ക്ലാസ്സ്മുറികളിലും ലൈബ്രറിയിലും ഒതുങ്ങി കൂടിയ ഗൗരിക്കിടയിൽ കളിയും ചിരിയും ഉണർത്തി അവളെ ഒരു കൂടപ്പിറപ്പായി സ്നേഹിച്ചു അവളോട് പറ്റിച്ചേർന്നതാണ് ഷഹാന…

കൂടപ്പിറപ്പ്

എഴുത്ത്: അശ്വനി പൊന്നു

“ഷഹാന ഒന്ന് പതിയെ പോ…. കാലു തെറ്റിയാൽ നീ ആ ചളിയിൽ വീഴും….”

“അതൊന്നും സാരമില്ല ഗൗരി ചേച്ചി ഞാൻ ഈ ശുദ്ധവായു ഒന്ന് ശ്വസിക്കട്ടെ.

കൂയ്…….. “

ഷഹാന വയലിൽ നിന്നും കൂകി വിളിച്ചു…. പ്രതിധ്വനിക്കനുസരിച്ചു അവൾ വീണ്ടും കൂകി….

“ഷഹാന ശബ്ദം ഉണ്ടാക്കല്ലേടി പെണ്ണെ ആളുകൾ ശ്രദ്ധിക്കും……

ദാ അങ്ങോട്ട് നോക്ക് അതെന്താണെന്ന് മനസ്സിലായോ ” ദൂരേക്ക് കൈ ചൂണ്ടി ഗൗരി ചോദിച്ചു

“മനസിലായി നായർ പ്രമാണി ആയ ശേഖരൻ മാഷുടെ തറവാട് അല്ലെ. അല്ല ചേച്ചി ഈ മുസ്ലീംകുട്ടി അവിടെ കേറിയാൽ ഇഷ്ടപെടുമോ വീട്ടുകാർക്ക് “

“പോടീ എന്റെ അച്ഛൻ നായരാണെന്നുള്ളത് ശരിയാ എന്നാൽ പ്രമാണി ഒന്നുമല്ല….ഒരു പാവം സ്കൂൾ മാഷായിരുന്നു നീ ധൈര്യമായി കയറി വാ “

ഗൗരി മംഗലത്തെ ശേഖരൻമാഷുടെ ഒറ്റ മോൾ ആണ്… മംഗലത്തെ ഏക അവകാശി … ഷഹാന ഗൗരിയുടെ ജൂനിയർ ആണ്….

ക്ലാസ്സ്മുറികളിലും ലൈബ്രറിയിലും ഒതുങ്ങി കൂടിയ ഗൗരിക്കിടയിൽ കളിയും ചിരിയും ഉണർത്തി അവളെ ഒരു കൂടപ്പിറപ്പായി സ്നേഹിച്ചു അവളോട് പറ്റിച്ചേർന്നതാണ് ഷഹാന..

എന്തിനേറെ പറയുന്നു വാർഡനോട് കടുംപിടുത്തം പിടിച്ചു ചേച്ചിപ്പെണ്ണിന്റെ റൂമിലേക്ക് ചേക്കേറി വെയിൽ നാളം കണ്ണിലെത്തും വരെ അവളെയും കെട്ടിപിടിച്ചു ഉറങ്ങുന്ന ഷഹാനയുടെ മോഹമായിരുന്നു മംഗലത്തു വീട്ടിൽ എത്തുക എന്നത്

ഗൗരിയും ഷഹാനയും പടിപ്പുര കടന്നു ഉമ്മറക്കോലായി ലക്ഷ്യമാക്കി നടന്നു…

ആരാ കുട്ടിയെ കൂടെ? പായയിൽ നെല്ല് ചിക്കിയിടുന്ന നാണിയമ്മ ചോദിച്ചു…

“ആഹാ രണ്ടാളും എത്തിയോ…. നാണിയമ്മേ അത് ഗൗരിമോളുടെ കൂട്ടുകാരിയാ…. പട്ടണത്തിലാ വീട് ” നനഞ്ഞ കൈ സാരി തലപ്പിൽ തുടച്ചുകൊണ്ട് ‘അമ്മ അകത്തു നിന്നും വന്നു

“ഷഹാന ഇതാണ് ട്ടോ എന്റെ പാറുക്കുട്ടി ” അമ്മയെ കെട്ടിപിടിച്ചുകൊണ്ട് ഗൗരി പറയുമ്പോൾ അവരുടെ കയ്യിൽ നിന്നും ബാഗും വാങ്ങി ഷഹാനയുടെ കയ്യും പിടിച്ചു അമ്മ അകത്തേക്ക് കയറി

ബാഗെല്ലാം റൂമിൽ അടുക്കി വച്ച് കയ്യും മുഖവും കഴുകി അവർ അടുക്കളയിൽ എത്തി…

നിലത്തു പലകയിട്ടു തൂശനിലയിൽ വയലിൽ നിന്നും കൊയ്തെടുത്ത നെന്മണിയുടെ സ്വാദ് നിലനിർത്തുന്ന ചൂടുള്ള ചോറിനൊപ്പം വിഭവങ്ങൾ നിരത്തി വിളമ്പുമ്പോൾ ഷഹാനയുടെ വായിൽ നിന്നും വെള്ളമൂറി

“അച്ഛൻ എവിടെ അമ്മേ ” ഷഹനയാണ് ചോദിച്ചത്….

“അച്ഛൻ വല്യച്ഛന്റെ വീട്ടിൽ പോയതാ സന്ധ്യക്ക് മുൻപ് എത്തും.

അയ്യോ ഇല മടക്കല്ലേ ഇനി ഒരു കൂട്ടം കൂടിയുണ്ട് “

ഷഹാന അത്ഭുദത്തോടെ ഗൗരിയെ നോക്കുമ്പോൾ അവൾ കണ്ണിറുക്കി കാണിച്ചു.

“അല്ലെങ്കിലും പട്ടണത്തിൽ വളർന്ന കുട്ടിക്കുണ്ടോ സദ്യ കഴിക്കാൻ അറിയുക”

“ഗൗരി നീ എന്റെ കുട്ടിയെ കളിയാക്കണ്ട ട്ടോ അവൾക് സദ്യ ഉണ്ടാക്കാനല്ലേ ഈ ‘അമ്മ …

ഇതും പറഞ്ഞു ‘അമ്മ അടപ്രഥമൻ അവളുടെ ഇലയിലേക്ക് പകർന്നു

അയ്യോ പായസം കൂടി ഉണ്ടായിരുന്നേൽ ചോറ് ഇത്ര കഴിക്കേണ്ടായിരുന്നു

വ്യസനത്തോടെ ഷഹാന പറയുന്നത് കണ്ടപ്പോൾ അമ്മയ്ക്കും ഗൗരിക്കും ചിരിയടക്കാൻ കഴിഞ്ഞില്ല ….

ഭക്ഷണത്തിനു ശേഷം ഗൗരിയും ഷഹാനയും കുളക്കടവിലേക്ക് നടന്നു. കല്പടവിൽ ഇരുന്ന ഗൗരിയുടെ മടിയിലേക്ക് ഷഹാന കിടന്നു ഗൗരി അവളുടെ വിരലുകൾ കൊണ്ട് മുടിയിഴകൾ മൃദുലമായി തലോടി… ഗൗരിയെ നോക്കി കൊണ്ട് ഷഹാന പറഞ്ഞു

“ഗൗരിയേച്ചി എന്ത് ഭാഗ്യമുള്ള കുട്ടി ആണ് “

“പിന്നെ ടൗണിൽ വലിയ തുണിക്കടയും ജ്വല്ലറിയും ഉള്ളത് എനിക്കാണല്ലോ “

“എനിക്കതെല്ലാം ഉണ്ടായിരുന്നു എന്നത് ശരിയാണ് എന്നാൽ ഇപ്പോൾ ഇല്ലല്ലോ ഞാൻ പറഞ്ഞത് ചേച്ചിയുടേതുപോലെയുള്ള ഒരു ‘അമ്മ എനിക്കില്ലല്ലോ “

“മം “

“ചേച്ചി ആ വയറ്റിൽ പിറക്കാൻ പുണ്യം ചെയ്യണം “

“അതെ ഷഹാന പുണ്യം ചെയ്യണം എനിക്കില്ലാതെ പോയതും അതാ..അതുകൊണ്ടാവും ഞാൻ ആ വയറ്റിൽ പിറക്കാതെ പോയത് “

മടിയിൽ കിടന്ന ഷഹാന ചാടിയെഴുന്നേറ്റു…”ഗൗരിയേച്ചി…. ചേച്ചി എന്താണ് പറയുന്നത് തമാശയ്ക്കു പോലും അങ്ങനെ ഒന്നും പറയല്ലേ അമ്മയെ കുറിച്ച് “

“അതെ മോളെ ഞാൻ പറഞ്ഞത് സത്യമാണ് ഞാൻ ശേഖരൻമാഷിന്റെയും പാർവതിയുടെയും മോളല്ല…ശേഖരൻമാഷിന്‌ ആദ്യ ഭാര്യ നിർമലയിൽ ഉണ്ടായ മോളാണ്”

“ഗൗരിയേച്ചി പറയുന്നത്…….. അപ്പോൾ ഗൗരിയേച്ചിയുടെ ‘അമ്മ….എനിക്കൊന്നും മനസിലാകുന്നില്ല പിന്നെ എങ്ങനെയാ പാറു അമ്മയ്ക്ക് ചേച്ചിയോട് ഇത്ര സ്നേഹം “

“മം…..ആ വയറ്റിൽ പിറക്കാഞ്ഞിട്ടും ഇതുവരെ എന്നെ മാറ്റി നിർത്തിയിട്ടില്ല….അത് അവരുടെ മനസിന്റെ നന്മ “

“അപ്പോൾ ചേച്ചിയുടെ അമ്മ…വിരോധമില്ലെങ്കിൽ……. “

” മോളെ ഷഹാന മറ്റൊരാളോട് പങ്കു വയ്ക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ് നീ ഇപ്പോൾ എന്നോട് ചോദിച്ചത്….എന്നാൽ ഞാൻ നിന്നോട് ഇത് പറയും കാരണം എന്റെ ജീവിതത്തിൽ വെളിച്ചമായി വന്നത് നീയാണ്… നീ വന്നതിനു ശേഷം നിന്റെ ഉമ്മച്ചിക്കു നിന്നോടുള്ള സ്നേഹം എല്ലാം നീ പറഞ്ഞു അറിഞ്ഞതിനു ശേഷമാണു നിന്റെ ഉമ്മയിലൂടെ ആണ് ‘അമ്മ എന്ന ചിന്ത എന്റെ മനസിലും പതിയുന്നത്…പാറു അമ്മയെ സ്നേഹിക്കാൻ ഉള്ള പ്രയാസം കൊണ്ടാണ് ചെറുപ്പത്തിൽ തന്നെ അച്ഛമ്മയുടെ അടുത്തേക്ക് മാറി താമസിച്ചതു അച്ഛമ്മയുടെ മരണശേഷം ഹോസ്റ്റൽ ജീവിതം തിരഞ്ഞെടുത്തതും….. ഇപ്പോൾ എനിക്കെന്റെ പാറു ‘അമ്മ കഴിഞ്ഞേ മറ്റെന്തുമുള്ളു….. അവരാണ് യഥാർത്ഥ ‘അമ്മ “

“ഗൗരിയേച്ചി “

**************************

നിർമല പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ശേഖരൻ പുതിയ സ്കൂളിലേക്ക് അധ്യാപകൻ ആയി എത്തുന്നത്…..കണ്ണുകൾ വാലിട്ടെഴുതി മുടി രണ്ടു ഭാഗത്തേക്കും മടഞ്ഞു മടക്കി കെട്ടി വരുന്ന നിർമലയെ നോക്കാത്തവർ ചുരുക്കമായിരുന്നു…അവളുടെ ആ വടിവൊത്ത ശരീരം തന്നെ ആയിരുന്നു ഏറെ ആകർഷണം….

ഇതേകാരണത്താൽ തന്നെ നിർമലയെ കണ്ട മാത്രയിൽ തന്നെ എണ്ണ കറുപ്പിൻ നിറത്തിനുടമയായ ശേഖരൻമാഷിന്‌ ഇഷ്ടമായി…..

ആരുമറിയാതെ ആ ഇഷ്ടം അവളോട് അറിയിച്ചപ്പോൾ അവളും പകച്ചു നിൽക്കുകയായിരുന്നു…. കാരണം പക്വത കൈവരാത്ത കുട്ടിയോട് ഇഷ്ടം അറിയിച്ചാൽ അമ്പരപ്പോടെ നോക്കി നിൽക്കാനല്ലേ കഴിയൂ “നീ ടെൻഷൻ ആകേണ്ട ഞാൻ വീട്ടിൽ വന്നു ചോദിക്കാം “

പിറ്റേന്ന് തന്നെ നിർമ്മലയുടെ വീട്ടിൽ എത്തിയ മാഷെ കണ്ടപ്പോൾ അവൾ എന്തുചെയ്യണമെന്നറിയാതെ നിന്നു….

പഠിക്കാൻ മോശമായിരുന്ന നിർമലയെ പെട്ടന്ന് കെട്ടിച്ചുകൊടുക്കാൻ തന്നെ ആയിരുന്നു വീട്ടുകാരുടെയും ലക്‌ഷ്യം എന്നാൽ തങ്ങളേക്കാൾ ഒരു പടി മുൻപിലുള്ള നായർ കുടുംബത്തിലേക്ക് മകളെ അയക്കാൻ അവളുടെ വീട്ടുകാർക്ക് പ്രയാസമായിരുന്നു….

എന്നാൽ തൊട്ടടുത്ത ദിവസം അമ്മയുടെ സമ്മതം ഇല്ലാതെ തന്നെ ഏട്ടനേയും കൂട്ടി വന്നുകൊണ്ട് മാഷ് കല്യാണ തിയ്യതി കൂടി ഉറപ്പിച്ചിട്ടാണ് പോയത്

അധികം ആഘോഷങ്ങൾ ഒന്നുമില്ലാതെ അവരുടെ വിവാഹം നടന്നു…..

ആദ്യരാത്രിയിൽ തന്നെ അവളെ മാഷ് സ്വന്തമാക്കി…..എന്നാൽ അത് ശാരീരികമായി മാത്രമായിരുന്നു… അവൾ മാനസികമായി മാഷോട് അടുത്തില്ല എന്നതായിരുന്നു സത്യം…. അമ്മയുടെ ദേഷ്യം എല്ലാം മരുമകൾ പടി കയറിയതോടെ തീർന്നുവെങ്കിലും നിർമലയ്ക്ക് മാഷോട് വലിയ താല്പര്യം ഇല്ലായിരുന്നു… മാഷിന്റെ കറുത്ത കൈ ദേഹത്തു പതിച്ചാൽ അവളുടെ തുമ്പപ്പൂ നിറമുള്ള മേനിയിൽ കറുത്ത നിറം പതിയുമോ എന്ന സംശയവും ഉണ്ടായിരുന്നു ആ പതിനഞ്ചു കാരിയുടെ മനസ്സിൽ….

എരിതീയിൽ എണ്ണ ഒഴിക്കാൻ അങ്ങേ വീട്ടിലെ ശാന്തചേച്ചിയും ഉണ്ടായിരുന്നു..
നിർമല പാല് വാങ്ങാൻ അങ്ങോട്ടു പോകുമ്പോൾ ഓരോന്ന് ചെവിയിൽ ഓതികൊടുക്കാൻ മിടുക്കി ആയിരുന്നു അവർ.

“മാഷിന് ഒരിക്കലും നിന്നെപ്പോലെ ഒരു കൊച്ചിനെ കിട്ടില്ലായിരുന്നു..”

“നിനക്ക് നല്ല തങ്കക്കുടം പോലെയുള്ള ചെക്കന്മാരെ കിട്ടില്ലായിരുന്നോ”

“ഇതൊരുമാതിരി ചായപൊടിയും പഞ്ചസാരയും കലർത്തിയ പോലെ ”

ഭർത്താവ് ഉപേക്ഷിച്ചുപോയ അവരുടെ വാക്കുകൾ നിർമ്മലയുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു…..

ആയിടെ ആണ് അവളുടെ ഉള്ളിലും ജീവന്റെ തുടിപ്പ് ഉദിച്ചത്….

അവൾ കുറച്ചൊക്കെ സന്തോഷവതി ആയെങ്കിലും പെറ്റു വീണ കുഞ്ഞിനും മാഷിന്റെ നിറമാണ് ഉള്ള കാരണത്താൽ അവളുടെ മുഖത്തെ തിളക്കവും സന്തോഷവും മങ്ങി…

സ്വന്തം അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അവൾ ആ ചോരകുഞ്ഞിനു പാൽകൊടുത്തപ്പോൾ ചെറിയ പ്രായത്തിൽ അമ്മയാകേണ്ടി വന്ന പ്രയാസവും ചമ്മലും എല്ലാം കൊണ്ടാണെന്നു കരുതിഎല്ലാവരും തള്ളിക്കളഞ്ഞു

