ചുരം ~ ഭാഗം 04, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം- 3 വായിക്കാൻ ക്ലിക്ക് ചെയ്യൂ…

എന്ത് പറ്റി സുലൂ? നീയെന്താ എഴുന്നേറ്റിരിക്കുന്നത്, ഉറക്കം വരുന്നില്ലേ?

പാതിരാത്രിയിൽ എന്തോ ശബ്ദം കേട്ടുണർന്ന രാജീവൻ കട്ടിലിൽ എഴുന്നേറ്റിരിക്കുന്ന സുലോചനയെ കണ്ട്, ജിജ്ഞാസയോടെ ചോദിച്ചു.

ഓഹ് വല്ലാത്ത വയറ് വേദന, കിടന്നിട്ട് ഉറങ്ങാൻ കഴിയുന്നില്ല

ങ്ഹേ ? കുറെ നേരമായോ നീ എഴുന്നേറ്റിട്ട്? പിന്നെന്താ എന്നെ ഇത് വരെ വിളിക്കാതിരുന്നത് ,ശരി നീ ഇരിക്ക്, ഞാനപ്പുറത്ത് പോയി അച്ഛമ്മയുടെ മുറിയിലിരിക്കുന്ന ദശമൂലാരിഷ്ടം, എടുത്തോണ്ട് വേഗം വരാം

അയാൾ കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു

ഇത്, അതിൻ്റെയൊന്നുമല്ല , സാധാരണ പെണ്ണുങ്ങൾക്കുണ്ടാകാറുള്ളതാണ്, എനിക്കിപ്രാവശ്യം കുറച്ച് താമസിച്ച് വന്നത് കൊണ്ട് ബ്ളീ ഡിംങ്ങും കുറച്ച് കൂടുതലാണ് ,വയറിനകത്താണെങ്കിൽ കമ്പിപ്പാര കുത്തിയിറക്കുന്ന വേദനയും, സഹിക്കാൻ പറ്റുന്നില്ല

അടിവയറിൽ ഇരു കൈകളും അമർത്തിപ്പിടിച്ച് കൊണ്ട് സുലോചന കുനിഞ്ഞിരുന്നു.

ഇനിയെന്ത് ചെയ്യും സുലൂ.. സാധാരണ ഇങ്ങനെയുണ്ടാകുമ്പോൾ നീയെന്താ ചെയ്യുന്നേ?

വെള്ളം തിളപ്പിച്ച് ചൂട് പിടിച്ചാൽ കുറച്ചാശ്വാസം കിട്ടും, പക്ഷേ ഇവിടുന്നെഴുന്നേറ്റു പോകാൻ പോലും കഴിയുന്നില്ല നിങ്ങളൊരു കാര്യം ചെയ്യ്, അർച്ചനയെ വിളിച്ചിട്ട് എനിക്ക് കുറച്ച് വെള്ളം തിളപ്പിച്ച് തരാൻ പറയ്

അർച്ചനയെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത്? അവള് കിടന്നുറങ്ങിക്കോട്ടെ, നാളെയവൾക്ക് പരീക്ഷയുമുള്ളതല്ലേ? ഞാൻ പോയി തിളപ്പിച്ച് കൊണ്ട് വരാം

അയ്യോ രാജീവേട്ടാ.. നിങ്ങൾക്കിതൊക്കെ വശമുണ്ടോ?

പിന്നില്ലാതെ, ഒരു പാത്രം വെള്ളം തിളപ്പിച്ചെടുക്കുന്നത് അത്ര വലിയ കാര്യമാണോ? ഒരു രണ്ട് മിനുട്ട് ,ഞാൻ ദേ ഇപ്പോൾ കൊണ്ട് വരാം

രാജീവൻ അടുക്കളയിലേക്ക് പോയപ്പോൾ, സുലോചന കൊഞ്ച് പോലെ വളഞ്ഞ് കട്ടിലേക്ക് ചരിഞ്ഞ് കിടന്നു.

****************

സൂലൂ… നീയൊന്ന് നിവർന്ന് കിടക്കാമോ? ഞാൻ മെല്ലെ ചൂട് വച്ച് തരാം

രാജീവൻ്റെ ശബ്ദം കേട്ട് അവൾ പതിയെ കണ്ണ് തുറന്നു.

മുന്നിൽ ,ആവി പറക്കുന്ന ചൂട് വെള്ളവും കയ്യിലൊരു കോട്ടൺ തുണിയുമായി രാജീവൻ നില്ക്കുന്നു

അവിടെ വച്ചേക്കു രാജീവേട്ടാ.. ഞാൻ ചെയ്തോളാം

ആഹാ അത് കൊള്ളാമല്ലോ? വേദന കൊണ്ട് അനങ്ങാൻ പറ്റാതിരിക്കുന്ന നീയെങ്ങനാ തനിയെ ചെയ്യുന്നത് ,നീ ഞാൻ പറയുന്നതൊന്ന് കേൾക്ക്, ആ നൈറ്റിയൊന്ന് ഉയർത്തി വയ്ക്ക്, ഞാൻ മെല്ലെ ചൂട് പിടിച്ച് തരാം

ഛെ!അതൊന്നും വേണ്ട രാജീവേട്ടൻ പോയി കിടന്നോളു ,ലൈറ്റ് ഓഫ് ചെയ്തിട്ട് ഞാൻ തന്നെ ചെയ്തോളാം

ഓഹ് അപ്പോൾ ഞാൻ നിൻ്റെ ന ഗ്നത കാണുമെന്ന് കരുതിയാണോ?അതിനിപ്പോഴെന്താ? ഞാൻ നിന്നെ താലികെട്ടിയ പുരുഷനല്ലേ? അല്ലാതെ അന്യനൊന്നുമല്ലല്ലോ ? അങ്ങോട്ട് ഉയർത്ത് പെണ്ണേ ?

രാജീവൻ്റെ നിർബന്ധത്തിന് വഴങ്ങി, ഒടുവിൽ ജാള്യതയോടെ അവൾ നെറ്റിയുടെ അടിഭാഗം മുകളിലേക്ക് ഉയർത്തി വച്ച് കൊടുത്തിട്ട് ,കണ്ണടച്ച് കിടന്നു.

ഇളം ചൂടുള്ള കോട്ടൺ തുണി, ഒരു തലോടലായി തൻ്റെ അ ടിവയറിലൂടെ പല പ്രാവശ്യം കടന്ന് പോയപ്പോൾ, കടുത്ത വേദനയ്ക്ക് നേരിയ ശമനം വന്നതായി അവൾക്ക് തോന്നി, ഇടയ്ക്ക് രാജീവൻ തൻ്റെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ കൈപ്പത്തി കൊണ്ട് തുടച്ച് മാറ്റുന്നതും, ഫാനിൻ്റെ കാറ്റിൽ മുഖത്തേയ്ക്ക് വീഴുന്ന മുഴിയിഴകളെ വിരലുകൾ കൊണ്ട് കോതിയൊതുക്കുന്നതും ഒരു സാന്ത്വനം പോലെ അവൾക്കനുഭവപ്പെടുന്നുണ്ടായിരുന്നു.

ഈ വെള്ളം തണുത്തു, ഞാൻ കുറച്ച് കൂടെ തിളപ്പിച്ച് കൊണ്ട് വരട്ടെ?

വെള്ളത്തിൻ്റെ ചൂട് കുറഞ്ഞപ്പോൾ ,രാജീവൻ അവളോട് ചോദിച്ചു.

മതി രാജീവേട്ടാ… എനിക്കിപ്പോൾ നല്ല ആശ്വാസം തോന്നുന്നുണ്ട്

എങ്കിൽ നീ ഉറങ്ങിക്കോ, ഞാനീ പാത്രം കൊണ്ട് അടുക്കളയിൽ വച്ച് ,കതകടച്ചിട്ട് വരാം

അയാൾ അടുക്കളയിലേക്ക് പോയപ്പോൾ ,സുലോചനയ്ക്ക് അയാളോട് അലിവ് തോന്നി .

മുറിയിൽ തിരിച്ചെത്തിയ രാജീവൻ, സുലോചന ഉറങ്ങിയെന്ന് കണ്ട് ,ലൈറ്റ് ഓഫ് ചെയ്തിട്ട് കട്ടിലിൽ കയറി കിടന്നു .

രാജീവേട്ടാ… നിങ്ങളുറങ്ങിയോ ?

ഇല്ല സുലൂ.. എന്താ നിനക്ക് വീണ്ടും വേദന തുടങ്ങിയോ ?വേണമെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം

ഇല്ല രാജീവേട്ടാ… എനിക്കിപ്പോൾ വേദനക്ക് കുറവുണ്ട് ,പാതിരാത്രിയിൽ നിങ്ങൾക്കൊരു ബുദ്ധിമുട്ടായി അല്ലേ? ഞാൻ കാരണം അടുക്കളയിൽ വരെ കയറേണ്ടി വന്നില്ലേ?

ഹേയ്, എന്താ സുലു ഇങ്ങനെ? നമ്മുടെ ഇടയിൽ അങ്ങനൊരു ഫോർമാലിറ്റിയൊക്കെ വേണോ? അടുക്കളയിൽ ഞാനാദ്യമായിട്ടൊന്നുമല്ല കയറുന്നത് ,നിനക്കറിയുമോ? അമ്മയും അച്ഛനും നഷ്ടപ്പെട്ട കഴിഞ്ഞ ഒരു വർഷത്തോളം, ഞാൻ ശരിക്കും, എൻ്റെ അമ്മയുടെ സ്ഥാനത്ത് നിന്നാണ്, എൻ്റെ ഇളയ മൂന്ന് സഹോദരങ്ങളെ പോറ്റി വളർത്തിയത്, ആഹാരമുണ്ടാക്കിയതും വാരിക്കൊടുത്തതും , അവരുടെ ദൈനംദിന കാര്യങ്ങൾ ഓരോന്നും നോക്കിയതും ,ഞാൻ തന്നെയായിരുന്നു , സ്നേഹവും സഹതാപവുമൊക്കെ കാണിച്ച ,അച്ഛൻ്റെയും അമ്മയുടെയുമൊക്കെ സഹോദരങ്ങൾക്ക്, കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഞങ്ങളെ മടുത്തിരുന്നു , പിന്നെ അവർ ഞങ്ങളെ ശത്രുക്കളെപ്പോലെയാണ് കണ്ടത് ,അവർക്ക് ഞങ്ങളൊരു അധികപ്പറ്റാണെന്ന് പറയാതെ പറഞ്ഞു ,എനിക്കത് മനസ്സിലായപ്പോൾ, ഞാനെൻ്റെ കൂടപ്പിറപ്പുകളെയും കൊണ്ട് ഇങ്ങാട്ട് തിരിച്ച് പോന്നു,

നിങ്ങളൊരു സംഭവം തന്നെയാണ് രാജീവേട്ടാ … എനിക്കിപ്പോഴാണ് നിങ്ങളോടൊരു ബഹുമാനമൊക്കേ തോന്നിതുടങ്ങിയത് , ഇത് വരെ നിങ്ങളെൻ്റെ മനസ്സിൽ നൂല് പൊട്ടിയ പട്ടം പോലെയായിരുന്നു

ഓഹ് വേണ്ട സുലൂ.. നീയെന്നെ ഒരു പാട് പൊക്കല്ലെ, എൻ്റെ തല ചിലപ്പോൾ മോന്താഴത്തിൽ പോയിടിക്കും

അതും പറഞ്ഞയാൾ പൊട്ടിച്ചിരിച്ചപ്പോൾ ,ഇളിഭ്യയായി പോയ സുലോചന അയാളുടെ കൈത്തണ്ടയിൽ ഒരു നുള്ള് വച്ച് കൊടുത്തു.

******************

വൈകുന്നേരം നേരത്തെ വരുമോ? നമുക്ക് എൻ്റെ വീട് വരെയൊന്ന് പോകാമായിരുന്നു, അമ്മ കുറച്ച് ദിവസമായി വിളിക്കാൻ തുടങ്ങിയിട്ട്?

രാജീവന് പ്രാതല് വിളമ്പി കൊടുക്കുമ്പോൾ സുലോചന അയാളോട് ചോദിച്ചു.

അതിനെന്താ പോയേക്കാം പക്ഷേ വൈകിട്ട് പോയാൽ നാളെ അല്ലേ തിരിച്ച് വരാൻ പറ്റു, അപ്പോൾ പാറുക്കുട്ടിയുടെ കാര്യം ബുദ്ധിമുട്ടാകുമല്ലോ മാത്രമല്ല അവളില്ലാതെ എനിക്ക് നില്ക്കാനും പറ്റില്ല

അതിന് നമ്മൾ പാറുവിനെ കൂടി കൊണ്ട് പോയാൽ പോരെ?

ങ്ഹാ അത് നല്ല ഐഡിയയാ, എങ്കിൽ നീയും പാറുവും റെഡിയായി നിന്നോ,വൈകുന്നേരം നമുക്ക് പോയേക്കാം

********************

നീയെന്തിനാടീ.. അവനെയും ആ കൊച്ചിനെയും കൂടെ ഇങ്ങോട്ട് കൊണ്ട് വന്നത് നിനക്കിവിടം വരെ ഒറ്റയ്ക്ക് വരാൻ അറിയില്ലേ?

സന്ധ്യ സമയത്ത് വീട്ടിലേക്ക് കയറി വന്ന സുലോചനയോട് അമ്മ മന്ദാകിനി അനിഷ്ടത്തോടെ ചോദിച്ചു

അമ്മേ ഒന്ന് പതുക്കെ ,രാജീവൻ കേൾക്കും, നാലാളറിഞ്ഞ് എന്നെ താലി കെട്ടിയ പുരുഷനോടൊപ്പമല്ലേ ഞാൻ വന്നത്?, അതിനിത്ര ബഹളം വയ്ക്കുന്നതെന്തിനാണ് ?

ദേ സുലോചനേ… നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് അവനോട് വലിയ അടുപ്പമൊന്നും കാണിക്കേണ്ടെന്ന്, ഇന്നും കഴിഞ്ഞ് നാളെ പിരിയേണ്ടവരാണ് നിങ്ങൾ, അവസാനം കൊണ്ട് കലമിട്ട് ഒടയ്ക്കരുത് ,ഞാൻ പറഞ്ഞേക്കാം

ഒരു മുന്നറിയിപ്പ് പോലെ മന്ദാകിനി അത് പറഞ്ഞപ്പോൾ സുലോചന അസ്വസ്ഥതയോടെ തല കുടഞ്ഞു

ഇല്ലമ്മേ.. അമ്മ പേടിക്കണ്ടാ, ഞാൻ ശ്രദ്ധിച്ചോളാം

അമ്മയോടൊപ്പം, സുലോചന അകത്തേയ്ക്ക് കയറിപ്പോയപ്പോൾ, ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ രാജീവനും,പാറുക്കുട്ടിയും ഉമ്മറത്ത് തന്നെ നിന്നു.

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *