ചുരം ~ ഭാഗം 05, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം-4 വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഹലോ അരുണേട്ടാ … ഞാനിന്നലെ മുതൽ വിളിക്കുവാ, ഇതെവിടാണ്? എന്താ ഫോണെടുക്കാത്തത് ?

പാറൂട്ടിയും, രാജീവനും നല്ല ഉറക്കത്തിലാണെന്ന ഉറപ്പിലാണ്, അരുണിനെ വിളിക്കാനായി , സുലോചന ഫോണുമായി തൊടിയിലേക്കിറങ്ങിയത്.

ങ്ഹാ സുലൂ… ഞാൻ കുറച്ച് ബിസിയായാരുന്നു, നിനക്കവിടെ സുഖം തന്നെ അല്ലേ?വേറെന്താ വിശേഷം? എന്താ ഇത്ര രാവിലെ നീ വിളിച്ചത്?

അരുണേട്ടാ.. ഞാനിപ്പോൾ എൻ്റെ വീട്ടിലുണ്ട്, ഇന്നലെ വന്നതാണ് ,അമ്മ വിളിച്ചിട്ടാണ് വന്നതെങ്കിലും, അരുണേട്ടനെയൊന്ന് കാണുകയും, സംസാരിക്കുകയും ചെയ്യാമല്ലോ ,എന്ന സന്തോഷത്തിലായിരുന്നു ഞാൻ ,എന്നിട്ട് അരുണേട്ടൻ എവിടെയോ പോയി കിടക്കുന്നു,

ഒഹ്, അത് മനപ്പൂർവ്വമല്ലല്ലോ സുലു?, എൻ്റെ ജോലിത്തിരക്കൊക്കെ നിനക്കറിയാവുന്നതല്ലേ?

ഈശ്വരാ .. എന്നോടൊന്ന് മിണ്ടാൻ പോലും കഴിയാത്തത്ര തിരക്കുള്ള മനുഷ്യന് വേണ്ടിയാണല്ലോ? ഞാനീ ത്യാഗമൊക്കെ സഹിക്കുന്നത്

എങ്കിൽ നീ എന്നെ കാത്തിരിക്കെണ്ടെടി, അവനോടൊപ്പം തന്നെയങ്ങ് ജീവിച്ചോ? നിൻ്റെ ഭർത്താവ് എന്നെക്കാളും ചെറുപ്പവും യാതൊരു തിരക്കുമില്ലാത്ത ആളുമല്ലേ? അപ്പോൾ പിന്നെയെന്തിനാ അയാളെ വേണ്ടെന്ന് വയ്ക്കുന്നത് ?

ദേ അരുണേട്ടാ.. എനിക്ക് ദേഷ്യം വരുന്നുണ്ട് കെട്ടോ ? ഞാനൊരു തമാശ പറഞ്ഞപ്പോഴേക്കും അങ്ങ് പിണങ്ങിയോ? കാര്യം രാജീവൻ ഒരു നിഷ്കളങ്കനും സ്നേഹസമ്പന്നനുമായ ഭർത്താവൊക്കെ തന്നെ ,ഒരു പക്ഷേ അരുണേട്ടൻ എൻ്റെ ജീവിതത്തിലേക്ക് കടന്ന് വന്നില്ലായിരുന്നെങ്കിൽ, ഉറപ്പായിട്ടും ഞാൻ രാജീവൻ്റെ ഭാര്യയായി തന്നെ ജീവിച്ചേനെ, പക്ഷേ ഇപ്പോൾ അങ്ങനെയല്ലല്ലോ? ചെറുപ്പം മുതലേ എല്ലാവരും കൂടി എൻ്റെ മനസ്സിൽ പ്രതിഷ്ഠിച്ച് തന്ന ഒരു വിഗ്രഹമാണ് അരുണേട്ടൻ, ഇനി ഞാൻ എത്ര നാള് രാജീവനോടൊപ്പം കഴിഞ്ഞാലും, എൻ്റെ മനസ്സിൽ നിന്നും അരുണേട്ടനെ അടർത്തിമാറ്റാൻ ഒരു ശക്തിക്കും കഴിയില്ല

ഓഹ് സമ്മതിച്ചു, പെണ്ണ് രാവിലെ തന്നെ റൊമാൻ്റിക് മൂഡിലാണല്ലോ?

പിന്നല്ലാതെ ഇഷ്ടപ്പെട്ടവനോട് സംസാരിക്കുമ്പോൾ ഏത് പെണ്ണാണ് റൊമാൻറിക്കാ വാത്തത്? അതിന് നേരവും കാലവുമൊന്നുമില്ല ,അതിരിക്കട്ട രാവിലെ ഇങ്ങോട്ട് വരുമോ? ഞങ്ങളിന്ന് തന്നെ തിരിച്ച് പോകും

അയ്യോ സുലൂ.. ഇന്നെനിക്ക് ഓഫീസിൽ പോകണം, കുറച്ചധികംജോലികൾ ചെയ്ത് തീർക്കാനുണ്ട്, അത് കൊണ്ട് ലീവ് കിട്ടില്ല, ഇനിയൊരിക്കലാവട്ടെ

കണ്ടോ? ഞാനിനി അടുത്ത പ്രാവശ്യം വരുന്നത് വരെ കാത്തിരിക്കണ്ടെ? ഒന്ന് കാണാൻ കൊതിയായിട്ട് വയ്യ

ഓഹ് അതിന് നീ അടുത്തയാഴ്ച ഒന്ന് കൂടി വന്നാൽ പോരെ?

ഉം, അല്ലാതെ വേറെ മാർഗ്ഗമില്ലല്ലോ? എന്നാൽ ശരി അരുണേട്ടാ… രാജീവൻ ഉണർന്നെന്ന് തോന്നുന്നു,വയ്ക്കട്ടെ

നിരാശയോടെ ഫോൺ കട്ട് ചെയ്തിട്ട്, സുലോചന മുറിയിലേക്ക് തിരിച്ച് പോയി.

********************

പ്രഭാത ഭക്ഷണം കഴിഞ്ഞ് തിരിച്ച് പോകണമെന്ന് രാജീവൻ പറഞ്ഞത് കൊണ്ട് ഊണ് കഴിക്കാൻ നില്ക്കാതെ സുലോചന അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് രാജീവനോടൊപ്പം കണ്ണാട്ടേക്ക് യാത്രയായി .

എടീ കൊച്ചേ അവനോടൊരു പഴയ ബൈക്കെങ്കിലും വാങ്ങിക്കാൻ പറയ്, എന്ത് നാണക്കേടാണ് പുതുപ്പെണ്ണ് ,ചെറുക്കനുമായി വിരുന്ന് പോകുമ്പോൾ, ബസ്സിലൊക്കെ തൂങ്ങി പിടിച്ച് പോകുന്നത്?

യാത്രയാക്കാൻ പടിപ്പുര വരെ പുറകെ ചെന്ന മന്ദാകിനി സുലോനയോട് പിറുപിറുത്തു

ഉം ഞാൻ പറയാമമ്മേ…പിന്നെ, അരുണേട്ടൻ അമ്മയെ വിളിക്കുവാണെങ്കിൽ ഞാൻ ഫോൺ കൊണ്ട് പോയിട്ടുണ്ടെന്ന് പറയണം മാത്രമല്ല, പകൽ സമയത്തേ വിളിക്കാവു എന്നും പറയണം രാത്രിയിൽ രാജീവനുണ്ടെങ്കിൽ ഒന്നും സംസാരിക്കാൻ കഴിയില്ല അത് കൊണ്ടാണ്

ഉം ശരി ശരി, നീ വേഗം നടന്ന് ചെല്ല്, അയാള് ദേ നടന്ന് വയലിന് അക്കരെയെത്തി, പിന്നൊരു കാര്യം ,ബസ്സിൽ കയറുമ്പോൾ കൊച്ചിനെ നീ കൈയ്യിൽ വാങ്ങിച്ചോണം ഇല്ലേൽ ,നിനക്കിരിക്കാൻ സീറ്റ് കിട്ടിയെന്ന് വരില്ല

ശരിയമ്മേ.. ഞാൻ ചെന്നിട്ട് വിളിക്കാം

അമ്മയോട് ഒരിക്കൽ കൂടി യാത്ര പറഞ്ഞിട്ട് ,പാറൂട്ടിയേം കൊണ്ട് മുന്നേ നടന്ന് പോയ രാജീവൻ്റെയടുത്തേക്ക് , സുലോചന കാല് വലിച്ച് വച്ച് നടന്നു.

ബസ് സ്റ്റോപ്പിലെത്തിയ ഉടനെ തന്നെ അടിവാരത്തിലേക്കുള്ള പ്രൈവറ്റ് ബസ്സ് ഇരമ്പി വന്ന് നിന്നു.

സുലോചനേ .. നീ കുഞ്ഞിനെ പിടിച്ചിട്ട് മുന്നിലൂടെ കയറിക്കോളു, എന്നാലേ നിനക്കിരിക്കാൻ സീറ്റ് കിട്ടു, ഞാൻ പുറകിൽ പോയി നിന്നോളാം

താൻ ചോദിക്കുന്നതിന് മുമ്പ് തന്നെ, രാജീവൻ കുഞ്ഞിനെ തൻ്റെ നേർക്ക് നീട്ടിയപ്പോൾ തൻ്റെ കാര്യത്തിൽ അയാൾ കാണിക്കുന്ന നിഷ്കർഷ അവളെ അത്ഭുതപ്പെടുത്തി.

ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നെങ്കിലും കുഞ്ഞിനെയും കൊണ്ട് കയറിയ സുലോചനയെ കണ്ടപ്പോൾ ഡോറിനടുത്തിരുന്ന ഒരു വിദ്യാർത്ഥിനി തൻ്റെ സൈഡ് സീറ്റ് ഒഴിഞ്ഞ് കൊടുത്തു.

മലനിരകളും കുന്നിൻ ചരിവുകളും താണ്ടി ബസ്സ് തിരക്കേറിയ പട്ടണത്തിലേക്ക് പ്രവേശിച്ചിട്ട്, ബസ് സ്റ്റോപ്പ് എന്നെഴുതിയ ബോർഡിന് മുന്നിൽ കിതപ്പോടെ നിന്നു.

വെളിയിലേക്ക് കണ്ണ് നട്ടിരുന്ന സുലോചന അടുത്ത് കണ്ട കോഫി ഷോപ്പിലെ സ്ഫടിക ഗ്ളാസ്സിനുള്ളിലൂടെ അതിനകത്തിരിക്കുന്ന യുവമിഥുനങ്ങളെ കണ്ട് ഞെട്ടി

നീളമുള്ള ഗ്ളാസ്സിനുള്ളിലെ ജ്യൂസ്, സ്ട്രോയിലൂടെ നുണഞ്ഞിറക്കുന്ന യുവാവ് തൻ്റെ അരുണേട്ടൻ തന്നെയാണെന്ന് ഒരിക്കൽ കൂടി അവൾ നോക്കി ഉറപ്പിച്ചു.

തന്നോട് ,ജോലി തിരക്കാണെന്നും, ലീവ് കിട്ടില്ലെന്നും പറഞ്ഞിട്ടിപ്പോൾ, ഏതോ ഒരുത്തിയുമായിട്ട് കോഫി ഷോപ്പിൽ വന്നിരുന്ന് ശൃംഗരിക്കുന്നു.

കലി മൂത്ത സുലോചന, മൊബൈൽ കൈയ്യിലെടുത്ത്, അരുണിൻ്റെ ഫോണിലേക്ക് വിളിച്ചു.

അയാൾ പോക്കറ്റിൽ നിന്നും ഫോണെടുക്കുന്നതും, തൻ്റെ കോളാണെന്ന് മനസ്സിലാക്കി കൂടെയിരിക്കുന്ന യുവതി അറിയാതെ, അത് കട്ട് ചെയ്യുന്നതും, സുലോചനയ്ക്ക് ഗ്ളാസ്സിലൂടെ കാണാമായിരുന്നു, വാശി മൂത്ത സുലോന, വീണ്ടും അയാളുടെ ഫോണിലേക്ക് വിളിച്ചു.

ഇത്തവണ കോള് കട്ട് ചെയ്യാതെ ,അരുൺ തൻ്റെ അടുത്തിരുന്നവളോട് അനുവാദം ചോദിച്ചിട്ട്, ഫോണുമായി കോഫി ഷോപ്പിൻ്റെ ഒഴിഞ്ഞ ഒരു കോണിലേക്ക് എഴുന്നേറ്റ് പോയിട്ട്, തൻ്റെഫോൺ അറ്റൻറ് ചെയ്യുന്നത് സുലോചന നീരസത്തോടെ കണ്ടു.

ങ്ഹാ സുലു ,ഞാനൊരു അർജൻറ് മീറ്റിങ്ങിലാ ,ഞാൻ പിന്നെ വിളിക്കാം

വേണ്ട, ഇനി വിളിക്കണ്ടാ ,നിങ്ങളുടെ മീറ്റിങ്ങ് ഞാൻ നേരിട്ട് കണ്ടു ,നിങ്ങളെന്താ എന്നോട് പറഞ്ഞത്, എന്നെക്കാണാൻ വരാൻ പോലും സമയമില്ലാത്തത്ര തിരക്കാണ്, അത് കൊണ്ട് ലീവ് കിട്ടില്ലെന്നല്ലേ?എന്നിട്ട് ഏതോ ഒരുത്തിയുടെ കൂടെ, കോഫി ഷോപ്പിലിരുന്ന് സല്ലപിക്കാൻ നിങ്ങൾക്ക് സമയമുണ്ടല്ലേ? നിങ്ങളുടെ ഈ കള്ളക്കളി ദൈവമാണ് എനിക്ക് നേരിട്ട് കാണിച്ച് തന്നത്,

ങ്ഹേ, സുലൂ നീയിതെവിടാ? നിന്നെ ഞാൻ കാണുന്നില്ലല്ലോ?

അതെങ്ങനെ കാണാനാ? അകത്ത് കൂടെ ഇരിക്കുന്നവളുടെ, മുഖത്ത് നിന്ന് കണ്ണെടുത്തിട്ട് വേണ്ടേ ? ഞാനിപ്പോൾ പുറത്തെ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കുന്ന ബസ്സിൻ്റെ സൈഡ് സീറ്റിലുണ്ട്, അതിരിക്കട്ടെ, എതാണവള് ?അവളുമായി നിങ്ങൾക്കെന്താ ബന്ധം?

അയാൾ പെട്ടെന്ന് കോഫി ഷോപ്പിന് വെളിയിലിറങ്ങി,

സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കുന്ന ബസ്സിനകത്തിരിക്കുന്ന സുലോചനയെ കണ്ട്, അരുൺ ഞെട്ടി.

സുലു ,നീ വെറുതെ തെറ്റിദ്ധരിച്ചിരിക്കുവാ, അതെൻ്റെ കമ്പനി സിഇഒ യാണ്, ഞങ്ങളൊരു മീറ്റിംഗിലാണ്

പിന്നേ… നിങ്ങളെന്നെ മണ്ടിയാക്കല്ലേ? അരുണേട്ടാ … കമ്പനിയുടെ മീറ്റിങ്ങ് നടക്കേണ്ടത്, കമ്പനിയുടെ മീറ്റിംങ്ങ് ഹാളിൽ വച്ചല്ലേ? മാത്രമല്ല, അവിടുത്തെ മറ്റ് സ്റ്റാഫുകളും കൂടെ ഉണ്ടാവണ്ടെ? ഇത് ഞാൻ വിശ്വസിക്കില്ല, ആ ഇരിക്കുന്നത് നിങ്ങളുടെ കാമുകിയല്ലേ? നിങ്ങളെന്നെ ചതിക്കുവായിരുന്നല്ലേ?

ദേ സുലൂ.. നീ അതിര് കടക്കുന്നു ,ഇനി ഞാനൊരു സത്യം പറയാം ,ആ ഇരിക്കുന്നത് എൻ്റെ പഴയൊരു ക്ളാസ് മേറ്റാണ് ,ഇവിടെ ടൗണിൽ വച്ച് കണ്ടപ്പോൾ, ഞാനൊരു കോഫി ഓഫർ ചെയ്തു ,അത് വലിയ തെറ്റായിട്ട് എനിക്ക് തോന്നുന്നില്ല ,അങ്ങനെയെങ്കിൽ നാളെ എൻ്റെ ഭാര്യയാകേണ്ട നീ ,മറ്റൊരുത്തൻ്റെ കൂടെ പൊറുക്കുന്നത്, ഞാൻ സഹിക്കുന്നില്ലേ?

ഇടിവെട്ടേറ്റത് പോലെ സുലോചന നടുങ്ങി പോയി.

അപ്പോൾ, നിങ്ങളുടെ മനസ്സിൽ ഇത്തരം ദുഷിച്ച ചിന്തകളാണുള്ളതല്ലേ? ഞാൻ മറ്റൊരുത്തൻ്റെ കൂടെ കഴിയുന്നുണ്ടെങ്കിൽ, അത് നിങ്ങളുടെ കൂടെ അറിവോടെയല്ലേ? നിങ്ങളോടൊപ്പം മരണം വരെ ജീവിക്കാനുള്ള കൊതി കൊണ്ടല്ലേ? രാജീവനോടൊപ്പം ജീവിക്കുമ്പോഴും, എൻ്റെ ശരീരം മാത്രമേ അയാളുടെ ഒപ്പമുള്ളു, മനസ്സ് മുഴുവൻ നിങ്ങള് മാത്രമേ ഉണ്ടായിട്ടുള്ളു,

ശരീരം കണ്ടവനൊക്കെ പങ്ക് വച്ചിട്ട്, ആരും കാണാത്ത മനസ്സ് മാത്രമായിട്ട്, എനിക്കെന്തിനാ? അത് കൂടെ അവന് കൊടുത്തിട്ട് നീ അവനോടൊപ്പം തന്നെ ജീവിച്ചോ, ഇനി മേലാൽ എന്നെ,ശല്യപ്പെടുത്താൻ വരരുത് ,ഗുഡ് ബൈ..

അരുൺ ഫോൺ കട്ട് ചെയ്തിട്ട് അകത്തേയ്ക്ക് കയറിപ്പോയപ്പോൾ, ഒന്ന് പൊട്ടിക്കരയണമെന്ന് അവൾക്ക് തോന്നി .

പക്ഷേ, താനിരിക്കുന്നത് പൊതുസ്ഥലത്താണെന്ന തിരിച്ചറിവ് ,ആ ഉദ്യമത്തിൽ നിന്നവളെ വിലക്കി.

കണ്ണാട്ടെത്തിയ സുലോചന, വസ്ത്രം മാറാറെന്ന വ്യാജേന, മുറിയിൽ കയറി കതകടച്ചിട്ട് കട്ടിലിൽ കമിഴ്ന്ന് വീണ് പൊട്ടിക്കരഞ്ഞു.

******************

ഡാ അരുണേ..ഇത്തവണത്തെ ഓണം ബമ്പറ്, പന്ത്രണ്ട് കോടി അടിച്ചത്, നമ്മുടെ മഞ്ജു ലക്കി സെൻ്ററിൽ നിന്നെടുത്ത ടിക്കറ്റിനാണെടാ പക്ഷേ ,ആ ഭാഗ്യവാനെ ഇത് വരെ കണ്ടെത്തിയിട്ടില്ല

അയാളുടെ കൂട്ടുകാരൻ അഭിയാണ്, രാവിലത്തെ ടീ ബ്രേക്കിന് ഈ വിവരം പങ്ക് വച്ചത്

ങ്ഹേ നേരോ? ആരായിരിക്കുമെടാ ആ ഭാഗ്യവാൻ?

ആഹ് ആർക്കറിയാം, എന്നോട് അവിടുത്തെ രാജുവേട്ടൻ ആകുന്നത് പറഞ്ഞതാണ്, ഒരു ടിക്കറ്റ് കൂടിയേ ഉള്ളു, വേണമെങ്കിൽ എടുക്കാൻ, ഇനി അതിനെങ്ങാനുമാണോ അടച്ചിരിക്കുന്നതെന്നാണ്, എൻ്റെ ഇപ്പോഴത്തെ ടെൻഷൻ,

എടാ അഭീ .. ഇപ്പോഴാ എനിക്കോർമ്മ വന്നത്, അന്ന് വിവാഹ വസ്ത്രമെടുക്കാൻ വന്നപ്പോൾ, ഓട്ടോറിക്ഷയുടെ വാടക കൊടുക്കാൻ ചില്ലറയില്ലാഞ്ഞിട്ട് ,ഞാൻ സുലോചന തന്ന രണ്ടായിരത്തിൻ്റെ നോട്ട് മാറാൻ ,ഈ മഞ്ജു ലക്കി സെൻ്ററിൽ നിന്നൊരു ടിക്കറ്റെടുത്തായിരുന്നു,

അളിയാ.. എങ്കിൽ അതെടുത്ത് നോക്ക് ,ചിലപ്പോൾ അതിനായിരിക്കും പന്ത്രണ്ട് കോടി അടിച്ചിരിക്കുന്നത് ,എങ്കിലിന്ന് നമുക്ക് അടിച്ച് പൊളിക്കണമളിയാ നീയൊന്ന് വേഗം നോക്ക് അരുണേ..

ആകെ എക്സൈറ്റഡായ അഭി, ധൃതിവച്ചു.

പക്ഷേ ,അന്ന് ബാക്കി കാശിനോടൊപ്പം, ആ ടിക്കറ്റും ഞാൻ സുലോചനയെ ഏല്പിച്ചായിരുന്നു, അതവളുടെ കൈയ്യിലാണുള്ളത്

ഓഹ് വെരി ബാഡ്, എങ്കിൽ നീ ഫോണെടുത്ത് വേഗം അവളെ വിളിക്ക്, ഇപ്പോഴും അവള് നിൻ്റെ വുഡ്ബി തന്നെയല്ലേ ?അപ്പോൾ ആ പന്ത്രണ്ട് കോടി നിനക്കും കൂടെ അവകാശപ്പെട്ടതാണ്,

കൂട്ടുകാരൻ പറഞ്ഞത് കേട്ടിട്ടും ,അരുണിന് നിസ്സഹായതയോടെ നില്ക്കാനേ കഴിഞ്ഞുള്ളു

ഏത് നേരത്താണോ, സുലോചയെ തള്ളിപ്പറയാൻ തനിക്ക് തോന്നിയത് ,ഇനി എന്തും പറഞ്ഞാണ് അവളെയൊന്ന് കയ്യിലെടുക്കുന്നത്?

ഉത്തരം കിട്ടാത്ത ചോദ്യവുമായി, അയാൾ സ്തംഭിച്ച് നിന്നു.

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *