ചില്ല് കൂട്ടിൽ അടച്ചു വച്ചിരുന്ന പലഹാരങ്ങളിലേയ്ക്ക് അവൻ കൊതിയോടെ നോക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് എതിരെ ഒരു ചേട്ടൻ…….

Story written by Rosily Joseph

വള്ളി ട്രൗസറുമിട്ടു കൂട്ട് കൂടി കളിക്കുന്ന പ്രായം. അവനൊപ്പം ധാരാളം കുട്ടികൾ വേറെയുമുണ്ടായിരുന്നു. രാജു എന്ന വിളി കേട്ടാണ് കൂട്ടത്തിൽ ഒരുവൻ തല ഉയർത്തിയത്.

“നീ പോയി ഈ പൈസക്ക് ഒരു കാജ ബീഡിയും രണ്ട് മിട്ടായിയും വാങ്ങി കൊണ്ട് വാ.. “

രമേശേട്ടന് പറയേണ്ട താമസം മറുത്തൊന്നും പറയാതെ രാജു കടയിലെയ്‌ക്കോടി.

ചില്ല് കൂട്ടിൽ അടച്ചു വച്ചിരുന്ന പലഹാരങ്ങളിലേയ്ക്ക് അവൻ കൊതിയോടെ നോക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് എതിരെ ഒരു ചേട്ടൻ വന്നു കണ്ണാടി കൂട്ടിലിരിക്കുന്ന കേക്ക് വേണമെന്ന് പറയുന്നത്. അവൻ അയാളെ തന്നെ നോക്കി നിന്നു

“ഒരെണ്ണം എനിക്കും.. “മനസ്സിൽ കൊതിയോടെ അവൻ പറഞ്ഞു കൊണ്ടിരുന്നു

പൈസയും കൊടുത്തു കേക്കും വാങ്ങി പോകുന്ന അയാളെ കൺ ചിമ്മാതെ നോക്കി നിൽക്കുമ്പോഴാണ് കടക്കാരന്റെ ശബ്ദം അവന്റെ കാതുകളെ തുളചെത്തിയത്

“ആ നിനക്കെന്താ വേണ്ടത്.. “

അവൻ കണ്ണാടി കൂട്ടിൽ മുറിച്ചു വച്ചിരിക്കുന്ന കേക്കിലേയ്ക്ക് കയ്യ് ചൂണ്ടി

“അഞ്ചു രൂപയാവും. “

അവൻ കയ്യിലിരുന്ന അഞ്ചു രൂപയുടെ തുട്ട് കടക്കാരനു നേരെ നീട്ടുമ്പോൾ മറുത്തൊന്നും അവന്റെ മനസ്സിൽ തോന്നിയില്ല

“നിന്നോട് ഇത് വാങ്ങി കൊണ്ട് വരാനാണോ പറഞ്ഞത്. ഇത് തിരിച്ചു കൊണ്ട് പോയി കൊടുത്തിട്ട് ഞാൻ പറഞ്ഞത് വാങ്ങി കൊണ്ട് വാടാ.. “

രാജുവിന്റെ കയ്യിലിരുന്ന കേക്ക് കണ്ടതും ഒരു ദയയുമില്ലാതെ രമേശൻ അവനെ പിടിച്ചു മുന്പോട്ട് തള്ളി

അവൻ ധൃതിയിൽ കടയിലേക്കോടി

“ചേട്ടാ.. “

“മ്മ് എന്താ ..? “

“അവൻ കയ്യിലിരുന്ന കേക്ക് മനസ്സില്ലാ മനസോടെ കടക്കാരന് നേരെ നീട്ടി “

“എനിക്കിതു വേണ്ട ബീഡി മതി “

“വാങ്ങികൊണ്ടുപോയ സാധനം ഇവിടെ തിരിച്ചെടുക്കില്ല “

“അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.അതുകണ്ടു അരിശത്തോടെ കടക്കാരൻ പറഞ്ഞു

“നാശം അതിങ്ങു താ..”

അയാളാ കേക്ക് വാങ്ങി കണ്ണാടി കൂട്ടിലേക്ക് തിരികെ വയ്ക്കുമ്പോൾ അവന്റെ മനസ്സ് വല്ലാതെ കരഞ്ഞു. കയ്യിൽ വന്നു ചേർന്നിട്ടും തിന്നാൻ ഭാഗ്യം ഇല്ലാതെയായി പോയല്ലോ..

” ഈ ഒരു തവണത്തേയ്ക്ക് മാത്രമേ ഉള്ളു കേട്ടോ ഇങ്ങനെ, ഇനി ഇത് അവർത്തിച്ചേക്കരുത് “

കടക്കാരന്റെ ശബ്ദം കേട്ട് അവൻ കണ്ണുകൾ തുടച് സന്തോഷത്തോടെ തലയാട്ടി

അയാൾ നൽകിയ ബീഡിയും മിട്ടായിയും കയ്യിൽ മുറുകെ പിടിച്ചു രമേശേട്ടന്റെ അടുത്തേയ്ക്ക് ഓടി പിടഞ്ഞെത്തുമ്പോൾ നന്നേ തളർന്നു പോയിരുന്നു അവൻ

ഡാ..

എന്തോ..

“ഇന്നാ ഇത് നീ എടുത്തോ ..”

പിന്നിൽ രമേശേട്ടൻ നീട്ടിയ വർണ്ണ കടലാസ്സിൽ പൊതിഞ്ഞ മിട്ടായികൾ കണ്ടതും അവന്റെ നിറഞ്ഞ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി

(ആഗ്രഹിച്ചത് സ്വന്തമാക്കാൻ ആയില്ലെങ്കിലും ചില നേരത്തു പ്രതീക്ഷിക്കാതെ ചിലതൊക്കെ വന്ന് ചേരുമ്പോൾ ആദ്യത്തെ സങ്കടം ആ സന്തോഷത്തിന്റെ ഇടയിലങ് മറക്കും അതാണ് നമ്മുടെ ഒക്കെ ബാല്യം )

ഒരു ബാല്യകാലസ്മരണ #

Related Posts

Leave a Reply

Your email address will not be published. Required fields are marked *