ചുമ്മാ ഒരു കാര്യവും ഇല്ലാതെ ഒരാൾ ഇത്രയും തറപ്പിച്ചു പറയുവോ നീ വിളിച്ചിട്ടാണ് കയറിയതെന്നു?……

പിഴച്ചവൾ

Story written by Kannan Saju

സീറ്റിന്റെ കമ്പിയിൽ പിടിച്ചു നിന്ന അവളുടെ കൈകളിൽ അയ്യാൾ മെല്ലെ കൈ വെച്ചു. അവൾ കൈ പിന്നോട്ട് വലിച്ചു. സമയം ഏഴ് മണി കഴിയുന്നു. Ksrtc ആയതിനാൽ ആളുകൾ ആൺ പെൺ വ്യത്യാസം ഇല്ലാതെ തിങ്ങി നിന്നിരുന്നു. അങ്ങോടോ ഇങ്ങോടോ അധികം മാറി നിക്കാൻ സ്ഥലം ഇല്ല. ബസിലെ ലൈറ്റിന്റെ നേരിയ വെളിച്ചം മാത്രം. കോട്ടയത്ത്‌ നിന്നും മുവാറ്റുപുഴ എത്താൻ ഇനിയും മണിക്കൂറുകൾ എടുക്കും.

അയ്യാൾ കുപ്പി തുറന്നു അതിൽ നിന്നും വോഡ്കയും വെള്ളവും മിക്സ് ചെയ്ത ലഹരി നുണഞ്ഞു.വീണ്ടും പഴയ പോലെ ചാരി കിടന്നു. ഇടയ്ക്കിടെ ഒളികണ്ണിട്ടു ജീൻസും ടോപ്പും ധരിച്ച ആ ചെറുപ്പക്കാരിയെ നോക്കുന്നുണ്ടായിരുന്നു. തന്റെ മകളുടെ പ്രായം ഉണ്ടായിട്ടും അയ്യാളുടെ കണ്ണുകൾ അവളുടെ നി തംബങ്ങളിൽ കേന്ദ്രികരിക്കപ്പെട്ടു. ഒന്നും അറിയാത്ത പോലെ ഉറക്കം നടിച്ചു അയ്യാൾ വീണ്ടും അവളുടെ കൈകളിലേക്ക് ചാഞ്ഞു.

കൈ വലിച്ചു അവൾ ചുറ്റും നോക്കി.. മങ്ങിയ വെളിച്ചത്തിൽ എല്ലാവരും തന്നെ പുറത്തേക്കും നോക്കി നിക്കുകയാണ്. വെള്ളിയാഴ്ചകളിൽ വീട്ടിലേക്കു യാത്ര തിരിക്കുമ്പോൾ ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു ഹോസ്റ്റലിലെ ചേച്ചിമാർ പറഞ്ഞുള്ള അറിവ് മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു.

എന്ത് ചെയ്യണം എന്നറിയാതെ ചുറ്റും നോക്കവേ ടൗണിലെ ഒരു സ്റ്റോപ്പിൽ വണ്ടി വീണ്ടും നിന്നു. കുറച്ചു പേർ കൂടി ഇറങ്ങി.. കൂടുതലും പെണ്ണുങ്ങളും ഇറങ്ങി കഴിഞ്ഞു. അവൾ കുറച്ചു മുന്നിലേക്ക് കയറി നിന്നു.അവിടെ നിന്നും കയറിയത് മുഴുവൻ ആണുങ്ങൾ ആയിരുന്നു.

വണ്ടി ടൌൺ വിട്ടതോടെ തന്റെ നി തബത്തിൽ എന്തോ കുത്തിക്കയറുന്നത് പോലെ തോന്നി തിരിഞ്ഞു നോക്കിയ അവൾ ഞെട്ടി. അയ്യാൾ പിന്നിൽ വന്നു നിക്കുന്നു. അതും സി പ്പ് തുറന്നു അയാളുടേത് അവളുടെ ദേഹത്ത് മുട്ടിച്ചു കൊണ്ടിരിക്കുന്നു.

എന്തൊരവസ്ഥ ആണിത്. അവൾ ചുറ്റും നോക്കി. ആരും തന്നെ ശ്രദ്ധിക്കുന്നില്ല. കണ്ടതാണോ കണ്ടിട്ട് കാണാത്തതായി നടിക്കുന്നതാണോ. മുന്നോട്ടു നടന്നു ഡ്രൈവറുടെ സീറ്റിന് പിന്നിലെ കമ്പിയിൽ പിടിച്ചു നിന്നു. അയ്യാൾ വീണ്ടും പിന്നിൽ എത്തി ശരീരം അവളുടെ പിന്നിൽ ചേർക്കാൻ ശ്രമം നടത്തി.

അയ്യാളെ തള്ളി മാറ്റി അവൾ കണ്ടക്ടരെ വിളിച്ചു. കണ്ടക്ടറും മറ്റു മൂന്നാലു പേരും പ്രശ്നത്തിൽ ഇടപെട്ടു. ബാക്കിയുള്ളവർ മൊബൈലിൽ വീഡിയോ എടുത്തും ആസ്വദിച്ചും നോക്കി നിന്നു.

” തനിക്കെന്താടോ? ഞങ്ങള് രണ്ടും ഒരുമിച്ചാ കയറിയത്.. എന്നോട് അവളു കയറാൻ പറഞ്ഞിട്ട കയറിയത്.5000 രൂപയ്ക്കു ഉറപ്പിച്ചതാ.. ഞങ്ങൾ മുവാറ്റുപുഴ ഇറങ്ങുകയും ചെയ്യും “

അയ്യാളുടെ വാക്കുകൾ കേട്ടു അവൾ നടുങ്ങി.. മുവാറ്റുപുഴക്കു ടിക്കറ്റ് എടുക്കുന്നത് അയ്യാൾ കണ്ടിരിക്കണം.

” അതിനു താൻ കോഴിക്കോടിനല്ലേ ടിക്കറ്റ് എടുത്തിരിക്കുന്നത്? ” കണ്ടക്ടർ എടുത്ത വഴിക്കു ചോദിച്ചു

” ഞാൻ എനിക്ക് ഇഷ്ടം ഉള്ളിടത്തേക്കു എടുക്കും.. നിനക്കിവളെ കിട്ടാത്തതിന്റെ ചൊരുക്കല്ലേ? “

കണ്ടക്ടർ അയ്യാളുടെ കഴുത്തിൽ കയറി പിടിച്ചെങ്കിലും സാമാന്യം ശരീരം ഉള്ള അയ്യാൾ കണ്ടക്ടറേ തല്ലി. അതോടെ ഒന്ന് രണ്ട് പേർ കൂടി എണീറ്റു വന്നു

” മതി.. നിർത്തു.. ഇപ്പോഴത്തെ പെണ്ണുങ്ങളേം വിശ്വസിക്കാൻ ഒന്നും പറ്റത്തില്ല.. എന്തായാലും വണ്ടി സ്റ്റേഷനിലേക്ക് പോട്ടെ “

ഭൂരിപക്ഷ അഭിപ്രായവും അതായതിനാൽ വണ്ടി സ്റ്റേഷനിലേക്ക് വിട്ടു.

ഇങ്ങനെ മുൻ പരിചയങ്ങൾ ഒന്നും ഇല്ലാതിരുന്ന അവൾ സ്റ്റേഷനിൽ നിന്നും ഉടൻ ഇറങ്ങാം എന്ന് കരുതി. അച്ഛനെ വിളിച്ചു പറഞ്ഞാൽ പേടിക്കും എന്ന് കരുതി വിളിച്ചില്ല.

