ഇരട്ടകൾ
Story written by NAYANA SURESH
‘ഇരട്ട കുട്ടികളിൽ ഒരു കുട്ടി ഭർത്താവിന്റെയും മറ്റൊന്ന് കാമുകന്റെയും ‘
ഏതോ വിദേശ രാജ്യത്തെ വാർത്തയാണിതെങ്കിലും ഇത് കണ്ടത് മുതൽ അയാൾക്ക് വല്ലാത്ത അസ്വസ്തതയാണ് .ഇന്നലെ തൊട്ട് ഇന്ന് വരെ ഇത് പതിനാറാം തവണയാണ് അയാളീ വാർത്ത വായിക്കുന്നത്.
അതു മുതൽ അയാൾ ഭാര്യയോടൊന്നും മിണ്ടിയില്ല .
ഇനിയെങ്ങാനും ?
അയാളെഴുന്നേറ്റ് അകത്ത്ച്ചെന്ന് നോക്കി തന്റെ ഇരട്ട കുട്ടികൾ ഒരുമിച്ചിരുന്ന് കളിക്കുകയാണ് … ഒന്നര വയസ്സ് പ്രായം .. ഇരട്ടകളാണെങ്കിലും അവർ തമ്മിൽ യാതൊരു സാമ്യവുമില്ല …അപ്പു തന്നെ പോലെയാണ് വെളുത്തിട്ട് തന്റെ അതെ മുഖം .. എന്നാൽ കണ്ണൻ ? അവൻ ഇരുനിറമാണ് മാത്രമല്ല തന്റെയോ തന്റെ വീട്ടുകാരുടേയോ ,ഭാര്യയുടെയോ ഭാര്യ വീട്ടുകാരുടെയോ ചായയില്ലാത്ത കുട്ടി …
അയാളിന്നലെ മുതൽ ഒന്നും കഴിച്ചട്ടില്ല … ഇരട്ടകളെല്ലാം ഒരേ പോലെയല്ലെ ഉണ്ടാവുക … അയാൾ യൂട്യൂബെടുത്ത് ഇന്നലെ കണ്ട വാർത്ത ഒന്നൂടെ അരിച്ചുപെറുക്കി ..
ചുരുങ്ങിയ സമയത്തിനുള്ളിൽ ആ സ്ത്രീ രണ്ടു പുരുഷന്മാരോട് ബന്ധം പുലർത്തിയതാണത്രെ കാരണം .സംശയം തോന്നിയ ഭർത്താവാണ് ഡി എൻ എ ടെസ്റ്റലൂടെ ഇത് തെളിയിച്ചത് .
ഡി എൻ എ … അയാൾ മനസ്സിലോർത്തു … എന്തായാലും സത്യം തെളിക്കണം .
അയാൾക്കെല്ലാം സംശയമാണ് … അത് പുറത്തേക്ക് പ്രകടിപ്പിച്ചില്ലെങ്കിലും ഭാര്യയെ എപ്പോഴും അയാൾ നിരിക്ഷിച്ചു കൊണ്ടിരുന്നു …
ഭാര്യയറിയാതെ അവളുടെ ഫോൺ നോക്കുക .. ഗാലറിയിലോ മറ്റോ ആരുടെങ്കിലും ഫോട്ടോ ഉണ്ടോയെന്ന് തിരയുക ,,, ജോലിക്ക് പോവുകയാണെന്ന് പറഞ്ഞ് പെട്ടെന്ന് തിരികെ വീട്ടിലേക്കുതന്നെ വരിക ,, അവൾ ആരോടൊക്കെ മിണ്ടുന്നെന്ന് ശ്രദ്ധിക്കുക … തുടങ്ങി ആരുമറിയാതെ , അവൾ പോലുമറിയാതെ അയാൾ അവളെ സംശയിച്ചു കൊണ്ടിരുന്നു ..
ഓഫീസിലെ സതീഷ് സാറിൽ നിന്നാണ് ആദ്യത്തെ സംശയം കല്യാണം കഴിഞ്ഞ് ഒരിക്കൽ ഓഫീസിൽ ചെല്ലുമ്പോൾ ഒരു ടേബിളിൽ ഇരുന്ന് അവർ ചായ കുടിക്കുന്നു … മാത്രമല്ല അത് ശ്രദ്ധിച്ച അയാൾക്ക് ഒരു കാര്യം മനസ്സിലായി അന്ന് ചായയുടെ പൈസ കൊടുത്തത് സതീഷ് സാറാണ് ..എന്തിന് ?
അയാൾ ഒരു ഇരുനിറക്കാരനാണ് … ഇനി കണ്ണൻ അയാളുടെ കുട്ടിയാണോ ?എന്തായാലും ഓടി പോയാൽ ചെയ്യാൻ പറ്റുന്നതല്ല ഡി എൻ എ ടെസ്റ്റ് …
അന്നയാൾ ഓഫീസിലേക്ക് പോയില്ല …
അവൾ രാവിലെ ത്തൊട്ട് അടുക്കളയിൽ തിരക്കിലാണ് .. കല്യാണം കഴിയുമ്പോൾ ജോലിയുണ്ടായിരുന്ന പെണ്ണാണ്ണ് .. അവനിഷ്ടമല്ല അവൾ ജോലിക്ക് പോണത്..അത് തുറന്നവളോട് പറഞ്ഞാൽ അവൾ തന്നെ കുറിച്ച് എന്ത് കരുതും… അതു കൊണ്ട് ചേട്ടന്റെ വീട്ടിൽ നിന്നിരുന്ന അമ്മയെ ഇവിടെ കൊണ്ടുവന്ന് നിർത്തീട്ട് അമ്മയെ നോക്കാൻ ആളില്ലെന്നും പറഞ്ഞ് ജോലി നിർത്തിച്ചു …
അവളെ എല്ലാവർക്കും ഇഷ്ടപ്പെടും ,,,, വീട്ടിലും നാട്ടിലും അവൾ പേരുകേട്ട മരുമകളാണ് .. ഓഫീസിൽ നിന്നും റിസൈൻ ചെയ്തിട്ടും എല്ലാവരും അവളെ ഫോൺ ചെയ്യുന്നതും ആ ബന്ധം തുടർന്നു പോകുന്നതും അയാളെ അസ്വസ്തനാക്കി …
ഒരിക്കൽ താൻ ജോലി കഴിഞ്ഞു വരുമ്പോഴാണ് സതിഷ് സർ വീട്ടിൽ നിന്നും ഇറങ്ങുന്നത് കണ്ടത് ..
ഹലോ രജിത്ത് തന്നെ ഇത്ര നേരം നോക്കി നിന്നു പിന്നെ കാണാതായപ്പോൾ ഇറങ്ങി … ഞാൻ ഇവിടെ അടുത്തൊരിടം വരെ വന്നതാ അപ്പ തോന്നി ദയയെ ഒന്ന് കാണാമെന്ന് …
അന്ന് രജിത്തിനത് ഒട്ടും ഇഷ്ടപ്പെട്ടില്ല ..
അമ്മ എവിടെ ?
അമ്മ തറവാട്ടമ്പലത്തിൽ പോയി …
രജിത്തിന് കാലിൽ നിന്നും ഒരു തരിപ്പ് കയറി … എങ്കിലും ഒന്നും പറയാതെ അയാൾ ബാത്ത് റൂമിൽ കയറി വാതിലടച്ചു .. ഇന്നത്തെ കാലത്ത് സംശയ രോഗിയായ ഭർത്താവായി തന്നെ ആരും കാണുന്നത് അയാൾക്കിഷ്ടമല്ല ..
ഒരു പക്ഷേ … സതീഷ് സർ …. പല തവണ വന്നു പോയി കാണുമോ ? എന്തായാലും സത്യമറിഞ്ഞില്ലെങ്കിൽ തനിക്കിനി ഒരു കാലത്തും സ്വസ്തത കാണില്ല …
അയാളവളുടെ ഫോണെടുത്ത് പരിശോദിക്കാൻ തുടങ്ങി .
എന്താ ഏട്ടാ നോക്കണെ ?
എന്തെ എനിക്ക് നിന്റെ ഫോൺ നോക്കാൻ പാടില്ലെ ?
അതല്ല .. കാര്യമായി എന്തോ തിരയാന്ന് തോന്നി
അ .. അതെ ,, കൊച്ചിന്റെ തന്തയെ
തന്തയോ ? നിങ്ങൾക്ക് എന്ത് പറ്റി ഇന്നലെ തൊടങ്ങീതാലോ ?
തൊടങ്ങീട്ട് കുറച്ചു കൊല്ലം ആയീലോ ?
നിങ്ങള് മനുഷ്യന് മനസ്സിലാവണ പോലെ പറയ്.
പറയാം … ഈ സതീഷ് സർ വാട്ട്സ്ആപ്പിൽ കുറേ ഫോട്ടോ അയച്ചിട്ടുണ്ട് അത് ഡൗൺലോടാക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല … ഗാലറിയിൽ ഫോട്ടോയും ഇല്ല..അപ്പോ അതിനർത്ഥം അതൊക്കെ ഡിലീറ്റാക്കി എന്നല്ലെ ?
അതെ … സാറ് ഗുഡ് മോണിങ്ങും ,,, ഗുഡ് നൈറ്റും ആണ് അയക്കണെ .. ഫോണിൽ സ്പെയ്സില്ലാത്തോണ്ട് ഞാനത് അപ്പപ്പോ കളയും …
ഞാനത് വിശ്വസിക്കണമല്ലെ ,
എന്താ പെട്ടെന്നൊരു മാറ്റം …
അവന്റെ ഒച്ച കൂടി കൂടി വന്നു … അമ്മ മുറിയുടെ വാതിലിൽ തട്ടി ….. അവൻ വാതിൽ തുറന്നില്ല ..
ടാ വാതില് തുറക്ക് .. നീ എന്തൊക്കെയാ അവളെ പറയണെ .. അമ്മ കരയാൻ തുടങ്ങി
എല്ലാവരെയും മയക്കി വെച്ചേക്കാലേ .. അല്ലേടി എനിക്ക് സത്യം അറിയണം ദയാ..
ഏട്ടൻ പറയു ഞാനെന്ത് വേണം
നീ മക്കളെയെടുക്ക് ,, ഡോക്ടറെ കാണാം .. എന്നിട്ട് ബാക്കി, അല്ലെങ്കിൽ എനിക്ക് സമ്മാധാനം ഉണ്ടാവില്ല..
അവൾ മക്കളെയും എടുത്ത് ഗൈനകോളേജിസ്റ്റിന്റെ അടുത്തെത്തി …
ദയയുടെ ഉള്ളിൽ ഒരു തീ ആളിപടരുകയായിരുന്നു .. എങ്കിലും പ്രതികരിക്കാതെ അവളിരുന്നു ..
നോക്കൂ രജിത്ത് ഇന്നത്തെ കാലത്ത് ഇത്തരം സംശയോ ?
മോശാണ് …
ഈ വാർത്തകണ്ടോ ?
അത് എവിടെയോ നടന്നതല്ലെ …ഇന്ത്യയിൽ പോലുമല്ല
അതെ .. നമ്മുടെ നാട് എന്നും ഇങ്ങനാ … അവിടെ നടന്നെങ്കിൽ ഇവിടെയും നടക്കാമല്ലോ?
നോക്കു .. സത്യത്തിൽ എനിക്ക് വല്ലാതെ ദേഷ്യം വരുന്നു .. ഇരട്ട കുട്ടികൾ രണ്ട് തരമാണ് .. സമജാത ശിശുക്കളും,സഹജാത ശിശുക്കളും … ഒരേ അണ്ഡത്തിൽ നിന്നും ഉണ്ടാകുന്ന കുഞ്ഞുങ്ങൾ ഒരേ പോലെയാകും , വ്യത്യസ്ത അണ്ഡത്തിൽ നിന്നാണെങ്കിൽ വിത്യസ്ത രൂപവും , തനിക്ക് അറിയാഞ്ഞിട്ടാണ് ഇരട്ടകളായിട്ടും മുഖഛായയില്ലാത്ത എത്ര പേരുണ്ട് തനിക്ക് കാണണോ ?
ഞാനൊരു സംശയം ചോദിച്ചതാണ് … ഡി എൻ എ നടത്താൻ
അതൊക്കെ താൻ നടത്തണമെങ്കിൽ കോടതിയെ ബന്ധപ്പെടു .. അല്ലാതെ ഇമ്മാതിരി സംശയവുമായി ഈ വഴി വരരുത് …
അപ്പ ഇവര് സഹജാത ശിശുക്കളാണ് അല്ലെ ?
അതെ …
അയാൾ എഴുന്നേറ്റ് നടന്നു ..
ദയ ഒന്നും പറയാതെ പുറകിലും …
ദയ .. ഒന്നും ഉണ്ടായിട്ടല്ല … സംശയം അപ്പപ്പോ തീർക്കണതല്ലെ നല്ലത് … അല്ലാതെ നിന്നോട് ദേഷ്യം കൊണ്ടല്ല …
അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു ..
അവളുടെ കണ്ണുനീരൊക്കെ ദേഷ്യം കൊണ്ട് ആവിയായി ..
അവർ വരുമ്പോൾ അമ്മ സോഫയിലുണ്ട് … കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അമ്മ അവനെ നോക്കി
ഡോക്ടറെ കണ്ടോ മോൻ ?
ഉ0
എന്നിട്ട് ഇത് നിന്റെ മക്കളാണ് ഉറപ്പായോ ?
ഡോക്ടറ് പറയണത് … മുഖഛായ ഇല്ലാത്ത ഇരട്ടകളെ സഹജാത ശിശു എന്നാ പറയാന്ന് …
ആണോ ?എങ്കിൽ ഞാൻ പറയട്ടെ
നിന്റെ രണ്ട് അനിയന്മാരും അച്ഛന്റെ ഛായയാണ് ..നീയോ ? എന്റെ ഛായയും ഇല്ല നിനക്ക് … നിന്റെ അച്ഛൻ ഏതാന്ന് നിനക്ക് ഉറപ്പുണ്ടോ?
അമ്മേ …
ഞാനല്ലെന്ന് പറഞ്ഞാ നീ എന്ത് ചെയ്യും ,,, എന്ത് ചെയ്താലും വേണ്ടില്ല നിന്റെ അച്ഛൻ അതല്ല , .. പോയി ഡി എൻ എ നടത്തി വാ … എന്നിട്ട് കണ്ട് പിടിക്ക് …
അമ്മേ …
എന്താ മോളെ …
ഞാൻ എന്റെ വീട്ടിൽ പോവാ … തന്തയാരാന്നറിയാത്ത ഒരുത്തന്റെ ഭാര്യയായി ജീവിക്കാൻ എനിക്ക് വയ്യ ..
അതു തന്നെയാണ് ഈ കാലന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് …
ദയേ ..
താൻ പോടോ : ഞാൻ ഇത്ര നേരം മിണ്ടാതിരുന്നത് … എങ്ങാനും താൻ മക്കൾ ആരുടെതെന്ന്തെളിച്ച് വന്നാൽ ഒരണ്ണം പൊട്ടിക്കാനാ …
അവൾ തന്റെ മക്കളെയും എടുത്ത് പടിയിറങ്ങി … അപ്പോഴും അമ്മയുടെ അവസാന ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി നിൽക്കുകയായിരുന്നു അയാൾ
…വൈദേഹി…
(തുടക്കം ഒരിക്കൽ ഒരു വാർത്തയിൽ കണ്ടത് )