നൊമ്പരങ്ങൾ
Story written by Nitya Dilshe
“ആര്യ കിരണിന്റെ ആരെങ്കിലും ഉണ്ടോ ?” പാതികേട്ടതും കസേരയിൽ നിന്നും ചാടി എഴുന്നേറ്റു..ഉണ്ട് എന്ന് പറയുന്നതിനൊപ്പം തന്നെ നഴ്സിന്റെ അടുത്തെത്തിയിരുന്നു..പാതി തുറന്ന വാതിലിലൂടെ കണ്ണുകൾ ഉള്ളിലേക്ക് തിരച്ചിൽ നടത്തി..
“ആര്യ പ്രസവിച്ചോ ?”ആകാംക്ഷയുടെ ഉച്ചകോടിയിൽ എത്തിയത് കൊണ്ടാവാം ശബ്ദം ശരിക്കു പുറത്തേക്കു വന്നില്ല..
” വരു..ഡോക്ടർ കാണണമെന്ന് പറഞ്ഞു..”
കൈയ്യും കാലും വിറക്കുന്ന പോലെ..ഉള്ളിലെ ചൂട് വിയർപ്പുകണങ്ങളായി പുറത്തേക്കു വരുന്നതറിഞ്ഞു..
“എന്താണ്..? ആര്യ പ്രസവിച്ചോ ?” ഞാൻ ശബ്ദം അനക്കി ചോദിച്ചു..
” ഡോക്ടർ പറയും..സെക്കന്റ് ഡോർ.. അങ്ങോട്ടു ചെന്നോളൂ..”
കാലുകൾക്ക് ഭാരം കൂടിയപോലെ.. ആര്യയുടെ കരച്ചിലെങ്ങാനും കേൾക്കുന്നുണ്ടോ എന്നു കാത് കൂർപ്പിച്ചു.. ഹൃദയത്തിനകത്ത് എന്തോ കൊളുത്തിപ്പിടിക്കുന്ന വേദന..
നിഴലനക്കം കണ്ടിട്ടാവണം ഡോക്ടർ തലയുയർത്തി..അനുവാദം ലഭിക്കുന്നതിന് മുന്നേ കസേരയിൽ ഇരുന്നു..അല്ലെങ്കിൽ വീണു പോകുമെന്ന് തോന്നി..എന്തിനാണ് വിളിപ്പിച്ചതെന്നു ചോദിക്കാനുള്ള ധൈര്യം പോലും ചോർന്നു പോവുന്നതറിഞ്ഞു..
“കിരൺ,.പേടിക്കാനൊന്നുമില്ല..ആര്യ..ആ കുട്ടി വളരെ ടയേഡ് ആണ്..ബോഡി വളരെ വീക്..ഇങ്ങനൊരു സിറ്റുവേഷനിൽ നോർമൽ ഡെലിവറി കുറച്ചു ഡിഫികൾട് ആണ്.സി.സെക്ഷൻ ആണ് ബെറ്റർ എന്നു തോന്നുന്നു..എന്ത് പറയുന്നു.?”
കേട്ടപ്പോൾ എന്തോ കുറച്ചശ്വാസം തോന്നി….ഹൃദയത്തിൽ നിന്നും വലിയൊരു ഭാരം നേർത്തില്ലാതാവുന്നത് പോലെ..ആറുമണിക്കൂറോളമായി അവളെ അകത്തു കയറ്റിയിട്ടു.. പോകുമ്പോൾ ആ മുഖത്തെ വേദന ശരിക്കു കണ്ടതാണ്..അടക്കിപ്പിടിച്ച കരച്ചിലും എന്റെ കൈയ്യിൽ അവൾ അമർത്തിയ വിരൽപ്പാടുകളുടെ ആഴം കണ്ടാലറിയാം അവൾ എത്രത്തോളം വേദനയനുഭവിക്കുന്നു എന്നത്.
അഞ്ചുവർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു അവളെ കൂടെ കൂട്ടാൻ തീരുമാനിച്ചത്..വിവരം വീട്ടിൽ പറഞ്ഞപ്പോൾ നേരെ ചെവ്വേ ജോലിയില്ലാതെ നിനക്കു പെണ്ണ് ചോദിച്ചു നാണം കെടാൻ വയ്യെന്നായിരുന്നു അച്ഛന്റെ മറുപടി..
അന്ന് പറയാൻ ഒരു ജോലി എന്നു കരുതിയാണ് കുറഞ്ഞ ശമ്പളത്തിൽ ഫ്രണ്ട്ന്റെ അച്ഛന്റെ ഷോപ്പിൽ അക്കൗണ്ടന്റ് എന്ന പേരിൽ കയറിയത്.. അക്കൗണ്ട് സെക്ഷൻ മാത്രമല്ല ലീവ് എടുക്കുന്നവർടെ കൂടി ജോലികളും ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു..പറയാനൊരു ജോലിയുണ്ടല്ലോ എന്ന ധൈര്യത്തിലാണ് അവളുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിച്ചത്..അവിടെയും ജോലി ഒരു വില്ലൻ ആയി നിന്നു..
രണ്ടു വീട്ടുകാരും സമ്മതിക്കില്ല എന്ന ഘട്ടത്തിൽ പിന്നെ അവളെ വിളിച്ചിറക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു…കൂട്ടുകാരുടെ സഹായത്തോടെ ഒരു ജീവിതം കെട്ടിപ്പൊക്കി..പ്രാരാബ്ദങ്ങളുടെ നടുവിലും പരപ്സരം മനസ്സിലാക്കിയിരുന്നു എന്നത് തന്നെയായിരുന്നു വിജയം..
താമസിയാതെ മുൻപ് എഴുതിയ ബാങ്ക് ടെസ്റ്റിന്റെ അപ്പോയിന്റിമെന്റ് ലെറ്റർ കിട്ടി..ജീവിതം വലിയ കുഴപ്പമില്ലാതെ പോയി..ഞങ്ങളെ വേണ്ടാത്ത വീട്ടുകാരെ ഞങ്ങൾക്കും വേണ്ട എന്ന നിലപാടായിരുന്നു..
അവൾ ഗർഭിണിയാണ് എന്നറിഞ്ഞപ്പോഴായിരുന്നു സന്തോഷം പങ്കുവെക്കാൻ വീട്ടുകാരില്ല എന്നു വേദന തോന്നിയത്..എന്നാലും മനസ്സിലെവിടെയോ ഒരു വാശി കിടന്നിരുന്നു..ഇതുവരെ എത്താമെങ്കിൽ ഇനിയും മുന്നോട്ട് അങ്ങനെതന്നെ ..
വീർത്തു വരുന്ന വയറിനോടൊപ്പം പതിവ് ചെക്കപ്പുകളും .. ഒന്നിനും കുറവ് വരാതെ ഒപ്പം തന്നെ നിന്നു…ഗര്ഭിണികൾക്കൊപ്പം വരുന്ന അമ്മമാരെ കൊതിയോടെ അവൾ നോക്കുന്നത് കണ്ടില്ലെന്നു നടിച്ചു..എന്റെ ദേഷ്യത്തെ ഭയന്നാവാം ഈറനണിഞ്ഞ കണ്ണുകൾ പലപ്പോഴും അവൾ എന്നിൽ നിന്നും മറച്ചുപിടിച്ചു..
വേദന അമർത്തിപിടിച്ച് അവൾ ലേബർ റൂമിലേക്ക് കയറുമ്പോൾ എന്റെ കൈപ്പിടിച്ചു ദയനീയമായി നോക്കി..ഈ ലോകത്ത് ഒറ്റപ്പെട്ടവനെപ്പോലെ നിന്നു അപ്പോൾ…
“കിരൺ, ഒന്നും പറഞ്ഞില്ല..” ഡോക്ടറുടെ ശബ്ദമാണ് ചിന്തകളിൽ നിന്നുണർത്തിയത്..
“എനിക്കവളെ ഒന്നു കാണാൻ കഴിയുമോ ?” അവളെ ഒന്നു കണ്ടാൽ മതിയെന്നായിരുന്നു മനസ്സിൽ..നഴ്സ് തന്ന ഡ്രെസ്സും ധരിച്ച് ലേബർ റൂമിലേക്ക് കയറിയപ്പോൾ മറ്റേതോ ലോകത്ത് എത്തിപ്പെട്ടപോലെ തോന്നി..
വാടിത്തളർന്നു കിടക്കുന്ന അവളെ കണ്ടപ്പോൾ നെഞ്ചോന്നു പിടഞ്ഞു..
“മോളു….” അവളുടെ കവിളിൽ തട്ടി വിളിച്ചു..
എന്റെ ശബ്ദം കേട്ടാവണം അവൾ ബലം പ്രയോഗിച്ചു കണ്ണുകൾ തുറക്കാൻ ശ്രമിച്ചു..എന്നെ കണ്ട ആശ്വാസം ആ മുഖത്തുണ്ടായിരുന്നു.. അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു..
എന്റെ കൈകൾ അവൾ മുറുകെപ്പിടിച്ചു.. “എനിക്ക് കഴിയുന്നില്ല കിരൺ..ഞാൻ മരിച്ചു പോകുമോ..” അവളുടെ കൺകോണിലൂടെ മിഴിനീർ ഒഴുകിക്കൊണ്ടിരുന്നു..
കേട്ടതും അവളെ നെഞ്ചോടു ചേർത്തു..നെറ്റിയിൽ ചുണ്ടുകളമർത്തി.. “ഒന്നുമില്ല മോളു..ഞാൻ കൂടെയുണ്ട്..”
“അതേ.. രണ്ടുപേരും കൂടി കരയാനല്ല ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നത്..പേഷ്യന്റിന് ഒരു ധൈര്യം കൊടുക്കാനാ..” ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോഴാണ് ഞാനും കരയുകയാണെന്നു മനസ്സിലായത്..
ഒരുപാട് വേദന അനുഭവിച്ചു…. വീണ്ടുമൊരു ഓപ്പറേഷന്റെ വേദന കൂടി അവൾ അനുഭവിക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ, ഡോക്ടറോട് ഒന്നുകൂടി ശ്രമിച്ചു നോക്കിയിട്ടു പോരെ’ ..എന്നു റിക്വസ്റ്റ് ചെയ്തത്..
എന്നോടും ഒപ്പം നിൽക്കാനുള്ള അനുവാദം തന്നു..
“മോളു..ഒന്നു കൂടി ശ്രമിച്ചു നോക്കൂ..നമ്മുടെ വാവക്കു വേണ്ടിയല്ലേ..നമുക്കീ ലോകത്ത് ആകെയുള്ളത് അതുമാത്രമല്ലേ..” എന്റെ വാക്കുകൾ കേട്ടപ്പോൾ അവൾ തളർച്ചയോടെ എന്നെ നോക്കി..
അവളുടെ ഒപ്പം നിന്നു ധൈര്യം കൊടുത്തു.. കുറച്ചു നേരത്തെ പ്രയത്നത്തിനൊടുവിൽ അവളുടെ അലർച്ചയോടെയുള്ള കരച്ചിലിനൊപ്പം എന്റെ കുഞ്ഞു ഭൂമിയിലേക്ക് പിറന്നു വീണു…
ആ സമയം എന്റെ അമ്മയുടെ മുഖമാണ് മനസ്സിലേക്കോടിയെത്തിയത്..അമ്മയെ കാണാനാണ് അപ്പോൾ ആഗ്രഹിച്ചത്..എന്നെക്കാളേറെ അവളും അതാഗ്രഹിച്ചിട്ടുണ്ടാവില്ലേ ..
ഒരു പ്രസവം കണ്ടാൽ സ്ത്രീകളോടുമുള്ള ബഹുമാനം കൂടുമെന്ന് ആരോ പറഞ്ഞതോർമ്മ വന്നു
റൂമിലേക്കവളെ കൊണ്ടു വരുമ്പോൾ അവിടെയുള്ള ആളുകളെ കണ്ട് ആ മുഖത്തു വിരിയുന്ന സന്തോഷവും സങ്കടവും ഒരു ചിരിയാലെ. നോക്കിക്കണ്ടു…
എനിക്ക് വേണ്ടി ഒരുപാട് വേദന സഹിച്ച അവൾക്കു ഇതിലും നല്ലൊരു സമ്മാനം കൊടുക്കാനില്ലെന്നു തോന്നി..
രണ്ടുപേരുടെയും അച്ഛനമ്മമാർക്കിടയിൽ ഞങ്ങളുടെ വാവയും..സ്നേഹത്തോടെ അവളെന്നെ നോക്കിയപ്പോൾ ഞാൻ കണ്ണു ചിമ്മി കാണിച്ചു..അപ്പോഴേക്കും വാവ കരയാൻ തുടങ്ങിയിരുന്നു..
സ്നേഹത്തോടെ….Nitya Dilshe