വാടാമലരുകൾ
Story written by Rosily Joseph
“മോളെ ശ്രീമായേ , നിന്റെ സാരി ആ ചാരുവിന്നൊന്നു കൊടുക്ക്. ഇത് കഴിഞ്ഞാൽ പിന്നെ നീ അവൾക്ക് ഒന്നും കൊടുക്കണ്ട.. “
ഉച്ച തിരിഞ്ഞു മൂന്നു മണിയോടടുത്തു, ആരൊക്കെയോ കാറിൽ വന്നിറങ്ങുന്നത് അകത്തു നിന്ന് ചാരുലതയ്ക്ക് കേൾക്കാമായിരുന്നു
“നീ ഇവിടെ നിൽക്കുവാണോ അങ്ങോട്ട് ചെന്ന് എല്ലാർക്കും ചായ എടുത്തു കൊടുക്കടി.. !”
ചെറിയമ്മയുടെ ഉറക്കെയുള്ള അട്ടഹാസം കേട്ടു അവൾ ഞെട്ടി തിരിഞ്ഞു
“അത്.. ചെറിയമ്മേ, എനിക്കയാളെ തീരെ ഇഷ്ടപെട്ടില്ല ആകെ വയസ് ചെന്നത് പോലെ.. “
“ആഹാ എന്നാ പിന്നെ എന്റെ പൊന്നുമോള് ഇവിടെ തന്നെ കുത്തിയിരുന്നോ കൊണ്ട് പോവാൻ രാജകുമാരൻ വരും., തള്ളയും തന്തയും ചത്തു. ഇപ്പോഴും നോക്കി ഇരിക്കുവാ അസത്ത് ..! “
“വേഗം അങ്ങട് ഒരുങ്ങി വാ പെണ്ണേ.. “
ചെറിയമ്മയുടെ തീരുമാനത്തിൽ മറുത്തൊന്നും പറയാനാകാതെ അവൾ ഈറനായ മിഴികൾ തുടച്ചു. അവർ തനിക്കായി കട്ടിലിൽ കൊണ്ട് വെച്ചു പോയ സാരി മടിച്ചു മടിച്ചു കയ്യ്കളിൽ എടുത്തു.
“എത്ര വട്ടം കൊതിചതാ വെള്ളയിൽ പൂക്കളുള്ള ഈ സാരിക്ക് വേണ്ടി, മറ്റൊന്ന് വാങ്ങി കൊടുക്കാംന്ന് പറഞ്ഞു കാണും അല്ലാതെ ചേച്ചി ഇത് തന്നു വിടില്ല.. ” അവൾ ഒരു നെടുവീർപ്പോടെ ഓർത്തു
“തനിക്കു സ്വന്തമായ് ആരുമില്ല ഒന്നും വാങ്ങി തരാനും തന്നെ മകളായി കണ്ട് സ്നേഹിക്കാനും ” ഭിത്തിയിൽ തൂങ്ങി കിടന്ന തന്റെ അച്ഛനമ്മമാരുടെ മുഖം നോക്കി അവൾ കരഞ്ഞു . ഏറെ നേരം അതിലേയ്ക്ക് തന്നെ നോക്കി നിൽക്കവേയാണ് വാതിൽക്കൽ ചെറിയമ്മയുടെ വിളി കേട്ടത്
നിലക്കണ്ണാടിയിൽ നോക്കി തന്റെ മുഖം. കരഞ്ഞു കണ്മഷി ഒക്കെ പടർന്നിരുന്നു. മിഴികൾ തുടച് അടുക്കളയിലേയ്ക്ക് നടക്കുമ്പോൾ തന്റെ സ്വപ്നങ്ങൾ തകർന്നടിയുകയാണെന്ന് അവൾ നിനച്ചു
“കേട്ടോ ബ്രോക്കറെ, അവളുടെ അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ ഒരു ദുഖവും അറിയിക്കാതെയാ ഞാനവളെ വളർത്തിയത്. എന്റെ മക്കളെ പോലും ഇത്ര കണ്ട് ഞാൻ സ്നേഹിച്ചിട്ടില്ല.. ” വെറ്റില ചുണ്ണാമ്പ് മുറുക്കി ചവച്ചു കൊണ്ടവർ പറഞ്ഞു
“അല്ല സുഭദ്രാമ്മയുടെ മക്കളൊക്കെ എവിടെയാ..? “
“ഒരാളുണ്ട് ഇവിടെ, ശ്രീമായ, ആ ദേ ഇതാ എന്റെ മോള് മായ. അവർ തന്റെ പ്രിയപ്പെട്ട മകളെ ചേർത്തു പിടിച്ചു. അമ്മയുടെ കെട്ടിപിടിത്തത്തിൽ ചതുർഥി തോന്നിയ മകൾ അൽപ്പം അയഞ്ഞു നിന്നു
“അമ്മയ്ക്കീ വെറ്റില മുറുക്കൊന്നു നിർത്തികൂടെ.. “
ആരും കേൾക്കാതെ അവൾ ചോദിച്ചു
“ഇനി ഒരു മോളു കൂടി ഉണ്ട് ശ്രീ രഞ്ജിനി അവൾ ഇവിടെ ഇല്ല ഹോസ്റ്റലിൽ നിന്ന് പഠിക്കയാ.. “
“സുഭദ്രാമ്മയുടെ മക്കളൊക്കെ നല്ല നിലയിൽ ആണല്ലോ..? ” “ചാരുലതയെ പിന്നെ എന്താ പഠിക്കാൻ ഒന്നും വിടാഞ്ഞത്.. “
“ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ അവൾ ഇതുപോലെ പഠിക്കുകയൊന്നുമില്ല.. വെറുതെ കാശ് കളയാൻ.. “ബ്രോക്കറുടെ ചോദ്യത്തിന് അവർ മറുപടി പറഞ്ഞു
അപ്പോഴാണ് പിന്നിൽ ഒരു കാലൊച്ച കേട്ടത്.
കയ്യിലിരിക്കുന്ന സ്റ്റീൽ പാത്രം അവളെ പോലെ തന്നെ കിടു കിടാ വിറച്ചു കൊണ്ടിരുന്നു
“അങ്ങോട്ട് ചെന്ന് കൊടുക്ക് പെണ്ണേ.. !”
ചെറിയമ്മ, വിരുന്ന്കാർക്ക് മുന്നിലേയ്ക്ക് ചാരുവിനെ ഉന്തി തള്ളി വിട്ടു
ടീപ്പോയിൽ ചായ ഗ്ലാസുകൾ നിരത്തി വയ്ക്കുമ്പോൾ അറിയാതെ പോലും അവളുടെ കണ്ണുകൾ , കെട്ടാൻ പോകുന്ന ചെക്കന് നേരെ നീണ്ടില്ല
“അവർക്ക് തമ്മിൽ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടാവും നമ്മുക്ക് മാറി കൊടുക്കാം.. അല്ലെങ്കിൽ വേണ്ട പുറത്ത് ഇഷ്ടം പോലെ സ്ഥലം കിടക്കുകയല്ലേ അതാകുമ്പോൾ നല്ല കാറ്റും വെളിച്ചവും കിട്ടുകയും ചെയ്യും.. ” എന്തോ ഓർത്തിട്ടെന്നപോലെ അയാൾ പറഞ്ഞു
മുറ്റത്തു പടർന്നു പന്തലിച്ച പനിനീർ ചാമ്പയുടെ ചുവട്ടിൽ രഘു നാഥ് തന്റെ പുതിയ റിസ്റ്റ് വാച്ചിലേക്ക് കണ്ണും നട്ട് നിന്നു
ലഞ്ജ കലർന്ന മുഖത്തോടെ തനിക്കു മുന്നിലേയ്ക്ക് വന്ന ചാരു എന്ന ആ പെൺകുട്ടിയെ അയാൾ വളരെ ഇഷ്ടത്തോടെ നോക്കി
“ചാരു എന്നാണല്ലേ പേര്.. ” ഒട്ടും ഗൗരവം വിടാതെ അയാൾ ചോദിച്ചു
മ്മ്..
“ഇയാൾ എന്നെ കണ്ടിട്ടുണ്ടോ എന്നറിയില്ല ഞാൻ ഒരുപാട് വട്ടം ഇയാളെ കണ്ടിട്ടുണ്ട്. “
എവിടെ എന്നവൾ ചോദിച്ചില്ല തീർത്തും മൗനം ആയിരുന്നു അവളിൽ
അയാൾ തുടർന്നു
“ഒരു ദിവസം പോലും മുടങ്ങാതെ, ദേവിക്ക് മാല ചാർത്തുന്ന തന്നോട് എന്തെന്നില്ലാത്ത ഒരു കൗതുകവും ഇഷ്ടവും ഒക്കെയായിരുന്നു എനിക്ക്.
അവിടുത്തെ പൂജാരി പറഞ്ഞാണ് അറിഞ്ഞത് തനിക്കു ചെറിയമ്മ അല്ലാതെ മറ്റാരും ഇല്ലെന്നും തന്റെ അച്ഛനും അമ്മയും ഒക്കെ ഒരു കാറാക്സിഡന്റിൽ മരിച്ചു എന്നും. അപ്പോൾ മുതൽ തന്നെ എങ്ങനെ എങ്കിലും സ്വന്തമാക്കണം എന്ന് തോന്നി. അനുകമ്പ തോന്നിയിട്ടല്ല കേട്ടോ ശരിക്കും ഇഷ്ടമായിട്ടാണ്. പിന്നെ ഈ രൂപം നോക്കണ്ട ഇത് വെറും വെച്ചു കെട്ടാണ്.. ” ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു നിർത്തി
“വെച്ചു കെട്ടോ..? ” അവൾ അറിയാതെ അവളുടെ നാവിൽ നിന്ന് ശബ്ദമുതിർന്നു
“അതെ, നിന്നെ സ്വന്തമാക്കാൻ ഇതല്ലാതെ മറ്റൊരു മാർഗം ഇല്ലെന്ന് തോന്നി. “
“ഓർക്കുന്നുണ്ടോ ഒരിക്കൽ ഞാൻ നിന്നെ വിവാഹം ആലോചിച്ചു വന്നിരുന്നു അന്ന് ചെറിയമ്മ നിന്നെ എനിക്ക് തരില്ല എന്ന് പറഞ്ഞു ആട്ടിയിറക്കി. അവിടെ നിന്ന് ഇറങ്ങി പോരുമ്പോൾ നിന്റെ കരച്ചിൽ ഉച്ചത്തിൽ എന്റെ കാതുകളിൽ ഞാൻ കേട്ടു “
“ആൾക്കാരെ വശീകരിച്ചു മയക്കുന്നവൾ എന്നും പറഞ്ഞു നിന്നെ അന്ന് പൊതിരെ തല്ലിയത് എനിക്കോർമ്മയുണ്ട്. ആ ഒരു നിമിഷം, മനസ്സിൽ കുറിചിട്ടതാണ് നിന്നെ എന്റെ ജീവന്റെ പാതിആക്കുമെന്ന്. വാശിയോടെ അവർക്ക് മുന്നിൽ നിൽക്കുമെന്ന്.. “
അയാൾ തന്റെ നരച്ചു എണ്ണ വറ്റിയ താടിയും മുടിയും ഇളക്കി മാറ്റി. അക്ഷരാർതത്തിൽ ഞെട്ടി പോയ അവൾ ചുറ്റിലും നോക്കി
“പേടിക്കണ്ട ബ്രോക്കർക്കറിയാം എല്ലാ കാര്യങ്ങളും. പിന്നെ ഈ കല്യാണം നടന്നാലും ഇല്ലെങ്കിലും ചെറിയമ്മയും നിന്റെ ചേച്ചിയും അറിയില്ല ഒന്നും.. വാക്ക്..ഞാൻ പോവ ഇനി നിൽക്കണില്ല പക്ഷേ ദിവസവും മുടങ്ങാതെ അമ്പലത്തിൽ വരും ഈ മുഖം ഒരു നോക്ക് കാണാൻ. അതിന് മാത്രം തടസ്സം പറയരുത്.. “
അവൾ താടി ഉയർത്താതെ ചെറുതായ് പുഞ്ചിരിച്ചു. ഒരുപാട് കാലങ്ങൾക്ക് ശേഷം തെളിഞ്ഞ പുഞ്ചിരി
“ആരായിരുന്നടി അവൻ..?അപ്പൊ രണ്ടുപേരും ചേർന്ന് നാടകം കളിക്കുക യായിരുന്നല്ലേ.. !”
വീടിനുള്ളിലേയ്ക്ക് കയറിയതും പുറം പൊളിയണ മാതിരി ചൂല് കൊണ്ടുള്ള അടി പിന്നിൽ നിന്ന് കിട്ടി, അവൾ ഞെട്ടി തിരിഞ്ഞു
“അയ്യോ ചെറിയമ്മേ, എനിക്കറിയില്ല അയാളാരാണെന്ന് സത്യമായിട്ടും എനിക്കറിയില്ല.. “
എല്ലാം ഒളിഞ്ഞു നിന്ന് കേട്ട ശ്രീമായയാണ് രഹസ്യങ്ങൾ അവരുടെ കാതിൽ എത്തിച്ചതു
“ഇന്ന് മുഴുവൻ പച്ചവെള്ളം ഇല്ലാതെ ഇവിടെ കിടക്ക്. നിന്നെ അവൻ കൊണ്ട് പോകുന്നത് ഞാനൊന്ന് കാണട്ടെ.. “
സ്റ്റോറൂമിലേയ്ക്ക് അവളെ തള്ളി വിട്ട് പുറത്തു നിന്ന് പൂട്ടി കീയുമായി അവർ നടന്നകന്നു
ദിവസങ്ങൾ കഴിഞ്ഞു. അമ്പലമുറ്റത്തു കാത്തു നിന്ന് അയാൾ ഇന്നും ഏറെ വിഷമത്തോടെ മടങ്ങി
അപ്പോഴാണ് ദേവിയുടെ തിരുസന്നിധിയിൽ ഒരു ബഹളം കേട്ടത്.തറയിൽ വീണു കിടന്ന ആ പെൺകുട്ടിയെ അയാൾക്ക് ഏറെ പരിച്ചിതം തോന്നി. അവൾ കൊണ്ട് വന്ന പൂമാല ദേവിയുടെ കഴുത്തിൽ അപ്പോഴും വാട്ടം തട്ടാതെ കിടപ്പുണ്ടായിരുന്നു
മുട്ട് കുത്തി അവളെ വീണ്ടും നോക്കുമ്പോൾ അയാൾ ഞെട്ടിപോയി
“ചാരു.. ! “
“എന്താ പറ്റിയത് തന്റെ മുഖത്തെന്താ ഇത്രയും ക്ഷീണം..? “
“എനിക്ക്.. എനിക്കിത്തിരി ഭക്ഷണം വാങ്ങി തരുവോ..?” എല്ലാരും ചുറ്റിലും നിന്നൊഴിഞ്ഞു പോയതും അവൾ തീരെ അവശതയോടെ ചോദിച്ചു
കുടിച്ചു തീർത്ത വെള്ളത്തിന്റെ ബോട്ടിൽ അയാൾ ആൽത്തറയിൽ വെച്ച് അവളെ തന്റെ ചുമലിൽ ചേർത്ത് ചായ പീടികയിലേക്ക് നടന്നു
അയാൾ വാങ്ങി കൊടുത്ത ദോശയും ചമ്മന്തിയും ആർത്തിയോടെ വാരി കഴിക്കുന്ന അവളെ കണ്ട് അയാൾക്ക് എന്തെന്നില്ലാത്ത വാത്സല്യം തോന്നി
“വീട്ടിൽ കൊണ്ട് ചെന്നാക്കട്ടെ ചെറിയമ്മ അന്വേഷിക്കില്ലേ..? “
“വേണ്ട, ഞാൻ പോവൂല അവിടേയ്ക്ക് ഞാൻ പോവൂല.. “
“പിന്നെ.., പിന്നെ എവിടെ പോവും ഈ സന്ധ്യക്ക്.. ? “
“ഞാൻ കൂടെ വന്നോളാം ഇയാളുടെ വീട്ടിലേയ്ക്ക്, എന്നെ കൊണ്ട് പോവില്ലേ.. !”
“എന്താ പറഞ്ഞത്..? “
കേട്ടത് വിശ്വസിക്കാനാവാതെ അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകളിലെയ്ക്ക് അയാൾ ആഹ്ലാദത്തോടെ നോക്കി
“എന്നെ കൊണ്ട് പൊയ്ക്കൂടേ. ഞാൻ അടങ്ങി ഒതുങ്ങി ജീവിച്ചു കൊള്ളാം.. പ്ലീസ്.. “
“എന്റെ ദേവീ ഈ കേൾക്കണത് സത്യമാണോ.. “
അയാൾക്ക് സന്തോഷം കൊണ്ട് അവളെ പുണരണം എന്ന് തോന്നി
“ഞാൻ ദേവിക്ക് നന്ദി പറഞ്ഞിട്ട് വരാം ഈ മുത്തിനെ എനിക്ക് തന്നതിന്.. ഇക്കാല മത്രയും കഴിച്ച പുഷ്പാഞ്ജലികൾ ഒന്നും വെറുതെ ആയില്ലല്ലോ.. “
നട കയറാൻ തുടങ്ങിയതും അമ്പലത്തിൽ മണി മുഴങ്ങുന്നതു ഇരുവരും കേട്ടു
അപ്പോഴേക്കും പകലത്തെ സൂര്യൻ അന്തി ചോന്നു തുടങ്ങിയിരുന്നു. പക്ഷികൾ ചേക്കാറാനായി പറന്നകന്നു
രഘുനാഥ് അവളുടെ കയ്യിൽ മുറുകെ പിടിച്ചു ആ നടകൾ ആവേശത്തോടെ കയറി തുടങ്ങി ഒരിക്കലും തീരാത്ത ആ ജീവിത നൈർമല്യത്തിനായി..ഇനി ഒരിക്കലും തന്റെ പെണ്ണിന്റ കണ്ണുകൾ നിറയാതിരിക്കാൻ അയാൾ അവളെ കൂടുതൽ ചേർത്തു പിടിച്ചു