രാജീവൻ്റെ ഭാര്യയായി സുലോചന കണ്ണാട്ടേക്ക് വരുമ്പോൾ അയാളുടെ ഏറ്റവും ഇളയ സഹോദരിക്ക് രണ്ട് വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളു
ഒരു വർഷം മുമ്പാണ് ഗുരുവായൂരിൽ തൊഴാൻ പോയി തിരിച്ച് വരുമ്പോൾ രാജീവൻ്റെ അച്ഛനും അമ്മയും കുതിരാൻ കയറ്റത്തിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞ ബസ്സിനടിയിൽപെട്ട് മരിച്ചത്
അന്ന് കൈക്കുഞ്ഞായിരുന്ന പാറുക്കുട്ടി എന്ന് വിളിക്കുന്ന പാർവതി അവരോടൊപ്പമുണ്ടായിരുന്നെങ്കിലും, ബസ്സിൽ നിന്ന് പുറത്തേയ്ക്ക് തെറിച്ച് വീണ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
മാതാപിതാക്കളുടെ അകാലമരണം ,ഇരുപത്തിരണ്ട് വയസ്സുള്ള രാജീവനെയും, അയാളുടെ താഴെയുള്ള ഏഴാം ക്ളാസ്സുകാരി അർച്ചനയെയും അഞ്ചാം ക്ളാസ്സുകാരൻ പ്രവീണിനെയും ഒപ്പം പാർവ്വതിയെയും അനാഥരാക്കി.
കഴിഞ്ഞ ഒരു വർഷത്തോളം അമ്മാവൻമാരുടെയും, ഇളയമ്മയുടെയുമൊക്കെ വീടുകളിൽ മാറി മാറി നിന്നെങ്കിലും അവരുടെയൊക്കെ കുത്ത് വാക്കുകൾ സഹിക്കവയ്യാതെ രാജീവൻ സഹോദരങ്ങളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നു
പ്ളസ് ടു പഠനം കഴിഞ്ഞ് അല്ലറ ചില്ലറ ജോലികൾക്കൊക്കെ പൊയിക്കൊണ്ടിരുന്ന രാജീവന്,അർച്ചനയും, പ്രവീണും പഠിക്കാൻ പോയി കഴിയുമ്പോൾ, പാറുക്കുട്ടിയെ തനിച്ചാക്കി ജോലിക്ക് പോകാൻ പ്രയാസമായി .
അപ്പോഴാണ് രാജീവൻ്റെ അച്ഛമ്മ ഒരു പോംവഴി കണ്ടത്
രാജീവൻ ഒരു വിവാഹം കഴിച്ചാൽ ,പാറുവിനെ നോക്കാൻ മാത്രമല്ല, പ്രായമായി വരുന്ന അർച്ചനയുടെ കാര്യങ്ങൾ നോക്കാനും മറ്റൊരാളെ ആശ്രയിക്കേണ്ടി വരില്ലെന്നും അത് കൊണ്ട് എത്രയും വേഗം അവനൊരു പെണ്ണ് കണ്ടെത്തണമെന്നും രാജീവൻ്റെ കൊച്ചച്ഛൻമാരോട് അവർ നിർദ്ദേശിക്കുകയായിരുന്നു.
പക്വതയില്ലാത്ത ഇരുപത്തിരണ്ട്കാരൻ പയ്യന് എന്ത് വിശ്വസിച്ചാണ് മകളെ കല്യാണം കഴിച്ച് കൊടുക്കുന്നതെന്ന് പല പെൺകുട്ടികളുടെയും മാതാപിതാക്കൾ സംശയം പ്രകടിപ്പിച്ചപ്പോൾ, ഒരു പാട് ആലോചനകൾ വന്നെങ്കിലും ഇരുപത്തിനാല് വയസ്സ് കഴിഞ്ഞിട്ടും മംഗല്യഭാഗ്യമില്ലാതെ നില്ക്കുന്ന സുലോചനയെ കെട്ടിച്ച് കൊടുക്കാമെന്ന്, അവളുടെ മാതാപിതാക്കൾ രാജീവൻ്റെ, കൊച്ചച്ചൻമാരോട് പറയുകയായിരുന്നു.
ഇരുപത്തിനാലിൽ മംഗല്യം നടന്നില്ലെങ്കിൽ സുലോചനയ്ക്ക് പിന്നെ നാല്പത് കഴിഞ്ഞേ വിവാഹ യോഗമുണ്ടാകു എന്ന്, ജ്യോത്സ്യൻ പറഞ്ഞതും കൂടി കണക്കിലെടുത്താണ് സുലോചനയുടെ മാതാപിതാക്കൾ, മകളെക്കാൾ പ്രായം കുറഞ്ഞ ചെറുക്കനെ മരുമകനാക്കാൻ നിർബന്ധിതരായത്.
രാജീവൻ്റെ കല്യാണം കഴിഞ്ഞ് നേരം ഇരുട്ടുന്നതിന് മുൻപ് തന്നെ ബന്ധുക്കളൊക്കെ പിരിഞ്ഞ് പോയപ്പോൾ കണ്ണാട്ട് വീട്ടിൽ അവരോടൊപ്പം അച്ഛമ്മ മാത്രമായി.
രാത്രിയായപ്പോൾ അത്താഴം കഴിഞ്ഞ് ഉറങ്ങാൻ കോട്ട് വായിട്ട് കൊണ്ടിരുന്ന, അർച്ചനയോടും , പ്രവീണിനോടും തൻ്റെ മുറിയിൽ പോയി പായ വിരിച്ച് കിടന്നോളാൻ ,അച്ഛമ്മ പറഞ്ഞു
ഇനി വല്യേട്ടൻ്റെ കൂടെ കിടക്കുന്നത് ഏടത്തിയമ്മയും പാറുക്കുട്ടിയും മാത്രമായിരിക്കും, ഇന്ന് മുതൽ നിങ്ങളെൻ്റെ കൂടെയും , എന്താ അങ്ങനെ പോരെ?
അച്ഛമ്മ ഒരു കാര്യം തീരുമാനിച്ചതിന് ശേഷമായിരിക്കും അഭിപ്രായമാരായുന്നതെന്നറിയാവുന്നത് കൊണ്ട്, എതിർപ്പൊന്നും പ്രകടിപ്പിക്കാതെ ഇരുവരും കൂടി അച്ഛമ്മയുടെ മുറിയിലേക്ക് പോയി.
എല്ലാവരും കഴിച്ച എച്ചിൽ പാത്രങ്ങൾ കഴുകി വെച്ച്, അടുക്കള തൂത്ത് വാരി പാതകപ്പുറവും തുടച്ച് വൃത്തിയാക്കിയതിന് ശേഷമാണ്, സുലോചന മുറിയിലേക്ക് വന്നത്.
അപ്പോൾ രാജീവൻ കട്ടിലിൽ കിടന്ന് പാറുക്കുട്ടിയെ കളിപ്പിക്കുകയായിരുന്നു.
സുലോചനയെ കണ്ടതും അയാൾ ചാടിയെഴുന്നേറ്റു.
അവിടിരിക്ക് രാജീവേട്ടാ … എന്തിനാ എന്നെ കണ്ട് എഴുന്നേല്ക്കുന്നത് ? ഭർത്താവിനെ ഭാര്യയാണ് ബഹുമാനിക്കേണ്ടത്,
സുലോചന തന്നെ ഏട്ടനെന്ന് സംബോധന ചെയ്തത്, രാജീവനിൽ നേരിയ ജാള്യതയുണ്ടാക്കി.
അല്ലാ ഞാനെന്താ വിളിക്കേണ്ടത്?
അയാൾ സുലോചനയുടെ നേർക്ക് വിരൽ ചൂണ്ടി ചോദിച്ചു.
വീട്ടിലെല്ലാവരും സുലൂന്നാ വിളിക്കുന്നത്, ഏട്ടനും അങ്ങനെ വിളിച്ചാൽ മതി
ഉം ശരി, എങ്കിൽ സുലു ഇവിടെ വന്നിരിക്കു, ഉറക്കം വരുന്നില്ലെങ്കിൽ, കുറച്ച് നേരം നമുക്ക് എന്തേലുമൊക്കെ സംസാരിച്ചിരിക്കാം
അത് കേട്ട് സുലോചനയ്ക്ക് ഉള്ളിൽ ചിരി പൊട്ടി.
അതിന്, ആദ്യരാത്രിയിൽ ആരെങ്കിലും ഉറങ്ങുമോ രാജീവേട്ടാ .. നേരം വെളുക്കും വരെ നമുക്ക് സംസാരിക്കാൻ സമയമുണ്ടല്ലോ? ആദ്യം ഞാനൊന്ന് പോയി കുളിച്ചിട്ട് വരട്ടെ, ദേഹമാസകലം ചെളിയാണ്
ഉം, അപ്പോഴേക്കും ഞാൻ പാറുക്കുട്ടിയെ ഒന്നുറക്കട്ടെ
അയാളൊരു കള്ളച്ചിരിയോടെ പറഞ്ഞപ്പോൾ, രാജീവന് ആദ്യരാത്രിയെ കുറിച്ചൊക്കെ നല്ല ധാരണയുണ്ടെന്ന് അവൾക്ക് മനസ്സിലായി.
കുളി കഴിഞ്ഞ് ,ധരിച്ചിരുന്ന വസ്ത്രങ്ങളും തിരുമ്പി, പുറത്തെ അയയിൽ വിരിച്ചിട്ടിട്ടാണ് ,സുലോചന മുറിയിലേക്ക് തിരിച്ച് വന്നത്.
അപ്പോൾ രാജീവൻ കട്ടിലിൽ മലർന്ന് കിടന്ന് കൂർക്കം വലിക്കുന്നതും, പാറുക്കുട്ടി കയ്യിലിരുന്ന ഐയ് ബ്രോ കൊണ്ട്, അയാളുടെ മുഖത്തും നെഞ്ചത്തുമൊക്കെ കളം വരയ്ക്കുന്നതും കണ്ട്, അവൾക്ക് ചിരി വന്നു.
ഇതെന്താ പാറു നീ കാട്ടണെ? വല്യേട്ടനെ മേയ്ക്കപ്പ് ചെയ്യുവാണോ ?
സുലോചന വാത്സല്യത്തോടെ പാറുവിനെ കോരിയെടുത്തു.
നമുക്ക് ഉറങ്ങണ്ടേ? ഇങ്ങനെ കളിച്ചോണ്ടിരുന്നാൽ മതിയോ?
ഏടത്തിയമ്മ പാട്ട് പാടി തരാം പാറുട്ടി ഉറങ്ങണ ട്ടോ?
അവൾ കുഞ്ഞിനെ തോളിലേക്ക് ചായ്ച്ച് കിടത്തിയിട്ട്, മുറിക്ക് വെളിയിലേക്കിറങ്ങി , ഉമ്മറത്തെ നീളമുള്ള വരാന്തയിൽ മന്ദം മന്ദം നടന്ന് കൊണ്ട്, കുഞ്ഞിൻ്റെ പുറത്ത് തട്ടി പഴയൊരു സിനിമയിലെ താരാട്ട് പാട്ട് പാടി കൊടുത്തു.
പുറത്ത് ഇളം കാറ്റ് വീശുന്നതും, മുറ്റത്ത് വീണ് കിടക്കുന്ന കരിയിലകൾ പറക്കുന്നതും, കണ്ടപ്പോൾ ,ഇടയ്ക്കവൾ ആകാശത്തേയ്ക്ക് നോക്കി.
അപ്പോൾ അർദ്ധ ചന്ദ്രൻ മേഘക്കീറിനുള്ളിലേക്ക് പാലായനം ചെയ്യുന്നത്, കൗതുകത്തോടെ സുലോചന നോക്കി നിന്നു.
തോളിൽ കിടന്ന പാറുവിൻ്റെ നിശ്വാസം തൻ്റെ പിൻകഴുത്തിൽ തട്ടിയപ്പോൾ, കുഞ്ഞുറങ്ങിയെന്ന് മനസ്സിലാക്കിയ സുലോചന, മുറിയിലേക്ക് തിരിച്ച് വന്നു.
അപ്പോഴും രാജീവൻ ഗാഡ നിദ്രയിലായിരുന്നു.
പാവം, പകല് മുഴുവൻ എല്ലാ കാര്യങ്ങൾക്കും, ഒറ്റയ്ക്കല്ലേ ഓടി നടന്നത്,അതിൻ്റെ ക്ഷീണം ണ്ടാവും, കിടന്നോട്ടെ ശല്യപ്പെടുത്തേണ്ട
പാറുവിനെ നടുക്ക് കിടത്തിയിട്ട് സുലോചന, കട്ടിലിൻ്റെ ഒഴിഞ്ഞ് കിടന്ന ഭാഗത്ത് കയറി കിടന്നു.
അവൾക്കും ക്ഷീണമുണ്ടായിരുന്നത് കൊണ്ടാവാം, കിടന്നയുടനെ തന്നെ സുലോചന ഉറക്കത്തിലേക്ക് വീണു.
പാതിരാത്രിയിലെപ്പോഴോ അസഹ്യമായ വേദനയാലവൾ ഞെട്ടിയുണർന്നു.
തൻ്റെ മുഖത്ത് പതിക്കുന്ന ചൂട് ശ്വാസവും, തന്നെ വരിഞ്ഞ് മുറുക്കുന്ന തഴമ്പിച്ച കൈകളും, രാജീവൻ്റെതാണെന്ന് തിരിച്ചറിയാൻ, അവൾക്ക് അല്പനേരം വേണ്ടിവന്നു.
തുടരും…