്തായിരുന്നു തനിക്ക് സംഭവിക്കുന്നത് എന്ന് അവൾക്കറിയില്ലായിരുന്നു.?
“അവളുടെ ഉള്ളിലെവിടെയോ ഒരു തുടിപ്പ് പോലെ അയാളോടുള്ള പ്രണയം ഉണ്ടായി തുടങ്ങിയിരുന്നു. അവളുടെ സ്വപ്നങ്ങളിൽ അയാൾ നിറഞ്ഞു നിന്നു. എങ്കിലും അവളത് പുറമേ ഭാവിച്ചതേയില്ല.”
അയാൾ ഒരിക്കലും ഒരു നോട്ടം കൊണ്ടോ, വാക്കു കൊണ്ടോ അവളിൽ ഒരു താല്പര്യം ഉണ്ടെന്ന് തോന്നിപ്പിച്ചിരുന്നില്ല.
ഒരു ദിവസം ജോലി കഴിഞ്ഞ് രമ്യ തിരിച്ചു വരുമ്പോൾ ബസ്റ്റോപ്പിൽ മുഴുവൻ ആളുകൾ നിറഞ്ഞു നിൽക്കുന്നു. “ആംബുലൻസുകൾ തലങ്ങും വിലങ്ങും വലിയ ശബ്ദം ഉണ്ടാക്കി പായുകയാണ്. “
എന്താ പറ്റിയതെന്ന് അവൾക്കൊരു നിശ്ചയവും ഉണ്ടായിരുന്നില്ല..?
എന്താണ് പറ്റിയതെന്ന് അവൾ അന്വേഷിച്ചു.?
“ചേച്ചി അത്, ഒരു ബസ് ബ്രേക്ക് പോയി ഇവിടെ നിന്ന ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറി. കുറെ പേർക്ക് കാര്യമായ പരിക്കുണ്ട്.”
“രമ്യ അയാളെ അവിടെയെല്ലാം പരതിയെങ്കിലും അവിടെയെങ്ങും കണ്ടില്ല.”
ആയാൾ വരാറാകുന്നതേ ഉള്ളായിരിക്കും.?
അപ്പോഴാണ് അവളോർത്തത് അയാളുടെ പേരോ, നാടോ, വീടോ, ഫോൺ നമ്പറോ ഒന്നും തന്നെ അവൾക്കറിയില്ലായിരുന്നുവെന്ന്.
ആംബുലൻസുകളുടെ വരവും നിലവിളിയും അവിടെ മുഴുവൻ നിറഞ്ഞുനിന്നു. ആളുകൾ തലങ്ങും വിലങ്ങും പായുകയാണ്.
“ആ കുട്ടി മരിച്ചു എന്നാണ് തോന്നുന്നത്.” “ആരോ പറയുന്നത് കേട്ടു.”
അവളുടെ നെഞ്ചിൽ ഇടിത്തീ പോലെയാണ് ആ ശബ്ദം കേട്ടത്. എന്തോ ഒരു ഉൾപ്രേരണ പോലെ അവൾ അവിടെ കണ്ട ആംബുലൻസിലേയ്ക്ക് എത്തി നോക്കി. അതിനുള്ളിലെ ബെഡിൽ ഭംഗിയുള്ള ആ കൈകൾ അവൾ കണ്ടു.
അയ്യോ,അതയാളല്ലെ.?
“അവൾ ഉച്ചത്തിൽ നിലവിളിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.”
കുട്ടിയുടെ ആരാണ് ഇത്.? ഇയാളുടെ പേര് എന്താണ്.? കുട്ടിയ്ക്ക് അറിയാവുന്ന ആളാണോ ഇത്.? “ആണെങ്കിൽ, കൂടെ കേറിയ്‌ക്കോ.”
അവൾക്ക് കൂടുതലൊന്നും ആലോചിക്കാൻ ഇല്ലായിരുന്നു. “ആംബുലൻസി നുള്ളിൽ അയാളുടെ അരികിൽ അവളിരുന്നു. മുഖം മുഴുവൻ ര ക്തം പടർന്നിരുന്നു.”
” അനക്കമില്ല. ” “അയാളുടെ, വാച്ച് കെട്ടിയ ഭംഗിയുള്ള കൈ താഴേയ്ക്ക് തൂങ്ങി കിടക്കുന്നു. അവൾ അയാളുടെ കൈ എടുത്ത് തൻ്റെ കൈക്കുള്ളിൽ ആക്കി മുറുക്കി പിടിച്ചു. ആ കൈകൾക്ക് ഒരു ബലവും തോന്നിയില്ല.”
ആംബുലൻസ് അതിവേഗം പായുകയാണ്. പെട്ടെന്നു തന്നെ ഹോസ്പിറ്റലിൽ എത്തി. അയാളെ പെട്ടെന്നു തന്നെ അകത്തേയ്ക്ക് കൊണ്ടുപോയി. അവിടെ മുഴുവൻ ആളുകൾ തിങ്ങി നിറഞ്ഞിരുന്നു.
“മൂന്നു പേര് അപ്പോഴേ മരിച്ചു, അതിലൊരു കൊച്ചു കുട്ടിയും ഉണ്ട്.”
അവരിലൊരാൾ പറയുന്നത് കേട്ടു.
അലമുറയിട്ടുള്ള കരച്ചിലും, തേങ്ങലുകളും അവിടെ അലയടിച്ചു കൊണ്ടിരുന്നു. അവൾ ആദ്യമായിട്ടായിരുന്നു ആ ഹോസ്പിറ്റലിൽ എത്തുന്നത്.
അയാളെ എങ്ങോട്ടായിരിക്കും കൊണ്ടുപോയത്.? റിസപ്ഷനിൽ ചെന്ന് അന്വേഷിച്ചു നോക്കാം..
മാഡം, ഇപ്പോൾ ആംബുലൻസിൽ കൊണ്ടുവന്ന ആളെ എങ്ങോട്ടാണ് കൊണ്ടുപോയത്. ?
പേരെന്താണ്.?
“അവൾക്ക് അയാളുടെ പേര് പോലും അറിയില്ലായിരുന്നു.”
അയാളുടെ പേര് എനിക്കറിയില്ല. എനിക്ക് പരിചയമുള്ള ആളാണ്.?
“കുട്ടി ഒരു കാര്യം ചെയ്യൂ.. ഇപ്പോൾ ആക്സിഡൻ്റായി വന്നവരെയെല്ലാം കാഷ്വാലിറ്റിയിലേയ്ക്കാണ് കൊണ്ടുപോയിരിക്കുന്നത്. അവിടെയൊന്ന് തിരക്കി നോക്കൂ.”
മെഡിക്കൽ കോളേജ് ആയിരുന്നു അത് . കാഷ്വാലിറ്റി തപ്പി പിടിച്ച് അവൾ അവിടെ ചെന്നു. അവിടെയെല്ലാം ആളുകൾ നിറഞ്ഞിരുന്നു. മരിച്ചു പോയ കൊച്ചു കുഞ്ഞിൻ്റെ അമ്മയുടെ നിലവിളി അവളെ ഭയപ്പെടുത്തി കൊണ്ടിരുന്നു.
അയാളെ എവിടെ തിരയും.?
“അയാളുടെ പേരോ, നാടോ, വീടോ, ഫോൺ നമ്പറോ ഒന്നും തന്നെ അവൾ ക്കറിയില്ല. അവൾ ഓരോ ബെഡ്ഡിലും പോയി നോക്കി.” “അവിടെയെങ്ങും അയാളെ കണ്ടില്ല.”
ആക്സിഡൻ്റായി കൊണ്ടുവന്നവരെ വേറെ എവിടെയെങ്കിലും കിടത്തി യിട്ടുണ്ടോ? അവൾ, അവിടെയുള്ള ഒരു നഴ്‌സിനോട് അന്വേഷിച്ചു.
“പരിക്ക് കുറവുള്ളവരെ അപ്പുറത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. അവിടെ ഒന്ന് പോയി നോക്കൂ.”
പേരറിയാത്തത് കൊണ്ട് ആരോടും തിരക്കാനും പറ്റില്ല. അവൾ അവിടെയെല്ലാം തിരഞ്ഞു. ഒടുവിൽ അവൾ കണ്ടെത്തി, ആ വാർഡിലെ അങ്ങേ അറ്റത്തെ ബെഡ്ഡിൽ മെറൂൺ നിറത്തിലുള്ള വാച്ച് കെട്ടിയ കൈകളുമായി അയാൾ കിടക്കുന്നു.
അടുത്തു ചെന്ന് അയാൾ കിടന്നിരുന്ന ബെഡ്ഢിൻ്റെ അരികിൽ അവളിരുന്നു. അയാൾ കണ്ണടച്ചു കിടക്കുകയായിരുന്നു. അയാളുടെ കൈകൾ എടുത്ത് തൻ്റെ കൈക്കുള്ളിൽ ആക്കി മുറുകെ പിടിച്ചു. അപ്പോൾ ആ കൈകൾക്ക് നല്ല ബലം തോന്നിച്ചു. പെട്ടെന്നയാൾ കണ്ണു തുറന്നു.
ആഹാ, താൻ ഇങ്ങെത്തിയോ?.
തനെന്താണ്, ഇന്ന് സ്റ്റോപ്പിൽ വരാൻ താമസിച്ചത്.? “ഞാൻ കുറെ നേരം നോക്കിയിരുന്നു.”
ഞാനിന്ന് ഓഫീസിൽ നിന്ന് ഇറങ്ങാൻ താമസിച്ചു.
പേരെന്താണ് ? “വിനോദ്.”
തൻ്റെ പേരെന്താണ്? “രമ്യ”
അതിൽ കൂടുതൽ ഒന്നുംതന്നെ അവർ തമ്മിൽ സംസാരിച്ചില്ല. ജന്മജന്മാന്ത രങ്ങൾക്ക് മുമ്പ് തന്നെ ഒന്നായവരെപ്പോലെ ഒരടുപ്പം അവർ തമ്മിൽ ഉണ്ടായിരുന്നു.
ഈ വാച്ച് എനിക്ക് തരാമോ?
“അയാളുടെ അനുവാദം പോലും അവൾക്ക് ആവശ്യമില്ലായിരുന്നു. അവൾ, അവൻ്റെ മെറൂൺ നിറത്തിലുള്ള സ്ട്രാഫിന്റെ വാച്ച് അഴിച്ചെടുത്തു.”
വാച്ചു കൊണ്ടുപോയാൽ പിന്നെ താനിനി എങ്ങനെ എന്നെ കണ്ടുപിടിയ്ക്കും.?
“അതിനെന്താ..എന്റെ ഹൃദയം ഇവിടെ വച്ചിട്ട് ആ ഹൃദയവും എടുത്തു കൊണ്ടല്ലേ ഞാൻ പോകുന്നത്.”
“ഹൃദയം എടുത്തുകൊണ്ട് പോയ ആളെ തപ്പിയെങ്കിലും ഇനി എന്നെ തിരക്കി വരില്ലേ.” പിന്നെന്തിനാണ് പേടിയ്ക്കുന്നത്.
അത് പറയുമ്പോൾ അവളുടെ കവിളുകൾ ചുവന്നു തുടുത്തു വരുന്നത് അയാൾ കണ്ടു.. അവന്റെ വാച്ചും കൈയിൽ മുറുകെപ്പിടിച്ച്അ വൾ തിരിഞ്ഞ് നടക്കുമ്പോൾ അവൻ വിളിച്ചു പറഞ്ഞു.
“അധികം തിരക്കുള്ള ബസ്സിൽ കയറണ്ട കേട്ടോ, അതുപോലെ സീറ്റിന്റെ അറ്റത്ത് ഇരിക്കുകയും വേണ്ട.” അവൾ തലയാട്ടി.
“അവന്റെ ഹൃദയവുമായി നടന്നു നീങ്ങുന്ന അവളെ നോക്കി അവൻ പുഞ്ചിരിച്ചു. അപ്പോൾ, അവളുടെ ഹൃദയം അവൻ്റെ ഉള്ളിലിരുന്ന് തുടിക്കുകയായിരുന്നു..”