ചുരം ~ ഭാഗം 02, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 1 വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഏട്ത്തിയമ്മ പൊഴേല് കുളിക്കാൻ വരണുണ്ടോ?

അതിരാവിലെയെഴുന്നേറ്റ് മുറ്റമടിച്ച് കൊണ്ടിരിക്കുമ്പോൾ അർച്ചനയുടെ ചോദ്യം കേട്ട് സുലോചന ചൂലുമായി നിവർന്ന് നിന്നു.

തലേ രാത്രിയിലെ രാജീവൻ്റെ പരാക്രമത്തിൽ ചോർന്ന് പോയ, മനസ്സിൻ്റെയും, ശരീരത്തിൻ്റെയും ഊർജ്ജം വീണ്ടെടുക്കണമെങ്കിൽ, തല തണുക്കെ , ഒന്ന് മുങ്ങിക്കുളിക്കണമെന്ന് മനസ്സിൽ വിചാരിച്ചിരിക്കുകയായിരുന്നവൾ.

വീട്ടിൽ വച്ച് എന്നും രാവിലെ എഴുന്നേറ്റാൽ ,ആദ്യം തന്നെ മുറ്റമടിക്കുന്ന ശീലമുള്ളത് കൊണ്ടാണ്, കുളിച്ച് അടുക്കളയിൽ കയറേണ്ടതിന് പകരം, ചൂലുമെടുത്ത് കൊണ്ട് ഉമ്മറത്തേക്ക് വന്നത്.

എന്താ ആലോചിക്കണേ വരണുണ്ടെങ്കിൽ വേഗം വാ കുറച്ച് കഴിഞ്ഞാൽ ലോറിക്കാര് എൻജിൻ തണുപ്പിക്കാൻ കടവിലെത്തും പിന്നെ നമുക്ക് സ്വസ്ഥമായിട്ട് കുളിക്കാൻ കഴിയില്ല

അർച്ചന ,അക്ഷമയോടെ ചോദ്യം ആവർത്തിച്ചപ്പോൾ സുലോചന ചൂല് കൊണ്ട് പോയി പുറകിലെ ചാർത്തിൽ വച്ചിട്ട് അകത്ത് കയറി ഉടുത്ത് മാറാനുള്ള മുണ്ടും ലോങ്ങ് ബ്ളൗസുമെടുത്തിട്ട് അവളോടൊപ്പം പുഴക്കരയിലേക്ക് നടന്നു .

ചെങ്കല്ല് ചെത്തിമിനുക്കിയ ഒറ്റയടി പാതയിലൂടെ, ധൃതി പിടിച്ച് നടക്കുമ്പോൾ, തെന്നി വീഴാതിരിക്കാനായി, സുലോചന, അർച്ചനയുടെ തോളിൽ അമർത്തി പിടിച്ചു.

എടീ അർച്ചനേ.. ഇതാണോ രാജീവൻ്റെ കെട്ടിയോള്?

കഴുകിപ്പിഴിഞ്ഞ വസ്ത്രങ്ങളടങ്ങിയ പ്ളാസ്റ്റിക്ക് ബക്കറ്റ് തൂക്കിപ്പിടിച്ച് കൊണ്ട് എതിരെ വന്ന, മുലക്കച്ച കെട്ടിയൊരു മദ്ധ്യവയസ്ക, സുലോചനയെ സാകൂതം വീക്ഷിച്ച് കൊണ്ട് ചോദിച്ചു.

ഉം അതെ, ഇതാണ് ഞങ്ങടെ ഏടത്തിയമ്മ, സുലോചനേന്നാ പേര്

തൻ്റെ തോളോട് ചേർന്ന് നിന്ന് കൊണ്ട് അർച്ചനയത് പറഞ്ഞപ്പോൾ സുലോചനയ്ക്ക് സന്തോഷം തോന്നി.

ഓഹ് അവടെയൊരു പവറ് കണ്ടില്ലേ? ഇപ്പോ നെനക്ക് സന്തോഷായില്ലേ പെണ്ണേ ?ഇനീപ്പോ അമ്മ ഇല്ലാത്തേൻ്റെ കേദമൊന്നും വേണ്ടാ ,അമ്മേടെ സ്ഥാനത്തിരുന്നോണ്ട് ഈ പെൺകൊച്ച് നിങ്ങളെ നോക്കിക്കോളും, അല്ലേടി മോളേ..

അത് കേട്ട് സുലോചന ഒന്ന് മന്ദഹസിച്ചു.

ങ്ഹാ സുലോചനേ.. നിനക്ക് കൊച്ചുങ്ങളുണ്ടാവുമ്പോൾ നീയിവരോട് പോരൊന്നുമെടുത്തേക്കരുത് കേട്ടാ, തന്തേം തള്ളേമില്ലാത്ത പിള്ളേരാണ് ,അത് മറക്കരുത്, ഞാൻ പറഞ്ഞന്നേയുള്ളു, എന്നാ ഞാൻ പൊക്കോട്ടെ, കാർന്നോരിപ്പോ എണീറ്റുണ്ടാവും

ഇടത് കൈയ്യിൽ നിന്നും ബക്കറ്റ് വലത് കൈയ്യിലേക്ക് മാറ്റിപ്പിടിച്ച് കൊണ്ട് അവര് മുകളിലേക്ക് കയറി പോയി.

ഔചിത്യബോധമില്ലാത്ത ആ സ്ത്രീയോട് സുലോചനയ്ക്ക് അമർഷം തോന്നി.

ഏടത്തിയമ്മ അവര് പറഞ്ഞതൊന്നും കാര്യാക്കണ്ട നാക്കിന് എല്ലില്ലാത്തവരാ

സുലോചനയുടെ മുഖത്ത് ഇരുള് പരന്നത് കണ്ട് അർച്ചന അവളെ ആശ്വസിപ്പിച്ചു.

കുളിക്കടവിൽ നല്ല തിരക്കുണ്ടായിരുന്നു

അർച്ചനയോടൊപ്പം കടവിലെത്തിയ സുലോചനയെ അവിടെയുണ്ടായിരുന്ന പെണ്ണുങ്ങൾ കൗതുകത്തോടെയാണ് നോക്കിയത് .

ഇത്രേം നെറമുള്ള പെണ്ണുങ്ങളാരും നമ്മുടെ നാട്ടിലുണ്ടാവില്ല അല്ലേ ജാനൂ

ഒന്ന് മുങ്ങി നിവർന്ന ജാനുവിൻ്റെ പുറത്ത് ചകിരി കൊണ്ട് തേച്ച് കൊടുക്കുന്നതിനിടയിൽ അയൽക്കാരി മറിയ അടക്കം പറഞ്ഞു

ഉം നേരാ മറിയേ… പനങ്കുലപോലത്തെ ആ മുടി കണ്ടില്ലേ? എനിക്ക് മനസ്സിലാവാത്തത് അതല്ല, ആ നരന്ത് ചെക്കന് ഈ തങ്കക്കുടം പോലത്തെ പെൺകൊച്ചിനെ എന്ത് കണ്ടിട്ടാണ് കെട്ടിച്ച് കൊടുത്തതെന്നാ, കല്യാണത്തിന് രാജീവൻ്റെയൊപ്പം നിന്നപ്പോൾ അവൻ കരിവിളക്ക് പോലെയും ഈ കൊച്ച് നിലവിളക്ക് പോലെയുമാ ഇരുന്നത്

അത് പിന്നെ പെൺമക്കള് കെട്ട് പ്രായം കഴിഞ്ഞ് നിന്നാൽ എല്ലാ മാതാപിതാക്കളും ഇത് പോലെ കടുകൈ ചെയ്ത് പോകും

അങ്ങനെ നിങ്ങള് രാജീവനെ മാത്രം കുറ്റം പറയണ്ടാ .. ഒന്നുമില്ലേലും അവനൊരു കൊച്ച് പയ്യനല്ലേ? പെണ്ണാണെങ്കിൽ അവനെക്കാളും അഞ്ചാറ് വയസ്സ് മൂത്തതാണെന്നാ ഞാൻ കേട്ടത്, രണ്ടും കൂടി മണ്ഡപത്തീ നിന്നിട്ട് അനുജനേം ചേച്ചിയേം പോലെയാ എനിക്ക് തോന്നിയത്

അവരുടെ സംസാരം കേട്ട് അടുത്ത് നിന്ന വിലാസിനി ഏറ്റ് പിടിച്ചു

ഓഹ് അതിനെന്താ ?അത് കൊണ്ട് പെണ്ണ് പെറാതിരിക്കത്തൊന്നുമില്ലല്ലോ

മറിയേടെ തമാശ കേട്ട് മൂവരും കൂടി പൊട്ടിച്ചിരിച്ചു.

എന്തായാലും പുഴക്കടവിൽ കുളിക്കാനും നനയ്ക്കാനും വരുമ്പോൾ പരദൂഷണം പറയാൻ പുതിയൊരു ഇരയെ കിട്ടിയതിൻ്റെ സന്തോഷത്തിലായിരുന്നവർ.

കുളി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ സുലോചനയ്ക്ക് , വീടിൻ്റെ തെക്കേ പുറത്ത് നിന്ന് കൊണ്ട് സ്ളാബ്മതിലിൻ്റെ ചുവട്ടിലേക്ക് മൂത്രമൊഴിക്കുന്ന രാജീവനെ കണ്ട് മ്ളേച്ഛത തോന്നി

എന്താ രാജീവേട്ടാ ഈ കാണിക്കുന്നത്? തൊട്ടടുത്തല്ലേ ടൊയ്ലറ്റുള്ളത്, അതിനകത്ത് കയറി മൂത്രമൊഴിച്ചാലെന്താ ഇതൊരു മാതിരി സ്റ്റാൻഡേർഡില്ലാത്ത പോലെ

സുലോചന നീരസത്തോടെ അയാളോട് പറഞ്ഞു.

ഓഹ്,ഞാനതോർത്തില്ല, പണ്ട് മുതലേയുള്ള ശീലമാണ് ,പിന്നെ… ഉറക്കപ്പിച്ചോടെ എഴുന്നേറ്റ് വന്നത് കൊണ്ട് ,ഇന്നലെ എൻ്റെ കല്യാണം കഴിഞ്ഞ കാര്യം പോലും ഇപ്പോഴാ ഞാനോർത്തത് ,സാരമില്ല ഇനി ഞാൻ ശ്രദ്ധിച്ചോളാം

ഇളിഭ്യനായി കൊണ്ടയാൾ പറഞ്ഞു.

ഉം ശരി എങ്കിൽ പോയി മുഖം കഴുകിയിട്ട് വാ ഞാൻ ചായ എടുത്ത് തരാം

അല്ല നീ അടുക്കളയിലോട്ട് പോകുവാണോ ?നീയടുത്ത് വന്നപ്പോൾ ,രാധാസ് സോപ്പിൻ്റെ നല്ല വാസനയുണ്ട് നമുക്ക് കുറച്ച് നേരം മുറിയിലിരുന്ന് സംസാരിച്ചിട്ട് നിനക്ക് കുറച്ച് കഴിഞ്ഞ് അടുക്കളയിൽ കയറിയാൽ പോരെ?

അയ്യോ അത് പോരാ കുട്ടികൾക്ക് രാവിലെ വിശക്കില്ലേ? ഞാൻ പോയി ദോശയുണ്ടാക്കട്ടേ? നേരമിത്രയായിട്ടും ഞാനിത് വരെ അടുക്കളയിൽ കയറിയില്ലെന്നറിഞ്ഞാൽ അച്ചമ്മ എന്ത് കരുതും സംസാരമൊക്കെ നമുക്ക് പിന്നീടാവാം

അവൻ്റെ മറുപടി കിട്ടുന്നതിന് മുമ്പ് അവൾ വേഗം അവിടുന്ന് സ്ഥലം കാലിയാക്കി.

ഇന്നലെ ഇത് പോലെ സംസാരിക്കണമെന്ന് പറഞ്ഞയാളാണ്, ഒന്നും മിണ്ടാതെ കിടന്നുറങ്ങിയിട്ട് ,പാതിരാത്രിയായപ്പോൾ തന്നോട് ക്രൂരമായി പെരുമാറിയത് ,അതിനെക്കുറിച്ചോർത്തപ്പോൾ അവൾക്ക് , ഉള്ളിലേറ്റ മുറിവുകളിലൊക്കെ കടുത്ത നീറ്റലനുഭവപ്പെട്ടു.

അടുക്കളയിൽ കയറി എല്ലാവർക്കുമുള്ള ചായ തിളപ്പിച്ചിട്ട് രാജീവനുള്ള ചായ അവൾ ,അർച്ചനയുടെ കയ്യിലാണ് കൊടുത്ത് വിട്ടത്

ദോശ ചുട്ട് കൊണ്ടിരിക്കുമ്പോൾ പാറുക്കുട്ടിയുടെ കരച്ചില് കേട്ടു

അർച്ചനേ… ദേ പാറൂട്ടി കരയുന്ന കേട്ടില്ലേ? വല്യേട്ടനെവിടെപോയതാന്ന് നോക്കിയേ?

സ്കൂളിൽ പോകാൻ യൂണിഫോം ധരിച്ചോണ്ടിരുന്ന അർച്ചനയോട് സുലോചന വിളിച്ച് പറഞ്ഞു.

ഏട്ടനിത് എന്ത് നോക്കിയിരിക്കുവാ, കുഞ്ഞ് കരയുന്നത് കേട്ടൂടെ?

മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന രാജീവനോട് കയർത്തിട്ട് , അർച്ചന പാറുവിനെ എടുത്ത് കൊണ്ട് അടുക്കളയിലേക്ക് പോയി.

ഏടത്തിയമ്മേടെ പാറൂട്ടൻ എണീറ്റോ ?വിശക്കുന്നുണ്ടോടാ വാവേ… ഏട്ത്തിയമ്മ ഇപ്പോൾ പാല് കാച്ചി തരാട്ടോ ,

പാറുകുട്ടിയെ കണ്ട സുലോചന അരുമയോടെ അവളുടെ കവിളിലൊരുമ്മ കൊടുത്തു.

അർച്ചനേ… കുഞ്ഞിനെ കൊണ്ട് പോയി അച്ഛമ്മയെ ഏല്പിച്ചിട്ട് മോളൊരുങ്ങിക്കോ ഏട്ത്തിയമ്മ നിങ്ങൾക്ക് കൊണ്ട് പോകാനുള്ള ലഞ്ച് ബോക് സൊക്കെ അപ്പോഴേക്കും എടുത്ത് വയ്ക്കാം

സുലോചനയുടെ ചുറുചുറുക്കും ഉത്തരവാദിത്വബോധവും അർച്ചനയിൽ അത്ഭുതമുളവാക്കി

ശരിക്കും അമ്മയെ പോലെ തന്നെയാണ് ഏട്ത്തിയമ്മയെന്ന് ഒരു നിമിഷം അവളോർത്ത് പോയി.

സുലോചന വളരെ പെട്ടെന്നാണ് ആ വീടുമായിട്ട് ഇണങ്ങി ചേർന്നത്.

പ്രവീണും, അർച്ചനയും സ്കൂളിലേക്ക് പോയി കഴിഞ്ഞപ്പോൾ അച്ഛമ്മയുടെ കയ്യിലിരുന്ന് പാല് കുടിച്ച് കഴിഞ്ഞ പാറുവിനെയുമെടുത്ത് കൊണ്ട് സുലോചന മുറിയിലേക്ക് ചെന്നു.

തൻ്റെ കാൽപെരുമാറ്റം കേട്ടിട്ടും മൊബൈലിൽ തന്നെ കണ്ണ് നട്ടിരിക്കുന്ന രാജീവൻ്റെ അരികിലേക്ക് ,അയാളെന്താണ് കാണുതെന്നറിയാൻ സുലോചന ജിജ്ഞാസയോടെ ചെന്നു.

അയ്യേ… ഇതെന്താ രാജീവേട്ടാ .. ഈ കണ്ടോണ്ടിരിക്കുന്നത്? ഇത്തരം വൃത്തികെട്ട വീഡിയോസൊക്കെ കണ്ടിട്ടാണല്ലേ ഇന്നലെ എന്നോടങ്ങനെയൊക്കെ പെരുമാറിയത് ,ശ്ശെ എനിക്കിത് കണ്ടിട്ട് അറപ്പ് തോന്നുന്നു ഒന്ന് മാറ്റുന്നുണ്ടോ രാജീവേട്ടാ…?

അവൾ അസഹ്യതയോടെ ചോദിച്ചു .

ഓഹ് സോറി നിനക്കിതൊന്നുമിഷ്ടമല്ലായിരുന്നല്ലേ?എൻ്റെ കൂട്ടുകാരാ പറഞ്ഞത്, ചില പെണ്ണുങ്ങളൊക്കെ ഇത് കാണാറുണ്ടെന്ന്

ഓഹോ അപ്പോൾ നിങ്ങടെ കൂട്ടുകാരും വെറും തല്ലിപ്പൊളികളാണല്ലേ?എന്നാൽ കേട്ടോ എനിക്കിതൊന്നും ഇഷ്ടമല്ലെന്ന് മാത്രമല്ല, ഇനി മേലാൽ നിങ്ങടെ ഫോണിൽ ഇത്തരം വീഡിയോകളൊന്നും ഇനി ഉണ്ടാവാനും പാടില്ല വേഗം അതെല്ലാം ഡിലിറ്റ് ചെയ്തോ,ഇതെങ്ങാനും പ്രവീണോ, അർച്ചനയോ കണ്ടാലെന്താകും അവസ്ഥ ,ഈ വീട്ടിൽ ആകെ കൂടി ഈ ഒരൊറ്റ ഫോണല്ലേയുള്ളു ,നിങ്ങളെന്താ രാജീവേട്ടാ ഇത്രയും പക്വതയില്ലാതെ പെരുമാറുന്നത്

സുലോചന ക്ഷോഭത്തോടെ ചോദിച്ചു.

ഓഹ് ഒന്ന് ക്ഷമിക്ക് സുലൂ.. എനിക്കൊരബദ്ധം പറ്റിയതാന്ന് പറഞ്ഞില്ലേ ?ഇതാ എല്ലാം കളഞ്ഞിട്ടുണ്ട് പോരെ?

അയാൾ അവൾക്ക് നേരെ മൊബൈല് നീട്ടിക്കൊണ്ട് പറഞ്ഞു

ഈശ്വരാ.. താഴെയുള്ള മൂന്ന് കുട്ടികളെ മാത്രമല്ല, താൻ നോക്കി വളർത്തേണ്ടത് ശരിക്കും തൻ്റെ ഭർത്താവിനെ വേണം ആദ്യം നേരെയാക്കാൻ

തൻ്റെ മുന്നിലുള്ളത് വലിയൊരു വെല്ലുവിളിയാണെന്ന തിരിച്ചറിവ് അവളെ ആശങ്കപ്പെടുത്തി.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *