ങ്ഹേ..ഗിരീഷ് ഞാനല്ലേ? വനജ എൻ്റെ ഭാര്യയും, അവളെന്തിനാ എനിക്ക് ഡൈവോഴ്സ് നോട്ടീസയക്കുന്നത്…

Story written by Saji Thaiparambu

ഗിരിയേട്ടാ… നിങ്ങളിവിടെ വെറുതെയിരിക്കുവല്ലേ? ഇന്ന് ലാസ്റ്റ് ഡേറ്റാണ് , നമ്മുടെ കറണ്ട് ബില്ല് ഒന്ന് കൊണ്ടടക്കണേ?

ഞാൻ കളി കണ്ടോണ്ടിരിക്കുന്നത് നിനക്ക് കാണാൻ വയ്യേ? ഇന്ന് ഫൈനലാണ്, അത് കൊണ്ട് നീ ഓഫീസിൽ പോകുന്ന വഴിയോ, തിരിച്ച് വരുന്ന വഴിയോ അടച്ചാൽ മതി

ഓഹ് ഒരു ജോലിക്കും പോകുകയുമില്ല, എന്നാൽ വീട്ട് കാര്യങ്ങളൊട്ട് നോക്കുകയുമില്ല

വനജ, അരിശത്തോടെ ചാടിത്തുള്ളിപ്പോയി

രാവിലെ കുടയെടുക്കാതെ പോയ വനജ വൈകുന്നേരം മഴ നനഞ്ഞാണ് കയറി വന്നത്

ദേ മനുഷ്യാ… മഴ പെയ്തപ്പോൾ നിങ്ങൾക്ക് അഴയിൽ കഴുകിയിട്ടിരുന്ന തുണികളൊന്ന് എടുത്ത് അകത്തിട്ടൂടാരുന്നോ? ഇത് കണ്ടില്ലേ? എല്ലാം നനഞ്ഞു

പിന്നേ എനിക്കത് നോക്കിയിരിക്കാനല്ലേ നേരം, ഇവിടെ ബാക്കിയുള്ളവര് ഇൻഡ്യ തോറ്റ് പോയ വിഷമത്തിലിരിക്കുമ്പോഴാ, അവളുടെയൊരു തുണി

അല്ലേലും നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല, എൻ്റെയൊരു വിധി

അവൾ സ്വയം ശപിച്ച് കൊണ്ട് നനഞ്ഞ തുണികൾ കുളിമുറിയിൽ കൊണ്ട് പോയി പിഴിഞ്ഞിട്ട് അകത്ത് കസേരകളിലും ടേബിളിലുമൊക്കെയായി വിരിച്ചിട്ടു.

ഇന്ന് കളിയൊന്നുമില്ലല്ലോ ? ദേ രാവിലെ തന്നെ റേഷൻ കടയിൽ പോയി ,അരിയും മണ്ണെണ്ണയും വാങ്ങണെ, ഇന്ന് ശനിയാഴ്ചയാണ് , ഇന്ന് തന്നെ വാങ്ങിയില്ലെങ്കിൽ പിന്നെ, ഈ മാസത്തെ റേഷൻ കിട്ടിയെന്ന് വരില്ല

പിറ്റേ ദിവസം വനജ കാർഡും പൈസയും കൊണ്ട് അയാളുടെ നേരെ നീട്ടിയിട്ട് പറഞ്ഞു.

റേഷൻ കടയിലോ ഞാനോ ?എന്നെക്കൊണ്ടൊന്നും പറ്റില്ല അവിടെ പോയി ക്യൂ നില്ക്കാൻ, ഏഴ് മണി വരെ കടയുണ്ടാവും, നീ തിരിച്ച് വരുമ്പോൾ വാങ്ങിച്ചോണ്ട് വന്നാൽ മതി

നിങ്ങളെക്കൊണ്ട് പിന്നെ എന്തിന് കഴിയും, അതൊന്ന് പറയാമോ? കറണ്ട് ബില്ല് ഞാനടയ്ക്കണം, റേഷൻ കടയിൽ ഞാൻ പോകണം ,വെള്ളത്തിൻ്റെ ബില്ലും ടെലഫോൺ ബില്ലും ഞാൻ തന്നെ പോയി ക്യൂ നിന്ന് അടയ്ക്കണം, ഗ്യാസ് തീർന്നാൽ ഏജൻസിയിൽ പോയി സിലിണ്ടറെടുക്കാനും, വില്ലേജിലും, പഞ്ചായത്തിലും കരമടക്കാനും ഞാൻ പോകണം ,അല്ല, എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ, നിങ്ങള് പിന്നെയെന്തിനാ ഒരാണായിട്ട് ഇവിടിരിക്കുന്നത്?

സകല നിയന്ത്രണവും വിട്ടപ്പോൾ വനജ ശബ്ദമുയർത്തിപ്പോയി.

എനിക്കിങ്ങനെയൊക്കെ പറ്റത്തുള്ളു, നീ വേണേൽ പോയി കേസ് കൊടുക്ക്

ക്ഷുഭിതനായി വെല്ലുവിളിച്ച് കൊണ്ട്, അയാൾ ഇറങ്ങി പുറത്തേക്ക് പോയി.

ദിവസങ്ങൾ കടന്ന് പോയി.

ഒരു ദിവസം ഉച്ചയൂണും കഴിഞ്ഞ് അയാൾ ,വരാന്തയിലിട്ട ചാര്കസേരയിൽ കിടന്ന് മയങ്ങുമ്പോഴാണ് ,ആരോ വിളിക്കുന്നത് കേട്ടത്

കണ്ണ് തുറന്ന് നോക്കുമ്പോൾ, മുന്നിലതാ പോസ്റ്റ്മാൻ തൻ്റെ നേരെ ഒരു കവർ നീട്ടിപ്പിടിച്ച് നില്ക്കുന്നു.

ദാ ഇവിടെയൊരു ഒപ്പിട്ടേക്ക്

പോസ്റ്റ്മാൻ കാണിച്ച പേപ്പറിൽ ഒപ്പിട്ട് കൊടുത്തിട്ട്, ജിജ്ഞാസയോടെ അയാളാ കവറ് പൊട്ടിച്ചു.

ഇംഗ്ളീഷിലായത് കൊണ്ട് ഒന്നും മനസ്സിലാകുന്നില്ല.

ഹലോ ചേട്ടാ… ഇതെന്തുവാണെന്ന് ഒന്ന് നോക്കാമോ?

തിരിഞ്ഞ് നടക്കാൻ തുടങ്ങിയ പോസ്റ്റ്മാനോട്, അയാൾ ചോദിച്ചു.

ഇതൊരു വക്കീൽ നോട്ടീസാണ്

അയാളുടെ കൈയ്യിൽ നിന്ന് പേപ്പർ വാങ്ങി വായിച്ചിട്ട് പോസ്റ്റ്മാൻ പറഞ്ഞു.

വക്കീൽ നോട്ടീസോ? എന്തിൻ്റെ?

ഡൈവോഴ്സിനുള്ളതാ, കാട്ട് പറമ്പിലെ ഗിരീഷ് എന്ന വ്യക്തിയിൽ നിന്നും വിവാഹമോചനമാവശ്യപ്പെട്ട് കൊണ്ട്, ഭാര്യ വനജ ,വക്കീൽ മുഖാന്തിരം അയച്ചതാ

ങ്ഹേ.. ഗിരീഷ് ഞാനല്ലേ? വനജ എൻ്റെ ഭാര്യയും, അവളെന്തിനാ എനിക്ക് ഡൈവോഴ്സ് നോട്ടീസയക്കുന്നത്

ആഹ് അതൊന്നുമെനിക്കറിയത്തില്ല, നിങ്ങള് ഭാര്യയോട് പോയി ചോദിക്ക്

പോസ്റ്റ്മാൻ നീരസത്തോടെ പറഞ്ഞിട്ട് തിരിച്ച് പോയി.

ഹ ഹ ഹ, നീ ഇന്നിവിടെ നടന്ന ഒരു തമാശയറിഞ്ഞോ ? പോസ്റ്റ്മാൻ അഡ്രസ്സ് മാറി, ഒരു ഡൈവോഴ്സ് നോട്ടീസ് കൊണ്ട് എനിക്ക് തന്നു, ഏറ്റവും രസം അതല്ല അതിലെ ഭാര്യക്കും ഭർത്താവിനും നമ്മുടെ അതേ പേര് തന്നാണ്,

അയാൾ ചിരി നിർത്താൻ പാട് പെട്ടു കൊണ്ട് ,വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന ഭാര്യയോട് പറഞ്ഞു.

അത്, അഡ്രസ്സ് മാറി കൊണ്ട് വന്നതൊന്നുമല്ല ,ഞാനാണ് ആ നോട്ടീസ്, വക്കീലിനെക്കൊണ്ട് നിങ്ങളുടെ പേരിൽ അയപ്പിച്ചത്

ങ്ഹേ നീയോ? ചുമ്മാ തമാശ പറയാതെടീ…

തമാശയല്ല, കാര്യമാണ് ഞാൻ പറഞ്ഞത് ,ഞാൻ കഷ്ടപ്പെട്ട് കൊണ്ട് വരുന്നത് ,തിന്നും കുടിച്ചും വീട്ടിലിരുന്ന് ടിവി കണ്ട് ,സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു ഭർത്താവിനെ എനിക്കാവശ്യമില്ല, ഈ വീട്ടിലെ സകല കാര്യങ്ങളും ഞാൻ തനിച്ചാണ് നോക്കുന്നത് ,അത് പോലെ ,തനിച്ച് ജീവിക്കാനും എനിക്കറിയാം

വനജേ… നീയെന്തൊക്കെയാ ഈ പറയുന്നത്, നീ നമ്മുടെ മക്കളെ കുറിച്ചോർത്തോ? അവരുടെ ഭാവിയെക്കുറിച്ചോർത്തോ ?

എല്ലാം ഓർത്തിട്ട് തന്നെയാണ് ഞാനിങ്ങനെയൊരു തീരുമാനമെടുത്തത്

എങ്കിൽ ഞാനൊരു തീരുമാനമെടുത്തു ,നാളെ നമ്മളൊരുമിച്ച് വക്കീലോഫീസിൽ പോകുന്നു, എന്നിട്ട് നമ്മൾ കോംപ്രമയിസ് ആയ കാര്യം പറയുന്നു എങ്ങിനെയുണ്ട്

അതിന് ആര് കോംപ്രമയിസ് ചെയ്തു?

എടീ.. ഞാൻ നാളെ മുതൽ സ്ഥിരമായി ജോലിക്ക് പോകാൻ തീരുമാനിച്ചു മാത്രമല്ല നീയിത് വരെ ചെയ്ത് കൊണ്ടിരുന്ന മറ്റ് എല്ലാ കാര്യങ്ങളും ഞാനായിരിക്കും ഇനി മുതൽ ചെയ്യുന്നത്

മ്ഹും എങ്കിലും ഞാനൊന്ന് കൂടി ആലോചിക്കട്ടെ, നിങ്ങളെനിക്കൊരു കട്ടൻ ചായ ഇട്ടോണ്ട് വാ വല്ലാത്ത തലവേദന

അത്രേയുള്ളോ ?എന്തിനാ കട്ടൻ ചായ ആക്കുന്നത് ഞാൻ നിനക്ക് നല്ല പാൽ ചായ ഉണ്ടാക്കിത്തരും, ഹല്ല പിന്നെ എന്നോടാ കളി

അയാളുടെ പോക്ക് കണ്ട് വനജയ്ക്ക് ഉള്ളിൽ ചിരി പൊട്ടി

Related Posts

Leave a Reply

Your email address will not be published. Required fields are marked *