ചുരം ~ അവസാനഭാഗം (06), എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം-5 വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഇന്നലെ വീട്ടിൽ നിന്ന് വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുവാ ,നിനക്കെന്തോ ഒരു വിഷമം പോലെ, എന്താ സുലൂ.. എന്താണെങ്കിലും എന്നോട് പറയൂ?

രാവിലെ തനിക്ക് കൊണ്ടു പോകുവാനുള്ള പൊതിച്ചോറ് കയ്യിൽ കൊണ്ട് തരുമ്പോൾ, സുലോചനയുടെ വാടിയ മുഖം കണ്ട് രാജീവൻ ചോദിച്ചു.

ഒന്നുമില്ല രാജീവേട്ടാ ചെറിയൊരു തലവേദന

എങ്കിൽ പിന്നെ,നീ എന്തിനാണ് രാവിലെ എഴുന്നേറ്റത്? ഞാൻ അടുക്കളയിൽ കയറി എന്തെങ്കിലും ചെയ്യുമായിരുന്നല്ലോ? ഉച്ചഭക്ഷണം ഞാൻ പുറത്ത് നിന്ന് കഴിച്ചാൽ മതിയായിരുന്നു,

അത് സാരമില്ല രാജീവേട്ടാ..കുട്ടികൾക്ക് സ്കൂളിൽ പോകേണ്ടതല്ലേ, മാത്രമല്ല പാറൂട്ടി കുറച്ച് കഴിയുമ്പോൾ ഉണർന്ന് കരയാൻ തുടങ്ങും

എങ്കിൽ ഞാനിന്ന് ലീവെടുക്കാം. നീ പോയി കുറച്ച് റെസ്റ്റെടുക്ക് കുറവില്ലെങ്കിൽ നമുക്ക് വൈകിട്ട് പോയി ഡോക്ടറെ കാണാം

അതൊന്നും വേണ്ട രാജീവേട്ടാ … നിങ്ങള് സമാധാനമായിട്ട് ജോലിക്ക് പോയിട്ട് വാ, ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കൊള്ളാം

സുലോചന, നിർബന്ധിച്ച് അയാളെ ജോലിക്ക് അയച്ചു.

പത്രം…

മതിലിനപ്പുറത്ത് നിന്ന് , പത്രം കൊണ്ടുവരുന്ന പയ്യൻ, അന്നത്തെ ദിനപത്രം വരാന്തയിലേക്ക് നീട്ടി എറിഞ്ഞു.

നിനക്കിത് കുറച്ച് നേരത്തെ കൊണ്ടുവന്നു കൂടെ ചെറുക്കാ ഉച്ചയാകുമ്പോഴാണോ പത്രവുമായി വരുന്നത്?

നിലത്ത് വീണ പത്രം കുനിഞ്ഞെടുക്കുന്നതിനിടയിൽ അച്ഛമ്മ അവനോട് ചോദിച്ചു.

മറുപടിയായി അർത്ഥമില്ലാത്ത ഒരു ചിരി പാസ്സാക്കി പയ്യൻ സൈക്കിളുമായി അടുത്ത വീട്ടിലേക്ക് പോയി.

അച്ഛമ്മയിനി, പത്രം വായിച്ചിരിക്കാൻ പോകുവാണോ? ഞാൻ ദോശ എടുത്തു വച്ചിട്ടുണ്ട് , അത് വന്ന് കഴിച്ചിട്ടിരിക്ക്

സുലോചന, അച്ഛമ്മയോട് പറഞ്ഞു.

ഓഹ്, ഞാൻ രാവിലത്തെ വാർത്ത എന്തൊക്കെയുണ്ടെന്ന് നോക്കട്ടെ കൊച്ചേ.. എനിക്ക് ഇപ്പൊ വിശക്കുന്നൊന്നുമില്ല

അച്ഛമ്മ, പത്രത്തിൽ മുഖം താഴ്ത്തി ഇരുന്നപ്പോൾ, സുലോചന അടുക്കളയിലേക്ക് പോയി.

യാന്ത്രികമായി തൻ്റെ ജോലികൾ ചെയ്യുന്നതിനിടയിൽ സുലോചനയുടെ മനസ്സ്, കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ അലഞ്ഞ് നടന്നു.

അരുൺ ഇന്നലെ തന്നോട് പറഞ്ഞ വാക്കുകൾ ഓർക്കുമ്പോഴൊക്കെ , കൂരമ്പ് വന്ന് ,നെഞ്ചിൽ തറയുന്നതുപോലെ അവളുടെ മനസ്സ് കിടന്നു പിടഞ്ഞു.

സ്റ്റൗവ്വിലിരുന്ന പ്രഷർകുക്കറിൻ്റെ വിസില് കേട്ടപ്പോഴാണ്, അവൾ ചിന്തയിൽ നിന്നുണർന്നത്.

മോളെ സുലോചനേ .. നീ ഈ വാർത്ത കണ്ടോ? ഓണം ബംബറ് 12 കോടി അടിച്ചവൻ ആരാണെന്ന്, അറിയില്ലെന്ന്? ഈശ്വരാ.. താനൊരു കോടീശ്വരൻ ആണെന്നറിയാതെ, ആ ഭാഗ്യവാൻ എവിടെയോ കറങ്ങി നടക്കുവാ

അച്ഛമ്മയുടെ വിളികേട്ട് , സുലോചന ഉമ്മറത്തേക്ക് വന്നു.

അച്ഛമ്മ നീട്ടിയ പത്രം, സുലോചന വിശദമായി വായിച്ചു ,അപ്പോഴാണ് താൻ വിവാഹ വസ്ത്രം എടുക്കാൻ പോയപ്പോൾ, ചില്ലറ മാറുന്നതിനായി, അരുൺ ടിക്കറ്റെടുത്ത കാര്യം അവൾക്ക് ഓർമ്മ വന്നത്

അന്ന് ടിക്കറ്റും ബാക്കി പൈസയും കൂടി തന്നെ ഏൽപ്പിച്ചത് , താൻ എപ്പോഴും കൊണ്ടു നടക്കാറുള്ള ബാഗിൽ വെച്ചത്, അവൾ ഓർത്തെടുത്തു.

അവൾ അച്ഛമ്മയുടെ കയ്യിൽ നിന്നും പത്രവുമായി, ഒന്നും മിണ്ടാതെ കിടപ്പുമുറിയിലേക്ക് പോയി.

അന്ന് ബാഗിൻ്റെ ഉള്ളറയിൽ തിരുകി വച്ചിരുന്ന ലോട്ടറി ടിക്കറ്റ് ,അവൾ വിറയ്ക്കുന്ന കൈകളോടെ പുറത്തെടുത്തു, പത്രത്തിൽ കണ്ട നമ്പരും, ലോട്ടറി ടിക്കറ്റ് നമ്പരും ഒത്ത് നോക്കിയ സുലോചനക്ക്, തൻ്റെ തലകറങ്ങുന്നതുപോലെ തോന്നി.

******************

അരുണേ… നീയിങ്ങനെ ആലോചിച്ചിരുന്നു വെറുതെ സമയം കളയാതെ, കാര്യം കാണാൻ കഴുതക്കാലും പിടിക്കണം, നീ ഇപ്പോൾ തന്നെ സുലോചനയെ വിളിച്ചു ആദ്യം മാപ്പ് പറയാൻ നോക്ക്, ഇന്നലെ ദേഷ്യം വന്നപ്പോൾ അങ്ങനെ പറഞ്ഞതാണെന്ന് പറഞ്ഞാൽ മതി

ആലോചനാമഗ്നനായി നിൽക്കുന്ന അരുണിനെ സുഹൃത്ത് ഉപദേശിച്ചു.

അരുൺ മനസ്സില്ലാമനസ്സോടെ മൊബൈലെടുത്ത് സുലോചനയുടെ നമ്പറിലേക്ക് വിളിച്ചു.

ആദ്യം പൂർണമായി ബെല്ലടിച്ച് കട്ടായപ്പോൾ, അരുണിൻ്റെ മനസ്സിൽ ഉത്ക്കണ്ഠ നിറഞ്ഞു, അയാൾ വീണ്ടും വിളിച്ചു .

ഹലോ..

സുലോചനയുടെ പതിഞ്ഞതും ഇറിയതുമായ ശബ്ദം കേട്ടപ്പോൾ അരുണിന് നേരിയ ആശ്വാസം തോന്നി

സുലൂ.. നിനക്കെന്നോട് ദേഷ്യമാണോ?

അയാൾ ,ആർദ്രനായി ചോദിച്ചു.

ഇല്ല അരുണേട്ടാ.. ഞാൻ കാത്തിരിക്കുകയായിരുന്നു, അരുണേട്ടൻ്റെ ഈ ഒരു വിളിക്ക് വേണ്ടി ,ഇന്നലെ മുതൽ ഞാനെന്തുമാത്രം വിഷമിച്ചെന്നറിയാമോ എന്നോട് അങ്ങനെയൊക്കെ സംസാരിച്ചപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ലെന്നുള്ളത് സത്യമാണ്, എന്ന് വച്ച് അരുണേട്ടനെ എനിക്ക് വെറുക്കാനും മറക്കാനും കഴിയുമോ ?

സോറി സുലൂ… നീയിന്നലെ എന്നെ സംശയിച്ചപ്പോൾ, എനിക്ക് വല്ലാതെ ദേഷ്യം വന്നു അതാ ഞാൻ വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞത്, റിയലി സോറി ഡാ..

സുലോചന ഇപ്പോഴും തൻ്റെ കാൽച്ചുവട്ടിലാണെന്ന് മനസ്സിലാക്കിയ അരുൺ, ഉള്ളിൽ ചിരിച്ച് കൊണ്ട് അവളോട് മാപ്പ് പറഞ്ഞു.

അയ്യോ അരുണേട്ടാ… എന്തിനാ എന്നോട് സോറി പറയുന്നത് ,അതിന് ഞാനും കൂടെ തെറ്റുകാരി അല്ലേ? ഞാൻ കാരണമല്ലേ അരുണേട്ടന് ദേഷ്യം വന്നത്?

ഓക്കേ ഓക്കേ, അത് വിട്ടേക്ക് സുലൂ ..ങ്ഹാ പിന്നെ സുലൂ.. നമ്മളന്ന് നിനക്ക് ഡ്രെസ്സെടുക്കാൻ പോയപ്പോൾ ഒരു ലോട്ടറി ടിക്കറ്റെടുത്തത് ഓർമയുണ്ടോ?

ങ്ഹാ ,ഓർക്കുന്നുണ്ടരുണേട്ടാ,,

സുലൂ…നമ്മളന്ന് ടിക്കറ്റെടുത്ത കടയിൽ നിന്ന് വിറ്റ് പോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത് ,ചിലപ്പോഴത് നിൻ്റെ കയ്യിലുള്ള ടിക്കറ്റിനാണെന്നാണ് എനിക്ക് തോന്നുന്നത്, നീയതൊന്നെടുത്ത് നോക്കിക്കേ സുലൂ…

അയാൾ അക്ഷമയോടെ പറഞ്ഞു.

അത് ഞാൻ രാവിലെ തന്നെ നോക്കി അരുണേട്ടാ… അരുണേട്ടൻ പറഞ്ഞത് ശരിയാണ്, എൻ്റെ ടിക്കറ്റിനാണ് 12കോടി അടിച്ചിരിക്കുന്നത്

ഹോ സുലൂ .. നീ ഒരു ഭാഗ്യവതിയാണ്, ഇനി നീ അവിടെക്കിടന്ന് കഷ്ടപ്പെടേണ്ട കാര്യമില്ല, കോടീശ്വരിയായ സുലോചന താമസിക്കേണ്ടത് ദാരിദ്ര്യം പിടിച്ച ആ വീട്ടിലല്ല, എല്ലാം ഉപേക്ഷിച്ച് നീ എത്രയും പെട്ടെന്ന് അവിടുന്നിറങ്ങണം

അയാൾ ആവേശഭരിതനായി പറഞ്ഞു.

എന്നാലും അരുണേട്ടാ …ഒരു കാരണവുമില്ലാതെ ഞാൻ എങ്ങനെയാണ് ആ പാവത്തിനെ ഉപേക്ഷിക്കുന്നത്, ഒന്നുമില്ലേലും നാട്ടുകാരെന്തു പറയും?

നമ്മളെന്തിനാ നാട്ടുകാരെ ബോധിപ്പിക്കുന്നത്, നീയിനി ഞാൻ പറയുന്നത് അനുസരിച്ചാൽ മതി, എത്രയും വേഗം ബാഗുമെടുത്ത് നിൻ്റെ വീട്ടിലേക്ക് പൊയ്ക്കോ, രാജീവവൻ്റെ പേരിൽ ഗാർഹിക പീഡനത്തിന് കേസ് കൊടുത്തിട്ട് നമുക്ക് അവൻ്റെ പേരിലൊരു വക്കീൽ നോട്ടീസയക്കാം, വിവാഹമോചനം കിട്ടിയാൽ എത്രയും പെട്ടെന്ന് നമ്മുടെ കല്യാണം നടത്തണം, ഇനിയും എനിക്ക് കാത്തിരിക്കാൻ വയ്യ പെണ്ണേ…

അയാൾ കാതരമായി പറഞ്ഞു.

എനിക്ക് സന്തോഷമായി അരുണേട്ടാ … അരുണേട്ടന് എന്നോട് ആ പഴയ സ്നേഹം തിരിച്ചു വന്നല്ലോ? രാജീവൻ ഇപ്പോൾ ഇവിടെ ഇല്ല ,ജോലിക്ക് പോയിരിക്കുകയാണ്, വൈകുന്നേരം തിരിച്ചു വരുമ്പോൾ, ഒന്ന് യാത്ര പറഞ്ഞിട്ട് ഞാൻ വരാം, അല്ലെങ്കിൽ അത് മര്യാദകേടാവില്ലേ?

ഉം ശരി നിൻ്റെ ഇഷ്ടംപോലെ ചെയ്യ് , വൈകുന്നേരം ഞാൻ ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കാം നിൻ്റെ വീട്ടിലേക്ക് നമുക്കൊരുമിച്ചു പോകാം

എന്നാൽ ശരി അരുണേട്ടാ ഞാൻ വയ്ക്കട്ടെ

സുലോചന ഫോൺ കട്ട് ചെയ്തപ്പോൾ അരുൺ സന്തോഷം കൊണ്ട് പരിസരം മറന്ന് അട്ടഹസിച്ചു .

വൈകുന്നേരമായപ്പോൾ അരുൺ , സുലോചനയുടെ വരവും കാത്ത് , ബസ്റ്റോപ്പിൽ അക്ഷമനായി നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ ഫോൺ ബെല്ലടിച്ചു.

സുലോചനയുടെ കോൾ കണ്ട അരുൺ , ജിജ്ഞാസയോടെ ഫോൺ അറ്റൻഡ് ചെയ്തു.

സുലൂ .. നീയിത് വരെ ഇറങ്ങിയില്ലേ?

ങ്ഹാ അരുണേട്ടാ…രാജീവൻ വന്നപ്പോൾ ഞാൻ അദ്ദേഹത്തോട് കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞു, ഞാൻ അദ്ദേഹത്തെ ഉപേക്ഷിച്ച് അരുണേട്ടനൊപ്പം ജീവിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ എന്നോട് പറയുവാ, അങ്ങേർക്ക് നഷ്ടപരിഹാരം വേണമെന്ന് , എന്നെ അരുന്നേട്ടന് വിട്ട് കൊടുക്കുമ്പോൾ അയാൾക്ക് നഷ്ടപ്പെടുന്നത്, വിലമതിക്കാനാവാത്ത സ്വന്തം ഭാര്യയെ ആണെന്ന്, ഞാനാലോചിച്ചപ്പോൾ അദ്ദേഹം പറയുന്നത് ശരിയാണ് ,കല്യാണം കഴിഞ്ഞിത് വരെ എന്നോട് വേദനിപ്പിക്കുന്ന ഒരു വാക്ക് പോലും അദ്ദേഹം പറഞ്ഞിട്ടില്ല, എന്നെ ഇത് വരെ പട്ടിണിക്കിട്ടിട്ടില്ല ,എനിക്ക് വേദനിച്ചപ്പോൾ ഉറക്കമിളച്ചിരുന്ന് ,എന്നെ ശുശ്രൂഷിക്കുകയും, എൻ്റെ മുഖം വാടുമ്പോഴൊക്കെ, ഉത്ക്കണ്ഠപ്പെടുകയും ചെയ്യുന്ന സ്നേഹനിധിയായ അദ്ദേഹത്തെ ,യാതൊരു കാരണവുമില്ലാതെ എൻ്റെ സ്വാർത്ഥ താല്പര്യത്തിനായി ഞാൻ ഉപേക്ഷിക്കുമ്പോൾ, തീർച്ചയായും ഞാനങ്ങേർക്ക് നഷ്ടപരിഹാരം കൊടുത്തേ മതിയാകു ,അത് കൊണ്ട് ഞാൻ , എൻ്റെ കയ്യിലിരുന്ന ലോട്ടറിടിക്കറ്റെടുത്ത് അയാൾക്ക് കൊടുത്തു, നമുക്കിനി അതിൻ്റെ ആവശ്യമില്ലല്ലോ? അരുണേട്ടന് നല്ല ശബ്ബളത്തോട് കൂടിയ ഒന്നാന്തരം ജോലിയുണ്ട്, അരുണേട്ടൻ എന്നെ ഒരു രാജകുമാരിയെ പോലെ നോക്കുമെന്നും എനിക്ക് നന്നായറിയാം, അപ്പോൾ പിന്നെ ആ പന്ത്രണ്ട് കോടി നമുക്കെന്തിനാ അല്ലേ? ശരി അരുണേട്ടാ.. ഞാൻ ദേ ഇപ്പോഴെത്താം ,ബസ് സ്റ്റോപ്പിൽ തന്നെ നില്ക്കണേ?

നീയെന്ത് മണ്ടത്തരമാണ് സുലു ഈ പറയുന്നത്, നഷ്ടപരിഹാരം കൊടുക്കേണ്ടത് അവനല്ലല്ലോ എനിക്കല്ലേ? ഇത്രയും ദിവസം അവൻ്റെയൊപ്പം പൊറുത്ത നിന്നെ, ഇനി ജീവിതകാലം മുഴുവൻ അറിഞ്ഞ് കൊണ്ട് ചുമക്കേണ്ടത് ഞാനല്ലേ? അപ്പോൾ നഷ്ടപരിഹാരത്തിന് അർഹത എനിക്കല്ലേ ?നിനക്കെന്നോടൊപ്പം ജീവിക്കണമെന്നുണ്ടെങ്കിൽ ആ ടിക്കറ്റും കൂടി വാങ്ങിച്ചോണ്ട് വന്നാൽ മതി

അയാൾ കർക്കശമായി പറഞ്ഞു .

ഹ ഹ ഹ എടാ അരുണേ … നിൻ്റെ വായിൽ നിന്നും ഉള്ളിലുള്ള വിഷം പുറത്ത് ചാടുമെന്ന് എനിക്കറിയാമായിരുന്നു അതിന് വേണ്ടി തന്നെയാണ് ഞാൻ നിന്നോടൊരുകളവ് പറഞ്ഞത്, എനിക്ക് നിന്നോടൊപ്പം ജീവിക്കാൻ യാതൊരു കൊതിയുമില്ല

ഡീ … നീയധികം നെഗളിക്കരുത് ഒരിക്കൽ നിന്നെ രാജീവൻ ഉപേക്ഷിക്കുമ്പോൾ നീയെൻ്റെ കാൽച്ചുവട്ടിൽ തന്നെ വരും

അയാൾ ദേഷ്യവും നിരാശയും കലർന്ന സ്വരത്തിൽ പറഞ്ഞു.

ഇല്ല ഒരിക്കലും നീയത് പ്രതീക്ഷിക്കേണ്ട ,രാജീവേട്ടൻ ജോലി കഴിഞ്ഞിത് വരെ വന്നിട്ടില്ല, വന്നാലുടനെ എൻ്റെ താലിമാല ഊരി ഞാൻ അദ്ദേഹത്തിൻ്റെ കയ്യിൽ കൊടുത്തിട്ട് ഒന്ന് കൂടി അതെൻ്റെ കഴുത്തിലണിഞ്ഞ് തരാൻ പറയും എന്തിനാണെന്നോ? ആ താലി കഴുത്തിൽ വീഴുമ്പോൾ, മനസ്സ് കൊണ്ട് രാജീവനെ എൻ്റെ ഭർത്താവായി സ്വീകരിക്കാനും, എൻ്റെ മരണം വരെ അദ്ദേഹത്തിനെ എന്നിൽ നിന്ന് പിരിക്കരുതെന്ന് ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിക്കാനും, നിനക്ക് ,എൻ്റെ മനസ്സിലിപ്പോൾ വെറുമൊരു പുഴുവിൻ്റെ സ്ഥാനം മാത്രമേയുള്ളു ,ഇനി നിന്നെ എൻ്റെ കൺവെട്ടത്ത് കണ്ട് പോകരുത്, മനസ്സിലായോ?

ഒരലർച്ചയോടെ ഫോൺ കട്ട് ചെയ്തിട്ട്, അവൾ പൂമുഖത്തേയ്ക്ക് വന്നു,

ആ സമയം ,ദൂരെ വയൽ വരമ്പിലൂടെ നടന്ന് വരുന്ന രാജീവനെ കണ്ട് സുലോചനയുടെ മനസ്സ് ആർദ്രമായി.

അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *