ജാനുവേട്ടത്തി
Story written by ADARSH MOHANAN
കുത്തിയൊലിച്ച് തോരാതെ പെയ്യുന്ന മഴയുടെ ഇരമ്പൽ കാതിലൂടെ അരിച്ച് കയറിക്കൊണ്ടിരുന്നു ഉറക്കമില്ലാത്ത ഈ രാവെങ്ങനെ തള്ളി നീക്കും എന്നു മാത്രമായിരുന്നു മനസ്സിൽ . ദുർചിന്തകൾ മാടി വിളിക്കുമ്പോൾ ഇരുളടഞ്ഞ ആ ഓടു മുറിയിലെ കുളിരിലും ഞാൻ വല്ലാതെ വിയർത്തു കൊണ്ടിരുന്നു
ഇടി മുഴക്കി ശരവേഗത്തിൽ മിന്നൽ വെളിച്ചം കഴിക്കോലിൽപ്പതിക്കുമ്പോഴും മനസ്സിൽ ഒരേ ഒരു മുഖം മിന്നി മറഞ്ഞു കൊണ്ടിരുന്നു, കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ ഉറങ്ങാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം
പാറക്കെട്ടിനപ്പുറത്തെ പറങ്കിമാവിലെ മുഴുചില്ലയിൽ ഒറ്റക്കയറിൽ ശിരസ്സുബന്ധിച്ചാടിക്കളിക്കുന്ന ഓപ്പോളിന്റെ ശരീരം സ്വപനങ്ങളിലെന്നെ വേട്ടയാടിക്കൊണ്ടിരുന്നു, എന്റെ ചിന്തകൾ വല്ലാതെ കാടുകയറിപ്പോയി
ഓപ്പോളൊരിക്കലും അത് ചെയ്യില്ല അച്ഛൻ പറഞ്ഞതുപോലെ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന കലശകർമ്മങ്ങൾ ചെയ്യാത്തതിൽ കാത്തിരിമുത്തി കോപിച്ചതിന്റെ ശാപഫലം തന്നെയായിരിക്കണം ഇതിനു പിറകിൽ , ഇതിനു മുൻപും ഇതുപോലുല്ല കന്യകാ ആത്മഹത്യ നടന്നിട്ടുണ്ട് ഈ തറവാട്ടിൽ
മുത്തച്ഛന്റെ അനുജത്തിക്കുണ്ടായ ആ ദുരന്തം അപ്ഫൻ തമ്പുരാൻ പറഞ്ഞു കേട്ടിട്ടുള്ള അറിവേ ഉള്ളൂ . കാത്തിരിമുത്തിയെ പ്രീതിപ്പെടുത്താൻ അപ്ഫൻ തമ്പുരാനും തീരെ താൽപര്യമില്ല, ദുർദ്ദേവതയാണെന്നാണ് പറയുന്നെ എങ്കിലും ആണ്ടില് അവർക്കുള്ളത് കൊടുത്തില്ലേൽ അവർക്ക് വേണ്ടത് അവരെടുക്കുമത്രേ
പൂജാകർമ്മങ്ങൾ നിർവ്വഹിക്കേണ്ടത് വ്രതശുദ്ധിയുള്ള ബ്രാഹ്മണ കന്യകയായിരിക്കണം സാവിത്രി ഓപ്പോൾ വേളി കഴിഞ്ഞ് പോയതിന് ശേഷം അടുത്ത ഊഴം ശാരദ ഓപ്പോളിന്റെ ആയിരുന്നു . അപ്ഥന്റെ കൽപന അനുസരിച്ചാണ് കലശ കർമ്മങ്ങൾ മുടങ്ങിയതും
എന്നേക്കാൾ സ്നേഹം ആയിരുന്നു അപ്ഫൻ തമ്പുരാന് ഓപ്പോളിനോട് എന്നിട്ടും ഓപ്പോളുടെ ചിത എരിഞ്ഞമരുമ്പോഴും അപ്ഫന്റെ കണ്ണീന്ന് ഒരിറ്റ് കണ്ണീര് പോലും വീണില്ല, ആത്മസംയമനത്തിന്റെ പിതാമഹനാണദ്ദേഹമെന്ന് തോന്നിയെനിക്ക്
പണ്ടെങ്ങോ മുത്തശ്ശി പറഞ്ഞ കഥയിൽ ഉള്ള കേട്ടറിവുണ്ട് കാത്തിരിമുത്തിയേക്കുറിച്ച് , മുത്തശ്ശീയുടെ വീക്ഷണത്തിൽ കാത്തിരിമുത്തി നന്മയുടെ ദേവതയായിരുന്നു ദുർശക്തികളെ എതിരിട്ട് കുലമഹിമയെ കാക്കുന്ന ദേവകന്യ . അങ്ങനാണെങ്കിൽ ഒരു തെറ്റും ചെയ്യാത്ത ഓപ്പോളിന്റെ ജീവൻ എന്തിനായിരുന്നു കവർന്നത്?
നേരം പുലരും മുൻപേ ഞാൻ ആരും കടന്നു ചെയ്യാത്ത ഓപ്പോളിന്റെ മുറിയിലേക്ക് കടന്നു ചെന്നു, മേശവലിപ്പിനു കീഴെ ചിന്നി ചിതറിക്കിടക്കുന്ന കരിവളപ്പൊട്ടിൽ രക്തക്കറ പതിഞ്ഞു കിടക്കും പോലെയെനിക്ക് തോന്നി. ഇനി അത് ജാനുവേട്ടത്തിയുടെയാണോ? ആരും കടന്നു വരാൻ ധൈര്യം കാണിക്കാത്ത ഈ നാൽച്ചുവരുകൾക്കുള്ളിലേക്ക് ഏട്ടത്തി വന്നോ?
ഒരു പക്ഷെ മുറി വൃത്തിയാക്കുന്നതിനിടയിൽ കൈവളപൊട്ടിവീണതാകും ചിലപ്പോൾ കയ്യും മുറിഞ്ഞു കാണും ജാനു ഏട്ടത്തിക്ക് ജീവനായിരുന്നു ഓപ്പോളിനെ . ഏട്ടത്തിയുടെ മുറിച്ച മുറിയാണ് ശാരദ ഓപ്പോളെന്ന് അമ്മ പറയാറുണ്ട് രണ്ടാളെയും അകലെ നിന്നും കണ്ടാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നു ഏട്ടന്റെ തിരോധാനത്തിനു ശേഷം ജാനു ഏട്ടത്തിക്ക് താങ്ങും തണലുമായി ഓപ്പോൾ എന്നും കൂടെയുണ്ടാകാറുണ്ട് നേവി ഉദ്യോഗസ്ഥനായ എട്ടന്റെ വിവരം ലഭിച്ചിട്ട് ഇന്നേക്ക് നാലാം വർഷം തികയുന്നു എങ്കിലും ഇപ്പോഴും ഏട്ടത്തിയുടെ നെറുകിൽ പ്രതീക്ഷയുടെ സിന്ദൂരം മായാതെ സൂക്ഷിച്ചിട്ടുണ്ട്
ഓപ്പോളിന്റെ വേളി അടുത്തു വരുമ്പോഴും തളർന്നു പോയ എന്റെ അമ്മയുടെ സ്ഥാനത്തു നിന്ന് എല്ലാം ചെയ്തത് ജാനു ഏട്ടത്തിയാണ്, ഓപ്പോൾ പോയിട്ട് ഇന്നേക്ക് നാലാം പക്കമാണ് ഇപ്പോഴും ഏട്ടത്തി ആരോടും സംസാരിച്ചിട്ടില്ല
ഉമ്മറത്തിണ്ണയിലിരുന്ന് അച്ഛൻ അപ്ഫൻ തമ്പുരാനുമായി ചർച്ചയിലായിരുന്നു അനുവാദം കൂടാതെ കടന്നു ചെന്നതിന് അച്ഛൻ എന്നെ ശകാരിക്കും വിധത്തിലൊന്നു നോക്കി
” രാമാ, പട്ടേരിനെ വിളിപ്പിക്കണം പ്രശ്നം വെച്ച് പരിഹാര കർമ്മങ്ങൾ നടത്തിയില്ലേൽ ഇനിയും അനിഷ്ടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും, നമ്മുടെ പൂർവ്വികൻമാരെ പറഞ്ഞാ മതീല്ലോ . ഇങ്ങനൊരു ദുർദേവതയെ ഏറ്റി നടക്കേണ്ട ആവശ്യമില്ല നമുക്ക്, ഇല്ലം മുടിപ്പിക്കേ ഉള്ളൂ, ഒഴിപ്പിക്കാനുള്ള മാർഗ്ഗമാണ് നോക്കേണ്ടത് “
അച്ഛന്റെ ഉപദേശത്തെ കാറ്റിൽപ്പറത്തി അപ്ഫൻ തമ്പുരാൻ ചാരിക്കസേരയിൽ ഇരുന്നൊന്നു നീട്ടിമുറുക്കിത്തുപ്പി എന്നിട്ട് തന്തവിരലിലെ നീട്ടിവളർത്തിയ നഖത്തിനിടയിലെ ഉണങ്ങിപ്പിടിച്ച രക്തക്കറ പച്ചീർക്കിലി കൊണ്ട് തോണ്ടിക്കളയുന്നുണ്ടായിരുന്നു ഒപ്പം മുഖത്തൊരു പുച്ഛഭാവവും
എന്റെ കൗമാരപ്രായത്തിന്റെ കുരുട്ടു ബുദ്ധിയിൽ ചില സംശയങ്ങൾ ഉടലെടുത്തു ,ചിന്തിക്കാൻ പാടില്ലാത്ത പലതും മനസ്സിലൂടെ കടന്നു പോയി. ഇല്ല മന്ത്രശ്ലോകങ്ങളുടെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു തന്ന അപ്ഥനെ ഇങ്ങനെയൊരവസ്ഥയിലേക്ക് വലിച്ചഴക്കുന്നത് തന്നെ പാപമാണ്
തൊഴുത്തിനു മുൻപിലിരുന്ന് കാലികൾക്ക് കാടിവെള്ളം കലക്കിക്കൊണ്ടിരുന്ന ജാനുവേട്ടത്തിയുടെ കൈയ്യിലേക്ക് ഞാനൊന്നു നോക്കി ഇരുകൈകളിലുടനീളം കരിവളകൾ ഉണ്ടായിരുന്നു. അപ്പോൾ ഏടത്തിയുടെ വളകലല്ല അത്, ബാധയുടെ പ്രഹാരത്തിൽ ഓപ്പോളിന്റെ കയ്യിൽ നിന്നും പൊട്ടിവീണത് തന്നെയാണത്
അപ്ഫൻ തമ്പുരാൻ ജാനുവേട്ടത്തിയുടെ അടുത്തേക്ക് ചെന്ന് എന്തൊക്കെയൊ കുശലം പറയുന്നുണ്ടായിരുന്നു ഏട്ടത്തിയുടെ മുഖം ദേഷ്യത്താൽ ചുവന്നു തുടിക്കും പോലെയെനിക്ക് തോന്നി, പശുക്കിടാക്കൾക്ക് കാടിവെള്ളം കൊടുത്ത് ഏട്ടത്തി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി
നേരം ഇരുട്ടിച്ചു ഉറക്കമില്ലാത്ത ഒരു രാവും കൂടെ കടന്നു വരുന്നതു പോലെ, പായ വിരിപ്പിൽ ഉരുമ്മിയുരുമ്മി ഞാൻ നേരം കഴിച്ചുകൂട്ടിക്കൊണ്ടിരുന്നു , ഉമ്മറത്തിണ്ണയിലിരുന്ന കിണ്ടി തട്ടി മറിഞ്ഞ ശബ്ദം കേട്ട് ഞാനൊന്നു ഞെട്ടി. അറയ്ക്ക് വെളിയിൽ വന്ന് നോക്കിയപ്പോൾ ഒരു വൃദ്ധന്റെ നിഴൽ രൂപം വ്യക്തമായി
ഞാനതിനെ പിന്തുടർന്നു വരിഞ്ഞു കെട്ടിയ കുടുമിത്തലപ്പുകണ്ടപ്പോളെനിക്ക് മനസ്സിലായി അത് അപ്ഥൻ തമ്പുരാനാണെന്ന്, അയാൾ പറങ്കിമാവിനെ ലക്ഷ്യം വെച്ച് നടന്നു നീങ്ങുന്നുണ്ടായിരുന്നു
അർദ്ധരാത്രിയിലെ നിലാവെളിച്ചത്തിൽ പറങ്കിമാവിന്റെ ഇടതുഭാഗത്ത് പരിചിതമായ ഒരു സ്ത്രീരൂപം ഞാൻ അവ്യക്തതയിൽ കണ്ടു, അപ്ഫൻ തമ്പുരാൻ അവളുടെ നേർക്ക് നടന്നടുത്തു കൊണ്ടിരുന്നു. അപ്ഫന്റെ ആത്മധൈര്യത്തെ ഒരു നിമിഷത്തേക്കൊന്നു വണങ്ങി
അഴിച്ചിട്ട അവളുടെ പനങ്കുല പോലുള്ള കാർക്കൂന്തൽ ഓപ്പോളിന്റെതെന്ന് തോന്നിക്കും വിധത്തിൽ സാമ്യമുണ്ടായിരുന്നു, എന്റെ മനസ്സിൽ ഭയത്തിന്റെ നിഴൽ ഭീതി ഉണർന്നു വന്നു
പാതിരാത്രി ആഞ്ഞു വീശിയ കാറ്റിന്റെ ശക്തിയിൽ പറങ്കിമാവിന്റെ പച്ചിലകൾ ഭയന്നു വിറച്ചു, വിരിഞ്ഞു ചിതറിക്കിടന്ന കരിയിലകൾക്കിടയിലൂടെ നാഗരാജൻ ചീറ്റിക്കൊണ്ടിഴഞ്ഞു പോകും പോലെയെനിക്ക് തോന്നി. ഓരോ ചുവടും ഞാൻ കരുതലോടെ മുൻപോട്ട് വച്ചു നടത്തത്തിനിടയിൽ കാതു കൂർപ്പിച്ചപ്പോൾ ഇരുളിന്റെ മറയിലിരുന്ന് നെടുലാൻ നെടുവീർപ്പിടുന്നതു പോലെ എനിക്ക് തോന്നി ഒപ്പം ശ്വേത ശ്വാനന്മാരുടെ മുറവിളി കൂട്ടിയുള്ള ഓരിയിടൽ എന്റെ ഉള്ളിലെ ഭയത്തെ രണ്ടു മടങ്ങായി ഇരട്ടിപ്പിച്ചു
പറങ്കിമാവിനു മുപ്പതടി ദൂരെ ആ പാറക്കെട്ടുകളുടെ മറയിൽ നിന്നു. മാവിന്റെ മുഴുത്ത വേരിൽ ചാരിയിരുന്ന അപ്ഫന്റെ ദേഹത്തു കൂടി കരിവളയണിഞ്ഞ അവളുടെ കൈകളാൽ തലോടുന്നുണ്ടായിരുന്നു. സുക്ഷ്മതയോടെ നോക്കിയപ്പോൾ അവളുടെ കണ്ണുകളിൽ ജ്വലിക്കുന്ന പകയുടെ കനലെരിയുന്നതു ഞാൻ അവ്യക്തതയോടെ കണ്ടു ഒപ്പം ചുണ്ടിന്റെ ഇരു വശത്തു കൂടെയും ദൃoഷ്ടകൾ വളർന്നു വരുന്നതു പോലെ തോന്നി
നെഞ്ചിനുള്ളിൽ എന്തോ ഒരു എരിച്ചിൽ പൊന്തിവന്നു വീണ്ടും ഞാൻ ചുവടുകൾ മുൻപോട്ടു വച്ചു തുടങ്ങിയപ്പോൾ മിന്നൽവേഗത്തിൽ എങ്ങുനിന്നോപാഞ്ഞു വന്ന പച്ചക്കണ്ണുള്ള കരിമ്പൂച്ചയെനിക്ക് കുറുകേ വട്ടംചാടി അളവറ്റ ഭയത്താൽ എന്റെ ബോധ മനസ്സ് പൊലിഞ്ഞു പോയി
ബോധം തെളിയുമ്പോൾ ചുറ്റും ആളുകൾ ഓടിക്കൂടിയിരുന്നു. വല്ല്യമ്മ എന്റെ തലക്കു മീതെ ഇരുന്നു കൊണ്ട് എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഞാൻ പറങ്കിമാവിലേക്ക് ഇമ ചിമ്മാതെ നോക്കിയിരുന്നു ഇക്കുറി ആ വമ്പൻ ചില്ലയിലെ ഒറ്റക്കയറിൽ തൂങ്ങിയാടിയത് അപ്ഥൻ തമ്പുരാനായിരുന്നു. ആടിക്കളിക്കുന്ന ശവശരീരത്തിന് കീഴെ നിന്ന് അച്ഛൻ ഉറക്കെയുറക്കെനിലവിളിച്ചു കൊണ്ട് പറഞ്ഞു
” കുലദ്രോഹിയായ ദുർദേവതേ എന്റെ കുടുംബത്തിന്റെ വേരറുക്കുവാൻ മാത്രം എന്തു തെറ്റാണ് ഞങ്ങൾ നിന്നോട് ചെയ്തത് ” ഞാൻ നാലുപാടും കണ്ണോടിച്ചു കൂട്ട നിലവിളികൾക്കിടയിലും അവളുടെ അട്ടഹാസം എനിക്ക് നന്നായി മുഴങ്ങിക്കേൾക്കാമായിരുന്നു, ഉമ്മറക്കോലായിലെ വെള്ളച്ചു വരിലേക്ക് എന്റെ ദൃഷ്ടി പതിഞ്ഞു, പാതി പൊട്ടിയ ചോരയൊലിക്കുന്ന ഒരു കരിവളക്കൈ ആ കുമ്മായച്ചുവരിലൂടെ ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു
നീണ്ട ഒരു നിശ്വാസത്തിശേഷം എന്റെ ചുണ്ടുകൾ ഇടറിയ ശബ്ദത്തിൽ മന്ത്രിച്ചു
‘ ജാനുവേട്ടത്തി ‘
ഫോട്ടോ കടപ്പാട്