ചതി
എഴുത്ത്:-ഷെർബിൻ ആന്റണി
കല്ല്യാണം കഴിഞ്ഞ് ഉടനെ തന്നെ എനിക്ക് ഗൾഫിലേക്ക് തിരിച്ച് പോകേണ്ടി വന്നതിനാൽ ഞങ്ങൾ തമ്മിൽ അധികമൊന്നും അടുത്തറിയാൻ സാധിച്ചിരുന്നില്ല.
ആറ് മാസം ലീവെടുത്ത് വന്നിട്ടും കല്ല്യാണം നടന്നത് അഞ്ചാമത്തെ മാസത്തിലായിരുന്നു.പത്ത് ദിവസത്തിനുള്ളിൽ വളരെ സങ്കടത്തോടേ തന്നെ എനിക്ക് തിരിച്ച് ഗർഫിലേക്ക് പോകേണ്ടി വന്നു.
എൻ്റെ വിചാരം നമ്മൾ നാട്ടിലേക്ക് ചെന്ന് എത്തേണ്ട തമാസമേ ഉള്ളൂ എടുപിടീന്ന് വിവാഹമൊക്കെ നടക്കുമെന്നായിരുന്നു. തുണീം മാറി ചെല്ലുമ്പോൾ തന്നെ പെണ്ണ് റെഡിയായിരിക്കും എന്നൊക്കെ ആയിരുന്നു. രണ്ട് മൂന്ന് പെണ്ണിനെ കണ്ടപ്പോൾ തന്നെ എനിക്ക് മടുപ്പായി.
എനിക്ക് ഇഷ്ട്ടപ്പെട്ട് വരുമ്പേൾ അവർക്ക് താത്പര്യമില്ലാന്നുള്ള മറുപടീം വരും.ചെക്കൻ ഗൾഫ് കാരനല്ലേ പെണ്ണീനേം കൊണ്ട് പോകാൻ പറ്റുമോ എന്നൊക്കെയായിരുന്നു അവരുടെ ആശങ്കകൾ.
ഒടുവിൽ ഒരു പാവം പെണ്ണിനെ കണ്ടു എനിക്കിഷ്ട്ടപ്പെട്ടു. സ്ത്രീധനമൊന്നും വേണ്ടെന്നും ഉടനെ തന്നെ കല്യാണം നടത്തണെമെന്നും ആയിരുന്നു എൻ്റെയും വീട്ടുകാരുടെയും ഡിമാൻ്റ്.
എൻ്റെ അമ്മാവന്മാരൊക്കെ അതിനൊക്കെ എതിർപ്പായിരുന്നു. പാവം പിടിച്ച പെണ്ണാണെന്നൊക്കെ നിങ്ങൾക്ക് ഇപ്പ തോന്നും കെട്ടിക്കേറി വന്ന് കഴിയുമ്പോൾ കാണാമെന്നൊക്കെയുള്ള തരത്തിൽ മുറുമുറുപ്പായിരുന്നു.
അതൊന്നും ഞാൻ വക വെച്ചില്ല. പക്ഷേ ഇപ്പോ തോന്നുന്നു ഒന്ന് കൂടിയൊക്കെ ആലോചിച്ചിട്ട് മതിയായിരുന്നെന്ന്!
അങ്ങനെ 2010 ഡിസംബറിൽ കല്യാണവും കഴിഞ്ഞ് ഞാൻ ഗൾഫിലേക്ക് മടങ്ങി.ഡിസംബർ 31 ന് പതിവ് പോലേ ജോലിയും കഴിഞ്ഞ് വന്ന് ഞാൻ ഫോണെടുത്തു അവളെ വിളിക്കാനായ്. ഡ്യൂട്ടി സമയത്ത് Mob: അലൗഡല്ലാത്തത് കൊണ്ട് ഫോൺ റൂമിൽ വെച്ചിട്ടാണ് പോകാറുള്ളത്.
ഫോണിൽ അവളുടെ Msg കണ്ട് ഞാൻ നിന്ന് വിയർത്ത് കുളിച്ചു. എന്താ പറയേണ്ടതെന്നറിയാതെ ഞാനാ കട്ടിലിൽ തന്നെ ഇരുന്ന് പോയി അല്പനേരം. കണ്ണിൽ ഇരുട്ട് കയറി വല്ലാണ്ടായി. കണ്ണുകൾ തുടച്ച് ഞാനാ Mടg ഒരിക്കൽ കൂടി വായിച്ചു.
” ചേട്ടാ നാളെ ഞാനുണ്ടാവില്ല, ഇത്രയും നാൾ എന്നെ സഹിച്ചതിന് നന്ദിയുണ്ട് “
ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞിട്ട് ഇട്ടിരുന്ന ഡ്രസ്സ് പോലും മാറ്റാനാവാതെ ആ കിടപ്പിൽ തന്നെ കിടന്ന് ഞാൻ ആലോചിക്കു വായിരുന്നു അവളെ പറ്റി.
എന്തിൻ്റെ കുറവായിരുന്നു അവൾക്കവിടെ. വീട് ചെറുതാണെങ്കിലും അത്യാവശ്യ സൗകര്യങ്ങൾ എല്ലാം തന്നെ ഉണ്ടായിരുന്നു.എൻ്റെ അമ്മ അവളെ സ്വന്തം മോളേ പോലേ തന്നെയാ നോക്കിയിരുന്നത്.ഇന്നലേം കൂടി അവളത് പറഞ്ഞതാണ് എന്നിട്ടാണ് അവളീ ചiതി എന്നോട് ചെയ്തത്!
