സെഞ്ച്വറിചന്ദ്രൻ ——— എഴുത്ത്:- ഷെർബിന്‍ ആന്റണി ———നൂറാമത്തെ പെണ്ണുകാണൽ ചടങ്ങിന് പുറപ്പെടുകയാണ് ചന്ദ്രനും കൂട്ടരും. സെഞ്ച്വറിയടിച്ച സന്തോഷത്തിൽ ക്രിക്കറ്റ് ബാറ്റിന് പകരം ചന്ദ്രൻ വേറേ വല്ലതും പൊ ക്കി കാണിക്കുമോ എന്നുള്ള ആശങ്ക ബ്രോക്കർ കണാരേട്ടൻ്റെ മുഖത്തുണ്ടായിരുന്നു.
പെണ്ണിന് നിറമില്ല, മുടി പോര, ചേലില്ല….ഇത്യാദി കുറവുകളാണ് ഓരോ കാഴ്ചയ്ക്ക് ശേഷവും ചന്ദ്രൻ ആദ്യമൊക്കെ പറഞ്ഞിരുന്നത്.ഇത് കേട്ട് മടുത്ത കണാരേട്ടൻ ഒരിക്കൽ ചന്ദ്രനോട് ചോദിച്ചു. പെണ്ണിന് ഉള്ളതായിട്ടുള്ള ഒന്നും നീ ഇത് വരെ കണ്ടില്ലേന്ന്.
ഊവ്വ… നാക്കിന് നീളവും, നല്ല വണ്ണോം, പിന്നെ ഒരെല്ലും കൂടുതലായി ഉണ്ടെന്നുമൊക്കെ ആയിരുന്നു പിന്നീട് ചന്ദ്രൻ്റെ തട്ടാമുട്ടി.
ചില ഞായറാഴ്ചകളിൽ നാലും അഞ്ചും വരെ ചായ കുടി പരിപാടി നടന്നിട്ടുണ്ട്. പക്ഷേ ഒന്നിലും ചന്ദ്രൻ്റെ മനസ്സിനെ തൃപ്തിപ്പെടുത്താനായില്ല.
ഒടുവിൽ ചന്ദ്രനെ കാണുമ്പോൾ നാട്ടിലുള്ള പല ബ്രോക്കറ്മാരും മുങ്ങി നടക്കാൻ തുടങ്ങി. അവസാനമായി കണരേട്ടൻ പറഞ്ഞു ഇതാണ് ലാസ്റ്റ് & ഫൈനലായി നമ്മൾ പോകുന്ന പര്യടനം, ഇനിയുള്ള പരമ്പരകളിൽ കോച്ചായിട്ട് ഞാൻ ഉണ്ടാവില്ലെന്ന് കട്ടായം പറഞ്ഞു.
ഇനിയും ഇങ്ങനെ നടന്നാൽ മൂത്ത് നരക്കുമെന്നും മൂക്കിൽ മുളയ്ക്കുന്ന പല്ലിനും കൂടി കമ്പി ഇടേണ്ടി വരുമെന്ന നാട്ടുകാരുടെ കളിയാക്കലും കൂടി ആയപ്പോൾ ചന്ദ്രൻ്റെ ഉള്ളിലും ഒരു ഇൻകമിംഗ് കോൾ ഉൾവിളിയായ് പേടിപ്പെടുത്താൻ തുടങ്ങി. മാത്രമല്ല ഇപ്പോ കണ്ട പെണ്ണിന് പറയത്തക്ക കുറ്റമൊന്നും തോന്നിയതുമില്ല.
ഈ പെൺകുട്ടിയെ പറ്റി ചുറ്റുവട്ടാരത്തിൽ അധികമൊന്നും തിരക്കാൻ നിക്കണ്ട. ഇവിടെ ഉള്ള പല യുവ കോമളന്മാരും പെണ്ണ് ചോദിച്ചിട്ടും കിട്ടാത്തതിലുള്ള ദേഷ്യം അവന്മാർക്കുണ്ട്. എന്തായാലും ചന്ദ്രാ ഇത് നിനക്കുള്ള അവസരമാണ് പെണ്ണിൻ്റെ തiന്തപ്പടിക്ക് നിന്നെ ബോധിച്ചിട്ടുണ്ട്. കണാരേട്ടൻ പറഞ്ഞു നിർത്തി.
അധികം ആലോചിക്കാൻ ഇടവരുത്താതെ കിട്ടിയ അവസരത്തിന് കണാരേട്ടനും കൂട്ടരും എടുപിടിയായ് കാര്യങ്ങൾ മുന്നോട്ട് നീക്കി.ചന്ദ്രൻ്റെ മനസ്സ് മാറും മുന്നേ കല്യാണം വരെയെത്തിച്ചു കാര്യങ്ങൾ.
നിശ്ചയമൊക്കെ കഴിഞ്ഞ സ്ഥിതിക്ക് ചന്ദ്രനൊരാഗ്രഹം പെണ്ണിനെയും കൂട്ടി ഒന്ന് കറാങ്ങാൻ പോകണമെന്നൊക്കെ. അക്കൂടേ പ്രതിസുധ വധുവുമായ് മനസ്സ് തുറന്ന് സംസാരിക്കണമെന്നൊക്കെ ഒരാഗ്രഹവും നുര പൊന്തി. ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും കണാരേട്ടൻ്റെ നിർദ്ദേശ പ്രകാരം ഗുരുവായൂർ ദർശനത്തിന് പെണ്ണ് വീട്ടുകാരും വഴങ്ങി.
ഗുരുവായൂരെത്തിയതും ചന്ദ്രൻ പെണ്ണിനോട് പറഞ്ഞു നമ്മുക്ക് റൂമെടുത്ത് ഒന്ന് കുളിച്ചൊരുങ്ങി ഫ്രഷായിട്ട് തൊഴാമെന്ന്. പെണ്ണിനും എതിർപ്പൊന്നും ഉണ്ടായില്ല അക്കാര്യത്തിൽ.
ബാത്ത് റൂം അറ്റാച്ച്ഡായിട്ടുള്ള സിംഗിൾ റൂമെടുത്ത് രണ്ട് പേരും കൂടി വിശദമായി കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.
ഇത്രയും നാളായിട്ടും എനിക്കെന്താ മെബൈല് നമ്പര് തരാൻ മടിക്കുന്നത്….? ചന്ദ്രനാണ് തുടക്കം കുറിച്ചത്.
അത് പിന്നേ ചേട്ടാ എനിക്ക് സ്വന്തമായി ഫോണില്ല. അച്ഛൻ്റെ ഫോണിൽ നിന്നാണ് സംസാരിക്കുന്നത്.
ഫോണില്ലേ… അപ്പോ ഫേസ് ബുക്ക്, വാട്ട്സപ്പ് ഇതിലൊന്നുമില്ലേ….?
അയ്യോ ചേട്ടാ… അതൊന്നും എനിക്കറിയില്ല.
ചന്ദ്രൻ മനസ്സിൽ പറഞ്ഞു ഇതൊന്നുമറിയാത്ത ഒരു പാവം നാട്ടിൻ പുറത്ത് കാരി പെണ്ണിനെയാണല്ലോ എനിക്ക് കിട്ടിയത്. ഹൊ… ഞാനൊരു ഭാഗ്യവാൻ തന്നെ.പത്ത് നൂറിനടുത്ത് പെണ്ണ് കണ്ടിട്ടും ഒരുത്തീനേ പോലും മനസ്സിന് പിടിക്കാത്തതും ഇതായിരിക്കും കാരണം. ദൈവം തനിക്ക് വേണ്ടി മാത്രം കരുതി വെച്ചതാവും ഇവളെ.ചിരി ഉള്ളിലൊളിപ്പിച്ചിട്ട് ചന്ദ്രൻ തുടർന്നു.
സാരല്ലോട്ടോ…. കല്യാണം കഴിയട്ടേ… എല്ലാം ഞാൻ പഠിപ്പിച്ച് തരുന്നുണ്ട്. പറഞ്ഞ് തീർന്നതും അടച്ചിട്ട ലോഡ്ജിൻ്റെ വാതിലിൽ ആരോ മുട്ടുന്ന ഒച്ച കേട്ടതും തുറക്കാനായ് ചന്ദ്രൻ ചെന്നു.
റൂം ബോയ് ആയിരുന്നത്. ഭക്ഷണമോ മറ്റോ വേണമോന്നറിയാനായ് വന്നതാണ്. ഒന്നും വേണ്ടന്നറിയിച്ച് കതകടച്ചിട്ട് ചന്ദ്രൻ തിരിച്ചു വന്നു.
പക്ഷേ അവളിരുന്ന കട്ടിൽ ശൂന്യമായിരുന്നു. ഇവളിതെവിടെ പോയി? ഇനി ടോയ് ലെറ്റിലോ മറ്റോ പോയി കാണുമോ? സംശയ നിവാരണത്തിനായ് ചെന്നപ്പോൾ ബാത്ത് റൂമിൻ്റെ വാതിൽ തുറന്ന് കിടന്നിരുന്നു.
ചന്ദ്രന് അതിശയമായ്… ഇവളെന്താ മായയായി പോയോ…? ആലോചിച്ച് തീരും മുന്നേ കട്ടിലിനടിയിൽ നിന്നും അവൾ നിരങ്ങി പുറത്തേക്ക് വന്നു.
നീയവിടെ എന്തെടുക്കുവായിരുന്നു ഇത്രയും നേരം കിട്ടലിനടിയിൽ….??? ആശ്ചര്യത്തോടേ ചന്ദ്രൻ ചോദിച്ചു.
അത് പിന്നേ മുട്ടുന്നത് കേട്ടപ്പോൾ ഞാൻ വിചാരിച്ചത് വല്ല പോലീസു കാരും ആയിരിക്കുമെന്ന്! റെയ്ഡോ മറ്റോ ആണെന്നാ പെട്ടെന്ന് ഓർത്തത്!
എൻ്റെ കണാരേട്ടാ എന്നോടീ ചiതി വേണ്ടാര്ന്നു.വെള്ളിടി കിട്ടിയ പോലേ ചന്ദ്രൻ നിന്ന് പോയി!