Story written by DHANYA SHAMJITH
ഓ.. നേരം വെളുക്കണേനു മുന്നേ ഇന്നും ഇറങ്ങിയോ?
ഷർട്ടിൻ്റെ ബട്ടണുമിട്ട് വരാന്തയിലേക്ക് ഇറങ്ങിയ സുനിയെ കണ്ട് രമ മുഖം കോട്ടി.
ചില്ലറ ഉണ്ടേൽ ഒര് പത്തിരുപത് രൂപ താടീ വൈകിട്ട് തരാ…. മറുപടിയായി സുനി അവളെ നോക്കി.
പിന്നേ ൻ്റ കയ്യി എട്ത്തു വച്ചേക്കുവല്ലേ ചോയ്ക്കുമ്പം ചോയ്ക്കുമ്പം തരാൻ..
ചില്ലറ ഇല്ലാഞ്ഞിട്ടാ ടീ.. രാവിലന്നെ കടം പറയാൻ പറ്റൂല.. അയാൾ ഷർട്ടിൻ്റെ കൈ തെറുത്തു കയറ്റി.
ഞാനറിയാഞ്ഞിട്ട് ചോദിക്കാ,, എന്നും ആ ദാമൂൻ്റെ കടേലെ വാട്ടച്ചായ കുടിക്കാന്ന് നേർച്ച വല്ലോം ഒണ്ടോ നിങ്ങക്ക്.. ഇവടെ രണ്ട് നേരം അരലിറ്ററ് പാല് വാങ്ങണത് പിന്നെന്തിനാ..
കെട്ടിക്കേറി വന്ന പിറ്റേന്ന് തൊട്ട് കാണണതാ രാവിലത്തെ ഈ ചായക്കടേൽ പോക്ക്. ഇന്ന് വരെ ൻ്റ കയ്യീന്ന് രാവിലെ ഒര് കട്ടൻ ചായയെങ്കിലും നിങ്ങള് വാങ്ങി കുടിച്ചിട്ടുണ്ടോ, ഇതിനും മാത്രം എന്ത് സ്പെഷ്യലാ ദാമൂൻ്റെ വാട്ടച്ചായക്ക്…. രമയ്ക്ക് അരിശം കേറി.
സ്പെഷ്യല് തന്നാടീ….. രാവിലത്തെ കുളിരും കൊണ്ട് കവലേലോട്ട് നടക്കണ ഒര് സുഖം ഒണ്ടല്ലോ അത് നെനക്ക് പറഞ്ഞാ മനസിലാവൂല്ല..
വഴിക്കെ കാണുന്നവരോട് രണ്ട് വാക്ക് കുശലോം പറഞ്ഞ്, ചായക്കടേലെത്തുമ്പം ബഞ്ച് നെറഞ്ഞിട്ടുണ്ടാവും.. ഇല്ലാത്ത സ്ഥലം ഒണ്ടാക്കി ഒരു ചായേം പറഞ്ഞ് ഇരിക്കുമ്പോഴാവും ആരേലും നാട്ടിലെ വിശേഷങ്ങളുടെ കെട്ടഴിക്കുക.. അതും കേട്ട് തിളച്ച ചായ ഊതിക്കുടിക്കുമ്പോ കിട്ടണ രസം വീടിൻ്റെ ചുമരിനുളളില് ടി.വീം കണ്ടിരുന്ന് കുടിച്ചാ കിട്ടോ….
നിങ്ങളീ അടുക്കള മതിലിൻ്റെ പുറത്ത് പറയണ പരദൂഷണം പോലെ ഞങ്ങള് ആണുങ്ങൾക്ക് കൊറച്ച് വർത്താനോം പരദൂഷണോം പറയാൻ പറ്റണത് കവലേലെ ചായക്കടകളിലാ.. ചില ശീലങ്ങള് അങ്ങനാടീ ഭാര്യേ മാറ്റാൻ പറ്റൂല.
സുനി ചിരിയോടെ രമയെ നോക്കി.
ഓ പിന്നേ….അവൾ ചുണ്ടും കോട്ടി അകത്തേക്ക് നടന്നു..
ആ പോക്കുനോക്കി ചിരിയോടെ സുനി മുറ്റത്തേക്കിറങ്ങി….
ടാ… സുനിയേ, കവലേലോട്ടാണോടാ… അയലത്തെ വഴിയിൽ നിന്ന ശങ്കരേട്ടൻ്റെ ചോദ്യം കേട്ട് സുനി കൈയ്യുയർത്തി..
ന്നാ നിക്കടാ ഞാനുമൊണ്ട്… ശങ്കരേട്ടൻ ധൃതിപ്പെട്ട് നടന്നടുത്തു…
ചില്ലറ ഒണ്ടോ ശങ്കരേട്ടാ?
ഓ, രണ്ട് ചായക്കൊള്ളതൊക്കെയിണ്ടടാ സുനിയേ,ല്ലേൽ മ്മടെ ദാമുവല്ലേ മ്മക്ക് പറ്റാക്കാടാ…. നീ നട….
അതു കേട്ട് മുണ്ടൊന്ന് മുറുക്കി സുനി ശങ്കരേട്ടനോടൊപ്പം നടന്നു തുടങ്ങി ദാമുവിൻ്റെ കടയിലെ ചൂടുചായയ്ക്കായി.