ചുരം ~ ഭാഗം 03, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 02 വായിക്കാൻ ക്ലിക്ക് ചെയ്യൂ…

സുലൂ.. ദേ നിൻ്റെ വീട്ടീന്ന് വിളിക്കുന്നു

അലക്കാനുള്ള തുണികൾ സോപ്പ് വെള്ളത്തിൽ മുക്കി വെയ്ക്കുമ്പോഴാണ്, രാജീവൻ അയാളുടെ ഫോണുമായി അവളുടെയടുത്തേയ്ക്ക് വന്നത്.

അമ്മയായിരിക്കും ഞാനിത് വരെ അങ്ങോട്ടൊന്ന് വിളിച്ചില്ലല്ലോ?

കുറ്റബോധത്തോടെ അവൾ ഫോൺ വാങ്ങി ചെവിയിൽ വച്ചു.

ഹലോ അമ്മേ ..

ങ്ഹാ മോളേ .. നീ പോയപ്പോർ നിൻ്റെ ഫോണും കൂടി കൊണ്ട് പോയിരുന്നെങ്കിൽ ഞാനിപ്പോൾ രാജീവൻ്റെ ഫോണിൽ വിളിക്കേണ്ടി വരുമായിരുന്നോ?

അതിനെന്താ അമ്മേ … രാജീവേട്ടനിപ്പോൾ ഇവിടെ തന്നെയുണ്ടല്ലോ? രണ്ട് ദിവസം കൂടി കഴിഞ്ഞിട്ടേ, ജോലിക്ക് പോയി തുടങ്ങുകയുള്ളു

തനിക്ക് ഫോൺ തന്നിട്ട് രാജീവൻ വീടിനകത്തേയ്ക്ക് കയറി പോയെന്ന്, എത്തി നോക്കി ഉറപ്പ് വരുത്തിയിട്ടാണ്, സുലോചന അമ്മയോട് പിന്നീട് സംസാരിച്ചത്.

ങ്ഹേ, നീയെന്താ പറഞ്ഞത് രാജീവേട്ടനോ? നീയങ്ങനാണോ അവനെ വിളിക്കുന്നത് ?എനിക്ക് കേട്ടിട്ട് എന്തോ പോലെ

കൊള്ളാം അമ്മേ.. പ്രായത്തിനിളയതാണെങ്കിലും അദ്ദേഹം എൻ്റെ ഭർത്താവല്ലേ?

മ്ഹും .. ഭർത്താവ് ,അതെത്ര കാലത്തേക്കാണെന്ന് നിനക്കറിയാമല്ലോ? അവനുമായി നീയൊന്ന് പിണങ്ങുന്നത് വരെ മാത്രം, ഇന്ന് രാവിലെയും കൂടി നിൻ്റെ അച്ഛൻ പറഞ്ഞതേയുള്ളു , വേണ്ടാത്ത പണിയായി പോയെന്ന്

ഇത് കേട്ടാൽ തോന്നും, എൻ്റെ നിർബന്ധം കൊണ്ടാണ് ഈ കല്യാണം നടത്തിയതെന്ന്, ജാതകം നോക്കിയ ജോത്സ്യൻ പറഞ്ഞിട്ടല്ലേ?, അല്ലാതെ എനിക്കിതിലൊന്നും വലിയ വിശ്വാസമുണ്ടായിട്ടല്ല, ചെറുപ്പം മുതലേ എൻ്റേതെന്ന് വിശ്വസിച്ചു പോന്ന , അരുണേട്ടനെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മാത്രമാണ്, ഈ കോപ്രായങ്ങൾക്കൊക്കെ ഞാൻ കൂട്ടു നിന്നത്

ഡീ .. മോളേ .. ഒന്ന് പതുക്കെ പറ, അവനെങ്ങാനും കേട്ടോണ്ട് വരും, ഇതാ ഞാൻ നേരത്തെ പറഞ്ഞത്, നിൻ്റെ ഫോൺ ആയിരുന്നെങ്കിൽ, എനിക്ക് പേടി ഇല്ലായിരുന്നു ,ഇതിപ്പോൾ നമ്മൾ പറയുന്നതെങ്ങാനും അവൻ്റെ ഫോണിൽ റെക്കോർഡ് ആകുമോന്നാണ് എൻ്റെ പേടി,

ഓഹ്, അതൊന്നും ഇല്ലമ്മേ.. ഇതൊരു പൊട്ട ഫോണാണ്, മാത്രമല്ല ,അതിനുള്ള ബുദ്ധിയൊന്നും പുള്ളിക്കാരനില്ല

ങ്ഹാ, ഇപ്പോഴാ എനിക്ക് സമാധാനമായത്, ഇന്നലെ ഇവിടെ അരുണും, അമ്മായിയും കൂടി വന്നിരുന്നു, അവൻ നിന്നെ വിളിക്കാൻ നോക്കിയപ്പോൾ, ഫോൺ ഇവിടെ ഇരിക്കുന്നു, നീ എപ്പോഴാ ഇങ്ങോട്ട് വരുന്നതെന്ന് അവൻ ചോദിച്ചു

ഞാൻ വരാം അമ്മേ.. അരുണേട്ടനോട്, എൻ്റെ അന്വേഷണം പറഞ്ഞേക്ക്

ശരി മോളേ.. നിനക്കവിടെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലേ?

ഓ എന്ത് ബുദ്ധിമുട്ട് ?അഥവാ ഉണ്ടെങ്കിലും സഹിച്ചല്ലേ പറ്റൂ?

എല്ലാം, നിൻ്റെയും അരുണിൻ്റെയും നല്ല ജീവിതത്തിന് വേണ്ടിയല്ലേ മോളേ?നീ ദീർഘസുമംഗലി ആയിരിക്കാനല്ലേ നമ്മൾ ഈ കളിയൊക്കെ കളിക്കുന്നത്?

അതെനിക്കറിയാം അമ്മേ.. എന്നാലും, കുറച്ചു നാളത്തേത്തേക്കാണെങ്കിലും അരുണേട്ടനെ ഞാൻ വഞ്ചിക്കുകയാണല്ലോ, എന്നൊരു തോന്നൽ

മോൾ അതൊന്നും ഇപ്പോൾ ചിന്തിക്കേണ്ട, ജോത്സ്യൻ പറഞ്ഞത് ഓർമയുണ്ടല്ലോ? നിൻ്റേത് പാപജാതകമാണെന്നും നിന്നെ വിവാഹം കഴിക്കുന്ന ആദ്യ ഭർത്താവുമായി നീ കലഹിച്ച് ,വിവാഹബന്ധം വേർപെടുത്തുമെന്നും, എന്നാൽ രണ്ടാമത് നിന്നെ കല്യാണം കഴിക്കുന്ന ആളുമായി മാത്രമേ സുസ്ഥിരമായൊരു ദാമ്പത്യജീവിതം നിനക്കുണ്ടാവുകയുള്ളുവെന്നും പറഞ്ഞതു കൊണ്ടല്ലേ? അരുണിൻ്റെ സമ്മതത്തോടെ, നമ്മൾ ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നത്? എല്ലാം നല്ലതിന് വേണ്ടി മാത്രമാണെന്ന് ചിന്തിച്ചിരിക്ക് മോളെ..

ഉം ശരിയമ്മേ.. അപ്പാൾ ഇനി വരുമ്പോൾ നേരിട്ട് കാണാം

അമ്മയുമായി സംസാരിച്ചിട്ട് ഫോൺ കട്ട് ചെയ്യുമ്പോൾ സുലോചനയുടെ മനസ്സ് സംഘർഷഭരിതമായിരുന്നു,

ഒരേ സമയത്ത് താൻ, രണ്ടു പേരെയാണ് വഞ്ചിക്കുന്നതെന്ന് അവൾക്ക് തോന്നി.

ഇഷ്ടപ്പെട്ട പുരുഷനെ സ്വന്തമാക്കാൻ വേണ്ടി മാത്രം കുറച്ചുനാളത്തേക്ക് മറ്റൊരു പുരുഷനോടൊപ്പം കഴിയേണ്ടി വരിക, അങ്ങനെ ജീവിക്കുമ്പോൾ, തൻ്റെ ശരീരം കാത്തുസൂക്ഷിക്കുന്നത്, വലിയ വെല്ലുവിളിയാണെന്ന് അറിയാമായിരുന്നെങ്കിലും, എന്തെങ്കിലുമൊക്കെ തടസ്സങ്ങൾ പറഞ്ഞ് ,തമ്മിൽ പിരിയുന്നത് വരെ , രാജീവനെ തൻ്റെ ശരീരത്തിൽ നിന്നും അകറ്റി നിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു താൻ , പക്ഷേ അപ്രതീക്ഷിതമായ അയാളുടെ ആക്രമണത്തിൽ ചെറുത്തുനിൽക്കാൻ തനിക്കായില്ല, ഇനി മറ്റൊരു പുരുഷൻ അനുഭവിച്ച ശരീരവുമായി, അരുണേട്ടൻ്റെയൊപ്പം ജീവിതകാലം മുഴുവൻ കഴിയേണ്ടിവരുമല്ലോ, എന്ന കുറ്റബോധം, അവളെ വല്ലാതെ വേട്ടയാടി.

അല്ല ,താനെന്തിനാ അങ്ങനെ ചിന്തിക്കുന്നത് ?ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നവരൊക്കെ, സ്വാഭാവികമായും അങ്ങനെ തന്നെയല്ലേ ജീവിക്കുന്നത്, അതിലിത്ര തെറ്റായി ചിന്തിക്കാൻ, എന്താണുള്ളത്?

സ്വയം സമാധാനിക്കാൻ ശ്രമിച്ച് കൊണ്ട്, അവൾ കുനിഞ്ഞ് നിന്ന് തുണി കഴുകാൻ തുടങ്ങി.

എന്തായാലും നനഞ്ഞു, ഇനി കുളിച്ച് കയറുന്നത് വരെ ,രാജീവനും ,വീട്ടുകാർക്കും സംശയത്തിനിട നല്കാതെ വേണം, മുന്നോട്ട് പോകാൻ ,തമ്മിൽ പിരിയാനുള്ള ജനുവിനായ ഒരു കാരണം ഉണ്ടാകുന്നത് വരെ ,താൻ ജാഗ്രത പാലിച്ചേ മതിയാകു, അതിനിനിയും തൻ്റെ അഭിനയം തുടരേണ്ടി വരും,

അശുഭ ചിന്തകൾക്കെതിരെ സ്വയം ന്യയീകരിച്ച് കൊണ്ട് പ്രത്യാശയോടെ സുലോചന തൻ്റെ ദൗത്യം തുടർന്നു.

******************

വല്യേട്ടാ … നാളെയാണ് കോൺടാക്ട് ഡേ, സ്കൂളിൽ കൃത്യം പത്ത് മണിക്ക് തന്നെ എത്തിയേക്കണേ

ടിവി കണ്ട് കൊണ്ടിരുന്ന രാജീവൻ്റെ അടുത്ത് വന്ന് പ്രവീൺ പറഞ്ഞു

നാളെയോ? നാളെയെനിക്ക് ജോലിക്ക് പോകണ്ടേ? ഒരു കാര്യം ചെയ്യ്, നീ ഇളയച്ഛനെയെങ്ങാനും കൂട്ടിക്കൊണ്ട് പോകാൻ നോക്ക്

അയ്യോ ഏട്ടാ.. ഇളയച്ഛന് ഒപ്പിടാനൊന്നും അറിയില്ല കഴിഞ്ഞ പ്രാവശ്യം വന്നിട്ട് ആകെ നാണക്കേടായി ,വല്യേട്ടൻ വന്ന് ഒപ്പിട്ടിട്ട് പൊയ്ക്കോ?ഏട്ടന് പണിക്ക് പോകണ്ടതാണെന്ന് ടീച്ചറോട് പറഞ്ഞാൽ മതി

അതൊന്നും ശരിയാവത്തില്ല എനിക്ക് കുറച്ച് ദൂരെയാ പണിയുള്ളത് ,നിൻ്റെ സ്കൂളിൽ വന്നിട്ട് പോകുമ്പോൾ സമയം കഴിഞ്ഞ് പോകും

ഞാൻ പിന്നെ എന്ത് ചെയ്യും

പ്രവീൺ സങ്കടത്തോടെ നിന്നു.

ആഹ് എനിക്കറിയത്തില്ല

രാജീവൻ കൈ മലർത്തി

ഇതെന്തോന്നാ രാജീവേട്ടാ… അവൻ പറയുന്നത് കാര്യമല്ലേ?

സുലൂ.. നിനക്കറിയില്ലേ? സമയത്ത് ചെന്നില്ലെങ്കിൽ പിന്നെ മുതലാളി അന്നത്തെ ദിവസം ജോലിക്ക് കയറ്റത്തില്ല

നീ വിഷമിക്കേണ്ട ,പ്രവീ… ഏടത്തിയമ്മ വരാം നിൻ്റെ കൂടെ

സത്യമാണോ ഏടത്തിയമ്മേ ..

അവൻ അത്ഭുതത്തോടെ ചോദിച്ചു.

അതേടാ… നീ ധൈര്യമായിട്ട് പോയിരുന്ന് പഠിക്ക് ,ഞാനേറ്റു

എങ്കിൽ ഞാൻ കൂട്ടുകാരോടും ടീച്ചറോടുമൊക്കെ ഏടത്തിയമ്മ എൻ്റെ സ്വന്തം അമ്മയാണെന്ന് പറഞ്ഞോട്ടെ? കൂട്ടുകാരെല്ലാം അമ്മയോടൊപ്പമോ അച്ഛനോടൊപ്പമോ ആണ് വരുന്നത് ,അപ്പോൾ എനിക്ക് അമ്മയില്ലെന്നൊരു തോന്നലുണ്ടാവാതിരിക്കാനാ അങ്ങനെ ചോദിച്ചത്

അത് കേട്ട് സുലോചനയുടെ ഉള്ളൊന്ന് പിടഞ്ഞു , മാതാപിതാക്കളുടെ വേർപാട് അവനെ എത്രമാത്രം അലട്ടുന്നുണ്ടാവും ,അവന് നഷ്ടമായ അമ്മയുടെ കുറവ് തനിക്കൊരിക്കലും നികത്താനാവില്ലെന്നറിയാം, എങ്കിലും അവൻ്റെ സമാധാനത്തിന് തനിക്കവൻ്റെ ആഗ്രഹത്തിന് കൂട്ട് നിന്നേ മതിയാകു,

നീ ധൈര്യമായിട്ട് പറഞ്ഞോടാ ഞാൻ നിൻ്റെ അമ്മ തന്നെയാണ്

പുറമേ തകർത്തഭിനയിക്കുമ്പോഴും സുലോചനയുള്ളിൽ കുറ്റബോധം ഫണം വിടർത്തിയാടിക്കൊണ്ടിരുന്നു.

***********************

ഈ സമയം, സുലോചനയുടെ മുറച്ചെറുക്കനായ അരുൺ ,നഗരത്തിലെ തിരക്കേറിയ ബാറിനുളളിൽ, കൂട്ടുകാരനോടൊപ്പം, പതഞ്ഞ് പൊങ്ങിയ തണുത്ത ബിയറ് മൊത്തി കുടിച്ച് കൊണ്ടിരിക്കുകയായിരുന്നു.

എന്നാലും അളിയാ..നിന്നെ ഞാൻ സമ്മതിച്ചു ,പണക്കാരിയായ പുതിയ കാമുകിയെ സ്വന്തമാക്കാൻ വേണ്ടി, പണമില്ലാത്ത മുറപ്പെണ്ണിനെ ഒഴിവാക്കാൻ നീ കാണിച്ച ബുദ്ധി അപാരം തന്നെ, അതിന് വേണ്ടി നീ ,എൻ്റെ അമ്മാവനെ തന്നെ കരുവാക്കിയല്ലോടാ ദുഷ്ടാ…

അതിന് ചുമ്മാതൊന്നുമല്ല, നിൻ്റെ അമ്മാവൻ എനിക്ക് വേണ്ടി കവടി നിരത്തിയതും, കളവ് പറഞ്ഞതും, അങ്ങേർക്ക് ഞാൻ രൂപാ അയ്യായിരമാണ് എണ്ണികൊടുത്തത് , അറിയാമോ?

എന്നാലുമെന്താടാ, നീരജയെ സ്വന്തമാക്കുന്നതോടെ, നീ പിന്നെ ലക്ഷപ്രഭുവല്ലേ? ഒറ്റമകളായ അവളുടെ അച്ഛൻ്റെ സ്വത്ത് മുഴുവൻ നിനക്കുള്ളതല്ലേ? സ്വന്തം കമ്പനിയിൽ അസിസ്റ്റൻറ് മാനേജരായി ജോലി ചെയ്യുന്നത്, മകളുടെ കാമുകനാണെന്ന കാര്യം,പാവം ആ തന്ത അറിയുന്നില്ലല്ലോ, എൻ്റെ കർത്താവേ…

എടാ, എടാ.. മതി നിർത്ത്, ഈ അരുൺ എന്തേലുമൊന്നാഗ്രഹിച്ചാൽ, അത് നേടിയിരിക്കും, അതിനിനി മുറപ്പെണ്ണിനെ ചതിച്ചിട്ടാണേലും ശരി , ഹല്ല പിന്നെ, കണ്ടവൻ്റെ കൂടെ കുറേ നാള് കിടന്നിട്ട് വന്നവളേ, ഞാൻ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് കരുതിയിരിക്കുവാണ്, എൻ്റെ കൺട്രിയായ അമ്മാവനും, അമ്മായിയും, അതിന് വച്ച വെള്ളമങ്ങ് വാങ്ങി വയ്ക്കത്തേയുള്ളു, ഈ അരുണിന്നോടാ കളി,

സ്വയം പുകഴ്ത്തി കൊണ്ട്, കയ്യിലിരുന്ന ബി യർ ഗ്ളാസ്സ് അരുൺ വായിലേക്ക് കമഴ്ത്തി.

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *