എഴുതത്:- ശ്യാം കല്ലുകുഴിയിൽ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
” എടാ…. ഇവന്റെ വാപ്പയ്ക്ക് തീ ട്ടം കോരാലാണ് പണി, തീ ട്ടം കോരൽ…. “
തിങ്കളാഴ്ച്ച അസബ്ലി കഴിഞ്ഞ് ക്ലാസ്സിലേക്ക് വരി വരിയായി പോകുമ്പോഴാണ് മനു ഉച്ചത്തിലത് വിളിച്ചു പറയുന്നത്….
” അയ്യേ…. “
അത് കേട്ടതും ബാക്കി കുട്ടികളെല്ലാം ഓരേ സ്വരത്തിൽ അതും പറഞ്ഞ് റഷീദിനെ നോക്കി…
എന്തോ കള്ളത്തരം പിടിക്കപ്പെട്ടത് പോലെ, റഷീദ് ആരെയും നോക്കാതെ തല കുമ്പിട്ട് ക്ലാസ്സിലേക്ക് നടന്നു…
” വെറുതെയല്ല ഇവൻ വരുമ്പോ തീ ട്ടത്തിന്റെ നാറ്റം…. ഇനിയിപ്പോ ഇവനും കക്കൂസ് കോരൻ പോകാല്ലോ…..
അളിയാ അവിടെ ഒരു കക്കൂസ് നിറഞ്ഞു കിടപ്പുണ്ട് ഇവന്റെ വാപ്പയെ വിളിക്കാം, സഹായിക്കാൻ ഇവനും…… “
ക്ലാസ്സിലേക്ക് പോകുമ്പോൾ കൂട്ടുകാരുടെ കളിയാക്കലുകൾ അങ്ങനെ ഒരൊന്നൊരോന്നായി വന്നുകൊണ്ടിരുന്നു, കൂടെയുള്ളവർ അതൊക്കെ ഏറ്റു പിടിച്ചും നടന്നു….
കണ്ണുനീർ നിറഞ്ഞ് കാഴ്ച്ച മങ്ങിയപ്പോൾ രണ്ട് കൈയ്യും കൊണ്ട് കണ്ണ് തുടച്ച് റഷീദ് ക്ലാസിലേക്ക് ഓടി. മറ്റുള്ളവർ അവനെ കളിയാക്കി പിന്നാലെയും….
” അതേ, നീ പുറകിലെങ്ങാനും പോയി ഇരിക്ക് ഇവിടെ ഇരിക്കാൻ പറ്റൂല,, “
റഷീദ് തന്റെ സ്ഥിരം സീറ്റിൽ വന്നിരിക്കുമ്പോൾ മൂക്കും പൊത്തി പിടിച്ചാണ് മനുവും അഖിലും കൂടി അത് പറഞ്ഞത്…
റഷീദ് ഒന്നും മിണ്ടാതെ തന്റെ ബാഗും കൊണ്ട് അടുത്ത ബഞ്ചിലേക്ക് നടക്കുമ്പോൾ അവരും ഇരിക്കാൻ സീറ്റ് കൊടുത്തില്ല…
റഷീദിന്റെ കണ്ണുകൾ അവസാനബഞ്ചിലേക്ക് നീങ്ങി, രാജു,… ഒന്നോ രണ്ടോ തവണ തോറ്റ് ഇരിക്കുന്നവൻ, കറുത്ത് തടിച്ച ശരീരം, തടിച്ച ചുണ്ടും, മുഖത്തു നിറയെ കുരുക്കളുമുള്ള അവനോട് ക്ലാസ്സിലെ കുട്ടികൾ പൊതുവെ മിണ്ടാറില്ല, അവൻ തിരിച്ചും….
രാജു ഇരിക്കുന്ന ബഞ്ചിന്റെ അടുക്കലേക്ക് നടക്കുമ്പോൾ റഷീദിന് വേണ്ടി രാജു നീങ്ങിയിരുന്നു. സ്കൂൾ തുറക്കുന്ന സമയത്ത് രാജു ക്ലാസ്സിലേക്ക് വരുമ്പോൾ അവൻ അടുത്തൊന്നും വന്നിരിക്കരുതേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചത് റഷീദ് ഓർത്തുപോയി….
അപ്പോഴേക്കും നിർമല ടീച്ചർ ക്ലാസ്സിലേക്ക് എത്തി കഴിഞ്ഞു…
” റഷീദ് എന്താ പുറകിൽ പോയി ഇരിക്കുന്നത്..മുന്നിൽ വന്നിരിക്കു…. “
ടീച്ചർ അത് പറഞ്ഞപ്പോൾ റഷീദ് ഒന്നും മിണ്ടാതെ എഴുന്നേറ്റ് തല കുമ്പിട്ടുനിന്നു…
“എന്താ റഷീദെ എന്തുപറ്റി….”
അത് ചോദിച്ച് ടീച്ചർ അവന്റെ അരികിലേക്ക് നടന്നു…
” അത് ടീച്ചറെ അവന്റെ ബാപ്പയ്ക്ക് കക്കൂസ് കുഴി കോരലാണ് ജോലി,… “
ടീച്ചർ റഷീദിന്റെ അരികിലേക്ക് എത്തും മുന്നേ മനു എഴുന്നേറ്റത് പറഞ്ഞു…
” അതിനിപ്പോ എന്താ…. “
ടീച്ചർ ദേഷ്യത്തോടെയാണ് മനുവിനെ നോക്കിയത്….
” അത് ടീച്ചറെ,….. അതുകൊണ്ട് എല്ലാവർക്കും……”
മനു പറഞ്ഞു നിർത്താതെ ടീച്ചറെ നോക്കി…
” റഷീദെ ബാഗും എടുത്തുകൊണ്ടു ഇവിടെ വന്നിരിക്ക്…. “
റഷീദ് ബാഗും കൊണ്ട് മുന്നിലേക്ക് തന്റെ പഴയ സീറ്റിൽ പോയിയിരുന്നു, അപ്പോഴേക്കും അതിലിരുന്ന ബാക്കിയുള്ള കുട്ടികൾ അവനിൽ നിന്ന് കുറച്ചകാലം പാലിച്ചിരുന്നു, പിന്നെ ഇടയ്ക്ക് ഇടയ്ക്ക് മൂക്ക് പോത്തുകയും ചെയ്തിരുന്നു…
നിർമല ടീച്ചറിന്റെ ക്ലാസ്സ് കഴിഞ്ഞപ്പോഴേക്കും റഷീദ് പിന്നേയും പുറകിലെ ബഞ്ചിലെ രാജുവിന്റെ അരികിൽ പോയിയിരുന്നു….
” എടാ മനു ഉമ്മ തന്ന് വിട്ട നെയ്‌ച്ചോർ ഉണ്ടെടാ,,, “
ഉച്ചയ്ക്ക് ചോറ് കഴിക്കാനുള്ള ബെൽ മുഴങ്ങുമ്പോഴേക്കും റഷീദ് മനുവിനോട് വിളിച്ചു പറഞ്ഞു…
” നമുക്കൊന്നും വേണ്ട, നീ തനിയെ തിന്നാൽ മതി….. അല്ലേ അളിയാ…. “
റഷീദിന് മറുപടി കൊടുത്തത് അഖിൽ ആയിരുന്നു, അത് കേട്ടതും മനുവും ബാക്കി കുട്ടികളും ചിരി തുടങ്ങി…
റഷീദ് ബാഗിൽ നിന്ന് ഉമ്മ കൊടുത്തുവിട്ട് നെയ്‌ച്ചോർ പുറത്തേക്കെടുത് അതിൽ തന്നെ നോക്കിയിരുന്നു….
” അവർക്ക് വേണ്ടെങ്കിൽ എനിക്ക് തരുമോ… എന്നും കഞ്ഞി കുടിച്ച് മടുത്തു… “
കഞ്ഞി കുടിക്കാൻ കൊണ്ട് വന്ന പാത്രം റഷീദിന് നേരെ നീട്ടിയാണ് രാജു ചോദിച്ചത്…
റഷീദ് എന്ത് പറയണമെന്നറിയാതെ കയ്യിൽ ഉണ്ടായിരുന്ന നെയ്‌ച്ചോർ രാജുവിന് നേരെ നീട്ടി, രാജു അതിൽ കുറച്ചെടുത്ത് ആർത്തിയോടെ കഴിച്ചു തുടങ്ങി, അപ്പോഴും ബാക്കിയുള്ള കുട്ടികൾ റഷീദിനെ നോക്കി കളിയാക്കി എന്തൊക്കെയോ പറയുകയും, അടക്കിപിടിച്ച് ചിരിക്കുകയും ചെയ്തു കൊണ്ടിരുന്നു….
” ഈ ക്ലാസ്സിൽ നീ മാത്രമേ എന്നേ കളിയാക്കാതെയുള്ളു…. “
ക്ലാസ്സിൽ സാറില്ലാതിരുന്ന അവസാന പിരിഡിലാണ് റഷീദ് രാജുവിനോട് പറഞ്ഞത്…
” എന്റെ ത ന്തയൊക്കെ പണ്ടേ പോയതാണ്, പിന്നെ ഞാൻ എന്തിനാണ് നിന്നെ കളിയാക്കുന്നത്… “
അത് പറഞ്ഞ് രാജു കയ്യിൽ ഉണ്ടായിരുന്ന രണ്ട് ബുക്കും പാത്രവും കൊണ്ട് പോകാൻ ഇറങ്ങി…
“അതിന് ബെൽ അടിച്ചില്ലല്ലോ…”
റഷീദ് അവനോട് ചോദിച്ചു…
” എന്ത് ബെൽ.. നീയൊക്കെ ഇവിടിരി… “
അത് പറഞ്ഞ് ഇറങ്ങി പോകുന്ന രാജുവിനെ നോക്കി റഷീദ് ഇരുന്നു. അവന് ആരെയും പേടിയില്ല, അതുകൊണ്ട് തന്നെ അവനെയാരും ഒന്നും പറയുകയുമില്ല….
” വാപ്പയ്ക്ക് വേറെന്തെലും ജോലിയ്ക്ക് പൊയ്ക്കൂടേ….. “
വൈകുന്നേരം ഒരുമിച്ച് അത്താഴം കഴിക്കുമ്പോഴാണ് റഷീദ് വാപ്പയോട് ചോദിച്ചത്…
അതെന്താടാ ഈ ജോലിക്ക് കുഴപ്പം
” അതല്ല വാപ്പ കൂട്ടുകാരൊക്കെ കളിയാക്കുന്നുണ്ട്… “
” ആഹാ,,,, അത് കൊള്ളാല്ലോ… എന്താടാ കളിയാക്കുന്നത്… “
ചിരിച്ചുകൊണ്ടാണ് അയാൾ പിന്നേയും ചോദിച്ചത്.
” അതല്ല വാപ്പ…. വാപ്പയ്ക്ക്…… തീ ട്ടം കോരലാണ് ജോലിയെന്നൊക്കെ…. “
മടിച്ചു മടിച്ചാണ് റഷീദ് അത് പറഞ്ഞത്…. അത് കേട്ടപ്പോൾ അയാൾ ആദ്യം ഉച്ചത്തിൽ ചിരിക്കുകയാണ് ചെയ്തത്…
” എടാ മോനെ നീയിപ്പോൾ കഴിക്കുന്ന ചോറിനുള്ള അരി പോലും ആ പൈസ കൊണ്ട് വാങ്ങിയതാണ്, നീ ഇട്ടിരിക്കുന്ന ഡ്രെസ്സും, വാങ്ങിക്കുന്ന പുസ്തകങ്ങളുമൊക്കെ ആ ചെയ്തു കിട്ടുന്ന ജോലിയുടെ കൂലികൊണ്ട് വാങ്ങുന്നതാണ്…. “
അത് പറഞ്ഞയാൾ നിർത്തുമ്പോൾ റഷീദ് ചോറിൽ വിരൽ വെറുതെ ഓടിക്കുകയായിരുന്നു….
” പിള്ളേരൊക്കെ കളിയാക്കും സ്വാഭാവികം, എനിക്ക് തന്നെ എന്തോരം കളിയാക്കലുകൾ കിട്ടുന്നു, അതൊക്കെ നോക്കിയാൽ നമ്മൾ പട്ടിണി കിടന്ന് ചാ കത്തെയുള്ളൂ…. അത് കൊണ്ട് എന്റെ മോൻ നല്ലപോലെ പഠിക്ക്, നല്ല മാർക്ക് വാങ്ങി ജയിക്കുമ്പോൾ ഈ തീ ട്ടത്തിനൊന്നും വല്യ നാറ്റം കാണൂല…. അല്ലേടി…. “
അയാൾ അത് പറഞ്ഞ് ചിരിച്ചുകൊണ്ട് ഭാര്യയേയും മോനെയും നോക്കുമ്പോൾ അവരും മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചിരുന്നു…
പിറ്റേന്നും സ്കൂളിൽ എത്തുമ്പോൾ പതിവുപോലെ ക്ലാസ്സിലെ കുട്ടികളുടെ കളിയാക്കൽ തുടർന്നിരുന്നു. റഷീദ് ഒന്നും മിണ്ടാതെ തല കുമ്പിട്ട് ലാസ്റ്റ് ബഞ്ചിൽ പോയിയിരുന്നു…
” എടാ നിന്നെക്കാളും മൂന്ന് നാല് ക്ലാസ് അതികം ഇരുന്ന് പഠിച്ചതിന്റെ അനുഭവത്തിൽ പറയുകയാ, നീ ഇങ്ങനെ കരയൻ തുടങ്ങിയാൽ അതിനെ സമയം കാണുള്ളൂ…. അതോണ്ട് അവന്മാർ പറയുന്നതൊന്നും നീ മൈൻഡ് ചെയ്യേണ്ട…. ഇനി സഹിക്കാൻ പറ്റാതെ ആകുമ്പോൾ എന്നോട് പറഞ്ഞാൽ മതി അവന്റെയൊക്കെ മൂ ക്ക് ഇ ടിച്ചു പരത്തും ഞാൻ…”
തന്റെ കയ്യിലെ മസിൽ കാണിച്ചുകൊണ്ട് രാജു അത് പറയുമ്പോൾ റഷീദ് തലകുലുക്കി…
” വാപ്പയും അത് തന്നെ എന്നോട് പറഞ്ഞത്…. “
” ആ അങ്ങനെ കാർന്നോമ്മാര് പറയുന്നത് കേട്ട നിനക്ക് കൊള്ളാം…. “
” അതേ നല്ല ചാള വറുത്തത് ഉണ്ട് ഉച്ചയ്ക്ക് താരാട്ടാ… “
റഷീദ് അത് പറയുമ്പോൾ രാജുവിന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി…
” കഞ്ഞിയും ചാള വറുത്തതും…. ഉച്ചയ്ക്ക് പൊളിക്കും…. “
അത് പറഞ്ഞ് രാജു കൈകൾ കൂട്ടി തിരുമി കഞ്ഞിപ്പുരയിലേക്ക് നോക്കിയിരുന്നു….
” എന്താടാ ഒറ്റയ്ക്ക് ഇരുന്ന് ചിരിക്കുന്നത്, വല്ല സൗദി പെണ്ണുങ്ങളെയും സ്വപ്നം കണ്ടോ……നീ നാട് എത്തി കേട്ടോ മറക്കേണ്ട,,,,”
രാജു തട്ടി വിളിക്കുമ്പോഴാണ് കാറിന്റെ മുൻ സീറ്റിൽ ചാഞ്ഞിരുന്ന റഷീദ് കണ്ണ് തുറക്കുന്നത്…
” അത് അളിയാ നമ്മുടെ പഴയയൊരു തീ ട്ടകഥ ആലോചിച്ചത…. “
അത് പറഞ്ഞ് റഷീദ് ഉച്ചത്തിൽ ചിരിച്ചു…
” അളിയാ നീ അതൊന്നും മറന്നില്ലേ, ഇതുവരെ… “
” അതൊക്കെ ജീവിതത്തിൽ മറക്കാൻ പറ്റുമോ, അങ്ങനെ ഓരോ അവസ്ഥ വരുമ്പോഴാണ് കാലം നമുക്ക് യഥാർത്ഥ സുഹൃത്തുക്കളെ കാണിച്ച് തരുന്നത്….. “
റഷീദിന്റെ ആ വാക്കുകളിൽ എവിടെയോ ഒരു നോവും പടർന്നിരുന്നു…
” ഡേയ് നീ നിന്ന് തത്വം ഒന്നും പറയാതെ സാധനമെടുക്ക് സാധനം… “
രാജു അത് പറയുന്നതിനൊപ്പം കൈ കൊണ്ട് ആംഗ്യവും കാണിച്ചു….
” അള്ളാ… അതൊക്കെ ഹറാം ആണ് മോനെ… “
” അതൊക്കെ നിങ്ങക്ക് നമുക്ക് അത് അമൃത് ആണ് മോനെ അമൃത്… “
രാജു അത് പറയുമ്പോഴേക്കും റഷീദ് ബാഗിൽ നിന്ന് ഒരു കുപ്പിയെടുത്ത് അവന്റെ നേരെ നീട്ടി…
” എടാ,,, ആക്രാന്തം മൂത്ത് കമഴ്ത്തരുതേ, കുറേശ്ശേ മതി ട്ടാ…, ആ പിന്നെ വൈഫിനും കുട്ടികൾക്കും ഉള്ളത് ഞാൻ അങ്ങ് എത്തിച്ചേക്കാം… “
” നീ ചെല്ല് ദേ വാപ്പയും ഉമ്മയും കാത്ത് നിൽക്കുന്നു… “
” അപ്പൊ വണ്ടിയുടെ വാടക…. “
” അതൊക്കെ എല്ലാം കൂടി ഞാൻ ലാസ്റ്റ് വാങ്ങിക്കോളം നീ ചെല്ല്… “
അത് പറഞ്ഞ് രാജു പോകുമ്പോഴേക്കും റഷീദ് വീട്ടിലേക്ക് കയറി…
” വാപ്പാ, അതേ സെപ്റ്റിക് ടാങ്ക് ക്ളീനിംഗ് എന്നതിന്റെ എഴുത്ത് കുറച്ചൂടി വലുതാക്കണം എന്നാലേ ആൾക്കാർക്ക് പെട്ടെന്ന് കാണാൻ പറ്റുള്ളൂ… അല്ലേ ഉമ്മ… “
മുറ്റത്ത് കിടക്കുന്ന വണ്ടിയിലേക്ക് നോക്കിയാണ് റഷീദ് അത് പറഞ്ഞത്…
” അത് എഴുത്ത് ചെറുതായാലും വലുതായാലും ടാങ്ക് നിറയുമ്പോൾ ആൾക്കാർ നമ്മളെ തേടി വന്നോളും അതൊന്നുമോർത്ത് മോൻ വിഷമിക്കേണ്ട… ആദ്യം നീ ദുബായിൽ നമുക്ക് ഒരു ബ്രാഞ്ച് തുടങ്ങുന്നത് ആലോചിക്ക്…”
” എന്റെ വാപ്പ ഞാൻ ഈ പേര് എങ്ങനെയെങ്കിലും മാറ്റിയെടുക്കാൻ നോക്കുമ്പോഴാ, പുതിയ ബ്രാഞ്ച്…. “
അത് പറയുമ്പോ റഷീദും വാപ്പയും ഉച്ചത്തിൽ ചിരിച്ചു തുടങ്ങി…..
” മതി വാപ്പേടേം മോന്റേം കച്ചവടം… നീ വന്നെ എന്തേലും കഴിക്ക് ആദ്യം…. “
” വാ… വാ… അല്ലേ അവള് അടുക്കള പൂട്ടും നമ്മുടെ കച്ചവടവും പൂട്ടും….. “
അത് പറഞ്ഞ് അവർക്ക് പിന്നാലെ വാപ്പയും മോനും നടന്നു…..