മഴയും അരവിന്ദനും
Story written by Nisha L
“ഹോ.. എന്തൊരു നശിച്ച മഴ.. !!
എല്ലാത്തിനെയും കൊന്നൊടുക്കിയിട്ടേ പോകൂ ഈ നാശം… “!!
അരവിന്ദൻ ദേഷ്യത്തോടെ പിറുപിറുത്തുകൊണ്ട് ഉമ്മറത്തെ കസേരയിൽ ചാഞ്ഞിരുന്നു..
ഫോൺ എടുത്തു നോക്കിയപ്പോൾ എല്ലായിടത്തും മഴ പോസ്റ്റുകൾ മാത്രം..
മഴ,, പ്രണയം,, കട്ടൻചായ.. പോസ്റ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു ഫേസ്ബുക്ക്… !!
മണ്ണിടിച്ചിൽ,, വെള്ളപ്പൊക്ക ഭീഷണി ഒന്നും ഇല്ലാത്തവർക്ക് ഇതുപോലുള്ള പോസ്റ്റുകൾ എഴുതിയിട്ട് സുഖമായി ഇരിക്കാം.
പക്ഷേ അങ്ങനെയല്ലാത്ത ഒരു ജന വിഭാഗം കൂടി ഇവിടുണ്ടെന്നു ഇവർ ഓർക്കാതെ പോകുന്നതെന്താണാവോ.. !!
മഴ പെയ്താൽ കയറിക്കിടക്കാൻ ഇടമില്ലാത്തവർ,, മലഞ്ചെരുവിലും,, വെള്ളം കയറുന്നിടത്തും താമസിക്കുന്നവർ,, രണ്ടു ദിവസം അടുപ്പിച്ചു മഴ പെയ്താൽ പട്ടിണി ആകുന്നവർ… ഇവർക്കൊക്കെ മഴ ഒരു പേടിസ്വപ്നമാണ്.. !!
അവൻ ചിന്തിച്ചു.
ചിലർക്ക് മഴ പ്രണയമാണ്,, ചിലർക്ക് ദുരിതമാണ്,, ചിലർക്ക് ദുരന്തവും…!!
മഴ തനിക്ക് എന്തായിരുന്നു…??? തീർച്ചയായും ദുരന്തം തന്നെയായിരുന്നു…!!
അരവിന്ദന്റെ ഓർമ്മകൾ വർഷങ്ങൾക്ക് പിന്നിലേക്ക് പോയി…
അന്നൊരു ദിവസം..
താൻ വല്യമ്മയുടെ വീട്ടിൽ പോയ നാൾ….
വല്യമ്മ ഒറ്റയ്ക്കാണ് താമസം. വിവാഹം കഴിച്ചിട്ടില്ല. സ്കൂൾ ടീച്ചറായിരുന്നു വല്യമ്മ. ശനിയാഴ്ച സ്കൂൾ അവധി ആയതുകൊണ്ട് വല്യമ്മ തന്നെ കൂട്ടിക്കൊണ്ടു പോയതായിരുന്നു.. മിക്കവാറും ആഴ്ചാവസാനങ്ങളിൽ താൻ വല്യമ്മയുടെ വീട്ടിലാണ്… ഒറ്റയ്ക്ക് താമസിക്കുന്ന വല്യമ്മയ്ക്ക് താനൊരു ആശ്വാസമായിരുന്നു… !!
വല്യമ്മയോടൊപ്പം പോയ അന്നു വൈകുന്നേരം മുതൽ ആർത്തലച്ച് പെയ്ത മഴ പിന്നെയൊരു പേമാരിയായി മാറിയത് പെട്ടെന്നായിരുന്നു… !!
കുത്തിയൊലിച്ചു പെയ്ത മഴയിൽ പ്രകൃതിയുടെ താളം നഷ്ടപ്പെട്ടപ്പോൾ ഓർക്കാപ്പുറത്തായിരുന്നു ഉരുൾ പൊട്ടിയത്… !!
അർദ്ധ രാത്രിയിൽ എപ്പോഴോ ഉണ്ടായ ഉരുൾ പൊട്ടലിൽ തന്റെ വീടുൾപ്പെടെ ഒലിച്ചു പോയി… വീട്ടിൽ ഉറങ്ങി കിടന്ന അച്ഛനും അമ്മയും ചേച്ചിയും ഒരടയാളം പോലും അവശേഷിപ്പിക്കാതെ വീടിനൊപ്പം ഒലിച്ചു പോയി…
പിറ്റേന്ന് വിവരമറിഞ്ഞു അലറി നിലവിളിച്ചു കരയുന്ന വല്യമ്മയോടൊപ്പം ഒന്നും മനസിലാകാതെ ഓടി വന്നപ്പോൾ തങ്ങളുടെ വീട് കാണുന്നില്ല…ഒരു നിമിഷം ഇത് താൻ താമസിച്ചിരുന്ന സ്ഥലമാണോ എന്ന് പോലും സംശയിച്ചു….പിന്നെയാണ് തങ്ങളുടെ നാട്ടുകാരെ ശ്രദ്ധിക്കുന്നതും,, കൂട്ടത്തിൽ എവിടെയും തന്റെ അച്ഛൻ,, അമ്മ,, ചേച്ചി ആരുമില്ല എന്ന് തിരിച്ചറിഞ്ഞതും….
അപ്പോൾ മാതാപിതാക്കളെ കാണണമെന്നു പറഞ്ഞു ഏങ്ങി കരഞ്ഞ തന്നെ ചേർത്ത് പിടിച്ച് “അവരിനി ഇല്ല മോനെ… “!! എന്ന് വല്യമ്മ നെഞ്ചു പൊട്ടി കരഞ്ഞതും ഒരു മങ്ങിയ ചിത്രം പോലെ ഓർമ്മയിലുണ്ട്…
പിന്നീട് ആരൊക്കെയോ പറയുന്നത് കേട്ടപ്പോൾ മനസിലായി തങ്ങളുടെ വീടുൾപ്പെടെ മൂന്നു വീടുകൾ കൂടി മഴ കൊണ്ടു പോയെന്ന്..
അച്ഛൻ,, അമ്മ,, ചേച്ചി,, അടുത്ത വീട്ടിലെ പ്രിയപ്പെട്ട കളികൂട്ടുകാരൻ എല്ലാവരും ഒറ്റ രാത്രി കൊണ്ട് തനിക്ക് നഷ്ടമായി.
മഴയുടെ കലി ഒന്നടങ്ങിയപ്പോൾ നടത്തിയ തിരച്ചിലിനൊടുവിൽ ചെളിയിൽ പുതഞ്ഞു കിട്ടിയ രൂപങ്ങൾ.. !!
താനൊരിക്കലും വിശ്വസിച്ചിരുന്നില്ല അത് തന്റെ അമ്മയും അച്ഛനും കൂടെപ്പിറപ്പുമാണെന്നു.. !!
അവർ മഴയോടൊപ്പം ഒലിച്ചു പോയി വേറെ എവിടെയോ എത്തിയെന്നും ഒരിക്കൽ തന്നെ തേടി തന്റെ അടുക്കലേക്കു അവരെത്തുമെന്നും കുറേക്കാലം താൻ വിശ്വസിച്ചിരുന്നു… !!
പിന്നീട് വളർച്ചയുടെ പടവുകൾ താണ്ടിയപ്പോൾ എപ്പോഴോ തിരിച്ചറിഞ്ഞു അവരിനി ഒരിക്കലും വരില്ലെന്ന സത്യം….
അന്ന് മുതൽ ദേഷ്യവും വെറുപ്പും വൈരാഗ്യവുമൊക്കെയാണ് മഴയോട്..
മാതാപിതാക്കളുടെ,,, കൂടെപ്പിറപ്പിന്റെ,, കൂട്ടുകാരന്റെ… ഒക്കെ സ്നേഹം തട്ടി തെറിപ്പിച്ച മഴയെന്ന ദുരന്തം..!!!
സ്നേഹിച്ചു കൊതി തീരും മുൻപേ,, സ്നേഹവും വാത്സല്യവും അനുഭവിച്ചു കൊതി തീരും മുൻപേ… തന്റെ പ്രിയപ്പെട്ടവരെ ഒക്കെയും തന്നിൽ നിന്ന് പറിച്ചെടുത്തു കൊണ്ടു പോയ മഴയെ താൻ എങ്ങനെ സ്നേഹിക്കാൻ…???
പറ്റില്ല.. എനിക്ക് പറ്റില്ല… !!!
“മോനെ… ഈ തണുപ്പത്തിരിക്കാതെ അകത്തു കയറി വാ… അമ്മ നല്ല ചൂട് കഞ്ഞി ഉണ്ടാക്കിയിട്ടുണ്ട്… വാ.. നമുക്ക് കഴിക്കാം… “!!
വല്യമ്മ വന്നു തലയിൽ തലോടി വിളിച്ചപ്പോഴാണ് അരവിന്ദൻ ഓർമ്മകളിൽ നിന്നുണർന്നത്…
“മ്മ്… അമ്മ കഞ്ഞി എടുത്തു വയ്ക്കുമ്പോഴേക്കും ഞാൻ വന്നേക്കാം… “!!
ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു..
പാവം…!! വല്യമ്മ കൂടി ഇല്ലായിരുന്നെങ്കിൽ… എന്താകുമായിരുന്നു തന്റെ അവസ്ഥ..??
പത്താം വയസിൽ തന്നെ താൻ ഈ ഭൂമിയിൽ ഒരു അധികപ്പറ്റാകുമായിരുന്നു.. !!ബന്ധുക്കൾക്കൊരു ബാധ്യത ആകുമായിരുന്നു… !!
അല്ലേലും വല്യമ്മ ഒഴികെ മറ്റു ബന്ധുക്കൾക്ക് താനൊരു ബാധ്യത തന്നെ യായിരുന്നല്ലോ… !!
അരവിന്ദന്റെ ചുണ്ടിൽ വേദന നിറഞ്ഞ ഒരു ചിരി വിടർന്നു.
ഒരു പക്ഷേ വല്യമ്മ വിവാഹിതയായിരുന്നെങ്കിൽ…??
ചിലപ്പോൾ ഇതുപോലെ തന്നെ ചേർത്തു പിടിക്കാൻ വല്യമ്മയ്ക്കും കഴിയാതെ പോയേനെ… ബന്ധങ്ങളുടെ കെട്ടുപാടുകൾ ചിലപ്പോൾ വല്യമ്മയ്ക്കും വിലങ്ങു തടിയായേനെ… എന്ന് പലവട്ടം താൻ ചിന്തിച്ചിട്ടുണ്ട്… അങ്ങനെയെങ്കിൽ ഈ ഭൂമിയിൽ പണ്ടേ താനൊരു അനാഥനായി മാറിയേനെ… !!
ഇപ്പോൾ എനിക്ക് സ്വന്തമെന്ന് പറയാൻ വല്യമ്മയെങ്കിലും ഉണ്ട്… അതുപോലും ഇല്ലാത്തവർ എത്ര…കൊടും മഴ അനാഥമാക്കിയ ജന്മങ്ങൾ എത്ര.. ??
ഭാഗ്യം.. !!
ഇത്രയെങ്കിലും കരുണ എന്നോട് കാട്ടിയ ദൈവത്തിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു..!!
മനസിൽ ചിന്തിച്ചു കൊണ്ട് അവൻ ഊണു മുറി ലക്ഷ്യമാക്കി നടന്നു… എന്നും തന്നെ ചേർത്തു പിടിക്കാനും,, തനിക്ക് ചേർത്തു പിടിക്കാനും ഈ അമ്മയുണ്ടാകണേ എന്ന പ്രാർത്ഥനയോടെ…. !!