അമ്മയെന്ന പുണ്യം
Story written by Adarsh Mohanan
മേശയിൽ നിരത്തി വെച്ച ചോറുങ്കിണ്ണം എച്ചിൽപ്പാത്രം കണക്കേ ഞാൻ തട്ടി മാറ്റി, തലേ ദിവസം സീനിയർ സ്റ്റാഫുമായുണ്ടായ വാക്തർക്കത്തിന്റെ അരിശം മുഴുവനും തീർത്തത് അമ്മയോടായിരുന്നു
” വായ്ക്ക് രുചിയുള്ളത് വല്ലതും വച്ചുണ്ടാക്കിക്കൂടെ ഇവിടെയും ഒരു മനസ്സമാധാനം കിട്ടില്ലല്ലോ “
അതും പറഞ്ഞ് ഞാനമ്മയുടെ മുഖത്തേക്കൊന്നു നോക്കി. അടുക്കള പ്പടിയിലിരുന്ന് എന്നേ നോക്കി പുഞ്ചിരിച്ച അമ്മയേ കണ്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിക്കുകയാണുണ്ടായത് കോപം കൊണ്ട് ഞാനലറി
“പട്ടിണിയും ദാരിദ്ര്യവുമാണെങ്കിൽ പോട്ടെന്നു വെക്കാം ഇവിടിപ്പൊ എന്തിന്റെ കുറവാ ഉള്ളത്, എല്ലാം ഉണ്ടാക്കിക്കൊണ്ടു വരുന്ന എന്നെപ്പറഞ്ഞാൽ മതീ “
കൈ കഴുകി ഞാൻ പുറത്തേക്കിറങ്ങുമ്പോഴും അമ്മയുടെ വാടിത്തളർന്ന മുഖം കണ്ടില്ലെന്നു തന്നെ നടിച്ചു ഒന്നും വകവെക്കാതെ കാറിൽ കയറുമ്പോഴും മനസ്സിൽ പുതിയ പ്രോജക്റ്റിനെക്കുറിച്ച് മാത്രമായിരുന്നു ചിന്ത,
മാറ്റി വരച്ച പുതിയ ഡിസൈൻ കമ്പനി അപ്രൂവ് ചെയ്തില്ലെങ്കിൽ ജോലിയുടെ കാര്യം ഏകദേശം തീരുമാനമായ മട്ടിൽ എത്തിയിരുന്നു കാര്യങ്ങൾ
ഡ്രൈവിംങിനിടയിൽ എന്റെ ഫോൺ ഇടയ്ക്കിടെ റിംങ് ചെയ്യുന്നുണ്ടായിരുന്നു, ഓരോ തവണ ഫോൺ അടിക്കുമ്പോഴും മനസ്സിൽ ആതി കൂടിക്കൂടി വന്നു. കാർ ഒരു പെട്ടിക്കടയുടെ അരികിലേക്ക് ചേർത്തു നിർത്തി ഞാനാ കോൾ അറ്റന്റ് ചെയ്തു
എന്റെ പ്രോജക്ട് കമ്പനി അപ്രൂവ് ചെയ്തെന്ന് മാനേജർ വിളിച്ചു പറഞ്ഞപ്പോൾ മനസ്സിൽ ഉളവായ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല, തലയിൽ നിന്നു വലിയൊരു ഭാരം ഇറക്കി വെച്ച പ്രതീതി
മനസ്സികമായനുഭവിച്ച സമ്മർദ്ദത്തെ അതിജീവിച്ച സന്തോഷത്തിൽ ഞാനാ പെട്ടിക്കടയിൽ നിന്നും ഒരു സിഗരറ്റ് വാങ്ങി ആസ്വദിച്ചു വലിച്ചു.
പെട്ടെന്ന് പിറകിൽ നിന്നാരോ എന്റെ ഷർട്ടിൽപ്പിടിച്ച് വലിക്കുo പോലെനിക്ക് തോന്നി, തിരിഞ്ഞു നോക്കിയപ്പോൾ ഒരു പിഞ്ചു ബാലൻ കരഞ്ഞു തളർന്നെ ന്നോടെന്തക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു, ഇടറിയ ശബ്ദത്തിൽ തേങ്ങിക്കൊണ്ടവൻ പറഞ്ഞു
” മാമാ, മാമാ, എന്റെ അമ്മയ്ക്ക് തിരെ വയ്യാ രണ്ടീസായി വല്ലതും കഴിച്ചിട്ട് , ഇത്തിരി ചോറുവാങ്ങിത്തരോ മാമാ “
പാതയോരത്തേക്കവൻ അവന്റെ കുഞ്ഞു വിരൽച്ചൂണ്ടിക്കാണിച്ചു, അവിടെ അവശയായ ഒരു യുവതി തളർന്നു കിടന്നുറങ്ങുന്നുണ്ടായിരുന്നു, അടുത്തുള്ള ഹോട്ടലിൽ നിന്നും ഒരു പൊതിച്ചോറ് വാങ്ങിച്ച് ഞാനാ ബാലനു കൊടുക്കുമ്പോൾ അവന്റെ കുഞ്ഞിക്കണ്ണുകൾ ആഹ്ലാദത്താൽ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു
തളർന്നു കിടന്ന ആ സ്ത്രീയെയവൻ പിടിച്ചെഴുന്നേൽപ്പിച്ചിരുത്തി, ആ കുഞ്ഞിക്കൈ കൊണ്ടവനാ സ്ത്രീയെ ഊട്ടിക്കൊണ്ടിരുന്നപ്പോൾ അറിയാതെ എന്റെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു, രണ്ടുരുള കഴിച്ചിട്ട് ആ സ്ത്രീ പറയുന്നുണ്ടായിരുന്നു
” അമ്മയ്ക്ക് മതി മോനെ, ഇനി മോൻ കഴിച്ചോ ” എന്ന് എങ്കിലും വാശി പിടിച്ചു കൊണ്ടാ സ്ത്രീയെ അവൻ വീണ്ടും ഊട്ടിക്കൊണ്ടിരുന്നു
രാവിലെ വീട്ടിൽ വെച്ചുണ്ടായ സംഭവത്താൽ എന്റെ ഉള്ളിൽ കുറ്റബോധം തളം കെട്ടി നിൽക്കാൻ തുടങ്ങി , എനിക്കെന്നോടു തന്നെ വെറുപ്പു തോന്നി. മനസ്സിൽ എന്റെ അമ്മയുടെ മുഖം ആയിരം തവണ മിന്നിമറഞ്ഞു. എങ്ങനെയെങ്കിലും അമ്മയെ കാണണമെന്നു മാത്രമായി ചിന്ത, കാറു വീട്ടിലേക്ക് തിരിക്കുമ്പോഴും ആ സ്ത്രീയുടെ പതറിയ പദങ്ങൾ എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു
“അമ്മയ്ക്ക് മതി മോനേ, ഇനി മോൻ കഴിച്ചോ “
കേട്ടു മറന്ന പല്ലവി, അല്ല ഏതൊരമ്മയുടെയും മുദ്രാവാക്യമാണത്. ആറാം വയസ്സിൽ അച്ഛൻ മരിച്ചതാണ്, എന്നിട്ടും കഷ്ടപ്പെട്ടെന്നെ പോറ്റി വളർത്തിയത് അമ്മയായിരുന്നു,
വിഴിപ്പലക്കിയും, വീട്ടുജോലി ചെയ്തും, പാടത്ത് പുഞ്ചപണിയാൻ പോയും എന്നെ ഈ നിലയിലെത്തിച്ച അമ്മയോട് വാക്കുകൊണ്ടെന്നല്ല ഒരു നോക്കു കൊണ്ടു പോലും വേദനിപ്പിക്കാൻ പാടില്ലായിരുന്നു
അന്നൊരിക്കൽ സന്ധ്യക്ക് അത്താഴം വിളമ്പിത്തന്ന അമ്മയോട് ഞാൻ ചോദിച്ചു അമ്മ കഴിക്കണില്ലേ എന്ന് . വിശപ്പില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയപ്പോഴും അറിഞ്ഞിരുന്നില്ല അടുപ്പിൽ വെന്തത് ഒരാൾക്കുള്ള കഞ്ഞി മാത്രമായിരുന്നെന്ന്, അത്താഴപ്പട്ടിണി കിടക്കുമ്പോഴും എന്റെ നിറഞ്ഞ വയറിലെ സംതൃപ്തി കണ്ട് വിശപ്പക്കാറുണ്ടമ്മ ,വിശപ്പിന്റെ കയ്പു രുചി നാവിൽ നുണയുമ്പോഴും ഒരിക്കലും പരാതി പറഞ്ഞിട്ടില്ല അമ്മ,
അന്നും തളർന്ന പാതിയടഞ്ഞ ആ ‘കണ്ണുകളിൽ ഞാൻ കണ്ടിരുന്നു കളങ്ക മില്ലാത്ത സ്നേഹത്തിന്റെ നിറപുഞ്ചിരി വിടരുന്നത് ‘
തേച്ചുമിനുക്കിയ കോട്ടൻ ഷർട്ടിന്റെ വലംകൈയ്യിൽ ചുളിവുണ്ടെന്ന് പറഞ്ഞ് ഞാനമ്മയെ കുറ്റപ്പെടുത്താറുണ്ട് മാസാമാസം മിന്നുന്ന കുപ്പായം വാങ്ങി ദിവസവും മാറി മാറി ഉടുക്കുമ്പോഴും ഞാനോർത്തില്ല വർഷങ്ങളായി മാറി മാറി അമ്മയുടുക്കാറുള്ളത് മുഷിഞ്ഞ നാലു കീറ സാരിയാണെന്ന്, എന്റെ അമർഷങ്ങളെല്ലാം മൗനിയായി കേട്ടു നിക്കാറുള്ള അമ്മയുടെ ‘നിറകണ്ണിൽ അന്നും ഞാൻ കണ്ടിരുന്നു കളങ്കമില്ലാത്ത സ്നേഹത്തിന്റെ പുഞ്ചിരി വിടരുന്നത് ‘
എണ്ണിപ്പറുക്കി ചിലവു കഴിഞ്ഞ് ബാക്കി വരുന്ന നാണയത്തുട്ടുകളിൽ ബാക്കി വരുന്നത് കുടുക്കയിലെണ്ണിയെണ്ണിയിടാറുള്ളത് കൗതുകത്തോടെ ഞാൻ നോക്കി നിക്കാറുണ്ട് . പക്ഷെ അതെന്തിനായിരുന്നെന്ന് മനസ്സിലായത് പത്താം ക്ലാസ്സിൽ പരീക്ഷാ ഫീസടക്കാതെ പുറത്തു നിന്നപ്പോഴായിരുന്നു
മുഷിഞ്ഞ വിയർപ്പിന്റെ ഗന്ധമുള്ള നോട്ടുകൾക്കൊപ്പം എണ്ണിയെണ്ണി ഫീസിനുള്ള തുക സ്റ്റാഫ് റൂമിന്റെ മേശയിലമ്മ നിരത്തുമ്പോഴും ചായകൊണ്ടു വന്ന പ്യൂൺ ചേട്ടൻ പുച്ഛത്തോടെ എന്നെ നോക്കി ചിരിക്കുമായിരുന്നു. വാരാന്തയുടെ തണലിൽ നഖം കടിച്ചു ഞാൻ നിൽക്കുമ്പോഴും ഉച്ചവെയിൽ കൊണ്ട് സ്കൂളിന്റെ പടി കടന്നു പോകുന്ന അമ്മയെന്നെ തിരിഞ്ഞു നോക്കും അന്നും വിയർത്തു കുതിർന്ന അമ്മയുടെ ‘നിറകണ്ണിൽ ഞാൻ കണ്ടിരുന്നു കളങ്കമില്ലാത്ത സ്നേഹത്തിന്റെ നിറപുഞ്ചിരി വിടരാറുള്ളത് ‘
ആഘോഷ നാളുകൾ ഉമ്മറപ്പടിയിലെത്തി നിൽക്കുമ്പോഴും രാവന്തിയോളം അടുപ്പിലെ കരിയും പുകയുമേറ്റ് ഒരുപാട് കഷ്ടപ്പെടാറുണ്ടമ്മ . ഉല്ലാസ ക്കൊഴുപ്പിൽ ഞാനാറാടിത്തിമർത്ത് വീട്ടിലെത്തുമ്പോഴും എനിക്ക് കുളിക്കാനുള്ള ചൂടുവെള്ളം തയ്യാറാക്കുന്ന തിരക്കിലായിരിക്കുമമ്മ . വസ്ത്രം മാറി തോർത്തെടുത്തു തരുമ്പോഴും പുകക്കുമ്മലടിച്ച ആ ‘ചോരക്കണ്ണിൽ അന്നും ഞാൻ കണ്ടിരുന്നു സ്നേഹത്തിന്റെ കളങ്കമില്ലാത്ത നിറപുഞ്ചിരി വിടരുന്നത് ‘
ദൂതകാലത്തിന്റെ കിളിവാതിൽ ഞാൻ മനപ്പൂർവ്വം കൊട്ടിയടക്കുകയായിരുന്നു, ഓർമ്മ വെച്ച നാളുമുതലിന്നോളം ഒരു പരാധിയുമറിയിക്കാത്ത എന്റെ അമ്മയെ മനപ്പൂർവ്വം കണ്ടില്ലെന്നു നടിക്കുകയായിരുന്നു
വീടിന്റെ ഉമ്മറത്ത് ഞാൻ വന്നിറങ്ങുമ്പോഴും മണ്ണു കുഴച്ച് കൂട്ടിയിട്ട കളത്തി ലിരുന്നു ചാണകം മെഴുകുകയായിരുന്നു അമ്മ. പതിയെ ഞാനമ്മയുടെ അരികിലേക്ക് നടന്നടുക്കുമ്പോഴും പശ്ചാത്താപബോധത്തിന്റെ കനത്താൽ എന്റെ ശിരസ്സു താഴുന്നുണ്ടായിരുന്നു
ആ നരവീണ മുടിയും ചുളിവു വീണ നെറ്റിയും അന്നാദ്യമായാണ് ഞാൻ ശ്രദ്ധിക്കുന്നത്, ഒട്ടിക്കിടന്ന കഴുത്തിലെ ചുളിവിൽ ഞെരമ്പുകൾ തടിച്ചു നിൽക്കുന്നതു കണ്ടപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് എന്റെയമ്മ വല്ലാതെ ശോഷിച്ചു പോയി എന്ന്
മെഴുകിയിട്ട ആ മൺകളത്തിലൂടെ നടന്ന് അമ്മയുടെ മുൻപിൽ വന്നു നിൽക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു, ആ കരിപുരണ്ട കാൽപ്പാദങ്ങളെ കണ്ണീർക്കൊണ്ട് കഴുകിയെടുക്കും മുൻപേ അമ്മയെന്നെ എഴുന്നേൽപ്പിച്ചു, നരവീണ അമ്മയുടെ മൂർദ്ധാവിൽ ചുണ്ടമർത്തി ഞാൻ പൊട്ടിക്കരഞ്ഞു.
“അമ്മേ. ഞാനറിയാതെ………..,….. അറിയാതെ പറഞ്ഞു പോയതാണമ്മേ”
ഉള്ളംകൈയ്യിലിരുന്ന കൈക്കുഞ്ഞെന്നോണം അമ്മയെന്റെ മൂർദ്ധാവിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു ആ ചുണ്ടുകൾ പതറിയ ശബ്ദത്തിൽ എന്നോട് മന്ത്രിച്ചു
” അമ്മയ്ക്കറിയാം കണ്ണാ, ദേഷ്യം വന്നാ നീ അച്ഛനെ പോലെത്തന്നെ ഒരു ശുണ്ഡിക്കാരനാ , ആ മുറിച്ച മുറിയാ നീയ്യ് , നീയിങ്ങനെ ഓരോന്ന് പറയണത് അമ്മയ്ക്ക് ഇഷ്ടാ, എന്താന്നോ? നീയത് പറയുമ്പോളോക്കെ അച്ഛൻ പറയണ പോലാ അമ്മയ്ക്ക് തോന്നാറ് “
വീണ്ടും വീണ്ടും അമ്മയെന്നെ സ്നേഹം കൊണ്ട് തോൽപ്പിക്കുകയായിരുന്നു, ഊണുമേശയിൽ തലകുനിച്ചിരുന്ന എന്റെ അരികിൽ അമ്മ വന്നു നിന്നു എന്റെ നടുവിൽ ആശ്വസിപ്പിക്കും വിധത്തിലൊന്നു തടവിക്കൊണ്ട് പറഞ്ഞു
” കണ്ണാ ഒന്നും കഴിച്ചില്ലാലോ നീയ്യ്, അമ്മയിപ്പൊ ചോറു കൊണ്ടരാട്ടോ, നിനക്കിഷ്ടപ്പെട്ട കൂർക്കുപ്പേരി ഇണ്ടാക്കീണ്ട്, ഉച്ചക്ക് നന്ദന്റെ കൈയ്യില് കൊടുത്തു വിടാൻ നിക്കാർന്നു “
മുൻപിൽ കൊണ്ടു വെച്ച ഭക്ഷണത്തിൽ കൈയിടുമ്പോഴും എന്റെ വിരലുകൾ വിറക്കുന്നുണ്ടായിരുന്നു, ആ ചോറുംകിണ്ണം കൈയ്യിലെടുത്ത് അമ്മയെനിക്ക് വാരിത്തരുവാൻ തുടങ്ങി, ആ മാന്ത്രിക വിരലുകളാൽ കൂട്ടിക്കുഴച്ച കുത്തരിച്ചോറിന് അമൃതിനേക്കാൾ രുചിയുണ്ടായിരുന്നു, ഓരോ ഉരുളയും ആ പഴയ ആറുവയസ്സുകാരന്റെ ലാഘവത്തിൽ ഞാൻ കഴിച്ചിറക്കുമ്പോഴും എന്റെ മിഴികളിൽ നിന്നൊഴുകിയ നീരൊഴുക്കിന്റെ വേഗത ഇരട്ടിക്കുന്നുണ്ടായിരുന്നു, ചോദിച്ചു മറന്ന ആ പഴയ ചോദ്യം വീണ്ടും ഞാനമ്മയോടു ചോദിച്ചു
” അമ്മ കഴിക്കുന്നില്ലേ ?” എന്ന്
വീണ്ടുമെന്റെ മൂർദ്ധാവിൽ തലോടിക്കൊണ്ടമ്മ പറഞ്ഞു
” അമ്മയ്ക്ക് വിശക്കണില്ലടാ, മോൻ കഴിക്ക് “
ഞാനമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു
‘ അപ്പോഴും ഞാൻ കണ്ടു തുളുമ്പാൻ വിതുമ്പുന്ന ആ നിറകണ്ണുകളിൽ കളങ്കമില്ലാത്ത സ്നേഹത്തിന്റെ നിറപുഞ്ചിരി വിടരുന്നത് ‘