ചിക്കൻ ഫ്രൈഡ് റൈസ്
Story written by Aardra
ഗർഭിണികളുടെ ദേശീയ ഭക്ഷണമായ മസാലദോശ ഒരിക്കൽ പോലും എന്നെ കൊതിപ്പിച്ചില്ല. എങ്ങാനും കൊതി വന്നാലോ എന്നോർത്ത് പാവം ഭർത്താവ് ഒന്നാം മാസം തൊട്ടു ജോലി കഴിഞ്ഞു വരുന്ന മിക്ക ദിവസങ്ങളിലും മസാലദോശ കൊണ്ടുവന്നു. പക്ഷേ കഴിക്കാൻ ഉള്ള മൂഡ് മാത്രം വന്നില്ല. എന്നെ കൊതിപ്പിച്ചത് നമ്മുടെ മീൻ വറുത്തത് മുളകിട്ട് വച്ച് മീൻകറിയും ഒക്കെ ആയിരുന്നു. കഴിക്കാൻ ഒന്നും പറ്റിയിരുന്നില്ല. ലേശം വായിൽ വെക്കുമ്പോഴേക്കും ശർദ്ദിക്കാൻ വരും.
മൂന്നാമാസം ഒക്കെ കഴിഞ്ഞപ്പോൾ ശർദ്ദിൽ അങ്ങ് കുറഞ്ഞു. ഇഷ്ടമുള്ള ഭക്ഷണം ഒക്കെ കഴിക്കാം എന്നായി.
അങ്ങനെയിരിക്കെ ഒരു ദിവസം പെട്ടെന്ന് എനിക്ക് ചിക്കൻ ഫ്രൈഡ് റൈസ് തിന്നാൻ വല്ലാണ്ട് കൊതി വന്നു. അതും രാത്രിയിൽ. ജോലി കഴിഞ്ഞു വന്ന് തളർന്നുകിടക്കുന്ന ഏട്ടനെ എങ്ങനെയാ ബുദ്ധിമുട്ടിക്കുന്നത് എന്നോർത്ത് ആദ്യം ഞാൻ കടിച്ചുപിടിച്ച് സഹിച്ചു നിന്നു. ഫോണിൽ ഫോട്ടോ കണ്ട് സായൂജ്യം അടഞ്ഞു. എന്നാലും അമ്മ വിളിച്ചപ്പോൾ പറയാതിരിക്കാൻ തോന്നിയില്ല ഫ്രൈഡ് റൈസ് നോടുള്ള കൊതി. അച്ഛനെ കൊണ്ട് നാളെത്തന്നെ മേടിച്ച് തരാം എന്ന് ഉറപ്പു പറഞ്ഞ് അമ്മ ഫോൺ വെച്ചു.
കുറച്ചു കഴിഞ്ഞ് വെറുതെ ടി വി കണ്ടുകൊണ്ടിരുന്ന നേരത്ത് ഒരു കോളിംഗ് ബെൽ. വാതിൽ തുറന്ന് നോക്കിയപ്പോൾ അച്ഛൻ വിത്ത് ചിക്കൻ ഫ്രൈഡ് റൈസ്. അച്ഛനാണച്ഛാഅച്ഛൻ എന്ന് ഒരു ഡയലോഗും പറഞ്ഞു ഞാൻ ആ പൊതി വാങ്ങി. വീട്ടിൽ നിന്ന് ദൂരെ പോകാനുള്ള മടി കാരണം നാട്ടുകാരനെ തന്നെ പ്രേമിച്ചു കെട്ടാൻ തോന്നിയ നിമിഷത്തെ മനസ്സിൽ സ്മരിച്ചു കൊണ്ട് ഞാൻ തിന്നാൻ തുടങ്ങി. അച്ഛനെ രാത്രിയിൽ ബുദ്ധിമുട്ടിച്ചതിന് ഏട്ടൻ ചെറുതായി വഴക്ക് പറഞ്ഞെങ്കിലും ഫ്രൈഡ് റൈസ് തിന്നുന്ന എൻറെ മുഖത്തെ സന്തോഷം കണ്ട് പുള്ളിക്കാരൻ and ഹാപ്പിയായി. മാസങ്ങൾ കഴിയുന്നതിന് അനുസരിച്ച് എൻറെ ഫ്രൈഡ്റൈസ് കൊതിയും കൂടിക്കൂടി വന്നു. സമയവും കാലവും നോക്കാതെ ഞാൻ ഫ്രൈഡ്രൈസ് ചോദിക്കാൻ തുടങ്ങിയപ്പോൾ പുള്ളി അത് കുക്ക് ചെയ്യാൻ പഠിച്ചു.
അങ്ങനെ മാസങ്ങൾ കഴിഞ്ഞു ഞാൻ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. പ്രസവ സുശ്രൂഷ സമയത്ത് ഞാൻ ഫ്രൈഡ് റൈസ് തീറ്റയ്ക്ക് ചെറിയ ബ്രേക്ക് കൊടുത്തു. വളർന്നുവന്നപ്പോൾ മോനും ഒരു ചെറിയ ഫ്രൈഡ് റൈസ് കൊതിയനായി. ഏട്ടൻ എത്രയൊക്കെ നന്നായി പാകം ചെയ്തു തന്നാലും ഉം എനിക്ക് ഏറ്റവും കൂടുതൽ രുചി തോന്നിയത് അന്ന് രാത്രി അച്ഛൻ കൊണ്ട് തന്ന ഫ്രൈഡ് റൈസിന് ആയിരുന്നു.