ചെറുപ്പത്തിലേ അനുജത്തി മരണപ്പെട്ടതിനാൽ മാനുവിനെ കദീശുമ്മയ്ക്ക് നല്കി രണ്ടാം…..

പെരുന്നാൾ രാവിൽ വിരിഞ്ഞ കറാമത്ത് 

എഴുത്ത്:-ഷാജി മല്ലൻ

” മൂത്തുമ്മോയ് പെരുന്നാളിന് ആട്ടിറച്ചി വേണ്ടേ…?” മതിലിനരികെ നിന്ന് ജബ്ബാർ  ഒച്ചവെച്ചു.” രണ്ടീസം ഇല്ലെടാ ചെക്കാ, മാനു ഒന്നും പറഞ്ഞീല്ല, ഓനിനി ടൗണിന്ന് വാങ്ങിക്കൊണ്ടൊരുവോ ആവോ?  അതെന്താണപ്പാ ഇബ്ടെ എറച്ചി കിട്ടുമ്പോ ഓര് ടൗണിന്ന് വാങ്ങണത്” ജബ്ബാറിന്റെ ശബ്ദത്തിൽ പരിഭവം കലർന്നത് കദീശുമ്മ ശ്രദ്ധിച്ചു.” ഇല്ലെടാ ഇയ്യ് ബേജാറാക്കാതെ, ഓൻ വന്ന് തിരക്കീട്ട് പറയാം.” ആയ്ക്കോട്ടെ.. മൂത്തുമ്മ ങ്ങ്ള് നാളെ കാലത്തുതന്നെ പറയ് ട്ടോ”. കദീശുമ്മ തലയാട്ടി പുരയ്ക്കകത്തേക്ക് കേറി.

മൂത്തുമ്മാന്ന് ജബ്ബാർ വിളിച്ചെങ്കിലും കദീശുമ്മ ജബ്ബാറിന്റെ അയൽവാസി മാത്രമാണ്.. മാനുവും വീട്ടുകാരിയും മൂത്തുമ്മാന്ന് വിളിച്ചു കേട്ടാണ് ജബ്ബാർ വളർന്നത്. ഇപ്പോ അയാൾക്കും കുടുംബത്തിനുമൊക്കെ കദീശുമ്മ മൂത്തുമ്മയാണ്.” ഓൻ ആട്ടിറച്ചിടെ കാശും വാങ്ങിച്ച് കുമ്പന്റെ ഇറച്ചി തന്നാൽ ഇക്കാക്ക വാങ്ങിച്ചതു തന്നെ” മാനുവിന്റെ കെട്ട്യോൾ ശബ്ദം താഴ്ത്തി പിറുപിറുത്തു.

കദീശുമ്മാന്റെ അനുജത്തിയുടെ മകനാണ് മാനു. ചെറുപ്പത്തിലേ അനുജത്തി മരണപ്പെട്ടതിനാൽ മാനുവിനെ കദീശുമ്മയ്ക്ക് നല്കി രണ്ടാം കെട്ടിയോളുമായി വയനാട് ചുരം കയറിയതാണ് അവന്റെ ഉപ്പ.മാനു കദീശുമ്മാന്റെ ചെക്കൻ മാരുമായി കളിച്ചു വളർന്നു. മക്കളുമാരെല്ലാം അറേബ്യൻ നാട്ടിലെ ഷേക്കു മാരാകാൻ പോയപ്പോ കോഴിക്കോട്ടങ്ങാടിയിലെ പഴയ പാത്രക്കടയുടെ നടത്തിപ്പ് മാനുവിനായി. മൂത്തുമ്മാക്ക് കൂട്ടായി നാട്ടിൽ നിൽക്കണമെന്ന ആശയുള്ളതു കൊണ്ട് അയാൾ അതിൽ തൃപ്തിപ്പെട്ടു.

അവന്റെ പെണ്ണ് കുറേനാൾ തലയണ മന്ത്രം ഓതീട്ടും ജാറത്തിൽ പോയി ചരട് കെട്ടിച്ചിട്ടും രക്ഷയില്ലാതെ വന്നപ്പോൾ അവളുടെ ഗൾഫ് സ്വപ്നവും താഴിട്ടു പൂട്ടി കളഞ്ഞു. കദീശുമ്മാക്ക് വയസ്സ് എഴുപതു പിന്നിട്ടെങ്കിലും തണ്ടനങ്ങി ആയ കാലത്ത് പണികളൊക്കെ ചെയ്തതു കൊണ്ട് വാത പനിക്ക് ഇതുവരെ പിടി കൊടുത്തിട്ടില്ല. ഗോവണിപ്പടി കയറി മുകളിലെത്തെ മുറിയിലേക്ക് പോകുമ്പോൾ ഫോൺ നിർത്താതെ ബെല്ലടിച്ചു തുടങ്ങി.” മൂത്തുമ്മാ ങ്ങ്ക്കാ, അവിടെ എടുത്തോളി”, താഴെ നിന്ന് മാനൂന്റെ കെട്ടോള് ഒച്ചവെച്ചു. റഷീദ് ആണ് സൗദീന്ന്, കദീശുമ്മാന്റെ മൂത്ത മകനാണ്.

ചെറിയ പെരുന്നാളായി വരുന്നതിന്റെ വിളിയാണ്. നാട്ടിൽ വന്നു പോയിട്ട് രണ്ടുവർഷമാകുന്നു. കുടുംബവും സൗദിയിലായതു കൊണ്ട് നാട്ടിലേക്കുള്ള പോക്കുവരവ് കുറഞ്ഞു. കദീശുമ്മാടെ ഫോണിലൂടെയുള്ള പിണക്കങ്ങൾക്ക് കോവിഡിനെ പഴിചാരി ഇപ്രാവശ്യവും റഷീദ് രക്ഷപ്പെട്ടു. കൂടെ ഒരു പരിഭവവും. മൊബൈൽ ഉപയോഗിക്കാൻ പഠിക്കാത്തതിന്!!. കദീശുമ്മ കർട്ടൻ മാറ്റി ജനൽ തുറന്നിട്ടു,ചാരു കസേര വലിച്ചു ജനലരികെ ഇരുന്നു. വല്ലപ്പോഴുമേ ഈ മുറി തുറന്നിട്ടുകയുള്ളു. അതും കദീശുമ്മയുടെ മനസ്സിൽ ഓർമ്മകൾ പൂക്കുമ്പോൾ മാത്രം!!. ഒരുപാട് സ്നേഹത്തിന്റെയും കഷ്ടപ്പാടിന്റെയും ഇണക്കത്തിന്റെയും ചില്ലറ പിണക്കത്തിന്റെയുമൊക്കെ നല്ലോർമ്മകൾ മണക്കുന്ന മുറിയാണത്

” വല്ലുമ്മാ ആ പശു കുട്ടി ഇങ്ങട്ട് നോക്കി നിക്കണ കണ്ടാ” മാനുന്റെ മൂന്നു വയസ്സുകാരി കദീശുമ്മാന്റെ ഓർമ്മകൾ മുറിച്ചു.” ഏയ് ടാ കുലുസു അത് കാളക്കുട്ടിയല്ലേ?”. നല്ല ഓമനത്തമുള്ള ഒരു കാളക്കുട്ടൻ ജനലരികെ നിൽക്കുന്ന തങ്ങളെത്തന്നെ നിർന്നിമേഷനായി നോക്കി നിൽക്കുന്ന പോലെ കദീശുമ്മാക്ക് തോന്നി. ജബ്ബാറിന്റെ കിടാവാണെന്ന് തോന്നുന്നു. കറുപ്പും വെളുപ്പും ചേർന്ന നിറം അവനെ മൊഞ്ചുള്ളതാക്കിയതായി അവർക്ക് തോന്നി. റബ്ബേ ഇതാണോ മാനൂന്റെ പെണ്ണ് പറഞ്ഞ ജബ്ബാറിന്റെ ആട്. കുലുസു താഴേക്കു പോയിട്ടും കുമ്പന്റെ(കാളക്കുട്ടന്റെ) നോട്ടം തനിക്കു നേരെയാണെന്ന് കദീശുമ്മാക്ക് തോന്നി. ഒരു തരം പകപ്പ് ആ കണ്ണുകളിൽ അവർ അനുഭവിച്ചു. തന്റെ പഴയ കളിക്കൂട്ടുകാരി ജാനു പറഞ്ഞത് കദീശുമ്മാക്ക് പെട്ടന്ന് ഓർമ്മവന്നു.

പണ്ട് പറമ്പിൽ കളിച്ചോണ്ട് നില്ക്കുമ്പോൾ തന്നെ മുട്ടിയുരുമ്മാൻ വരുന്ന ആട്ടിൻകുട്ടികളെ കാണുമ്പോൾ ഓളുടെ വക ചെവിയിൽ ഒരു കുശുകുശുപ്പുണ്ട്” എടീ കദീശു അന്റെ വല്യു പ്പാപ്പമാരാരെങ്കിലും ആവും ഇവറ്റകള്..അതാ പുനർജന്മം കിട്ടീ വീണ്ടും ഭൂമീ വന്നപ്പോൾ നിന്നെക്കണ്ട് ചുറ്റും കുടീത്.” അന്നത്തെ പല മിത്തുകളിൽ നിന്നും രക്ഷപ്പെടാൻ അരയിലെ ഏലസ് കദീശുന് ധൈര്യം നല്കിയിരുന്നു.  ജാനു പറഞ്ഞ പോലെ ഈ കുമ്പനും തന്റെ സ്വന്തക്കാരൻ വല്ലതുമാണോ. ജബ്ബാറിന്റെ പെണ്ണ് ബക്കറ്റിൽ പിണ്ണാക്ക് കലക്കി ക്കൊണ്ടു വരുന്നത് കണ്ടു കദീശുമ്മ മുരടനക്കി.

” അല്ല മോളെ ങ്ങള് ഇതിനെ എബെടേന്നാ വാങ്ങിച്ചേ ?കുഞ്ഞായോണ്ട് വളർത്തൂല്ലേ?”” ഓര് തളിപറമ്പീന്നു വാങ്ങീതാ , നാളെ ത്തേക്കാന്നാ തോന്നണത്.ഇക്ക് അതിനെ കണ്ടപ്പോ വളർത്താനൊരു പൂതി .. പക്ഷേ ഇക്കാക്ക സമ്മതിക്കണില്ല”. കദീശുമ്മാക്ക് വിഷമം തോന്നി. കുമ്പനെ നോക്കിയപ്പോൾ അതും അവരെ നോക്കിക്കൊണ്ടിരിക്കുന്നു. കദീശുമ്മ ഒരു ദീർഘ നിശ്വാസമെടുത്തു ചാരുകസേരയിലേക്ക് അമർന്നു. കണ്ണടയെടുത്തു കിതാബ് ഓതാൻ തുടങ്ങി. നോമ്പുകാലത്ത് കദീശുമ്മ ഖുർആൻ പാരായണം പല ആവർത്തി പൂർത്തികരിക്കുന്ന പതിവുള്ളതാണ്. ഓതി തീർന്നു ദുആ ചെയ്തു കൊണ്ടിരുന്നപ്പോൾ തന്നെ തന്നെ നോക്കുന്ന കാളക്കുട്ടന്റെ കണ്ണുകളിലെ നിഷ്കളങ്കത കദീശുമ്മായെ അലിയിച്ചു.

അവന്റെ ദീർഘായുസിനു വേണ്ടി കൂടി അവരുടെ പ്രാർത്ഥന നീണ്ടു. താഴേക്ക് പോകുന്നതിനു മുൻപ് പ്രാർത്ഥനയുടെ കൂടെ പ്രവർത്തിക്കൂടി വേണമെന്ന ആശയക്കാരി ആയതിനാൽ ജബ്ബാറിന്റെ നമ്പരെടുത്ത് ഡയൽ ചെയ്തു. രണ്ടു കിലോ നല്ല ആട്ടിറച്ചി വേണമെന്ന് പറഞ്ഞപ്പോൾ ജബ്ബാറിന് സന്തോഷമായെങ്കിലും കാളകുട്ടനെ വളർത്താൻ കദീശുമ്മ വില പറഞ്ഞതിനെ അയാൾ പ്രോത്സാഹിപ്പിച്ചില്ല. വില കുറഞ്ഞു പോകരുതെന്ന് കദീശുമ്മാക്ക് നിർബന്ധമുണ്ടായിരുന്നതുകൊണ്ട് മോഹവില കൊടുക്കാൻ റെഡിയായിരുന്നെങ്കിലും ജബ്ബാറിന്റെ മനതാരിൽ ആട്ടിറച്ചിക്കുള്ള ആവശ്യക്കാരെക്കുറിച്ചു വ്യക്തമായ ധാരണയില്ലാത്തതിനാൽ അയാൾ ഒഴിവുകഴിവുകൾ പറഞ്ഞൊഴിഞ്ഞു. കദീശുമ്മ നിരാശയോടെ നോമ്പു മുറി ഒരുക്കത്തിന് മരുമോള് പെണ്ണിനെ സഹായിക്കാൻ താഴേക്ക് ഇറങ്ങുമ്പോൾ ബദ്‌രീങ്ങളുടെ പേരിൽ കാളക്കുട്ടന്റെ ആയുസ്സിനു വേണ്ടി ഒരു നേർച്ചയിടാനും മറന്നില്ല.

അസറിന് നമസ്കരിക്കാൻ വന്നപ്പോഴും കദീശുമ്മാന്റെ കണ്ണുകൾ കുമ്പനെ തിരഞ്ഞെങ്കിലും കണ്ടില്ല. നമസ്കരിച്ചു സലാം വീട്ടി ജനലരികിലേക്ക് നീങ്ങി നിന്നപ്പോൾ താഴെ മാവിന്റെ ചുവട്ടിൽ ആലസ്യത്തോടെ കിടക്കുന്നത് കണ്ടു. പെരുന്നാൾ പെറവരെയുള്ള തന്റെ ആയുസ്സിനെ കുറിച്ചോർത്ത് വിഷമിച്ചു കിടക്കുന്നതുപോലെ അവർക്കു തോന്നി. രണ്ടു കാക്കകൾ അവനെ ശല്യപ്പെടുത്തുന്നപോലെ പുറത്തും ചെവിയുടെ അരികത്തുമിരുന്നു എന്തോ തീറ്റ കൊത്തി പറിക്കുന്നു. അവനെ അതു അലോസരപ്പെടുത്തുന്നുണ്ട്. പക്ഷേ ഒരു തരം നിസംഗഭാവത്തോടെ അതു സഹിക്കുന്നതു കണ്ടപ്പോ അവരുടെ മാതൃഹൃദയം വിങ്ങി.

കദീശുമ്മ ജനലിനു വെളിയിലേക്ക് കൈകൾ ഇറക്കി ശബ്ദുണ്ടാക്കി കാക്കകളെ ഓടിക്കാൻ നോക്കി. പക്ഷേ നോമ്പിന്റെ ക്ഷീണം കൊണ്ടോയെന്തോ ശബ്ദം കുറഞ്ഞതു കാരണം കാക്കകൾ കുമ്പന്റെ പുറത്ത് നാറാണത്തുഭ്രാന്തൻ പണ്ട് കുന്നുംപുറത്ത് കല്ലുന്തി കൊണ്ടുപോയിട്ട് ഉരുട്ടി താഴേക്ക് ഇടുന്ന പോലെ പഴുത്ത മാങ്ങാ പൊളി ഉരുട്ടിക്കൊണ്ടിരുന്നു. നോമ്പുതുറക്കുന്ന സമയത്ത് മാനു എത്താത്തതു കൊണ്ട് കദീശുമ്മ നോമ്പുതുറന്ന് കുറച്ചുനേരം ക്ഷീണം കൊണ്ട് കിടന്നു. എന്തോ ബെഹളം കേട്ടു കദീശുമ്മ താഴേക്ക് ചെന്നപ്പോൾ മാനുന്റെ പെണ്ണിന്റെ കണ്ണിൽ ഭയം നിറഞ്ഞു നിൽക്കുന്നതു കണ്ടു..

” മൂത്തുമ്മാ ജബ്ബാറിന് കോവിഡ് ആണെത്രെ!!. ഇപ്പോ പഞ്ചായത്തിൽ നിന്ന് ആമ്പുലൻസും ആളുകളും വന്നിരിക്കണ്. ഓനെ ഹോസ്പിറ്റലിക്ക് മാറ്റാൻ. രാവിലെ ഇങ്ങള് ഓനുമായിട്ട് സംസാരിച്ചത് അടുത്ത് നിന്നിട്ടാ?” കദീശുമ്മാക്ക് ഭയം തോന്നിയില്ല. അവരുടെ മനസിൽ കുമ്പന്റെ കാര്യമോർത്തപ്പോൾ ഒരു സന്തോഷം തോന്നുകയും ചെയ്തു. തല്ക്കാലം ഓൻ രക്ഷപ്പെട്ടു. ഇന്റെ പ്രാർത്ഥന പടച്ചോൻ കേട്ടു. കദീശുമ്മാക്ക് സന്തോഷം കൊണ്ട് ചെറിയ ശ്വാസംമുട്ടലു തോന്നി. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ളതുപോലെ. കൊറോണ എന്നെയും പിടിച്ചോ. പള്ളീന്ന് എന്തോ വിളിച്ചു പറയുന്നത് കേൾക്കുന്നല്ലോ. മാനൂ… മോനെ… കദീശുമ്മാടെ സ്വരം തൊണ്ടയിൽ കുടുങ്ങി.” മൂത്തുമ്മോ ങ്ങള് എന്തുറക്കാ ഇത്.” മാനു മൂത്തുമ്മാനെ കുലുക്കി വിളിച്ചു.” നാളെ പെരുന്നാളാ” കദീശുമ്മാ കണ്ണുമിഴിച്ചു രണ്ടുമിനിട്ട് അങ്ങനെതന്നെ കിടന്നു.

” എടാ മാനു പള്ളീന്ന് ദിക്റ് ഒന്നും കേൾക്കണില്ലല്ലോ” കദീശുമ്മാക്ക് താനുറങ്ങി പോയ വിവരം അംഗീകരിക്കാൻ അല്പം പ്രയാസം തോന്നി.” എന്താപ്പം ഇതു കഥ, ങ്ങള് അല്ലെ മൂത്തു ഉറക്കത്തിൽ മാനു പള്ളീന്ന് എന്തോ വിളിച്ചു പറയുന്നൂന്ന് പറഞ്ഞു ഒച്ചവെച്ചത്”, അപ്പോ പള്ളിയിൽ ദിക്റ് ചൊല്ലുവല്ലാരുന്നോ!!”. മാനുന് ഇഷ്ടം കൂടുമ്പോഴുള്ള മൂത്തു വിളി കദീശുമ്മാക്ക് പെരുത്തി ഷ്ടമുള്ളതാണ്.” മോനെ മ്മടെ ജബ്ബാറ്”.” ” സമയമെത്രയായെന്ന് വല്ല പിടിയുമുണ്ടോ മൂത്തുമ്മാ? ജബ്ബാറ് എപ്പോഴെ ആട്ടിറച്ചി കൊണ്ടു തന്നിട്ടു പോയി.” കദീശുമ്മാന്റെ മനതാരിൽ കൂടി ഒരു കൊല്ലിയാൻ മിന്നി. എന്റെ ബദരീങ്ങളെ എന്റെ നേർച്ച പാഴായല്ലൊ. ജബ്ബാർ അതിനെ ഇറച്ചിയാക്കിയല്ലോ..ഇന്റെ അടുക്കളേൽ തന്നെ ങ്ങള് അതിനെ എത്തിച്ചല്ലോ…കദീശുമ്മാന്റെ കണ്ണു നിറഞ്ഞു. കദീശുമ്മ ജനലിനു പുറത്തേ ഇരുട്ടിൽ കുമ്പനെ തിരഞ്ഞു.

മാനു നിർബന്ധം പിടിച്ചോണ്ട് മാത്രം കദീശുമ്മ താഴത്തേക്ക് ഇറങ്ങിചെന്നു. അടുക്കളയിൽ നിന്നു ഇറച്ചിയുടേയും മസാലയുടെയും മണം കദീശുമ്മാന്റെ മൂക്കിലേക്ക് അടിച്ചു കയറി. അവർക്ക് തലക്ക് നല്ല പെരുപ്പ് തോന്നി.” മൂത്തുമ്മാ ജബ്ബാറിന്റെ ആട്ടിറച്ചി സൂപ്പറാണേ” മാനുന്റെ പെണ്ണ് വെളുക്കെ ചിരിച്ചോണ്ട് അലുമിനിയം ചരുവത്തിലേക്ക് അടുപ്പിലെ കഞ്ഞിവെള്ളം പകർന്നു. പിന്നെ.. ജബ്ബാറിനെ ഇവൾക്കറിയുമോ, അവൻ ആ കുമ്പാരിയെക്കൂടി ആടാക്കി കാണും. കദീശുമ്മ ദേഷ്യത്താൽ പല്ലിറുമി.”നീയി ചരുവവുമായി എവിടെ പോണു” എന്ന ചോദ്യവുമായി വരാന്തയിലേക്കിറങ്ങിയ കദീശുമ്മായെ കാത്ത് ജബ്ബാറിന്റെ കുമ്പൻ തൊഴുത്തിനു വെളിയിൽ ഹാജരുണ്ടായിരുന്നു.” മൂത്തുമ്മ വളർത്താൻ  ചോദിച്ചോണ്ട് ജബ്ബാറിന് ഇതിനെ അറുക്കാൻ മനസ്സു വന്നില്ലത്രെ. ഇക്കാക്ക പറഞ്ഞത് അത് ഓൻ ചിലപ്പോൾ ആട്ടിറച്ചിയുടെ ചിലവ് കുറവായോണ്ട് വേണ്ടാന്ന് വെച്ചതാകുമെന്ന്”!!!. അൽഹംദുലില്ലാഹ്!! ബദരീങ്ങളുടെ കറാമത്തിൽ കദീശുമ്മാന്റെ കണ്ണു നിറഞ്ഞു, കദീശുമ്മാനെ കണ്ട കിടാവിന്റെയും.

Leave a Reply

Your email address will not be published. Required fields are marked *