നാത്തൂൻ
Story written by NIVYA VARGHESE
“ഞാനിന്നു വന്നാലും വൈകീട്ട് തന്നെ ഇങ്ങോട്ട് തിരിച്ചു വരണ്ടേ…. നാളെ ഇവിടെത്തെ അപ്പാപ്പൻ്റെ ആണ്ടല്ലേ. അതാ ഞാൻ അടുത്തയാഴ്ച്ച വരാന്ന് പറഞ്ഞേ….അതാവുമ്പോ എനിക്ക് രണ്ടൂസം അവിടെ നിൽക്കാല്ലോ “
” നീയെന്നാ എപ്പോഴാന്ന് വെച്ചാ നിൻ്റെ സൗകര്യം പോലെ വാ…ഇനി വാന്ന് പറഞ്ഞ് ഞാൻ വിളിക്കുന്നില്ല. പിന്നെ അവിടെ ചേച്ചിമാര് എല്ലാവരും വന്നോ…?…”
” മമ്മിക്ക് എന്താ….മേഴ്സി ചേച്ചി വന്നിട്ടുണ്ട്. എറണാകുളത്ത് നിന്ന് മേരി ചേച്ചി ഒന്നും വരില്ലാന്ന് പറഞ്ഞേ. “
” അതെന്താ മേരി വരാത്തേ….?… “
” എന്താ കാര്യം ന്ന് എനിക്ക് അറിഞ്ഞൂടാ….ആരൊക്കെ വന്നൂന്ന് നാളെ പള്ളി കഴിഞ്ഞ് ഇറങ്ങുമ്പോ അറിയാം.”
” അവിടെ ആരെങ്കിലും കേൾക്കൂട്ടോ ജെസിയെ നീ ഈ പറയുന്നതൊക്കെ… “
” അമ്മച്ചിയൊന്നും ഇവിടെ ഇല്ല. അതല്ലേ ഞാൻ ധൈര്യായിട്ട് പറയുന്നേ.”
” അവരൊക്കെ എവിടെ പോയി….?…. “
” അമ്മച്ചിയും ചേച്ചിയും കൂടി പാടത്തേക്ക് പോയി. “
” നീ ഏത് സാരിയാ ഉടുക്കുന്നേ നാളെ പള്ളിയില് പോവുമ്പോ………?”
” ആ പച്ചസാരി മതില്ലേ മമ്മി. “
” ഏത് പച്ച….?…. “
” കഴിഞ്ഞ വട്ടം ചേട്ടായി വന്നിട്ട് നമ്മള് പോയി എടുത്തത്. പച്ചയിൽ കറുത്ത പൂക്കളൊക്കെ ഉള്ളത്. അതേ മമ്മി അമ്മച്ചി വന്നൂന്ന് തോന്ന്ണ്ട്. ഞാൻ പിന്നെ വിളിക്കാം.”
അതും പറഞ്ഞ് മമ്മിയുമായുള്ള ഫോൺ സംഭാഷണം അവസാനിപ്പിച്ച് ജെസി പതിയെ ചെന്ന് ഡോർ തുറന്നു.
വിഷാദം നിറഞ്ഞ മുഖഭാവത്തോടെ പ്രകാശം നിറഞ്ഞ കണ്ണുകളുള്ള ഒരു കുട്ടിയെ കൈ പിടിച്ചു നിൽക്കുന്ന ഒരു സ്ത്രീയെയാണ് ഡോർ തുറന്ന ജെസികണ്ടത്.
എവിടെയോ നല്ല കണ്ടു പരിചയമുള്ള മുഖം പോലെ ജെസ്സിക്ക് തോന്നിയെങ്കിലും അതു കാര്യമാക്കാതെ ജെസ്സി ചോദിച്ചു.
” ആരാ…..?.….”
“അമ്മച്ചിയില്ലേ….?.… “
വളരെ പതിഞ്ഞ സ്വരത്തിൽ ആ സ്ത്രീ രൂപം ചോദിച്ചു.
” എന്തിനാ അമ്മച്ചിനെ കാണുന്നേ….? നിങ്ങളാരാ…..?…. “
”ഞാൻ…ഞാൻ നിൻ്റെ നാത്തൂനാ…. “
ആ സ്ത്രീയുടെ മറുപടി കേട്ട് ഒരു നിമിഷത്തേക്ക് ഒന്നു ഞെട്ടിയെങ്കിലും ആ ഞെട്ടൽ പുറത്തു കാണിക്കാതെ ജെസ്സി പറഞ്ഞു.
“എനിക്കാകെ രണ്ടു നാത്തൂൻമാരേയുള്ളൂ. ഇങ്ങനെ ഒരു നാത്തൂനേ ഞാൻ അറിയില്ല.”
“ഞാൻ അന്തോണീടെ രണ്ടാമത്തെ ചേച്ചിയാ മിനി. ഞാനൊന്നു അകത്തേക്കു കടക്കട്ടെ. ബാക്കിയൊക്കെ പിന്നെ പറയാം.”
” പറയുന്നത് കൊണ്ടൊന്നും തോന്നരുത്. എനിക്ക് നിങ്ങളെ അറിയില്ല. ഇവിടെ ഇപ്പോ ആകെ ഞാൻ മാത്രേ ഉള്ളൂ. ഇച്ചായനും അമ്മച്ചിയുമൊക്കെ പുറത്തു പോയിരിക്കാ…അതു കൊണ്ട് ചേച്ചിയായാലും ശരി അനിയത്തിയാലും ശരി അകത്തേക്കു കയറാൻ പറ്റില്ല. ”
വളരെ സൗമ്യമായി ഇത്രയും പറഞ്ഞ് ജെസി ഡോറിന് കുറുകെ നിന്നു.
ഉച്ച നേരമായിട്ടു കൂടി മതിലിൻ്റെ അപ്പുറത്തു നിന്നു ഇപ്പുറത്തു നിന്നുമായി ഒരുപാട് തലകൾ ജെസിയുടെ പ്രവൃത്തിയെ എത്തി നോക്കുന്നുണ്ടായിരുന്നു.
ഇതേസമയം ജെസിയുടെ മനസിൽ ഒരായിരം ചിന്തകൾ ദിശയറിയാതെ പറന്നു നടക്കുന്ന നൂലറ്റ പട്ടം പോലെ പറന്നു നടക്കുകയായിരുന്നു.
””ഇതായിരിക്കോ ഇവിടെ എല്ലാവരും പറയുന്ന കല്യാണത്തിന് നാലൂസം മുൻപ് ഒളിച്ചോടി പോയിന്ന് പറയുന്ന മിനിയേച്ചി……? അങ്ങനെയാണെങ്കിൽ ഇച്ചായൻ വന്നാ ഇവിടെ ഇന്ന് കൊല നടക്കൂല്ലോ…എൻ്റെ ഈശോയേ……ഞാനിപ്പോ എന്താ ചെയ്യാ….?. ഇച്ചായനെ വിളിച്ച് പറഞ്ഞാല്ലോ…..? അല്ലെങ്കിൽ വേണ്ട ഇച്ചായനെ എങ്ങാനും ഇങ്ങോട്ടു വന്നാ ചിലപ്പോ എല്ലാം കൈയ്യീന്ന് പോവും. എന്തായാലും അമ്മച്ചി വരട്ടെ…എന്നിട്ട് തീരുമാനിക്കാം എന്താ വേണ്ടെന്ന്….””
ഇങ്ങനെ ഓരോന്ന് ആലോചിച്ച് ജെസ്സി ചുറ്റും നോക്കി നിൽക്കുന്ന നേരത്താണ് ആരോ പറഞ്ഞ് അറിഞ്ഞ് അമ്മച്ചിയും മേഴ്സി നാത്തൂനും കൂടി ഓടി വരുന്നത് ജെസി കണ്ടത്. അമ്മച്ചി വരുന്നത് കണ്ടതും ജെസിക്ക് സമാധാനമായി.
ഓടി പിടഞ്ഞെത്തിയ അമ്മച്ചി കണ്ടത് ചാരുപടിയിൽ ഒരു കുഞ്ഞുമായിരിക്കുന്ന സ്വന്തം മകളെയും അവര് അകത്തേയ്ക്കു പ്രവേശിപ്പിക്കാതെ വട്ടം നിൽക്കുന്ന മരുമകളെയുമാണ്.
ഒരുപാട് വർഷങ്ങൾക്കു ശേഷം സ്വന്തം മകളെ കണ്ടതും സന്തോഷമാണോ നൊമ്പരമാണോ ഇനിയെന്തു ചെയ്യണമെന്നറിയാത്ത അമ്പരപ്പോ അങ്ങനെ എന്തൊക്കെയോ ഭാവങ്ങളാൽ തിരിച്ചയാനാവാത്ത വിധം ആ കണ്ണുകൾ നിറഞ്ഞിരുന്നു. ഏകദേശം അതേ അവസ്ഥയിൽ തന്നെയായിരുന്നു അമ്മച്ചിയ്ക്ക ഒപ്പം വന്ന മേഴ്സിയും.
” ജെസിമോളെ…..ഇതു നമ്മുടെ അന്തോണീടെ രണ്ടാമത്തെ ചേച്ചിയാണ് മിനി……!…”
അതും പറഞ്ഞ് അമ്മച്ചി മിനിയെ ജെസിയ്ക്ക പരിചയപ്പെടുത്തി. ചേച്ചിയെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് ഒരക്ഷരം പോലും പറയാതെ അവർക്ക് സംസാരിക്കാൻ അവസരം നൽകി കൊണ്ടെന്ന പോലെ കൊണ്ട് ജെസി അകത്തേക്ക് കയറിപോയി.
റൂമിലെത്തിയ ജെസി അവളുടെ ഇച്ചായൻ്റെ നമ്പറിലേക്ക് രണ്ടു മൂന്നു പ്രാവശ്യം വിളിച്ചെങ്കിലും ഓഫീസ് തിരക്കുകൾക്കിടയിൽപ്പെട്ട അവനാ വിളികൾക്കൊന്നും പ്രതികരിച്ചില്ല.
മുറ്റത്തു നിന്നുള്ള കരച്ചിലിൻ്റെ ചീളുകളും മൂത്ത ചേച്ചി വന്നപ്പോഴുള്ള കുറ്റപ്പെടുത്തലുകളും ആശ്വാസവാക്കുകളുമെല്ലാം കേട്ടെങ്കിലും അതൊന്നും തന്നെ ബാധിക്കുന്ന വിഷയമേ അല്ലെന്ന വിധത്തിൽ കണ്ണടച്ചു വെറുതേ റൂമിലെ ബെഡിലിരുന്നു കൈയിൽ കിട്ടിയ മാസികയിലെ താളുകളിലേക്ക് ശ്രദ്ധയെ പതിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്തുകൊണ്ട് ജെസിയ്ക്ക അതിന് കഴിഞ്ഞില്ല.
വിവാഹം കഴിഞ്ഞു വന്ന നാളുകളിലൊന്നിൽ മിനിചേച്ചിയെ പറ്റി മേഴ്സി നാത്തൂൻ പറഞ്ഞു കേട്ട അറിവു വെച്ചു ഇച്ചായനോട് അതേ പറ്റി ചോദിച്ചപ്പോ അവൻ പറഞ്ഞ വാക്കുകളായിരുന്നു അവൾടെ മനസു നിറയെ.
“” ഞങ്ങടെ കുടുംബത്തിൻ്റെ മാനം നശിപ്പിച്ച് നാലാളുടെ മുൻപിൽ തലയുയർത്തി നിൽക്കാൻ പറ്റാത്ത വിധം നാണം കെടുത്തി കണ്ടവൻ്റെ കൂടെ ഇറങ്ങി പോയ അവളോട് ഇവിടെ ആരൊക്കെ ക്ഷമിച്ചാലും പൊറുത്താലും ശരി. ഈ ജന്മത്ത് എനിക്ക് അവളോട് ക്ഷമിക്കാനോ പൊറുക്കാനോ കഴിയില്ല. അങ്ങനെയൊരു ചേച്ചിയെ ഇനി എനിക്കു വേണ്ട. അവളെ ഈ വീടിൻ്റെ മുറ്റത്തു പോലും ഞാൻ കയറ്റത്തില്ല. “
എന്നും പറഞ്ഞ് ദേഷ്യപ്പെട്ട് റൂമിലിൽ നിന്ന് കാറിൻ്റെ കീയുമെടുത്ത് ഇറങ്ങി പോയ ഇച്ചായൻ ഇവിടെ ചേച്ചി വന്നൂന്ന് അറിഞ്ഞാലുള്ള പ്രതികരണത്തെ കുറിച്ച് ആലോചിച്ചു നിൽക്കുന്ന നേരത്താണ് പെട്ടെന്ന് എന്തോ ശബ്ദം കേട്ടത്.
എന്താ ശബ്ദം ന്ന് അറിയാൻ വേണ്ടി റൂമിനു പുറത്തേക്കു വന്ന ജെസി കാണുന്നത് ആരോടുള്ള ദേഷ്യം തീർക്കുന്ന പോലെ അമ്മച്ചിയെയും മേഴ്സി നാത്തൂനെയും അകത്തേക്ക് പിടിച്ചു കയറ്റി ദാക്ഷിണ്യമില്ലാതെ മിനിയേച്ചിക്ക് മുന്നിൽ ഡോർ വലിച്ചടയ്ക്കുന്ന അപ്പച്ചനെയാണ്.
അമ്മച്ചിയും ചേച്ചിയും കരഞ്ഞുകൊണ്ട് എന്തൊക്കെയോ ഇച്ചായനോട് പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാതെ ഡോർ വലിച്ചടച്ചു തിരിഞ്ഞ അപ്പച്ചൻ അവരോട് മിനിചേച്ചി കേൾക്കാനെന്നപ്പോലെ ആകെ ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ.
” കുറേ വർഷങ്ങൾക്കു മുൻപ്……ഇവളെ അകമഴിഞ്ഞു സ്നേഹിച്ച നമ്മളെ എല്ലാം മറന്നു ഏതോ ഒരുത്തൻ്റെ കൂടെ അല്ല എൻ്റെ സ്വന്തം അനിയൻ്റെ മോനൊപ്പം ഒളിച്ചോടി പോയി കല്യാണം കഴിച്ചൂ കുടുംബത്തിൻ്റെ മാനവും അന്തസും കളഞ്ഞതാ അവൾ. ഒരേ തറവാട്ടിലെ രക്തത്തിൽ പിറന്ന പേരക്കുട്ടികൾ തമ്മിൽ ഒന്നിച്ചു ജീവിച്ചു തുടങ്ങിയെന്ന് അറിഞ്ഞ് ഹൃദയം തകർന്ന് മരിച്ചു ഒരു മനുഷ്യനുണ്ടായിരുന്നു ഇവിടെ എൻ്റെ അപ്പൻ………!……
ഈ പുന്നാര മോളോട് ക്ഷമിച്ച് എൻ്റെ അപ്പനോട് നീതികേട് കാണിക്കാൻ എനിക്കു ജീവനുള്ള കാലത്തോളം ഞാൻ സമ്മതിക്കില്ല. ഇവളെ ഈ വീടിൻ്റെ അകത്തേക്ക് കയറ്റാൻ ഞാൻ സമ്മതിക്കില്ല. എനിക്ക് അത് ഇഷ്ടമല്ല.
എൻ്റെ വാക്കു മറികടന്ന് അവൾടെ സങ്കടം കേട്ട് കൂടെ പോകുന്നവർക്ക് പോകാം…, ആശ്വസിപ്പിക്കാം…അങ്ങനെ പോകുന്നത് ആരായാലും ശരി ആ നിമിഷം ഞാൻ അവരുമായുള്ള എല്ലാം ബന്ധവും അവസാനിപ്പിക്കും.”
” അപ്പച്ചാ……..മിനിചേച്ചി പാവം……..!…… “
” വേണ്ട മേഴ്സി വെറുതേ നീ അവൾക്ക് വേണ്ടി വക്കാലത്തു പറയണ്ട. എനിക്കാകെ മൂന്ന് മക്കളെ ഉള്ളൂ. എൻ്റെ രണ്ടാമത്തെ മോള് കുറേ വർഷങ്ങൾക്ക് മുന്നേ മരിച്ചു. അങ്ങനെ വിശ്വസിക്കാനാ എനിക്ക് ഇഷ്ടം. അതു മാറ്റാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
എല്ലാവരും പറയും കാലം മായ്ക്കാത്ത മുറിവുകളില്ല…, ക്ഷമിക്കണംന്ന് ഒക്കെ…അതൊക്കെ വാക്കുകളായിട്ട് പറയാൻ എളുപ്പമാണ്. . ഹൃദയത്തിൽ തട്ടി നടപ്പിലാക്കാൻ കുറച്ച് പ്രയാസാ……
അത്ര കണ്ടു സ്നേഹിച്ചു വളർത്തിയ മകള് ഒളിച്ചോടി വിവാഹം കഴിച്ച് കുറേ നാളു കഴിഞ്ഞ ഒരു കുഞ്ഞുമായി എത്തുമ്പോ എല്ലാം മറന്നും ക്ഷമിച്ചു കൈപ്പിടിച്ചു കയറ്റുന്നവരുണ്ടാകും. അങ്ങനെ ചെയ്യാൻ എന്നെ അതിനു കിട്ടില്ല.
ഞാൻ മരിച്ചാ എൻ്റെ ആത്മാവ് പോലും അവളോട് ക്ഷമിക്കില്ല…അത്രയ്ക്കുണ്ട് അവള് ഈകുടുംബത്തിന് വരുത്തിവെച്ച അപമാനം
ഞാൻ ക്ഷമിച്ചാലും ഈ ജന്മത്ത് അന്തോണിയ്ക്ക അവളോടു ക്ഷമിക്കാൻ കഴിയില്ല. അത്രയ്ക്കും അവള് അവനെ നൊമ്പരപ്പെടുത്തിണ്ട്. അത്രയ്ക്ക ഇഷ്ടായിരുന്നു അവളെ അവന്. പഴയതൊന്നും ആരും ഓർമിപ്പിക്കണ്ട.
അവള് പോയ അന്നു പറഞ്ഞതേ എനിക്ക് ഇന്നും പറയാനുള്ളൂ……ഇന്നേക്ക് പത്തു കൊല്ലം മുൻപേ അവള് മരിച്ചു.
പിന്നെ അന്തോണി വരുമ്പോ ആരും ഇതൊന്നും എഴുന്നുളളിക്കാൻ നിൽക്കണ്ട.
നേരോം കാലോം നോക്കി ഞാൻ പറഞ്ഞോളാം അവനോട്.
ജെസി മോളോടും കൂടിയാ പറഞ്ഞേ… ”
അതും പറഞ്ഞ് നടന്നു പോകുന്ന അപ്പച്ചനെയും ഇതല്ലാം കേട്ട് ചേച്ചിയുടെ തോളിൽ മുഖമർത്തി കരയുന്ന അമ്മച്ചിയെയും…അമ്മച്ചിയെ ആശ്വസിപ്പിക്കുന്ന ചേച്ചിയെയും എല്ലാവരെയും മാറി മാറി നോക്കുന്ന ജെസിയെയും നോക്കി കൊണ്ട് എല്ലാവരും സ്നേഹത്തോടെ ചേർന്നു നിന്ന ചുമരിലെ പഴയ കുടുംബ ഫോട്ടം മാത്രം വെളുക്കനെ ചിരിച്ചു…