കോളിംഗ് ബെൽ അമർത്തി കാത്തു നിന്നിട്ടും അകത്തു പ്രേത്യേകിച്ചു ശബ്ദ മൊന്നും കേട്ടില്ല. ചിലപ്പോ കറണ്ടില്ലായിരിക്കും, അയാൾ ഓർത്തു .പിന്നീടയാൾ കതകിൽ ചെറുതായ് മുട്ടി……….

Story written by Rosily joseph

ബ്രേക്ക്‌ഫാസ്റ്റ് കഴിഞ്ഞു ഫോണിന്മേൽ തോണ്ടി ഇരിക്കുമ്പോഴാണ് ഭാര്യ സഞ്ചിയുമായി അടുത്തേയ്ക്ക് വന്നത്

നീയിതെങ്ങോട്ടാ ഈ സഞ്ചിയുമായി..? മുഖം ചുളിച്ചുകൊണ്ടയാൾ ചോദിച്ചു.

ഒന്നാമതേ ലോക്ക് ഡൗൺ,കടയിലെങ്ങാനും പറഞ്ഞുവിടാനാണെങ്കിൽ തീർന്നു. ഇപ്പോഴത്തെ പോലീസിന്റെയൊക്കെ അടി..ഹോ, ഓർക്കാനേ വയ്യ.അയാൾ ഫോണിലേക്ക് തിരിഞ്ഞു

ഏട്ടനോട്‌, റേഷൻകടയിൽ പോകാൻ അമ്മ പറഞ്ഞു.

റേഷൻകടയിൽ പോകാനോ, അതിനിവിടെ റേഷൻ വയ്ക്കാറില്ലല്ലോ പിന്നെന്തിനാ?

ഡൈനിങ്ങ് ടേബിൾ തുടയ്ക്കാൻ എത്തിയ അമ്മയാണ് അതിന് മറുപടി പറഞ്ഞത്

“ഡാ, നമ്മുടെ പറമ്പിലെ പണിക്കാർക്ക്, ഉച്ചക്കുണ്ണാൻ കൊടുക്കേണ്ടേതല്ലേ.. ? വിലകൂടിയ അരി വച്ചുകൊടുക്കാൻ പറ്റുമോ..? പിന്നെ, നമ്മുടെ കോഴിക്കും കൈസറിനുമൊക്കെ കൊടുക്കത്തില്ലെ..?

ഇപ്പൊ, റേഷൻകടയിൽ നിന്നു കിട്ടുന്ന അരിയൊക്കെ വളരെ നല്ലതാന്നാ കേട്ടേ…..”

“ആ, എന്നാ അമ്മ പോയി വാങ്ങിക്കോ… എനിക്ക്, പോലീസിന്റെ തല്ലുകൊള്ളാൻ വയ്യ….”

“റേഷൻകടയിൽ പോകുന്നവരെ, ആരും തല്ലത്തൊന്നുമില്ല. നീ, വേഗം പോകാൻ നോക്ക്..”

അമ്മ, രണ്ടും കല്പിച്ചാണ്, പറഞ്ഞുതീർന്നിട്ട് അവർ അടുക്കളയിലേക്കു പോകാൻ തുനിഞ്ഞതും, അയാൾ രാജീടെ മുഖത്തേക്കു നാണത്തോടെ നോക്കി.

“ഡാ, കൊഞ്ചലും, കൊഴയലുമൊക്കെ പിന്നെ മതി. നീയിപ്പോൾ പോകാൻ നോക്ക്… അവളിവിടെത്തന്നെ കാണും.. “

”ഈ അമ്മ..”

അയാൾ, സ്വയം ശപിച്ചുകൊണ്ട് അകത്തേക്കു പോയി.

അമ്മയെ പേടിച്ചു ഒന്നും മിണ്ടാനാകാതെ, ചെറിയൊരു പുഞ്ചിരിയോടെ നിൽക്കുകയായിരുന്നു രാജി.വിവാഹം കഴിഞ്ഞിട്ട്, ഒരാഴ്ച്ചയായതേയുള്ളൂ. പണ്ടാരം പിടിച്ച ‘ലോക്ക്ഡൗൺ’ കാരണം,അവളെയും കൊണ്ടൊന്നു പുറത്തേക്കു പോകാൻ പോലും പറ്റിയിട്ടില്ല. വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന്, ‘ലോക്ക് ഡൗൺ’ ആയതാണ്.

അയാൾ, നിരാശയോടെ ഓർത്തു.

“ഹേയ്,

നിങ്ങളോട് പറഞ്ഞില്ലേ,ഇതേയുള്ളൂന്ന്,നിന്നു സമയം കളയാതെ,

വീട്ടിൽ പോകാൻ നോക്ക്..”

റേഷൻ പിടികയുടെ സൈഡിലേക്ക്, ബൈക്ക് ഒതുക്കി നിർത്തി സഞ്ചിയുമായിറങ്ങുമ്പോഴായിരുന്നു

ആ ഗർജനം കേട്ടത്. പ്രായമായൊരു ഉമ്മാ സഞ്ചിയും തൂക്കിപ്പിടിച്ചു നിന്നു കരയുന്നു.

“എന്തുപറ്റി…?”

അയാൾ, കാർഡ് മേശപ്പുറത്ത് വയ്ക്കുന്നതിനിടയിൽ, കടയുടമയോടു ചോദിച്ചു.

“രണ്ടുദിവസമായി ഭയങ്കര ശല്യമാണന്നേ, മക്കളൊക്കെ ഗൾഫിലാ..

പിന്നെന്തിനാ ഇവിടെ വന്നു കെഞ്ചുന്നതെന്നാ മനസ്സിലാവാത്തത്.

വല്ല, പട്ടിക്കോ,പൂച്ചയ്ക്കോ കൊടുക്കാനാവും.”

മഹേഷ്‌, ആ ഉമ്മയെ നോക്കി. കിട്ടിയ അരിയുമായി റോഡു മുറിച്ചു കടക്കുന്ന അവരെ കണ്ടപ്പോൾ, അയാൾക്ക്, സങ്കടം തോന്നി.

അന്നു രാത്രിയിൽ,തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അയാൾക്കുറക്കം വന്നില്ല.

നാളെത്തന്നേ,എങ്ങനെയെങ്കിലും അവരെ കണ്ടുപിടിക്കണം.

അയാൾ മനസ്സിൽ, ഒരുറച്ച തീരുമാനമെടുത്തു

“മഹിയേട്ടൻ ഉറങ്ങിയില്ലേ..?”

രാജിയുടെ ചോദ്യം കേട്ട്,അയാൾ ഞെട്ടലോടെ അവളുടെ മുഖത്തേക്കു നോക്കി.

അവൾ ലൈറ്റിന്റെ സ്വിച്ച് ഓണാക്കി

“എന്തുപറ്റി..?

എന്താ മുഖത്തൊരു വല്ലായ്മ..? സുഖമില്ലേ,ഇന്നത്താഴം കഴിച്ചതുമില്ലല്ലോ…പറ ഏട്ടാ,

എന്താ പ്രശ്നം..”

അയാൾ, നടന്നതെല്ലാം അവളോടു വിവരിച്ചു.

“ആ മക്കൾ, ചിലപ്പോൾ അമ്മയെ അന്വേഷിക്കാഞ്ഞിട്ടാവും ഏട്ടാ..”

“ഉം…

എന്തായാലും എനിക്കു കിട്ടിയ അരി, അവർക്ക് കൊടുക്കേണ്ടതായിരുന്നു”

“ഏട്ടൻ വിഷമിക്കാതെ..”

“എന്നാലും രാജീ, കണ്മുന്നിൽ കണ്ടിട്ട്….

ആ സ്ഥാനത്തു നമ്മുടെ അമ്മയായിരുന്നെങ്കിലോ..?

അവളൊന്നും മിണ്ടാതെ, എഴുന്നേറ്റിരുന്നു.

“വിഷമമായോ.., സാരല്ല വന്നു കിടക്കു .. “

നീർമണികൾ അടിഞ്ഞു കൂടിയ കണ്പോളകളെ ചുംബിക്കുമ്പോൾ അയാൾ അവള്ടെ കാതിൽ പറഞ്ഞു

“വിഷമിക്കണ്ടാട്ടോ .. “

അവളെ ചേർത്ത് പിടിച്ചു മാറിലേയ്ക്കിട്ടപ്പോൾ പകുതി ദുഃഖം മാറി.

അല്ലെങ്കിലും പണ്ടുള്ളവർ പറയുന്നത് നേരാ സ്നേഹമുള്ള ഭാര്യയുടെ സാന്നിധ്യം ഭർത്താവിന്റെ ഏതൊരു ദുഃഖത്തെയും ഇല്ലാതാക്കും..

കട്ടിലിന്റെ ഓരത്തു അവളെ പുണർന്നു കിടക്കുമ്പോൾ കണ്ണുകളിൽ മയക്കം എത്തിയിരുന്നു

പിറ്റേന്നു പുലർച്ചെ, ബൈക്കിന്റെ ചാവിയുമെടുത്തു പുറത്തേക്കിറങ്ങുമ്പോൾ,

വഴിയിൽ പോലീസ് ഉണ്ടാവരുതേ എന്നായിരുന്നു അയാള്ടെ പ്രാർത്ഥന

“ഏട്ടാ സൂക്ഷിച്ചു പോണേ.. ” വാതിൽക്കൽ നിന്നവൾ ഓർമ്മിപ്പിച്ചു

“എവിടേയ്ക്കാടാ ഈ രാവിലെ തന്നെ?”

“ഒരു സ്ഥലം വരേ പോയിട്ടു വരാം അമ്മേ.. “

“അവൻ, എവിടെ പോകുവാണെന്നാടി പറഞ്ഞത്? “

മഹേഷ്‌ പോയതും, വാതിൽപടിയിൽ യാത്ര അയക്കാൻ നിന്ന മരുമകളെ അവർ അടിമുടിയൊന്നു നോക്കി.

“അറിയില്ലമ്മേ, എന്നോടൊന്നും പറഞ്ഞില്ല..”

ഒരു നുണ പറഞ്ഞിട്ടവൾ പയ്യെ അവിടെ നിന്നും അകത്തേയ്ക്ക് വലിഞ്ഞു

########

റോഡ് സൈഡിലുള്ള, പഴയ ഓടിട്ട വീടിനു മുന്നിൽ ബൈക്ക് നിർത്തി മഹേഷ്‌ ഇറങ്ങി. ചുറ്റുപാടും, അധികം വീടുകളൊന്നുമില്ല.

കോളിംഗ് ബെൽ അമർത്തി കാത്തു നിന്നിട്ടും അകത്തു പ്രേത്യേകിച്ചു ശബ്ദ മൊന്നും കേട്ടില്ല. ചിലപ്പോ കറണ്ടില്ലായിരിക്കും, അയാൾ ഓർത്തു .പിന്നീടയാൾ കതകിൽ ചെറുതായ് മുട്ടി.

റേഷൻ കടയിൽ വച്ചു കണ്ട ആ ഉമ്മ തന്നെ ആയിരുന്നു വാതിൽ തുറന്നത് ..മക്കൾ വിദേശത്തുള്ളവരാണെന്ന് കണ്ടാൽ പറയുമോ..? അത്രയ്ക്ക് ദയനീയമായിരുന്നു അവരുടെ സ്ഥിതി

“കോളിംഗ് ബെൽ കേടാ..”

അയാൾ എന്തെങ്കിലും പറയും മുൻപേ അവർ പറഞ്ഞു. അതിനൊരു ചെറു പുഞ്ചിരിയോടെ അയാൾ പറഞ്ഞു

ഉമ്മ എന്നെ ഓർക്കുന്നുണ്ടോ..?

എനിക്ക് കണ്ടപ്പഴേ മനസ്സിലായി.. മോനെന്തിനാ വന്നത്..?

ഈ വീട്എങ്ങനെയാ കണ്ടുപിടിച്ചത്.. “

“റേഷൻ കടക്കാരനോട്‌ ചോദിച്ചപ്പോ അയാള പറഞ്ഞു തന്നത് ഈ വീട്.. “

“മോനിരിക്ക്, ഞാൻ കുടിക്കാനെടുക്കാം… വെള്ളം മാത്രേ ഉള്ളൂ ട്ടാ… പഞ്ചാര ഇല്ല അതാ കാപ്പി തരാത്തെ.. “

അതും പറഞ്ഞു അവർ പോയതും,ഭിത്തിയിൽ അവരുടെ മക്കളുടെ ചിത്രങ്ങൾ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നതിലേക്കു അയാൾ കൗതുകത്തോടെ നോക്കി നിന്നു. തെല്ലുനേരം മുഴുവനായും അയാളുടെ കാഴ്ച്ചകളിൽ ആ ചിത്രങ്ങളായിരുന്നു. ആ ഉമ്മയുടെ ശബ്ദമാണ്, അയാളെ ചിന്തകളിൽ നിന്നും കാഴ്ച്ചകളിൽ നിന്നും വിടുതൽ നൽകിയത്.

“എന്റെ മക്കളാണ്…പോയിട്ട്, അഞ്ചുവർഷങ്ങൾ കഴിഞ്ഞു. എവിടെ യാണെന്നൊരു വിവരവുമില്ല. ഗൾഫിലേയ്ക്കാണെന്ന് പറഞ്ഞാ പോയത്…”

അതു പറയുമ്പോൾ, അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“പോലീസിൽ, പരാതി കൊടുത്തില്ലേ ഉമ്മാ..?”

“ഒക്കെ കൊടുത്തതാ, ഒരു പ്രയോജനവുമുണ്ടായില്ല..”

“ഇത്,കുറച്ചു സാധനങ്ങളാണ്. ഇന്നലെ കണ്ടപ്പോൾ തരണോന്ന് വിചാരിച്ചതാ.

ലോക്ക്ഡൗണല്ലേ, ആൾക്കാരെയൊക്കെ സഹായിക്കാന്നു വെച്ചു.”

“ഉമ്മാ, ഇനി കരയണ്ടാ ട്ടോ,

ഉമ്മായ്ക്ക് ഇനി ഒരുമോനും കൂടിയുണ്ടെന്ന് വെച്ചോളൂ…

ഞാൻ, പോട്ടെ…പിന്നെ, വരാം…..”

അയാൾ യാത്ര പറഞ്ഞിറങ്ങമ്പോൾ, ആ ഉമ്മയുടെ കണ്ണുകൾ നിറയുന്നതു കണ്ടു.സന്തോഷം കൊണ്ടുള്ള കണ്ണീരായിരുന്നു അത്. ആരുമില്ലാത്തവർക്ക് ദൈവം തുണയെന്ന് പറയുന്നതുപോലെ,

ആ ഉമ്മയുടെ ജീവിതത്തിലേക്ക് വന്നുചേർന്ന ഭാഗ്യമായിരുന്നു അയാൾ..

ബൈക്ക്, തെല്ലുദൂരം പിന്നിട്ടപ്പോൾ, അയാൾ തിരിഞ്ഞു നോക്കി. വാതിൽപ്പടിയിൽ അയാളേയും നോക്കി, ഉമ്മ നിൽപ്പുണ്ടായിരുന്നു. ആ മുഖത്തേ പുഞ്ചിരി, ഇപ്പോഴും വ്യക്തമാണ്.

അതേ,ഇന്നലേകളുടെ മിഴിനീരു മായുകയാണ്. പകരമൊരു പുഞ്ചിരി തിളങ്ങുന്നു.

മാതൃഭാവത്തിൻ്റെ മധുരവും ആർദ്രതയും സമന്വയിച്ച പുഞ്ചിരി.

കാർമേഘങ്ങളൊഴിഞ്ഞ മാനത്ത് ഉദയസൂര്യൻ പ്രഭ ചൊരിഞ്ഞു നിന്നു. വെയിൽ ഭൂമിയെ പ്രശോഭിതമാക്കി. ഒരു പുതിയ ദിവസം, ആരംഭിക്കുകയായിരുന്നു. നന്മകളുടെ ദ്യുതി പകർന്ന സുദിനം.

Leave a Reply

Your email address will not be published. Required fields are marked *