ക്യാഷ് പ്രൈസും പൊന്നാടയും ഏറ്റുവാങ്ങി മോൻ സംസാരിച്ചത് മുഴുവൻ പത്ത് മാസം ചുമന്ന് പെറ്റ ഉമ്മ എന്ന ദൈവത്തെ കുറിച്ചായിരുന്നു…..

എഴുത്ത്:- ഞാൻ ഗന്ധർവൻ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഇക്കാ, ഇന്ന് നമുക്ക് മോന്റെ സ്കൂളില്‍ പോണം ട്ടോ, അവനാണ് സ്കൂളിൽ ഫസ്റ്റ്. നന്നായി പഠിക്കും. അവനെ സ്കൂൾ ആദരിക്കുന്നുണ്ട് ഇന്ന്”

മകനെ കുറിച്ച് കേട്ടപ്പോള്‍ ഫൈസി അഭിമാനം കൊണ്ട് ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ഭാര്യ സഫീറയെ നോക്കി. വല്ലാത്ത അഭിമാനം തോന്നി ഫൈസിക്ക്. മകനെ കുറിച്ച് ഫൈസിക്ക് കൂടുതലായൊന്നും അറിയില്ലായിരുന്നു. വല്ലപ്പോഴും വീട്ടില്‍ വരുമ്പോള്‍ കുറച്ച് സമയം സംസാരിക്കും എന്നല്ലാതെ.

ഫൈസി വർഷങ്ങളായി ഗൾഫിൽ ആയിരുന്നു. രണ്ട് വർഷം കൂടുമ്പോൾ ഒന്നോ രണ്ടോ മാസം ഒരു അതിഥിയെപ്പോലെ വന്ന് നാട്ടിൽ നിക്കും. മോന് ഉപ്പയെന്ന് പറഞ്ഞാൽ രണ്ട് വർഷത്തിൽ ഒരിക്കൽ കുറേ സമ്മാനങ്ങളുമായി വരുന്ന ഒരു അതിഥി മാത്രം.

ഫൈസിയും സഫീറയും മോന്റെ സ്കൂളിൽ പോയി. ഫൈസിക്ക് വല്ലാത്ത സന്തോഷം തോന്നി. തന്റെ മകന്റെ പേര് വിളിക്കുന്നതും കാത്ത് ഫൈസി കാണികൾക്കിടയിൽ ആകാംക്ഷയോടെ കാത്തിരുന്നു. ഒടുവില്‍ മകന്റെ പേര് വിളിച്ചു.

ക്യാഷ് പ്രൈസും പൊന്നാടയും ഏറ്റുവാങ്ങി മോൻ സംസാരിച്ചത് മുഴുവൻ പത്ത് മാസം ചുമന്ന് പെറ്റ ഉമ്മ എന്ന ദൈവത്തെ കുറിച്ചായിരുന്നു. അവന്റെ കുട്ടിക്കാലത്തെ ഉമ്മയുമായുള്ള സ്നേഹവും, പിണക്കവും, തമാശയുമെല്ലാം അവന്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു. തന്നെ പെറ്റുവളർത്തിയ ഉമ്മ എന്ന ദൈവത്തോടുള്ള സ്നേഹവും, നന്ദിയും, കടപ്പാടും നിറഞ്ഞുതുളുമ്പുന്നതായിരുന്നു അവന്റെ ഓരോ വാക്കുകളും. അവൻ സംസാരിച്ച് തീർന്നതും കാണികൾക്കിടയിൽ നിന്നും നിലയ്ക്കാതെയുള്ള കരഘോഷം ഉയര്‍ന്നു.

തന്റെ മകന് കിട്ടുന്ന കയ്യടികൾ കണ്ട് ഫൈസി സന്തോഷത്തിന്റെ മിഴിനീർ പൊഴിച്ചു. ആ മിഴിനീർ തുള്ളികൾ തന്റെ മുഷിഞ്ഞ തുവാലകൊണ്ട് അയാള്‍ തുടച്ചു മാറ്റി. അപ്പോഴാണ്‌ ഫൈസിയുടെ മൊബൈല്‍ ശബ്ദിച്ചത്

“ആ കബീറിക്കാ, ഞാന്‍ നാളെ തിരിക്കും ട്ടോ, ഈ പ്രാവശ്യം ഒന്നര മാസേ ലീവൊള്ളൂ. ഷോപ്പിൽ ആളില്ല. പിന്നെ…”

ഒന്ന് നിറുത്തിയിട്ട് മുഖത്ത് വല്ലാത്തൊരു സന്തോഷം വിടർത്തി ഫൈസി തുടർന്നു

“എന്റെ മോന്‍ ആളു പുലിയാട്ടാ… കുറേ ആളുകൾക്ക് മുന്നിൽ ഒരു പേടീം കൂടാതെ എത്ര രസായിട്ടാ അവൻ തന്റെ ഉമ്മയെ കുറിച്ച് പറഞ്ഞേ എന്നറിയോ…?”

ഒന്നു നിറുത്തിയിട്ട് ഫൈസി തുടര്‍ന്നു

“ഓന്, ഓന്റെ ഉമ്മയെ ജീവനാ… എന്നെ അവന് പിന്നെ കൂടുതല്‍ അറിയില്ലല്ലോ… എനിക്ക് എന്തേലും പറ്റിയാലും എന്റെ ഭാര്യയെ അവന്‍ പൊന്നുപോലെ നോക്കും. അത് എനിക്ക് ഉറപ്പാ”

ഒരു ആയുസ് മുഴുവന്‍ തന്റെ കുടുംബത്തിന് ജീവിച്ച ഫൈസി തന്റെ മുണ്ടിന്റെ ഒരു അറ്റം കയ്യില്‍ പിടിച്ച് അറ്റം കാണാതെ നില്‍ക്കുന്ന റോഡിലൂടെ നടന്നു നീങ്ങി…

അതെ പ്രവാസിയുടെ മക്കൾക്ക് അമ്മ മാത്രമാണ് ദൈവം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *