കുളി കഴിഞ്ഞ് ഒരുങ്ങിക്കെട്ടി ഇറങ്ങാൻ നേരത്ത് ഉമ്മറത്തിരുന്ന് ഞാൻ ചാറ്റ് ലിസ്റ്റ് തുറന്നു നോക്കി നേരത്തെ ഇട്ട സ്റ്റാറ്റസ് എന്റെ എഫ് ബി പെങ്ങൾമാരുടെ ഹൃദയത്തിലാണ് തറച്ചതെന്ന് അപ്പോഴാണ് മനസ്സിലായത്…………

തീരുമാനം

Story written by Adarsh Mohanan

“മൂക്കത്ത് വെയിലടിച്ചിട്ടും പോത്തുപോലെ കിടന്നുറങ്ങണ കണ്ടില്ലെ, ടാ മരക്കോന്താ എണീറ്റ് പല്ലു തേക്കെടാ, എന്നിട്ടാ വണ്ടിയെടുത്തൊന്ന് കടയിൽപ്പോയി വാ.”

പുതപ്പു മാറ്റി ഒളിക്കണ്ണിട്ടു നോക്കിയപ്പോൾ മുഖം വീർപ്പിച്ച് നീളൻ കൈലും കൈയ്യിലേന്തി നിൽക്കണ അമ്മേടെ മുഖമാണ് കണ്ടത്

നല്ല ആട്ടു വെച്ചുതന്ന് തിരിഞ്ഞു നടക്കണ അമ്മേനെ നോക്കി ഉറക്കപ്പച്ചയിലെന്നോണം ഞാൻ കൊഞ്ഞനം കുത്തി

പെട്ടെന്നു തിരിഞ്ഞതും കശുമാങ്ങാ പ്ലിക്കിയ പോലുള്ള എന്റെ മോറാണമ്മ കണ്ടത്. അവിടുന്നങ്ങോട്ട് ശകാരത്തിന്റെ ശരവർഷം തന്നെയായിരുന്നു

അല്ലേലും കുരുത്തം കെട്ടവന്റെ ചന്തീല് ആലുമുളച്ചാൽ അതൊരു തണലാണെന്നമ്മ പറഞ്ഞപ്പോൾ മുഖം പുതപ്പിട്ടു മൂടി തിരിഞ്ഞു കിടക്കുകയാണ് ഞാൻ ചെയ്തത്

ഉറക്കം നടിച്ചു കിടക്കുന്നതിനിടയിൽ അച്ഛനമ്മയോട് പറയുന്നുണ്ടായിരുന്നു. അവൻ കിടന്നോട്ടെ സാധനങ്ങൾ ഞാൻ വാങ്ങിക്കൊണ്ടു വരാം എന്ന്

അതു കേട്ടപ്പോ മനതാരിൽ മഞ്ഞുകോരിയിട്ട സുഖം തോന്നി അമ്മയോടുള്ള ദേഷ്യത്തിൽ നേരെ ഞാനെന്റെ സ്മാർട്ട് ഫോൺ എടുത്ത് നേരെ എഫ്ബി തുറന്ന് സ്റ്റാറ്റസ് ഇട്ടു

“ഫീലിംഗ് എലോൺ, ആരുമെന്നെ മനസ്സിലാക്കുന്നില്ല”

സെക്കന്റ് വ്യത്യാസത്തിൽ ലെക്കും കമന്റും അന്വേഷണങ്ങളും വന്നപ്പോളാണ് മനസ്സിനിത്തിരി സമാധാനം കിട്ടിയത്.

കട്ട സപ്പോർട്ടുമായ് കൊലകൊല്ലി ഫ്രീക്കൻമാരും , എഫ് ബി പെങ്ങൾമാരും പോസ്റ്റ് ഏറ്റെടുക്കുകയായിരുന്നു.

ജീവന്റെ ജീവനായ എന്റെ കാമുകിയുടെ ‘നിനക്കു ഞാനില്ലേടാ’ എന്ന കമന്റ് മനസ്സിനെ വല്ലാതെ കോരിത്തരിപ്പിക്കും വിധത്തിലുള്ളതായിരുന്നു.

അങ്ങനെ ആനന്ദ പുളകിതനായി നിന്നു പല്ലു തേച്ചു കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ സാധനങ്ങളും താങ്ങിപ്പിടിച്ച് വീട്ടിലേക്ക് കടന്നു വരുന്നത്

വെളുക്കനെ തേച്ചു തീരുമ്പോഴേക്കും അമ്മ അടുത്ത ആജ്ഞാപനവുമായെത്തി

അഞ്ജുട്ടിക്ക് ഇന്ന് എക്സാമുള്ളതാണത്രേ ബസ്സു പണിമുടക്കയതു കൊണ്ട് നേരത്തിന് എത്തണമെന്നമ്മ പറഞ്ഞപ്പോൾ ഞാനതിനെ കർശനമായിത്തന്നെ എതിർത്തു എനിക്കിന്നൊരു മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു മാറുമ്പോഴും മനസ്സിലപ്പോ കാമുകിയുമായുള്ള കൂടിക്കാഴ്ച്ചയേപ്പറ്റിയായിരുന്നു ചിന്ത

ഒന്നും രണ്ടും പറഞ്ഞു വാക്കേറ്റത്തിലെത്തി ചൂലെടുത്തെന്റെ നടുംപുറത്തേക്കോങ്ങിയ അമ്മയെത്തടഞ്ഞതും അച്ഛനായിരുന്നു

അങ്ങിനെ ആ ദൗത്യം കൂടെ അച്ഛനേറ്റെടുത്തപ്പോൾ ഉള്ളിലാ മനുഷ്യനോട് വല്ലാത്ത മതിപ്പു തോന്നി

കുളി കഴിഞ്ഞ് ഒരുങ്ങിക്കെട്ടി ഇറങ്ങാൻ നേരത്ത് ഉമ്മറത്തിരുന്ന് ഞാൻ ചാറ്റ് ലിസ്റ്റ് തുറന്നു നോക്കി നേരത്തെ ഇട്ട സ്റ്റാറ്റസ് എന്റെ എഫ് ബി പെങ്ങൾമാരുടെ ഹൃദയത്തിലാണ് തറച്ചതെന്ന് അപ്പോഴാണ് മനസ്സിലായത്

“എന്തു പറ്റി ഏട്ടാ “

“സുഖമില്ലേ “

“ആരേലും എന്തേലും പറഞ്ഞോ”

” ചേച്ചി പിണങ്ങിയോ “

തുടങ്ങിയ ചോദ്യങ്ങൾ കണ്ടപ്പോൾ എനിക്കെന്നോടു തന്നെ ബഹുമാനം തോന്നി അപ്പോഴും കടന്നലുകുത്തിയ മോറുമായി എന്റെ സ്വന്തം പെങ്ങളായ അഞ്ജൂട്ടി എന്നേ നോക്കി കോപ്രായം കാണിക്കുകയാണ് ചെയ്തത്.

അച്ഛന്റെ പാട്ട വണ്ടിയുടെ പിറകിൽ ഞെളിഞ്ഞിരുന്നവൾ പോണത് കണ്ടപ്പോൾ പുച്ഛമാണെനിക്ക് തോന്നിയത് ഉമ്മറത്തപ്പോഴും അച്ഛൻ വാങ്ങിത്തന്ന എന്റെ ബുള്ളറ്റുമോൻ പല്ലിളിച്ചെന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു വേഗം വാ അവളെ കാണാൻ പോകേണ്ടെ എന്ന മട്ടിൽ.

അവളുമായുള്ള കൂടിക്കാഴ്ച്ചകഴിഞ്ഞ് വീട്ടിൽച്ചെന്നത് സന്ധ്യ മയങ്ങിയതിനു ശേഷമാണ് . കയറിച്ചെന്നപ്പോഴേക്കും അച്ഛൻ വാങ്ങിക്കൊടുത്ത കട്ടൻ ചായയുടേയും പരിപ്പുവടയുടെയും വീമ്പു പറഞ്ഞ പെങ്ങളെ നോക്കി ഒന്നു ചിരിക്കുക മാത്രമേ ഞാൻ ചെയ്തുള്ളു. കാരണം പ്രണയിനിയോടൊത്തു ഞാൻ കഴിച്ച പിസ്താ ഷെയ്ക്കിന്റെ നാവിൽ കൂറിയ മധുരം അപ്പോഴും വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല.

പിറ്റേന്ന് വൈന്നേരം അച്ഛനെ ഗൾഫിലേക്ക് കയറ്റി അയക്കാനുള്ള തിരക്കിലായിരുന്നു വീട്ടുകാർ, ഫോണെടുത്തു കുത്തിക്കളിക്കുന്നുണ്ടായിരുന്ന എന്നേ തുറിപ്പിച്ചു നോക്കിയ അമ്മയെ ഞാൻ തിരിച്ചും നോക്കി

കാർഡ് ബോർഡ് പെട്ടിയിൽ അച്ഛന്റെ പേരെഴുതാനും പറഞ്ഞ് എന്റെ അരികിലേക്ക് വന്ന പെങ്ങളെ ആട്ടിപ്പായിച്ചപ്പോൾ വാടിയ അവളുടെ മുഖം ഞാൻ കണ്ടില്ലെന്നു തന്നെയാണ് നടിച്ചതും

ഒരുക്കങ്ങൾക്കറുതി വരുമ്പോഴും എന്റെ ശ്രദ്ധ ഫോണിൽത്തന്നെയായിരുന്നു, പുറത്തേക്കു വന്നെന്നെ കണക്കിനു ശകാരിച്ച അമ്മയോടുള്ള എന്റെ ദേഷ്യം പിന്നേയും ഇരട്ടിക്കുകയാണുണ്ടായത്

ഉറങ്ങാൻ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു . ഉറക്കം വരാത്തതിന്റെ കാരണം പിറ്റേന്ന് അച്ഛൻ പോകുന്നതിന്റെ വേദനയല്ലായിരുന്നു , മറിച്ച് എഫ് ബി പെങ്ങൾ മാളൂട്ടിയുടെ വയറു വേദനയെന്തായാവോ എന്നോർത്തായിരുന്നു.

വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് നടക്കുമ്പോഴാണ് അച്ഛന്റെയും അമ്മേടേയും മുറിയിൽ നിന്നും സംസാരം കേട്ടത് സംസാരവിഷയം ഞാനായതു കൊണ്ടു തന്നെ വാതിലിലേക്ക് ഞാനെന്റെ കാത് കൂർപ്പിച്ചപ്പോൾ ആ സംഭാഷണ വീചികൾ എന്നെ വല്ലാതെ തളർത്തുകയാണു ചെയ്തത്.

” എടീ നീ ഇനിയവനെ വഴക്കൊന്നും പറയരുത് ട്ടോ ഇപ്പോഴത്തെ പിള്ളാർടെ കാര്യം പത്രത്തിലൊക്കെ വായിച്ചു കേൾക്കുമ്പോ പേടിയാവാ “

“സ്നേഹമില്ലാഞ്ഞിട്ടല്ലല്ലോ ഏട്ടാ അവന്റെ നന്മയ്ക്കു വേണ്ടിയല്ലെ? , ഈ വരവിന് എല്ലാം നിർത്തിപ്പോരുകയാണെന്ന് ഏട്ടനല്ലെ പറഞ്ഞത്. എത്രയാന്ന് വെച്ചിട്ടാ ഇങ്ങനെ കഷ്ട്ടപ്പെടുന്നത് ഏട്ടാ, ഉള്ളതുകൊണ്ടിനി ജീവിക്കാല്ലോ നമുക്ക്, “

“ഡോക്ടർ പറഞ്ഞത് മറന്നോ? പോരാത്തതിന് ശ്വാസംമുട്ട് കൂടിയിട്ടും ഉണ്ട് അവന്റെ മനസ്സിലിപ്പോഴും അവന്റെയച്ഛൻ ഗൾഫിൽ വലിയൊരു കമ്പനിയിലെ സൂപ്പർവൈസറാ അവിടെ ചുമട്ടു തൊഴിലാളിയായി ഏട്ടൻ അടിമപ്പണി ചെയ്യുകയാണെന്ന് അവനറിയില്ലല്ലോ,

“കഷ്ട്ടപ്പാടറിയിക്കാതെ മക്കളെ വളർത്തിയാൽ അവരതിനുള്ള വിലയേ നമുക്കു നൽകൂ ഏട്ടാ “

“അതൊക്കെ നിന്റെ തോന്നലാടി അവരെന്റെ മക്കളല്ലെ എനിക്കറിയാം അവരെ. അന്യനാട്ടിലുള്ള എന്റെ അവസ്ഥ അവരൊരിക്കലും അറിയരുത്. മനസ്സിലുള്ള ആ ചിത്രം അങ്ങനെ മായാതെ കിടക്കട്ടെ, അല്ലെങ്കിൽ നാളെയവർക്കതൊരു കുറച്ചിലായി തോന്നുo “

പാതി കേട്ടു തീർന്നപ്പോഴേക്കും എന്റെ ദാഹം ഇരട്ടിച്ചിരുന്നു ഇടനെഞ്ചിലെ മിടിപ്പ് ക്രമേണെ കൂടിക്കൂടി വന്നു ഒരുമൊന്ത വെള്ളം അണ്ണാക്കിലേക്ക് കമഴ്ത്തിയിട്ടും പാറക്കഷ്ണം വിഴുങ്ങുന്ന പ്രതീതിയായിരുന്നു

മരവിച്ച മനസ്സുമായാണ് ഞാനെന്റെ മുറിയിൽച്ചെന്നത് ഉള്ളിൽ വേദനയേക്കാളധികം കുറ്റബോധമായിരുന്നു അച്ഛൻ ഗൾഫിലാണെന്നു പറഞ്ഞ് ഒരുപാട് അഹങ്കരിച്ചിട്ടുണ്ട് ഞാൻ. അന്നൊന്നും അച്ഛനനുഭവിച്ച യാതനകളേപ്പറ്റി ഒരാവൃത്തി കൂടെ ചിന്തിച്ചിട്ടില്ല

ഓരോ തവണയും അയക്കാറുള്ള സമ്മാനങ്ങളിലും അച്ഛന്റെ വിയർപ്പിന്റെ അംശം പറ്റിയതാണെന്ന് മനസ്സിലാക്കിയത് ആ ദിവസമായിരുന്നു

തൊട്ടേനും പിടിച്ചേനുമൊക്കെ എഫ് ബി സ്റ്റാറ്റസ് ഇടാറുള്ള ഞാൻ തലക്കാം പാകത്തു നിന്നുമെന്റെ ഫോൺ മാറ്റിവെക്കുകയാണ് ചെയ്തത്.

കാരണം എനിക്കൊന്നുറക്കെ പൊട്ടിക്കരയണമായിരുന്നു. ഒപ്പം എന്റെ മനസ്സാക്ഷിയോടെനിക്ക് ചോദിക്കണമായിരുന്നു ഞാൻ ശരിയായിരുന്നോ എന്ന്

ഈ കുരുത്തം കെട്ടവന്റെ കണ്ണീരിലൊരു സത്യമുണ്ടായിരുന്നെങ്കിൽ അത് അന്നത്തേ ആ ഒരു ദിവസമായിരുന്നിരിക്കണം അതിന്റെ തുടക്കവും

ഉറങ്ങിക്കഴിഞ്ഞെന്നു കരുതി അച്ഛനെന്റെ മുറിയിലേക്ക് പ്രതീക്ഷിക്കാതെ കടന്നു വന്നു എന്റെ ശിരസ്സിലച്ഛൻ തലോടിക്കൊണ്ടിരിക്കുമ്പോളും ഉറക്കമഭിനയിച്ചു കിടന്നിരുന്ന എന്റെയുളളം പിടയുന്നുണ്ടായിരുന്നു

എനിക്കെന്റെയച്ഛനെ കെട്ടിപ്പിടിച്ചൊന്നുറക്കെ കരയണമെന്നുണ്ടായിരുന്നു, ആ പരുക്കൻ കവിളിലൊന്നു മുത്തണമെന്നുണ്ടായിരുന്നു

പലപ്പോഴും ഞാനുറങ്ങിക്കിടക്കുമ്പോൾ അച്ഛനാമുറിയിലേക്ക് കടന്നു വരാറുണ്ട്. ഇടക്കൊക്കെ ആ കാൽപ്പെരുമാറ്റം ഞാൻ ശ്രദ്ധിക്കാറുമുണ്ട് , അല്ലേലും ഉറക്കത്തിൽ മക്കളോട് സ്നേഹം പ്രകടിപ്പിക്കുക എന്നത് മാതാപിതാക്കൾക്ക് ഒരു ഹരമാണ്

ഉറക്കമെണീറ്റ് അന്നു ഞാനാദ്യം അന്വേഷിച്ചത് എന്റെ സ്മാർട്ട് ഫോണിനേയല്ല , മറിച്ച് അച്ഛനെയായിരുന്നു. അപ്പോഴും വടക്കേപ്പുറത്തുള്ള കടപ്ലാവിൽ നിന്നും കടച്ചക്ക തോട്ടി കൊണ്ടു പൊട്ടിക്കുന്നുണ്ടായിരുന്നു അച്ഛൻ

അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട കടച്ചക്കയ്ക്കു വേണ്ടി ഞാനാ കടപ്ലാവിൽ വലിഞ്ഞു കേറുമ്പോൾ അത്ഭുതം കൂറിയ മുഖവുമായി അമ്മയെന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

ഉച്ചവെയിലിൽ ഒറ്റക്കു നിന്ന് നാളികേരം പൊതിച്ചിരുന്ന എന്നോട് ആദ്യമായമ്മ പറഞ്ഞു മതിയെടാ ഇനി ഞാൻ ചെയ്തോളാം എന്ന്. ആദ്യമായന്ന് വിയർത്തു കുളിച്ച എനിക്ക് തെല്ലു പോലും ക്ഷീണം തോന്നിയില്ല, അപ്പോഴും എന്റെ സ്മാർട്ട് ഫോണിൽ കുമിഞ്ഞുകൂടിയ നോട്ടിഫിക്കേഷന്റെ ശബ്ദം ഞാൻ കേട്ടില്ലെന്നു തന്നെയാണ് നടിച്ചത്.

ഇറങ്ങാൻ നേരം അച്ഛൻ മുറ്റത്തുള്ള മൂവാണ്ടൻ മാവിനു മുൻപിൽ നിന്ന് ദീഘർമായി ശ്വസിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അന്നാദ്യമായാണ് ആ ശ്വാസ ഗതിയിലുണ്ടായിരുന്ന വ്യതിയാനം ഞാൻ ശ്രദ്ധിക്കുന്നത്.

ആ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കുമ്പോൾ നീണ്ട രണ്ടു വർഷത്തേക്ക് നാട്ടിലെ ശുദ്ധവായുവിനെയും പച്ചപ്പിനെയും നഷ്ട്ടപ്പെടുന്നതിന്റെ ദു:ഖമായിരുന്നില്ല മറിച്ച് നിറയാൻ വിതുമ്പിയ കണ്ണിൽ പ്രത്യക്ഷമായത് കബളിപ്പിക്കും തരത്തിലൊരു പുഞ്ചിരിയായിരുന്നു. എങ്കിലും ഞാനറിയുന്നുണ്ടായിരുന്നു അച്ഛന്റെ നെഞ്ചകം വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നെന്ന്

ഉമ്മറപ്പടിയിൽ നിന്ന അമ്മയുടെ മുഖത്തേക്കെന്റെ ദൃഷ്ടി പതിഞ്ഞു. ഇല്ല ആ മുഖത്തൊരൽപ്പം പോലും കണ്ണീരില്ല നീണ്ട രണ്ടു വർഷത്തേ കാത്തിരിപ്പിനു വേണ്ടി ദൃഢപ്രതിജ്ഞയെടുത്തിട്ടുള്ള പോലെ,

ഗ്യാസിന്റെ മണമടിക്കുന്നുണ്ടെന്നു പറഞ്ഞ് അച്ഛനമ്മയെ അടുക്കളയിലേക്ക് പറഞ്ഞയച്ചപ്പോൾ തന്നെയെനിക്ക് മനസ്സിലായി അമ്മക്കൊന്നു കരയാനൊരവസരമുണ്ടാക്കി കൊടുത്തതായിരുന്നെന്ന്.

പടിയിറങ്ങുമ്പോഴും പോകരുതെന്നു പറയണമെന്നുണ്ടായിരുന്നു മുക്കാൽ ചക്രo പോലും ശമ്പളമുള്ള ഒരു ജോലിക്കാരനല്ലാത്ത എനിക്ക് അതു പറയാനുള്ള യോഗ്യതയുണ്ടോ എന്നു ചിന്തിച്ചപ്പോൾ തുപ്പാൻ നിന്ന വാക്കുകൾ ഞാൻ മനപ്പൂർവ്വം വിഴുങ്ങുകയാണ് ചെയ്തത്

വിദൂരതയിലേക്ക് ആ അമ്പാസിഡർ കാർ അകന്നു പോകുമ്പോഴും എന്റെ കുഞ്ഞിപ്പെങ്ങളെന്നെ കെട്ടിപ്പിടിച്ചുറക്കെ കരയുന്നുണ്ടായിരുന്നു,

നൂറുകണക്കിന് എഫ് ബി പെങ്ങൾമാരെ തേനേ, പാലെ, ചക്കരെ എന്നു പറഞ്ഞു ആശ്വസിപ്പിക്കാറുള്ള എന്റെ തൊണ്ട ആ നിമിഷം അടയുകയാണു ചെയ്തത്. ഒരു വാക്കു കൊണ്ടു പോലും താലോലിക്കാൻ കഴിഞ്ഞിരുന്നില്ല എനിക്കവളെ

സന്ധ്യമയങ്ങുമ്പോഴും മനസ്സാകെ ശ്മശാനമൂകമായിരുന്നു. കുമിഞ്ഞുകൂടിയ എഫ്ബി നോട്ടിഫിക്കേഷൻ നോക്കാൻ ഫോണെടുത്തപ്പോഴാണെന്റെ കുഞ്ഞിപ്പെങ്ങൾ ചെസ്സ് ബോർട്ടുമായെന്റെ അരികിലേക്ക് വന്നത്

ഉള്ളിൽ ആകാംക്ഷയോടെ ഏട്ടാ നമുക്ക് ചെസ്സ് കളിച്ചാലോ എന്നവൾ ചോദിക്കുമ്പോഴും മെസ്സെഞ്ചറിന്റെ മണിനാദം എന്റെ കാതിൽ ഇരമ്പുന്നുണ്ടായിരുന്നു

ബോർഡിലവൾ കരുക്കൾ നിരത്തുമ്പോൾ ഞാൻ സ്മാർട്ട് ഫോണിലെ വട്ടം കൂടി നിന്ന മെസ്സേജുകൾ ക്ലോസ് ചെയ്യുന്ന തിരക്കിലായിരുന്നു ഞാൻ.

നേരെ പ്രൊഫൈൽ എടുത്ത് ലോഗൗട്ട് ചെയ്തപ്പോൾ അവളുടെ മുഖത്തുണ്ടായ തിളക്കം ഒന്നു കണേണ്ടതു തന്നെയാണ്. ആ തിളക്കത്തിൽ ഞാനെന്റെ എഫ് ബി പെങ്ങൾമാരെയും കാമുകിയെയും മനപ്പൂർവ്വം മറന്നു കളഞ്ഞു.

പതിവായി ഊണുകഴിച്ചോ എന്നുള്ള ചോദ്യം മഞ്ജുവിനോടു ചോദിച്ചില്ല

പാലുകുടിച്ചോ എന്നു കിച്ചുവിനോടു ചോദിച്ചില്ല

വയറുവേദന മാറിയോ എന്നു മാളുവിനോടും തിരക്കിയില്ല

എന്തിനേറേ എന്നും ചോദിച്ചു വാങ്ങാറുള്ള ചക്കരയുമ്മ പോലും കാമുകിയുടെ കയ്യിൽ നന്നും വാങ്ങിയില്ല

കളിച്ചു തുടങ്ങിയപ്പോൾ അവളുടെ കണ്ണുകളിലും , പുഞ്ചിരിച്ച ആ മുഖത്തും ഞാൻ കണ്ടത് വിജയ പ്രതീക്ഷ മാത്രമായിരുന്നു. ഓരോ കരുവിനേയും ഞാനവൾക്കു മുൻപിൽ ബലികൊടുക്കുന്നതിൽ അവൾ ആനന്ദം കൊള്ളുമ്പോൾ അതു കണ്ട് ഞാനാവോളം ആസ്വദിച്ചിരുന്നു. അവസാനം ഞാനെന്റെ കറുത്ത മന്ത്രിയെ അവളുടെ വെള്ളക്കുതിരക്കു മുൻപിൽ ഇട്ടു കൊടുത്തപ്പോൾ എന്റെ മന്ത്രിയെ അറുത്തു നീക്കിക്കൊണ്ടവൾ തുള്ളിച്ചാടി.

എന്നിട്ടവളുറക്കെ അമ്മയോടായ് വിളിച്ചു പറയുന്നുണ്ടായിരുന്നു

അമ്മേ ഏട്ടനെ ഞാൻ തോൽപ്പിച്ചമ്മേ, ആദ്യമായ് ഞാനേട്ടനെ തോൽപ്പിച്ചമ്മേ എന്നു.

അതെ ആദ്യമായാണ് അവളെന്നെ തോൽപ്പിക്കുന്നത്. അല്ല ഞാനവൾക്കു മുൻപിൽ തോറ്റു കൊടുക്കുന്നത്

അന്നവളുടെ മുഖത്ത് ഞാൻ കണ്ട തേജസ്സ് ജീവിതത്തിലിന്നേവരെ മറ്റൊരു പെണ്ണിലും കണ്ടിട്ടില്ലിതുവരെ ,

അവളുടെയാ അഹ്ലാദത്തിമിർപ്പു കണ്ടപ്പോൾ മനസ്സിലൊരുറച്ച തീരുമാനം ഞാനെടുത്തു ഇനി മുതലങ്ങോട്ട് തോറ്റു കൊടുത്തു ശീലിക്കണം എന്ന്

അനിയത്തിയുടെ സന്തോഷത്തിനു മുൻപിൽ

അമ്മയുടെ ശാസനക്കു മുൻപിൽ

അച്ഛന്റെ സ്നേഹത്തിനും സംരക്ഷണത്തിനും മുൻപിൽ

ഒപ്പം അടുത്ത വരവിന് ആ പരുക്കൻ കൈകൾ കൂട്ടിപ്പിടിച്ചെനിക്ക് പറയണം ഞങ്ങൾക്കു വേണ്ടിയിനിയച്ഛൻ ഒരു തുള്ളി വിയർപ്പൊഴുക്കരുത് എന്ന് ചേർത്തുനിർത്തിയൊന്നുകൂടെയെനിക്കു പറയേണം എനിക്ക് ഇനിയീ വീട്ടിലെ അത്താഴത്തിന് എന്റെ വിയർപ്പിന്റെ ഉപ്പുരുചിയായിരിക്കും എന്ന്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *