❤നിനക്കായ് ഞാൻ ❤
Story written by Indu Rejith
ഹലോ സീതു ടീച്ചറേ…ഞാനും മോനും നോക്കിനിൽക്കാൻ തുടങ്ങി നേരം കുറേ ആയീട്ടോ…. വന്ന് പൊക്കിയെടുത്ത് വണ്ടിയിൽ കേറ്റണോ….കോളേജ് ക്ലോക്കിൽ സമയം മൂന്ന് മണി ഇന്ന് നേരുത്തേ ഇറങ്ങാന്ന് ഞാൻ പറഞ്ഞിരുന്നതാ…. ഉത്തരകടലാസ് നോക്കിയിരുന്നു നേരം പോയതറിഞ്ഞില്ല….
“ദാ വരുന്നേട്ടാ”
ആഹാ ഇവൻ ബൈക്കിന് മുന്നിൽ തന്നെ അള്ളിപിടിച്ചിരിക്കുവാണല്ലേ..
അമ്മ അച്ഛനെ മുറു കെ പിടിച്ചിരിന്നോ മോൻ വീഴില്ല അല്ലേ അച്ഛാ….
മ്മ്മ്മ്….കേറു സീതു നീ വീട്ടിലെത്തി കുളിച്ച് അപ്പോളേ തിരിച്ചാലേ കാലത്ത് അങ്ങെത്തു….
വലതു കൈ കൊണ്ട് അഭിയേട്ടനെ ചേർത്ത് പിടിച്ചു ബൈക്കിൽ ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല…. കഴിഞ്ഞ അഞ്ചു വർഷവും പതിവ് ഇതു തന്നെയാണല്ലോ….
നഷ്ടങ്ങളും ഇഷ്ടങ്ങളും ത്രാസിലിട്ടു തൂക്കിയാലും എനിക്കിന്നും കണക്കു പിഴയ്ക്കുന്നത് ആ നാട്ടിലാണ് അവളുടെ ഓർമകൾക്ക് മുന്നിൽ മാത്രമാണ്….അഭിയേട്ടനോട് ഒട്ടിയിരിക്കുമ്പോഴും ഇന്നെന്റെ മനസ്സ് ഭൂതകാലാത്തിലേക്ക് പോകാറാണ് പതിവ് അതു തെറ്റിയില്ല….
പുഞ്ച പാടത്തിലൂടെ കൈയ്ക്കു പിടിച്ചു കോളേജിലേക്ക് നടക്കുമ്പോൾ എന്റെ കൈ തട്ടിമാറ്റി ഗൗരിയുടെ കൈ പതിവായി സ്വന്തമാക്കുന്ന ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു….അന്ന് അയാൾ അവളുടെ അപ്പുവേട്ടൻ ആയിരുന്നു. എണ്ണമില്ലാത്ത കത്തുകൾ കൈ മാറിയ അവരുടെ ഹംസമായിരുന്നു ഞാൻ.
അപ്പുചേട്ടൻ അവളുടെ മുറച്ചെറുക്കൻ കൂടി ആയിരുന്നതിനാൽ അവൾക്ക് മൂപ്പരോട് മുടിഞ്ഞ പ്രേമം ആയിരുന്നു എന്റെ ചെറിയ സഹായം കൂടി ആയപ്പോൾ ആളിനെ അവൾ വീഴ്ത്തി… പട്ടണത്തിലേതോ കോളേജിൽ മാഷായി ജോലി തരപ്പെട്ടത്തോടെ അവരുടെ കല്യാണത്തിനുള്ള ഒരുക്കങ്ങളുമായി….
വിവാഹതലേന്ന് ഗൗരിക്കൊപ്പം കാവിൽ കൂട്ടുപോയത് ഞാനാണ്..നിറഞ്ഞ കണ്ണുമായി നാഗത്താൻമാരെ തൊഴുതു നിന്ന അവളെ എനിക്ക് മറക്കാനാവില്ല സ്വപ്നത്തിനും ജീവിതത്തിനും ഒരു രാത്രിയുടെ ദൂരം മാത്രം എന്ന് പറഞ്ഞവൾ എന്നേ ചേർത്ത് പിടിച്ചു പൊട്ടികരഞ്ഞു….
കൂടെ നടന്നു ഞങ്ങളെ ഒന്നിപ്പിച്ച നിന്നോട് എനിക്ക് നന്ദിവാക്കുകൾ പറയാനില്ല നിനക്ക് ഞാനൊരു സമ്മാനം കരുതിയിട്ടുണ്ട് നാളെ ഞാൻ മണ്ഡപത്തിൽ കേറും മുൻപ് അതു തരും എന്താ സീതു പോരെ….
സന്ധ്യയാകുന്നു നീ നടക്കു ഗൗരി…
അയ്യെടി എന്റെ അപ്പുവേട്ടൻ വരും. നാളെ അങ്ങേരേ ഞാൻ പൂട്ടില്ലേ അതിനു മുൻപ് ഒരു റിഹേഴ്സൽ ഉണ്ടിന്ന്..
നിനക്ക് എന്താ ഗൗരി….
നീ പേടിക്കണ്ടടി ഒന്നൂല്ല, കുറച്ചു നേരം കാമുകി കാമുകൻ മാരായിട്ട് ഇരിക്കണം….നാളെ ഞാൻ പൊണ്ടാട്ടി ആകില്ലേടി ഈ ത്രില്ല് അതിനു കിട്ടുമോ…
ഹ്മ്മ് നിന്റെ ഇഷ്ടം ദേ അപ്പുവേട്ടൻ വരുന്നു ഞാനവിടെ നിൽക്കാം…
കാവിനുള്ളിൽ നിന്നും ചിരി പലപ്പോഴും പുറത്തേക്ക് പടർന്നിരുന്നു….
ചുവന്ന ചുണ്ടുമായി പുറത്തേക്ക് വന്ന അവളോട് അധികം ഒന്നും ഞാൻ ചോദിച്ചതുമില്ല…
സീതു… എന്റെ പെണ്ണിനെ നാളെ ഐശ്വര്യറായിയെ പോലെ ഒരുക്കി തരണം നീ…
ഉവ്വെ… നീ വാ ഗൗരി… നിങ്ങൾ പറഞ്ഞത് ഞാൻ ആലോചിക്കാം അപ്പുവേട്ട ഒരു ചിരി പാസ്സാക്കി അവളോടൊപ്പം ഞാൻ നടന്നു…
കാലത്ത് ഗൗരിയുടെ തറവാട്ടിൽ എത്തിയപ്പോളേക്കും എന്തോ പന്തികേട് എനിക്ക് തോന്നി പിന്നിലെ മുറ്റം വഴി ഞാൻ അടുക്കളയിൽ എത്തി… വെറും തറയിൽ കിടന്നു ഞരങ്ങുന്ന ഗൗരിയുടെ അമ്മ എന്നേ കണ്ടതും ഉച്ചത്തിൽ നിലവിളിച്ചു…നിന്റെ ഗൗരി പോയി നീ വിളിക്ക് മോളേ …
പോകാനോ എവിടെ പോകാൻ അവൾ എന്തേ എനിക്ക് കാണണം…
കരിന്നീലിച്ച ഉടലുമായി കിടന്ന അവൾ എന്നേ കണ്ടതും പറഞ്ഞു….
നാഗത്താൻമാർക്ക് ചിലതൊന്നും ഇഷ്ടായില്ല സീതു വൈദ്യൻ വന്നിട്ട് പോയി ഇനി ഞാനും പോകും അപ്പുവേട്ടനെ വേറെ എങ്ങും ഏൽപ്പിക്കാൻ എനിക്കാവില്ല….ഞാൻ ചോദിച്ചാൽ തിരികെ തരുന്ന നിന്നേ ഏല്പിക്കുവാ… എന്റെ അവസാനത്തെ മോഹം.. പറഞ്ഞ സമ്മാനം തരാൻ പറ്റിയില്ല ഇതു നിനക്ക് ഉള്ളതാ…
കലങ്ങിയ കണ്ണുമായി മുറിയിലേക്ക് വന്ന അപ്പുവേട്ടൻ ജീവൻ പോയിട്ടും അവളുടെ ശരീരം ചേർത്ത് പിടിച്ചു കിടന്നു ഒടുവിൽ ബലം പ്രയോഗിച്ചാണ് അടക്കം നടത്തിയത്….
ഒരു ഭ്രാന്തിയെപ്പോലെ ആ വീട് വിട്ടു ഞാൻ ഇറങ്ങിയതാണ് അന്ന്…
പിന്നീട് പലപ്പോഴും മദ്യപിച്ച് കാവിന്റെ മുന്നിൽ നാഗത്താൻമാരെ തെറി വിളിക്കുന്ന അപ്പുവേട്ടന് ഭ്രാന്താണെന്ന് പലരും പറഞ്ഞു നടന്നു, ചിലപ്പോൾ അങ്ങനെയാണെന്ന് ഞാനും വിശ്വസിച്ചു…
തരപ്പെട്ട ജോലിക്ക് കൂടി പോകാതെ ആയപ്പോൾ അപ്പുവേട്ടന്റെ അമ്മ എന്നേ വന്നു കണ്ടു… എന്റെ കാലു പിടിക്കാൻ കുനിഞ്ഞ ആ അമ്മയുടെ കണ്ണീരിന് മുന്നിൽ ഞാൻ തോറ്റു എന്റെ ഗൗരിക്കു വേണ്ടി ജീവിക്കാൻ ഞാൻ തീരുമാനിച്ചു…
അവരോടൊപ്പം നടന്ന ഇടങ്ങളിൽ അപ്പുവേട്ടനു പിന്നാലെ ഒരു നായേ പോലെ ഞാൻ അലഞ്ഞു പലപ്പോഴും അപ്പുവേട്ടൻ എന്നേ പിടിച്ചു തെള്ളുകയും തല്ലുകയും ചെയ്തു അവൾക്ക് പകരക്കാരി ആവാൻ ശ്രെമിക്കണ്ട അത് നടക്കില്ലെന്ന് തീർത്തു പറഞ്ഞു…
ഗൗരിയെ പോയിട്ടുള്ളു ഓർമ്മകൾ കൂടി നിനക്ക് വേണമല്ലേ പിശാചേ..ആ ചോദ്യത്തോടെ പിന്മാറാൻ തീരുമാനിച്ച എന്നേ പിന്നെയും ആ അമ്മ വന്നു കണ്ടു…
ഗൗരിയുടെ ആണ്ടിനു തലേന്ന് പുഞ്ചപാടത്തൂടെ നടന്നു വന്ന എന്നേ ഒരു പുരുഷൻ കയറി പിടിച്ചു, മനസ്സ് ഗൗരിക്ക് കൊടുത്തു കഴിഞ്ഞു ശരീരം ബാക്കി ഉണ്ട് അത് മതിയോ നിനക്ക്??
ചോദ്യം കേട്ടതോടെ കുടിച്ചു ലക്കുകെട്ട അപ്പുവേട്ടനെ കവിള് പൊട്ടെ ഒരെണ്ണം കൊടുത്തു ഞാൻ അവിടുന്ന് ഓടി…. ആ ഓട്ടം ഇന്നും തുടരുന്നു ഈ ബൈക്കിന് പിന്നിൽ ആണെന്ന് മാത്രം…
അപ്പുവേട്ടനെ പിന്നീട് എപ്പോളോ അഭിയേട്ടാന്ന് വിളിച്ചു ശീലിച്ചു…
വിവാഹത്തിനു സമ്മതമാണെന്ന് ആദ്യം ഗൗരിയുടെ പട്ടടയുടെ മുന്നിൽ പോയി ഞങ്ങൾ അറിയിച്ചു….അപ്പുവേട്ടന്റെ കണ്ണുകൾ പലപ്പോഴും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു… ഞങ്ങളുടെ വിവാഹത്തിന് അവളുടെ വീട്ടുകാരും പങ്കെടുത്തിരുന്നു…. അഭിയേട്ടനോട് ഒന്ന് ചേർന്നിരിക്കാൻ പോലും മനസ്സുകൊണ്ട് ഞാൻ അവളോട് അനുവാദം ചോദിക്കുമായിരുന്നു…മോൻ ജനിച്ചതോടെ അവൾക്ക് ബലിയിടാൻ അവനെ വർഷാവർഷം കൊണ്ട് പോകും ആ യാത്രയാണ് വൈകിട്ട് ഉള്ളത്…. ഞാൻ ഗൗരിയല്ല പക്ഷേ എന്റെ കുഞ്ഞ് അവളുടെ മകനാണ് അവളുടെ അപ്പുവേട്ടന്റെ രക്തമാണ്…
ഇതിനപ്പുറമൊന്നും അവളെ സ്നേഹിക്കാൻ എനിക്ക് ആവില്ല….നിന്നേ പോലെ എനിക്ക് പോലും ആയിട്ടില്ല സീതു.. എന്റെ സംസാരം എപ്പോഴോ ഉച്ചത്തിൽ ആയി എന്ന് എനിക്ക് ബോധ്യമായി….
അഭിയേട്ടാ അടുത്ത ജന്മം ഞാൻ നിങ്ങളെ അവൾക്ക് കൊടുക്കണ്ടേ…അത് കൊണ്ട് എനിക്കിനി ജന്മം വേണ്ട…. പകരക്കാരിയായി വന്നതാണെങ്കിലും പ്രാണൻ ഇവിടെ ഏല്പിച്ചു പോയില്ലേ ഞാൻ….
അച്ഛാ ഈ അമ്മ എന്താ ഈ പറയുന്നേ ഗൗരിഅമ്മയുടെ കഥയാണോ?
അവളുടെ പേരിൽ അമ്മ ചേർത്ത് നിന്നേ പഠിപ്പിക്കാൻ നിന്റെ സീതു അമ്മയ്ക്ക് മാത്രേ പറ്റാതൊള്ളടാ കുട്ടാ നീ മുറുക്കെ പിടിച്ചിരുന്നോ… അച്ഛൻ പറത്താൻ പോവാ….
നിറഞ്ഞ കണ്ണുകൾ ഇടം കൈ കൊണ്ട് തുടച്ച് ഞാൻ എന്റെ പ്രാണനോട് ചേർന്നിരുന്നു….ഗൗരി നീ തന്ന സമ്മാനത്തിന് എന്റെയും നിന്റെയും ജീവന്റെ വിലയുണ്ട്….
നന്ദി സഖി….
ശുഭം