ചെർക്കന് പ്രേമം തലക്കു പിടിച്ചെന്നാ തോന്നണേകുറച്ചു ദൂസായി കണ്ണാടീടെ മുന്നീന്ന് മാറണില്ല്യ . പോരാത്തതിന് രാത്രി മുഴുവൻ ഫോൺ വിളീം……

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ആഴ്ച്ചകളിൽ ഞായറാഴ്ചയാണ് പിള്ളേച്ചന് ഇഷ്ടം. പല്ല് തേക്കാതെ, കുളിക്കാതെ ജോലിത്തിരക്കില്ലാതെ,വാമഭാഗം തരുന്ന ചൂട് കട്ടനും മൊത്തി വീടിന്റെ ഉമ്മറത്തു പത്ര വായനയ്ക്കെന്ന പേരിൽ ഇരുന്നാൽ വഴിയേ പോകുന്ന ആളുകളെ കാണാം.

അമ്പലത്തിലേക്കും , പള്ളിയിലേക്കും, ചന്തയിലേക്കും മറ്റും പോകുന്നവരും മടങ്ങുന്നവരുമെല്ലാം വീടിനു മുന്നിലൂടെ കടന്നു പോകും.

പിള്ളേച്ചൻ അവരെ നോക്കി ചിരിക്കുകയും ലോക കാര്യങ്ങൾ സംസാരിക്കുകയും ചെയ്യും.

പതിവ് പോലെ ഞായറാഴ്ചഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് ദേവൂ എന്ന് പിള്ളേച്ചൻ വിളിക്കുന്ന ദേവയാനി അരികിലായി വന്നിരുന്നത്.

“എനിക്കൊരു കാര്യം പറയാനുണ്ടേയ്”

പിള്ളേച്ചൻ തെല്ലൊരു അത്ഭുതത്തോടെ ദേവുവിന്റെ മുഖത്തേക്ക് നോക്കി.

“എന്തേ ഒരു മുഖവുര?”

“ചെർക്കന് പ്രേമം തലക്കു പിടിച്ചെന്നാ തോന്നണേ!”

“എന്ത്യേ”

“കുറച്ചു ദൂസായി കണ്ണാടീടെ മുന്നീന്ന് മാറണില്ല്യ . പോരാത്തതിന് രാത്രി മുഴുവൻ ഫോൺ വിളീം”.

“എന്റെ പോന്നു ദേവൂ നീയൊന്നടങ്ങ്.ഇതൊക്കെ പ്രായത്തിന്റെയാ. അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കിത്തന്നെ ആദ്യത്തെ ആവേശം കഴിയുമ്പോ എല്ലാം മറക്കും.”

“അതെന്താ നിങ്ങള് ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?”

പിള്ളേച്ചൻ ഒന്നു നടുങ്ങി ചോദ്യം അപ്രതീക്ഷിതമാണ്.

മറുപടി സൂക്ഷിച്ചു വേണം.

“ഏയ്‌ ഞാനോ പ്രേമോ. നീ രാവിലെ ഒന്നു പോയേ!”

“നിങ്ങടെ സ്വഭാവം എങ്ങാനും അവനു കിട്ട്യാന്റെ ഭഗവതി ആലോചിക്കാനെ വയ്യ”

കാപ്പി ഗ്ലാസുമെടുത്ത് ദേവയാനി അടുക്കളയിലേക്ക് നടന്നു

പിള്ളേച്ചന്റെ കൈകൾ തലയിലുള്ള മുഴയിൽ അറിയാതെ തലോടി.

മനസ്സ് ഏറെ വർഷം പുറകോട്ടു സഞ്ചരിച്ചു

നല്ല നിലയിൽ കോളേജ് പഠനവും കഴിഞ്ഞ് നാട്ടിൻ പുറത്തെ കമ്പനിയിൽ ജോലിക്ക് ചേർന്നപ്പോഴാണ് അവളെ കണ്ടുമുട്ടുന്നത്.ശാലീനയായ നാട്ടിൻപുറത്തുകാരി പെണ്ണ്.

താൻ താമസിച്ചിരുന്ന വീടിന്റെ അയല്പക്കത്താണ് അവളുടെ വീട്.

നെറ്റിയിൽ ചന്ദനക്കുറിയും,തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ തുളസിക്കതിരും ചൂടി നിറഞ്ഞ മന്ദസ്മിതവുമായി നിത്യവും രാവിലെ കോളേജിലേക്ക് പോകുന്നവൾ.

എന്തു കൊണ്ട് താൻ ഈ നാട്ടിൽ ജനിച്ചില്ല എന്നു തോന്നിയ നാളുകൾ.

ഗോഡ്ഫാദറും, ഹരിഹർ നഗറുമൊക്കെ യുവാക്കൾക്കിടയിൽ ലഹരിയായിരുന്ന അക്കാലത്ത് അവളെ വളക്കുവാൻ പതിനെട്ടടവും പയറ്റേണ്ടി വന്നു.

ഒടുവിൽ അവൾ തന്നിൽ കാടാക്ഷിച്ചു.

തന്നെ കാണുമ്പോൾ അവളുടെ വദനം അർക്കോദയം കണ്ട താമര പോലെ വിടരുന്നതും, ആ ചെഞ്ചുണ്ടുകളിൽ മന്ദഹാസം വിടരുന്നതും മനസ്സിൽ സ്വപ്നങ്ങൾ വിരിയിച്ചു.

പക്ഷേ അവളോട് സംസാരിക്കാൻ മാർഗ്ഗമില്ല

മൊബൈൽ ഫോൺ പോയിട്ട് ലാൻഡ്ഫോൺ പോലും അപൂർവമായ കാലം.

സംവേദനത്തിനുള്ള ഏക മാർഗം പ്രണയലേഖനം തന്നെ.

പക്ഷേ അത് എങ്ങിനെ അവളുടെ കൈകളിൽ എത്തിക്കും.

സഹമുറിയനായ ശശിയാണ് ഐഡിയ തന്നത്.

രാവിലെ എല്ലാ ദിവസവും പത്രം വരുമ്പോൾ എടുത്ത് ആദ്യം വായിക്കുന്നത് അവളാണത്രെ. അതു കൊണ്ട് പത്രം കൊണ്ടുവരുന്ന പയ്യനെ വശത്താക്കി ലിഖിതം പത്രത്താളിനുള്ളിൽ വച്ചു കൊടുക്കുക.

അവളുടെ ചെയ്തികൾ ഇത്ര സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന ശശിക്കിട്ടൊന്ന് പൊട്ടിക്കാൻ തോന്നിയെങ്കിലും ഐഡിയ തന്ന ആശാനെ ദ്രോഹിക്കാൻ തോന്നിയില്ല .

രാത്രിയിൽ തച്ചിനിരുന്നെഴുതിയ പ്രേമലേഖനം രാവിലെ പത്രക്കാരൻ പയ്യന് രണ്ടുറുപ്യ കൈക്കൂലിയും കൊടുത്ത് ഹംസമാക്കി അയച്ചു.

അവൾ പത്രമെടുക്കുന്നതും കോൾമയിർ കൊള്ളുന്നതും പ്രതീക്ഷിച്ചു നിൽക്കുമ്പോൾ ഇടിവെട്ടേറ്റതു പോലെയാണ് അവളുടെ താതൻ വാതിൽ തുറന്നു പുറത്തു വരുന്നതും പത്രവുമെടുത്തു കൊണ്ട് അകത്തേക്ക് പോകുന്നതും കണ്ടത്.

പിന്നെ നടന്നതൊക്കെ ഓർക്കുമ്പോൾ മനസ്സിപ്പോഴും വിറങ്ങലിക്കുന്നു.

തന്റെ മകന് അങ്ങിനെ സംഭവിച്ചു കൂടാ.

അന്നത്തെ സംഭവത്തിന്റെ തിരുശേഷിപ്പായി തലയിൽ അവശേഷിക്കുന്ന മുഴയിൽ ഒന്നു കൂടി തലോടിക്കൊണ്ട് പിള്ളേച്ചൻ മകനെ വിളിച്ചു. വയ്യാത്ത പണിക്കൊന്നും പോകരുതെന്ന് ഉപദേശിക്കാനായി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *