ജാതകദോഷം കൊണ്ട്, അവൾക്ക് ഭർത്താവ് വാഴില്ലെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം, അത് കൊണ്ടല്ലേ ജാതകത്തിലൊന്നും…

Story written by Saji Thaiparambu

ഡീ ശിവദേ.. നാളെ അച്ഛൻ്റെ അടിയന്തിരം കഴിയുമ്പോൾ, കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനമുണ്ടാവും, അത് കൊണ്ട്,നമ്മൾ ഒരു കരുതലോടെ വേണം നീങ്ങാൻ

ഇനി എന്ത് തീരുമാനമുണ്ടാകാനാ ഹരിയേട്ടാ.. നമുക്ക് കിട്ടാനുള്ള മുതലൊക്കെ നിങ്ങള് കണക്ക് പറഞ്ഞ് നേരത്തെ വാങ്ങിയതല്ലേ?

എടീ.. അതിന് ,മുതല് ആർക്ക് വേണം ,പ്രൈവറ്റായാലും ജോലിയിലിരിക്കുമ്പോഴല്ലേ അച്ഛൻ മരിച്ചത്, അതും അക്കൗണ്ടൻ്റായിട്ട്, എന്തായാലും ആ ജോലിക്ക് അവകാശം, നിങ്ങൾ രണ്ട് മക്കൾക്കുള്ളതല്ലേ?

എന്തായാലും രണ്ട് പേർക്കും കൂടി ജോലി കിട്ടില്ലല്ലോ ,അത് പല്ലവിയെടുത്തോട്ടെ ,അത് മൂലം ഇനിയെങ്കിലും, അവൾക്ക് നല്ലൊരു വിവാഹാലോചന വരികയാണെങ്കിൽ അതല്ലേ നല്ലത്

ങ്ഹാ ഫസ്റ്റ്, എടീ ജാതകദോഷം കൊണ്ട്, അവൾക്ക് ഭർത്താവ് വാഴില്ലെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം, അത് കൊണ്ടല്ലേ ജാതകത്തിലൊന്നും വിശ്വാസമില്ലാത്തൊരുത്തൻ, അവളെ കെട്ടാൻ തയ്യാറായി വന്നിട്ട് ,കല്യാണത്തലേന്ന് തന്നെ , അപകടത്തിൽ പെട്ട് മരിച്ചത് ,ഇനിയവളെ പൊന്ന് കൊണ്ട് മൂടാമെന്ന് പറഞ്ഞാൽ പോലും, ജീവനിൽ പേടിയുള്ള ഒരാളും അവളെ കല്യാണം കഴിക്കാൻ വരില്ല

എന്നാലും സാരമില്ല ,അഥവാ കല്യാണം നടന്നില്ലെങ്കിലും അവൾക്ക് ജീവിക്കണ്ടേ ,അതിനവൾക്ക് ഒരു ജോലി വേണമല്ലോ?

ഓഹ് എന്തിന്? അവരുടെ ചിലവ് കൂടി നമ്മള് നോക്കിക്കൊള്ളാമെന്ന് പറയണം, ശബ്ബളത്തിൽ നിന്ന്, മാസം പത്തോ രണ്ടായിരമോ രൂപ അവർക്ക് രണ്ട് പെണ്ണുങ്ങർക്കും കൂടി ചിലവാകുമായിരിക്കും, എന്നാലും ക്ളറിക്കൽ പോസ്റ്റിൽ ഒരു ജോലി കിട്ടുകാന്ന് വച്ചാൽ ചെറിയ കാര്യമാണോ ? നമുക്ക് രണ്ട് പെൺകുട്ടികളല്ലേടി, അവർക്ക് ഭാവിയിലേക്ക് എന്തേലും കരുതി വയ്ക്കണമെങ്കിൽ, എൻ്റെ കച്ചവടത്തിൽ നിന്ന് കിട്ടുന്നത് മതിയാകുമോ ? നിനക്കും കൂടി വരുമാനമുണ്ടാകുവാണെങ്കിൽ, നമ്മുടെ മക്കളെ നല്ല നിലയിൽ കെട്ടിച്ചയക്കാം ,നീയൊന്ന് ആലോചിച്ച് നോക്ക്

ഭർത്താവ് പറയുന്നതിലും കാര്യമുണ്ടെന്ന്, ശിവദയ്ക്ക് തോന്നി ,

പിറ്റേന്ന്, അടിയന്തിരം കഴിഞ്ഞ് അമ്മാവൻമാരും ,അച്ഛൻ്റെ സഹോദരങ്ങളും ചേർന്ന്, പല്ലവിക്ക് ജോലി കിട്ടുന്നതിന് വേണ്ട, നടപടികളിലേക്ക് പോകുന്നതിനുള്ള ചർച്ച നടത്തി .

അല്ല, എൻ്റെ അഭിപ്രായത്തിൽ പല്ലവിക്ക് ഇപ്പോൾ ഒരു ജോലിയുടെ ആവശ്യമില്ല ,അച്ഛൻ മരിച്ച സ്ഥിതിക്ക്, അമ്മയെയും അനുജത്തിയെയും നോക്കേണ്ട ചുമതല എനിക്കും ശിവദയ്ക്കുമാണ്, അവർക്ക് ഒരു കുറവും വരുത്താതെ ഞങ്ങള് നോക്കിക്കൊള്ളാം ,ഞങ്ങൾക്ക് രണ്ട് പെൺകുട്ടികളാണ്, എൻ്റെ ബേക്കറിയിലെ വരുമാനം കൊണ്ട് മാത്രം ,അവരുടെ ഭാവി ഭദ്രമാക്കാൻ ഞങ്ങൾക്ക് കഴിയില്ല, അത് കൊണ്ട്, അച്ഛൻ്റെ ജോലി ശിവദയ്ക്ക് കിട്ടുകയാണെങ്കിൽ, അതെല്ലാവർക്കും പ്രയോജനമുണ്ടാകും

ഹരിഹരൻ ആ പറഞ്ഞതിനോട് എനിക്ക് പൂർണ്ണമായി യോജിക്കാനാവില്ല ,കുറച്ച് നാൾ അമ്മയുടെയും അനുജത്തിയുടെയും കാര്യങ്ങൾ നോക്കി മടുക്കുമ്പോൾ, നിങ്ങൾക്കത് പിന്നെയൊരു ബാധ്യതയായി തോന്നും, മാത്രമല്ല ജാതകദോഷമുള്ള പല്ലവിക്ക്, ഇനിയൊരു വിവാഹാലോചനയുമായി നമുക്ക് മുന്നോട്ട് പോകണമെങ്കിൽ, അവൾക്കൊരു വരുമാനം ഉള്ളത് നല്ലതാണ്

വല്യാമ്മാവൻ്റെ അഭിപ്രായമായിരുന്നു അത്.

അതിന് ഈ ജോലി തന്നെ വേണമെന്നുണ്ടോ? അവൾക്കൊരു വരുമാന മാർഗ്ഗം ഉണ്ടാക്കി കൊടുത്താൽ പോരെ?

എന്താ ഹരിയുടെ കയ്യിൽ അവൾക്ക് കൊടുക്കാൻ പറ്റിയ ജോലി വല്ലതുമുണ്ടോ?

ഹരിയോട് വല്യമ്മാവൻ ചോദിച്ചു.

അത് പിന്നേ …

ഹരി, ഒരു മറുപടിക്കായി, ശിവദയെ നോക്കി.

ഉണ്ട്, വരുമാനമുള്ളൊരു ജോലിയല്ല ,ഒരു സ്ഥാപനമുണ്ട്, അച്ഛൻ ഹരിയേട്ടന് വരുമാന മാർഗ്ഗമായി കൊടുത്ത, ഞങ്ങളുടെ ബേക്കറി പല്ലവിയുടെ പേർക്ക് എഴുതിക്കൊടുക്കാം, അമ്മയ്ക്കും അവൾക്കും ജീവിക്കാൻ, അതിൽ നിന്ന് കിട്ടുന്ന വരുമാനം ധാരാളമാ

ശിവദയാണത് പറഞ്ഞത്.

ങ്ഹാ, അത് ന്യായമാണ് ,എന്ത് പറയുന്നു സുഭദ്രേ.. നിനക്ക് കൂടി സമ്മതമാണെങ്കിൽ ഇതങ്ങ് ഉപ്പിക്കാം

വല്യമ്മാവൻ, തൻ്റെ പെങ്ങളോട് ചോദിച്ചു.

കുറച്ച് നേരത്തെ ആലോചനയ്ക്ക് ശേഷം ,പല്ലവിയുടെ അഭിപ്രായംകൂടി ആരാഞ്ഞിട്ട് ,സുഭദ്ര സമ്മതം മൂളി.

അങ്ങനെ തൻെറയച്ഛൻ, നീണ്ട ഇരുപത്തിയഞ്ച് വർഷം ജോലി ചെയ്തിരുന്ന, ആ വലിയ കമ്പനിയിൽ ശിവദ ക്ളർക്കായി ജോലിയിൽ പ്രവേശിച്ചു.

ബേക്കറി പല്ലവിക്ക് കൊടുത്തതോടെ ,ഹരിക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ലായിരുന്നു, കുട്ടികളെ രാവിലെ സ്കൂളിൽ ഒരുക്കി വിടുന്നതും ,ശിവദ സമയക്കുറവ് മൂലം ബാക്കി വച്ച് പോയ വീട്ട് ജോലി ചെയ്ത് തീർക്കലും, അതോടെ ഹരിയുടെ ഉത്തരവാദിത്വമായിത്തീർന്നു.

എങ്കിലും അടുത്ത മാസം മുതൽ, കൈയ്യിലേക്ക് വരാൻ പോകുന്ന ശിവദയുടെ അഞ്ചക്ക ശബ്ബളത്തെയോർത്ത്, തൻ്റെ ജോലിയൊക്കെ അയാൾ ഉത്സാഹത്തോടെ ചെയ്ത് തീർത്തു.

ശിവദേ… മാനേജരുടെ റൂമിലേക്ക് വരുന്നില്ലേ?അവിടെ ശബ്ബളം കൊടുക്കാൻ തുടങ്ങി

അടുത്ത സീറ്റിലിരുന്ന സഹപ്രവർത്തക, വിളിച്ച് പറഞ്ഞിട്ട് എഴുന്നേറ്റ് പോയപ്പോൾ ,ശിവദയുടെ ഉള്ളിൽ ഒരു കുളിര് കോരി.

ആദ്യമായി തൻ്റെ കയ്യിലേക്ക് ഒരു വലിയ തുക, ശബ്ബളമായി കിട്ടാൻ പോകുന്നതിൻ്റെ ത്രില്ല്, അവൾ ശരിക്കും അനുഭവിച്ചറിയുകയായിരുന്നു ,

തൻെറ ഊഴത്തിനായി, മാനേജരുടെ റൂമിൻ്റെ മുന്നിലവൾ കാത്ത് നിന്നു.

ഹാഫ് ഡോർ തുറന്ന് അകത്ത് നിന്ന ആള് പുറത്തിറങ്ങിയപ്പോൾ, ശിവദ പുഞ്ചിരിയോടെ, ആ റൂമിലേക്ക് കയറി ചെന്നു.

അവിടെ മാനേജരെ കൂടാതെ, പുതിയ അക്കൗണ്ടൻ്റുമുണ്ടായിരുന്നു.

ങ്ഹാ ഇതാണ് സാർ ശിവദ ,മരിച്ച് പോയ ബാലചന്ദ്രൻ്റെ മകൾ

ഓഹ് അത് ശരി ,അത് കുട്ടിയാണല്ലേ? ങ്ഹാ കുട്ടീ.. തനിക്കറിയുമോ എന്നറിയില്ല, ബാലചന്ദ്രൻ്റെ മരണത്തിന് മുമ്പ് കമ്പനിയിൽ ചെറിയ ഫിനാൻഷ്യൽ പ്രോബ്ളമുണ്ടായി ,ഒരു പതിനേഴ് ലക്ഷം രൂപയുടെ കുറവ് കമ്പനിയുടെ അക്കൗണ്ടിലുണ്ടായി, അതിൻ്റെ അന്വേഷണത്തിനായി കമ്പനി ഒരു സമിതിയെ നിയോഗിച്ചിരുന്നു ,അവരത് കണ്ട് പിടിച്ചു, ക്യാഷ് നഷടമായത് ബാലചന്ദ്രൻ്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ് മൂലമായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്, അദ്ദേഹം മരിച്ച് പോയത് കൊണ്ട്, ഇനി ആ തുക തിരിച്ചടയ്ക്കേണ്ട ചുമതല, ശിവദക്കാണ് ,സാരമില്ല, ഒന്നിച്ചടക്കേണ്ട, ഏഴെട്ട് വർഷം കൊണ്ട്, ശിവദയുടെ ശബ്ബളത്തിൽ നിന്നും, എഴുപത്തിയഞ്ച് ശതമാനം വച്ച് പിടിക്കാനാണ്, കമ്പനിയുടെ എക്സികുട്ടീവ് ചേർന്ന് ഇന്നലെ തീരുമാനമെടുത്തത് ,അത് വരെ തനിക്ക് കിട്ടുന്ന ശബ്ബളം വളരെ തുച്ഛമാണെന്നറിയാം, പക്ഷേ കമ്പനിക്ക് ചില, റൂൾസ് ആൻറ് റെഗുലേഷൻസുണ്ട്, അതല്ലാതെ വേറെ മാർഗ്ഗമില്ല

മാനേജരത് പറഞ്ഞ് മുഴുമിക്കുന്നതിന് മുൻപ് തന്നെ, തൻ്റെ ശരീരം കുഴയുന്നത് പോലെ ശിവദയ്ക്ക് തോന്നിയിരുന്നു.

വീണ് പോകാതിരിക്കാൻ, അവൾ മേശമേൽ മുറുകെ പിടിച്ചു.

മാനേജര് വെച്ച് നീട്ടിയ, തുശ്ചമായ അഞ്ഞൂറിൻ്റെ നോട്ടുകൾ, അവളെ നോക്കി പല്ലിളിക്കുന്നതായി അവൾക്ക് തോന്നി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *