ആത്മബന്ധം
Story written by Adarsh Mohanan
നീയാ കരിങ്കൂവളമിഴികളിലേക്കൊന്ന് നോക്കിയേ പങ്കാളി എന്തൊരഴകാണ്, ആ ഓടപ്പഴം പോലത്തെ ചുണ്ട് കണ്ടാ നീ, ഹോ കൊതിയാവാ കണ്ടിട്ട്, ആ അവളെയാണ് നീ നത്തോലി എന്ന് അഭിസംഭോധന ചെയ്തത്, കഷ്ട്ടം പങ്കൂ കഷ്ട്ടം പറഞ്ഞു തീർന്നതുo അവന്റെ കണ്ണാകെ ചുവന്നു തുടുത്തു തന്റെ ആജന്മ ശത്രുവായിരുന്നവളെ വരികളിൽ വർണ്ണിച്ചത് അവനത്ര സുഖിച്ചിട്ടില്ല, കോപത്തോടെയവൻ പല്ലിറുമ്മണത് കണ്ടപ്പോൾ തന്നെയെനിക്ക് പേടിയായി, അവൻ നിന്നിടത്ത് നിന്ന് ഒരടിയകലം പാലിച്ചുകൊണ്ട് ഞാൻ വീണ്ടും അവനോടായ് പറഞ്ഞു ” നിനക്കിഷ്ട്ടപ്പെട്ടില്ലെങ്കിൽ എനിക്കെന്താ, ഓളെ ഞാനല്ലേ കെട്ടണത്, എന്റെ കാമുകിയാണ് ഓള് , അത് ഇയ്യ് മറക്കണ്ട പങ്കൂ “
അവന്റെ തലതെറിച്ച വർത്താനം പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് ഞാനതു പറഞ്ഞതും, എന്റെ മുന്നിലേക്ക് കുതിച്ച് ചാടിയവനാ രോഷം മുഴുവൻ തീർക്കുമ്പോൾ പുഞ്ചിരിച്ചു കൊണ്ടാണ് ഞാൻ കാതിലേറ്റതും ” നിന്റെ പെണ്ണാനെങ്കിൽ എനിക്കെന്താ, ഇനി പൂവിട്ടു പൂജിക്കണോ ഓളേ, എനിക്ക് ഇഷ്ട്ടല്ലന്ന് പറഞ്ഞ ഇഷ്ട്ടല്ല ഓളെ അത്രെന്നെ, ആലിയ ബട്ട് ആണെന്നാ ഓൾടെ വിചാരം കടലിൽ കഴുപ്പ് കെട്ട കുരിപ്പ് ” അവനത് പറയാൻ വേറെ കാരണം കൂടെയുണ്ട്, നാലാം ക്ലാസ്സിൽ പഠിക്കുമ്പോ അവൻ ഓൾക്ക് കൊട്ത്ത ലൗ ലെറ്ററിന് ഓള് മറുപടി കൊടുത്തത് ചെരിപ്പിന്റെ കുഞ്ഞിഹീല് ഓന്റെ പരട്ട മോന്തേല് പതിപ്പിച്ചിട്ടാണ്,പോരാത്തേന് അതിന്റെ പിന്നാലെ ഒരു മുട്ടൻ ഡയലോഗും ” പ്രേമിക്കാൻ വന്നേക്കുന്നു ഒരു കഴുത മോറൻ മാപ്ല ” എന്ന്
അന്നെന്റെ പങ്കാളീടെ മോറൊന്നു കാണേണ്ടത് തന്നെയായിയിരുന്നു കോപം വരുമ്പോ ഓന്റെ മത്തങ്ങത്തല കാണാൻ നല്ല രസാണ് , തൊരപ്പന് ദേഷ്യം വന്നോണം അവന്റെ കുറ്റിമുടിയിങ്ങനെ പൊന്തിനിക്കുമ്പോ കാരമുള്ളിന്റെ മൂർച്ചയുള്ളയാ മുടിയിഴകളിൽ മെല്ലെ ഞാനെന്റെ കൈകൾ കൊണ്ട് തലോടിക്കൊണ്ടവനെ ഒരുപാട് കളിയാക്കീട്ടുള്ളതാ വേറെ ആര് കളിയാക്കിയാലും ഓന് ദേഷ്യം വരാറുണ്ട് , ചിലപ്പോ കേറി തല്ലേo ചെയ്യും, പക്ഷെങ്കില് എന്നെ മാത്രം ഓനൊന്നുo പറയൂല അവന് ഞാനെന്ന് വെച്ചാ ജീവനാണ് എന്നത് തന്നാണതിന്റെ കാരണോം, എനിക്ക് തിരിച്ചുo അങ്ങനെത്തന്നെയായിരുന്നു
ഞങ്ങൾ പരസ്പരം പങ്കിട്ടിട്ടുള്ളത് കണാരേട്ടെന്റ കടേലേ ഉണ്ടംപൊരി മാത്രമായിരുന്നില്ല, ഊണും ഉറക്കവും ചോറും അതിനു മുകളിൽ മനസ്സും അതിനുമപ്പുറം സ്നേഹവും പങ്കുവെച്ചപ്പോൾ എനിക്ക് അവനും അവനു ഞാനുമില്ലാതെ ഒരു ദിവസത്തിന് പൂർണ്ണതയുണ്ടാകാറില്ല എന്നതാണ് സത്യവും അന്നത്തെ ഓൾടെ പെർഫോമെൻസിൽ ശരിക്കും വീണുപോയത് ഞാനായിരുന്നു, ഓൾടെയാ അവസാനത്തെ മരണ മാസ്സ് ഡയലോഗിന് ഞാൻ കയ്യടിക്കാതിരുന്നത് വീർപ്പിച്ചു കേറ്റിപ്പിടിച്ചു നിക്കണ പങ്കാളിയുടെ ചുവന്ന മോന്തയും അതിനു മുകളിൽ പൊന്തി നിക്കണ അവന്റെ കുറ്റിമുടിയും കണ്ട് പേടിച്ചതുകൊണ്ടു തന്നെയാണ്
കളിയായിട്ടാണെങ്കിലും അന്ന് ഞാനവനു വാക്ക് കൊടുത്തതാണ്, ഓളെ വളച്ചൊടിച്ച് ചുമരിൽ തേച്ച് ഒട്ടിക്കും എന്ന്, അവന്റെ തലയിൽ തൊട്ട് ഞാനത് പറഞ്ഞപ്പോഴാണ് അവന്റെ മുഖമൊന്ന് തെളിഞ്ഞു വന്നതും, അങ്ങനെ കണ്ണെറിഞ്ഞ് കണ്ണെറിഞ്ഞ് ഓളെ ഒരു വിധത്തിലങ്ങ് മയക്കിയെടുത്തപ്പോൾ ഖൽബിന്റെ ഉള്ളീന്നങ്ങോട്ട് പറിച്ചെടുക്കാൻ കഴിയാതെ ഫെവീക്കോള് പോലെ ഓള് ഒട്ടിപ്പിടിച്ചപ്പോൾ ഞാനവനോട് ചോദിച്ചു ” പങ്കൂ പ്രതികാരം വിവാഹത്തിന് ശേഷം ചെയ്താൽ മതിയോ ” എന്ന് അന്നവൻ എന്നെ തല്ലിയില്ലെന്നേ ഉള്ളോ, കണാരേട്ടന്റെ കടേന്ന് ഒരു ഉണ്ടംപൊരി വാങ്ങി അതു പകുത്തെടുത്ത് ചവച്ചിറക്കുമ്പോൾ ഞാൻ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മൗനമായിരുന്നവന്റെ ഉത്തരവും
ഉള്ളിൽ അരിച്ചു കയറിയ ദേഷ്യം അടക്കിപ്പിടിച്ചവന്റെ പിറകെ വാല് പോലെയെന്റെ വീട്ടിലേക്ക് നടന്നു, അതൊരു പതിവാണ് കാരണം അവിടെയൊരു മിണ്ടാപ്രാണി ഞങ്ങളെയിങ്ങനെ കണ്ണും നട്ട് കാത്തിരിപ്പുണ്ടായിരിക്കും, എന്റെ റോമിയാണത് , ഞാനെന്റെ വീട്ടിൽ ഓമനിച്ച് വളർത്തുന്ന എന്റെ നായ, പങ്കാളിയെ കാണുമ്പോഴേക്കും അവൻ ചങ്ങല പൊട്ടിച്ച് കുതിക്കാനൊരുങ്ങും, അവന്റെ വാലപ്പോഴും മുന്നൂറ്റിയറുപത് ഡിഗ്രീ വട്ടത്തിലിങ്ങനെ കറങ്ങിക്കൊണ്ടിരിക്കും കൈയ്യിലുള്ളയാ വലിയ ഉണ്ടംപൊരി പിച്ചിച്ചീന്തിയവന്റെ മുൻപിലേക്കിങ്ങനെ കഷ്ണം കഷ്ണമായിട്ട് ഇട്ടു കൊടുക്കുമ്പോഴേക്കും പങ്കാളിയുടെയാ വിരലുകളെയവൻ സ്നേഹത്താൽ നക്കിത്തുടച്ച് വൃത്തിയാക്കിയിട്ടുണ്ടാകും പലപ്പോഴും എനിക്ക് തോന്നിപ്പോയിട്ടുണ്ട് ഈ നായിന്റെ മോന് എന്നേക്കാൾ സ്നേഹം എന്റെ പങ്കുവിനോടാണെന്ന്.
അച്ഛനും അമ്മയും ഇല്ലാത്ത എന്നെ വളർത്തിയത് എന്റെ അച്ഛമ്മയായിരുന്നു, അതു കൊണ്ട് തന്നെ കയറൂരി വിട്ടയെന്റെ ജീവിതത്തെ കടിഞ്ഞാണിട്ട് തളച്ചു നിർത്തിയതും പങ്കുവിന്റെ അപ്പച്ചനും അമ്മച്ചിയും ആയിരുന്നു എന്തിനും ഏതിനും എന്റെ ആവശ്യങ്ങളെ ഞാനത് പറയാതെ തന്നെ കണ്ടറിഞ്ഞവർ ചെയ്തു തരുമ്പോൾ എന്റെ കണ്ണിടയ്ക്കെ ഞാനറിയാതെത്തന്നെ കവിഞ്ഞൊഴുകാറുണ്ട് ഏറെക്കുറെ ഞാനവിടെ നിന്നാണ് ഭക്ഷണം കഴിക്കാറുള്ളതും, അമ്മച്ചി പെരുഞ്ചീരകം ഇട്ടരച്ച് കോഴിക്കറിയുണ്ടാക്കാറുള്ളപ്പോഴൊക്കെ എന്നെ അവിടേക്ക് വിളിച്ച് വരുത്തും, അമ്മച്ചിക്കറിയാം എനിക്കത് ഒരുപാട് ഇഷ്ട്ടമാണെന്നുള്ളത്.
പലപ്പോഴും ഒരു പാത്രത്തിൽ നിന്നും ഞങ്ങൾ രണ്ടാളും കയ്യിട്ട് വാരി ചോറ് വാരിത്തിന്നണ കാണുമ്പോഴൊക്കെ അപ്പച്ചൻ ഞങ്ങളെ രണ്ടാളെയും ഒരുമിച്ച് ശാസിക്കാറുണ്ട്, അന്നൊക്കെ അമ്മച്ചി ഞങ്ങടെ പിറകിൽ വന്നു നിന്നു കൊണ്ട് ഞങ്ങടെ മുടിയിഴകളിൽ മാറി മാറി തലോടിക്കൊണ്ട് ആ മൂർദ്ധാവിലോരൊ മുത്തം വച്ച് തരാറുണ്ട് അപ്പോഴെല്ലാം ഞാൻ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാറുണ്ട് ഞാനേകനല്ല സ്വന്തമല്ലെങ്കിലും വാരിക്കോരി സ്നേഹം കൊണ്ട് ഉമ്മ തന്ന് ഊട്ടിയുറക്കാറുള്ള ഒരു അപ്പനും അമ്മയും എനിക്കും ഉണ്ട് എന്ന്, അതിനുമെല്ലാമുപരി സ്വന്തം ചോരയല്ലെങ്കിലും ജീവന് തുല്യം സ്നേഹിക്കുന്ന ഒരു കൂടപ്പിറപ്പും എനിക്കുണ്ട് എന്ന്.
കൂടപ്പിറപ്പിനെയും കാമുകിയേയും പരസ്പര ശത്രുക്കളായി കാണേണ്ടി വരുന്ന ഒരവസ്ഥ അത് വളരെ ദയനീയം തന്നെയാണ്, അവൾ പങ്കുവിനെ കുറിച്ച് ഒരുപാട് കുറ്റങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട് അവനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കണമെന്ന് അവൾ പറയുമ്പോഴൊക്കെ അത് ഒരു കാതിൽ നിന്ന് കേട്ട് മറു കാതിലൂടെ അരിച്ചിറക്കി കളയാറാണ് പതിവും, പക്ഷെ അവൻ ഒരിക്കലും അവളേക്കുറിച്ച് മോശമായൊന്നും തന്നെ എന്നോട് പറഞ്ഞിട്ടില്ല എന്നതാണ് സത്യവും , അവളെ ഇഷ്ട്ടമല്ല എന്ന ആ ഒരൊറ്റ വാക്കല്ലാതെ,ഒരു ദിവസം കരഞ്ഞുകൊണ്ടവളെന്റെ അരികിലേക്ക് ഓടി വന്നു, കാര്യമെന്തെന്ന് അവളെ കുലുക്കി കുലുക്കി ചോദിച്ചിട്ടും ഒന്നും മിണ്ടിയില്ല, ആ ഏങ്ങലൊച്ചകൾക്കിടയിൽ എന്റെ ശബ്ദത്തിന് കടുപ്പം കൂടിയപ്പോളാണ് വെട്ടിത്തുറന്നവളത് പറഞ്ഞത്
ഞാനുമായുള്ള സകല ഇടപാടും ഇന്നത്തോടെ നിർത്തണമെന്ന് പറഞ്ഞ് അവനവളോട് നിർബന്ധിച്ചെന്നും അത് സമ്മതിക്കാഞ്ഞപ്പോ അവനവളുടെ മാനത്തിനു വില പേശിയെന്നും, കരഞ്ഞുകൊണ്ടവളത് പറഞ്ഞപ്പോൾ അപ്പാടെ കണ്ണടച്ച് വിശ്വസിക്കുകയായിരുന്നു ഞാൻ, സത്യമായിരിക്കല്ലെയെന്ന് ഞാനുള്ളിൽ ആവർത്തിച്ചാവർത്തിച്ച് പ്രാർത്ഥിക്കുമ്പോഴും ആ കവിളിൽ ഒലിച്ചിറങ്ങിയ കണ്ണീരെന്നോട് വിളിച്ച് പറഞ്ഞത് അവനങ്ങനെ ചെയ്തിട്ടുണ്ടായിരിക്കും എന്ന് തന്നെയാണ് ഞാനത് അവനോട് നേരിട്ട് ചോദിച്ചപ്പോൾ എന്നോട് പൊട്ടിത്തെറിച്ച അവനെ എതിരേറ്റതും എന്റെ വായിലെ സരസ്വതി തന്നെയായിരുന്നു.
ആളിക്കത്തിയ ദേഷ്യത്തിൽ വായിൽത്തോന്നിയതെല്ലാം പുലമ്പിയപ്പോഴും , ഞാനത്ര മാത്രം വിശ്വസിച്ചിരുന്ന, എന്റെ ജീവന്റെ ജീവനനായിരുന്നവനോട് ഇങ്ങനെയൊക്കെ പറയാനെങ്ങനെ തോന്നിയെന്നെനിക്കപ്പോഴും മനസ്സിലായിരുന്നില്ല കേട്ടു നിന്നവൻ മെല്ലെയൊന്നെന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുമ്പോഴും ധാരധാരയായവന്റെ തുടുത്ത കവിളിലൂടെ അശ്രു പൊഴിയുന്നത് ഞാൻ കണ്ടില്ലെന്ന് തന്നെയാണ് നടിച്ചത്, എല്ലാം കഴിഞ്ഞ് ഞാനങ്ങനെ ചെയ്യുമെന്ന് നീ വിശ്വസിക്കുന്നുണ്ടോയെന്ന അവന്റെ ചോദ്യത്തിന് നീ അതല്ല അതിനുമപ്പുറം ചെയ്യും, കിട്ടാ കനി കയ്ക്കും എന്ന് കാർന്നോൻമാർ വെറുതെയല്ല പറയാറുള്ളത് എന്നാണ് ഞാനും മറുപടി കൊടുത്തത്
പിന്നീടൊക്കെ ഞാനവന്റെ മുഖത്തേക്ക് ഒന്നു നോക്കിയിട്ടു പോലുമില്ല, കണാരേട്ടന്റെ കടേല് അവൻ കഴിച്ച ഉണ്ടംപൊരിയുടെ പാതി ബാക്കിയാവുമ്പോഴും , എന്റെ റോമിക്കുള്ള പതിവ് ഉണ്ടംപൊരി ഒരൊറ്റ ദിവസം പോലും മുടക്കിയിട്ടില്ലവൻ അമ്മച്ചീടെ അത്താഴത്തിന് ഞങ്ങൾക്കുള്ള പ്ലേറ്റിന്റെ എണ്ണം ഒന്ന് പോരാതെയായപ്പോൾ കാര്യകാരണത്തിനായുള്ള അമ്മച്ചീടെ ചോദ്യങ്ങൾ നേരിടാനുള്ള ശേഷിയില്ലാതെയായപ്പോൾ ആ വഴി പിന്നീട് പോവാതെയായി ഞാൻ ഞങ്ങൾ തമ്മിലകന്നതിൽ സന്തോഷിച്ചത് അവൾ മാത്രമായിരുന്നു പലപ്പോഴും അവളുടെ സംസാരത്തിൽ നിന്നും വ്യക്തമായി മനസ്സിലായിട്ടുണ്ടെനിക്കത്
കാലങ്ങൾ നീണ്ട എന്റെയും അവന്റെയും മൗനത്തിനൊരു തിരശ്ശീല വീഴും മുൻപേ തന്നെ ജോലി സംബന്ധമായി വിദേശത്തേക്കവൻ ചേക്കേറുകയായിരുന്നു കൺമുൻപിൽ നിന്നും അവൻ അകന്ന് പോയപ്പോഴാണ് ഞാനവനെ എത്രത്തോളമധികം സ്നേഹിച്ചിരുന്നതെന്നത് തിരിച്ചറിഞ്ഞത് പലരാത്രികളിലും അവനന്ന് അവസാനം പറഞ്ഞയാ വാചങ്ങൾ എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട് “ഞാനങ്ങനെ ചെയ്യുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ ” എന്ന അവന്റെ വാക്കുകൾ വണ്ടുകണക്കെയെന്റെ കാതിലിങ്ങനെ വലയംചുറ്റിക്കൊണ്ടിരുന്നു, വന്ന് വന്ന് തീരെ ഉറക്കമില്ലാതാവുമ്പോൾ ഞാനെന്റെ കാമുകിയെ വിളിക്കാറുള്ളപ്പോളൊക്കെ, ആ പേരും പറഞ്ഞവളെന്നെ കളിയാക്കാറാണ് പതിവ്
ഒരിക്കൽ ഒരു സായാഹ്നത്തിൽ ഉള്ള് തുറന്നു ഞാനവളോട് ചോദിച്ചു, അന്നവൾ പറഞ്ഞതെല്ലാം സത്യമായിരുന്നോ എന്ന്, അന്ന് പങ്കാളി ശരിക്കും അവളോടങ്ങനെ മോശം രീതിയിൽ പെരുമാറിയോ എന്ന്, അപ്പോഴും അവളെന്റെ മുഖത്ത് നോക്കി പൊട്ടിച്ചിരിക്കുകയാണുണ്ടായത് , അൽപ്പം കോപത്തോടെയതിന്റെ സത്യാവസ്ഥയെനിക്കറിയണം എന്നവളോട് കനപ്പിച്ചവളോട് പറഞ്ഞപ്പോഴാണ് സത്യാവസ്ഥയവൾ തുറന്ന് പറഞ്ഞതും ഞാൻ നിന്നോടന്ന് പറഞ്ഞത് കള്ളമായിരുന്നു, അന്നവൻ എന്നോട് അപമര്യാദയായി പെരുമാറിയിട്ടില്ല, ഇത്രമാത്രമേ അവനെന്നോട് പറഞ്ഞിട്ടുള്ളോ നിന്നെ ചതിക്കരുത് എന്നും , നീയെന്നെ ജീവനു തുല്യം സ്നേഹിക്കുന്നു എന്നും അവനതിനു ഒരിക്കലും ഒരു തടസ്സമായി നിൽക്കില്ല എന്നും,
അന്നതവൻ പറഞ്ഞപ്പോൾ അവൻ തടസ്സം നിന്നാലും നീയെന്നെ സ്വീകരിക്കില്ല എന്നവൻ പറയാതെ പറഞ്ഞ പോലെയാണെനിക്ക് തോന്നിയത്.അവനോടുള്ള ദേഷ്യം കൊണ്ട് തന്നെയാണ് നിന്നോട് ഞാനങ്ങനെ പറഞ്ഞതും, മാത്രവുമല്ല ഒരു അന്യജാതിക്കാരനായ അവന്റെ കൂട്ടിൽ നിന്നും നിന്നെ ഒഴിവാക്കി എടുക്കണമെന്നെനിക്ക് തോന്നി, ഞാൻ പറഞ്ഞില്ലേ അച്ഛനോട് നിന്റെ കാര്യം സൂചിപ്പിച്ചെന്ന് അന്നും അച്ഛൻ പറഞ്ഞത് ആ നസ്രാണിക്കുടുമ്പത്തിലുള്ള നിന്റെ അന്തിയുറക്കവും കൂത്താടലും അവസാനിക്കണ അന്ന് എന്റെ കൈ പിടിച്ച് നിന്നെയേൽപ്പിക്കാം എന്നാണ്, അതുകൊണ്ട് മാത്രമാണ് ഞാനങ്ങനെ ചെയ്തതും, ഇപ്പോൾ ഞാൻ ഹാപ്പിയാണ് ഇനി നമുക്ക് ഒന്നിച്ച് ജീവിക്കാലോ ആർടേം എതിർപ്പില്ലാതെ തന്നെ ” അവളത് പറഞ്ഞപ്പോഴാണ് ഞാനൊരു ഹിന്ദുവാണെന്നും അവനൊരു ക്രിസ്റ്റ്യൻ ആണെന്നും ഞാൻ ഓർക്കുന്നത് തന്നെ
കൊല്ലാനുള്ള ദേഷ്യമാണെ അവളോടെനിക്ക് തോന്നിയത് പക്ഷെ മനസ്സുനിറയെ കുറ്റബോധമായിരുന്നു ഉണ്ടായിരുന്നത് കുനിഞ്ഞ ശിരസുമായി ഞാനവിടെ നിന്നും തിരിച്ച് നടക്കുമ്പോൾ ചെയ്യാനെന്തോ ബാക്കി വെച്ച പോലെ തോന്നി, പണ്ട് അമ്മച്ചി പെരുഞ്ചീരകമിട്ടരച്ചു വെച്ചെനിക്ക് വിളമ്പിത്തന്നയാ രുചിയേറിയയാ കോഴിക്കറി പുറത്തേക്ക് തേട്ടി തേട്ടി വന്നപ്പോൾ ഞാൻ പതിയെ അവളുടെ ആരികിലേക്ക് നടന്നടുത്തുഎന്നെ നോക്കി പുഞ്ചിരിച്ചു നിന്ന അവളുടെ കരണക്കുറ്റിയിലേക്ക് പാറ പൊട്ടണ ശബ്ദത്തിൽ എന്റെ അഞ്ചുവിരൽപ്പാട് വീഴുമ്പോൾ സംഭവിച്ചതെന്താണെന്നറിയാത്ത മട്ടിൽ എന്നെ തുറിപ്പിച്ചൊന്ന് നോക്കി, ആ മുഖത്ത് നോക്കി ഞാനിത്രയേ പറഞ്ഞുള്ളോ” ബോധം വെക്കണ കാലത്ത് ഈയടി നിന്റെ അച്ഛന് കിട്ടിയിരുന്നെങ്കിൽ, ഇന്നെനിക്ക് നിന്നെ തല്ലണ്ടി വരില്ലായിരുന്നു ” എന്ന്.
അന്ന് മുറിച്ചു കളഞ്ഞതായിരുന്നു അവളുമായുള്ള സകല ബന്ധവും ഹൃദയഭാരത്താൽ തള്ളി നീക്കിയ കാത്തിരിപ്പിന്റെ നാളുകളായിരുന്നു പിന്നീങ്ങോട്ട്, അവൻ വന്നതറിഞ്ഞിട്ടും, ഒന്നു കാണാൻ പോലും ശ്രമിക്കാതിരുന്നത് അവനെ നേരിടാനുള്ള ശക്തിയെനിക്കുണ്ടായിരുന്നില്ല എന്നതുകൊണ്ട് തന്നെയായിരുന്നുഅന്ന് കണാരേട്ടന്റെ കടയിലേക്ക് കയറിച്ചെന്നപ്പോൾ ടേബിളിൽ നിരത്തിയ ഉണ്ടംപെരിക്ക് മുൻപിൽ ഇരിക്കുന്ന അവനെയാണാദ്യം കണ്ടത്, എന്റെ ചുണ്ടാകെ വിറവിറച്ചു കാഴ്ച്ച മങ്ങിയ പോലെ തോന്നി , അവന്റെയരികിലേക്ക് കാലടി വെച്ച് നടക്കുമ്പോഴും ദേഹമാകെ തളരുന്നത് പോലെ തോന്നി ഒന്നും ഉരിയാടാതെ അവന്റെ മുൻപിലിങ്ങനെ ഇരുന്നു കൊടുത്തപ്പോൾ പാതി കഴിച്ചയാ ഉണ്ടംപെരി എനിക്ക് നേരെ നീട്ടിയിട്ടവൻ പറയുന്നുണ്ടായിരുന്നു ” എത്ര നാളായല്ലേടാ ഇങ്ങനെ” എന്ന്
പറഞ്ഞു തീർന്നതും എന്റെ കണ്ണിൽ നിന്നും കുടുകുടാ നീരൊഴുകിക്കൊണ്ടിരുന്നു, ആസ്വദിച്ച് ഞാനത് ചവച്ചിറക്കാൻ ശ്രമിച്ചപ്പോഴൊക്കെ അതെന്റെ തൊണ്ടയിൽക്കുടുങ്ങുകയാണുണ്ടായത് മാപ്പെന്ന രണ്ടക്ഷരമെന്നെ പറയാനനുവദിക്കാതെ വാതോരാതെയവൻ അറബി നാട്ടിലെ വിശേഷമെന്നോട് പങ്കു വെയ്ക്കുമ്പോഴും കുറ്റബോധത്തിന്റെ കനത്താലെന്റെ ശിരസ്സിന് കുനിഞ്ഞു പോവുകയാണുണ്ടായത്പതിവുപോലെ കണാരേട്ടന്റെ കടയിൽ നിന്നും ഒരു ഉണ്ടംപോരി വാങ്ങിയവൻ നേരെയെന്റെ വീട്ടിലേക്ക് നടന്നപ്പോൾ എന്റെ മനസ്സൊന്ന് പൊട്ടിക്കരയാനായ് വിതുമ്പുന്നുണ്ടായിരുന്നു ഉമ്മറത്തെ മുത്തൻ പ്ലാവിൽ ഒഴിഞ്ഞയാ തുരുമ്പിച്ച ചങ്ങല അനാഥമായിക്കിടക്കണ കണ്ടപ്പോൾ അവനെന്നോടായ് ചോദിച്ചു, “റോമി,,,,,,, റോമിയെവിടെപ്പോയി പങ്കൂ ” എന്ന്
അത്ര നേരം പിടിച്ചു നിന്നയെന്റെ ഏങ്ങലൊച്ച ഇരു കൈകളാൽ മുഖം പൊത്തി ഞാൻ കരഞ്ഞു തീർക്കുമ്പോൾ നനഞ്ഞ കണ്ണുകളാലവനാ ചങ്ങലയെ നെഞ്ചോട് ചേർത്തു പിടിച്ചിരിന്നു, ആ കറുത്ത ഉണ്ടംപൊരിയെയവൻ പിച്ചിനുള്ളിയാ പ്ലാവിൻ കടയ്ക്ക് അലക്ഷ്യമായി വിതറിയിടുമ്പോൾ പൊട്ടിക്കരഞ്ഞ അവനെ നെഞ്ചോട് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു” അവൻ പോയെടാ, നീ പോയതിനു ശേഷം രണ്ട് ദിവസത്തേക്ക് മാത്രമേ അവന് ആയുസ്സുണ്ടാർന്നൊള്ളൊ “ചേർത്തു നിർത്തിയവനെ സമാധാനിപ്പിക്കുമ്പോ അവനെന്റെ മുഖത്തേക്കും ചിതറിക്കിടക്കുന്നയാ ഉണ്ടംപൊരിയിലേക്കുo മാറി മാറി നോക്കി ഒരു കൊച്ചു കുഞ്ഞിനേപ്പോലെ ഏങ്ങികൊണ്ടെന്നോടായ് പറയുന്നുണ്ടായിരുന്നു ” അവന്,,,,,,,,,,,,, അവന് കൊടുക്കാതെ നമ്മള് കഴിച്ചിട്ടില്ലല്ലോടാ പങ്കു ” എന്ന്സർവ്വ നിയന്ത്രണവും വിട്ട് പൊട്ടിക്കരഞ്ഞ അവനെയൊന്ന് ആശ്വസിപ്പിച്ചെടുക്കാൻ മണിക്കൂറുകളോളം വേണ്ടിവന്നു എനിക്ക്
നീണ്ട ഒരു വർഷത്തിന് ശേഷo അവന്റെ വീട്ടിലേക്ക് കയറിച്ചെന്ന എന്നെ കുതിർന്ന കൺപോളകളിൽ നിറഞ്ഞ വാത്സല്യവുമായാണ് അമ്മച്ചിയും വരവേറ്റത് ഇത്രയും നാൾ വേദനിപ്പിച്ചതിന് ക്ഷമയാചിച്ച് ഞാനാകാലുകളെയെന്റെ കണ്ണീരിനാൽ നനച്ചു മിനുക്കുമ്പോൾ എണീപ്പിച്ച് നിർത്തി കവിളിൽ മുത്തം നൽകി ഒന്നേ ചോദിച്ചൊള്ളൊ അമ്മച്ചി ” വല്ലതും കഴിച്ചോടാ മക്കളെ ” എന്ന്ഞങ്ങൾക്ക് നല്ല വിശപ്പുണ്ട് അമ്മേയെന്ന് ഞാൻ പറഞ്ഞപ്പോൾ തീൻ മേശയിലമ്മച്ചി രണ്ട് പാത്രം നിരത്തിയപ്പോൾ അതിലൊരു പാത്രം കമഴ്ത്തിവെച്ച പങ്കാളിയെ സ്നേഹത്തോടെ ഞാനൊന്ന് നോക്കി അന്ന് ഒരു പാത്രത്തിൽ നിന്നും ഞങ്ങൾക്ക് അമ്മച്ചി ചോറ് വാരിയൂട്ടുമ്പോഴും ആദ്യത്തെ ഉരുള എനിക്ക് നേരെയാണ് നീട്ടിയതും
അല്ലേലും അതങ്ങനെയാ പള്ളിപ്പെരുന്നാളിനമ്മച്ചി രണ്ട് ഷർട്ട് വാങ്ങുമ്പോഴും ഇഷ്ട്ടം ഉള്ളത് തിരഞ്ഞെടുക്കാൻ അമ്മച്ചി എന്നോടാണ് പറയാറുള്ളതും എന്തിനേറെ അപ്പച്ചൻ വീട്ടിലേക്ക് കൊണ്ടുവരാറുള്ള പലഹാരപ്പൊതിയിൽ നിന്നും ആദ്യത്തെ പങ്ക് എനിക്ക് തരാറുള്ളപ്പോഴൊക്കെ ഞാനമ്മച്ചിയോട് പറയാറുണ്ട്,”നിങ്ങളിങ്ങനെയെന്നെ മത്സരിച്ച് സ്നേഹിച്ചാൽ നിങ്ങടെ മോന് അത്രയ്ക്ക് ഇഷ്ട്ടപ്പെടില്ലാ ട്ടോ ” എന്ന അപ്പോഴൊക്കെ അമ്മച്ചി പറയാറുണ്ട് ന്റെ വയറ്റിൽ പിറന്നില്ലേലും നീ എന്റെ മോൻ തന്നെയാ, നീയാണ് ഞങ്ങടെ മൂത്ത മോൻ അതോണ്ടാ ആദ്യത്തെ ഉരുള തന്നെ നിനക്ക് വച്ച് നീട്ടാറുള്ളതും എന്ന്.
അതു കേൾക്കുമ്പോ തന്നെ മനസ്സിനൊരു കുളിരാണ്, അന്ന് തന്നെ ഞാനവനെ ഒറ്റയ്ക്ക് വിളിച്ചു മാറ്റി നിർത്തി അവനോടാ ചോദ്യം ചോദിച്ചതാണ് ” എന്നോട് നിനക്കൊരിക്കലും ദേഷ്യo തോന്നിയിട്ടില്ലേ, ഒരിക്കലെങ്കിലും എന്നെയൊന്ന് വെറുത്തിട്ടില്ലേ പങ്കൂ ” എന്നയാ ചോദ്യം മറുപടിയായ് അവൻ ഇത്രമാത്രമേ പറഞ്ഞുള്ളോ ” എന്നെക്കാളധികം ഞാൻ നിന്നെ സ്നേഹിക്കുമ്പോൾ എനിക്കൊങ്ങനെ നിന്നെ വെറുക്കാനാവും പങ്കൂ ” എന്ന് അന്ന് ഒരിക്കൽ കൂടെ ഞാനെന്റെ മനസ്സിനെ ഊട്ടിയുറപ്പിക്കുകയായിരുന്നു “ഞാനൊറ്റയ്ക്കല്ല സ്നേഹം കൊണ്ടെന്നെ തോൽപ്പിക്കുന്ന ഒരു കുടുംബമുണ്ടെനിക്ക്, ചോദിച്ചാൽ ചങ്ക് കീറിത്തരണ ഒരു കൂടപ്പിറപ്പും ” എന്ന്