മാലാഖ
എഴുത്ത്: ആർ കെ സൗപർണ്ണിക
“മരുഭൂമിയിലെ ചുട്ട് പഴുത്ത മണലിൽ നിന്ന് ആവി പറക്കും പോലെ”
ചില്ല് ഗ്ളാസിലൂടെയുള്ള കാഴ്ചകൾ കനത്ത സൂര്യതാപത്താൽ കണ്ണുകൾ പുളിപ്പിക്കുന്നു.
റൂമിൽ നിന്നും ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ… കഴിയുന്നതും ഉറങ്ങാറാണ് പതിവ്.ഇന്നെന്തോ ഉറങ്ങാനാകാതെ “രമ്യ” സീറ്റിലേക്ക് ചാരിക്കിടന്നു.
അടുത്തിരിക്കുന്ന..ബംഗ്ലാദേശി “ഷിഫാ അമിറുൽ”നല്ല ഉറക്കത്തിലാണ് ഇനിയുള്ള പന്ത്രണ്ട് മണിക്കൂറുകൾ കണ്ണടയ്ക്കാൻ പോലുമാകാത്തത്ര തിരക്ക് പിടിച്ചതാണ്.
ഫോണിലെ ചിരിക്കുന്ന മകന്റെ ഫോട്ടോ നോക്കി ഇരുന്നാൽ സമയം പോകുന്ന തറിയില്ല…കഴിഞ്ഞ പ്രാവശ്യം ലീവ് കഴിഞ്ഞ് തിരികെ വരുമ്പോൾ അവനും കൂടെ വരണമെന്ന് വാശിപിടിച്ച് കരഞ്ഞിരുന്നു.
“പാവം അവനറിയില്ലല്ലോ” കേറിക്കിടക്കാൻ നല്ലൊരു കിടപ്പാടത്തിന്വേണ്ടിയാണ് തന്റെ ഈ…. കഷ്ടപ്പാടുകളെന്ന്.
“ബിജോയ്ക്കും” തനിക്കും കിട്ടുന്ന എണ്ണിച്ചുട്ട ശമ്പളം ഒന്നിനും തികയാതെ വന്നപ്പോഴാണ്… മണലാരണ്യത്തിലേക്കുള്ള ഈ യാത്ര തുടങ്ങിയത്.
പകുതി മാത്രം പൂർത്തിയായ “വീട്ടിലേക്ക്” കേറിത്താമസിക്കാൻ തക്ക തരത്തിലാക്കാൻ ഇനിയും വേണം പല ലക്ഷങ്ങൾ.
തൊട്ടാൽ പൊള്ളുന്ന തരത്തിലാണ് സിമന്റിന്റെ വില…ഓരൊ ദിവസവും കൂടുന്ന സാധനങ്ങളുടെ വിലകാരണം വീടുപണി ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്.
അമ്മച്ചിയുടെ ആഴ്ചതോറുമുള്ള ഡയാലിസിസും…അപ്പന്റെ ആസ്തമയുടെ മരുന്നുകൾക്കുമായ് തന്നെ നല്ലൊരും സംഖ്യ വേണം.
താനയക്കുന്ന പണം ഒരു ചില്ലിക്കാശ് പോലും പാഴാക്കാറില്ല “ബിജോയ്” എങ്കിലും കണക്കുകൾ കൃത്യമായി പറയാറുണ്ട് ഫോൺ ചെയ്യുമ്പോൾ.
ഇത് കേൾക്കാനാണോ “ബിനോയ്ച്ചാ” ഞാൻ ഫോൺ ചെയ്യുന്നത്.. എനിക്കറിയാം ഒരു ചില്ലിക്കാശ് പോലും വെറുതേ കളയില്ലാന്ന്.
“അതല്ലെടീ”നീയും അറിഞ്ഞിരിക്കണമല്ലോ?നീ അവിടെ കിടന്ന് കഷ്ടപ്പെടുന്ന പണമല്ലേ?
ഇനിയും സമയമുണ്ട് ചാരിക്കിടന്നൊന്ന് മയങ്ങാൻ…കണ്ണുകളടച്ച് രമ്യ സീറ്റിലേക്ക് ചാരിക്കിടന്നു.
“ഹേയ് ഇറങ്ങുന്നില്ലേ “തമിഴ്” നാട്ടുകാരിയായ കവിതച്ചേച്ചി പുറകിൽ നിന്നും തോണ്ടി വിളിച്ചു.
“ചെറുതായ് ഒന്ന് മയങ്ങിപ്പോയ് ചേച്ചി”
വേദനയോടെ പിടയുന്ന ഇറാനി യുവാവ് കണ്ണീരിനിടയിലും.. പുഞ്ചിരിയോടെ പറഞ്ഞു..ഗുഡ്മോർണിങ്ങ് സിസ്റ്റർ”
“ഇർഷാദ് അഹമ്മദ്”ക്യാൻസർ കയറിയ ഇടത് കാൽ മുട്ടിനൊപ്പം വച്ച് മുറിച്ച് കളയേണ്ടി വന്നു… ഇന്നലെ ആയിരുന്നു ഓപ്പറേഷൻ.
ഇവിടെ എല്ലാം വേദനിക്കുന്ന കാഴ്ചകൾ മാത്രം.. അല്ലെങ്കിലും വേദനകളുടെ തറവാടണല്ലോ എന്നും ആശുപത്രികൾ.
“ഹായ് മിയക്കുട്ടീ” ഇപ്പോൾ എങ്ങനെയുണ്ട്?കുഞ്ഞു മാലാഘയെപ്പോലെ തോന്നും അവളെ കണ്ടാൽ..ചെറും പ്രായത്തിലെ കരൾ ക്യാൻസറെടുത്ത മറ്റൊരു വിധിയുടെ ബലിയാട്.
“ചായ കുടിയ്ക്കുന്നതിനിടയിൽ കവിതച്ചേച്ചി പറഞ്ഞു..യുദ്ധം ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് പറയുന്നു “രമ്യാ” അങ്ങനെയാണെങ്കിൽ നമുക്ക് പണി ഇനിയും കൂടും.
“പറഞ്ഞ് തീർന്നതും എന്തോ വലിയ പൊട്ടിത്തെറിച്ചു” എന്താണ് സംഭവിക്കുന്ന തെന്നറിയാതെ രമ്യ കണ്ണുകൾ ഇറുകെ അടച്ചു.
പൊടിയും,പുകയും പാതി മരിച്ച ആളുകളുടെ ആർത്തനാദങ്ങളും മാത്രം. “തല” എന്തോ ഭാരമുള്ളതിനടിയിലാണ് കൈകൾ കൊണ്ട് തള്ളിമാറ്റാൻ ശ്രമിച്ചു കഴിയുന്നില്ല.
“വെള്ളം… കുഴഞ്ഞ ശബ്ദത്തിൽ ആരോടെന്നില്ലാതെ രമ്യ പറഞ്ഞു.തുറന്ന കണ്ണുകളോടെ തന്നെ നോക്കി അനക്കമറ്റ് കിടക്കുന്ന “കവിതച്ചേച്ചി”
“കണ്ണുകളിൽ ഇരുട്ട് കയറും പോലെ” ബിജോയിയും,മോനും…മങ്ങിയ കാഴ്ചകൾ പോലെ.
“പെട്ടിക്കുള്ളിൽ”വെള്ളയിൽ പൊതിഞ്ഞ തന്നെ കാണാൻ ഒരു ഭംഗിയുമില്ല. തലയുടെ ഒരു ഭാഗവും മുഖവും ചതഞ്ഞ് കരുവിളിച്ച പോലെ.
ഒരുപാട് പെട്ടികൾ നിരത്തി വച്ചിരിക്കുന്നു…നടുവിലായ് “രമ്യബിജോയ്”ലഎന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയ പേപ്പർതുണ്ട് ഒട്ടിച്ച അലൂമിനിയം പെട്ടി.
ആരും അന്യേഷിക്കാനില്ലാത്ത പോലെ അനാദമായ കുറെ ശവപ്പെട്ടികൾ.
കൃഷിക്കാരയും,പട്ടാളക്കാരയും കുറിച്ച് എഴുതാനും,പറയാനും മാത്രം.. ഒരു പാടാളുൾ…ഒരാനുകൂല്യങ്ങളും ഇല്ലാത്ത.. കുറെ മാലാഘമാർ.
എഴുത്ത് കാരും,കലാകാരന്മാരും, സാംസ്കാരിക നായകരും….. “മെയ് പന്ത്രണ്ടിന്” മാത്രം ഓർക്കുന്ന സോഷ്യൽ മീഡിയയിലെ തള്ളുകാരും അങ്ങനെ പോകുന്നു സ്വാർത്ഥരുടെ നീണ്ട നിര.
എയർപോട്ടിലെ വലിയ ടീവിയിൽ മരണപ്പെട്ടവരുടെ ഫോട്ടോയും വിവരങ്ങളും.. വച്ചാഘോഷിക്കുന്ന ചാനലുകാർ.
“അയ്യോ” അത് ബിനോയ്ച്ചായനല്ലേ?കരഞ്ഞ് തളർന്നു കൂടെ അമ്മച്ചിയും, അപ്പച്ചനും..ഒന്നും മനസ്സിലാകാത്ത പോലെ… തന്റെ പൊന്നോമന “മോൻ” മിഴിച്ച് നോക്കുന്നു.
അവനറിയില്ലല്ലോ കളിപ്പാട്ടങ്ങളും, മിഠായി ടിന്നുകളുമായ് അവന്റമ്മ ഇനിയൊരിക്കലും വരില്ലെന്ന്.
അന്യരാജ്യങ്ങളിൽ കഷ്ടപ്പെട്ടയക്കുന്ന പണം…നാടിന്റെ വിലമതിക്കാനാകാത്ത സമ്പത്താണ് എന്ന് വലിയമവായിലെ സംസാരിച്ചവരെ ഒന്നും എവിടെയും കാണാനില്ല.
“ജോലി ചെയ്ത നാടിന്റെ ഭരണതലവൻമാർ തരുന്ന ബഹുമാനത്തിന്റെ ഒരംശം പോലും ജന്മനാട്ടിലെ ഒരു ഭരണാധികാരികളും കാട്ടാറില്ല”
ജീവനറ്റ ശരീരങ്ങൾ ഇനി അവർക്കെന്തിന്?പണം കായ്ക്കുന്ന പുതു വൃക്ഷ ങ്ങളിലാകും അവരുടെ കണ്ണുകൾ.
ഈ രാജ്യത്ത് ജനിയ്ക്കാതെ പോയതിൽ ദു:ഖം തോന്നാറുണ്ട് പലപ്പോഴും…
ബഹുമാനിയ്ക്കാൻ അറിയുന്ന ജനങ്ങളും,ഭരണാധികാരികളും.
“ദൈവത്തിന്റെ” സ്വന്തം നാട്ടിലേക്ക് പൊകാം…
തന്റെ ജീവനറ്റ ശരീരം ഏറ്റുവാങ്ങാൻ വന്നത് വളരെ കുറച്ചാളുകൾ…. ബിജോ യിയും, അടുത്ത കുറച്ച് ബന്ധുക്കളും മാത്രം.
പകുതി പണികഴിഞ്ഞ വീട്ടിലെ പഴയ തടിഡസ്കിലേക്ക് തന്റെ ശരീരം ഇറക്കിവച്ചത് “രമ്യ” സൂക്ഷിച്ച് നോക്കി.
പെട്ടി തുറന്നതും ശരീരം അഴുകാതിരിക്കാൻ അടിച്ച അണുനാശിനിയുടെ ഗന്ധം മൂക്കിലേക്ക് തുളഞ്ഞ് കയറി.
അലമുറയോടെ “അമ്മച്ചി” തന്റെ ശരീരത്തിലേക്ക് വീണ്കിടന്നു കരയുന്നതിനൊപ്പം പറയുന്നുണ്ട്.
എന്നാലും എന്റെ കുഞ്ഞിന് ഈ വീട്ടിലൊന്ന് കയറി താമസിക്കാൻ കഴിയും മുന്നേ നീ വിളിച്ചല്ലോ കർത്താവേ…
നെഞ്ച് പൊട്ടുന്ന വേദനയോടെ “ബിനോയ്ച്ചായനും,അപ്പച്ചനും” കരച്ചിലടക്കാൻ പാട് പെട്ട് നിൽക്കുന്നു.
“ലിബിൻ” തന്റെ പൊന്നോമന മുറ്റത്ത് ഓടിക്കളിയ്ക്കുന്നു..അമ്മയെ കാണെണ്ടേ പൊന്നുമോനെ എന്ന അമ്മച്ചിയുടെ ചോദ്യത്തിന്….”അമ്മച്ചി അങ്ങ് ഇസ്രേയിലാ പിന്നെങ്ങനെയാ കാണുന്നെ” എന്ന നിഷ്കളങ്കമായ പുഞ്ചിരിയോടെയുള്ള മറുപടി കൂടി നിൽക്കുന്നവരെയെല്ലാം കരയിച്ചു.
പള്ളിമുറ്റത്തേക്കുള്ള യാത്രയിൽ പൊട്ടിക്കരച്ചിലോടെ നാട് മുഴുവൻ അനുഗമിച്ചു. പലരും കണ്ണുനീർ ഉടുമുണ്ടിൽ ഇടയ്ക്കിടെ തുടയ്ക്കുന്നുണ്ട്.
ഞാൻ പിന്നേയും തിരിഞ്ഞു നോക്കി അവരെ മാത്രം ഇനിയും കണ്ടില്ല.
എന്നെ പ്രജയായ് ഭരിക്കുന്നവരെ എന്റെ വിയർപ്പിന്റെ പങ്ക്പറ്റി സുഖ ലോലുപരായി കഴിയുന്നവരെ.
അല്ലെങ്കിൽ അവരെന്തിന് വരണം? ജീവനുള്ള കൈപ്പത്തികളും ചൂണ്ട് വിരലുകളുമാണല്ലോ അവർക്കാവശ്യം.
എന്റെ സമയം കഴിഞ്ഞിരിക്കുന്നു.. ആകാശത്തേക്ക് ആവിയായ് പറന്നുയരുന്നതിനിടയിൽ ഞാൻ ഒരിയ്ക്കൽ കൂടി തിരിഞ്ഞ് നോക്കി.
അവിടെ എന്റെ യജമാനർ ഏന്ന് നടിയ്ക്കുന്നവർ…ബാനറുകളും ബോർഡു കളുമെഴുതുന്ന തിരക്കിലായിരുന്നു.
വടിവൊത്ത അക്ഷരങ്ങളിലവർ എഴുതി “മാലാഘമാർ മരിയ്ക്കുന്നില്ല”…!