സ്റ്റേഷനിലും അയ്യാൾ നടന്നതെല്ലാം അതുപോലെ തന്നെ പറഞ്ഞു. കണ്ടക്ടർ മറിയാ ശേഷം പോലീസുകാർ കള്ള് കുടിയനെ വിളിച്ചു.കയറി പിടിച്ചത് അയ്യാൾ നിഷേധിച്ചില്ല. പക്ഷെ ആദ്യം പറഞ്ഞത് തന്നെ അയ്യാൾ വീണ്ടും ആവർത്തിച്ചു. ബസ് സ്റ്റാൻഡിൽ വെച്ചു പരിചയപ്പെട്ടു വില പറഞ്ഞതാണെന്ന് അയ്യാൾ വീണ്ടും പറഞ്ഞു. മുവാറ്റുപുഴ ബസ് 9 മണിക് എത്തും, അച്ഛനോട് അവൾ എത്തിയിട്ട് വിളിച്ചിട്ടു വന്നാൽ മതി എന്നാണ് ഫോണിൽ പറഞ്ഞത്. സ്റ്റാൻഡിൽ എവിടെ എങ്കിലും ഒഴിഞ്ഞ സ്ഥലത്തു വെച്ചു കാര്യങ്ങൾ നടത്തം എന്നായിരുന്നു ധാരണ.

പോലീസുകാരും സമ്മർദ്ധത്തിൽ ആയി.. അയ്യാൾ തന്റെ പ്രസ്താവനയിൽ ഉറച്ചു നിന്നു. ഒരു പൊലീസുകാരി അവളുടെ ഫോൺ വാങ്ങി പരിശോധിച്ചു. അതിൽ അവളും ലവ്വരും കെട്ടിപ്പിടിച്ചു നിക്കുന്നതും മറ്റുമായ ഫോട്ടോകൾ ഉണ്ടായിരുന്നു.

” സാറേ.. ഇവള് വശപിശകാണല്ലോ? “

അയാളും ഫോൺ വാങ്ങി നോക്കി…

” ആരാടി ഇവൻ? “

” എന്റെ ബോയ്ഫ്രണ്ട് ആണ് സർ “

” ഓഹോ.. Pc ഇവളുടെ അച്ഛനെ വിളിക്ക്.. വീട്ടിനു വന്നിട്ട് വിട്ട മതി.. ബാക്കി ഉള്ളവരുടെ സൈൻ മേടിച്ചു ഡീറ്റൈൽസും മേടിച്ചിട്ട് വണ്ടി വിട്ടോ.. ആ പിന്നെ ഇവനെ അങ്ങ് മാറ്റി നിർത്തു “

Pc കള്ള് കുടിയനെ പിടിച്ചു മാറ്റി ഇരുത്തി…

” അപ്പോ ഇവൻ നിന്റെ കാമുകൻ ആണ്.. അല്ലേ? “

” അതെ “

” ഉം.. എത്ര കാമുകന്മാർ ഉണ്ട് നിനക്ക്? “

” സർ ” അവൾ ഞെട്ടലോടെ ചോദിച്ചു

” ച്ചി പറയടി.. എത്ര കാമുകന്മാർ ഉണ്ടടി? “

അവൾ നിന്നു വിറക്കാൻ തുടങ്ങി…

” ഒ.. “

” ഏഹ്? “

” ഒരാളെ ഉളളൂ “

” ഉം.. ഇവനുമായിട്ട് എവിടൊക്കെ പോയിട്ടുണ്ടടി? “

അവൾ ഭയത്തോടെ വനിതാ പോലീസുകാരിയെ നോക്കി

” നാണിക്കുവൊന്നും വേണ്ട.. സർ അരിയാൻ വേണ്ടി ചോദിക്കുന്നതല്ലേ പറഞ്ഞോ “

ആ സംസാരത്തിൽ ഉള്ള കളിയാക്കൽ അവളെ വല്ലാതെ വേദനിപ്പിച്ചു.

” പറ മോളേ.. എവിടൊക്കെ നിങ്ങൾ കറങ്ങാൻ പോയിട്ടുണ്ട്?. “

” കൊറേ.. കൊറേ സ്ഥലങ്ങളിൽ പോയിട്ടുണ്ട് “

” ഇതൊക്കെ വീട്ടിൽ അറിയുവോ? “

അവൾ മൗനം പാലിച്ചു

” അറിയുവോന്നു? “

” ഇല്ല “

” ഇല്ലാ… കൊള്ളാം…. ഉം.. പോയിട്ട്.. പിന്നെ നിങ്ങൾ എന്തൊക്കെയാ ചെയ്യാറുള്ളത്? “

അവൾ വിറക്കാൻ തുടങ്ങി… ” സർ പ്ലീസ് “

” മര്യാദക്കു വള്ളി പുള്ളി വിടാതെ പറഞ്ഞോ.. ഇല്ലങ്കിൽ അവിടെ ചെയ്യാറുള്ളതൊക്കെ ഞങ്ങള് നിന്നെ കൊണ്ടു ഇവിടെ ചെയ്യിക്കും… “

ശേഷം അയ്യാൾ വനിതാ പോലീസുകാരിയെ നോക്കി ” cctv ഓഫ് അല്ലേ? “

അത് കേട്ടതോടെ അവൾ ഭയന്നു വിറച്ചു.. ” സർ വേണ്ട സർ.. ഞാൻ പറയാം… ഞാൻ പറയാം “

ബസ്സിൽ ഉണ്ടായതിനേക്കാൾ വേദനയോടെ അവൾ ഓരോന്നായി ഇരുവരോടും പറഞ്ഞു കൊണ്ടിരുന്നു.

” സർ.. ആ കുട്ടിയുടെ അച്ഛൻ വന്നിട്ടുണ്ട് ” ഒരു കോൺസ്റ്റബിൾ വന്നു പറഞ്ഞു

” തന്റെ മോളു പറഞ്ഞിട്ടാണ് അയ്യാൾ വണ്ടിയിൽ കയറിയതെന്നാണ് അയ്യാൾ തറപ്പിച്ചു പറയുന്നത്. മാത്രല്ല തന്റെ മകൾ ആളത്ര ചില്ലറക്കാരി ഒന്നും അല്ല.. ദാ ഈ ഫോൺ കണ്ടോ? “

അയാൾ അവളുടെ ഫോണിലെ ഫോട്ടോ മുഴുവൻ അച്ഛനെ കാണിച്ചു.

” ഇതൊക്കെ ആണ് ഇവളുടെ പരിപാടി… ഇനി താൻ പറ ഞങ്ങൾ എന്ത് ചെയ്യണം? “

അയ്യാൾ കണ്ണീരോടെ അവളെ നോക്കി..

” രണ്ട് പെൺകുട്ടികൾ ആണ് സാറേ… ഇത് എങ്ങനേലും ഒതുക്കി തീർത്തു തരണം ” അയ്യാൾ ഓഫിസര്ക്ക് മുന്നിൽ കൈ കൂപ്പി..

ഒരു വാക്ക് പോലും തന്നോട് ചോദിക്കാതെ ഉള്ള അച്ഛന്റെ നടപടി അവളെ ഇല്ലാതാക്കി കളഞ്ഞു. മ നാഭയം മൂലം അയ്യാൾ തന്നെ എന്തെങ്കിലും ചെയ്തോ എന്ന് പോലും അച്ഛൻ ചോദിച്ചില്ല.

” ഞങ്ങക്ക് കൊഴപ്പം ഒന്നും ഇല്ല.. ഒന്നുല്ലേലും ഈ പ്രായത്തിൽ പെൺകുട്ടികൾ ഞങ്ങൾക്കും ഉള്ളതല്ലേ “

Ci യുടെ വിശുദ്ധനായുള്ള സംസാരം കേട്ടു അവൾ നിറ കണ്ണുകളോടെ അയ്യാളെ നോക്കി മനസ്സിൽ ചോദിച്ചു ” സാറിന്റെ മകളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ അവളെ കൊണ്ടു ഇങ്ങനൊക്കെ പറയിക്കുമായിരുന്നോ? “

” അല്ലേലും ഒരു സമയം കഴിഞ്ഞ പെൺപിള്ളേരൊക്കെ എന്തിനാന്നെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നേ? അത് കണ്ടാലും പോക്ക് കേസാണെന്നല്ലേ ഇവന്മാരെ പോലെ ഉള്ള ഞെരമ്പന്മാർ വിചാരിക്കു ” വനിതാ പോലീസിന്റെ വാക്കുകൾ അവളുടെ നെഞ്ചിലായിരുന്നു തുളച്ചു കയറിയത്.ഒരു പെണ്ണിൽ നിന്നും ആണല്ലോ ആ വാക്കുകൾ വന്നത് എന്നോർത്ത് അവൾക്കു അവളോട് തന്നെ പുച്ഛം തോന്നി.. ഇതുപോലുള്ള സ്ത്രീകളാണ് ഇവന്മാരേക്കാൾ പെൺകുട്ടികളുടെ ശാപം അവൾ മനസ്സിൽ ഓർമിച്ചു.

തിരിച്ചു കാറിൽ പോകുമ്പോൾ അയ്യാൾ മൗനമായി ഇരുന്നു…

” അച്ഛാ സത്യായിട്ടും അയ്യാളെ എനിക്കറിയില്ല… “

” അയ്യാളെ അറിയുവോ അറിയാതെ ഇരിക്കുവോ എന്തായാലും മറ്റു പലതും കാണാൻ കഴിഞ്ഞല്ലോ “

” അച്ഛാ ആദിയെ എനിക്കിഷ്ടാണ്… തോളത്തു കൈ വെച്ചു ഫോട്ടോ എടുത്തുന്നും പറഞ്ഞു…അച്ഛനും അറിയാവുന്നതല്ലേ ഞങ്ങൾ ഇഷ്ടത്തിൽ ആണെന്ന് ? അതുപോലാണോ എന്നെ പുറത്ത് നിന്നും ഒരാൾ തൊടുന്നത് “

അയ്യാൾ മൗനം പാലിച്ചു….

” ചുമ്മാ ഒരു കാര്യവും ഇല്ലാതെ ഒരാൾ ഇത്രയും തറപ്പിച്ചു പറയുവോ നീ വിളിച്ചിട്ടാണ് കയറിയതെന്നു? ” മിഴിച്ചു വന്ന കണ്ണുകളോടെ അവൾ അച്ഛനെ നോക്കി…

” നീ നോക്കുവൊന്നും വേണ്ട…! ആർക്കായാലും സംശയം തോന്നും “

ഒന്നും മിണ്ടാതെ കണ്ണീരോടെ അവൾ സീറ്റിലേക്ക് ചാരി ഇരുന്നു.

ഞായറാഴ്ച ഇറങ്ങാൻ നേരം അച്ഛൻ പറഞ്ഞു ” ഇനി മുതൽ എല്ലാ ആഴ്ചയും വരണ്ട “

അവൾ തലയാട്ടി…

” വന്നപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ നിനക്കിതു എന്ത് പറ്റി? രണ്ടാഴ്ച്ച ആയി ഞാൻ ഇവിടില്ലാതിരുന്നതിന്റെ വിഷമം ആണോ? “

അവളുടെ അടുത്തു വന്നിരുന്നു കൊണ്ടു ആദി ചോദിച്ചു.

” ഏയ്‌ ഒന്നുല്ല “

അത് പറഞ്ഞപ്പോഴേ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

” എന്താടോ? അച്ഛൻ വഴക്കു വല്ലതും പറഞ്ഞോ? “

” ഇല്ല ” അവൾ പൊട്ടി കരയുവാൻ തുടങ്ങി…

അവൻ ഒന്നും ചോദിക്കാതെ അവളെ ചേർത്തു പിടിച്ചു തലയിൽ തലോടി ക്കൊണ്ടിരുന്നു.. കുറച്ചു നേരം കരഞ്ഞു തീർത്തപ്പോൾ അവളുടെ മനസ്സ് ശാന്തമായി. നടന്നതെല്ലാം പറഞ്ഞു.

” എല്ലാരേം പോലെ നിനക്കും എന്ത് വേണേലും കരുതാം ആദി.. ഒരുപക്ഷെ അയ്യാൾ ചെയ്യുന്നതൊന്നും കണ്ടില്ലന്നു കരുതി മിണ്ടാതെ നിന്നു കൊടുത്തിരുന്നെങ്കിൽ അയ്യാളുടെ കാര്യം കഴിഞ്ഞു അയ്യാള് പോയേനെ.. ആരും ഒന്നും അറിയില്ലായിരുന്നു…അച്ഛന്റെ മാനവും പോവില്ലായിരുന്നു. ഞാൻ പി ഴച്ചവളും ആവില്ലായിരുന്നു. പക്ഷെ എനിക്കതു സഹിച്ചു നീക്കാനുള്ള ത്രാണി ഇല്ലായിരുന്നു ആദി. എന്ത് ചെയ്യണം എന്നറിയില്ല… ആരും എന്നെ വിശ്വസിച്ചില്ല. പക്ഷെ പ്രതികരിച്ച ശേഷം ഓരോ നിമിഷവും ഞാൻ അനുഭവിച്ച വേദന എത്ര ആണെന്ന് അറിയുവോ നിനക്ക്.. ഇല്ല.. അത് പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല.. പറഞ്ഞ ചോദിക്കും ആ സമയത്തു പോയിട്ടല്ലേ എന്ന്… നിനക്കും എന്ത് വേണേലും കരുതാം.. ഞാൻ പിഴച്ചവൾ ആണെന്ന് തോന്നുന്നുണ്ടോ.. അങ്ങനെ കരുതാം “

അവൾ കണ്ണുകൾ തുടച്ചു ദൂരേക്ക് നോക്കി….

” നിനക്ക് വിഷമായോ? “

ആ ഒറ്റ ചോദ്യത്തിൽ അവൾ ഇല്ലാതായി

” ഒരുപാട് “

വീണ്ടും പൊട്ടി കരയാൻ തുടങ്ങി… അവൻ വീണ്ടും ചേർത്തു പിടിച്ചു…

Ci യുടെ വീട് രാത്രി.

വിദ്യാർഥികൾ എറിഞ്ഞ സൈക്കിൾ ചെയിൻ ലൈനിൽ തട്ടി ചുറ്റു പ്രദേശങ്ങളിലെ മുഴുവൻ കറന്റും കട്ടായി. ഒരു കൂട്ടം പിള്ളേർ അയ്യാളുടെ വീടിന്റെ മതിൽ ചാടി. ആദി വാതിലിൽ തട്ടി.. Ci ടോർച്ചുമായി വന്നു വാതിൽ തുറന്നു. ആദിയെ കണ്ട അയ്യാൾ മുഖത്തേക്ക് ടോർച് അടിച്ചുകൊണ്ടു ചോദിച്ചു ” ആരാ? “

ആദി വേഗത്തിൽ ഒഴിഞ്ഞു മാറി. പിന്നിൽ നിന്നും സീനിയർ ചേട്ടൻ അയ്യാളുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി. അയ്യാൾ തെറിച്ചു നിലത്തേക്ക് വീണു. ഒച്ചകേട്ടു നിലവിളിയോടെ ഓടി വന്ന ഭാര്യയെ അവർ കത്തി കാണിച്ചു വിരട്ടി.

Ci നിലത്തിരുന്നു. ഭാര്യ സോഫയിലും. സീനിയർ ചേട്ടന്മാരും ആദിയും ഒരു വശം നിന്നു.

” പറയ്‌ ചേച്ചി, സാറുമായിട്ടുള്ള ആദ്യ ബന്ധപ്പെടലിന്റെ വിശേഷം ഞങ്ങളോ ടൊന്നു വിശദീകരിച്ചു പറ ” യൂണിയൻ സെക്രട്ടറി ആയിരുന്ന അഫ്സൽ പറഞ്ഞു.

Ci തല കുനിച്ചിരുന്നു…. അയ്യാളുടെ നിസ്സഹായത കണ്ടു ഭാര്യ കരയാൻ തുടങ്ങി.. അയ്യാൾ തല കുനിച്ചുകൊണ്ടു അവർക്കു നേരെ കൈ കൂപ്പി. ആദി അവളെ ci ക്കും ഭാര്യക്കും മുന്നിലേക്ക് കയറ്റി നിർത്തി.

” ഇവളെ ഓർമ്മയുണ്ടോ സാറിനു..? “

Ci ആ മുഖം കണ്ടു ഞെട്ടി..

” സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ കൊണ്ടു കഥ പറയിപ്പിക്കുന്നതിന്റെ സുഖം എന്താണെന്നു സാറിനിപ്പോ മനസ്സിലായി കാണൂലോ..? ഇനി മേലാൽ ഏതെങ്കിലും പെൺപിള്ളേരോട് ഇമ്മാതിരി പോക്കിരിത്തരം കാണിച്ച നിന്റെ ശരീരത്തില് കോളേജ് പിള്ളേരു കയറി നിരങ്ങും… ചേച്ചി.. ഞങ്ങളോട് ക്ഷമിക്കു. വല്ലവന്റേം വീട്ടിലെ പെൺപിള്ളേരോട് കു ൽസായ്മ പറയുന്നവനും കാണിക്കുന്നവനും അറിഞ്ഞിരിക്കണം അവന്റെ വീട്ടിലെ പെണ്ണിന് ആ അനുഭവം ഉണ്ടായാൽ ഉള്ള വേദന എന്താണെന്നു. അതുകൊണ്ടാണ് അങ്ങനെ പറയാൻ പറഞ്ഞത്.. തനിക്കൊന്നും നാണം ഇല്ലെഡോ? തന്നെ പോലുള്ള അലവലാതികൾ കാരണം ആണ് പല പെൺകുട്ടികളും പേടിച്ചിട്ടു അവരുടെ അനുഭവം പുറത്ത് പറയാതെ ഇരിക്കുന്നത് ” അഫ്സൽ പറഞ്ഞു നിർത്തി.

ഡ്യൂട്ടി കഴിഞ്ഞു ഷോപ്പിങ്ങും കഴിഞ്ഞു വനിതാ പോലീസുകാരി സ്കൂട്ടറും സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങി. ആളൊഴിഞ്ഞ വഴിയിൽ വെച്ചു അഫ്സലും കൂട്ടരും വണ്ടിക്കു വട്ടം വെച്ചു. എല്ലാവരും മുഖം മൂടി ധരിച്ചിരുന്നു. അവരെ കണ്ടതും അവൾ വിറക്കാൻ തുടങ്ങി

” ചേച്ചി ഒന്നിക്കിറങ്ങിക്കെ “

” ഏഹ്.. എന്താ.. ആരാ നിങ്ങളു??? ഞാ.. ഞാൻ പോലിസാ… മര്യാദക് വഴീന്നു മാറിക്കോ “

” ആഹാ.. പോലീസ് ആയ എന്ന.. എന്തായാലും പെണ്ണല്ലേ? പെണ്ണുങ്ങൾ രാത്രി ആയാൽ പുറത്തിറങ്ങാൻ പാടില്ലന്നല്ലേ വെപ്പ്? “

” ആ.. ആര് പറഞ്ഞു.. “

” ചേച്ചി തന്ന പറഞ്ഞെന്നാണല്ലോ അവളു പറഞ്ഞെ “

” എ.. എ.. ഏതവള്? ” അവൾ നിന്നു വിറച്ചു..

അഫ്സൽ പെൺകുട്ടിയെ അവൾക്കു മുന്നിലേക്ക് നിർത്തി

” ഇവളൊ? ” ഞെട്ടലോടെ വനിതാ പൊലീസുകാരി പറഞ്ഞു

” അപ്പൊ ചേച്ചിക്കറിയാം.. അല്ലേ.. എന്നാ പിന്നെ ഇവിടെ വച്ചു തന്നെ ചേച്ചീടെ തുണി പറിച്ചാലോ? ” അഫ്സലിന്റെ ചോദ്യം കേട്ടു അവൾ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി പെൺകുട്ടിക്ക് മുന്നിൽ കൈ കൂപ്പി ” മോളേ.. എന്നെ ഒന്നും ചെയ്യല്ലെന്നു പറ മോളേ “…

” ചേച്ചി… പ്രാ യം തെറ്റിയതിന്റെ വല്ല സൂക്കേടും ഉണ്ടങ്കിൽ ഇപ്പോഴത്തെ പിള്ളേരോട് കാണിക്കരുത്. മറ്റുള്ളവർക്ക് മുന്നിൽ ഒരു പെണ്ണിന് താങ്ങാവേണ്ടത് പെണ്ണ് തന്ന ആണ്. അന്ന് ചേച്ചി ഒരു നിലപാട് എടുത്തിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ. ഇപ്പോ ചേച്ചിക്ക് മനസ്സിലായി കാണൂലോ അന്ന് ഇവൾ അനുഭവിച്ച വേദന എന്താണെന്നു.”

അവർ തല താഴ്ത്തി നിന്നു.

പിറ്റേന്ന് വൈകുന്നേരം ആയി… കോളേജിന്റെ പിന്നിലെ ഗ്രൗണ്ടിൽ ആ കള്ള് കുടിയൻ കൈകൾ കൂട്ടിക്കെട്ടി കൊണ്ടു വന്നു നിർത്തി.ആ പെൺകുട്ടിയോട് അടിക്കാൻ പറഞ്ഞു അഫ്സൽ ബെൽറ്റ്‌ ഊരി കയ്യിൽ കൊടുത്തു.അവൾ കലി അടങ്ങും വരെ പൊതിരെ തല്ലി.ശേഷം അവനെ ഒരു ഇന്നർ മാത്രം ധരിപ്പിച്ചു ടൗണിൽ ഒരു മൂലയിൽ കൊണ്ടു വണ്ടിയിൽ നിന്നും തള്ളി താഴേക്കു ഇട്ടു.

സീനിയർസ് കോളേജിലെ പെൺകുട്ടികളെ മുഴുവൻ വിളിച്ചു കൂട്ടി നിർത്തി.അവരോടായി അഫ്സൽ കാര്യങ്ങൾ പറഞ്ഞു.

” ഈ വാട്സാപ്പ് ഗ്രൂപ്പ് ഇതിനു വേണ്ടി ഉള്ളതാണ്.നിങ്ങളെ സംരക്ഷിക്കാൻ നിങ്ങൾ ധാരാളം മതി.പക്ഷെ ചില സമയങ്ങളിൽ കായിക ബലം കൂടുതൽ ആവശ്യമായി വന്നാൽ ഇത് ഉപകരിക്കും.ഇനി നിങ്ങൾ ഇവിടെ നിന്നും ദൂരെ ആണെങ്കിലും ഈ ഗ്രൂപ്പിലെ ആരുടേ എങ്കിലും പരിചയക്കാർ ആ ഭാഗത്തു ഉണ്ടാവും.അവരെ കണക്ട് ചെയ്യാൻ ഇത് ഉപകരിക്കും.ഒരിക്കലും മാനസികമായി തളരാതെ ഇരിക്കുക.ആണുങ്ങളേക്കാൾ കായിക ബലം ഒരുപക്ഷെ നിങ്ങക്ക് കുറവായിരിക്കാം.പക്ഷെ ഒരാണും മാനസികമായി നിങ്ങളെക്കാൾ കരുത്തുള്ളവർ അല്ലെന്നു ഓർക്കുക.ധൈര്യത്തോടെ പ്രതികരിക്കുക.നമ്മുടെ കൂട്ടത്തിൽ ഒരാൾക്ക് ഒരു പ്രശ്നം ഇണ്ടായാൽ ഈ കോളേജ് മുഴുവൻ അവരുടെ കൂടെ ഉണ്ടാവും.അതിനിനി ഏതറ്റം വരെ പോവേണ്ടി വന്നാലും.”

അഫ്സലിന്റെ വാക്കുകൾക്ക് എല്ലാവരും ചേർന്ന് കയ്യടിച്ചു.

അവൾ ആദിയോട് ചേർന്ന് നിന്നു..

” ഇപ്പൊ ഹാപ്പി ആയില്ലേ? “

ഒരു ചിരിയോടെ അവൻ ചോദിച്ചു… അവളും മെല്ലെ ചിരിച്ചു..

” കഴിഞ്ഞത് കഴിഞ്ഞു.. ഒരു പാഠമായി കണ്ടാ മതി.. ഇനി ഒരിക്കലും പതറരുത്. മനസ്സിലാക്കുന്നവർ കൂടെ ഉണ്ട്.. എനിക്ക് ദുരഭിമാനത്തേക്കാൾ വലുത് നീയാണ്.”

അവൾ മെല്ലെ ആദിയുടെ തോളുകളിലേക്കു ചാഞ്ഞു.

അഫ്സലിന്റെ വാക്കുകൾ പകർന്ന ഊർജവുമായി പെൺകുട്ടികൾ തിരിഞ്ഞു നടന്നു..

Leave a Reply

Your email address will not be published. Required fields are marked *