പിന്നീടാണ് ശാന്ത ചേച്ചിയുടെ വീട്ടിൽ വരുന്ന റഹീമിന് നിർമലയിൽ നോട്ടമുള്ള കാര്യം ശാന്തച്ചേച്ചി നിർമലയെ അറിയിക്കുന്നത്..പാൽവാങ്ങാൻ പോകുമ്പോൾ അവന്റെ കണ്ണിലെ തിളക്കം നിര്മലയും ശ്രദിച്ചു

നിർമലയും റഹീമും നല്ല ചേർച്ച ഉണ്ടെന്ന ചേച്ചിയുടെ വാക്കിൽ വിശ്വസിച്ചു ആ യുവ കോമളന്റെ കൂടെ പ്രതീക്ഷിച്ച രീതിയിൽ ജീവിതം സ്വപ്നം കണ്ടുകൊണ്ട് സ്വന്തം ഒന്നര വയസുള്ള കുഞ്ഞിനേയും സ്നേഹ നിധി ആയ ഭർത്താവിനെയും ഉപേക്ഷിച്ചു നിർമല എന്ന സ്ത്രീ എന്നെന്നേക്കുമായി മംഗലത്തു നിന്നും പടി ഇറങ്ങി……

*****************

ഗൗരിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഷഹാനയുടെ മേലേക്ക് പതിക്കാൻ തുടങ്ങി….. “നിനക്ക് കാണേണ്ടേ എന്റെ അമ്മയെ നീ വാ” തട്ടിൻപുറം ലക്ഷ്യമാക്കി അവർ കുളക്കടവിൽ നിന്നും നീങ്ങി

“ചേച്ചിയുടെ ‘അമ്മ ഇപ്പൊ എവിടെയാ “

“എവിടെയാണെന്നൊന്നും അറീല ഈ കഥകൾ ഒക്കെ അച്ഛമ്മ പറഞ്ഞു തന്നതാ…

അന്ന് മുതൽ ശാന്ത ചേച്ചിയുടെ വീടുമായി യാതൊരു അടുപ്പവും ഇല്ലാതെ ആയി..പിന്നീട് അച്ഛൻ അറിയാതെ ശാന്തചേച്ചിയുടെ കയ്യിൽ നിന്നും ആ സ്ത്രീയുടെ കയ്യിൽ നിന്നും ഫോട്ടോ വാങ്ങിയപ്പോൾ അവർ കരുതിക്കാണും പാറുഅമ്മയെ സ്നേഹിക്കാൻ കഴിയാത്തത് അവരോടുള്ള ഇഷ്ടം കൊണ്ടാണെന്ന

എന്നാൽ ഈ സ്ത്രീയെ മുന്നിൽ എന്നെങ്കിലും കാണുമ്പോൾ മനസിലാക്കാനും മുഖത്ത് കാർക്കിച്ചു തുപ്പാനുമാണെന്ന് അവർക്ക് അറിയില്ലല്ലോ

ഗൗരി പഴയ ഇരുമ്പു പെട്ടി തുറന്നു അതിൽ സൂക്ഷിച്ച ഫോട്ടോ എടുത്ത് ഷഹാനയ്ക്കു നീട്ടി “ഇതാണെന്റെ ‘അമ്മ എന്ന വിഷവിത്തു “

“ഗൗരീ “

ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ അച്ഛനും പാറു അമ്മയും നില്കുന്നു

അച്ഛാ എന്ന് വിളിച്ചുകൊണ്ട് ഗൗരി ശേഖരൻമാഷിനെ കെട്ടിപിടിച്ചു….

“അച്ഛൻ എന്നോട് ഒന്നും പറയാതെ ഒളിച്ചു വച്ചിരുന്നു എങ്കിലും എനിക്ക് എല്ലാം എനിക്കറിയാമായിരുന്നു…..”

“മോളെ ഞാനും പാർവതിയും പറഞ്ഞിട്ടു തന്നെയാ അച്ചമ്മ എല്ലാം നിന്നോട് പറഞ്ഞത് “

ശേഖരൻമാഷ് അവളെ സ്നേഹത്തോടെ തലോടി

“പാറു അമ്മെ ‘അമ്മ നോക്കിക്കോ അവരെ ഞാൻ ഒരു പാഠം പഠിപ്പിക്കും ഞാൻ അവരുടെ കുടുംബത്തിന്റെ അടിത്തറ ഇളക്കിയിട്ടു മാത്രമേ അടങ്ങൂ അവരെ എനിക്ക് കൊല്ലാതെ കൊല്ലണം “

“അവരിപ്പോൾ അങ്ങനെ തന്നെയാ ചേച്ചി ജീവിക്കുന്നത് മരണത്തിനും ജീവിതത്തിനും ഇടയിൽ “

നിർമ്മലയുടെ ഫോട്ടോയിലേക്ക് നോക്കി കണ്ണ് നിറച്ചുകൊണ്ട് ഷഹാന പറഞ്ഞു
.
“നീയെന്താ പറഞ്ഞത് നിനക്കറിയുമോ ഇവരെ “

“മം എനിക്കറിയാം “

***************

ഒരുപാട് കിനാവുകൾ കണ്ടുകൊണ്ട് പടിയിറങ്ങിയ നിർമലയെ നൂറ എന്ന പേരും കൊടുത്തു അറത്തിൽ തറവാട്ടിലേക്ക് റഹീം കൂട്ടികൊണ്ട് പോയപ്പോൾ അവളെ സ്വീകരിച്ചത് റഹീമിന്റെ ആദ്യ ഭാര്യയും അവരുടെ നാല് മക്കളും ആയിരുന്നു

റഹീമിന്റെ ശബ്ദത്തിനു മറുവാക്കില്ലാത്ത അവർക്ക് ഇത് അംഗീകരിക്കാതെ നിർവ്വാഹമില്ലായിരുന്നു….ഏറെ വൈകാതെ അവൾ ആഗ്രഹിച്ച പോലെ അവക്കൊരു മകൾ കൂടി പിറന്നു നല്ല തൂവെള്ള നിറമുള്ള ഒരു പൊന്നോമന…

കുഞ്ഞിന് പാലുകൊടുക്കുമ്പോൾ നൂറയുടെ ഉള്ളിൽ കുറ്റബോധം വന്നു തുടങ്ങി… നിറത്തിന്റെ പേരിൽ താൻ അകറ്റിയിരുന്ന ആ പൈതലിനെ ഓർത്തപ്പോൾ അവളുടെ മാറിടത്തിൽ നിന്നും പാൽ ചുരത്താൻ കഴിയാതെ കണ്ണ് നിറയ്‌ക്കേണ്ടി വന്നു….

പുതിയ കുഞ്ഞിന്റെ ഭാഗ്യമെന്ന പോലെ റഹീമിന്റെ ബിസിനസ് പച്ച പിടിച്ചു എന്നാൽ ചെയ്തുപോയതെറ്റിൽ ഉരുകാൻ തുടങ്ങിയിരുന്നു നൂറ.

എന്നാലും കുഞ്ഞിനോടാവൾക് ഒത്തിരി സ്നേഹമായിരുന്നു …അവളുടെ ജീവനേക്കാളേറെ സ്നേഹിച്ചു. അവൾക് വേണ്ടതെല്ലാം ചെയ്തുകൊടുത്തു. ആരും കണ്ടാൽ അസൂയ തോന്നും വിധം പരിചരിച്ചു. ഇടയ്ക്കെപ്പോഴോ ചിന്തയിലാണ്ടു ഇരിക്കുന്ന നൂറയോട് റഹീം പറഞ്ഞ

“മകളെ കുറിച്ച് ഓർത്താണ് തന്റെ സങ്കടമെന്നെനിക്ക് അറിയാം വരുന്നാഴ്ച അവൾ പോലുമറിയാതെ അവളെ ഞാൻ നിനക്ക് കാണിച്ചു തരാം

നൂറയ്ക്ക് സന്തോഷമായി

എന്നാൽ ആ സന്തോഷം നീണ്ടു നിന്നില്ല അവൻ പറഞ്ഞ ദിവസത്തിന്റെ മുൻപുള്ള ദിവസം ഒരു ആക്‌സിഡന്റിൽ പെട്ട് റഹീം ലോകത്തോട് വിട പറഞ്ഞു….

റഹീമിന്റെ മരണത്തോടെ ആദ്യ ഭാര്യയിലെ മക്കൾ തനി നിറം കാട്ടി

എന്നാൽ ഏറ്റവും ഇളയവന് അവരെ ഇഷ്ടമായിരുന്നു എന്നാൽ അവന്റെ തീരുമാനത്തിന് യാതൊരു വിലയും കണ്ടില്ല ….

ഇതെല്ലം മുൻകൂട്ടി കണ്ടെന്ന രീതിയിൽ ആകണം റഹീം ഒരു പത്തു സെന്റ് സ്ഥലവും ഒരു ചെറിയ വീടും അവർക്കായി മുൻകൂട്ടി വാങ്ങിക്കൊടുത്തത്.
മകളെയും കൂട്ടി ആ വീട്ടിലേക്ക് താമസം മാറി….

എന്നും രാത്രി ഒരു കറുത്ത രൂപം സ്വപ്നത്തിൽ വന്നു നൂറയെ അമ്മെ എന്ന് വിളിച്ചു ശല്യം ചെയ്യാൻ തുടങ്ങി…. മോളെ എന്ന് ആർത്തുവിളിച്ചു കരയുന്ന നൂറ ക്രമേണെ കുഞ്ഞിനോട് മിണ്ടാതെ ആയി. ഒരു ദിവസം ക്ലാസ് കഴിഞ്ഞു വന്ന മകളുടെ കഴുത്തിൽ പിടിച്ചു ഞെരിച്ചു കൊണ്ടവൾ പറഞ്ഞു

“വെളുത്തതെല്ലാം ഭൂമിയിൽ അടിയണം…. നീയും വേണ്ട ഞാനും വേണ്ട വെള്ളപ്പൂക്കൾ വേണ്ട ഒന്നും വേണ്ട എല്ലാം എല്ലാംത്തീരണം ” അവൾ കുതറി മാറികൊണ്ട് അവിടെ നിന്നും ഓടി……

******************

“എന്നിട്ടോ “

“ഗൗരിയേച്ചിയും അച്ഛനും അമ്മയും എല്ലാം വെറുത്തോളു അവരുടെ മകൾ ഞാന”

കണ്ണുനീരിൽ കൈകൾ കൂപ്പി ഷഹാന അവരുടെ മുന്നിൽ ഇരുന്നു…

“മോളെ നീയെന്തു തെറ്റാ ചെയ്തത് ഒന്നും ചെയ്തില്ല “

മാഷ് അവളെ ചേർത്ത് പിടിച്ചു..

“ഞാൻ തെറ്റ് ചെയ്തില്ലെങ്കിലും അവർ ചെയ്ത തെറ്റിന് എനിക്കെല്ലാം നഷ്ടമായി….

ഇളയ ഇക്കയുടെ കരുണ കൊണ്ടാണ് ഇപ്പോൾ പഠനം പോലും എന്നാൽ അവനും ഞാനൊരു ബാധ്യത ആയി “

അതിൽ നിന്നെല്ലാം ഒളിച്ചോടാനായിട്ട ഗൗരിയേച്ചിയോട് അടുത്തത്….അറിഞ്ഞില്ല ഇതെന്റെ സ്വന്തമാണെന്നു അപ്പോഴൊന്നും “

ഇതും പറഞ്ഞു ഗൗരിയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി……

ഗൗരി അവളെ ചേർത്ത് പിടിച്ചു പറഞ്ഞു

“നീയെന്റെ സ്വന്തം തന്നെയാടി.. “

പാറു ‘അമ്മ അവരെ ചേർത്ത് പിടിച്ചു രണ്ടാളുടെയും നെറ്റിയിൽ ഉമ്മ വച്ചു ….

മാഷും പാറു അമ്മയും ഗൗരിയും ഷഹാനയും വരാന്തയിലൂടെ നടന്നു സെല്ലിന്റെ അടുത്തെത്തി……പണ്ടത്തെ ഉള്ളു നിറഞ്ഞ മുടിയില്ല വാലിട്ടെഴുതിയ കണ്ണുകൾക്കു പകരം നിത്യമായ കറുപ്പ് നിറം പൂണ്ടിരുന്നു…

കയ്യിലെ പാവയെ താലോലിച്ചുകൊണ്ടവൾ പറഞ്ഞു

“എണ്ണകറുപ്പാണെങ്കിലും അമ്മയുടെ മോൾ സുന്ദരിയാണ് ട്ടോ “

ശുഭം

(ഒത്തിരി തിരക്കിനിടയിൽ എഴുതിയതാണ്… തെറ്റുകൾ ക്ഷമിക്കുക. അഭിപ്രായം രേഖപ്പെടുത്തുക പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും)

Image: kerala9.com

Leave a Reply

Your email address will not be published. Required fields are marked *