ഗിരിയേട്ടാ,,, ഞാനിത് നന്നായി പ്രിപയർ ചെയ്തെടുത്ത കറികളാണ്, ഉപ്പും, പുളിയും, എരിവുമൊക്കെ നിങ്ങടെ പാകത്തിന് തന്നെയാണ് , ഇന്ന് നിങ്ങൾക്കിത് എന്തായാലും ഇഷ്ടപ്പെടും…….

Story Written By Saji Thaiparambu

ഗിരിയേട്ടാ,, ദേ ലഞ്ച് ബോക്സ് എടുത്തിട്ടില്ലാ,,,

പുറത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട് നീലിമ, ഭർത്താവിന് കൊടുത്തു വിടേണ്ട ലഞ്ച് കിറ്റുമായി വെപ്രാളം പിടിച്ച് ഓടി വന്നു.

നീലൂ,,നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞ് കഴിഞ്ഞു, എനിക്ക് ലഞ്ച് വേണ്ട, ഞാൻ പുറത്ത് നിന്ന് കഴിച്ചോളാമെന്ന് ,,,

ഗിരിയേട്ടാ,,, ഞാനിത് നന്നായി പ്രിപയർ ചെയ്തെടുത്ത കറികളാണ്, ഉപ്പും, പുളിയും, എരിവുമൊക്കെ നിങ്ങടെ പാകത്തിന് തന്നെയാണ് , ഇന്ന് നിങ്ങൾക്കിത് എന്തായാലും ഇഷ്ടപ്പെടും ,, പ്ളീസ് ഗിരിയേട്ടാ,, വെളുപ്പാൻ കാലത്തെഴുന്നേറ്റ് ഞാനെത്ര കഷ്ടപ്പെട്ട് വെച്ചതാണ്,,

ഒന്ന് പൊയ്ക്കേടീ,, ഇത് തന്നെയാണ് നീ കഴിഞ്ഞ ദിവസങ്ങളിലും പറഞ്ഞത് ,എന്നിട്ട് വായിൽ വയ്ക്കാൻ കൊള്ളില്ലായിരുന്നു, ഞാൻ വല്ല ഹോട്ടലീന്നും കഴിച്ചോളാം,,,

നിർദ്ദയം നീലിമയോടത്പ റഞ്ഞിട്ട്, ഗിരിധർ ബൈക്ക് റോഡിലേക്കിറക്കി വേഗത്തിൽ ഓടിച്ച് പോയി.

സങ്കടവും നിരാശയും കൊണ്ട്, പുറത്തേയ്ക്ക് ചാടാനൊരുങ്ങിയ ഗദ്ഗധത്തെ, തൊണ്ടയിൽ കുരുക്കിയിട്ട്, നീലിമ അടുക്കളയിലേക്ക് തന്നെ
തിരിച്ച് പോയി.

♡♡♡♡♡♡♡♡♡♡♡♡♡

എന്താ നീലിമേ,, ജോലിയൊക്കെ കഴിഞ്ഞോ ?

വെളുപ്പിന് അഞ്ച് മണിക്ക് തുടങ്ങിയ നില്പാണ്, ഒൻപത് മണി ആയപ്പോഴേക്കും, കാലുകൾ രണ്ടും കഴച്ചൊടിയുന്നത് പോലുള്ള വേദന, എന്നാൽ പിന്നെ അല്പം വിശ്രമിച്ചിട്ടാവാം ,അടുത്ത ജോലി എന്ന് കരുതി അടുക്കളപ്പടിയിൽ ഒന്ന് ഇരുന്നപ്പോഴാണ്, അയൽവക്കത്തെ ഗ്രേസി ചേച്ചീടെ ചോദ്യം,

ഇല്ല ചേച്ചീ,,, ഇനി തുണി അലക്കാനുണ്ട് , വീടിനകമൊക്കെ തൂത്ത് തുടയ്ക്കാനുണ്ട് ,നല്ലൊരു ജോലി ഇനിയും ബാക്കിയുണ്ട്,,,

ഗിരിധരൻ പോയോ ?

ങ്ഹാ പോയി ചേച്ചീ,,,

ആഹ്, ഞാനെഴുന്നേറ്റപ്പോൾ കുറച്ച് വൈകിപ്പോയി, സാബുവിനാണേൽ കൊണ്ട് പോകാനുള്ളതൊന്നും ചെയ്യാനും സമയം കിട്ടിയില്ല ,അവനാണെങ്കിൽ, ഞാൻ വയ്ക്കുന്ന ആഹാരമല്ലാതെ പുറത്ത് നിന്ന് ഒന്നും തന്നെ വാങ്ങി കഴിക്കുന്നതും ഇഷ്ടമല്ല,,

അയ്യോ കഷ്ടമായിപ്പോയല്ലോ ?ആങ്ങ്ഹ് സാരമില്ല ചേച്ചീ,, ഇവിടെ ഞാൻ രാവിലെ വച്ച ചോറും കറികളുമൊക്കെ ഇരിപ്പുണ്ട്, തത്ക്കാലം അത് കൊടുത്ത് വിട്, പിന്നെ ഞാൻ തന്നതാണെന്ന് പറയേണ്ട ,അവന് ചിലപ്പോൾ ഇഷ്ടമായില്ലെങ്കിലോ ?

എന്നാൽ വലിയ ഉപകാരം മോളേ,, അവൻ കുളിച്ചോരിക്കുവാ, ഇറങ്ങുന്നതിന് മുമ്പ് വേഗം തന്നേക്ക്, അവൻ കാണാതെ ഞാനവൻ്റെ ബാഗിൽ കൊണ്ട്
വച്ച് കൊള്ളാം

ഒരു മിനിറ്റ് ഇപ്പോൾ കൊണ്ട് തരാം,,,

നീലിമ വേഗം അടുക്കളയിലേയ്ക്ക് കയറി ,ഗിരിധറിന് കൊണ്ട് പോകാനായി വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ് വച്ചിരുന്ന , ചോറും, മുട്ട പൊരിച്ചതും, അച്ചാറും കൂടി കഴുകി വച്ചിരുന്ന മറ്റൊരു ഡിഷിലേയ്ക്ക് പകർത്തി, മീൻകറിയും, മോര് കറിയും ചെറിയ രണ്ട് ഡപ്പകളിലുമാക്കി, ഒരു പ്ളാസ്റ്റിക് കവറിലെടുത്തിട്ട് ഗ്രേസിചേച്ചിയെ വിളിച്ച് കൊടുത്തു.

അവരത് ,സാബു സ്ഥിരമായി കൊണ്ട് പോകുന്ന, അടുക്ക് പാത്രത്തിലാക്കി ബാഗിലേക്ക് വച്ചു

♡♡♡♡♡♡♡♡♡♡♡♡♡

അമ്മേ,, ഞാനിറങ്ങുവാ,,,

അപ്പുറത്ത് സാബുവിൻ്റെ വിളിയൊച്ച കേട്ട് ,അടുക്കള ജനാലയിലൂടെ നീലിമ എത്തി നോക്കി.

ബൈക്കിലേക്ക് കയറുന്ന സാബുവിൻ്റെ കയ്യിലേയ്ക്ക്, താൻ കൊടുത്ത ചോറും കറികളുമടങ്ങിയ ഓഫീസ്ബാഗ്, ഗ്രേസി ചേച്ചി ഏല്പിക്കുന്നത് കണ്ട്, നീലിമ കൗതുകത്തോടെ നിന്നു.

വീട്ടിൽ നിന്നുമിറങ്ങി കുറച്ച് ദൂരം ഓടി കഴിഞ്ഞപ്പോഴാണ്, സാബുവിൻ്റെ ഫോൺ റിങ് ചെയ്തത്.

ബൈക്ക് , റോഡിൻ്റെ വശത്തേയ്ക്ക് ഒതുക്കി നിർത്തിയിട്ട്, സാബു പോക്കറ്റിൽ കിടന്ന മൊബൈൽ എടുത്ത് നോക്കി.

ഓഫീസിൽ, കൂടെ വർക്ക് ചെയ്യുന്ന മനോജാണ് വിളിക്കുന്നത്

എന്താ ബ്രോ ?എന്താ കാര്യം ?

കാൾ അറ്റൻ്റ് ചെയ്ത് കൊണ്ട് സാബു ചോദിച്ചു.

ഡാ ഇന്ന് ,ഓഫീസിൽ വന്ദനാ മേഡത്തിൻ്റെ ട്രീറ്റുണ്ട്, ഇന്നലെ വൈകിട്ടാണ് എന്നോട് പറഞ്ഞത്, എല്ലാവരെയും അറിയിക്കണമെന്ന്, ഞാൻ അപ്പോൾ തന്നെ എല്ലാർവർക്കും വാട്സ്ആപ്പ് മെസ്സേജയച്ചു ,പക്ഷേ ഇന്ന് നോക്കിയപ്പോൾ ,നീ മാത്രമത് റീഡ് ചെയ്തില്ലെന്ന് കണ്ടു, അത് കൊണ്ടാണ് ഇപ്പോൾ വിളിച്ചത്,
നീയിന്ന് ലഞ്ച് കൊണ്ട് വരണ്ട കെട്ടോ

എടാ മനോ,, നിനക്കിത് ഒരു മണിക്കൂർ മുമ്പെങ്കിലും വിളിച്ച് പറയാമായിരുന്നില്ലേ? പാവം എൻ്റെ അമ്മ, രാവിലെ എത്ര കഷ്ടപ്പെട്ടിട്ടാണ് എനിക്ക് ലഞ്ച് ശരിയാക്കി തന്ന് വിട്ടത്, ഇനിയിപ്പോൾ അത് വേയ്സ്റ്റാവില്ലേ?

അത് സാരമില്ലടാ,, അത് നമുക്ക് താഴത്തെ, ഡിവിഷൻ ഓഫീസിലുള്ള, ലഞ്ച് കൊണ്ട് വരാത്ത ആർക്കെങ്കിലും കൊടുക്കാം, നീ വേഗം വരാൻ നോക്ക്,,

മനോജ് ഫോൺ കട്ട് ചെയ്തപ്പോൾ മൊബൈൽ തിരിച്ച് പോക്കറ്റിലിട്ട് സാബു ബൈക്ക് മുന്നോട്ടെടുത്തു.

കുറച്ച് ദൂരം കൂടി ഓടി കഴിഞ്ഞപ്പോൾ ,മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര കാണാം

ഈശ്വരാ,, ഇന്നും ഗേറ്റടച്ചിട്ടിരിക്കുവാണല്ലോ ?

കുറച്ചകലെ അടഞ്ഞ് കിടക്കുന്ന റെയിൽവേ ഗേറ്റ് കണ്ട്, നിരാശയോടെ സാബു മനസ്സിൽ പറഞ്ഞു.

നിരന്ന് കിടക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്ത്, സാബു ബൈക്കോടിച്ച് ഗേറ്റിന് അടുത്ത് കൊണ്ട് നിർത്തി.

അപ്പോഴാണ്, അവിടെ ഗിരിധർ ബൈക്കിലിരിക്കുന്നത് കണ്ടത്.

അല്ല ഗിരിയേട്ടാ,, ഇതെപ്പോഴാ അടച്ചത് ?ഉടനെയെങ്ങാനും തുറക്കുമോ ?

എൻ്റെ സാബു,, ഞാനിവിടെ നില്ക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറിലധികമായി ,അതിൻ്റെ ലോക്ക് കംപ്ളയിൻ്റായിട്ട് ടെക്നീഷ്യൻ ഇപ്പോൾ, വന്നതേയുള്ളു,
ഇനി ഉടനെ തുറക്കുമായിരിക്കും,,

ഗിരിധർ, ഈർഷ്യയോടെ പറഞ്ഞു

അല്ല ഗിരിയേട്ടാ,, നിങ്ങളിന്ന് ബാഗൊന്നുമെടുത്തില്ലേ?

ഓഹ് ഇല്ലടാ ,, ലഞ്ച് ബോക്സ് ഇല്ലാത്തത് കൊണ്ട്, ഞാൻ ബാഗെടുത്തില്ല,,

ങ്ഹേ, അപ്പോൾ ഗിരിയേട്ടനിന്ന് ലഞ്ച് കൊണ്ട് വന്നിട്ടില്ലേ? ഈശ്വരാ,, രക്ഷപെട്ടു, എൻ്റെ ഗിരിയേട്ടാ,, എനിക്കിന്ന് ഓഫീസിലൊരു ഫങ്ഷനുണ്ടായിരുന്നു ,
അതറിയാതെ ,രാവിലെ അമ്മ തന്ന് വിട്ട ,ചോറും, കറികളും ഞാനിങ്ങ് കൊണ്ട് പോന്നു ,പാവം അമ്മ ,വെളുപ്പാൻ കാലത്ത് എഴുന്നേറ്റ് എത്ര കഷ്ടപ്പെട്ട് വച്ചതാണ്, അത് ഞാനെന്ത് ചെയ്യുമെന്ന് വിഷമിച്ചിരിക്കുവായിരുന്നു, ഇപ്പോഴാണ് സമാധാനമായത്, ഇതാ ഗിരിയേട്ടാ,,, ഈ ബാഗ് ഗിരിയേട്ടൻ കൊണ്ട് പൊയ്ക്കോളു, ഇതിലിപ്പോൾ ലഞ്ച് ബോക്സ് മാത്രമേയുള്ളു,,,

എന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പ് സാബു , തോളിൽ കിടന്ന ബാഗെടുത്ത് ഗിരിധറിന് നേരെ നീട്ടി,

അപ്പോഴേക്കും ഗേറ്റ് തുറന്നു, പുറകിലുള്ള വാഹനങ്ങളുടെ അക്ഷമയോടുള്ള ഹോണടി മുഴങ്ങിയപ്പോൾ, സാബുവിൻ്റെ കൈയ്യിൽ നിന്നും വേഗം ബാഗ് വാങ്ങി തോളിലിട്ടിട്ട് ഗിരിധർ ,ബൈക്ക് മുന്നോട്ടെടുത്തു.

♡♡♡♡♡♡♡♡♡♡♡♡♡

ഒരു പാട് നാളുകൾക്ക് ശേഷം, ഞാനിന്ന് രുചികരമായ ഉച്ചഭക്ഷണം കഴിച്ചു,,

വൈകിട്ട് ഓഫീസിൽ നിന്ന് വന്ന ഗിരിധർ, ഡ്രസ്സ് മാറുന്നതിനിടയിൽ നീലിമയോട് പറഞ്ഞു.

അതേത് ഹോട്ടലീന്നാ?

ഹോട്ടലീന്നല്ല, നമ്മുടെ അപ്പുറത്തുള്ള ഗ്രേസി ചേച്ചിക്ക്ഇ ത്ര കൈപ്പുണ്യമുണ്ടെന്ന് ഞാനിന്നാണറിയുന്നത്,,

ഗിരിധർ രാവിലെ ഉണ്ടായ സംഭവങ്ങളൊക്കെ തൻ്റെ ഭാര്യയോട് വിശദീകരിച്ചു.

ഞാനപ്പോഴെ പറഞ്ഞില്ലേ ഗിരിയേട്ടാ ,,,ഇന്ന് ഞാൻ ഉണ്ടാക്കിയ ചോറും കറികളും നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് ,,,നിങ്ങളിന്ന് ഉച്ചയ്ക്ക് കഴിച്ചത്, ഞാനുണ്ടാക്കിയ ഭക്ഷണമായിരുന്നു,,

ഗിരിധറിനോട് അയാൾ രാവിലെ ഓഫീസിൽ പോയതിന് ശേഷം നടന്ന കാര്യങ്ങൾ നീലിമ വിശദീകരിച്ചു.

അത് കേട്ട് അയാൾക്ക് വല്ലാത്ത കുറ്റബോധം തോന്നി ,പാവം നീലിമ, അവളുടെ കൈപ്പുണ്യമറിയാൻ, തനിക്ക് അയൽക്കാരൻ്റെ പാത്രത്തിൽ ഉണ്ണേണ്ടി വന്നു,

ഇനിയെങ്കിലും, അവളോട് മുൻ വിധിയോടെ പെരുമാറാതിരിക്കാൻ താൻ ശ്രദ്ധിക്കണം ,ഏതൊരു ഭർത്താവിനും, ഏറ്റവും രുചികരമായ ഭക്ഷണം വിളമ്പുന്നത് ,അവരുടെ ഭാര്യമാർ തന്നെയായിരിക്കും, അത് തിരിച്ചറിയാൻ താൻ വൈകിപ്പോയി,

ഒരു ക്ഷമാപണത്തോടെ ഗിരിധർ നീലിമയെ ചേർത്ത് പിടിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *