കൂടെ ഉള്ളവരോട് പറയാതെ ചങ്കിലെ നോവിന്റെ വേദന പുറത്ത് കാണിക്കാതെ……

നന്മമരം

എഴുത്ത്:-നവാസ് ആമണ്ടൂർ

ടു വീലർ തെന്നി മരത്തിൽ ഇടിച്ചു തെറിച്ചു വീണ പെണ്ണിനേയും അവളുടെ അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന മകളെയും റോഡിൽ ചോര ഒലിച്ചു കിടക്കുന്നത് കണ്ടിട്ട് കാഴ്ച്ചകാരനായി നോക്കി നിൽക്കാൻ സലാമിന് ആയില്ല.

എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയായത് കൊണ്ട് അയാൾ ഉമ്മയെയും മോളെയും ആരുടെയൊക്കെ സഹായത്തോടെ ആ കാറിൽ തന്നെ കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചു.

അന്ന് അവരുടെ ബന്ധുക്കൾ വന്നത്തിനു ശേഷമാണ് സലാംക്ക വീട്ടിലേക്ക് പോയത്.. അങ്ങനെ എത്രയോ കഥകൾ ഉണ്ട്‌ സലാമിനെ പറ്റി നാട്ടുകാർക്ക് പറയാൻ.

“ഇക്ക മോളെ നിക്കാഹിനു കുറച്ചു ദിവസമല്ലേ ഉള്ളു നമ്മൾ എന്ത്‌ ചെയ്യും..?”

“നീ വിഷമിക്കാതിരിക്ക് ഞാൻ ശ്രമിക്കുന്നുണ്ട് ഒരു വഴി തെളിയാതിരിക്കില്ല..”

ഇസ്തിരിയിട്ട വെള്ള ഷർട്ടും മുണ്ടും ഉടുത്തു സലാം പുറത്തേക്ക് ഇറങ്ങി. ഓരോ ദിവസവും അയാൾക്ക് ചെയ്തു തീർക്കാൻ ഒരുപാട് ജോലിയുണ്ട്.

ഇന്നാണ് പാവപ്പെട്ടവർക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം. അതിന്റെ ഇടയിൽ രണ്ട് രോഗികളുടെ ഡയാലിസിസ്. കഴിഞ്ഞ ദിവസം ഓപ്പറേഷൻ കഴിഞ്ഞ കുട്ടിയേ ഹോസ്പിറ്റലിൽ പോയി കാണണം.. അങ്ങനെ ഒരുപാട് യാത്രകൾ.

പ്രവാസികളും കരുണ വറ്റാത്ത നാട്ടുകാരും സലാമിന്റെ ഒപ്പം നിൽക്കുമ്പോൾ അയാൾ സഹായങ്ങളുടെ ഇടനിലക്കാരനാണ്.

അയാൾ കാണുന്നുണ്ട് ചുറ്റിലും കഷ്ടത അനുഭവിക്കുന്ന പാവങ്ങളെ…

അയാൾ അറിയുന്നുണ്ട് ചുറ്റിലും സങ്കടങ്ങൾ കൊണ്ട് കണ്ണീർ നിറയുന്ന കണ്ണുകളെ..

അനേകം പേരുടെ മനസ്സിലെ നൊമ്പരവും കണ്ണീരും കാണുകയും അറിയുകയും ചെയ്യുന്ന അയാളുടെ മനസ്സിലെ സങ്കടം കാണാൻ ആരും ഉണ്ടായില്ല.

കോവിഡിന്റെ വരവിൽ ജോലി നഷ്ടമായ സലാം എന്നും നാട്ടുകാർക്ക് നന്മ മരമാണ്. അവരുടെ സലാംക്കായുടെ നോവും സങ്കടവും ആരും കണ്ടില്ല.

“വാപ്പാക്ക് അറിയാലോ പലർക്കും വേണ്ടി പലരുടെയും മുൻപിൽ കൈ നീട്ടിയിട്ടുണ്ട് ന്റെ ഇക്കാ… ഇപ്പൊ മോളുടെ കല്യാണം ആയപ്പോൾ ഒരു പവൻ സ്വർണം കൊടുക്കാൻ വഴി കാണാതെ ഈ വാടക വീട്ടിൽ ഉറങ്ങാതെ നേരം വെളുപ്പിക്കുന്നത് ഞാൻ മാത്രമല്ലേ കാണുന്നുള്ളൂ..”

“അവൻ ചെയ്യുന്നതിനുള്ള പ്രതിഫലം പടച്ചോൻ തരും മോളെ…”

മഴയത്തു നല്ലൊരു റെയിൻ കോട്ട് പോലും ഇല്ലാതെ പാതിയിൽ കൂടുതൽ നനഞ്ഞു അയാൾ രാത്രി വീട്ടിലെത്തി.

സൽമ തല തുടക്കാൻ തോർത്തുമായി ഓടി ചെന്നു.

“മോളെ ഉമ്മിച്ചി എന്തെ…?”

“ഉമ്മിച്ചിക്ക് തലവേദനയാ..”

ഉടുത്തിരുന്ന ഡ്രസ്സ് അഴിച്ചു മാറ്റി ഒരു കൈലി ഉടുത്തു തല തോർത്തി അയാൾ മുറിയിലേക്ക് ചെന്നു.

“എന്താണ് പാത്തു..”

“ഒന്നൂല്ല..”

“മോള് പറഞ്ഞു വയ്യെന്ന്..”

“നിക്കാഹ് അടുത്ത് വരികയാ.. ആലോചിച്ചിട്ട് ഒരു അന്തവുമില്ല..”

“എല്ലാം നടക്കും..”

അയാൾ ഭാര്യയുടെ തലയിൽ തലോടി. പുറത്ത് അപ്പോഴും തകർത്തു പെയ്യുന്ന മഴ.

ഒരു കൊല്ലത്തോളമായി ജോലി നഷ്ടമായിട്ട്.. അന്നുമുതൽ ഇന്നുവരെ എങ്ങനെയൊക്കെ കുടുംബം മുന്നോട്ട് പോയപ്പോൾ ഉണ്ടായിരുന്ന സ്വർണ്ണം മൊത്തം ബാങ്കിലുമായി.

“നാട്ടുകാർക്ക് മൊത്തം സഹായവുമായി ഓടി നടക്കുന്ന ആളാണ്… ഒരു നേരത്തെ ഭക്ഷണത്തിനുള്ള എന്തെങ്കിലും നിങ്ങൾക്ക് ആരെങ്കിലും തന്നിട്ടുണ്ടോ… എന്തിന് അധികം ഒരാളെങ്കിലും ചോദിച്ചിട്ടുണ്ടോ ഇക്കാ… ഇക്ക എങ്ങനെയാ ജീവിക്കുന്നതെന്ന്… ഓരോ ആവിശ്യങ്ങൾക്കും അങ്ങോട്ടും ഇങ്ങോട്ടും ഓടുമ്പോൾ പെട്രോൾ അടിക്കാനുള്ള ക്യാഷ് ഇല്ലാതെ വെപ്രാള പെടുന്ന ഇക്കയെ എനിക്കല്ലേ അറിയൂ… നിർത്തികൂടെ ഇതൊക്കെ.”

“പാത്തു ആരിൽ നിന്നും എനിക്ക് ഒന്നും വേണ്ട.. ഒന്നും പ്രതീക്ഷിക്കുന്നുമില്ല… എന്റെ മോളുടെ നിക്കാഹ് അത് നടക്കും.”

“എങ്ങിനെ നടക്കാനാണ്..ഇക്ക “

“ചിലപ്പോൾ നാട്ടുകാർ ഇതൊക്കെ അറിയുമ്പോൾ പറയും സലാം വീട് നോക്കാതെ നാട് നന്നാക്കാൻ ഇറങ്ങിയെന്ന്..ഉത്തരാവാദിത്വം ഇല്ലാത്തവാനണ് എന്നൊക്കെ.. പക്ഷെ പാത്തു നീ അങ്ങനെ ഒരിക്കലും തോന്നരുത് .. അത് സങ്കടമാണ്..”

“വലിയൊരു കുടുംബത്തിന്റെ ചുമതല ഏറ്റുടുത്തു കൂടപിറപ്പുകൾക്ക് ജീവിതമുണ്ടാക്കി കൊടുത്തില്ലെ… വാടക വീടായാലും എന്നെയും മോളേയും പൊന്നു പോലെ നോക്കുന്നില്ലേ… ഒരിക്കലും ഞാൻ അങ്ങനെ പറയില്ല.. ആരെക്കാളും എന്റെ ഇക്കാനെ എനിക്ക് അറിയാം..”

“ഈ സമയം… ഈ സമയവും കടന്ന് പോകും പാത്തു.”

പ്രവാസിയായ നാളുകളിൽ കൂടെ ഉള്ളവർക്ക് സഹായമായി നിന്നപ്പോൾ തോന്നിയ സന്തോഷത്തിൽ നിന്നും അയാൾ പലരുടെയും സങ്കടത്തിന്റെ കണ്ണീർ തുള്ളികളെ തുടച്ച വിരലുകൾ കൊണ്ട് അയാൾ പാത്തുവിന്റെ കണ്ണിൽ നിന്ന് അടർന്ന കണ്ണീർ തുള്ളികളെ തുടച്ചു.

ദിവസവും സമയവും ചിലപ്പോൾ ചിലരുടെ മുൻപിൽ കുതിരയെ പോലെ ഓടും.രാത്രിയും പകലും മനസ്സിലെ പ്രശ്നങ്ങൾക്ക് വഴി കാണിക്കാതെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും.

അടുത്ത ആഴ്ച സൽമയുടെ നിക്കാഹാണ്.

“പയ്യനും കുടുംബവും ഒരുതരി പൊന്നുപോലും സ്ത്രീധനമായി ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ഒരുപാട് പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികൾക്ക് സ്വർണ്ണം കൊടുത്തു കല്യാണപന്തലിലേക്ക് കൈപിടിച്ച സലാമിന്റെ മകൾ ഒരു തരി പൊന്നില്ലാതെ…അല്ലെ പാത്തു “

“ഇക്കാ… സങ്കടപ്പെടല്ലെ… സാരില്ല.”

സാരില്ലന്നും സങ്കടപ്പെടല്ലേന്നും പറയാൻ കഴിയും. ഒറ്റ മോളുടെ നിക്കാഹാണ്. ഉമ്മാടെയും വാപ്പയുടെയും കണ്ണ് നിറയും. ഇടനെഞ്ചു പൊള്ളും. ഒറ്റ മോളുടെ വളർച്ചയിൽ കണ്ട കിനാവിൽ ഏറ്റവും മനോഹരമായത് അവളുടെ നിക്കാഹ് തന്നെയല്ലേ.

രാവിലത്തെ സംസാരം കഴിഞ്ഞു വെള്ളമുണ്ടും ഷർട്ടും ധരിച്ചു സലാം പുറത്തിറങ്ങി.

സൂര്യൻ ഉദിച്ചാൽ അയാൾക്ക് പിന്നെ വീട്ടിൽ ഇരിക്കാൻ കഴിയില്ല. അയാളെ തേടി സങ്കടങ്ങളുടെ വിളിവരും. അല്ലെങ്കിൽ സങ്കടങ്ങളെ തേടി ചെല്ലും.

അവർക്കൊക്കെ സാന്ത്വനവും കരുതലുമായി പകലിന്റെ സമയം മുന്നോട്ട് പോകുമ്പോൾ അയാൾ ഓർക്കാറില്ല അയാളുടെ സങ്കടങ്ങൾ.

കൂടെ ഉള്ളവരോട് പറയാതെ ചങ്കിലെ നോവിന്റെ വേദന പുറത്ത് കാണിക്കാതെ മാസങ്ങളായി താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാൻ കഴിയാത്ത സലാം വീടില്ലാത്ത രണ്ട് പേർക്ക് ഉണ്ടാക്കിയ വീടിന്റെ താക്കോൽ അവരുടെ കൈകളിൽ വെച്ച് കൊടുത്തു പുഞ്ചിരിയോടെ ആ ആൾകൂട്ടത്തിൽ നിന്നു.

തോരാതെ പെയ്യുന്ന മഴയിൽ അന്ന് രാത്രി ഒരു കാർ സലാമിന്റെ വാടക വീടിന്റെ മുൻപിൽ വന്നു നിന്നു.

വാതിലിലുള്ള തട്ട് കേട്ട് പാത്തു ചെന്ന് വാതിൽ തുറന്നു.

“സലാംക്കാടെ വീടല്ലെ….?”

“അതെ… ആരാ..”

അപ്പോഴേക്കും സലാമും വന്നു.

“കയറി ഇരിക്ക്…”

അയാൾ അകത്തു കയറി കസേരയിൽ ഇരുന്നു. അവരെ നോക്കി പുഞ്ചിരിച്ചു. കൈയിൽ കരുതിയ ഒരു കവർ സലാമിന്റെ നേരെ നീട്ടി.

“മോളെ കല്യാണമാണല്ലേ… ഞാൻ അറിഞ്ഞു.. ഇത് എന്റെ ഭാര്യയുടെ കുറച്ചു സ്വർണ്ണമാണ്. ഇത് എന്റെ സമ്മാനമായി കല്യാണദിവസം മോളെ അണിയിക്കണം. നിങ്ങൾ കരുതി വെച്ചത് ഉണ്ടാകുമെന്ന് അറിയാം എങ്കിലും എന്റെ സന്തോഷത്തിന് ഇത് സ്വീകരിക്കണം.”

“നിങ്ങൾ ആരാ…?”

“ഞാൻ… ഞാൻ… ഇക്കാക്ക് ഓർമ്മയുണ്ടോ മുൻപ് ഇക്ക നാട്ടിൽ റോഡിൽ അപകടത്തിൽ പരിക്ക് പറ്റി റോഡിൽ കിടന്ന ഒരു അമ്മയെയും മകളെയും…”

“ഉണ്ട്…”

“ഞാൻ ഹരി ആ മോളുടെ അച്ഛനാണ് .. നിങ്ങൾ അന്ന് ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് മാത്രം എന്റെ മോളെ എനിക്ക് കിട്ടി…”

“അപ്പോ മോളുടെ അമ്മയോ …?”

“അവൾ പോയി ഇക്കാ..”

നിറഞ്ഞ കണ്ണുകൾ തുടച്ചു അയാൾ പിന്നെയും ചുണ്ടിൽ പുഞ്ചിരി വരുത്താൻ ശ്രമിച്ചു.

“ഇക്കാ.. എന്റെ മോൾക്ക് വേണ്ടിയാ ഇപ്പൊ ഞാൻ ജീവിക്കുന്നത്.. ദൈവമാണ് ആ സമയം ഇക്കാനെ അവിടെ എത്തിച്ചത്.”

“ഹരി ഈ നിമിഷം വരെ ആരിൽ നിന്നും ഒരു രൂപപോലും പ്രതീക്ഷിച്ചു കൊണ്ട് ഒന്നും ചെയ്തിട്ടില്ല.. പക്ഷെ ഇപ്പൊ നിങ്ങൾ തന്നത് ഞാൻ സ്വീകരിക്കും.. “

“ഇത് എന്റെ അനിയത്തികുട്ടിക്ക് ഏട്ടന്റെ സമ്മാനമായി കരുതിയാൽ മതി.”

അയാൾ സലാംക്കയുടെ കൈ പിടിച്ചു യാത്ര പറഞ്ഞു പുറത്തറങ്ങി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *