കോളേജ് കാലത്ത് തുടങ്ങിയ സൗഹൃദം പ്രണയമായി മാറിയത് എപ്പോഴാണെന്ന് കൃത്യമായി അറിയില്ല………

അതിജീവനം

Story written by Greensa Asish

എത്ര പെട്ടെന്നാണ് അഞ്ച് വർഷം കടന്നു പോയത്. അവൾ ഓർത്തു. ഇന്നാണ് ആ ദിവസം. താൻ തനിച്ചായ ദിവസം. ശ്യാമിനെ തനിക്ക് നഷ്ടമായ ദിവസം. അവനു ആക്‌സിഡന്റ് ആയെന്ന് കേട്ടപ്പോൾ ജീവിതം അവിടെ വെച്ചു നിശ്ചലം ആയ പോലെ തോന്നിയിരുന്നു. ഓർമ്മകളെ എത്ര വിലക്കിയിട്ടും അവളുടെ അനുവാദം കാത്ത് നിൽക്കാതെ ഉള്ളിലേക്ക് ഇരമ്പി കയറി.

അവൾ കസേരയിൽ ചാരി കിടന്നു കണ്ണുകൾ അടച്ചു.

അന്ന് ശ്യാമിന്റെ ചിത എരിയുന്നത് ജനാലക്കരികിൽ നോക്കി നിന്നപ്പോൾ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞില്ല. പക്ഷെ ഇടനെഞ്ച് പിടയുക ആയിരുന്നു. ആ ചിതയിൽ അവർ ഒരുമിച്ച് കണ്ട സ്വപ്നങ്ങളും അവരുടെ പ്രതീക്ഷകളും കൂടി എരിഞ്ഞടങ്ങുന്നത് അവൾക്ക് കാണാമായിരുന്നു. പതിയെ ഓർമ്മകൾ മങ്ങി അവന്റെ ചിത കണ്മുന്നിൽ നിന്നു മറഞ്ഞു, കുറച്ചു നിമിഷങ്ങൾ ഒന്നും അറിയാതെ, ബോധമില്ലാതെ കിടന്നു. പിന്നെ കണ്ണ് തുറന്നപ്പോൾ അമ്മ അടുത്തിരുന്നു തലോടുകയാണ്. അമ്മയുടെ മടിയിൽ മുഖം പൂഴ്ത്തി കുറെ നേരം ചുരുണ്ടു കിടന്നു. ബാക്കി ഉള്ള കാലം അത്രേം അങ്ങനെ കിടക്കാൻ തോന്നിയിരുന്നു.

പിന്നീട് മനസ്സ് കൈ വിട്ടുപോയ നാളുകളിൽ ആയിരുന്നു. ആകെ ഒരു മരവിപ്പ്‌ ആയിരുന്നു. കണ്ണുനീർ വറ്റി. എന്തിനു ജീവിക്കണം എന്ന തോന്നൽ ഇടയ്ക്ക് ഇടയ്ക്ക് മനസ്സിൽ തല പൊക്കി തുടങ്ങി. റൂമിൽ നിന്ന് പുറത്തിറങ്ങാതെ ആരോടും മിണ്ടാതെ ശ്യാമിന്റെ ഓർമ്മകളിൽ മാത്രം ജീവിച്ചു. അച്ഛനേം അമ്മയേം അനിയത്തിയേം പോലും കാണാൻ താല്പര്യമില്ലാതായി. രാവും പകലും തിരിച്ചറിയാൻ കഴിയാത്ത നാളുകൾ. പുറം ലോകത്തോട് ഭയവും വെറുപ്പും തോന്നിയ നാളുകൾ. അന്നും ഓർമ്മകൾ പലപ്പോഴും വിരുന്നു വന്നുകൊണ്ടിരുന്നു.

കോളേജ് കാലത്ത് തുടങ്ങിയ സൗഹൃദം പ്രണയമായി മാറിയത് എപ്പോഴാണെന്ന് കൃത്യമായി അറിയില്ല. തമ്മിൽ തമ്മിൽ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. പൈങ്കിളി കഥകളിൽ കേൾക്കുന്ന പോലെ സല്ലപിച്ചിട്ടില്ല. എന്നാലും പ്രാണന്റെ പാതി ആയിരുന്നു അവൻ. നീണ്ട അഞ്ച് വർഷത്തെ പ്രണയത്തിനോടുവിൽ തമ്മിൽ ഒന്നിക്കാൻ തീരുമാനിച്ചപ്പോൾ ലോകം തന്നെ കാൽ കീഴിൽ ആയ പോലെ ആയിരുന്നു. പിന്നീട് സന്തോഷം മാത്രം ആയിരുന്നു ജീവിതത്തിൽ. പരസ്പരം ഇത്രയേറെ സ്നേഹിച്ച ഇത്രയേറെ മനസിലാക്കിയ ദമ്പതികൾ വിരളം ആയിരിക്കാം. അവന്റെ കൈകളിൽ തൂങ്ങി നടക്കുമ്പോൾ കാമുകി ആണോ ഭാര്യ ആണോ മകൾ ആണോ ആരാണ് അവനു താൻ എന്ന് അവൾക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. സ്നേഹിച്ചു കൊതിതീർന്നില്ല പരിഭവങ്ങൾ പങ്ക് വെച്ചു കൊതിതീർന്നില്ല. കണ്ട സ്വപ്‌നങ്ങളിൽ പാതിയും സ്വപ്‌നങ്ങൾ മാത്രം ആയി. ചിലപ്പോൾ എന്തിനെന്നു അറിയാതെ ദേഷ്യം തോന്നിയിട്ടുണ്ട് എല്ലാരോടും.

തന്റെ ഈ അവസ്ഥ തന്റെ അച്ഛനെ എത്രത്തോളം ബാധിച്ചെന്ന് അച്ഛന് പെട്ടെന്നു ഒരു നെഞ്ചവേദന വന്നപ്പോൾ ആണ് മനസിലായത്. ആ മുറി വീട്ടിറങ്ങിയതും അപ്പോഴായിരുന്നു. മെല്ലെ മെല്ലെ ഓർമ്മകളെ ഉള്ളിതൊക്കാൻ പഠിച്ചു. ആരും കാണാതെ കരയാൻ പഠിച്ചു. കരഞ്ഞുകൊണ്ട് ചിരിക്കാൻ പഠിച്ചു. അവൾ അതിജീവിക്കാൻ ശ്രമിക്കുന്നത് കണ്ട ചിലർ പറഞ്ഞു ഇനിയിപ്പോൾ അവൾ വേറെ വിവാഹം കഴിക്കും അവൾ ചെറുപ്പം അല്ലെ. മറ്റു ചിലർ പറഞ്ഞു അവളുടെ ജാതകദോഷം കാരണം അവൻ പോയി അവൾക്ക് ഒരു നഷ്ടവും വന്നില്ലല്ലോ നഷ്ടം ഒക്കെ ശ്യാമിന്റെ വീട്ടിക്കാർക്ക് അല്ലെ. ബന്ധുക്കളുടെ സഹതാപവും ഉപദേശവും അടക്കം പറച്ചിലുകളും കേട്ടു കരഞ്ഞു തളർന്നിരിട്ടുണ്ട്. അവസാനം ഉള്ളിലെ സങ്കർഷം പൊട്ടിത്തെറി ആയി പുറത്തേക്കു അറിയാതെ വന്നപ്പോൾ തീരുമാനിച്ചു ഇനി നാട് വേണ്ട.

അതുകൊണ്ട് തന്നെ ആണ് പഴയ കമ്പനിയിൽ വിളിച്ചു തനിക്ക് തിരിച്ചുവരാൻ താല്പര്യം ഉള്ള കാര്യം അറിയിച്ചത്. അച്ഛനും അമ്മയും എതിർത്തില്ല. ഒരുപക്ഷെ അവൾ പഴയ പോലെ ആയി കാണാൻ ഉള്ള അവരുടെ ആഗ്രഹം ആകാം. സാധാരണ എയർപോർട്ടിൽ അമ്മയേം അച്ഛനേം കെട്ടിപിടിച്ചു കരയാറുള്ള അവൾ അന്ന് കരഞ്ഞില്ല. ആശ്വാസം ആണ് അന്ന് തോന്നിയത്. സഹതാപവാക്കുകളിൽ നിന്നും ഉപദേശങ്ങളിൽ നിന്നും ഉള്ള രക്ഷപ്പെടൽ. ഒരു ഓചിത്യബോധം ഇല്ലാതെ മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്ന കുറേ ആളുകളുടെ കണ്ണുകളിൽ നിന്നുള്ള രക്ഷപ്പെടൽ. അതായിരുന്നു വീണ്ടും ദുബായിൽ എത്തിച്ച പ്രധാന ഘടകം.

തിരികെ വന്ന് ജോലി തിരക്കിൽ മുഴുകിയപ്പോൾ ഓർമ്മകളുടെ വിരുന്ന് വരവ് കുറഞ്ഞു തുടങ്ങി. ഇടയ്ക്ക് എപ്പോഴോ അച്ഛൻ ചോദിച്ചിരുന്നു ഒരു കൂട്ട് വേണ്ടെയെന്ന്. ആ ചോദ്യം മനപ്പൂർവം ഒഴിവാക്കി. ഒരു ആയുഷ്കാലം മുഴുവൻ ജീവിക്കാൻ ഉള്ള ഓർമ്മകൾ തന്നിട്ടാണ് ശ്യാം പോയത്. ഓർമ്മകൾ മാത്രം തന്നിട്ട്..!!

ജീവിതത്തിലെ യന്ത്രികതയിൽ നിന്ന് രക്ഷപെടാൻ ആണ് യാത്രകൾ ചെയ്യാൻ തുടങ്ങിയത്. ഒരുപാട് സ്ഥലങ്ങൾ കണ്ടു ആളുകളെ പരിചയപെട്ടു. പുതിയ ജീവിതം പുതിയ ലോകം. കൂടുതൽ പക്വത വന്നിരിക്കുന്നു ചിന്താഗതികൾക്ക്. അഭ്യുദയകാംഷികൾ എന്ന് സ്വയം പരിജയപ്പെടുത്തി അവളുടെ മാറ്റത്തിൽ ചിലർ ഒളിഞ്ഞും തെളിഞ്ഞും അതൃപ്തി പ്രകടിപ്പിച്ചു. ‘ഭർത്താവ് മരിച്ചിട്ടും യാതൊരു കുലുക്കവും ഇല്ല’ എന്ന് വരെ ചില കൂട്ടർ പറഞ്ഞു. ഇപ്പോൾ ആരുടെ വാക്കുകൾക്കും അവളുടെ ഉള്ളു പൊള്ളിക്കാൻ ഉള്ള കഴിവ് ഇല്ല. ഒരു പൊട്ടി പെണ്ണിൽ നിന്നും ഇന്ന് കാണുന്ന അവൾ ആയതും ശ്യാമിന്റെ ഓർമ്മകൾ കാരണം മാത്രം ആണ്. അതിന്റെ ശക്തി ഒന്ന് കൊണ്ട് മാത്രം ആണ്. ഓരോ യാത്രകൾ ചെയ്യുമ്പോഴും ശ്യാമിനെ വീണ്ടും കണ്ടുമുട്ടും എന്ന് അവൾ വെറുതെ പ്രതീക്ഷിച്ചു. ഇനി ഒരിക്കലും കാണില്ലെന്ന് അറിയാമെങ്കിലും കണ്ണുകൾ അവനെ തേടി നടന്നു. ആ യാത്രകൾ ഒരു പ്രേത്യേക തരം സന്തോഷം അവൾക്കിപ്പോൾ നൽകുന്നുണ്ട്.

അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അവളിപ്പോഴും ആ നാല് ചുവരുകൾ ക്കുള്ളിൽ കഴിഞ്ഞിരുന്നെങ്കിൽ ശ്യാമിന്റെ ഓർമ്മകൾ പോലും അവളെ വെറുത്തു തുടങ്ങിയേനെ എന്ന്. ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീകൾ ഒരിക്കലും നാട്ടിൽ നിൽക്കരുത് അവർ എല്ലാ ചങ്ങലകളും പൊട്ടിച്ചു പറന്നുയരണം അവൾക്കു തോന്നി. ഓർമ്മകൾ കടിഞ്ഞാൺ ഇല്ലാത്ത കുതിരയെ പോലെ എങ്ങോട്ടോ ഓടി പോകുന്നു.

“Excuse me Madam, the meeting is about to begin”.

അവളുടെ PA യുടെ വാക്കുകൾ കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്.

“Hmm Ok, I will be there in a minute”. അവൾ പറഞ്ഞു.

ഓർമ്മകളെ തത്കാലത്തേക്ക് ഉള്ളിലേക്ക് തള്ളി കയറ്റി മനസ്സിന്റെ വാതിൽ പൂട്ടി. മുന്നിലെ ലാപ്ടോപ്പും ഫയലും എടുത്ത് അവൾ ഇറങ്ങി. മേശപ്പുറത്തുള്ള ശ്യാമിന്റെ ഫോട്ടോയിൽ ഒരു നോക്ക് നോക്കികൊണ്ട്….

Leave a Reply

Your email address will not be published. Required fields are marked *