ജീവന് തുല്യം സ്നേഹിച്ചതാണ് ഞാനവളെ.ഒത്തിരി ഇഷ്ട്ടമായിരുന്നു എനിക്ക് പക്ഷേ മനസ്സ് തുറന്ന് കാട്ടാൻ എനിക്കറിയില്ലായിരുന്നു. എല്ലാം അവൾ മനസ്സിലാക്കുമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്.പൊന്നേ പാലേ തേനേ ചക്കരേന്നുള്ള ഒലിപ്പിക്കലൊന്നും ഇത് വരെ എൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നുള്ളത് നേര് തന്നെയാണ്.അതാണ് ഞാൻ ചെയ്ത ഒരേ ഒരു തെറ്റ്. അതിന് ഇങ്ങനെയൊരു ശിക്ഷയോ?
വേറേ വല്ല ബന്ധവുമുണ്ടെങ്കിൽ കല്ല്യാണത്തിന് മുന്നേ എന്നോട് പറയാമായിരുന്നില്ലേ അവൾക്ക്? ഞാനിനി നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും. കാശുണ്ടാക്കാൻ ഗൾഫിലേക്ക് പോകുമ്പോൾ ഓർക്കണ മായിരുന്നു ഭാര്യ കiണ്ടവൻ്റെ കൂടേ പോകുമെന്നൊക്കെ.ഇത് പോലേ എന്തോരം കഥകൾ കേട്ടിരിക്കുന്നു എന്നിട്ടും നീയൊന്നും പഠിച്ചില്ലേ…?
അന്നേ ഞങ്ങൾ പറഞ്ഞതല്ലേ ഈ ബന്ധം നമ്മുക്ക് വേണ്ടാന്ന്… കുറച്ച് നാൾ കഴിഞ്ഞാലെന്താ നല്ലൊന്നാന്തരം പെണ്ണിനേ ഞങ്ങൾ കണ്ടത്തിയേനേ. അന്നേ നിന്നോട് ഞങ്ങൾ പറഞ്ഞതല്ലേന്ന് അമ്മാവന്മാരും പറയും.
എല്ലാം കൂടി ആലോചിച്ചിട്ട് എൻ്റെ തല മരവിച്ചു. എന്തോരം ഞാനവളെ സ്നേഹിച്ചിരുന്നു. ഗൾഫിലേക്ക് പോകുമ്പോൾ കരയാതിരിക്കാൻ ഞാൻ ഒത്തിരി ശ്രമിച്ചെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞപ്പോൾ എനിക്ക് പിടിച്ച് നില്ക്കാനായില്ല. അപ്പോൾ അതൊക്കെ വെറുതെ ആയിരുന്നോ….??
ഒടുവിൽ അവളെ വിളിച്ച് സംസാരിക്കാൻ തന്നെ ഞാനുറച്ചു.കണ്ണുകൾ തുടച്ച് ഫോണെടുത്തു ഡയൽ ചെയ്ത് കാതിൽ വെച്ചു.റിംഗ് ഫുൾ അടിച്ച് തീർന്നിട്ടും അവൾ എടുത്തില്ല. എന്നോട് എന്ത് പറയണമെന്നുള്ള ഭയത്തിനാലാവാം. എന്നാലും എൻ്റ ദേഷ്യവും സങ്കടവും ഇരട്ടിച്ചതേയുള്ളു.
അമ്മയുടെ നമ്പര് ഡയൽ ചെയ്തു.എന്നിട്ടെന്താ എൻ്റെ വീട്ട്കാര് ഈ വിവരമൊന്നും എന്നോടിത് വരെ പറയാതിരുന്നത്? എനിക്ക് ഷോക്കാവുമെന്ന് കരുതിയായിരിക്കും!
അമ്മയുടെ നമ്പരിലേക്ക് വിളിച്ചതും അവിടെ കോൾ എടുത്തു.
അമ്മേ…. എൻ്റെ ശബ്ദം ഇടറിയിരുന്നു. മറുപുറത്ത് അമ്മയുടെ തേങ്ങൽ പ്രതീക്ഷിച്ച ഞാൻ ഞെട്ടി. ഫോണെടുത്തത് അവളായിരുന്നു.
ചേട്ടാ…. ഞാനാണ് ഫോൺ ചാർജ്ജിൽ ഇട്ടിരിക്കുവായിരുന്നു. ചേട്ടൻ്റെ കോൾ എടുക്കാൻ ചെന്നപ്പോഴേക്കും കട്ടായി പോയി.
ങേ….നീയോ… എന്താ പറയണ്ടതെന്ന് അറിയാതെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.
നിൻ്റെ Msg വായിച്ചിട്ട്…. ഞാൻ… നീ പോയില്ലേ…? എന്തൊക്കെയോ ഞാൻ വിക്കി വിക്കി പറഞ്ഞാപ്പിച്ചു.
വോ… അതോ… ചേട്ടനത് മുഴുവൻ വായിച്ചില്ലേ… പറഞ്ഞ് തീർന്നിട്ട് അവൾ നിന്ന് ചിരിച്ചു, കൂടെ അമ്മയുടെ ചിരിയും കേൾക്കാമായിരുന്നു.
എന്താ പറയേണ്ടതെന്നറിയാതെ ഞാൻ കോൾ കട്ട് ചെയ്തിട്ട് ആ Msg ഒന്ന് കൂടി നോക്കി.
“ചേട്ടാ.. നാളെ ഞാനുണ്ടാവില്ല. ഇത്രയും നാൾ എന്നെ സഹിച്ചതിന് നന്ദി”
പിന്നെ കുറേ താഴേയായ് ഇതും കൂടി കണ്ടു.
Advance Happy New Year
by കലണ്ടർ എന്ന്!