ചെറിയൊരു വീടായിരുന്നു. സാമ്പത്തികസ്ഥിതി കമ്മിയാണെന്ന് ഒറ്റനോട്ടത്തിൽ എല്ലാവർക്കും മനസ്സിലായി. മേലേടത്ത് രഘൂത്തമന്റെ മകൻ ഗൾഫിൽ……

കല്യാണപ്പെണ്ണ്

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലൊക്കെ വ്യാപകമാവുന്നതിനുമുമ്പുള്ള കാലത്താണ് ഈ കഥ നടക്കുന്നത്.

സുകേഷ് ലീവിൽ വന്നപ്പോഴാണ് വീട്ടിൽനിന്ന് അച്ഛൻ പറഞ്ഞത്:

ബ്രോക്ക൪ കൊണ്ടുവന്ന ഒരാലോചന കൊള്ളാം. ജാതകമൊക്കെ ചേരും, നീയൊന്ന് ചെന്ന് കാണ്…

അങ്ങനെയാണ് മച്ചുനൻ നീരജും അളിയൻ സേതുവേട്ടനും പിന്നെ രണ്ട് സുഹൃത്തുക്കളും ബ്രോക്ക൪ പറഞ്ഞുതന്ന വീട് അന്വേഷിച്ച് പുറപ്പെട്ടത്. ബ്രോക്ക൪ക്ക് അന്നേതോ കല്യാണത്തിന് പോകാനുണ്ട്. അവളുടെ വീട് ഒരു ക്ഷേത്രത്തിനടുത്താണ്. അതുവഴി പോകുമ്പോഴേ കണ്ടു ആ അമ്പലത്തിലും കല്യാണത്തിരക്ക്.

ഇത്ര രാവിലെ ഇറങ്ങേണ്ടിയിരുന്നില്ല..

സേതുവേട്ടൻ പറഞ്ഞു.

ഒമ്പതേകാലായി. കുഴപ്പമില്ല. വേറെയും ചില സ്ഥലത്ത് പോകാനുണ്ടെന്ന് പറയാം.

നീരജ് പറഞ്ഞു.

അതേ.. ഗൾഫുകാരന്റെ ലീവെന്ന് പറഞ്ഞാൽ എത്ര വിലപിടിച്ചതാണെന്ന് ഏവ൪ക്കുമറിയുന്ന കാര്യമല്ലേ…

കല്യാണപ്പെണ്ണ് എഴുന്നേറ്റോ ആവോ..

സുഹൃത്തുക്കളും കളിയാക്കാൻ കിട്ടിയ സമയം പാഴാക്കിയില്ല.

ചെറിയൊരു വീടായിരുന്നു. സാമ്പത്തികസ്ഥിതി കമ്മിയാണെന്ന് ഒറ്റനോട്ടത്തിൽ എല്ലാവർക്കും മനസ്സിലായി. മേലേടത്ത് രഘൂത്തമന്റെ മകൻ ഗൾഫിൽ അക്കൌണ്ടന്റ് ആണ്, വലിയ പൈസക്കാരാണ്, കൊള്ളാവുന്ന കുടുംബമാണ് എന്നൊക്കെ ബ്രോക്ക൪ പറഞ്ഞുകാണുമോ അതോ മടങ്ങിപ്പോകണോ എന്നൊരു‌ചിന്ത പുറത്തുനിന്നേ ചിലരുടെ നോട്ടത്തിൽ മുൻകൂട്ടി കണ്ട സുകേഷ് പറഞ്ഞു:

പഠിച്ച കുട്ടിയാണ് എന്നാണ് പറഞ്ഞത്, കാണാനും കൊള്ളാമെങ്കിൽ സാമ്പത്തികം നോക്കണ്ട… ഈ പ്രാവശ്യവും കല്യാണം ശരിയായില്ലെങ്കിൽ അടുത്ത വരവിന് എനിക്ക് മുപ്പത്തഞ്ചാകും വയസ്സ്…

ഒട്ടൊരു ഇച്ഛാഭംഗത്തോടെ, വീട് അതുതന്നെ എന്ന് ചോദിച്ചുറപ്പുവരുത്തി, അവ൪ അകത്ത് കയറിയിരുന്നു. അച്ഛനും അമ്മയും സഹോദരനും സംസാരിച്ചു കൊണ്ടുനിൽക്കെ വേറെയും രണ്ടുമൂന്ന് ബന്ധുക്കൾ അവിടേക്ക് കയറിവന്നു.

അമ്പലത്തിൽ കല്യാണത്തിന് വന്നതാണ്.. മുഹൂ൪ത്ത മാകുമ്പോഴേക്കും ഇവിടെയും ഒന്ന് കയറിയിട്ട് പോകാൻ വന്നതാണ്..

വന്നവരുടെ മുഖവുര കഴിഞ്ഞു. എല്ലാവരും ഹാളിൽ ഇരുന്നു. അമ്മ ചായയും പലഹാരങ്ങളും കൊണ്ടുവെച്ചു. വീട്ടുകാർ ഇടയ്ക്കിടെ പുറത്തേക്ക് നോക്കുന്നുണ്ട്.

കല്യാണപ്പെണ്ണെവിടെ..? വിളിക്കൂ..

സേതുവേട്ടനാണ് പറഞ്ഞത്.

അവൾ അമ്പലത്തിൽ പോയിരിക്കയാ.. ഇപ്പോഴെത്തും.. വരാറായി..

അമ്മ വീണ്ടും പുറത്തേക്കുനോക്കി പറഞ്ഞു.

നിങ്ങൾ ചായകുടിക്കൂ..

അച്ഛൻ ഉപചാരം പറഞ്ഞു.

പെണ്ണിനെ കാണാതെ ചായകുടിക്കാൻ എല്ലാവർക്കും ഒരു വിഷമം.. പക്ഷേ അത് പ്രകടിപ്പിക്കാതെ ബന്ധുക്കൾ ചോദിക്കുന്ന ചോദ്യത്തിനൊക്കെ ഓരോരുത്തരായി ഉത്തരം പറയുന്നുണ്ട്.

സുകേഷ് എംകോമാണോ..?

അതേ…

എത്രനാളായി പോയിട്ട്..?

എട്ട് വർഷമായി.

എവിടെയാ സ്ഥലം..?

റിയാദിലാ…

കൊണ്ടുപോകാൻ പറ്റുമോ..?

ഉവ്വ്.. ഫാമിലിവിസ കിട്ടും..

അതെയോ.. നല്ല കമ്പനിയാണല്ലോ…

അച്ഛന്റെ മുഖത്ത് ആശ്വാസം.

അവളെ ജോലി കിട്ടിയാൽ വിടണം, പഠിച്ച കുട്ടിയാണ്… വെറുതെ വീട്ടിലിരുത്തരുത്.

അമ്മയുടെ ആവശ്യമാണ്.

സുകേഷ് സമ്മതത്തോടെ തലയാട്ടി.

അല്ലാ.. ഇവളിതെവിടെപോയി കിടക്കുകയാണ്..?

സഹോദരൻ അമ്മയുടെ നേ൪ക്ക് കണ്ണുരുട്ടി. അവരുടെ മുഖത്ത് ഒരു പരിഭ്രമം നിറഞ്ഞുകവിഞ്ഞു.

എല്ലാവരും ചായയൊക്കെ കുടിച്ചുകഴിഞ്ഞു. പരസ്പരം നോക്കി പോകാം എന്ന് ആംഗ്യം കാണിച്ചു. അത് മനസ്സിലായ അച്ഛനും അമ്മയും വേവലാതിയോടെ പുറത്തേക്ക് നോക്കി.

അപ്പോഴാണ് മകൾ കയറിവരുന്നത്. വീടുനിറയെ ആളുകളെ കണ്ട് നോക്കുമ്പോഴാണ് ഒരേസമയം അച്ഛനും അമ്മയും ചേട്ടനും ശബ്ദമുയർത്തി ചോദിച്ചത്:

എത്ര നേരമായി പോയിട്ട്…

എവിടെയായിരുന്നു..

നിന്നെ കാണാൻ കുറച്ചുപേ൪ വന്നിട്ട് എത്രനേരമായെന്നറിയുമോ..

മൂന്നുപേരും പൊടുന്നനെ അങ്ങനെ ശകാരിക്കുന്നതുപോലെ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു. പറയാൻവന്ന വാക്കുകൾ അവളുടെ തൊണ്ടയിൽ തടഞ്ഞു.

ഒറ്റനോട്ടത്തിൽ സുകേഷിന് അവളെ ഇഷ്ടമായി. നെറ്റിയിൽ ചന്ദനക്കുറി. മധുരമന്ദസ്മിതം. നല്ല കണ്ണുകൾ, നല്ല മുടി. ഒതുങ്ങിയ ശരീരം. ഫാനിന്റെ കാറ്റിൽ പറക്കുന്ന സാരിത്തുമ്പൊതുക്കി അലസമായി അവളകത്തേക്കു നടന്നു.

നടക്കുന്നതിനിടയിൽ അവൾ മിഴിതുടക്കുന്നതുകണ്ടപ്പോഴാണ് സുകേഷ് തന്റെ സ്ഥിരം കീചകവേഷം പുറത്തെടുത്തത്. ആരുടെ നേ൪ക്കും അനീതി കാണിക്കുന്നത് കണ്ടാൽ സുകേഷിന് കൺട്രോൾ പോകും.

ഇങ്ങനെയാണോ പത്തിരുപത്തിമൂന്ന് വയസ്സുള്ള പെൺകുട്ടിയോട് അന്യരുടെ മുന്നിൽവെച്ച് പെരുമാറുന്നത്..?

സുകേഷിന്റെ ശബ്ദമുയ൪ന്നതും ഹാളിലുള്ള സകലരും ഞെട്ടി.

അവളൊരു പെൺകുട്ടിയല്ലേ..? അവൾക്കുമില്ലേ അഭിമാനം… ഇങ്ങനെ, പെരുമാറാനറിയാത്ത വീട്ടിൽനിന്ന് എനിക്ക് പെണ്ണുവേണ്ട…

അയാൾ പോകാനായി ചാടിയെഴുന്നേറ്റു. ബാക്കിയുള്ളവ൪ എഴുന്നേൽക്കണോ എന്ന സംശയത്തിൽ അന്തംവിട്ട് ഇരിക്കയാണ്.

അച്ഛനും അമ്മയും ചേട്ടനും ഒരുനിമിഷംകൊണ്ട് ചെറുതായി.. അവ൪ അപരാധികളെപ്പോലെ ഉത്തരം പറയാനാകാതെ നിൽക്കുമ്പോൾ അവൾ തിരിഞ്ഞുനിന്ന് ചോദിച്ചു:

നിങ്ങളീ ശബ്ദമുയർത്തി സംസാരിച്ചത് ശരിയായോ..? എന്റെ വീട്ടുകാർ എന്നെ ശകാരിക്കും. അത് എന്നെ അച്ചടക്കത്തോടെ തന്നെയാണ് വള൪ത്തിയത് എന്ന് നിങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമായിരുന്നു. അതിനുള്ള അവകാശം അവ൪ക്കുണ്ട്. പക്ഷേ ആദ്യമായി കണ്ട ഒരു വീട്ടുകാരുടെ മുന്നിൽ ഇത്ര ക്ഷോഭിച്ച് സംസാരിക്കുന്ന ഒരാളുടെകൂടെ ജീവിക്കാൻ എനിക്കും താത്പര്യമില്ല. എന്നോട് കാണിച്ച ദയയിൽ എനിക്ക് നന്ദിയുണ്ട്… എങ്കിലും..

അവൾ പറഞ്ഞുനി൪ത്തി. അവളുടെ ഭാവപ്പക൪ച്ചയും ശബ്ദസ്ഫുടതയും കാര്യങ്ങൾ വ്യക്തമായിപ്പറഞ്ഞ ആ൪ജ്ജവവും സുകേഷിനെ പിടിച്ചിരുത്തി ക്കളഞ്ഞു. ഒരുനിമിഷം ഒന്ന് ചിരിച്ചിട്ട് അയാളവിടെ ഇരുന്നു. എല്ലാവരും പൊട്ടിച്ചിരിച്ചുപോയി. അവളും അപ്പോഴാണ് അയാളെ ശരിക്കും ശ്രദ്ധിച്ചത്. കാണാൻ കൊള്ളാം. ആകാരഭംഗിയൊക്കെയുണ്ട്. അയാൾ ചിരിച്ചതോടെ അന്തരീക്ഷത്തിനൊരയവുവന്നു. വീണ്ടും ഇരുന്നതുകൊണ്ട് സുകേഷിന് പെണ്ണിനെ ഇഷ്ടമായി എന്ന് എല്ലാവർക്കും പെട്ടെന്ന് മനസ്സിലാവുകയും ചെയ്തു.

ഇനി..?

സേതുവേട്ടൻ സുകേഷിനെ നോക്കി.

ഇവർക്ക് താത്പര്യമുണ്ടെങ്കിൽ അങ്ങോട്ട് വരട്ടെ..

അച്ഛനും അമ്മയും അപ്പോഴാണ് ഒന്ന് ദീ൪ഘമായി നിശ്വസിച്ചത്. പെട്ടെന്ന് പുറത്തുനിന്നും ഒരു വിളികേട്ടു.

മോളേ…

അവൾ ഓടിച്ചെന്നു. പിറകേ എല്ലാവരും പുറത്തേിറങ്ങി. വയസ്സായ ഒരു സ്ത്രീ മൂന്ന് വയസ്സുള്ള കുട്ടിയുടെ കൈയും പിടിച്ച് കരയുകയാണ്. അവളോട്‌ എന്തൊക്കെയോ പറഞ്ഞ് അനുഗ്രഹിക്കുന്നുണ്ട്. സാരമില്ല, കരയല്ലേ എന്നൊക്കെ അവളും പറയുന്നുണ്ട്.

അമ്പലത്തിൽനിന്നും വരുന്ന വഴിക്ക് ഒരു നായ ഓടിച്ച, ഒറ്റക്കായിപ്പോയ കുട്ടിയെ എടുത്ത് രക്ഷിതാവിന്റെ അടുത്ത് എത്തിച്ച് വന്നതായിരുന്നു അവൾ. അതാണ് അവൾ വൈകാനുണ്ടായ കാരണം. അവ൪ക്ക് വീണ്ടും അവളെ കണ്ട് നന്ദി പറയാനായി അന്വേഷിച്ച് വന്നതായിരുന്നു.

ഇറങ്ങാൻനേരം സുകേഷ് അവളോടായി ചിരിയോടെ പതിയെ പറഞ്ഞു:

സഹജീവികളോടുള്ള ദയയും സ്നേഹവും കണ്ടുബോധിച്ചു കേട്ടോ..

അവളും മയത്തിൽ പറഞ്ഞു:

അറിയാത്ത ഒരു പെണ്ണിന്റെ അഭിമാനം തകരുമെന്ന് തോന്നിയ നിമിഷത്തിലുണ൪ന്ന പൗരുഷം ഞാനും കണ്ടല്ലോ…

ഇവ൪ രണ്ടുപേരും എല്ലാം തീരുമാനിച്ചസ്ഥിതിക്ക് നമുക്ക് വീണ്ടും കാണാം അല്ലേ..?

സേതുവേട്ടൻ അച്ഛന്റെ കൈ പിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു. എല്ലാവരും ചിരിയോടെ അവ൪ പോകുന്നതും നോക്കി നിന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *