ചങ്കിനകത്തെവിടെയോ ഒരു മുള്ള് കൊണ്ട് കേറുന്നത് പോലെ തോന്നിയെനിക്ക്. ഒരു കാലത്ത് അമ്മ…

മാറ്റി വരയ്ക്കപ്പെട്ട ഭൂപടം……

Story written by BINDHYA BALAN

“ഇന്ന് കൊച്ചിന് അവധിയല്ലേ… അമ്മ ഒരു കാര്യം പറഞ്ഞാ ചെയ്യോ? “

ഒരു ഞായറാഴ്ച രാവിലെ അടുക്കളയിൽ പാത്രം കഴുകി നിൽക്കുമ്പോഴാണ് അമ്മ അടുത്ത് വന്ന് ചോദിച്ചത്.

“ന്താമ്മേ…? “

അമ്മയുടെ മുഖത്തെ സങ്കടത്തിലേക്ക് നോക്കി ഞാൻ കാര്യം തിരക്കി.

“വേറൊന്നുമല്ല, അമ്മേടെ മോള് നമ്മുടെ ചെടികളൊക്കെ ഒന്ന് നനയ്ക്കോ..ഒക്കെ വാടിക്കരിഞ്ഞ്‌ തുടങ്ങി. കണ്ടിട്ട് സഹിക്കാൻ പറ്റണില്ല.. എത്ര കാലം കൊണ്ട് നട്ടു നനച്ചു വളർത്തിയെടുത്തതാ അതുങ്ങളെ. ഇതിപ്പോ ആരും നോക്കാനില്ലാതെ… എനിക്ക് വയ്യാണ്ടായപ്പോ അതുങ്ങൾക്കും വയ്യാണ്ടായി “

സ്വരമിടറി അമ്മ പറഞ്ഞത് കേട്ടപ്പോ, ചങ്കിനകത്തെവിടെയോ ഒരു മുള്ള് കൊണ്ട് കേറുന്നത് പോലെ തോന്നിയെനിക്ക്. ഒരു കാലത്ത് അമ്മ അത്രയേറെ ഓമനിച്ച് വളർത്തിയ അമ്മയുടെ പ്രിയപ്പെട്ടവർ….

ശരിയാണ്, അമ്മയുടെ വയ്യായ്കയിൽ, മറ്റൊന്നും ശ്രദ്ധിക്കാൻ നേരമില്ലാതെ അമ്മയെ മാത്രം നോക്കിയും പരിചരിച്ചും ജോലിക്ക് പോയും ഹോസ്പിറ്റലിൽ കയറിയിറങ്ങിയും നിറയെ തിരക്കുകളിൽ കുരുങ്ങി, മറവിയിലേക്കെടുത്തെറിഞ്ഞ ഒരുപാട് കാര്യങ്ങളിൽ ഒന്ന്… അതാണ്‌ ഇപ്പൊ അമ്മ ഓർമ്മിപ്പിച്ചത്. ഓടിച്ചാടി നടന്നിരുന്ന നാളുകളിൽ അമ്മ അത്രയേറെ പ്രിയത്തോടെ ചെയ്തിരുന്ന ഒരു കാര്യം…

“ജോലിക്ക് പോവുന്നത് കൊണ്ടല്ലേ അമ്മേ നിക്ക് അതൊന്നും നോക്കാൻ പറ്റാത്തത്… അല്ലാതെ മനഃപൂർവം അല്ലാട്ടോ “

ഒരു കുറ്റബോധത്തിന്റെ കണ്ണീർ നനവോടെ ഞാനത് പറയുമ്പോൾ, എന്റെ നെറുകയിലൊന്നു തലോടി അമ്മ പറഞ്ഞു

“അമ്മയ്ക്കറിയാടാ.. നിങ്ങൾ രണ്ട് പേരും ഇങ്ങനെ നെട്ടോട്ടമോടുന്നത് എന്തിനു വേണ്ടിയാണെന്ന്…. അതിന്റെ ഇടയ്ക്ക് ഇത് കൂടെ പറഞ്ഞ് അമ്മ ബുദ്ധിമുട്ടിച്ചതല്ല.. “

“ബുദ്ധിമുട്ട് ഒന്നുമില്ല ശോഭാമ്മേ . ദേ ഈ പാത്രവും കഴുകി വച്ച് അമ്മയ്ക്ക് കഴിക്കാനുള്ള മരുന്നും തന്നേച്ചു ഞാൻ പോയി നനയ്ക്കാട്ടോ..”

അമ്മയോട് അത്രയും പറഞ്ഞിട്ട് വേഗം പാത്രങ്ങളൊക്കെ കഴുകി വച്ച് അമ്മയ്ക്ക് കഴിക്കാനുള്ള മരുന്നും കൊടുത്ത് ചെടി നനയ്ക്കാനായി ഞാൻ മുറ്റത്തേക്കിറങ്ങി. ആ വെയിൽപ്പരപ്പിലേക്ക് നോക്കി നിൽക്കുമ്പോൾ ഞാൻ കണ്ടു, പകുതി ചത്ത്‌ നിൽക്കുന്ന ചെടിക്കൂട്ടങ്ങളെ…മുരടിച്ചു നിൽക്കുന്ന പനിനീർ ചെടികളെ..അമ്മയുടെ കൈ തൊടാറുണ്ടായിരുന്ന നാളുകളിലൊക്കെയും ഇല പോലും കാണാനാവാത്ത വിധം പൂവിട്ടു നിന്നവർ…..എപ്പോഴോ പൂക്കാൻ മറന്ന് പോയ പനിനീർ ചാമ്പയുടെ ഇലകളത്രയും പൊഴിഞ്ഞിട്ടുണ്ട്.

ശിരത്തിൽ പൊഴിയുന്ന ഇലകളത്രയും മരങ്ങളുടെ കണ്ണുനീരാണെന്നു ഒരിക്കൽ ബാലേട്ടൻ പറഞ്ഞതോർമ്മ വന്നു അന്നേരം…വൈകുന്നേരങ്ങളിൽ ബാലേട്ടൻ പത്രം വായിക്കാൻ പോയിരിക്കാറുണ്ടായിരുന്ന പാഷൻ ഫ്രൂട്ട് പന്തൽ പകുതിയും ഉണങ്ങിക്കരിഞ്ഞിരിക്കുന്നു…പാഷൻ ഫ്രൂട്ടിന് കൂട്ടായി വളർന്നു നിന്നിരുന്ന മഞ്ഞ കോളാമ്പി ചെടിയുടെ വേരുണങ്ങിയിട്ട് എത്രയോ ആയിരിക്കുന്നു….

ദൈവമേ, ഇവിടം ഇങ്ങനെ ആയിരുന്നില്ലല്ലോ…. ഓർമകളുടെ കുത്തി നോവിക്കലിൽ നിറഞ്ഞൊഴുകിയ കണ്ണുകൾ കൊണ്ട് ഞാൻ അവിടമാകെ പരതി..

അതേ, അഞ്ച് കൊല്ലം മുൻപ് വരെ ഇവിടെയൊരു വീടുണ്ടായിരുന്നു…അതിര് കാക്കുന്ന ചെന്തെങ്ങുകളുള്ള,മഞ്ഞയും ചോപ്പും വയലറ്റും നിറങ്ങളിൽ നിറയെ പൂത്ത് നിൽക്കുന്ന പനിനീർച്ചെടികൾ മഴവില്ല് വരച്ചിട്ട മുറ്റമുള്ളോരു വീട്…

വടക്കേ വേലിയിൽ വെളുത്ത പൂക്കൾ കൊണ്ടൊരു കാടൊരുക്കി കാറ്റിലുലയാതെ നിൽക്കുന്ന ചെമ്പരത്തിചെടികളുടെ തണുപ്പിൽ കുളിർന്നും, ‘ഡവ് ‘ഓർക്കിഡുകളുടെ ചിറകു വിരിക്കലുകളിൽ ചിരിച്ചു മറിഞ്ഞും അമ്മ വിരലുകളിൽ നിന്നിറ്റു വീഴുന്ന നീർത്തുള്ളികൾ പകർന്ന കുളിരിൽ പൊട്ടിച്ചിരിച്ചും നിൽക്കുന്ന നിറയെ നിറയെ ‘പേരറിയാ’ ചെടികളുള്ള തണൽകൂടാരം പോലൊരു വീട്….

തെക്കേത്തൊടിയുടെ മൂലയിൽ ബാലേട്ടൻ പടർത്തിയ പാഷൻഫ്രൂട്ട് വള്ളികളിൽ ചുറ്റിപടർന്നു പൂത്ത് നിന്ന മഞ്ഞ കോളാമ്പിപ്പൂക്കളുടെ നാണം കൊണ്ട് ചുവന്നും നടുമുറ്റത്ത് കായ്ച്ചു നിന്ന കുപ്പിചാമ്പയുടെ ചോപ്പിൽ തളിർത്തും നിന്നൊരമ്മ മണമുള്ള വീട്….

ഇല്ല.. ആ വീട് ഇപ്പോഴില്ല…ഇപ്പൊ ഉള്ളത് ബാലേട്ടനില്ലാത്ത വീടാണ്..രോഗത്തിന്റെ മൂർച്ഛിക്കലുകളിൽ വേദന സഹിക്കാതെയുള്ള അമ്മയുടെ കരച്ചിലുകൾ കൊണ്ട് നിറയുന്ന വീടാണ്…മരുന്നുകളുടെ മണമുള്ള, മൗനം തളംകെട്ടികിടക്കുന്ന വീടാണ്….

ഒന്ന് പൊട്ടിക്കരയണമെന്നു തോന്നിയെനിക്ക്…ഇല്ല കരഞ്ഞൂടാ.. ബാലേട്ടന് കൊടുത്ത വാക്കാണ്…കവിൾ നനച്ചൊഴുകിയിറങ്ങിയ കണ്ണീരിനെ പുറം കൈ കൊണ്ട് തുടച്ച് ഞാൻ പൈപ്പിൽ നിന്ന് വെള്ളമെടുത്ത് അവരെ നനച്ചു.

അവരുടെ ദാഹം തീരാൻ മാത്രം വെള്ളം പകർന്നു കൊടുത്ത് ഒടുവിൽ തിരിഞ്ഞ്‌ നടക്കുമ്പോൾ എനിക്ക് തോന്നി ഇതിന്നു വെറുമൊരു കരയാണ്….കാലമെന്ന കടലെടുത്ത് പോയ കര..ഒരടയാളവും അവശേഷിപ്പിക്കാതെ മാറ്റി വരയ്ക്കപ്പെട്ടൊരു ഭൂപടം……

Leave a Reply

Your email address will not be published. Required fields are marked *